
Start Action Cut
ഉണ്ണിയുടെ കൂടെ ഒരു ഓൺലൈൻ ചാനലിന് വേണ്ടി ചരിത്രപരമായ സ്ഥലങ്ങളെ കുറിച്ച് ഡോക്യൂമെന്ററി ചെയ്യാൻ ഉള്ള വർക്ക് പിടിച്ചു. നല്ല ടൂൾസ് ഒന്നും ഞങ്ങടെ കയ്യിൽ ഇല്ല, പക്ഷെ ഉള്ളത് വച്ച് ഞങ്ങൾ സംഗതി പരമാവധി നന്നാക്കി.
ഇടമലയാർ ഇടക്കിടക്ക് പോകുന്നത് കണ്ട് അമ്മ വീട്ടിൽ ബഹളം തുടങ്ങി. എനിക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന് വരെ പറഞ്ഞു. ഒടുവിൽ ഇനി പോയാൽ കാല് തല്ലി ഓടിക്കും എന്ന് പറഞ്ഞു വിരട്ടി. പിന്നെ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പോകാൻ തുടങ്ങി. ഉച്ച വരെ ക്ലാസ്സ് ഉള്ളു, അതുകൊണ്ട് ചിലപ്പോൾ ഇടദിവസങ്ങളിലും പോകുമായിരുന്നു. ആ നാട്ടുകാർക്ക് എന്റെ വണ്ടി കണ്ടാൽ മനസ്സിലാവും. ഉണ്ണിയുടെ കൂട്ടുകാരൻ എന്ന ലേബലും കിട്ടി.
അവനെ കൂട്ടി ഓരോ സ്ഥലങ്ങൾ പോയി ഷൂട്ട് ചെയ്യും. പിന്നെ എഡിറ്റിംഗ് അവൻ തന്നെ ചെയ്യും. ലാപ് അവനു കൊടുത്തിട്ട് ഞാൻ മുങ്ങും. പ്രത്യക്ഷത്തിൽ ഒരു പാർട്ടൈം ജോബ് ആണെന്ന് തോന്നുമെങ്കിലും സത്യത്തിൽ ഞങ്ങൾക്ക് ഇഷ്ട്ടമുള്ള സ്ഥലം ചാനലിന്റെ ചിലവിൽ explore ചെയ്യാം. കൂടാതെ ഉണ്ണി അവന്റെ യൂട്യൂബ് ചാനലിൽ ഇടാൻ പറ്റിയ സ്ഥലങ്ങൾ ഷൂട്ട് ചെയ്തു വയ്ക്കും. എപ്പോളെങ്കിലും അപ്‌ലോഡ് ചെയ്യാൻ ഒരു ഐറ്റം വേണ്ടേ... ഞാനും എന്തിനെന്നറിയാതെ കുറെ ഷൂട്ട് ചെയ്തു വച്ചു. അതുപക്ഷെ ഒരു തോന്നൽ വരുമ്പോൾ കട്ട് ചെയ്തു music ഒക്കെ കൊടുത്ത് ഇൻസ്റ്റയിൽ ഇടാൻ തുടങ്ങി.അങ്ങനെ മുനിയറകൾ, പുരാതന കാലത്തുള്ള കാടിന് നടുവിലുള്ള ക്ഷേത്രങ്ങൾ ഒക്കെ കണ്ടറിയാൻ തുടങ്ങി.
