Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

തുടക്കം

2021 ആം ആണ്ട്...2020 എന്നത് ദുരന്ത വർഷം ആണെന്നും അതുകഴിഞ്ഞാൽ എല്ലാം ഓക്കേ ആകും എന്ന് കരുതി ദിവസം എണ്ണി കാത്തിരുന്നു കിട്ടിയ വർഷം...ഈ കലണ്ടറും കൊറോണയും മനുഷ്യർ തന്നെ ഉണ്ടാക്കിയതാണെന്ന കാര്യം ഒക്കെ എനിക്കിപ്പോളും ഫിലോസഫി ആണെന്ന് വളരെ വൈകി മനസ്സിലാക്കിയ വർഷം കൂടെ ആണ്...ജനുവരി ആയപ്പോൾ മുതൽ ഓഫീസിൽ പോകാൻ തുടങ്ങിയിരുന്നു. അധ്യാപനം ഒരു ജോലിയായി കണ്ടു തുടങ്ങിയത്കൊണ്ട് ദിവസത്തിൽ 6 മണിക്കൂർ ഞാൻ തുടർച്ചയായി അഭിനയിച്ചുകൊണ്ടിരുന്നു. അങ്ങനെ പോകുമ്പോൾ ആഴ്ചയിൽ ഒരു 4 ദിവസം എങ്കിലും പതിവ് തെറ്റിക്കാതെ ഉണ്ണിക്കുട്ടൻ വിളിക്കാറുണ്ട്.

എന്റെ നല്ലൊരു സുഹൃത്താണ് കക്ഷി.നല്ല സുഹൃത്തെന്ന് പറഞ്ഞാൽ ഞങ്ങൾ വളരെ കുറച്ചു വർഷങ്ങൾ ആയിട്ടുള്ള പരിചയമേ ഒള്ളു എങ്കിലും പരസ്പരം മനസ്സിലാക്കിയവർ ആണ്. എന്റെ കുറവുകളെയും കുറ്റങ്ങളെയും അവനു മനസ്സിലാക്കാനും അതറിഞ്ഞു പെരുമാറാനും അവനു കഴിയും, അതുപോലെ എനിക്കും.

അവൻ ജനുവരി മുതൽ പറയുന്നതാണ് മൂന്നാർ പോകണം എന്ന്. ഞങ്ങളുടെ ഹോം ടൌൺ എന്ന് വിശേഷിപ്പിക്കാവുന്ന കോതമംഗലത്തു നിന്ന് ഒരു 90 km പോയാൽ മൂന്നാർ എത്തി. മാസത്തിൽ ഒരു തവണ എന്ന പരുവത്തിൽ ഞങ്ങൾ കൂട്ടുകാർ കൂടിയും ഒറ്റയ്ക്കും പോയി കൊണ്ടിരുന്ന ഒരു കാലം വരെ ഉണ്ടായിരുന്നു. അവിടെ അങ്ങനെ പോകുന്നത് സത്യത്തിൽ പുതിയ സ്ഥലങ്ങൾ കാണാൻ അല്ല എന്നതാണ് സത്യം. കാരണം മൂന്നാർ എന്ന് പോയാലും ടൌൺ ഒന്ന് കറങ്ങും, ടോപ് സ്റ്റേഷൻ പോകും ടൗണിനും ടോപ് സ്റ്റേഷനും ഇടയിൽ മാട്ടുപെട്ടി ഡാം, കുറെ മരങ്ങളും മലകളും തേയില തോട്ടവും... ഇതന്നെ സ്ഥിരം. പിന്നെ ചായ കുടിയും.അതല്ലാതെ പിന്നെ ഉള്ളത് കിടു കിട വിറയിപ്പിക്കുന്ന തണുപ്പും കോടയും കാണാൻ വേണ്ടിയാണു.ഞങ്ങൾ ആ യാത്രകളിൽ കുറെ moments ഉണ്ടാക്കുകയായിരുന്നു.

