Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

എന്തിനോ വേണ്ടി

19 മാർച്ച്‌ 2022 ശനിയാഴ്ച...രാവിലെ കണ്ണ് തുറന്നത് അമ്മയുടെ അലാറം കേട്ടാണ്. സമയം 7.30 ആയിരുന്നു. ഞാൻ ബെഡിൽ നിന്നെണീക്കാൻ നിൽക്കാതെ മലർന്ന് കിടന്നു കണ്ണടച്ചു...

"ഒന്നെങ്കിൽ ഇന്ന് കൊടുങ്ങല്ലൂർ പോയി പോളേട്ടന്റെ കൂടെ കൂടി പിറ്റേന്ന് രാവിലെ കുഴുപ്പിള്ളി ബീച്ചിൽ പോയി ഒരു കുളി കഴിഞ്ഞു വീടെത്തും... അല്ലെങ്കിൽ മാസ്റ്റർ നെ വിളിച്ചോണ്ട് ഒരു വഴിക്ക് പോകണം... അതുമല്ലെങ്കിൽ പ്ലാൻ c "

ഒരു 5 മിനിറ്റ് കൂടി അങ്ങനെ കിടന്നിട്ട് നേരെ എണീറ്റ് പോയി പല്ലുതേച്ചു വന്നു. ഒരു ഷർട്ടും കാവി നിറം ഉള്ള മുണ്ടും തോർത്തും എടുത്തു ബാഗിൽ വച്ചു. പിന്നെ പവർബാങ്കും കേബിളും എടുത്ത് വച്ചു. ബ്രഷ് എടുത്തു എങ്കിലും വച്ചത് ബാഗിൽ അല്ലായിരുന്നു. ഉള്ള സമയം കൊണ്ട് കുളിച്ചു ഡ്രസ്സ്‌ മാറി നേരെ ബൈക്ക് എടുത്തു കുതിച്ചു.10 ന് എത്തേണ്ട ഞാൻ 10.30 ആയപ്പോ ആണ് എത്തിയത്.

നേരെ കേറി ചെന്നത്  സാറിന്റെ അടുത്തേക്കാണ്. ലേറ്റ് ആയെന്ന് കണ്ടിട്ടും ഒന്നും പറഞ്ഞില്ല. കുറെ നാളുകൾ ആയി യാത്രകൾ മനഃപൂർവം ഒഴിവാക്കി നടന്ന എനിക്ക് സമാധാനം കണ്ടെത്താൻ മറ്റു മാർഗങ്ങൾ കിട്ടാതെയായി. എന്തിനും ഏതിനും യാത്ര എന്ന വീക്ഷണത്തിന് പലയിടത്തുനിന്നും എതിർപ്പ് വന്നപ്പോൾ ആണ് വീട്ടിൽ കൂടിയത്. അതോടുകൂടെ എഴുത്തും അവസാനിച്ചു.

ഒരു 11 മണി കഴിഞ്ഞു ഞാൻ മാസ്റ്ററിനെ വിളിച്ചു... മധുരയ്ക് പോകാൻ ഉള്ള പ്ലാനിനു വേണ്ടിയായിരുന്നു. പക്ഷെ മാസ്റ്റർ ന് തിരക്കായിരുന്നു... പോൾ bro സ്ഥലത്തില്ലെന്ന് മുന്നേ അറിഞ്ഞു... അപ്പോൾ പ്ലാൻ c... തിരുപ്പതി.

എന്നോട് കുറെ നാളുകൾ മുൻപ് ഒരു ചേട്ടൻ പറഞ്ഞിട്ടുണ്ട് നീ അവിടെ ഒന്ന് പോകണം എന്ന്. ആ ചേട്ടനെ അന്ന് പരിചയപെട്ടിട്ടെ ഒള്ളു. പിന്നീട് തിരുപ്പതി ഒരു ബുദ്ധ വിഹാരം ആയിരുന്നെന്ന് വായിക്കുകയും ചെയ്തതോടെ
അവസാനത്തെ പ്ലാൻ ആയിട്ട് ഫിക്സ് ആക്കി.7 മലകൾ ചേർന്നു നിൽക്കുന്ന സ്പോട്. അതിന്റെ മുകളിൽ ആണ് വെങ്കിടെശ്വര അമ്പലം. അവിടെ പോയാൽ ഐശ്വര്യം, സമ്പത്ത് എന്നിവ കൂടും എന്നാണ് വിശ്വാസം. ആ അമ്പലം കൂടാതെ വേറെയും പല അമ്പലങ്ങൾ ഉണ്ട്. ഹനുമാൻ ക്ഷേത്രം, ദേവി ക്ഷേത്രം,പിന്നെ ആകാശഗംഗ, പാപവിനാശം എന്നീ വെള്ളച്ചാട്ടം ഒക്കെ ഉണ്ട്. അതിൽ പാപവിനാശം മുങ്ങി വരുന്നവന്റെ സകല പാപങ്ങളും നശിക്കും എന്നാണ് വിശ്വാസം.

