നാടുകാണി
നാടുകാണി
*************
അനിയനെ കൂട്ടി ഒരു യാത്ര എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രായശ്ചിത്തം ആയിരുന്നു എന്നതാണ് സത്യം. ചെറുപ്പത്തിൽ അവൻ എനിക്ക് വലിയ പാരയായിരുന്നു. ഞങ്ങളെ അധികം എങ്ങോട്ടും വിടാതെ വീട്ടിൽ ഇരുത്താൻ ആയിരുന്നു അമ്മയ്ക്ക് ഇഷ്ടം. എനിക്ക് കറങ്ങി നടക്കാനും. അമ്മയെ അറിയിക്കാതെ ഞാൻ നടത്തിയ പല പരിപാടികളും അവൻ കാരണം പിടിക്കപ്പെട്ടു. അങ്ങനെ എന്റെ പ്ലാനുകളിൽ നിന്ന് വളരെ ചെറുപ്പത്തിൽ തന്നെ അവനെ ഒഴിവാക്കി. എന്നാൽ വലുതായപ്പോളും അവനെ കൂടെ കൂട്ടിയില്ല.ഇതൊക്കെ അവനെ ഫീൽ അടിപ്പിച്ചിരുന്നു എന്ന് മനസിലാക്കാൻ പോലും ഞാൻ വൈകിപ്പോയി.പിന്നെ പലപ്പോഴും അവനെ കൊണ്ടുപോകാൻ വിളിച്ചു എങ്കിലും വാശിയും ദേഷ്യവും കാരണം അവൻ വന്നില്ല.പിന്നെ ഞാനും വിളിക്കാൻ പോയില്ല. എന്നാൽ ഇടയ്ക്ക് അവൻ കൂട്ടുകാരെ കൂട്ടി ഒന്ന് രണ്ടു ട്രിപ്പ് ഒക്കെ പോയിരുന്നു ബൈക്കിൽ.
ഈ വർഷം (2020) കോറോണയും CA പഠിത്തവും കൂടി ആയപ്പോൾ അവൻ ടെൻഷൻ അടിച്ചു ഒരു വഴിയായി. ആ ടൈമിൽ കറങ്ങി നടക്കുന്ന എന്നെക്കണ്ടപ്പോൾ ഒരു യാത്ര പോകണം എന്ന് അവനും ആഗ്രഹം ആയി.നാടുകാണി ഫേമസ് ആയിതുടങ്ങിയ ടൈമിൽ 24 ന്യൂസ് ചാനൽ അവിടെ പോയി ഒരു വീഡിയോ എടുത്തു ടെലികാസ്റ് ചെയ്തത് കൂടെ ആയപ്പോൾ സ്ഥലം നാടുകാണി ആക്കാം എന്ന് കക്ഷി ഉറപ്പിച്ചു. ഞാനും ഉണ്ണിയും സതീശനും വിനുവും സംസാരിക്കാൻ വേണ്ടി മാത്രം അവിടെ പോയിരുന്നു സമയം കളഞ്ഞിട്ടുണ്ട്. ആ സ്ഥലത്തിന്റെ വളർച്ചയ്ക്ക് ഞങ്ങൾ സാക്ഷികൾ ആണ്. ഇപ്പോൾ അത് കുരിശുമല ആയത് വരെ...വൈകാതെ അതൊരു മലയാറ്റൂർ പോലുള്ള ടൂറിസ്റ്റ് പ്ലേസ് ആവും.
ആ ഞായറാഴ്ച വേറെ ഒരു പരിപാടിയും പിടിക്കാതെ ഞാൻ പോകാൻ ഉള്ള പ്ലാൻ വച്ചു. അതിരാവിലെ പോയി sunrise കണ്ട് വരാം.ഒരു 5 ന് വീട്ടിൽ നിന്ന് ഇറങ്ങാം എന്ന് പറഞ്ഞു.ഇടമലയാർ ഉള്ള ഉണ്ണിയ്ക്ക് വീട്ടിൽ നിന്ന് കുറച്ചേ ഉള്ളു അവിടെക്ക്. വിനുവിനെയും വിളിച്ചു പറഞ്ഞു. പക്ഷെ അവർ രണ്ടും സമയത്തിന് മുങ്ങി.
