സൈക്കിൾ സവാരി 🚲
പ്ലസ് ടു കഴിഞ്ഞ് ഇരിക്കുമ്പോൾ വെക്കേഷന് പോയ ഒരു യാത്രയെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. (ഫോട്ടോസ് ഒന്നും ഇല്ലാട്ടോ കാണിക്കാൻ... നീണ്ട എഴുത്താണ്. മാക്സിമം വെറുപ്പിക്കാതെ എഴുതാൻ ശ്രമിക്കുന്നുണ്ട്... 😅)
ഒരു വാച്ച് മെക്കാനിക്ക് ആയ അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ എനിക്കും ഒരു മെക്കാനിക്ക് ആവണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അച്ഛന്റെ ചേട്ടന് അതായത് എന്റെ വല്യച്ഛന് സ്വന്തമായിട്ട് ഒരു സൈക്കിൾ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. എട്ടാംക്ലാസ് മുതൽ ഞാൻ അവിടെ പോയി സൈക്കിൾ നന്നാക്കാൻ ഒക്കെ പഠിച്ചു തുടങ്ങി. അന്ന് വലിയ ആളുകൾ ഉപയോഗിക്കുന്ന ഹെർക്കുലീസ് സൈക്കിൾ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ അടുത്തു തന്നെയുള്ള പാണിയേലി പോര്, കോടനാട് എന്നീ സ്ഥലങ്ങളിൽ ഒക്കെ സൈക്കിളിൽ പോയിട്ടുണ്ട് അന്ന്. ഈ യാത്രയിൽ എന്റെ കൂടെ വന്നത് അമ്മയുടെ ചേച്ചിയുടെ മകൻ ആയ എന്റെ കസിൻ ചേട്ടൻ ആണ്. ഞങ്ങൾ ഒന്നിച്ചു ഒരുപാട് യാത്ര പോയിട്ടുണ്ട്... അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സവാരിയാണ് ഇവിടെ പറയുന്നത്.
എസ് എൻ ജി സി കടയിരിപ്പ് കോളേജിൽ നിന്ന് B.tech കഴിഞ്ഞു ജോലി ചെയ്തു നടക്കുകയാണ് കക്ഷി അന്ന്. ചേട്ടായിയുടെ പേര് ഉണ്ണി എന്നാണ്. ചേട്ടൻ പണ്ട് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഉപയോഗിച്ച് AXN DX എന്ന സൈക്കിൾ ഞാൻ ആ കാലത്ത് പണിതെടുത്തു. മൊത്തം കറുത്ത കളർ പെയിന്റ് അടിച്ച് അത് വളരെ വൃത്തിയാക്കി എടുത്തു. അച്ഛന്റെ ഹെർക്കുലീസ് സൈക്കിളും ഈ സൈക്കിളും കൂടിയാണ് ഞങ്ങൾ യാത്ര പോയത്. ഉണ്ണി ചേട്ടനും ഞാനും ശരിക്കും നല്ല കൂട്ടുകാരായിരുന്നു. എന്തു കാര്യങ്ങൾക്കും ഒരുമിച്ചുണ്ടായിരുന്നു.
