Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

പാപ്പിനിശ്ശേരി Day 1

റബിയേട്ടൻ ജിം ഒക്കെ കഴിഞ്ഞു വന്നു ഫ്രഷ് ആയി ഇരിപ്പുണ്ട് അവിടെ. ഉമ്മറത്തു പോയി ഇരുന്നപ്പോൾ അമ്മ ആണ് പറഞ്ഞത് ഇവിടെ പാമ്പുകൾ ധാരാളം ഉള്ള സ്ഥലം ആണെന്ന്. ഇന്നലെ രാത്രിയിൽ പുറത്തു പോയത് ഓർത്തപ്പോൾ ഞാൻ ഗോകുലിനെ നോക്കി ചിരിച്ചു.ചുറ്റും വീടുകൾ ഉണ്ട്, പക്ഷെ മതിലുകൾ ഇല്ല എന്നത് ഒരു ഹൈലൈറ്റ് ആണ്.എല്ലാ വീട്ടുകാരും തമ്മിൽ നല്ല ബന്ധത്തിൽ ആണ് പോകുന്നത്.

അവിടെ ഇരിക്കുമ്പോൾ കാലിൽ വലിയൊരു കൊതുക് കടിക്കുന്നത് കണ്ട് ഞാൻ കാലനക്കി, പോവാണേൽ പോകട്ടെ എന്ന് കരുതി. പക്ഷെ അവന് ഒരു കുലുക്കവും ഇല്ല. എന്താ ചങ്കുറ്റം... അല്ല സ്ഥലം കണ്ണൂർ അല്ലെ... അവനെ ഞാൻ അടിച്ചു കൊന്നു (I'm thrilled).സത്യത്തിൽ കണ്ണൂരിനെ പറ്റി മോശം കഥകൾ ആണ് നമ്മൾ കൂടുതൽ കെട്ടിട്ടുണ്ടാകുക. പക്ഷെ എനിക്ക് അവിടെ രണ്ടുപേരെ കൂടെ നേരത്തെ പരിചയം ഉണ്ട്. ഒരാൾ ഓഫീസിൽ ഉള്ള sir ആണ്. ഒരാൾ എന്റെ സീനിയർ മെഷീനിസ്റ്റ് ആയ നിതേഷ് ചേട്ടനാണ്. പൊതുവെ ഒരു നാടിനെയും പറ്റി അവർ ഇങ്ങനാണ് എന്ന് പറയാൻ കഴിയില്ല, എങ്കിലും കണ്ണൂര്കാർക്ക് ഒന്നെങ്കിൽ നന്നായി സ്നേഹിക്കാനോ അല്ലെങ്കിൽ നന്നായി  വെറുക്കാനോ ആണ് അറിയാവൂ...(ഉള്ളിൽ എന്തെങ്കിലും വച്ചുകൊണ്ട് പുറമെ അഭിനയം ഇല്ല ) സ്നേഹം, അത് അവിടെ ചെന്നാൽ നേരിട്ട് അറിയാം, വെറുപ്പ് വീട്ടിൽ ഇരുന്നാൽ പത്രത്തിൽ വരുന്ന വാർത്ത വായിച്ചും അറിയാം. പക്ഷെ കൊലകൾ ഒക്കെ പാർട്ടി കാരണം ആണ്. (പാർട്ടിയോടുള്ള സ്നേഹം കാരണം ആണ്. അത് പക്ഷെ വല്ലാത്തൊരു സ്നേഹം ആണ്. )

പല്ല് തേച്ചു കഴിഞ്ഞപ്പോൾ ചായ വന്നു. അതുകഴിഞ്ഞു കുളിച്ചു വന്നപ്പോൾ ഇഡലിയും ചപ്പാത്തിയും ആയിട്ടുണ്ട്. ചപ്പാത്തി റാബിയേട്ടന് ആണ്. ഇഡലിക്ക് തേങ്ങ ചമ്മന്തി ഉണ്ട്. കൂടാതെ ഇന്നലത്തെ ചിക്കനും. ഞാൻ ഇഡലി കഴിച്ചു കഴിഞ്ഞപ്പോൾ റബിയേട്ടൻ രണ്ടു ചപ്പാത്തി കൊണ്ടുതന്നു. കറിയായി ചിക്കൻ എടുത്തു.അതുകണ്ടു ഞങ്ങൾ 3 പേരും ഒന്ന് ഞെട്ടി. വേണ്ട എന്ന് പറഞ്ഞെങ്കിലും ചങ്ങായി അത് ഒഴിച്ചു. കണ്ണാപ്പിയും ഗോകുലും ഒരു മുൻകരുതലിനു വേണ്ടി "വേണ്ട " എന്ന് ഒരുമിച്ചു പറഞ്ഞു. കഴിച്ചാൽ ഇന്ന് അമ്പലത്തിൽ പോകുമ്പോൾ മൂലം നക്ഷത്രത്തിൽ ജലധാര നടത്തേണ്ടി വരും. പക്ഷെ ഞാൻ ഇഡലിയുടെ തേങ്ങ ചമ്മന്തി ഒഴിച്ച് എരിവ് അഡ്ജസ്റ്റ് ചെയ്തു. അല്ല പിന്നെ... 'ഇങ്ങനെ പേടിക്കല്ലേടാ ' എന്ന ഭാവത്തിൽ ഞാൻ ഗോകുലിനെ നോക്കി.

