Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ഭാഗം 2

കലങ്ങിയ കണ്ണുകളും പാറിപ്പറന്ന മുടിയും ഒക്കെയായി ആളെ കണ്ടാൽ ഒരു ഭ്രാന്ത് പിടിച്ച പെൺകുട്ടിയെ പോലെ തോന്നും. വിഷ്ണു വിടാൻ കൂട്ടാക്കിയില്ല. അല്പം കനം കൊണ്ട ശബ്ദത്തിൽ അവളോട് കത്തി കളഞ്ഞു അവിടെ ഇരിക്കാൻ പറഞ്ഞു. ഫോൺ തരാതെ പറ്റില്ല എന്നായി അവൾ. അത്രയൊക്കെ സംസാരിക്കാനേ വിഷ്ണുവിന് പറ്റു. കൈ വീശി വലതു ചെകിടിന് ഒന്ന് കൊടുത്തു... "മിണ്ടാതെ ഇരിക്കടി...

"കുറച്ചു നേരത്തേക്ക് അവിടെ മുഴുവൻ നിശബ്‌ദ ആയിരുന്നു.എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ വൈകിയ വീണ കവിളിൽ കൈ വച്ച് കുറച്ചു നേരം അങ്ങനെ നിന്നു. ആ ഷോക്കിൽ നിന്നു പുറത്തു വന്നപ്പോൾ അവൾ അലറി "നീ ആരാടാ എന്നെ തൊടാൻ... നിന്റെ പേരിൽ ഞാൻ കേസ് കൊടുക്കും... "വിഷ്ണു ഗാന്ധീയ ദര്ശനങ്ങളിൽ തല്പരനായതുകൊണ്ടാവണം രണ്ടാമത്തെ അടി ഇടത്തെ കവിളിൽ ആണ് കൊടുത്തത്. പടക്കം പൊട്ടിയ പോലത്തെ അടി. "നീ പോയി കേസ് കൊടുക്കെടി, ഇന്നാ ഫോൺ... ഇപ്പോൾ തന്നെ വിളിച്ചു പറ. നീയെങ്ങാനും വിളിച്ചിട്ട് അവര് വന്നാൽ അവരുടെ മുന്നിൽ ഇട്ട് ഒരെണ്ണം കൂടെ ഞാൻ തരും. എന്നിട്ട് ആത്മഹത്യക്ക് ശ്രമിച്ചതിന് നിനക്കെതിരെ കേസും കൊടുക്കും ".

ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്ന് കണ്ട് വിഷ്ണുവിന്റെ അച്ഛനും കൂട്ടുകാരും ചേർന്ന് അവനെ പുറത്തേക്കു വിളിച്ച് കൊണ്ടുപോയി. വീണ അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു തുടങ്ങി. അവൾക്കൊരു പ്രണയം ഉണ്ടെന്ന് വിഷ്ണുവിന് നേരത്തെ അറിയാമായിരുന്നു. അവളുടെ അമ്മക്ക് സംശയം തോന്നിയത് കൊണ്ടാവും ഫോൺ എടുത്തത് .പ്രേമിക്കുന്നതിൽ ഒന്നും വിഷ്ണു മുടക്കം പറഞ്ഞിട്ടില്ല, പക്ഷെ നിസ്സാര കാര്യത്തിന് ആത്മഹത്യാ ഭീഷണി ഒക്കെ തന്നപ്പോൾ ആണ് അവന്റെ ഭാവം മാറിയത്. അധികം വൈകാതെ അവർ നേരെ ജിതിന്റെ വീട്ടിലേക്ക് പോയി.