പോകുന്നതിനു തലേന്ന് ആണ് ഗോകുൽ വിളിക്കുന്നത്. ഈ കഥാപാത്രം എന്റെ കൂടെ പ്ലസ് ടു പഠിക്കാൻ ഉണ്ടായിരുന്നു. ആളൊരു മാവേലി ആയിരുന്നു ക്ലാസ്സിൽ. അതുകൊണ്ട് ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോ സ്കൂൾ വിട്ട് പോയി. KTM പ്രാന്തൻ ആണ്. ഗോകുലും അനിയൻ രാഹുലും അവരുടെ ഫ്രണ്ട്‌സ് ഒക്കെ കൂടെ സൺഡേ കോട്ടപ്പാറ വ്യൂ പോയിന്റ് കാണാൻ പോകുന്നു. വണ്ടിയിൽ സ്ഥലം ഉള്ളത്കൊണ്ട് എന്നെകൂടി വിളിച്ചതാണ്. ആകെക്കൂടെ ഒരു ഞാനും രണ്ടു ട്രിപ്പും. പക്ഷെ അവരുടെ പ്ലാനിനു ഞാൻ തടയിട്ടു.
കോട്ടപ്പാറയിലെ മെയിൻ അട്ട്രാക്ഷൻ മേഘം പോലെ മഞ്ഞ് നില്കുന്നതാണ്. തലേന്ന് മഴ ഉണ്ടേൽ അത് കാണാം . ആ ടൈമിൽ നാട്ടിൽ മഴ ഇല്ല. അതുകൊണ്ട് അവനോട് ഞാൻ എന്റെ പ്ലാൻ പറഞ്ഞു. നാടുകാണി കാണാൻ വരാൻ. അവൻ വരും എന്ന് പറഞ്ഞു പോയി...5.30 ആകുമ്പോൾ കോതമംഗലം വരാം എന്നായിരുന്നു അവൻ പറഞ്ഞത്.
രാവിലെ പോകും എന്ന കാര്യം അമ്മ അറിഞ്ഞപ്പോൾ അതിശയപ്പെട്ടു. നീയും ചേട്ടന്റെ കൂടെ കൂടി പോവണോ എന്ന് അവനോട് ഒരു ചോദ്യവും...എന്തായാലും രാവിലെ പോകാൻ നേരത്തു അമ്മ എണീറ്റുവന്നു. അമ്മയോട് ഞാൻ ചെവിയിൽ പറഞ്ഞു "ഞങ്ങൾ വരാൻ വൈകും" എന്ന്. എന്റെ കൂടെ വരുമ്പോൾ ചുമ്മാ നാടുകാണി മാത്രം പോയാൽ ഒരു ത്രില്ല് വരില്ലല്ലോ...കോതമംഗലത്തു കാണാം എന്ന് പറഞ്ഞ ഗോകുലും ടീമും വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല. അതുകൊണ്ട് സമയം വൈകാതെ ഞങ്ങൾ നാടുകാണിക്ക് പോയി. വണ്ടി അവൻ ആണ് ഓടിച്ചത്. നേരം വെളുത്തു വരുമ്പോൾ ഉള്ള ആകാശത്തിന്റെ നിറം മാറ്റം ആസ്വദിച്ചു ഞാൻ മാനത്തേക്ക് നോക്കി ഇരുന്നു.
എത്തിയപ്പോൾ രണ്ടുകാര്യം ഞങ്ങൾക്ക് മനസിലായി.... ഒന്ന് സൂര്യോദയം മലയുടെ മുകളിൽ എത്തുന്നതിനു മുൻപ് സംഭവിക്കും. രണ്ട് ഒരു പെരുന്നാളിനുള്ള ആളുണ്ടാവും അതിന്റെ മുകളിൽ. റോഡ് സൈഡിൽ മുഴുവൻ വണ്ടികൾ ആണ്. Unexplored പ്ലേസ് ആയിരുന്ന നാടുകാണി ഒത്തിരി വളർന്നിരിക്കുന്നു.എനിക്ക് ആകെ മടുപ്പായി. സൂര്യോദയം പകുതി കേറുമ്പോൾ കാണേണ്ടിവരും. ഓടിപിടിച്ചു കയറാൻ തുടങ്ങി. ഞങ്ങൾ കയറാൻ തുടങ്ങുമ്പോൾ ചുറ്റും ഇരുട്ടാണ് എന്നോർക്കണം, പക്ഷെ സ്ത്രീകൾ അടക്കം പ്രായമായ ആളുകളെ വരെ അവിടെ കാണാമായിരുന്നു. പലരും ഫാമിലി ആയിട്ടാണ് വന്നിട്ടുള്ളത്. ചില ചേച്ചിമാർ അവരുടെ കുട്ടികളെ എടുത്താണ് കയറുന്നത്.