ആദ്യം പോയത് ക്ണാച്ചേരി തന്നെ ആയിരുന്നു. അന്ന് ഞാൻ 5ന് ആണ് രാവിലെ ഇറങ്ങിയത്(ഒരു തവണ രക്ഷപെട്ടു എന്ന് കരുതി എപ്പോളും അങ്ങനെ സംഭവിക്കില്ലല്ലോ...). ചെക്ക്പോസ്റ്റിൽ ചെന്നപ്പോൾ 5.50 ആയിരുന്നു.അവിടെ പക്ഷെ ഉറക്കം ഇരുന്ന ആൾ അല്ലാതെ ഒരു ഓഫീസർ ഉണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ എവിടെക്കാ എന്ന് ചോദിച്ചു ഇറങ്ങി വന്നു. ചക്കിമേട് പറയാതെ ഞാൻ അരീക്കസിറ്റി പറഞ്ഞു. ആദ്യം പറഞ്ഞ തുണ്ടം എന്ന സ്ഥലത്തുനിന്ന് വലത്തേക്ക് പോകുന്നത് അങ്ങോട്ടാണ്(അല്ലെങ്കിൽ തന്നെയും അരീക്കസിറ്റി ചെന്നിട്ട് ചക്കിമേട് പോകാനാണ് പ്ലാൻ. ആദ്യം പോയ വഴി ഇനി മേലാൽ ആ സമയത്തു പോകില്ല ). അവിടെ നിന്ന് കുറച്ചു ദൂരം ഇടവഴി കയറിയാൽ ചക്കിമേട് ചെല്ലാം. പക്ഷെ എന്നെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല എന്നുപറഞ്ഞു പിടിച്ചു നിർത്തി. ഏതെങ്കിലും കാർ പോലെ 4 വീൽ ഉള്ള വണ്ടി വരുമ്പോൾ അവരുടെ പുറകെ പോയാൽ മതി എന്ന് പറഞ്ഞു.
പോസ്റ്റ് ആയി.ഞാൻ പിന്നേം കെഞ്ചി നോക്കി. അവിടെ ഈ സമയത്തു പോയിട്ടുണ്ട് sir, നോക്കി പൊയ്ക്കോളാം എന്നൊക്കെ പറഞ്ഞു. പക്ഷെ അയാൾ വളരെ ശാന്തമായി പറ്റില്ല എന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും പറ്റിയാൽ അയാളുടെ പണി തന്നെ പോകും. ആഹാ അപ്പൊ സാറിന്റെ സൈഡിൽ ഇരുന്നു കൂർക്കം വലിക്കുന്ന മുതൽ എന്ത് അറിഞ്ഞിട്ടാണോ എന്നെ അന്ന് നേരം വെളുക്കുന്നതിനു മുന്നേ വിട്ടത് എന്ന് ഞാൻ മനസ്സിൽ ചോദിച്ചു പോയി.(പ്രസിദ്ധമായ ആനവേട്ട കേസ് നടന്ന ഫോറെസ്റ്റ് റേഞ്ച് ആയതുകൊണ്ട് വളരെ സ്ട്രിക്ട് ആണ് അവിടെ. )
ഒടുവിൽ ഒരു ford figo വന്നു. എന്നോട് പുറകെ വിട്ടോളാൻ പറഞ്ഞു. അവരുടെ വീട് അകത്താണ്. പക്ഷെ അവർ ഒടുക്കത്തെ പോക്കാണ് പോയത്. ഞാൻ പുറകെ പോയിട്ട് എത്തുന്നില്ല. മീറ്റർ നോക്കിയപ്പോൾ 70 km സ്പീഡിൽ ആണ് ഞാൻ പോകുന്നത്. എന്റെ മുന്നിൽ പോകുന്ന അവർ വേഗം കൂടി കൂടിയാണ് പോകുന്നത്. ഏകദേശം 90 km കഴിഞ്ഞുള്ള സ്പീഡ്. വളവൊക്കെ ഒടുക്കത്തെ വീശാണ്. എനിക്ക് 55 km സ്പീഡ് കഴിഞ്ഞാൽ പിന്നെ danger zone ആണ്. ഇവരുടെ പുറകെ പോയാൽ വണ്ടി മറിഞ്ഞു ചാവും. അതിലും ഭേദം ആനയാണ് എന്ന് ഉറപ്പിച്ചു ഞാൻ സ്പീഡ് കുറച്ചു.
