Morning Ride
ഈ നശിച്ച കൊറോണ കാരണം എങ്ങോട്ടും പോകാൻ പറ്റാതെ ഇരിക്കുന്ന സമയത്താണ് കഥ എഴുത്തിൽ കൂടുതൽ സമയം കളയാൻ തുടങ്ങിയത്.സെപ്റ്റംബർ മുതൽ ക്ലാസ്സ് തുടങ്ങിയതുകൊണ്ട് തിങ്കൾ മുതൽ ശനിവരെ സമയം പോകുന്നതിനു പരിഹാരം ആയെന്ന് പറയാം.
പുനലൂർ നിന്ന് ജോലി കളഞ്ഞു വന്ന ഉണ്ണിക്കുട്ടൻ ഇടമലയാർ അവന്റെ സ്വന്തം വീട്ടിൽ പോസ്റ്റാണ്. ഞാനും വിനുവും ഇടയ്ക്കൊക്കെ അവന്റെ അടുത്ത് പോകും. പിന്നെ ഒന്ന് രണ്ടു തവണ ചൊക്ര മുടി, ഇഞ്ചത്തോട്ടി ഒക്കെ പോയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഉണ്ണിക്ക് ഒരു മോർണിംഗ് റൈഡ് പോകണം എന്ന് പറയുന്നത്. സ്ഥലം ഒന്നും വിഷയമല്ല. രാവിലെ തന്നെ ഒരു കറക്കം. എനിക്ക് രാവിലെ 10ന് ക്ലാസ്സിൽ പോകണം. എന്റെ വീട്ടിൽ നിന്ന് ഉണ്ണിയുടെ വീടെത്താൻ ഒരു മണിക്കൂർ വേണം.അവന് നാളെ തന്നെ പോകണം, ഞായർ ആകാൻ ഉള്ള ക്ഷമ ഇല്ല. ഒരു രക്ഷയും ഇല്ല എന്നപോലെ ആയപ്പോൾ മോർണിംഗ് 5 ന് അവിടെ വരാം എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.
കിടക്കാൻ നേരത്താണ് ഓർക്കുന്നത്, രാവിലെ 4 ന് ഇവിടെ നിന്ന് ഇറങ്ങിയാലെ അവിടെ 5 ന് എത്തുക. പരീക്ഷക്ക് പോലും ഞാൻ കഷ്ട്ടപെട്ടാണ് എണീക്കാറുള്ളത്.എങ്കിലും ചെല്ലാമെന്ന് ഏറ്റതല്ലേ... അലാറം വച്ചു ഫോൺ ലോക്ക് ചെയ്യാൻ നോക്കിയപ്പോൾ ഇൻസ്റ്റയിൽ ചങ്കൻ നാളുകൾ കൂടി ഫോട്ടോ ഇട്ടു എന്നും പറഞ്ഞു നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്... ആഹാ... ഇവനൊക്കെ ഇപ്പോളും ജീവനോടെ ഉണ്ടല്ലോ... ഒരു ലൈക് കൊടുത്തു സ്ക്രോൾ ചെയ്തപ്പോൾ പിന്നെ കണ്ടത് ട്രോൾ ആണ്. എന്തിനു പറയണം കിടന്നപ്പോൾ 12 ആവാറായി.