കോതമംഗലം എത്തിയപ്പോൾ ജിതിൻ വിനുവിനെ വിളിച്ചു. ഞങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു ഫോൺ വച്ചു. കീരംപാറ എത്തിയപ്പോൾ രണ്ടുവണ്ടിയും പെട്രോൾ അടിക്കാൻ നിർത്തി.നിതിൻ പെട്രോൾ ഉണ്ടെന്നു പറഞ്ഞു മാറി. " ഇടമലയാർ പോകാനുള്ളതാണ്, കുറവാണേൽ ഒരു ഉറപ്പിന് അടിച്ചേരെടാ "വിഷ്ണു പറഞ്ഞു.എന്നാൽപ്പിന്നെ അടിക്കാം എന്ന് അവനും തീരുമാനിച്ചു.

ജിതിൻ വീട്ടിൽ ഒറ്റക്കായിരുന്നു. മൂന്നുപേരും നേരെ അവന്റെ റൂമിൽ കയറി വിശേഷം പറച്ചിൽ തുടങ്ങി. ജിതിനും വിഷ്ണുവും വായനയിൽ തല്പരരാണ്, എന്നാൽ രണ്ടുപേരുടെയും ടേസ്റ്റ് വത്യസ്തമാണ്. ഇടയിൽ എപ്പഴോ ജിതിൻ ആത്മീയതയിൽ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ വിനുവും അവന്റെ കളക്ഷൻസ് വായിക്കാൻ വേണ്ടി കൊണ്ടുപോയിത്തുടങ്ങി. വിനുവും നിതിനും വിഷ്ണുവിന്റേയോ ജിതിന്റെയോ വീട്ടിൽ പോയാൽ അവരുടെ പുസ്തകങ്ങൾ തിരഞ്ഞു പറ്റിയത് കിട്ടിയാൽ എടുക്കുക പതിവാണ്. ഇത്തവണ പക്ഷെ പുസ്തകം നോക്കാൻ ആരും നിന്നില്ല. വിഷ്ണുവിന്റെ വീട്ടിലെ വിശേഷം പറച്ചിലിൽ ആയിരുന്നു എല്ലാവരും.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ജിതിന്റെ അമ്മ കുടുംബശ്രീ ഒക്കെ കഴിഞ്ഞു വരുന്നത്. എല്ലാവർക്കും ചായ കിട്ടി കഴിഞ്ഞപ്പോൾ എങ്ങോട്ടെങ്കിലും പോകണം എന്നായി. മഴ പെയ്യാൻ തയ്യാറായി കാറ് വിരിച്ചു നിൽക്കുകയാണ്. എങ്കിലും പോകണം എന്ന് തീരുമാനിച്ചാൽ പിന്നെ പോയെ തീരൂ. അടുത്തെവിടെയെങ്കിലും പോകാൻ പറ്റിയ സ്ഥലം നോക്കാം എന്നുപറഞ്ഞു ജിതിൻ ഫോൺ എടുത്തു. നാടുകാണി പോകാം എന്നായി. വിനു പലപ്പോഴായി വിഷ്ണുവിനോട് ചോദിച്ചിട്ടുള്ള സ്ഥലപ്പേരാണത്. ഒന്ന് മലപ്പുറത്തും ഉണ്ടെന്നു അവൻ പറഞ്ഞിട്ടുണ്ട്. ഇന്നവിടെ പോകാം. വിനു സന്തോഷിച്ചു.

മഴയുടെ നല്ലൊരു പെയ്തു കഴിഞ്ഞു നേരെ അവർ ഇറങ്ങി. വിനു വഴി കൃത്യമായി നോക്കിയാണ് പോകുന്നത്. വഴിയിൽ ധാരാളം മലകൾ ഉണ്ട്. ഇപ്പോൾ കാണുന്ന മല കയറണം എന്നാണ് അവൻ ആഗ്രഹിക്കുന്നത്. ജിതിനോട് വണ്ടി നിർത്താൻ തന്നെ പറഞ്ഞു. പക്ഷെ അവൻ അവിടെ നിർത്തിയില്ല. വിനു അക്ഷമനായി ആണ് വണ്ടിയിൽ ഇരുന്നത്. അത് മനസ്സിലാക്കിയിട്ടെന്നപോലെ ജിതിൻ ആ മല ചൂണ്ടികാണിച്ചു. നേരത്തെ കണ്ട മലകളെക്കാളും ഉയരമുണ്ട് അതിന്. അതാണ് നാടുകാണി മല എന്നറിഞ്ഞപ്പോൾ പിന്നെ വിനു ഹാപ്പി ആയി.