ഞങ്ങൾ ഈ യാത്ര പോകുന്നത് ഇളയ കുഞ്ഞമ്മയുടെ വീട്ടിൽ ആണ്. ഇടുക്കിയിലുള്ള രാജാക്കാട് ആണ് സ്ഥലം. വീട്ടിൽനിന്ന് ഒരു 100 കിലോമീറ്റർ വേണം അവിടെ എത്താൻ. ഞങ്ങളുടെ ഒട്ടുമിക്ക വെക്കേഷനും അവിടെയായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ബസ്സിലായിരുന്നു അങ്ങോട്ട് പോയി കൊണ്ടിരുന്നത്. B. Tech പാതിയായപ്പോൾ പുള്ളി ഒരു ബൈക്ക് വാങ്ങി... honda stunner. രാജാക്കാട് പോവാൻ നേര്യമംഗലത്തു നിന്ന് വഴി രണ്ടായി പിരിയും. ഒന്ന് കട്ടപ്പന പോവാനുള്ള ഇടുക്കി റൂട്ട്, രണ്ട് അടിമാലി കൂടി പോകുന്ന വഴി. അടിമാലി റോഡ് തിരക്കുള്ള ഹൈവേ ആണ്. ഇടുക്കി റൂട്ട് വഴിയും മോശം, രാത്രിയിൽ 9 കഴിഞ്ഞാൽ ആ വഴി അധികം വണ്ടികൾ പോകാറുമില്ല. തീരെ ആള്താമസം ഇല്ലാത്ത ഏരിയ ആണ് ആ വഴിയിൽ കൂടുതലും. ഞങ്ങൾ ഇടുക്കി റൂട്ടിലും അടിമാലി റൂട്ടിലും രാത്രിയിൽ 10 കഴിഞ്ഞ് വീട്ടിൽ നിന്നു ഒരുപാട് തവണ രാജാക്കാട് പോയിട്ടുണ്ട്. ചാച്ചൻ കട്ട കമ്പനി ആണ്. തണുത്തു മരവിച്ചു അവിടെ എത്തുമ്പോൾ പുതയ്ക്കാൻ കരിമ്പടവും പായയും റെഡി ആക്കി വച്ചിട്ടുണ്ടാകും. പുറത്ത് ഇറയത്തു ആണ് കിടക്കുക. രാവിലെ ആകുമ്പോൾ എണീറ്റ് അകത്തു പോയി കിടക്കും. അവിടെ എത്തുന്നത് 2മണി ആകുമ്പോൾ ഒക്കെയാണ്. കുഞ്ഞമ്മ രാവിലെ ആണ് ഞങ്ങളെ കാണുക. വരുന്ന സമയത്തു പക്രുവിനെയും കുഞ്ഞമ്മയെയും വിളിക്കാറില്ല. മിക്കവാറും ഒരു ശനിയാഴ്ച രാത്രിയാണ് ഈ യാത്ര പോകാറ്. ഞായർ വൈകിട്ട് വീട് എത്തുകയും ചെയ്യും.ആ പകൽ മുഴുവൻ അടുത്തുള്ള മല കയറാനോ ചാച്ചന്റെ ഏല കൃഷി കാണാനോ വേണ്ടി കളയും.
അങ്ങനെ ബസ്സ് കയറിയും, ബൈക്കിൽ പോകാനും സൗകര്യമുണ്ടായിട്ടും സൈക്കിളിൽ ഒരു യാത്ര തെരഞ്ഞെടുത്ത കാര്യം മനസ്സിലാകുമല്ലോ. ഒരു ചെറിയ സാഹസികത...കേൾക്കുമ്പോൾ ഞങ്ങൾക്ക് ചെയ്യാവുന്ന ഒരു സംഗതിയാണ് എന്ന് തോന്നിയത് കൊണ്ടും ഉണ്ണിച്ചേട്ടൻ വിളിച്ചത് കൊണ്ടുമാണ് ഇതിനിറങ്ങുന്നതു. പോകുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ മാത്രമായിരുന്നു അമ്മയ്ക്ക്. എന്നാൽ സൈക്കിൾ ചവിട്ടി മടുക്കുമ്പോൾ അത് എവിടെയെങ്കിലും പൂട്ടി വച്ചിട്ട് ബസ്സിനു പോയി തിരിച്ചു വരികയുള്ളൂ എന്ന് അച്ഛൻ പറഞ്ഞു. ആ ഒരു വാശിക്ക് ആണ് ഞാൻ അവിടെ വരെ എത്തിയത് എന്ന് പറയാം.