എന്റെ സമാധാനക്കേട് എന്തെങ്കിലും പാപത്തിന്റെ ആണെങ്കിലോ ഇനി...!?ഇതെല്ലാം ഒരു തീർത്ഥം മുങ്ങിയാൽ പോകുന്നെങ്കിൽ പോകട്ടെ... ഞാൻ മാസ്റ്ററിനെ വിളിച്ചു...

"ഞാൻ തിരുപ്പതി പോകാൻ നോക്കുവാ..."

'എന്നത്തേക്കാ...?'

"ഇന്ന് പോകാനാ മാസ്റ്റർ... എനിക്ക് എങ്ങോട്ടെങ്കിലും പോകണം. അതാ ഇന്ന് മധുര പോകാം എന്ന് ആദ്യം പറഞ്ഞത്."

'ആഹ്... നീ പോയിട്ട് വാ... വേറെ ആരാണ് കൂടെയുള്ളത്?'

"ഞാൻ ഒറ്റയ്ക്കാണ് "

'ഇതെവിടെയാ സ്ഥലം, തമിഴ്നാട് ആണോ?'

"അല്ല ആന്ധ്രപ്രദേശ് ആണ്. അവിടെ ഒരു തീർത്ഥം ഉണ്ട്. അതിൽ മുങ്ങിയാൽ പാപം ഒക്കെ പോകും എന്ന് കേട്ടു. "

'ചെയ്തത് അനുഭവിക്കും... അതിന് എവിടെ പോയി മുങ്ങിയിട്ടും കാര്യം ഇല്ലെന്നാണ് എന്റെ വിശ്വാസം... പിന്നെ നിനക്ക് പോകുന്നതാണ് സമാധാനം എങ്കിൽ പോയിട്ട് വാ...'

ഫോൺ വെച്ചിട്ടും ആ വാക്കുകൾ മായുന്നില്ല... "ചെയ്തത് അനുഭവിക്കും..."

ഇപ്പോൾ ഞാൻ കടന്നുപോകുന്ന പലതിനും എന്റെ ഭൂതകാലവുമായി ബന്ധമുണ്ട് എന്നത് ഒരു യാഥാർഥ്യം ആയാണ് ഞാൻ കണക്കാക്കുന്നത്.

എനിക്ക് ഉച്ചകഴിഞ്ഞു ക്ലാസ്സ്‌ എടുക്കാൻ മടിയായി. ഒടുവിൽ മുതലാളിയെ വിളിച്ചു ക്ലാസ്സ്‌ വിട്ടോട്ടെ എന്ന് ചോദിച്ചു. അങ്ങനെ 3.30 ന് ഞാൻ ഇറങ്ങി.3.50 ന്  സാറിനെ കൂട്ടി നേരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. ബൈക്ക് സാറിന് കൊടുത്തു... തിങ്കളാഴ്ച വന്നു എടുത്തോളാം എന്ന് പറഞ്ഞു. ഞാൻ പാലക്കാട്‌ പോകുകയാണ് എന്ന് പാതി സത്യം പറഞ്ഞു... പാലക്കാട്‌ കൂടിയാണല്ലോ പോകണേ 😌

എന്നാൽ സൗത്ത് നിന്ന്  പുറപ്പെടുന്ന ട്രെയിനിൽ റിസർവേഷൻ ചെയ്യാതെ ടിക്കറ്റ് കിട്ടില്ല. അതിൽ ജനറൽ കമ്പാർട്മെന്റ് ഇല്ലെന്ന്... ആ  ട്രെയിൻ 7 ന് ആണ്. ഒടുവിൽ കൗണ്ടറിൽ ഇരുന്ന ചേച്ചി എനിക്ക് മാർഗം ഉപദേശിച്ചു. TT ക്ക് ഫൈൻ അടച്ചു പോകാം എന്ന്... അല്ലെങ്കിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ പോയാൽ അവിടെന്ന് 5 ന് ട്രെയിൻ ഉണ്ടെന്ന്.