അരീക്കസിറ്റി എത്തുന്നതിനു മുൻപ് ഇടത്തോട്ടുള്ള മിക്കവഴികളും ചക്കിമേട് എത്താൻ ഉള്ളതാണ്. പലപ്പോഴും വിനു ഉള്ളത്കൊണ്ട് എനിക്ക് വഴി തെറ്റാറില്ല. പക്ഷെ അന്ന് പണി പാളി... ഇടത്തേക്ക് ഒരു വഴി കയറി പട പടാന്ന് ഗിയർ ഷിഫ്റ്റ് ചെയ്തു ചെന്നപ്പോൾ ടാർ ഇട്ട റോഡിൽ ഇടയ്ക്ക് പാറകൾ. ബ്രേക്ക് പിടിച്ചാൽ ചിലപ്പോ സ്‌കിഡ് ആവും. വണ്ടി പോയാലും തടി നോക്കണോലോ... എണീറ്റ് നിന്നു. വണ്ടിയുടെ പരിപ്പ് ഇളകിയിട്ടുണ്ട്, പക്ഷെ വീണില്ലല്ലോ... ആ വഴി അല്ല എന്ന് മനസ്സിലായപ്പോളേക്കും കുറച്ചു ദൂരം കഴിഞ്ഞിരുന്നു. തിരിച്ചു പിന്നേം മെയിൻ റോഡ് എത്തി. പിന്നെ കേറിയ വഴി കറക്റ്റ് ആയിരുന്നു. വീടെത്തിയപ്പോൾ അവൻ അവിടെ റെഡി ആണ്.
ഉണ്ണിയെ കൂട്ടി ക്ണാച്ചേരി എത്തി. അവിടെ ആ തോട് ചാടിച്ചു വലിയ പാറ കയറി അമ്പലത്തിൽ എത്തിച്ച മാരുതി 800 കണ്ടപ്പോൾ കണ്ണ് തള്ളി.എന്റെ ബൈക്ക് ഞാൻ തോടിന് മുൻപേ നിർത്തി ഇറങ്ങി നടന്നാണ് പോയത്. ഞങ്ങൾ പുറത്തു നിന്ന് കുറെ shot എടുത്തു. പിന്നെ അവിടെ കണ്ട ഒരു ചേട്ടനോട് അകത്തു കയറി ഷൂട്ട് ചെയ്യാൻ ചോദിച്ചു. ഞങ്ങളെ അകത്തു കയറ്റി എല്ലാം വിവരിച്ചു തന്നു. പുറകിൽ ഉള്ള കുളവും കാണിച്ചു തന്നു.ആന ശല്യം ഉണ്ട് അവിടെ, പക്ഷെ ഫെൻസിങ് വച്ച് കറന്റ് ഇട്ടിട്ടുണ്ട്. LDR വച്ചിട്ടുള്ളതുകൊണ്ട് പകൽ ആകുമ്പോൾ സപ്ലൈ ഓട്ടോമാറ്റിക് ആയി പോകും. Hightech സെറ്റപ്പ് ആണ്. കുളം കാണാൻ പോയപ്പോൾ കാലിലെ ചെരിപ്പിന്റെ വാറിൽ നിന്ന് ഒരു കാൽ കണ്ടു, എട്ടുകാലിയുടെ പോലെ. ദൈവമേ കൂടിയ ഇനം എട്ടുകാലി ആണേൽ ഞാൻ പെട്ടു. അന്നേരം അകത്തിരുന്നു ഒരുത്തന്റെ ആശരീരി...
"എടാ നീ spiderman ആവാൻ പോവാ മോനെ... തെങ്ങിന്റെ ഇടയിലൂടെ പറക്കുന്ന സീൻ ഓർത്തെ... ഇനിയുള്ള കാലം തേങ്ങ ഇട്ടു ജീവിക്കാം."
പോടാ കാലാ... ഞാൻ ഒരു കമ്പെടുത്തു, പതിയെ ചെരിപ്പുരി അതിനെ തോണ്ടി എടുത്തു. അത് അട്ടയാണ്, ചോര കുടിക്കുന്ന ഐറ്റം. ഹോ... സമാധാനം. പക്ഷെ അത് ഒരെണ്ണം ആയി കാണാൻ വഴിയില്ല. പാന്റ് പൊക്കി കാൽ മുഴുവൻ നോക്കി. ഇല്ല.. വേറെ ഒന്നുമില്ല. ഉണ്ണിയോട് കാര്യം പറഞ്ഞു, അട്ട ഉണ്ട്ട്ടോ... നോക്കിക്കോ എന്ന്.