"ഇവൻ ഇനിയും പഠിച്ചിട്ടില്ല "എന്ന് പറഞ്ഞു ഗോകുൽ ചിരിച്ചു.

ഒത്തിരി വൈകാതെ ഞങ്ങൾ പറശ്ശിനി പോയി. അമ്മ ഒരു സ്റ്റിക്ക് കുത്തിയാണ് നടക്കുന്നത് പലപ്പോഴും. വീണ് നടു വയ്യാതെ ഇരിക്കുന്നതുകൊണ്ട് ഞങ്ങടെ കൂടെ അന്ന് വന്നില്ല.അവിടെ ഞാൻ നേരത്തെ ഒരു തവണ വന്നിട്ടുണ്ട്. കള്ളും ഉണക്കമീനും ആണ് പ്രസാദം.പണ്ട് ആളുകൾ മദ്യം ആയിരുന്നു അവിടെ അർപ്പിച്ചിരുന്നത്(നേർച്ചപോലെ കൊടുക്കുകയാണ് ). ഇപ്പോൾ അത് നിർത്തി.അമ്പലത്തിന്റെ ഉള്ളിൽ പട്ടികൾ ആണ് കിടക്കുന്നതു. മുത്തപ്പന്റെ വാഹനം ആണെന്ന് തോന്നുന്നു. ഓരോ മൂർത്തിക്കും ഇങ്ങനെ ഓരോ ജീവികൾ ഉണ്ടല്ലോ... മറ്റു ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നും വത്യസ്തമായിട്ടുള്ള രീതികൾ ആണ്. അമ്പലത്തിന്റെ മുന്നിലൂടെ ആണ് പുഴ ഒഴുകുന്നത്. അവിടെ ഇറങ്ങി കാൽ കഴുകിയിട്ടാണ് കയറുന്നതു. എല്ലാവരും മാസ്ക് വച്ചിട്ടുണ്ട്. സാനിറ്റൈസർ പുറത്ത് വച്ചിട്ടുണ്ട്.

പ്രതിഷ്ടയുടെ അടുത്ത് 2 പേർക്കാണ് നിൽക്കാൻ പറ്റു. നിരനിരയായി ആളുകൾ പോകുന്നു. അന്നദാനം ഉണ്ട്, പയർ വേവിച്ചതും ചായയും. എന്ന് വന്നാലും കിട്ടും. പക്ഷെ ഇപ്പോൾ കോവിഡ് കാരണം നിർത്തി.അവിടെ നിന്നിറങ്ങി പുറത്ത് വരുമ്പോൾ ധാരാളം പെട്ടിക്കടകൾ കാണാം. ഉത്സവത്തിനും പെരുന്നാളിനും ഒക്കെ വരുന്ന കടകൾ... കണ്ണാപ്പിക്ക് ഒരു ഡ്രീം കാച്ചർ വേണം ചേച്ചിക്ക് കുറച്ചു പർച്ചേസ് ഉണ്ട്. ഞാനും റബിയേട്ടനും ഗോകുലും പുറത്ത് നിന്നു.അവിടെ ഒരു സുന്ദരി ആയ പെൺകുട്ടി വന്നപ്പോൾ റബിയേട്ടൻ എന്നെ വിളിച്ചിട്ട് അതിന്റെ പുറകെ പോകാം എന്ന് പറഞ്ഞു. ഇങ്ങേരു ഇതെന്താ പറയണേ... സന്യാസി ആകാൻ പോവണം എന്ന് പറഞ്ഞിട്ട് നോർമൽ mind ആണ് കക്ഷി. ഞാനും ഗോകുലും അവിടെ തന്നെ നിന്നു. പുള്ളി നൈസ് ആയിട്ട് ആ കുട്ടിയുടെ പുറകെ പോയി. പക്ഷെ കുറച്ചു കഴിഞ്ഞപ്പോളേക്കും തിരിച്ചു വന്നു. ഒരു ലോട്ടറി എടുത്തിട്ടാണ് വന്നത്.ആള് ഹരിദ്വാർ ഒന്നും പോകില്ല എന്ന് എനിക്ക് ഉറപ്പായി, പോയാലും പോയപോലെ തന്നെ തിരിച്ചു വരും.