അത്യാവശ്യം വേണ്ട ടൂൾസും spare പാർട്സും ഒക്കെ വല്യച്ഛന്റെ അടുത്ത് നിന്നെടുത്തു ഞങ്ങളുടെ hangout സ്പേസ് ആയ അമ്മ വീട്ടിൽ രാത്രി എത്തി ഞാൻ. പകൽ തന്നെ സൈക്കിൾ രണ്ടും എത്തിച്ചിരുന്നു. അവിടെ അമ്മുമ്മ മാത്രമേ ഉള്ളു. ഞങ്ങൾ രണ്ടും അവിടെ ആണ് കിടക്കാറുള്ളത്. അമ്മുമ്മ ഒറ്റയ്ക്കാണല്ലോ... ആ വീട് വിട്ടു ഒരുപാട് നാൾ ഒരു വീട്ടിലും നിൽക്കില്ല. എന്റെ വീടും ചേട്ടന്റെ വീടും അമ്മവീടും എല്ലാം ഒരു ഒന്നര കിലോമീറ്റർ ദൂര വത്യാസത്തിൽ ആണ് ഉള്ളത്.
ഒരു പഞ്ചർ ഒട്ടിക്കുന്ന പശയും ഒരു ട്യൂബും വാങ്ങാൻ വേണ്ടി അടുത്തുള്ള കടയിൽ പോയി രാത്രിയിൽ. കട അടച്ചിരുന്നു. പക്ഷെ വീട് ഇരിക്കുന്ന സ്ഥലത്തു തന്നെയാണ് ആ ചേട്ടന്റെ കടയും. കട തുറപ്പിച്ചു എല്ലാം എടുത്ത് പൈസ കൊടുക്കാൻ പോക്കറ്റിൽ തപ്പിയപ്പോൾ ആണ് അത് കാലിയാണെന്നു മനസ്സിലായത്. കണി നാളത്തേക്കായാൽ കുഴപ്പമുണ്ടോ... ആട്ടിയില്ല... പക്ഷെ രാത്രിയിൽ ആളെ വിളിച്ചു വടിയാക്കുന്നോ എന്ന് ചോദിച്ചു അങ്ങേരു അലറി. അവിടെ നിന്ന് ഒരു 100മീറ്റർ ഇല്ല അമ്മ വീട് വരെ. പൈസ ഞാൻ നേരത്തെ ഇട്ട ഷർട്ടിന്റെ അകത്തുണ്ട്. പക്ഷെ ഇങ്ങേരുടെ വർത്തമാനം കേട്ടപ്പോൾ കുരു പൊട്ടി. ചേട്ടൻ ഇത് വീടിന്റെ ഇറയത്തു വച്ചേരെ. ഈ കട പൂട്ടി വീട്ടിൽ കയറുമ്പോളേക്കും ഞാൻ പൈസ കൊണ്ടുവന്ന് അതെടുത്തു പൊയ്ക്കൊള്ളാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി നടന്നു. തിരിച്ചു പൈസ കൊടുക്കാൻ വന്നപ്പോൾ ആ ചേട്ടൻ പുറത്ത് വന്നില്ല. ഭാര്യയാണ് വന്നത്. ഞാൻ ചിരിച്ചുകൊണ്ട് പൈസ കൊടുത്തു പൊതിയെടുത്തു പോന്നു.
ഉണ്ണി ചേട്ടനോട് രാവിലെ 6 നു പോകണം എന്ന്പറഞ്ഞു. അവിടെ എപ്പോൾ എത്തും? , സിംഗിൾ സ്പീഡ് ഗിയർ സൈക്കിൾ കൊണ്ട് പോകാവുന്ന കയറ്റങ്ങൾ ആണോ അവിടേക്കുള്ള വഴിയിൽ? കുത്തനെ ഉള്ള ഇറക്കത്തിൽ ബ്രേക്ക് കറക്റ്റ് കിട്ടുമോ? ഈ നൂറു കിലോമീറ്റർ ഇത്രയും മലകളും കയറി പോയി വരാൻ പഴക്കം ചെന്ന സൈക്കിൾ കൊണ്ട് പറ്റുമോ? ഇങ്ങനെ നെഗറ്റീവ് അടിപ്പിക്കുന്ന ഒരു ചോദ്യവും മനസ്സിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും പോവില്ലായിരുന്നു.