എല്ലാം കഴിഞ്ഞു തിരിച്ചു തോട് കടന്നു വണ്ടിയുടെ അടുത്തെത്തിയപ്പോൾ വീണ്ടും ചുമ്മാ കാൽ നോക്കി. പണി കിട്ടി, രണ്ടെണ്ണം വീർത്തു ഇരിക്കുന്നുണ്ട്. മൂന്നു നാലെണ്ണം കടിച്ചു ഇരിക്കുന്നുണ്ട്. കൈക്ക് വലിച്ചെടുത്താൽ അതിന്റെ പല്ല് പോരില്ല. ചിലർക്ക് ഇൻഫെക്ഷൻ ആവും. കയ്യിൽ തീപ്പെട്ടി ഇല്ല. ഉപ്പ് ഇട്ടാലും അത് പോകും അല്ലേൽ ഇഞ്ചപുൽ തൈലം ഒക്കെ പറ്റും. പക്ഷെ കയ്യിൽ ഇതൊന്നും ഇല്ലല്ലോ. ഉണ്ണിയും അവന്റെ കാലിൽ നോക്കി. പക്ഷെ അവനെ കടിച്ചിട്ടില്ല. എന്റെ ചോര...
ഒടുവിൽ ഉണ്ണി അവന്റെ കയ്യിൽ ഉള്ള സാനിറ്റൈസർ തന്നു. ഇതൊഴിച്ചാൽ പോകുമോ ആവോ... ഞാൻ ഒഴിച്ചു, അതുങ്ങൾ സാനിറ്റൈസർ താഴേക്കു ഒഴുകിയതിന്റെ കൂടെ ഒഴുകി പോയി. സാധനം കൊള്ളാലോ. ഒക്കെത്തിനെയും അങ്ങനെ ഓടിച്ചു.കാൽ കഴുകി അവിടെ നിന്ന് തിരിച്ചു പോന്നു.
പിന്നീട് കൂടുതലും മുനിയറകൾ നോക്കിയാണ് പോയത്. എല്ലാം തകർന്നു കിടപ്പാണ്. ആളുകൾ അതിന്റെ കല്ലുകൾ എടുത്ത് വീട് പണിയാനും അലക്കു കല്ല് ആയും ഒക്കെ എടുത്തു. ഇഞ്ചത്തോട്ടി, എന്റെ വീടിനു അടുത്തുള്ള മുനിപ്പാറ ഒക്കെ ഞങ്ങൾ പോയി.
മുനിപ്പാറയിൽ കണ്ടത് സുവിശേഷം എഴുതി വച്ചിരിക്കുന്ന പാറയാണ്. എന്ത് കഷ്ടം ആണ്. 2000വർഷം ഒക്കെ പഴക്കം കാണും അതിനു. വേറെ നാടാണേൽ അത് സംരക്ഷിച്ചു ചുറ്റിലും അലങ്കരിച്ചു ഒരു super spot ആക്കിയേനെ.അന്നേ കാലത്തു ഏകാന്ത വാസികൾ ആയ സന്യാസികൾ ഇത്രയും വലിയ കല്ലുകൾ എങ്ങനെ ചെത്തിയെടുത്തു അടുക്കി എന്നത് തന്നെ ഒരു ചോദ്യം ആണ്. ഒന്നെങ്കിൽ നിർവാണം എന്ന് പറയുന്ന മോക്ഷ പ്രാപ്തി നേടാൻ, അല്ലേൽ കുഴിമാടം ആയാണ് എന്നും പറയുന്നുണ്ട്.