റോഡ് സൈഡിൽ ആയാണ് ആ മല. സൈഡിൽ വണ്ടി വച്ച് അവർ മുകളിലേക്ക് നടന്നു. പലരും മഴ പെയ്തു തെന്നി കിടക്കുന്ന പാറ കണ്ടു തിരിച്ചിറങ്ങുകയാണ്. പക്ഷെ അവർ കയറാൻ തന്നെ തീരുമാനിച്ചു. വളരെ കുത്തനെ ഉള്ള പാറയാണ്. ചിലയിടങ്ങളിൽ മുട്ടുകാൽ നെഞ്ചിൽ മുട്ടും. മുകളിൽ എത്തിയപ്പോളേക്കും എല്ലാവരും അണച്ചുപോയി. എന്നാൽ മുകളിൽ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ പറ്റില്ല. മഴ പെയ്തു മലയിൽ നിന്ന് കോട മഞ്ഞ് ഉയർന്നു മേഘങ്ങൾ പോലെ വിരിഞ്ഞു നില്കുന്നു. കാറ്റ് അടിവാരത്തുനിന്ന് മുകളിലേക്ക് വീശി വരുമ്പോൾ മഞ്ഞും മല കയറി വരും. പല തവണ തെന്നി എങ്കിലും ആരും വീഴാതെ മുകളിൽ എത്തി. ആ സൗന്ദര്യം ഇതുപോലെ ഒപ്പിയെടുക്കാൻ ഫോൺ ക്യാമറ കൊണ്ട് സാധിക്കും എന്ന മിഥ്യ ധാരണ കൊണ്ട് കുറെ ഫോട്ടോസ് അവർ എടുത്തു. പയ്യെ വട്ടം കൂടിയിരുന്നു പഴയ കഥകൾ പറയാൻ ആരംഭിച്ചു അവർ.

പറയുന്നത് മഴയോർമ്മകൾ ആയതുകൊണ്ടാവണം മഴ വീണ്ടും പെയ്തു. കയ്യിൽ കരുതിയ പ്ലാസ്റ്റിക് കവറിൽ ഫോണും പേഴ്സും വച്ചിട്ട് അവർ ആ മഴ സന്തോഷത്തോടെ ആസ്വദിച്ചു നനഞ്ഞു. എന്നാൽ വില്ലനായി അവതരിച്ചത് ഇടിമിന്നൽ ആയിരുന്നു. ആ പാറയിൽ എവിടെയും ഒരു മരം പോലുമില്ല. ഇടിയേൽക്കാൻ സാധ്യത വളരെ കൂടുതൽ ആണ്. എല്ലാവരും പാറയിലേക്ക് കിടന്നു. വിനു ആദ്യം മലർന്നാണ്‌ കിടന്നതു. പക്ഷെ വെള്ളം മുഖത്തുണ്ടാകുന്ന ആഘാതം ചെറുതായിരുന്നില്ല. അവനും കമിഴ്ന്നു കിടന്നു. ആ സമയം ഇഴഞ്ഞു നീങ്ങിയാണ് പോകുന്നത് എന്ന് തോന്നിപ്പോയി വിനുവിന്.അധികം വൈകാതെ ഇടിവെട്ട് നിന്നു. കുറച്ചു കൂടെ കഴിഞ്ഞാണ് മഴ അടങ്ങിയൊള്ളു.