പതിവ് പോലെ ചേട്ടൻ സമയം തെറ്റിച്ചു 7.30 ആയി വന്നപ്പോൾ. ചേട്ടന്റെ ഫ്രണ്ട്‌സ് വഴി കവലയിൽ സംഗതി പാട്ടായിരുന്നു. ഞങ്ങൾ കവല പാസ്സ് ചെയ്തപ്പോൾ എല്ലാവരും നോക്കുന്നുണ്ട്. അതൊരു സഹതാപം സ്റ്റൈൽ നോട്ടമല്ലേ... ഏയ്... തോന്നിയതാവും.
അധികം വൈകാതെ തന്നെ കോതമംഗലം എത്തി. ഞാൻ ചെറിയ സൈക്കിൾ ആണ് എടുത്തത്. ചേട്ടൻ ഹെർക്കുലീസ് ന്റെയും. അത് ചവിട്ടാൻ സുഖമാണ്. ബ്രേക്കിംഗ് മെക്കാനിസം നല്ലതുമാണ്. കോതമംഗലം വരെ 4 -5കയറ്റങ്ങൾ ആണ് ഉള്ളു. അവിടെ നിന്നു തലക്കോട് വരെ എത്തിയപ്പോളേക്കും കിളി പറന്നു. ചേട്ടന് ബൈക്ക് വാങ്ങിയതിൽ പിന്നേ സൈക്കിൾ ചവിട്ടി പോവാറില്ല. പുള്ളി ശെരിക്കും കരിഞ്ഞു. എനിക്കന്നു ബൈക്ക് ഓടിക്കാൻ അറിയില്ല. എന്തിനും സൈക്കിൾ ആയിരുന്നു. പക്ഷെ നല്ലപോലെ ക്ഷീണം ആയിരുന്നു. അവിടെ ഒരു കടയുടെ സൈഡിൽ ഇല്ലിയും ഓലയും കൊണ്ട് നിർമിച്ച ഒരു ഷെഡിൽ കയറി ഇരുന്നു. നല്ല വെയിൽ അയിരുന്നു. പിന്നെ അവിടെ നിന്ന് നേര്യമംഗലം കേറാനുള്ള മുട്ടൻ കയറ്റത്തിൽ എത്തി. ഞാൻ കുറച്ചു ചവിട്ടി. ചേട്ടൻ ഇറങ്ങി നടന്നു. ചവിട്ടാൻ വയ്യാതായപ്പോൾ ഞാനും നടന്നു.
വഴിയിൽ ഒരു പെട്ടി ഓട്ടോറിക്ഷകാരന്റെ കയ്യിൽ നിന്നു കുറച്ചു ഓറഞ്ച് വാങ്ങി ബാഗിൽ വച്ചു. രണ്ടിനും കൂടെ ഒരു ബാഗ് ആണ് ഉള്ളു. എന്റെ സൈക്കിൾ നു carrier ഇല്ലായിരുന്നു. സാധാരണ ഈ കയറ്റം കഴിയുമ്പോൾ ചെവി അടയും. പക്ഷെ ഈ തവണ ഒരു മാറ്റവും ഉണ്ടായില്ല. നേര്യമംഗലത്തു ടൌൺ എത്തുന്നതിനു മുൻപ് ആണ് അടിമാലി റൂട്ടും ഇടുക്കി റൂട്ടും പിരിയുന്നത്. ആളില്ലാത്ത വഴി ആയതുകൊണ്ട് ഇടുക്കി റൂട്ട് പിടിച്ചു. അതാണ് അബദ്ധങ്ങളുടെ തുടക്കം. അടിമാലി മൊത്തത്തിൽ വഴിയും നല്ലതാണ്, കയറ്റവും ടോട്ടൽ ദൂരവും കുറവുമാണ്. അവിടെ നിന്നു കുറച്ചു വരെ സ്മൂത്ത് ആയിരുന്നു.