അടുത്ത് boating സർവീസ് തുടങ്ങിയത് കാണിക്കാൻ വേണ്ടി റബിയേട്ടൻ ഞങ്ങളെ അങ്ങോട്ട്‌ കൊണ്ടുപോയി. അടിപൊളി ബോട്ട് ആണ്. പക്ഷെ ഇപ്പോൾ സർവീസ് ഇല്ല. വേണമെങ്കിൽ അവർ ഒന്ന് റൗണ്ട് അടിപ്പിച്ചു കൊണ്ടുവരും, പക്ഷെ 500 രൂപ കൊടുക്കണം എന്ന് കേട്ടപ്പോൾ ഞാൻ പിന്നെ മിണ്ടിയില്ല. എങ്കിലും ചേച്ചിയും റബിയേട്ടനും കൂടെ കേറാം എന്ന് പറഞ്ഞു ഞങ്ങളെ കൊണ്ടുപോയി. അകത്തു സൂപ്പർ ആയിട്ട് upholstery ചെയ്ത സീറ്റ്‌ ആണ്.

പക്ഷെ അകത്തു ത്രില്ല് വരുന്നില്ല, ഞാൻ ഓടി ഡെക്കിൽ കയറി. എല്ലാവരും അധികം വൈകാതെ മുകളിൽ എത്തി. പക്ഷെ വെയിൽ കാരണം ഇരിപ്പിടം മൊത്തം ചുട്ടു പഴുത്തിരിക്കുകയായിരുന്നു. ഫോട്ടോ എടുക്കാൻ വേണ്ടി ചേച്ചിയെയും കണ്ണാപ്പിയെയും ഇരുത്തിയിട്ട് ചിരിക്കാൻ പറഞ്ഞു, പക്ഷെ എക്സ്പ്രഷൻ വരുന്നില്ല. ഹൈറ്റ് കുറക്കാൻ ഞാൻ ഇരുന്നു ഒരു ഫോട്ടോ എടുത്തു. ഇന്നലെ കറി കൂട്ടി, ഇന്ന് ചട്ടിയിൽ കയറി ഇരുന്നപോലെ... മൊത്തം മൂഡ് ഓഫ് ആയെന്ന് പറഞ്ഞാൽ മതിയല്ലോ.

അപ്പോൾ ആണ് കണ്ണാപ്പി ആ കൂളിംഗ് ഗ്ലാസ്‌ എടുത്തു വച്ചത്. പിന്നെ ചറ പറ ഫോട്ടോ എടുത്തു. ഗ്ലാസ്‌ ചേച്ചിയുടെ കയ്യിൽ കിട്ടിയതോടെ പിന്നെ ഫോട്ടോ എടുത്തും ചിരിച്ചും ഒരു വഴിയായി. ഗ്ലാസ്‌ വച്ചാൽ ഒറ്റ ചിരിയാ... നമ്മളും ചേച്ചിയും...ചേച്ചിയുടെ ചിരി കണ്ടാൽ നമ്മൾ ചിരി നിർത്തില്ല.

അവിടെ നിന്ന് നേരെ പോയത് തൃച്ചംബലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആണ്.ശ്രീകൃഷ്ണൻ കംസനെ വധിച്ച ശേഷം ഉള്ള രൗദ്ര ഭാവത്തിൽ ആണ് ഇവിടെ പ്രതിഷ്ഠ.അതുകൊണ്ടാവാം ആനയെ ഇവിടെ കയറ്റില്ല. എഴുന്നള്ളിച്ചാൽ കൃഷ്ണൻ കലിപ്പിലാവും

"ഓട്രാ..."