2018 ഇൽ പ്രളയം കഴിഞ്ഞു വന്ന ഡിസംബർ ൽ മുന്നാറിൽ മഞ്ഞു പെയ്തിരുന്നു. അന്ന് ഞങ്ങൾ 4 സുഹൃത്തുക്കൾ ഒന്നിച്ചു ഒരു കാർ എടുത്ത് പോയി...വീണു കിടക്കുന്ന മഞ്ഞു കയ്യിൽ എടുക്കാൻ കിട്ടിയിട്ടുണ്ട് .... പുൽതകിട്ടിൽ ഒരു ലയർ പോലെ ആണ് ഉണ്ടായിരുന്നുള്ളു പക്ഷെ . ഒരു 9 മണി ഒക്കെ കഴിഞ്ഞാൽ വെള്ളം ആകും അത്. പിന്നീട് വന്ന വർഷങ്ങളിൽ പലപ്പോളും മൈനസ് temperatue വന്നിട്ടുണ്ട് മൂന്നാറിൽ...

2020 ന്റെ അവസാനം ഒരു അപകടം എനിക്കും എന്റെ കസിൻ ചേട്ടനും സംഭവിച്ചതിനാൽ പെട്ടന്നൊന്നും ഒരു യാത്ര പോകാൻ ഉള്ള മാനസിക സ്ഥിതി ഇല്ലായിരുന്നു എനിക്ക് . അതിനാൽ യാത്ര പോകുന്ന സംസാരത്തിന് അധികം പ്രാധാന്യം കൊടുക്കാതെ ഉണ്ണിക്കുട്ടനെ ഞാൻ മാനസികമായി തളർത്തിക്കളഞ്ഞു.പക്ഷെ അധികമൊന്നും അത് നീണ്ടുപോയില്ല. ഫെബ്രുവരി ആയപ്പോൾ മുതൽ ഞാനും എങ്ങോട്ടെങ്കിലും പോകണം എന്ന പരുവത്തിൽ ആയിരുന്നു.

കോറോണയും ആക്‌സിഡന്റും ഓഫീസും എല്ലാം കൂടെ ആയപ്പോൾ പിന്നെ ഒരു മാറ്റം വേണം എന്ന തോന്നൽ സ്വാഭാവികം ആണല്ലോ...അങ്ങനെ ഫെബ്രുവരി രണ്ടാം വാരം... സെക്കന്റ്‌ സാറ്റർഡേ രാത്രി ആയപ്പോൾ ഉണ്ണിയുടെ വിളി വന്നു.

"നാളെ നമുക്ക് രാവിലെ വിടാം മൂന്നാറിനു... എന്താ തന്റെ അഭിപ്രായം?"ഒരുപാട് നീണ്ട പ്ലാനുകൾ അല്ലേലും ഞങ്ങൾക്കിടയിൽ വിജയിക്കാറില്ല.

ഉണ്ണിയുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരം പറയാൻ ആലോചിക്കേണ്ടി വന്നില്ല. പക്ഷെ രാവിലെ 3 ന് എണീറ്റ് അവന്റെ അടുത്തുള്ള ടൗണിൽ എത്തണം എന്ന ടാസ്ക് കുറച്ചു പാടായിരുന്നു. ഒന്നാമത് ദിവസവും വണ്ടി ഓടിച്ചു വന്നു ക്ഷീണം ആണ്. ശനിയാഴ്ച വന്നാൽ ആകെ ഉള്ള പ്ലാൻ ആ ആഴ്ചയിലെ ക്ഷീണം ഞായറാഴ്ച കിടന്നുറങ്ങി തീർക്കുക എന്നതാണ്.പക്ഷേ "മൂന്നാർ" എന്ന് കുറച്ചു നേരം ജപിച്ചാൽ തീരാത്ത ഉറക്കക്ഷീണം ഒന്നും അപ്പോൾ എനിക്കില്ലായിരുന്നു.