അന്ന് സാംസങ് സ്മാർട്ട് ഫോൺ ഇറക്കി ഹിറ്റ് ആയി തുടങ്ങിയ സമയം ആണ്. ചേട്ടന്റെ കയ്യിൽ ഗാലക്സി മോഡൽ ഉണ്ട്. പക്ഷെ എവിടെ എത്തി എന്നറിയാൻ ആള്താമസം ഉള്ള എവിടെയെങ്കിലും എത്തണം.
ഇടയിൽ ഞാൻ കുറച്ചു സ്പീഡ് എടുത്ത് മുന്നിൽ ആയി. ഒരു ഇറക്കം ആണ്. ഒരു വലിയ മലയാണ് ഒരു സൈഡിൽ. മറ്റേ സൈഡിൽ കൊക്കയും. മലയോര പാതയല്ലേ. ആ മല കണ്ടപ്പോൾ സൈക്കിൾ സൈഡിൽ വച്ചു മുകളിൽ കയറി. ഒത്തിരി മുകളിലേക്ക് കയറാൻ പറ്റുന്ന മലയാണ്. പക്ഷെ ജസ്റ്റ് ഒരു കുറച്ചു കയറി. ചേട്ടായി വരുന്നത് നോക്കി ഒരു മരത്തിന്റെ ചുവട്ടിൽ നിന്നു. ഒരു അഞ്ചു മിനിറ്റ് ആയപ്പോൾ ആളെത്തി. സകല കയറ്റവും പുള്ളി നടത്തം ആണ്. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടന്റെ നയത്തിനോട് ഞാനും അനുകൂലിക്കേണ്ടി വന്നു. ഇടക്ക് രണ്ട് മൂന്നു വട്ടം ചേട്ടന്റെ കാലിനു മസ്സിൽ പിടിച്ചു. ഇരുന്നു തിരുമ്മി ഞാൻ ഒരു വഴിയായി. കയ്യിൽ ഉള്ള വെള്ളം തീർന്നപ്പോൾ സൈഡിൽ ഉള്ള മലയിൽ നിന്നു വരുന്ന ഉറവയുടെ ഒഴുക്കിൽ മുഖം പൊത്തി. അണച്ചപ്പോൾ ഒക്കെ ഇതുപോലെ തല മൊത്തം നനച്ചാണ് പോയത്.
കല്ലാർകുട്ടി ക്ക് മുൻപ് പെരിയാർ ഹൈഡ്രോ elecetric പ്രോജക്ടിന്റെ അനുബന്ധമായ ഒരു കെട്ടിടത്തിന്റെ അടുത്തുള്ള പോലീസ് സ്റ്റേഷൻ ഇലെ ഏമാന്മാർ വഴിയിൽ ഇരിക്കുന്നുണ്ട്. ചെക്കിങ് ചെയ്യാൻ. ഞാൻ ഒരു കയറ്റം ഇഴഞ്ഞു ചവിട്ടി കേറി വന്നപ്പോളാണ് അവരെ കണ്ടത്. എവിടെ പോകുവാ എന്ന് ചോദിച്ചപ്പോൾ രാജാക്കാട് പോകുന്നതാണ് എന്ന് പറഞ്ഞു. ആ... നല്ലതാ... എന്തുദ്ദേശിച്ചാണെലും ഞാൻ thanks പറഞ്ഞു വിട്ടു. പുറകെ ചേട്ടനും വരുന്നുണ്ട്.