ഇതിന്റെ ഇടയ്ക്ക് കയറി തുടങ്ങിയപ്പോൾ തന്നെ ചെക്കൻ ഒരു ഡയലോഗ് അടിച്ചു... ഈ മല കാറ്റാടിക്കടവിന്റെ അത്രയും വരില്ല എന്ന്... അവൻ ആകെ പോയിട്ടുള്ളത് അവിടെയും മുന്നാറും പിന്നെ വാൽപാറയും ആണ്. കാറ്റാടിക്കടവ് നല്ലപോലെ നടക്കാൻ ഉള്ള മലയാണ്. ഒരു 40 മിനിറ്റ് trekk ചെയ്യാൻ ഉണ്ട്(നടക്കാൻ ഉള്ള ദൂരം ഒത്തിരി ഉണ്ട് ).
പക്ഷെ അത് ഒത്തിരി ഹൈറ്റ് കേറാൻ ഇല്ല. പക്ഷെ നാടുകാണി അങ്ങനല്ല. കുത്തനെ കയറാൻ ഉണ്ട്. ആദ്യം വല്യ ചെരിവില്ല, പിന്നെ ആണ് കയറ്റം. ഏകദേശം 30 മിനിറ്റ് നടന്നാണ് സാധാരണ ഞങ്ങൾ പോകുമ്പോൾ എത്തുന്നത്. പക്ഷെ അനിയൻ വന്ന ദിവസം 45 മിനിറ്റ് എടുത്തു. പകുതി കയറിയപ്പോൾ സൂര്യൻ വന്നു.
ഫോട്ടോ എടുക്കാൻ നിന്നില്ല അധികം. പക്ഷെ പിന്നെ മുന്നിൽ കണ്ട മലയുടെ കയറ്റം കണ്ടപ്പോൾ ചെക്കൻ എന്നെ ഒന്ന് നോക്കി. "ഇത് കാറ്റാടി കടവിന്റെ അത്രേം ഇല്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ല " എന്ന് ഞാൻ പറഞ്ഞു ചിരിച്ചു. അവനും ചിരിച്ചു.
അതിന്റെ ഇടയ്ക്ക് ചിലർ വഴിയിൽ കിടക്കുന്നുണ്ട്. സൈക്കിൾ ചവിട്ടി എത്തിയ ടീംസ് മലയുടെ മുകളിൽ സൈക്കിൾ തള്ളി കയറ്റാൻ നോക്കി അവശതയായി കിടക്കുന്നതാണ്. കുറച്ചു പേര് അവരെ നോക്കി പരിഹാസത്തോടെ ചിരിക്കുന്നുണ്ട്. പക്ഷെ ചിരിക്കുന്നവനും നല്ലപോലെ കിതയ്ക്കുന്നുണ്ട്. അവർ സൈക്കിൾ കെട്ടിപിടിച്ചു ആണ് കിടക്കുന്നതു. ഞങ്ങൾ അവിടെ നിന്ന് പിന്നെയും നടന്നു. ഒടുവിൽ അനിയന്റെ കണ്ണിലൂടെ പുക വന്നുതുടങ്ങി. അവൻ നടത്തം നിർത്തി പുറകിൽ വരുന്ന എന്നെ ഒരു നോട്ടം നോക്കി. മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടനെ ഓർത്തുപോയി ഞാൻ... ഇനി കാറ്റാടി കടവിന്റെ കാര്യം പറഞ്ഞു കളിയാക്കിയാൽ ചിലപ്പോൾ അവൻ തിരിച്ചിറങ്ങി പോകും എന്ന് കരുതി വെറുതെ വിട്ടു. അവൻ അവിടെ ഇരിപ്പായി. ഞാൻ കയ്യിൽ പിടിച്ചു എണീപ്പിച്ചു കൊണ്ടുപോയി. ഇപ്പൊത്തന്നെ ഉദയം മിസ്സ് ആയതിന്റെ ചൂടിൽ ആയിരുന്നു ഞാൻ.