കേറിയപ്പോൾ ഒക്കെ ആന ഇടഞ്ഞിട്ടുണ്ട്. ആ മുറ്റത്തു കളിച്ചു വളർന്നതാണ് റബിയേട്ടനും ചേച്ചിയും. അമ്പലത്തിൽ നിൽക്കുന്ന ഇലഞ്ഞി മരം എല്ലാവർഷവും മുടങ്ങാതെ പൂക്കും, പക്ഷെ കായ്ക്കില്ല.അതിനു പിന്നിലും ഐതീഹ്യം ഉണ്ട്. ഗുരുവായൂർ കഴിഞ്ഞാൽ പിന്നെ ഇതാണ് പ്രസിദ്ധമായ ക്ഷേത്രം എന്നാണ് കേൾവി. അന്ന് അവിടെ പാല്പായസം ഉണ്ടായിരുന്നു. റബിയേട്ടൻ വാങ്ങിച്ചു.നട തുറന്നിട്ടില്ല. ഗുരുവായൂർ ചെന്നപ്പോൾ കേറാത്തതിന് ഞാൻ മാപ്പ് പറഞ്ഞു.പിന്നെ അമ്പലം ചുറ്റി നടന്നു.

പുറത്ത് അയ്യപ്പന്റെ പ്രതിഷ്ഠ ഉണ്ട്. ആ തറയുടെ അടുത്തായി ഒരു പട്ടികുഞ്ഞു കിടക്കുന്നുണ്ട്. ശ്വാസം വലിക്കുന്നത് കണ്ടാൽ അറിയാം, വൈകാതെ ചാവും. അടുത്തായി അതിന്റെ അമ്മ കിടക്കുന്നുണ്ട്. ഭക്ഷണം ഇല്ലാത്തതുകൊണ്ട് അതിനു പാൽ ഇല്ല. ചേച്ചിക്ക് കണ്ടപ്പോൾ പാവം തോന്നി. എന്നോട് ഒരു ഇല എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ആ ഇലയിൽ പാൽപായസം ഒഴിച്ച് കൊടുത്തു. അവൻ അത് നല്ലപോലെ കഴിച്ചു. ഇതുവരെ ചേച്ചി പ്രാർത്ഥിച്ചത് ഇപ്പോൾ ദൈവം കേട്ടുകാണും.എവിടെയോ ഒരു പള്ളിയുടെ മതിലിൽ പണ്ടൊരു വാചകം വായിച്ചത് ഓർമ്മയിൽ വന്നു. "പ്രവർത്തിയാണ് ഏറ്റവും വലിയ പ്രാർത്ഥന..."
(നാമം ജപിക്കുന്നതും, പ്രാർത്ഥിക്കുന്നതും ഒക്കെ വെറുതെ ആണെന്നല്ലാട്ടോ...)

അതിനു സൈഡിൽ ആയിട്ട് ഒരു വലിയ ചിറയുണ്ട്. അതിന്റെ തീരത്തു രണ്ടു വലിയ ആൽ മരങ്ങൾ ഉണ്ട്. വലിയ ആൽത്തറയും. അവിടെ ഇരുന്നു എടുത്ത ചില ഫോട്ടോ പിന്നീട് എനിക്ക് ട്രോൾ ഉണ്ടാക്കാൻ ഉപകാരപ്പെട്ടു.



ചുറ്റിലും നല്ല നല്ല കാഴ്ചകൾ ഉണ്ട്. കുറെ ഫോട്ടോ എടുത്തു വച്ചു. അവിടെ നിന്ന് അധികം വൈകാതെ ഞങ്ങൾ തിരിച്ചു പോന്നു. വരുന്ന വഴിയിൽ കരിക്ക് കണ്ടപ്പോൾ അത് വേണം എന്ന് പറഞ്ഞു ചേച്ചി അടുത്ത കലാപം. ഞാനും കണ്ണാപ്പിയും കരിമ്പിൻ ജ്യൂസ് കുടിച്ചു. കരിക്ക് വട്ടം വെട്ടി തീറ്റയും കഴിഞ്ഞപ്പോൾ എല്ലാവർക്കും വയറു നിറഞ്ഞു. പോകുന്ന വഴിയിൽ snake park ഉണ്ടായിരുന്നു. പക്ഷെ അത് അടച്ചു ഇട്ടിരിക്കുകയാണ്. കുറെ പാമ്പുകളെ കാണാം, പിന്നെ മൂര്ഖനെ തൊടാൻ ഒക്കെ പറ്റും. അവിടെ ഒരു ചേട്ടൻ ഉണ്ട്. പുള്ളി ആണ് അവിടെ പാമ്പുകളുടെ  all in all.