മുനിയറകൾ ബുദ്ധ സന്യാസിമാർ ആണ് ഉപയോഗിച്ചിരുന്നത് എന്നും പറയുന്നുണ്ട്. അതിൽ എനിക്കും സംശയം ഉണ്ട്. കാരണം മുനിപ്പാറയിൽ കണ്ട ആ മുനിയറ യുടെ മുഖം കിഴക്കേ ദിക്കിലേക്കാണ് നില്കുന്നത്. അവിടെ ആ ദിക്കിൽ കുളക്കുന്നേൽ ക്ഷേത്രം ഉണ്ട്. അയ്യപ്പൻ ആണ് പ്രതിഷ്ട്ട. അല്ല ശാസ്താവ്... ആ പേരിന് ബുദ്ധൻ എന്ന് ആണ് അർത്ഥം എന്ന് കേട്ടിട്ടുണ്ട്. ശബരിമല പ്രശ്നം വന്നപ്പോൾ അതിനെ പറ്റി വായിച്ചിട്ടുണ്ട്. അമ്പലവും മുനിയറയും തമ്മിൽ ഒരു 3,4 km ദൂരം ആണ് ഉള്ളു. കൂടാതെ മുനിയറ ഇരിക്കുന്ന കുന്നിന് താഴെ ഒരു പറമ്പിൽ ഉള്ള ക്ഷേത്രത്തിൽ നിന്ന് പണ്ട് archiology team ന് ഒരു വാൾ പോലത്തെ ആയുധം കിട്ടിയതായി കേട്ടിട്ടുണ്ട്.
കോട്ടപ്പാറ വനത്തിലെ അമ്പലത്തിനും ഇങ്ങനൊരു കഥയുണ്ട്. അവിടെ നിന്ന് കിട്ടിയ ഒറ്റക്കലിൽ നിൽക്കുന്ന ഒരു മനുഷ്യന്റെ വിഗ്രഹത്തിന് ബുദ്ധന്റെ മുഖമാണ്. പക്ഷെ അത് അവിടെ നിന്ന് കൊണ്ടുപോയി എന്നാണ് കേൾവി. ബുദ്ധൻ ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആണെന്ന് തോന്നുന്നു. (ഇതൊക്കെ പറഞ്ഞു കേട്ട കാര്യങ്ങൾ ആട്ടോ, ഒരു തരത്തിലും ഒന്നിലും അവകാശവാദങ്ങൾ ഇല്ല. )
പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ഇലക്ഷൻ ന്റെ തിരക്ക് വന്നപ്പോൾ പിന്നെ ചാനൽ ഞങ്ങളെ വിളിക്കാതെ അതിന് പുറകെ ഓടി. അങ്ങനെ ഞങ്ങടെ കറക്കം നിന്നു.പക്ഷെ ഞാൻ പിന്നെയും ഇടമലയാർ പോയിക്കൊണ്ടേ ഇരുന്നു. ഒന്നെങ്കിൽ വെറുതെ രാവിലെ തന്നെ കാട് കയറും. അല്ലെങ്കിൽ പുഴയിൽ പോകും. ഉച്ചക്കും കിടുകിടാ വിറയ്ക്കുന്ന തണുപ്പാണ്. 'പലവൻപുഴ ' അതാണ് പേരിട്ടിരിക്കുന്നത്. എത്ര തവണ കണ്ടിട്ടും അതൊന്നും എനിക്ക് മടുപ്പ് ഉണ്ടാക്കിയില്ല എന്നത് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാത്ത സത്യം ആണ്. അതങ്ങനെയേ വരൂ... ആരെയും മോഹിപ്പിക്കുന്ന സുന്ദരിയാണ് ആ കാട്.
ഇതിന്റെ ഒക്കെ ഇടയിൽ ചില കാര്യങ്ങൾ നടന്നുകൊണ്ടിരിന്നു...ആത്മമിത്രം അക്ഷയ് stund choriography ചെയ്ത "മരണ മാസ്സ് 3" എന്ന short film റിലീസ് ആയി. എല്ലാവരും stund സീൻ നന്നായിട്ടുണ്ട് എന്ന് അഭിപ്രായം പറഞ്ഞു. ചെക്കൻ പണ്ടേ പൊളിയാണ്. അഞ്ചുട്ടി cycling തുടങ്ങി. 'ഒരു യാത്ര പോയ കഥ'യിൽ പറയുന്ന അഞ്ചു കക്ഷിയാണ്. അവൾ കൊച്ചരീക്കൽ cave ഒക്കെ പോയി. അതുകഴിഞ്ഞു ഫാമിലി ആയിട്ട് പാഞ്ചാലിമേടും നെല്ലിയാമ്പതിയും പോയി. റെക്കോർഡ് ഞെട്ടിക്കൽ കിട്ടിയത് ദേവൂന്റെ കയ്യിൽ നിന്നാണ്. വാഗമൺ പോയി കറങ്ങി ചറപറാ pics ഇട്ടുതന്നു.ആ സമയത്ത് കോട കാണണം എന്നത് വല്യ കൊതിയായിട്ട് ഇരിക്കുന്ന സമയം ആയിരുന്നു. സഹികെട്ടു ഒടുവിൽ ഞാനും പോയി. പാടത്തിന്റെ സൈഡിൽ. കോട വിരിഞ്ഞു നിൽക്കുന്നുണ്ട്. കോട എന്നെ മറക്കില്ല...ആരാധകരെ കാണാതായപ്പോൾ അവൾ തേടി നാട്ടിലേക്ക് ഇറങ്ങിയിരിക്കുകയാണ്, കൊച്ചുകള്ളി...