മുകളിൽ എത്താറായപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. അവിടെ കയറി വന്നപ്പോൾ കണ്ടതിന്റെ ഇരട്ടി ആളുകൾ ഉണ്ട്. എന്നുവച്ചാൽ അവർ എല്ലാം നല്ല ഇരുട്ടത് ആ മല കേറി ഉദയം കണ്ടിട്ട് ഇരിക്കുവാണ്. കൂടുതലും ഫാമിലി ആണ്. പലരും ബ്ലൂട്ടൂത് സ്പീക്കർ കൊണ്ടുവന്നു പാട്ടൊക്കെ വച്ച് chill mood ഇൽ ആണ്.
കുറച്ചു കൂടെ നടന്നാൽ മുകളിൽ എത്തും. പക്ഷെ അപ്പോൾ ഞങ്ങൾ നിന്നിരുന്നതിന്റെ അടുത്ത് ഒരു spot ഉണ്ട്. അടിപൊളി pics കിട്ടും എന്ന് വന്നാലും. ആ ദിവസം കോട മഞ്ഞ് തീരെ ഇല്ലായിരുന്നു. എങ്കിലും അവനെക്കൂട്ടി അങ്ങോട്ട് പോയി. എനിക്ക് ആ കാഴ്ച വലിയ കാര്യം ആയി തോന്നിയിരുന്നില്ല, അവന്റെ ആ തിളങ്ങിയ മോന്ത കാണുന്നത് വരെ. രണ്ടും പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചിരുന്നു. അവിടെ നിന്നു കുറച്ചു നേരം. പിന്നെ അവന്റെ തോളിൽ രണ്ടു കൈകൊണ്ട് പുറകിൽ നിന്ന് പയ്യെ തള്ളിയിട്ടു ആ പാറയുടെ അറ്റത്തേക്ക് ചെന്ന് നിൽക്കാൻ പറഞ്ഞു.
അന്നെടുത്ത എല്ലാ ഫോട്ടോസും അവന് ഇഷ്ട്ടമായി.
വര്ഷങ്ങളായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു അകലം അതോടെ ഇല്ലാതായി. ഈ ഒരു ദിവസം എന്റെ ജീവിതത്തിലെ സ്വപ്നം തന്നെയായിരുന്നു.
അധികം വൈകാതെ ഞങ്ങൾ മുകളിൽ എത്തി. അവിടെ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താഴെ ഒത്തിരി മലകൾ ഉണ്ട്. പല സൈഡിൽ നിന്ന് പല പല കാഴ്ചകൾ ആണ് എല്ലാം അവനെ കൊണ്ടുപോയി കാണിച്ചു. പക്ഷെ ഞാൻ എവിടെയും നിന്നില്ല.എനിക്ക് ആൾക്കൂട്ടം ഇഷ്ട്ടമല്ല, പ്രത്യേകിച്ച് മലയുടെ മുകളിൽ... ഒടുവിൽ ഞങ്ങൾ അധികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്ത് പോയി ഇരുന്നു. നല്ല ഇളം കാറ്റു വീശുന്നുണ്ട്. കിതപ്പ് മാറിയാൽ അപ്പോൾ തന്നെ ഇറങ്ങണം എന്നാണ് എന്റെ മനസ്സിൽ. അവനും അത് സമ്മതിച്ചു. അങ്ങനെ ഇരിക്കുമ്പോ ദേ വരുന്നു സൈക്കിൾ പൊക്കിയെടുത്തു അവിടെ കിടന്ന മച്ചാന്മാർ. പിന്നല്ലാതെ.... അവരുടെ വരവ് ഒരു കാഴ്ച ആയിരുന്നു. എല്ലാരും നല്ലപോലെ വയ്യാതായി. പക്ഷെ മുഖത്തെ ഒരു ചിരിയുണ്ട്.... നല്ല ഹൈ voltage ന്റെ ചിരി.