ഒന്നും നോക്കിയില്ല... നേരെ നോർത്ത് ന് ബസ് കേറി. എങ്ങാനും TT ആത്മാർത്ഥ ഉള്ള ഉദ്യോഗസ്ഥൻ ആണേൽ പണി പാളും... നോർത്ത് എത്തി ടിക്കറ്റ് കൗണ്ടറിൽ എത്തി ഞാൻ തിരുപ്പൂർ സ്ഥലം പറഞ്ഞു...

"ചേച്ചി... ഇത് എപ്പോളാ അവിടെ ഏത്തണെ?"

'ഒരു 5 മണിക്കൂർ മതി.'

"ഏഹ്ഹ്... ആന്ധ്രാ വരെ അത്രേം സമയം മതിയോ?"

'ആന്ധ്രയോ... ഇത് തമിഴ്നാട് ആണ് '

ആഹ് ചിലപ്പോ ഇവർക്ക് വലിയ പിടിയില്ലായിരിക്കും 😌പ്ലാറ്റഫോം എത്തി ഒരു കുപ്പി വെള്ളം വാങ്ങി ഇരുന്നപ്പോൾ ആണ് ബോധം വന്നത്. തിരുപ്പൂർ അല്ല തിരുപ്പതി ആണ്. പറഞ്ഞപ്പോൾ മാറിപ്പോയി. ഞാൻ ഏത് പ്ലാറ്റഫോം ആണെന്ന് ഒരു ചേട്ടനോട് ചോദിച്ചപ്പോൾ അങ്ങേരോടും ചോദിച്ചു എപ്പോൾ എത്തുമെന്ന്. അങ്ങനാണ് പണി മനസ്സിലായത്.

ഞാൻ വേഗം ഓടി കൌണ്ടർ എത്തി...

"എനിക്ക് തിരുപ്പതി ആണ് പോകേണ്ടത്. സ്ഥലം മാറിപ്പോയി..."

'തിരുപ്പതി പോകാൻ മുൻകൂട്ടി റിസർവേഷൻ ചെയ്യണം. അല്ലെങ്കിൽ ഇനി 7 മണിക്ക് സൗത്ത് ഇൽ നിന്ന് ഒരു ട്രെയിൻ ഉണ്ട്. അതിൽ ടിക്കറ്റ് കിട്ടുമോ എന്ന് നോക്ക്...'

ഞാനെന്താ ഷട്ടിൽ കോക്ക് ആണോ?

ഒടുവിൽ അവർ ആ ടിക്കറ്റ് ക്യാൻസൽ ചെയ്ത് തന്നു.അങ്ങനെ എല്ലാം നശിച്ചെന്നപോലെ തിരിച്ചു നടന്നപ്പോൾ പ്ലാറ്റ്ഫോം ഏതെന്നു പറഞ്ഞു തന്ന ചേട്ടൻ എന്റെ പുറകിൽ നില്കുന്നു. അയാൾ അവിടെ നിന്ന് എന്റെ ഓട്ടം കണ്ട് ഇതെന്തായി എന്നറിയാൻ വന്നതാണ്. സത്യത്തിൽ മുട്ടയിടാൻ സ്ഥലം നോക്കി നടക്കുന്ന കോഴിയെപ്പോലെ ആണ് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കണേ... ആളുകൾ എന്നെ നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവരുടെ തന്നെ നോട്ടം കണ്ടപ്പോൾ മനസ്സിലായി. എന്തായാലും പണി പാളി എന്ന് ആ ചേട്ടനെ ബോധിപ്പിച്ചപ്പോൾ അയാൾ ഫോൺ എടുത്ത് ടിക്കറ്റ് നോക്കാൻ തുടങ്ങി. ഈ അവസാനം നോക്കിയാൽ എങ്ങനെ കിട്ടാനാ എന്നോർത്തു ഞാൻ.