ഓരോ സ്ഥലങ്ങളിൽ പണ്ട് പോയപ്പോൾ എടുത്ത pics ചുമ്മാ നോക്കി സമയം കളയുന്നതിന്റെ ഇടയിൽ നല്ല കുറച്ചു pics ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു തുടങ്ങി. പിന്നെ അത് അടുത്ത പണി കൊണ്ടുതന്നു. ലോക്കൽ ഗൈഡ്...
എല്ലാവർക്കും ഇഷ്ട്ടപെട്ടത് ക്ണാച്ചേരി അമ്പലം ആണ്. അതിന്റെ വീഡിയോ ആണ് ഇട്ടിരുന്നത്. ഒരുത്തൻ അവന്റെ പുതിയ xpulse കൊണ്ട് offroad പോകാൻ ആണ് വിളിച്ചതെങ്കിൽ അടുത്തവൻ അവന്റെ പുതിയ note9 pro ന്റെ camera റിവ്യൂ ചെയ്യാൻ ആണ് വിളിച്ചത്. അവർ രണ്ടും ഹാപ്പി. ഞാൻ ഡബിൾ ഹാപ്പി. അടുത്ത ആൾ പെരുമ്പാവൂർ kungfu ക്ലാസ്സിലെ ചങ്ങായി വിഷ്ണു ആയിരുന്നു. അവൻ അച്ഛനെയും കൂട്ടി അമ്പലത്തിൽ പോകാൻ വേണ്ടി തന്നെ വന്നതായിരുന്നു. ഉണ്ണി അമ്പലത്തിന്റെ വീഡിയോ എടുത്തത് യൂട്യൂബിൽ ഇട്ടിരുന്നു. അത് ഞാൻ സ്റ്റാറ്റസ് ഇട്ടതു കണ്ടിട്ടാണ് അവൻ വിളിക്കുന്നത്.
അവർ തൊഴാൻ പോകുന്നതാണല്ലോ എന്നോർത്തിട്ട് ഞാൻ അന്ന് 6 ന് ആണ് പോയത്.ചെന്നപ്പോൾ മണ്ഡലകാലം തുടങ്ങിയ സമയം ആയതുകൊണ്ട് 41 ദിവസം പൂജ ഉണ്ട് അടുപ്പിച്ചു. അവിടെ അമ്പലത്തിൽ ഉള്ളവരെ എനിക്ക് ഇപ്പോൾ പരിചയം ഉണ്ട്. കുളിക്കാത്തതുകൊണ്ട് ഞാൻ പുറത്തു തന്നെ ആണ് നിന്നോളൂ. ഇടയിൽ പുറത്തേക്ക് വന്ന ഒരു ചേട്ടൻ എന്റെ പേര് ചോദിച്ചു, മതം ഏതാണെന്നു അറിയാൻ വേണ്ടി ആണെന്ന് തോന്നി ഞാൻ കേറാത്തതിന്റെ കാര്യം പറഞ്ഞു.(പക്ഷെ അവിടെ വരുന്നവരുടെ മതമോ ജാതിയോ അവിടെ ആരും ചോദിക്കാറില്ല, മഞ്ഞപിത്തം എന്റെ കണ്ണിൽ ആയിരുന്നു ) പുള്ളിയെ ഞാൻ അവിടെ ആദ്യം കാണുന്നതാണ്. ഞങ്ങൾ സംസാരിച്ചു പരിചയപെട്ടു. പെരുമ്പാവൂർ അടുത്താണ് വീടെന്നറിഞ്ഞപ്പോൾ ഇനി വരുമ്പോൾ തൊഴാൻ റെഡി ആയി വരാൻ പറഞ്ഞു പുള്ളി വിട്ടു.(അമ്പലത്തിൽ കേറാൻ മടിയാണ് എന്ന് പറയേണ്ടി വന്നു... അതന്നെ )