2.40 ന് അലാറത്തിന്റെ കഴുത്തിനു കുത്തി പിടിച്ചു എണീറ്റു കണ്ണ് തിരുമ്മി. സമയം 3 ആകാൻ പോകുന്നു... പക്ഷെ 3.05 ന് ഞാൻ ഫ്രഷ് ആയി. എനിക്ക് കണ്ണിൽ കിട്ടിയത് എന്റെ പുതിയ ഫോർമൽ pure white ഷർട്ട്‌ ആണ്. തണുപ്പ് ആയത്കൊണ്ടും ഇപ്പോൾ ബോഡി നല്ല weak ആയത്കൊണ്ടും ഒരു ടീഷർട് ഇട്ടിട്ട് അതിനു മുകളിൽ ഷർട്ട്‌ ഇട്ട് ഒരു hooded ടൈപ്പ് ബനിയൻ കൂടെ ഇട്ട് റൈൻ ജാക്കറ്റ് വലിച്ചു കെട്ടിയാണ് ഇറങ്ങിയത്. പക്ഷെ ഷൂ breathable ടൈപ്പ് മെറ്റീരിയൽ ആയിരുന്നു... ഉള്ളത് എടുത്തിട്ട് വേഗം ഇറങ്ങി.

എന്തായാലും അവൻ വരുന്നതിനു മുൻപ് ഞാൻ ചെന്ന് പോസ്റ്റ്‌ പിടിച്ചു. അധികം താമസിക്കാതെ ഉണ്ണി വന്നു. അവൻ ഒരു സാദാ ഷർട്ടും പാന്റും ചെരിപ്പും ഇട്ടാണ് വന്നത്. ഇവൻ ഇന്ന് തണുത്തു ഒരു വഴിയായത് തന്നെ...എന്റെ ബൈക്ക് നല്ല പഴക്കം വന്നതുകൊണ്ട് അവന്റെ ഒരു പരിചയത്തിൽ ഉള്ള ചേട്ടന്റെ ബൈക്ക് എടുത്താണ് വന്നത് അവൻ...Pulsar 180... മൂന്നാർ ഒക്കെ പോകാൻ കുറച്ചു പവർ വേണം...അതുപോലെ പെട്രോളും വേണം...

അവിടെ നിന്ന് നേര്യമംഗലം പോകാൻ ഒരു shortcut ഉണ്ട്. അതുകൊണ്ട് ഞങ്ങൾ ആ വഴി ആണ് പോയത്. ഇടയിൽ ഒരു ഹെവി ലോഡ് കൊണ്ടുപോകുന്ന ലോറി ചേട്ടൻ നേര്യമംഗലം പോകുന്ന വഴി ചോദിച്ചു. പുള്ളിക്കാരനോട് പുറകെ പിടിക്കാൻ പറഞ്ഞു ഞങ്ങൾ സ്പീഡ് കുറച്ചു. നേര്യമംഗലം എത്തിയപ്പോൾ ഞങ്ങൾ ബൈ പറഞ്ഞെങ്കിലും ലോറി ചേട്ടനെ ഞങ്ങൾ പിന്നെയും കണ്ടുമുട്ടിയിരുന്നു. നേര്യമംഗലം എത്തിയപ്പോൾ തന്നെ എനിക്ക് ചെറുതായി തണുക്കുന്നുണ്ട്. കാരണം എന്റെ കാലിൽ കിടക്കുന്ന ഷൂ ന്റെ അകത്തേക്ക് കാറ്റു സുഗമമായി കടക്കും.അതുപോലെ കൈപ്പത്തിയിൽ തണുപ്പ് കിട്ടുന്നതും കൂടെ ആയപ്പോൾ അത്യാവശ്യം തണുത്തു തുടങ്ങി എനിക്ക്.ആ സമയത്താണ് മുന്നിൽ ഇരുന്നു വണ്ടി ഓടിക്കുന്ന ഉണ്ണീടെ അവസ്ഥ ആലോചിച്ചത്...!!

"ഉണ്ണിക്കുട്ടാ... തണുക്കുന്നുന്നുണ്ടോടാ?"