ഓരോ 7-8 കിലോമീറ്റർ കഴിയുമ്പോളും ഓരോ ഓറഞ്ച് എടുത്ത് കഴിക്കും. ചേട്ടന് ഒരു പ്രേമം ഉണ്ട്. അമ്മുച്ചേച്ചി. റെസ്റ്റിൽ ഇരിക്കുമ്പോൾ വിളിച്ചു കാര്യങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യും. ഒൻപതാം ക്ലാസ്സിൽ തുടങ്ങിയതാണ്. ഇവരുടെ കല്യാണത്തിന്റെ അന്ന് രാത്രിയിൽ ആണ് ഞാൻ ഇന്ത്യ വിടുന്നത്. അവരുടെ ലവ് സ്റ്റോറി ഓർക്കുമ്പോൾ ഒരു പ്രേമം ഇല്ലാത്തതിൽ എനിക്ക് പലപ്പോളും നിരാശ തോന്നിയിരുന്നു. ഇടയ്ക്ക് നല്ല വ്യൂസ് കിട്ടും പല മലകളുടെയും. അപ്പോളൊക്കെ അവിടെയും കുറച്ചു നേരം നിൽക്കും. മലയിൽ നിന്നു വരുന്ന ഉറവക്ക് ഒരു മധുരം തോന്നിയിട്ടുണ്ട്. ഇതിന്റെ ഇടയിൽ ഞങ്ങൾ ഒരു പണി കണ്ടെത്തിയിരുന്നു വിശ്രമിക്കാൻ. ആ വഴിയിൽ ധാരാളം കശുമാവ് ഉണ്ട്. മഴ വരുമ്പോൾ ഫോൺ ഇടാൻ കുറച്ചു കവർ എടുത്തിരുന്നു. അതിലേക് കിട്ടിയ കശുവണ്ടി മൊത്തം പെറുക്കി. ഒരു രണ്ട് കൂടു നിറച്ചും കിട്ടി.
4.30 ആയപ്പോൾ ഞങ്ങൾ വെള്ളത്തൂവൽ എത്തി. ഇടക്ക് വച്ചു പെയ്ത മഴയിൽ അത്യാവശ്യം നനഞ്ഞിരുന്നു. സൈക്കിൾ ഒരു സ്ഥലത്തു വച്ചു ബാഗ് കയ്യിൽ എടുത്ത് ഒരു ചായ കുടിക്കാൻ കയറി. കടക്കാരൻ എവിടേക്ക് പോകുന്നതാണെന്നു പരിചയപ്പെട്ടു വന്നപ്പോൾ ചോദിച്ചു. കഥ കേട്ടപ്പോൾ ചായ കുടിച്ചുകൊണ്ടിരുന്ന രണ്ട് ചേട്ടന്മാർ പുറത്തിറങ്ങി സൈക്കിൾ പോയി കണ്ടിട്ട് വന്നു. മക്കളെ ഇനി അങ്ങോട്ടുള്ള വഴിയിൽ ഇതുവരെ കണ്ട പോലെ ഉള്ള കയറ്റങ്ങൾ അല്ലാട്ടോ. ഈ സൈക്കിൾ കൊണ്ടാണോ പോകുന്നത് എന്ന് ചോദിച്ചു. ബൈക്കിലും ബസിലും പോകുമ്പോൾ കയറ്റം കയറണത് അറിയുന്നുണ്ടോ... അനുഭവിക്കുക തന്നെ. എനിക്കാണേൽ ബോസ്സ് നു വേണ്ടി നീലക്കൊടുവേലി അന്വേഷിച്ചു വന്ന ഡൂഡിന്റെ അവസ്ഥയാണ്. സൈക്കിൾ ആയിട്ടേ അവിടെ ചെല്ലുക എന്ന് വീട്ടിൽ ഉറപ്പ് പറഞ്ഞിട്ടുണ്ട്... അച്ഛനോടൊരു ചെറിയ വെല്ലുവിളി ആണ് നടത്തിയത്. പക്ഷെ വിധി പിന്നെയും ഞങ്ങൾക്ക് എതിരായിരുന്നു...
തുടരും...
Bạn đang đọc truyện trên: Truyen247.Pro