കാര്യം ഇങ്ങനൊക്കെ ആണേലും അവര് നടന്നു ഞങ്ങളുടെ അടുത്തേക്കാണ് വന്നത്. അവിടെ സ്പേസ് കണ്ടിട്ട് വന്നതാണ്. തിരിച്ചിറങ്ങാൻ കാരണം കിട്ടിയത്കൊണ്ട് ഞങ്ങൾ നടന്നു. പല സ്ഥലത്തും കൊണ്ടുപോയി അവനെ നിർത്തി pics എടുത്തു. ഞാൻ അന്ന് കുറേ ഫോട്ടോ എടുത്തു സ്റ്റാറ്റസും ഇട്ടു. വല്ലാത്ത സന്തോഷം... അവിടെ വച്ച് ബാല്യകാല സുഹൃത്ത് സിദ്ധാർത്തിനെയും അനിയൻ ശ്രീജിത്തിനെയും അവരുടെ വീടിന്റെ അടുത്തുള്ള ചങ്ങായിമാരെയും കണ്ടു. ശെടാ... എല്ലാരും ഇന്ന് അനിയനെ കൂട്ടി ആണല്ലോ വന്നേക്കണേ... സിദ്ധുന്റെ അടുത്ത് കുറച്ചു നേരം സംസാരിച്ചു ഞങ്ങൾ താഴെക്കിറങ്ങി. ഇറങ്ങുമ്പോൾ ഞാൻ വീണ്ടും ഗോകുലിനെ വിളിച്ചു. അവൻ എടുത്തില്ല. താഴെ എത്തിയപ്പോൾ ഞങ്ങൾ അടുത്തുള്ള ചായക്കടയിൽ കയറി ഒരു കട്ടൻ അടിച്ചു. അപ്പോൾ ഗോകുലിന്റെ കാൾ വന്നു. അവർ കോട്ടപ്പാറ പോയി ശശി ആയി നാടുകാണി എത്തി അത്രേ... ഞാൻ ചായക്കടയിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അവനും അനിയൻ രാഹുലും അവിടെക്ക് വന്നു. കൂടെ അവരുടെ ചങ്ക് ജോമോനും. ഞങ്ങൾ ചായ കുടിച്ചു ഇറങ്ങി അവരോട് കയറിയിട്ട് വരാൻ പറഞ്ഞു വിട്ടു.ഇറങ്ങുമ്പോൾ വിളിക്കാൻ പറഞ്ഞു ഗോകുലിനോട്. എനിക്ക് അനിയനെ കൂട്ടി അന്ന് ആലിവീണകുത്ത് കേറാൻ പോകാൻ പ്ലാൻ ഉണ്ടായിരുന്നു. അത് തലേന്ന് രാത്രി ഇട്ട പ്ലാൻ ആണ്. അവിടെ ഗോകുലിനെയും കൊണ്ടുപോകാം എന്ന ഉദ്ദേശത്തിൽ ആണ് ഇറങ്ങുമ്പോൾ അവനോട് വിളിക്കാൻ പറഞ്ഞത്.
അവിടെ നിന്ന് തിരിച്ചു കോതമംഗലം എത്തി നേരെ തലക്കോട് പിടിച്ചു. അവിടെ വേറൊരു വിനു ഉണ്ട്. അവനെ കൂട്ടി വേണം പോകാൻ. പക്ഷെ അവന്റെ നമ്പർ കയ്യിൽ ഇല്ല. വീട് അറിയാം. പോയി നോക്കി. അവിടെ ഇല്ല. കക്ഷി ഫോൺ ഉപയോഗം ഇല്ലാത്ത ആൾ ആണ്. പാർട്ടിയിൽ സജീവം ആയത്കൊണ്ട് അവിടത്തെ പാർട്ടി ഓഫീസിൽ പോയി ചോദിച്ചു. അവർ പോലും അവനെ കണ്ടിട്ട് കുറച്ചായി എന്നാണ് പറഞ്ഞത്. എന്നാൽ പിന്നെ നമുക്ക് കയറാം എന്ന് പറഞ്ഞു നേരെ വിട്ടു.
ആലിവീണകുത്ത് വെള്ളച്ചാട്ടം കാടിന്റെ ഉള്ളിലേക്ക് ഒരു 4 കിലോമീറ്റർ നടന്നാൽ എത്തുന്ന spot ആണ്. ആളുകൾ വന്നു തുടങ്ങി നാട്ടുകാർ ഇടപെട്ടപ്പോൾ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അവിടെ ബോർഡ് വച്ചു. അവിടെ കയറാൻ നോക്കി പിടിക്കപ്പെട്ടാൽ 5 വർഷം തടവും പിഴയും ഉണ്ട് എന്ന്. അത് അന്ന് ഞങ്ങൾ പോയപ്പോളും കണ്ടതാണ്. പക്ഷെ അന്ന് വിനു കൂട്ടിനു ഉണ്ട്. ആ ബോർഡ് കണ്ടപ്പോൾത്തന്നെ അനിയൻ തിരിച്ചു പോകാം എന്ന് പറഞ്ഞു. പക്ഷെ എനിക്ക് കയറാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു. അന്ന് വന്നപ്പോൾ ഉള്ള കാഴ്ചകൾ അങ്ങനെ ആയിരുന്നു.