എല്ലാവരും എഴുന്നേറ്റ് ഷർട്ട്‌ അഴിച്ചു പിഴിഞ്ഞ് തല തുടച്ചു. ഇപ്പോൾ വീശുന്ന കാറ്റിനു തണുപ്പ് ഇരട്ടിയായി. ജിതിനും വിഷ്ണുവും കൂടി അവിടെ അടുത്ത് ഉള്ള പേരമരത്തിൽ പഴുത്ത പേരയ്ക്ക പൊട്ടിക്കാൻ പോയി. വിനു നിതിനെ നോക്കി. കിടുകിടാ വിറച്ചുകൊണ്ട് കാറ്റിൽ പറന്നു നടക്കുന്ന കോടമഞ്ഞു നോക്കി ഇരിപ്പാണ് കക്ഷി. വിനു അവന്റെ അടുത്ത് ചെന്നിരുന്നു.

"നീ എന്തോ ആലോചിച്ച് ഇരിക്കുന്നപോലെ ഉണ്ടല്ലോ നിതി?

"ഇങ്ങനൊരു മൂഡിന് ചിന്തകൾ അല്ലേ ആസ്വാദനം നൽകുന്നത് വിനുവേ..." വിദൂരതയിൽ നിന്ന് കണ്ണെടുത്തു വിനുവിന്റെ സൈഡിലേക്ക് തിരിഞ്ഞുകൊണ്ട് നിതിൻ ചോദിച്ചു.

"ഇതിനുമാത്രം എന്താ ഇങ്ങനെ ചിന്തിക്കാൻ ഇരിക്കുന്നെ? "

'അങ്ങനെ ചോദിച്ചാൽ എന്തെങ്കിലും ഒന്നിനെ പറ്റി ആലോചിച്ചു തുടങ്ങും, പിന്നെ ആ വഴി അങ്ങ് പോകുവാണല്ലോ, കൊണ്ടുപോകുകയാണ്. എല്ലാം അങ്ങനെയല്ലേഡാ... യൂട്യൂബിൽ കഴിഞ്ഞ ദിവസം ബൈക്കിന്റെ ട്യൂണിങ് ട്യൂടോറിയൽ നോക്കാൻ കയറിയ ഞാൻ പിന്നെ tom & jerry ടെ ഒരു പത്തു പന്ത്രണ്ട് വിഡിയോസും mr. Bean ന്റെ കുറെ വീഡിയോസ് അങ്ങനെ ഒരു രാത്രി അങ്ങ് പോയികിട്ടി. ബൈക്ക് ഇപ്പോളും ട്യൂൺ ചെയ്യാൻ പറ്റിയിട്ടില്ല. നമ്മളൊക്കെ പലതിന്റെയും അടിമകൾ ആയിപ്പോയില്ലേ...?'

"നീ നിന്റെ കാര്യം പറഞ്ഞാൽ പോരെ... ഞാൻ ഒന്നിന്റെയും അടിമയല്ല."

വിനു അല്പം ഗൗരവത്തിൽ പറഞ്ഞു.

"അല്ലെങ്കിലും അടിമയാകുക എന്ന് പറഞ്ഞാൽ ആർക്കും രസിക്കാത്ത കാര്യം ആണല്ലോ.നിതിൻ ഒന്ന് ചിരിച്ചു.

"ഈ ലോകത്തു നമ്മൾ എല്ലാവരും എന്തിനൊക്കെയോ അടിമകൾ അല്ലേ വിനു?"

'നിനക്കെന്താ ഇപ്പോൾ അങ്ങനെയൊക്കെ തോന്നാൻ? '
വിനു വിടാൻ കൂട്ടാക്കിയില്ല.

"അതിപ്പോ എവിടെ നിന്നാണ് ഇങ്ങനൊക്കെ ചിന്തിച്ചു വന്നതെന്ന് പിടിയില്ല. നീ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കിയേ... നമ്മൾ ധരിക്കുന്ന ഡ്രെസ്സ് പോലും നമ്മുടെ മാത്രം ഇഷ്ടം ആണോ?"

'പിന്നല്ലാതെ... നീ ഇതെന്താ ഈ പറയുന്നത്...!'

