പ്രകൃതി
ആഷാഢ മാസത്തിലെ ഒരു പകൽ മഴ തോർന്ന ഒരുച്ച നേരം. ഫോൺ ബെല്ലടിക്കുന്ന ശബ്ദം. അവൾ വേഗം ചെന്ന് ഫോണെടുത്തു. അനിയത്തിയാണ്. ഒരുപാട് നേരം സംസാരിക്കും. വിഷയത്തിന് ഒരു പഞ്ഞവുമില്ല. അനസ്യൂതം തുടരുന്ന സംസാരം. അവൾ മൂളിക്കേട്ടും മറുപടി പറഞ്ഞും കൊണ്ട് പതുക്കെ മുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെനിന്നു പറമ്പിലേക്കും.
വീടിനു തൊട്ടടുത്തല്ല കിണർ. കിണറിന്റെ ഭിത്തിയിൽ ചാരി നിന്നായി വർത്തമാനം. മഴത്തുള്ളികൾ ഓരോന്നായി മരക്കമ്പുകളിൽ നിന്ന് വീണുകൊണ്ടിരുന്നു. അടുത്തുള്ള മാവിൽ വീട്ടിലെ പശുവിനെ കെട്ടിയിരിക്കുന്നു. അത് പുല്ല് തിന്നുകൊണ്ടിരിക്കുന്നു.
പെട്ടന്നാണ് ഒരു പാമ്പ് തവളയെ ഓടിച്ചുകൊണ്ട് വരുന്നത്. പുല്ലുതിന്നുകൊണ്ടിരുന്ന പശു തീറ്റ നിർത്തി പാമ്പിനെയും തവളയെയും സാകൂതം നോക്കുന്നു. അവളും ഫോണിൽ നിന്നുള്ള സംസാരം നിർത്തി അവയെ നോക്കി. ഒരുഘട്ടം പാമ്പ് തവളയെ പിടിക്കുമെന്നായപ്പോൾ തവള രണ്ടുകാലിൽ നിവർന്നുനിന്ന് വയർ വീർപ്പിച്ചു. ഒരു തവളയുടെ മൂന്നിരട്ടി വലിപ്പം വരെയായി, പാമ്പ് എത്ര വായ പിളർന്നിട്ടും അതിനെ വിഴുങ്ങാൻ കഴിഞ്ഞില്ല. അടുത്ത ക്ഷണം തവള വീണ്ടും ചാടിയോടിപ്പോയി, പിന്നാലെ പാമ്പും. അവൾ അതിനു മുൻപ് ഇത്തരം ഒരു കാഴ്ച കണ്ടിരുന്നില്ല.
പുല്ല് തിന്നുന്ന പശുവിന്റെയും ഫോണിൽ സംസാരിച്ചിരുന്ന അവളുടെയും ശബ്ദമൊന്നും ഈ രണ്ടു ജീവികളെയും ബാധിച്ചില്ല. അവർ വീണ്ടും പ്രയാണം തുടങ്ങി. അവൾ ഫോണിലൂടെ അനിയത്തിയോട് ഇക്കാര്യം പറഞ്ഞു. അവൾ പറഞ്ഞു വീഡിയോ പിടിക്കെടി എന്ന്.എന്തുകൊണ്ടോ അവൾക്കതിനു സാധിച്ചില്ല. രണ്ടുമൂന്നു വട്ടം തവള ഈ പ്രക്രീയ തുടർന്നു. പിന്നീട് അടുത്ത പറമ്പിലേക്ക് അവ പോയി. ഇത്തിരി കഴിഞ്ഞപ്പോൾ തവളയുടെ രോദനം കേട്ടു...
വലുതിന്നിര ചെറുത്. ഇതാണ് പ്രകൃതി നിയമം. ഉള്ളിൽ നിന്നു വന്ന ഒരു സങ്കടത്തോടെ സംസാരം തുടർന്ന് കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു...ഇത് പ്രകൃതിയുടെ നിയതി..?
Bạn đang đọc truyện trên: Truyen247.Pro