അവിടെ കയറാൻ തുടങ്ങുന്ന സ്ഥലം എത്തുമ്പോളേക്കും വീടുകൾ ഇല്ലാതാവും. ബൈക്ക് സൈഡിൽ വച്ചു കയറിയാൽ ഫോറെസ്റ്റ് പിടിക്കും. അതുകൊണ്ട് വണ്ടി ഒന്നുകിൽ കാട്ടിലേക്ക് കയറ്റി വയ്ക്കണം. അല്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ കൊണ്ട് വയ്ക്കണം. അങ്ങനെ നിൽകുമ്പോൾ ആണ് ഒരു ചേട്ടൻ പശുവിനെ മേയാൻ വിട്ടിട്ട് അതുവഴി വന്നത്. നല്ല പ്രായം ഉണ്ട്, ഒരു മുണ്ട് മാത്രം ആണ് ഉടുത്തിട്ടുള്ളു. ഞാൻ ആ ചേട്ടനോട് കാര്യം പറഞ്ഞു. അവിടെ പുറത്തുനിന്നുള്ളവർ വരുന്നത് ആ നാട്ടുകാരുടെ സമാധാനം ഇല്ലാതാക്കിയിട്ടുണ്ട്. അതുകൊണ്ട് ആദ്യം ആ ചേട്ടൻ ഫോറെസ്റ്റ് മാമന്മാരുടെ കാര്യം പറഞ്ഞു വിരട്ടി. പക്ഷെ ഞങ്ങൾ കോതമംഗലത്തിനു അടുത്തുള്ളവർ ആണെന്ന് അറിഞ്ഞപ്പോൾ വണ്ടി വയ്ക്കാനുള്ള spot വരെ പറഞ്ഞു തന്നു. എങ്കിലും അനിയൻ പോകാൻ മടി പറഞ്ഞു. കാരണം ഫോറെസ്റ്റ് മാമന്മാർ വന്നാൽ പിന്നെ പണിയാണ്. ഇത് ഇടമലയാർ അല്ല, അതുകൊണ്ട് ആരും വിളിച്ചു പറയാനും ഉണ്ടാകില്ല സമയത്തിന്. കുറേ ചീത്തയും കേൾക്കണം ഫൈൻ അടച്ചു വീടെത്തുമ്പോൾ ഒരു സമയവും ആകും. അവന്റെ തീരുമാനം തന്നെയാണ് ശരി എന്ന് ചിന്തിക്കാൻ എനിക്ക് പിന്നെ എന്തെങ്കിലും മടി ഉണ്ടാവോ....
കാര്യം അങ്ങനൊക്കെ ആണെങ്കിലും ഞാൻ നിരാശയോടെ ആയിരുന്നു പോന്നത്. വരുന്ന വഴി ഞാൻ ഗോകുലിനെ വിളിച്ചു വരണ്ട എന്ന് പറഞ്ഞു. അവൻ നാടുകാണി കയറി ശ്വാസം കിട്ടാതെ ഇരിക്കുമ്പോൾ ആയിരുന്നു എന്റെ വിളി. സംസാരിക്കാൻ തന്നെ പറ്റുന്നില്ല അവന്. അനിയനും ബാക്കി എല്ലാരും മുകളിൽ എത്തി, കക്ഷി മാത്രം പകുതി ആയപ്പോ ഇരുന്നുപോയി. അവന് നല്ല ശരീരം ഉണ്ട്. ഞാൻ ഫോൺ കട്ട് ചെയ്തു വീട്ടിലേക്ക് വിട്ടു.