"നമ്മുടെ ഡ്രെസ്സ് സ്റ്റൈൽ കാലം അനുസരിച്ചു മാറിക്കൊണ്ടിരിക്കുകയാണ്, അത് നമ്മൾ അല്ലല്ലോ നിയന്ത്രിക്കുന്നത്. അല്ലായിരുന്നെങ്കിൽ കാലാവസ്ഥക്ക് ചേരാത്ത കട്ടിയുള്ള ചൂട് കൂട്ടുന്ന വസ്ത്രങ്ങൾ നമ്മൾ ഉപയോഗിക്കുമോ, സ്കൂൾ, കോളേജ് കുട്ടികൾ ഇങ്ങനെ ഉപദ്രവം സഹിക്കേണ്ടി വരുമോ?"

'എടാ ആ സ്റ്റൈൽ ഐറ്റംസ് കുറച്ചു ചൂട് സഹിക്കേണ്ടി വന്നാലും ഇട്ടുകഴിഞ്ഞാൽ നമ്മുടെ ലുക്ക്‌ മാറില്ലേ?'

"ആ... അതെ. ശരീരത്തിന് സംരക്ഷണവും മറവും കിട്ടാൻ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ ഉപയോഗം പുതിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ പിന്നെ എന്തിനാ ഇതൊക്കെ?"

നിതിൻ എന്തോ മാരകമായ ചാരായം കഴിച്ചോ എന്ന് വിനു സംശയിച്ചുപോയി.

'ഇടുന്നവർ ഇതൊക്കെ സഹിക്കാൻ തയ്യാറാണെങ്കിൽ പിന്നെ നിനക്കെന്താ?'

"നീ പറയുന്നത് അല്പം ബുദ്ധിമുട്ട് സഹിച്ചാലും ലുക്ക്‌ കിട്ടുമെങ്കിൽ ഇതൊക്കെ ഓക്കേ എന്നല്ലേ... അപ്പോൾ ഞാൻ ഒന്ന് ചോദിച്ചോട്ടെ, ഇട്ടുകഴിഞ്ഞാൽ പിന്നെ നമ്മൾ അല്ല നമ്മളെ കാണുന്നവർ അല്ലേ ഈ ലുക്ക്‌ കാണുന്നത്. അങ്ങനെ ചിന്തിച്ചാൽ ഒരു തുണി വാങ്ങുമ്പോൾ അത് മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ വേണ്ടി നോക്കിയാണ് വാങ്ങുന്നത്, അല്ലാതെ നമ്മുക്ക് അതിൽ സ്വന്തമായി ഒരു ഇഷ്ടം ഉണ്ടോ? മറ്റൊരു രീതിയിൽ ചിന്തിച്ചാൽ നമ്മൾ ചെയ്യുന്നത് എന്തുതന്നെ ആയാലും അത് സത്യത്തിൽ മറ്റുള്ളവരെ ആകർഷിക്കാനോ അത്ഭുതപെടുത്താനോ ഒക്കെ ആണെന്നോ അവരെ അങ്ങനൊരു തലത്തിൽ എത്തിക്കുന്നതിൽ ആണ് നമ്മുടെ ഒക്കെ ആത്മസംതൃപ്തി ഇരിക്കുന്നത് എന്നൊക്കെ തോന്നിപോകും. അല്ലായിരുന്നെങ്കിൽ കടയിൽ കയറിയാൽ കൊടുക്കുന്ന കാശിനുള്ള തുണി ഉണ്ടോ എന്ന് നോക്കാനും സൈസ് നോക്കാനും ഉള്ള സമയം കളഞ്ഞാൽ പോരെ നമുക്ക്?നമ്മളൊക്കെ മറ്റുള്ളവരുടെ ചിന്തകളിലേക്ക് ഒതുങ്ങി പോയി "

'ഈ പറയുന്ന താനും ഇങ്ങനല്ലെടോ മനുഷ്യാ നടക്കുന്നത്. ഇങ്ങനൊക്കെ ചിന്തിച്ചാൽ ഈ ലോകം മൊത്തം പട്ടി ഷോ ആണെന്ന് പറയേണ്ടിവരും. നിനക്ക് വട്ടാ...'