അവൻ സ്ലോ മോഷനിൽ തലയാട്ടി... ഞാൻ ഓടിക്കാം എന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല. തല്ക്കാലം ഒരാൾ തണുത്താൽ മതി എന്നായിരുന്നു അവന്റെ വാദം. ആയിക്കോട്ടെ എന്ന് ഞാനും...അടിമാലി എത്തിയപ്പോൾ ആദ്യം കണ്ട ബങ്കിൽ നിന്ന് പെട്രോൾ അടിച്ചു.300 രൂപയുടെ പെട്രോൾ ആണ് അടിച്ചത്... Note the point -Rs 300. അവിടെ നിന്ന് തണുപ്പ് കൂടി വന്നു.പക്ഷെ ഉണ്ണി വേഗത കുറച്ചില്ല. പകരം സംസാരം കുറച്ചു. ഞാൻ തല്ക്കാലം റൈൻ coat അഴിച്ചു അവനുകൊടുത്തു.എന്റെ താടിയെല്ല് കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു അപ്പോൾ.ഒരു കാര്യം പറയാൻ വിട്ടുപോയി... ഞങ്ങൾ ട്രിപ്പ്‌ പോയ ഡേറ്റ് ഫെബ്രുവരി 14 ആയിരുന്നു. അതായതു വലന്റൈൻസ് ഡേയുടെ അന്ന്.

പക്ഷെ അപ്പോൾ നേരം വെളുത്തിട്ടില്ലായിരുന്നു... അതുകൊണ്ട് ഒരുപാട് റൈഡിങ് couples നെ കണ്ടില്ല .പിന്നെ ട്രോളന്മാർ കാരണം ഈ ദിവസത്തെ ആഘോഷം പല couples ഉം ഉപേക്ഷിച്ചു പോയിട്ടുണ്ടാകണം...

ഈ പോക്കിന് സൂര്യോദയം ആയിരുന്നു എന്റെ ലക്ഷ്യം... എന്നാൽ മഞ്ഞു പെയ്യുന്നുണ്ട് എന്നറിഞ്ഞിട്ടാണ് ഉണ്ണി പോകാൻ പ്ലാൻ ഇട്ടത്.എന്തായാലും എത്രയും വേഗം മൂന്നാർ എത്തായാലെ ഞങ്ങളുടെ ആഗ്രഹം പോലെ കാഴ്ച്ചകൾ കാണാൻ പറ്റു.

പക്ഷെ തണുപ്പ് ഞങ്ങളെ ശരീരികമായും മാനസികമായും തളർത്തികൊണ്ടിരുന്നു.എനിക്ക് ഇപ്പോളും അറിയില്ല, തണുത്തു മരവിച്ചു ആണ് ഞാൻ അവന്റെ പുറകിൽ ഇരുന്നത്. ഉണ്ണി വണ്ടി ഓടിച്ചിരുന്നതുകൊണ്ട് എനിക്ക് അവൻ ഒരു മറയും ആണ്. പോരാഞ്ഞിട്ട് ജാക്കറ്റ്, hoodie ഒക്കെ ഉണ്ട്. എന്നാൽ സാദാ ഷർട്ട്‌ ഇട്ട് ഫുൾ കാറ്റും നേരെ ദേഹത്ത് കൊണ്ട് അവൻ എങ്ങനെ ആ വണ്ടി അവിടെ വരെ ഓടിച്ചു എന്ന് എനിക്ക് പിടിയില്ല .ഇവിടെ ഞാൻ എന്റെ സ്വാർത്ഥതയുടെ അളവെടുത്തു... ഞാൻ വിറച്ചു പതുങ്ങി ഇരുന്നപ്പോളും അവന്റെ കഷ്ടപ്പാടിനെ ഓർക്കാൻ ഒരു ശ്രമം നടത്തി എങ്കിലും പിന്നെ "വണ്ടി ഞാൻ ഓടിക്കണോ" എന്ന് ചോദിക്കാൻ ഉള്ള മാനസികനില തണുപ്പ് ചോർത്തി കളഞ്ഞിരുന്നു.