അതിന്റെ ഇടയിൽ ആ ചേട്ടൻ എന്നെ enquiry യിൽ അന്വേഷിക്കാൻ വിട്ടു. അവിടെ ചെന്നപ്പോൾ അവർ ജബ ജബ... ഞാൻ ബൈക്ക് എടുത്ത് പോകാൻ വേണ്ടി map നോക്കി.650km ഉണ്ട്... പോകാൻ പറ്റും. വരാൻ വേറെ ആളും വണ്ടിയും വേണ്ടി വരും... ഡെയിലി 100 kms ഓട്ടം ആണ്. കോറോണക്ക് ശേഷം വീടെത്തിയാൽ കമിഴ്ന്നടിച്ചു ബെഡിലേക്ക് വീഴ്ചയാണ്... ഒടുവിൽ അങ്കമാലിക്ക് ടിക്കറ്റ് എടുത്തു... വീട്ടിലേക്ക് പോകാം എന്നായി.

പ്ലാറ്റ്ഫോമിൽ ചെന്ന് എവിടെയോ ഇരിപ്പായി. ആ ചേട്ടനെ പിന്നെ കണ്ടില്ല... എനിക്ക് എങ്ങോട്ടെങ്കിലും പോകണം എന്ന് തന്നെ ആണ് അപ്പോളും... ശക്തമായ ആഗ്രഹങ്ങൾ വഴി കാണിക്കും എന്ന് മാസ്റ്റർ പറഞ്ഞത് മനസിലേക്ക് വന്നു...സേലം ചെന്നാൽ ചിലപ്പോൾ ബസ് അല്ലെങ്കിൽ വേറെ ട്രെയിൻ കിട്ടും എന്ന തോന്നൽ അതിന്റെ പുറകെ വന്നു. സേലത്തിനു ട്രെയിൻ നോക്കാൻ എടുത്തപ്പോൾ ആദ്യം തിരുപ്പതിക്ക് നോക്കിയ റിസൾട്ട്‌ കിടക്കുന്നു. അതിൽ 7 മണിയുടെ ട്രെയിനിൽ റിസർവേഷൻ ഓൺ ആയിരിക്കുന്നു... എന്റെ പൊന്നോ... ചാടി ബുക്ക്‌ ചെയ്തു. Upper bed ചോദിച്ചു മേടിച്ചു.(എനിക്ക് ആരുടേയും മുഖം കാണാൻ പോലും വയ്യ ആ രാത്രിയിൽ )ട്രെയിൻ സൗത്തിൽ നിന്നാണ് പോകണേ... വീണ്ടും തിരിച്ചു സൗത്തിലേക്ക്.

സൗത്ത് റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ 5.30ആയിട്ടേ ഒള്ളു. വഴിയിൽ വച്ച് ഒരു 100 രൂപയുടെ ചാത്തൻ ഹെഡ്സെറ്റ് മേടിച്ചു. പോസ്റ്റ്‌ അടിക്കാൻ പോകുവാണെന്നു ബോധം അപ്പോളേക്കും വന്നിരുന്നു. തിരിച്ചു വരാൻ ഉള്ള ട്രെയിൻ നോക്കി. പക്ഷെ അതിൽ സ്ലീപ്പർ ഇല്ല. Sitting car ബുക്ക്‌ ചെയ്തു. പക്ഷെ വെയ്റ്റിംഗ് ലിസ്റ്റ് ഇൽ ആണ്.

സൗത്ത് റെയിൽവേ സ്റ്റേഷൻ ഇൽ ഫ്രീ വൈഫൈ ഉണ്ട്. പക്ഷെ എന്താ ചെയ്യണ്ടേ എന്നറിയില്ല. ഈ യാത്ര എന്തിനാണ് എന്ന് അറിയാതെ ഉള്ളിൽനിന്ന് ചോദ്യം വന്നു.ഒടുവിൽ അവിടെ വിളിച്ചു പറയുന്നുണ്ട് ഞാൻ പോകാൻ ഉള്ള എറണാകുളം - നീസാമുദ്ധീൻ മില്ലെനിയം എക്സ്പ്രസ്സ്‌ അങ്ങ് 2nd പ്ലാറ്റ്ഫോമിൽ കിടപ്പുണ്ട് എന്ന്. എറണാകുളത്തു നിന്നാണ് അത് പുറപ്പെടുന്നത്. ഞാൻ നേരെ കേറി ചെരിപ്പ് അഴിച്ചു ഒരു കവറിൽ ആക്കി ബാഗും എടുത്ത് മുകളിൽ കേറി കിടപ്പായി. നല്ല ചൂടാണ്. ഫാൻ ഓണാക്കിയിട്ടും മാറ്റമില്ല. രാത്രി തണുക്കും. പുതയ്ക്കാൻ ആ കാവി മുണ്ട് മാത്രമേ ഒള്ളു.

ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് നാളെ ചിഞ്ചന്റെ പിറന്നാൾ ആണെന്ന് ഓർമ വന്നത്. വിഷ് എഴുതി തരാൻ പറഞ്ഞു മാളൂട്ടൻ മെസ്സേജ് ഇട്ടിട്ടുണ്ട്.അവളെപ്പറ്റി ഓർക്കുമ്പോൾ  ചെമ്പരത്തി തലയിൽ ചൂടി നിക്കുന്ന കക്ഷിയുടെ ഫോട്ടോസ് ആണ് ഓർമ വരുന്നത്. ഭ്രാന്തുള്ളവർ തലയിൽ ചൂടുന്ന പൂവ് എന്നാണല്ലോ പൊതുവെ വയ്പ്പ്. അതായതു ചൂടുന്നവർക്ക് ഭ്രാന്താണ് എന്ന് 😌എന്നാൽ അമ്പലത്തിലെ ദേവിക്ക് അർപിക്കുന്ന പൂവാണെന്ന തോന്നൽ പിന്നീട് വന്നിട്ടുമുണ്ട്.(ഇതെന്റെ ചെമ്പരത്തിയെ പറ്റിയുള്ള വീക്ഷണം മാത്രം... ഞാൻ ഭ്രാന്തിയെന്നോ ദേവിയെന്നോ വിളിച്ചിട്ടില്ല... ഭ്രാന്തിയെന്ന് വിളിച്ചാൽ ചിഞ്ചനും ദേവിയെന്ന് വിളിച്ചാൽ ചിഞ്ചനെ അറിയാവുന്നവരും എന്നെ അടിക്കും 🏃‍♂️)എന്തായാലും ചെമ്പരത്തിയെ കൂടെ ചേർത്താണ് വിഷ് എഴുതിയത് 😌

എനിക്ക് മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി. എന്തിനാണ് പോകുന്നത് എന്ന ചോദ്യത്തിന് സ്വയം തൃപ്തിപെടുത്താനുള്ള ഉത്തരമില്ല. ഞാൻ പോകുന്ന കാര്യം നിലവിൽ മാസ്റ്ററിനു മാത്രമേ അറിയാവൂ. അനിയൻ ഇടയ്ക്ക് പലതവണ വിളിച്ചു ചോദിച്ചു എങ്ങോട്ടാടാ തെണ്ടാൻ പോകണേ എന്ന്. ഞാൻ പാക്ക് ചെയ്യുമ്പോൾ അവൻ അടുത്തുണ്ടായിരുന്നു. വീട്ടിൽ ഞാൻ പോൾ bro ന്റെ അടുത്ത് പോകുകയാണ് എന്ന് പറയാൻ അവനെ ഏല്പിച്ചു. പിറ്റേന്ന് ഉച്ചക്ക് ആണ് അവൻ കാര്യങ്ങൾ അറിയുന്നത്.

എന്നെ പരിചയം ഇല്ലെങ്കിലും ടിക്കറ്റ് ഓക്കേ ആയോ എന്നറിയാൻ പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തുനിന്നും എന്റെ പുറകെ നടന്നു ടിക്കറ്റ് കൌണ്ടർ വരെ വന്ന ആ ചേട്ടന് മനസ്സിൽ നന്ദി പറഞ്ഞു. ആ സമയത്ത് അയാൾ തന്നത് ഒരു സപ്പോർട്ട് ആയിരുന്നു. പിന്നെ അങ്കമാലി ടിക്കറ്റ് പിടിച്ചു ഇരുന്നപ്പോൾ മനസ്സിൽ വന്ന മാസ്റ്ററിന്റെ വാക്കുകൾ... ഇത് രണ്ടും കാരണം ആണ് ഈ യാത്ര ഓൺ ആയത്.