"ഞാൻ അങ്ങനല്ല എന്ന് അല്ല അളിയാ ഞാൻ പറഞ്ഞത്. ഞാൻ ഇതിന്റെ അടിമയാണെന്നല്ലേ പറഞ്ഞത് "
നിതിൻ അതും പറഞ്ഞു ഒരു കള്ളച്ചിരി പാസ്സാക്കി.

'എടാ നാറി... നീ എന്ത് പുല്ല് വേണേലും ഇരുന്നു ചിന്തിച്ചോ, ഉള്ള സമാധാനം കളയാൻ ഓരോരോ വട്ടും കൊണ്ട് ഇറങ്ങിക്കോളും... '

വിനു അവിടെ നിന്ന് എഴുന്നേറ്റു തിരിഞ്ഞു നടക്കാൻ നോക്കിയപ്പോൾ വിഷ്ണുവും ജിതിനും വരുന്നത് കണ്ടു. പേരക്കയൊന്നും കിട്ടിയില്ല എന്ന് കൈവീശിയുള്ള വരവ് കണ്ടപ്പോൾ മനസ്സിലായി. എന്നാൽ നടന്നുവരുന്ന അവരുടെ പുറകിൽ വിശാലമായ മലനിരകളും അങ്ങങ്ങായി നീലയും വയലറ്റും കളർ ഉള്ള പൂക്കൾ, മലകളെ പൊതിഞ്ഞു നിൽക്കുന്ന കോട മഞ്ഞ്... ഹോ ഫോൺ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ അതൊരുഗ്രൻ പടം ആക്കാമായിരുന്നു. വിനു ഒരു നെടുവീർപ്പോടെ ആ വിഷമം കളഞ്ഞു.

നാലും കൂടെ പാറപ്പുറത്തിരിപ്പായി.
'ഇവിടെ ചിലരൊക്കെ നർകോട്ടിക്സ് സാറുമ്മാർ പോലും കാണാത്ത തരം മരുന്നടിച്ചു തുടങ്ങിയിട്ടുണ്ടെടാ...' വിനു പറഞ്ഞു.

വിഷ്ണുവും ജിതിനും നിതിനെ നോക്കി, കേട്ടിട്ടും മൈൻഡ് ചെയ്യാതെ കാറ്റിനോപ്പം നൃത്തം ചെയ്യുന്ന നേർത്ത നീണ്ട ഇലകൾ ഉള്ള ഇഞ്ചപ്പുല്ലുകളെ നോക്കി ഇരിക്കുന്നുണ്ട് അവൻ, മുഖത്ത് ഒരു ചെറു പുഞ്ചിരിയും ആയിട്ട്.
'നീ എന്താടാ ചെക്കനെ പറഞ്ഞു കിളിയാക്കിയേ... 'ജിതിൻ ഇടപെട്ടു.

"ഓഹ്... എനിക്കൊന്നും പറയാനില്ല "നിതിൻ തല ചെരിച്ചു.

'ഇവൻ കഴിഞ്ഞ ആഴ്ച ഓഷോ ന്റെ ഒരു പുസ്തകം കൊണ്ടുപോയി എന്നെ രാത്രി വിളിച്ചു കുറെ പിച്ചും പേയും പറഞ്ഞതാ, അന്ന് കയ്യിൽ കിട്ടിയില്ല. നിന്റെ ഭാഗ്യം... അന്തസ്സ് വേണെമെടാ... അന്തസ്സ് 'ജിതിൻ കലിപ്പിട്ടു.

"ഞാൻ ആകെ പ്രണയം എന്താണെന്നല്ലേ ചോദിച്ചോള്ളൂ "നിതിൻ പരിഭവം പറഞ്ഞു.

'എന്നിട്ട് പ്രണയം എന്താണെന്നു മനസ്സിലായോ?'വിഷ്ണു മുരടനക്കി.