നേരം വെളുത്തു വരികയാണ്.ഏതോ മലയുടെ അപ്പുറത്ത് നിന്ന് സൂര്യൻ വരുന്നുണ്ട്... വേഗം പോയില്ലെങ്കിൽ സൂര്യോദയം മിസ്സ്‌ ആകും. പക്ഷെ ഉണ്ണിയോട് ഈ അവസരത്തിൽ വണ്ടിയുടെ സ്പീഡ് കൂട്ടാൻ പറയാൻ പോകുന്നത് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു പ്രത്യേക വികാരം തോന്നുന്നു.

മനുഷ്യന്റെ ഓരോ ആഗ്രഹങ്ങൾ കണ്ടില്ലേ... ഇപ്പോൾ ഞാൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എങ്കിൽ എന്റെ ആഗ്രഹം എത്രയും വേഗം ഒരു ചൂടൻ ചായ കുടിക്കണം എന്ന് മാത്രം ആയേനെ. പക്ഷെ തണുപ്പ് ഒരുപാട് ഏൽക്കാതെ ഇരിക്കാൻ പറ്റിയത്കൊണ്ട് എന്റെ ആഗ്രഹം ദാ വേഗം എത്തണം എന്നായി. നമ്മുടെ സാഹചര്യങ്ങളും ചുറ്റുപാടുകളും ആണ് ഏകദേശം ഒട്ടുമിക്ക ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മാറ്റം ഉണ്ടാക്കുന്നതും കാരണമാകുന്നതും.

ഇപ്പോൾ ഞങ്ങൾ തേയില ചെടികളുടെ ഇടയിലൂടെ ഉള്ള റോഡിൽ ആണ് സഞ്ചാരം. സൈഡിൽ ഒരു മരം കണ്ടു മുന്നിലായി ഞാൻ. ആ മരം കടന്നത്തോടെ ഒരു ac മുറിയുടെ വാതിൽ കടന്ന് ചെന്ന ഫീൽ ആയിരുന്നു. തണുപ്പെന്ന് പറഞ്ഞാൽ കയ്യും കാലും വളരെ വേഗം മരവിച്ചു, ഒടുവിൽ കയ്യും കാലും വേദനിയ്ക്കാൻ തുടങ്ങി. ഒന്ന് അലറിക്കരയാൻ തോന്നിപ്പോയ സമയം. ഉണ്ണി മുഴുവനായി മരവിച്ചെന്ന് തോന്നിപ്പോയി. ഒരനക്കവും ഇല്ല. ഒരു ജീവൻ ഉള്ള ശരീരം ആണെന്ന് പോലും പരിഗണിക്കാതെ അവനെ ഞാൻ ഞെരിച്ചു കെട്ടിപിടിച്ചു. എന്നിട്ടും തണുപ്പിന് മാറ്റം ഇല്ല. കൈകൾ കൂട്ടി തിരുമ്മി. എന്റെ കൈകൾ ആണ് അതെന്ന് എനിക്ക് തോന്നുന്നില്ല. ഏതോ രണ്ട് വസ്തുക്കൾ... ഇത് അടിച്ചു പോയി ഗുയ്സ്‌...

ഒരു ഷെഡ് എങ്കിലും കണ്ടിരുന്നെങ്കിൽ വണ്ടിയിൽ നിന്ന് ചാടി അവിടെ പോയി ചുരുണ്ടേനെ.എനിക്ക് വീടെത്തുന്ന കാര്യം ആണ് ഇപ്പോളത്തെ ആഗ്രഹം. എന്റെ ബെഡ്, പുതപ്പ്, തലയിണ... ഹോ, അവരെത്ര വിലപ്പെട്ടതാണ്...

കാര്യം വിറച്ചു ചാവാറായി എങ്കിലും മലകളെ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിൽ പൊൻകിരണങ്ങൾ തട്ടി തിളങ്ങുന്ന കാഴ്ച ഞാൻ വണ്ടിയിൽ ഇരുന്നു സങ്കടത്തോടെ കണ്ടു തീർത്തു.ഒടുവിൽ എങ്ങനെയോ മൂന്നാർ ടൌൺ എത്തി.