കുറച്ചു കഴിഞ്ഞു വിഷ്ണു ഇറങ്ങി വന്നു. അവനും ഞാനും ഓരോന്ന് സംസാരിച്ചു അവിടെ നിന്നു. അവന്റെ അച്ഛൻ ശാന്തിയോട് അമ്പലത്തിന്റെ കാര്യങ്ങൾ ചോദിച്ചു അകത്തു നിൽക്കുകയാണ്. വിഷ്ണു ഇപ്പോൾ കൗൺസിലർ ന്റെ കോഴ്സ് കഴിഞ്ഞു നിൽക്കുകയാണ്. അടുത്തേക്ക് വരുന്നവൻ ഏത് മൂഡിൽ ആയാലും കുറച്ചു സമയം കൊണ്ട് തിരിച്ചു ചിരിച്ച മുഖത്തോടെ(മനസ്സിലെ ഭാരം കുറച്ചു ) വിടാൻ കഴിവുള്ള ആൾ... അതാണല്ലോ കൗൺസിലർ. പൈസക്കാണേലും അല്ലേലും ഒരാളുടെ മനസ്സിന് ശാന്തി കൊടുക്കുക എന്നത് വലിയ കാര്യം ആണല്ലോ. ചില methods ഒക്കെ പുള്ളി വിവരിച്ചു തന്നു.(കലങ്ങിയിട്ടില്ല )
അങ്ങനെ നിൽക്കുമ്പോൾ ആണ് ഷൈജു ചേട്ടൻ വരുന്നത്. അന്ന് ഉണ്ണിയും ഞാനും വീഡിയോ ചെയ്യാൻ വന്നപ്പോൾ എല്ലാ സ്ഥലങ്ങളും വിശദീകരിച്ചുതന്നത് ആളാണ്. ഒടുവിൽ അമ്പലത്തിൽ കേറുന്നതിനു മുന്നേ എന്നോട് പൂജയ്ക്ക് തലേന്ന് വരാൻ പറഞ്ഞു. ഒരു മാസത്തിൽ ഒന്നാം തിയതി മാത്രമേ പൂജ ഉള്ളു. അപ്പോൾ അടുത്ത പൂജയ്ക്ക് തലേന്ന് വന്നു അമ്പലം ക്ലീൻ ചെയ്യണം. വന്നാൽ അമ്പലത്തിന്റെ അകത്തു കിടക്കാം. ഫെൻസിങ് ഉള്ളത് കൊണ്ട് സേഫ് ആയി സകല സാധനങ്ങളെയും കാണാം.
"ചേട്ടൻ ആ നമ്പർ ഇങ്ങു തന്നെ... മണ്ഡലകാലം കഴിയട്ടെ. ഞാൻ വരാം..."
അത് കഴിഞ്ഞു പുള്ളി തൊഴാൻ പോയി. വിഷ്ണുവിന്റെ അച്ഛൻ വന്നു. ഇതുപോലെ കോട്ടപ്പാറയിലും ഒരമ്പലം ഉണ്ടെന്ന് പറഞ്ഞു.
"അത് അറിയാം. ഞാനും പോയിട്ടുണ്ട്."
അതുകേട്ടപ്പോൾ വിഷ്ണുവിനും പോകണം എന്ന് താല്പര്യം പറഞ്ഞു. നമുക്ക് ഒരു ദിവസം പോകാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.
തുടരും...
Bạn đang đọc truyện trên: Truyen247.Pro