എല്ലാവരോടും ഓൺലൈനിൽ ഗുഡ് നൈറ്റ്‌ പറഞ്ഞു ഞാൻ അധികം വൈകാതെ ഹെഡ്സെറ്റിൽ പാട്ട് വച്ചു ഉറങ്ങി. എന്നാൽ ഓരോ 2,3 മണിക്കൂർ കഴിയുമ്പോൾ അറിയാതെ എണീക്കും. അപ്പോളൊക്കെ എവിടെയെത്തി എന്ന് നോക്കും. രാവിലെ 7.30 ന് എത്തും എന്നാണ് കാണിച്ചേക്കണേ... ഒറ്റയ്ക്കായതുകൊണ്ട് ഞാൻ 6 മുതൽ 7 വരെ ചറ പറ അലാറം വച്ചിട്ടുണ്ട്.

ഒരു 5 മണിക്ക് എണീറ്റിട്ടു പിന്നെ ഉറങ്ങിയില്ല. പലരും രാവിലെ പല്ല് തേക്കാൻ പോകുന്നത് കണ്ടപ്പോൾ ഞാൻ ബാഗ് നോക്കി. ബ്രഷ് എടുത്തത് ബാഗിൽ വച്ചിട്ടില്ല. പേസ്റ്റ് and സോപ്പ് വാങ്ങിയിട്ടില്ല... എന്റെ കയ്യിൽ മാസ്ക് വേറെ ഇല്ല.എങ്ങനെ ഇരിക്കണു...

പുറത്തു കാഴ്ചകൾ കാണാൻ പാകത്തിന് വെളിച്ചം വീണപ്പോൾ ചെരിപ്പ് എടുത്തിട്ട് ബാഗും തോളിൽ ഇട്ട് താഴെ ഇറങ്ങി. ഡോറിന്റെ അടുത്ത് ചെന്ന് നിന്നു. തമിഴ്നാട് ചെന്ന ഫീൽ ആണ്. കണ്ടതിൽ കൂടുതലും മാവുകൾ ആണ്. ഒരു വലിയ പ്രദേശം മൊത്തം മാവുകൾ. പൊക്കം കുറഞ്ഞ ഇനമാണ് . സ്ത്രീകൾ മിക്കവരും തല മൊട്ടയടിച്ചു മുടി വന്നുതുടങ്ങിയ കോലത്തിൽ ആണ്. തിരുപ്പതി അമ്പലത്തിലെ പ്രധാന വഴിപാട് ആണത്. ഒരു സ്ത്രീയെ സംബന്ധിച്ച് ബാഹ്യ സൗന്ദര്യത്തിൽ പ്രധാനപെട്ട ഘടകം ആണല്ലോ മുടി (പ്രത്യേകിച്ച് മലയാളികൾക്ക് )അവരുടെ സൗന്ദര്യം ദേവന് അർപ്പിച്ചു പകരം സമ്പത്ത് നേടുന്നു എന്നാണ് വിശ്വാസം.

ഇടയിൽ ഒരു മലപ്പുറം ചെക്കൻ സംസാരിക്കാൻ വന്നു. എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ കക്ഷി ഡൽഹിക്ക് ആണ്. തിരുപ്പതിക്ക് ആണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ആണ് അവിടെ ഏതാ ഭാഷ എന്ന ചോദ്യം വരുന്നത്... ഞാൻ അതിനെപ്പറ്റി ഒന്നും ഓർത്തിട്ട് പോലുമില്ല... പിന്നെ ജബ ജബ പറഞ്ഞാണെലും കാര്യം നടത്താൻ ഒരു മലയാളിയെ ആരും പഠിപ്പിക്കേണ്ടല്ലോ എന്ന വിശ്വാസം എനിക്ക് ആശ്വാസം നൽകി.