"അളിയാ... എല്ലാവരും പ്രണയത്തിനു പലപല രീതിയിൽ ആണ് കാണുന്നത് എന്ന് മനസ്സിലാക്കി, ഞാൻ പ്രണയം എന്ന് കരുതുന്നത് ഒരുപക്ഷെ മറ്റൊരാൾക്ക്‌ വേറെ എന്തെങ്കിലും ഒക്കെ ആകാം.മലയാളത്തിലെ ചില സാധാരണ വാക്കുകൾ തമിഴിൽ നല്ലസ്സല് തെറിയല്ലേ... അങ്ങനെ..."

'അതെന്താ നീ പറയുന്ന പ്രണയത്തിനു തലയും വാലും ഉണ്ടോ?'വിനു കയർത്തു.

"എനിക്ക് ഒരു കാര്യം പറഞ്ഞുതാ... യഥാർത്ഥ പ്രണയം സ്വർത്ഥമാണോ?പ്രണയം എന്നുപറഞ്ഞാൽ സ്നേഹം എന്ന് ചിന്തിച്ചാൽ മതി.അതിൽ എല്ലാം പെടുമല്ലോ."

'സ്നേഹം സ്വാർത്ഥമല്ല എന്നാണ് എന്റെ ഒരിത് ' വിനു പറഞ്ഞു.ജിതിനും തലയാട്ടി.
നിതിൻ അവർക്കഭിമുഖമായി തിരിഞ്ഞിരുന്നു.

"എടാ അങ്ങനെയാണെങ്കിൽ സത്യത്തിൽ ഈ പറയുന്ന സ്നേഹം അല്ലെങ്കിൽ പ്രേമം എന്ന സംഗതി നമ്മൾ ഇതുവരെ അനുഭവിച്ചിട്ടുണ്ടോ? ഈ ജീവിതത്തിൽ അനുഭവിക്കാൻ പറ്റുവോ? "

'നിനക്ക് പറയാനുള്ളത് നേരെ പറ, എന്തിനാ വട്ടം കറങ്ങുന്നത്...? ' വിഷ്ണു ചോദിച്ചു.

നിതിൻ തുടർന്നു... "സ്നേഹം സ്വാർത്ഥമല്ലെങ്കിൽ പിന്നെ സ്നേഹിച്ചതിനെ സ്വന്തമാക്കാൻ നോക്കില്ലല്ലോ, അതിന് വേണ്ടി കഷ്ടപ്പെടാനും വഴക്കുണ്ടാക്കാനും പോകുമോ, നഷ്ട്ടപെടുമ്പോൾ കുറ്റംപറയാനും പെട്രോൾ ഒഴിച് കത്തിക്കാനും വീഡിയോ ഇട്ട് നാറ്റിക്കാനും ഒക്കെ പോകുമോ?"

'എടാ അതൊക്കെ ആരാ പ്രണയം ആണെന്ന് പറഞ്ഞെ?'ജിതിൻ പുരികം ഉയർത്തി ചോദിച്ചു.

"ഇത് അവിടെ മാത്രം ഒതുക്കാൻ ആയിട്ടില്ല, അങ്ങനെ നിസ്വാർത്ഥമായ സ്നേഹം ആണെങ്കിൽ പിന്നെ അത് തിരിച്ചു കിട്ടിയില്ലെങ്കിലും സങ്കടപെടേണ്ടതില്ലല്ലോ, ഒരു കുഞ്ഞിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന മാതാപിതാക്കൾ പോലും അവരുടെ പ്രതീക്ഷകൾ അവനിൽ ഏല്പിക്കുകയല്ലേ, ആ സ്നേഹവും സംരക്ഷണവും അവർ എന്നെങ്കിലും തിരിച്ചു കിട്ടും എന്ന് ചിന്തിക്കില്ലേ... അങ്ങനെ ഒക്കെ ചിന്തിച്ചാൽ നമ്മൾ ഇപ്പോൾ പറഞ്ഞ നിസ്വാർത്ഥ സ്നേഹം പുസ്തകത്തിൽ അല്ലേ?"