9.30 ആയപ്പോൾ വീടെത്തി.അമ്മ ഞങ്ങൾക്ക് ചായ തന്നു. ചായക്കടയിൽ കയറിയപ്പോൾ വാങ്ങിയ good day ബിസ്‌ക്കറ് അതിന്റെ കൂടെ കഴിച്ചു. കുറച്ചു കഴിഞ്ഞു മറ്റൊരു ബാല്യകാല സഖൻ ആയ ബേസിൽ വന്നു. അനിയനും അവനും കൂട്ടാണ്. ഞങ്ങൾ കുറേ സംസാരിച്ചു വീടിന്റെ മുന്നിൽ നിന്നു. അങ്ങനെ ഇരിക്കുമ്പോൾ ഉണ്ണിക്കുട്ടൻ from ചക്കിമേട് calling.... എനിക്ക് ആലിവീണ കുത്തിൽ കേറാൻ പറ്റാത്ത വിഷമം പലവൻപുഴയിൽ പോയി തീർക്കാം എന്ന് കരുതി. ബേസിലിനോട് bye പറഞ്ഞു പോയി ടീഷർട് എടുത്തിട്ട് ബൈക്ക് എടുക്കാൻ പോയപ്പോൾ വെറുതെ അനിയനോട് പോരുന്നോ എന്ന് ചോദിച്ചു... അവൻ വരാന്നു പറഞ്ഞു. ആഹാ... എങ്കിൽ വാ... നമുക്ക് ഇടമലയാർ ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞു അവനെ കൂടെ കൂട്ടി. പോകുന്ന വഴിയിൽ വിനു comrade ഉണ്ട്. മോർണിംഗ് ride ആയത്കൊണ്ട് ആണ് അവർ മുങ്ങിയത്. ഇതിപ്പോ ok ആണല്ലോ. അവൻ വീട്ടിൽ വന്നു അനിയനും ആയി കൂട്ടാണ്. വിനു അവന്റെ ബൈക്ക് എടുത്തു. ചെക്കിങ് സ്ട്രോങ്ങ് ആണ്. അവിടെ ടൂറിസ്റ്റ് പ്ലേസ് ആണല്ലോ.
ഭൂതത്താൻകെട്ട് എത്തിയപ്പോൾ ഞാൻ ഗിയർ down ചെയ്തു പതുക്കെ ആക്കി സ്പീഡ്. പുതിയ പാലം വന്നതൊക്കെ അവൻ കണ്ടിട്ടില്ല. ബൈക്കിൽ ഇരുന്ന് അതിന്റെ വീഡിയോ ഒക്കെ എടുത്തു കക്ഷി. ഇവിടെ അവൻ ഒരിക്കൽ ഫ്രണ്ട് ന്റെ കൂടെ വന്നിട്ടുണ്ട്. പക്ഷെ അകത്തേക്ക് പോയിട്ടില്ല. അവിടെ ഇപ്പോൾ നല്ല വെയിൽ ആണ്. വൈകാതെ ഞങ്ങൾ ചെക്ക്പോസ്റ്റ് കടന്നു കാടിന്റെ ഉള്ളിലേക്ക് കടന്നു. രണ്ടു വശത്തും വലിയ മരങ്ങളും പടർപ്പുകളും ആണ്. വെയിൽ ഇല്ല, നല്ല തണുത്ത അന്തരീക്ഷം.അന്ന് വെളുപ്പിന് ഈ വഴി പോയി ആന ആണെന്ന് കരുതി മ്ലാവിനെ കണ്ടു പേടിച്ചു വണ്ടി ഓടിച്ചതൊക്കെ പറഞ്ഞു നല്ല കൂൾ മൂഡിൽ ആയിരുന്നു യാത്ര. തുണ്ടം എത്തിയപ്പോൾ no entry ബോർഡ് വച്ച വഴിയിലേക്ക് ഞാൻ തിരിച്ചത് കണ്ടപ്പോൾ അവൻ ഒന്ന് കൺഫ്യൂസ്ഡ് ആയി. അത് നമുക്ക് പോകാൻ ഉള്ളതാണ് എന്നും അവിടെ വരുന്ന സ്ഥലം അറിയാത്ത ആളുകൾ ആനയുടെ ചവിട്ട് മേടിക്കാതിരിക്കാൻ വച്ച ബോർഡ് ആണ് അതെന്നും പറഞ്ഞു കൊടുത്തു. ആ വഴിയിൽ ആനകൾ വട്ടം കടന്നു പോകും. വളവൊക്കെ സ്പീഡ് കുറച്ചു നോക്കി വന്നില്ലെങ്കിൽ പെടും. പക്ഷെ വരുന്നവർ അതറിയാതെ എങ്ങാനും പോയി എന്തെങ്കിലും വന്നാൽ ഫോറെസ്റ്റ് ഓഫീസർസ്ന്റെ പണി തന്നെ പോകും. പിന്നെ ആ വഴി നാട്ടുകാർക്ക് പോലും പോകാൻ പറ്റാത്തപോലെ അവർ അടയ്ക്കും.