(മൂന്നാർ KSRTC DEPOT ന്റെ അടുത്തുള്ള LAKE )

സമയം ഒന്നും നോക്കിയില്ല... എന്തായാലും എന്റെ ആഗ്രഹം നടന്നില്ല. സൂര്യൻ ഉദിച്ചു. മഞ്ഞെങ്കിലും കാണണം എന്ന് കരുതി മൂന്നാറിന്റെ അകത്തുള്ള ഒരു ഗ്രാമത്തിലേക്ക് പോയി. പേരൊന്നും പിടിയില്ലാട്ടോ. പോകുന്ന വഴിയിൽ കുറെ മലകൾ കണ്ടു ഉണ്ണി വണ്ടി നിർത്തി. ഞാൻ കാലുകൾ കുത്തി നിന്നപ്പോൾ നീൽ അംസ്ട്രോങ്ങ് ചന്ദ്രനിൽ കാലുകുത്തിയതിന്റെ അപ്പുറം ഫീൽ ആയിരുന്നു. തിരിഞ്ഞും പിരിഞ്ഞും അരയ്ക്ക് താഴേക്കുള്ള ചോരയോട്ടം സെറ്റ് ആകാൻ നോക്കി. എന്റെ നടു...

ഒന്ന് ചൂടായി വന്നപ്പോളാണ് ഞാൻ ഉണ്ണിയെ നോക്കുന്നത്. അവൻ ഹെൽമെറ്റ്‌ പോലും അഴിക്കാതെ വണ്ടിയുടെ സൈഡിൽ കുത്തിയിരുന്ന് എഞ്ചിനിലും സൈലൻസർ ലും ഒക്കെ കൈ അമർത്തുകയാണ്.

"എടാ... നിനക്ക് വട്ടായോ...?!ഇപ്പോൾ ചൂട് അറിയില്ല... പക്ഷെ കൈ വെന്തു പോകും."


പക്ഷെ ഉണ്ണി ഞാൻ പറഞ്ഞത് പോലും കേട്ടിട്ടില്ല!!!ദൈവമേ ഇവന്റെ ചെവിയും പോയോ എന്നോർത്തു പകച്ചുപോയി ഞാൻ. ആ ഇരിപ്പ് ഞാൻ ഫോട്ടോ ആക്കി. കുറച്ചു കഴിഞ്ഞു അവൻ എണീറ്റു എന്നെ നോക്കി.

"എടാ നീ എന്തിനാ കൈ പൊള്ളിക്കാൻ പോയെ? കുറച്ചു tym തിരുമ്മിയാൽ ഓക്കേ ആകും "

'എടാ ഒരു വണ്ടി എടുത്തോണ്ട് വന്നാൽ ഒരു മര്യാദ വേണ്ടേ... തണുപ്പ് കാരണം throttle കൊടുക്കാൻ ഉള്ളത് കൊണ്ട് വലതു കൈ അനക്കാൻ പറ്റും. ക്ലച്ച് പിടിക്കാതെ ആണ് ഗിയർ ഇട്ടത് മൊത്തം. ഇനിയും ഇങ്ങനെ പോയാൽ ഗിയർ ബോക്സ്‌ പൊളിയും.'

ഇവിടെ വരെ എത്താൻ അവൻ എടുത്ത റിസ്ക് ഓർത്തപ്പോൾ സല്യൂട്ട് അടിക്കണം എന്ന് തോന്നിപ്പോയി... പക്ഷെ അങ്ങനെ ചെയ്താൽ അവനു രോമാഞ്ചം വന്നു തണുപ്പ് പോകില്ലല്ലോ (അതൊരുമാതിരി അനുമോദിക്കൽ ചടങ്ങായി പോകും ).ചായ മേടിച് തരാം എന്ന് പറയാൻ ചെന്ന എന്നെപ്പിടിച്ചു വണ്ടിയിൽ കേറ്റി നേരെ മഞ്ഞു കാണാൻ പോയി അവൻ!!!(നിനക്ക് പ്രാന്താടാ...)

തുടരും...

Bạn đang đọc truyện trên: Truyen247.Pro