ഉച്ചക്ക് ഊണ് കഴിഞ്ഞു വന്നപ്പോളേക്കും ഉറക്കം വന്നു  പക്ഷെ കിടന്നില്ല. അവിടെ അടുത്ത് ആണ് പൈതൽ മല. കുറഞ്ഞത് 1 മണിക്കൂർ ട്രെക്ക് ഉണ്ട് മുകളിൽ എത്താൻ... കേട്ടപ്പോൾ പോകാം എന്ന് പറഞ്ഞു എങ്കിലും അതിനു മുകളിൽ കേറാൻ റബിയേട്ടന് പോലും മൂഡില്ല എന്ന് മനസ്സിലായി. കാരണം ആകെ 2 ദിവസം ആണ് ഒള്ളു, ഇനിയും പോകാൻ അമ്പലങ്ങൾ ബാക്കി ഉണ്ട്. അതുകൊണ്ട് കണ്ണൂർ ഇനിയും പോകാൻ ഒരു കാരണം ആയി. പിന്നെ ശശി പാറ, പലജാതി വെള്ളച്ചാട്ടങ്ങൾ അങ്ങനെ കുറെ ഉണ്ട്. കണ്ണൂർ നല്ലപോലെ explore ചെയ്യാൻ ഒരു ആഴ്ച എങ്കിലും വേണം.ഒത്തിരി ഹിസ്റ്ററിക്കൽ places ഉണ്ട്, ബീച്ചുകൾ ഉണ്ട്, വനങ്ങളും ഉണ്ട്. പിന്നെ  തെയ്യങ്ങളുടെ നാടാണ്.തെയ്യം സീസൺ  തുടങ്ങാൻ പോകുകയാണ്.അങ്ങനെ അടുത്ത പോക്ക് ബീച് ആയിരുന്നു.

ആദ്യം പോയത് ലൈറ്റ് ഹൌസ് ആയിരുന്നു. പക്ഷെ അടച്ചിരിക്കുകയാണ്. പിന്നെ അവിടെ നിന്ന് ബേബി ബീച് പോയി. പോകുന്ന വഴി ഒക്കെ മിലിറ്ററി ഏരിയ ആണ്. ചേച്ചി പട്ടാളത്തിനെ കാണുമ്പോൾ "പട്ടാളക്കാരാ.." എന്ന് വിളിച്ചു കൈ കാട്ടും. ഗ്ലാസ്‌ അടച്ചിട്ടിരിക്കുന്നതുകൊണ്ട് പുറത്തു കേൾക്കില്ല.

അവിടെ ഒത്തിരി സമയം കളയാതെ നേരെ ഇറങ്ങി ഹാർബർ പോകാൻ പോയി. പക്ഷെ അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല.കണ്ണൂർ ക്ഷാമം ഇല്ലാത്ത രണ്ടാമത്തെ ഐറ്റം പരുന്താണ്... നാട്ടിൽ കാക്കകളെ പോലെ ആണ് അവിടെ പരുന്ത്. നല്ല രസം ആണ് അത് ഉയരത്തിൽ glider വിമാനം പോലെ പറന്നു നടക്കുന്നത് കാണാൻ. അടുത്തത് പയ്യാമ്പലം ബീച് ആണ് പ്ലാൻ. അതിന് മുൻപായി കണ്ണൂർ fort കാണാൻ പോയി.

അവിടെ പക്ഷെ ഓൺലൈൻ ടിക്കറ്റ് എടുക്കണം. പക്ഷെ ആരുടെ കയ്യിലും ഓൺലൈൻ pay ചെയ്യാനുള്ള ഒരു വഴിയും ഇല്ല... പക്ഷെ എന്റെ കയ്യിൽ സകല ആപ്പും ഉണ്ട്. ഇനി ഇല്ലെങ്കിൽ അവിടെ ഇരുന്നു ഒരെണ്ണം സ്വന്തം ആയിട്ട് ഉണ്ടാക്കും... Fort അജ്ജാതി ഐറ്റം ആണ്. Phone pe എടുത്തു ഞാൻ കോഡ് സ്കാൻ ചെയ്യാൻ മുന്നോട്ടു ചെന്ന് സ്റ്റൈലിൽ നിന്നു, പിന്നെ തിരിഞ്ഞു കണ്ണാപ്പിയെ നോക്കിയിട്ട് ചോദിച്ചു " ആ ഹോട്ട്സ്പോട്ട് ഒന്ന്  ഓൺ ചെയ്യുവോ ..."

തുടരും...

Bạn đang đọc truyện trên: Truyen247.Pro