ഉണ്ണിയുടെ വീട് അവൻ ആദ്യം ആയാണ് കാണുന്നത്. വിനുവും അനിയനും തമ്മിൽ എപ്പോളും അടി ആണ്. വിനു എന്തെങ്കിലും മണ്ടത്തരം പറയും അനിയൻ കൌണ്ടർ അടിക്കും. വിനു വന്നു എന്റെ പെടലിക്ക് പിടിക്കും. ഇതാണ് ഞാൻ ഇവനെ കൂടെ കൂട്ടാത്തത് എന്ന് ഇപ്പോൾ മനസിലായില്ലേ...
പക്ഷെ വിനു അർഹിക്കുന്ന മറുപടി ആണ് എല്ലാം. പിന്നെ ഇതൊക്കെ കുട്ടിക്കളി ആണ്. അന്ന് വീട്ടിൽ പൊന്നമ്മ മാത്രമേ ഉള്ളു. നിത്യമോൾ കസിൻസ് ന്റെ അടുത്ത് പോയിരുന്നു. ഞങ്ങൾക്ക് കഴിക്കാൻ തന്നിട്ട് അമ്മ കുടുംബശ്രീക്ക് പോയി. കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഉണ്ണിയുടെ റൂമിൽ കയറി. അവന്റെ പുസ്തകശേഖരം കാണിച്ചു കൊടുത്തു. അനിയൻ വായന ഉള്ള ആളാണ്. അതൊക്കെ നോക്കി കുറച്ചു കഴിഞ്ഞു ഞങ്ങൾ നടന്നു കാടിന്റെ അകത്തേയ്ക്ക്. അതിലൂടെ ഒരു തോട് വറ്റി വരണ്ട് ഒഴുകുന്നുണ്ട്.
വലിയ ഉരുളൻ കല്ലുകളിൽ ഇരുന്നു ഓരോന്ന് പറഞ്ഞു തുടങ്ങി. പലവൻപുഴയിലെ കുളി വെള്ളം ഇല്ലാത്തതുകൊണ്ട് ഒഴിവാക്കി.എന്തെങ്കിലും ഒരു ടോപിക് എടുത്തു ചർച്ച ചെയ്യൽ പതിവാണ് ഇങ്ങനെ ഇരിക്കുമ്പോൾ. അന്ന് ഞങ്ങൾ പ്രണയത്തെപ്പറ്റി ആയിരുന്നു ചർച്ച. അനിയൻ അവന്റെ കാഴ്ചപ്പാടുകൾ സംസാരിച്ചു. അതൊക്കെ ഒരു തുടക്കം ആയിരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങൾ സുഹൃത്തുക്കൾ ആയിമാറി എന്ന് പറയാം. അല്ല ഞങ്ങൾ ഇപ്പോളാണ് ഫുൾ ആയിട്ട് സഹോ ആയത്. കണ്ടോ ഒരു യാത്ര മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റം...
അവിടെ ഇരുന്നു ഞങ്ങൾ പിന്നെ പലതും സംസാരിച്ചു, കുറേ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ഓരോ വഴി പോയി ഒപ്പിച്ച മണ്ടത്തരങ്ങൾ ആണ് എല്ലാം. അതും യാത്ര കൊണ്ടുതന്ന അനുഭവങ്ങൾ ആണ്. അവിടെ നിന്ന് ഇറങ്ങാൻ നേരത്ത് ഉണ്ണിയുടെ അമ്മ അനിയനോട് പറഞ്ഞു ചേട്ടൻ വരുമ്പോ കൂടെ ഇങ്ങു പോരണോട്ടോ എന്ന്.ഒടുവിൽ അവിടെ നിന്ന് വീടെത്തിയപ്പോൾ സമയം 6 മണിയായി. സ്റ്റാറ്റസ് കണ്ടിട്ട് siblings പലരും മെസ്സേജ് അയച്ചു "നീ നിന്റെ അനിയനെക്കൂടെ കണ്ട കാടും മലയും കയറ്റി വഷളാക്കുവാണോ "എന്ന്...
തിരിച്ചു വരുമ്പോൾ ഞങ്ങൾ രണ്ടും പരസ്പരം മനസ്സിൽ ചോദിച്ച ഒരു ചോദ്യം ഉണ്ട്...
"എടാ ദാസാ... നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ..."
Bạn đang đọc truyện trên: Truyen247.Pro