അവന്റെ ആ ചോദ്യത്തിന് ശേഷം ഞാൻ അലെർട് ആയി. കക്ഷി കുറച്ചു കഴിഞ്ഞു അവിടെന്ന് പോയി സീറ്റിൽ ഇരുന്നു. ഞാൻ ഫോൺ എടുത്ത് സ്റ്റേഷൻ ഇൽ നിന്ന് അമ്പലത്തിലേക്ക് ഉള്ള ദൂരം നോക്കി, തിരിച്ചു വരാനുള്ള ട്രെയിൻ റെനിഗുൺട എന്ന സ്റ്റേഷനിൽ നിന്നാണ്. അമ്പലത്തിൽ നിന്ന് അങ്ങോട്ടുള്ള ദൂരം നോക്കി. സഞ്ചരത്തിനു വേണ്ട സമയം മാറ്റിയാൽ ഒരു 3,4 മണിക്കൂർ ആണ് അമ്പലത്തിൽ കിട്ടുകയുള്ളു.

7.45ന് തിരുപ്പതി എത്തി.സ്റ്റേഷനിൽ ഉള്ള കടയിൽ നിന്ന് സോപ്പ്, പേസ്റ്റ്, മാസ്ക് എന്ന് മാത്രം പറഞ്ഞു, പൈസ അയാൾ ഇംഗ്ലീഷ് ഇൽ ആണ് പറഞ്ഞത് . റെസ്റ്റ് റൂമിൽ ഉള്ള ബാത്‌റൂമിൽ കേറി. വിരൽ തല്ക്കാലം ബ്രഷ് ആക്കി. എന്നാൽ അവിടെ ബക്കറ്റിൽ കപ്പ്‌ ഇല്ല. ബാഗിൽ ഇരുന്ന കുപ്പി ആർന്നു പിന്നെ കപ്പ്‌.ഘന ജലം ആണ്. അതുകൊണ്ട് സോപ്പ് പതയാൻ പാടുപെട്ടു.

കുളി കഴിഞ്ഞു തോർത്തി കാവി മുണ്ടെടുത്തു നോക്കിയപ്പോൾ അതിൽ പെയിന്റ് ന്റെ പാടുകൾ... ആ  മുണ്ട് എടുക്കാൻ നേരത്തു അനിയൻ തെണ്ടിയോട് പ്രത്യേകം ചോദിച്ചതാ ഇത് നല്ലതാണോടാ എന്ന്. ഞാൻ പൊതുവെ മുണ്ട് ഉപയോഗിക്കാറില്ല. അവന്റെ വാക്ക് കേട്ടു എടുത്തതാണ്... വീട്ടിൽ പെയിന്റ് അടിച്ചു കഴിഞ്ഞിട്ടേ ഒള്ളു. ആ സമയത്ത് അച്ഛൻ ഇട്ട് കുളം ആക്കി. അലക്കി ഉണക്കിയ ഡ്രസ്സ്‌ ധരിച്ചു കുളിച്ചു വേണം അമ്പലത്തിൽ പോകാൻ. അതുകൊണ്ട് അലമാരയിൽ ഇരുന്നത് ആണ് എടുത്തതും. പക്ഷെ ഇതിങ്ങനെ കോലം കെട്ടതായെന്ന് മടക്കി എടുത്ത് വച്ചപ്പോൾ അമ്മയും കണ്ടുകാണില്ല. പിന്നെ എന്റെ ഭാഗ്യത്തിന് ഉള്ളിലേക്ക് മറച്ചുടുത്താൽ പൊക്കി കുത്തിയാലും കാണാത്ത പോലെ ഉള്ള അത്രയും പെയിന്റ് ന്റെ പാടുകൾ ആണ് ഒള്ളു.

അടുത്ത് കണ്ട കടയിൽ കേറി മസാല ദോശയും ചായയും പറഞ്ഞു. കഴിച്ചു കഴിഞ്ഞിട്ടും ചായ വന്നില്ല. ഞാൻ കുടിക്കാൻ നിൽക്കാതെ ഇറങ്ങി നടന്നു. എനിക്ക് അപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ ആണ്. ദേഷ്യത്തോടെ ആണ് ചായ മേടിക്കാതെ പോന്നത്. പക്ഷെ അവിടെ ബിൽ നേരത്തെ അടിച്ചിരുന്നു.അതൊന്നും ഞാൻ നോക്കിയില്ല.

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ എന്നെ ഒരു ഓട്ടോക്കാരൻ പിടിച്ചോണ്ട് പോയി.

(ഞാൻ ചത്തിട്ടില്ല... തുടരും... )

Bạn đang đọc truyện trên: Truyen247.Pro