ജിതിനും വിനുവും പരസ്പരം നോക്കി... പിന്നെ നിതിനെ നോക്കി.'ഇവനെ എടുത്ത് താഴെക്കിടെടാ...'ജിതിൻ അലറി...'നീ നിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം വരെ ഇങ്ങനൊക്കെയാണോ കാണുന്നത്... അപ്പോൾ ഞങ്ങളോ?അളിയാ ഇവൻ എന്തോ മാരക ഐറ്റം അടിച്ചു തുടങ്ങിയിട്ടുണ്ട്. ഒഴിവാക്കി വിട് ഇതിനെ. അല്ലെങ്കിൽ ഒക്കെ കൂടെ തൂങ്ങും 'വിനു അല്പം അമർഷത്തോടെ പറഞ്ഞു.

വിഷ്ണു ശാന്തമായ മുഖഭാവത്തിൽ നിതിൻറെ നേരെ തിരിഞ്ഞിട്ട് ചോദിച്ചു "അളിയാ... ചാടി ചാവടാ നാറി ". ഇങ്ങനൊക്കെ കേട്ടിട്ടും വല്യ കൂസൽ ഇല്ലാതെ നിതിൻ വീണ്ടും തുടർന്നു.

"ഞാൻ എന്റെ ഒരു ചിന്ത ആണ് പറഞ്ഞത് മക്കളെ... ഇനിയിപ്പോ ഞാൻ പറഞ്ഞത് ശരിയാണേൽ തന്നെ അങ്ങനൊരു സ്നേഹം ഇല്ലാതെ ഇവിടെ ജീവിച്ചു മരിക്കാം എന്നത് ഒരു മറുവശം അല്ലേ?"

'ഇനി നീ മിണ്ടിയാൽ പാറക്കല്ലെടുത്തു വായിൽ തിരുകും 'വിഷ്ണു കലിപ്പിലായി.

വൈകാതെ അവർ താഴെക്കിറങ്ങി. നിതിനെ ഒരു വിചിത്ര ജീവിയായി വിനു പ്രഖ്യാപിച്ചു. ഈ അടുത്തിടെ ആയാണ് ഇവൻ ഇങ്ങനെ ഒക്കെ ആയത് എന്നോർത്തു ജിതിനും അവനെ സഹതാപത്തോടെ ഒന്ന് നോക്കി. തിരിച്ചു പോകുന്ന വഴിയിൽ വച്ച് നിതിന്റെ വണ്ടിയുടെ പെട്രോൾ തീർന്നു. "ഇതാണോടാ നീ ഇങ്ങോട്ട് വന്നപ്പോൾ അടിക്കാൻ സംശയം പറഞ്ഞത്... നീ ഇത് ഏതു ലോകത്താണ്?"വിഷ്ണു ഒച്ചയിട്ടു. വിനുവും വിഷ്ണുവും ഒന്നിച്ചാണ് പോകുന്നത്. കോതമംഗലം ടൌൺ എത്തുന്നതിനു മുൻപ് ആയി എതിരെ വന്ന ഒരു മാരുതി കാറിനെ മറികടന്നു ഒരു സ്വിഫ്റ്റ് കാർ കയറി വന്നു. ആ സ്വിഫ്റ്റ് നെ മറികടക്കാൻ ഒരു വെള്ള ഇന്നോവ കൂടെ വന്നു. പറഞ്ഞു വരുമ്പോൾ മൂന്നു കാറുകൾ റോഡ് നിറഞ്ഞു നിന്ന് എതിരെ വരുകയാണ്. നിതിൻ പിന്നിൽ ആണ് വരുന്നത്. വിഷ്ണു ആണ് വണ്ടി ഓടിച്ചിരുന്നത്. വിനു ഏകദേശം ജീവിതം തീർന്നു എന്ന പോലെ ഇരുന്നുപോയി.

തുടരും...

Bạn đang đọc truyện trên: Truyen247.Pro