പക്ഷെ എന്നെ ഞാൻ തന്നെ ഞെട്ടിച്ചു എന്ന് വേണം പറയാൻ.3.45 ന് വച്ച അലാറം 3.30 ആയപ്പോൾ എണീറ്റ് off ചെയ്തു. പക്ഷെ അരമണിക്കൂർ വേണ്ടല്ലോ റെഡി ആകാൻ എന്നോർത്തു പിന്നെയും കിടന്നു." കിടക്കല്ലേ... കിടക്കല്ലേ... " എന്ന് പല തവണ ഒരുത്തൻ ഉള്ളിൽ ഇരുന്നു പറഞ്ഞതായിരുന്നു. പക്ഷെ കിടന്നു. പിന്നെ തുറന്നപ്പോൾ 3.55. സമയം കണ്ട ഞാൻ നേരെ പോയി മുഖം കഴുകി ജാക്കറ്റ് എടുത്തു ഡ്രെസ്സ് മാറി നേരെ അച്ഛനെ വിളിച്ചെണീപ്പിച്ചു. പോകുന്ന കാര്യം വീട്ടിൽ പറയാൻ മറന്നുപോയി. വണ്ടി എടുക്കുമ്പോൾ ശബ്ദം കേൾക്കും. അതുകൊണ്ട് ആണ് വിളിച്ചത് എന്ന് പറഞ്ഞാൽ മതിയല്ലോ...
"അച്ഛാ... ഞാൻ ഒന്ന് ഇടമലയാർ പോയിട്ട് വരാം "
വെളുപ്പിന് തന്നെ പല്ലുപോലും തേക്കാതെ ഇവൻ ഇതെന്താ ചെയ്യാൻ പോകുന്നത് എന്ന് അച്ഛനും മനസ്സിലായില്ല. ശേ...ഇടമലയാർ എന്ന് പറയണ്ടായിരുന്നു... അച്ഛൻ എണീറ്റ് അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് വന്ന് ടീവി ഓൺ ആക്കി ന്യൂസ് വച്ചു. (അച്ഛന്റെ ഉറക്കം പോയി...)
വാലിന് തീ പിടിച്ച പോലെ ഞാൻ വണ്ടി എടുത്തു കത്തിച്ചു വിട്ടു.ഒരു വല്ലാത്ത പോക്കായിരുന്നു. ഭൂതത്താൻകെട്ട് ചെക്പോസ്റ്റ് എത്തിയപ്പോൾ സമയം 4.35 കഴിഞ്ഞിട്ടേ ഉള്ളു... അമ്മാതിരി സ്പീഡിൽ ഞാൻ ഇതുവരെ വണ്ടി ഓടിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്. പക്ഷെ പണി പാളി. ചെക്ക്പോസ്റ്റ് ക്ലോസ് ചെയ്തിരിക്കുകയാണ്. കാവലിന് ഒരു ഗാർഡ് ഉണ്ട്. ഞാൻ ഉണ്ണിയെ വിളിച്ചു, അവന്റെ വീട്ടിൽ റേഞ്ച് ഇല്ല. മൊത്തം കാടല്ലേ, അവന്റെ jio സിം മാത്രമേ വിളിച്ചാൽ കിട്ടൂ. ആ കാലൻ രാവിലെ തന്നെ കുറുകികൊണ്ടിരിക്കുവാണ് ഒരുത്തിയോട്. ഫോൺ ഫുൾ ബിസി. ഒടുവിൽ അവൻ ഫോൺ എടുത്തു. കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു "പോയി ഹോൺ അടിച്ചാൽ മതി അയാൾ തുറന്നു തരും " എന്ന്. എനിക്ക് അത് നടക്കും എന്ന് തോന്നിയില്ല. കാടിന്റെ അകത്തേക്ക് നേരം വെളുക്കാതെ വണ്ടി കടത്തി വിടില്ല. എന്നാൽ ഇന്നലത്തെ ഹാങ്ങോവറിൽ ഒരു കസേരയിൽ ഇരുന്നു കാലുകൾ മറ്റൊരു കസേരയിലേക്ക് നീട്ടി വച്ച് പുതച്ചു മൂടി ഉറങ്ങുന്ന അയാൾ എന്റെ രണ്ടാമത്തെ ഹോൺ കേട്ട് സ്വിച്ച് ഇട്ടപോലെ എണീറ്റ് വന്ന് ചെക്ക്പോസ്റ്റ് തുറന്നു. വണ്ടിയുടെ നമ്പർ പോലും നോക്കിയില്ല!
ഇനിയങ്ങോട്ട് മൊത്തം കാടാണ്...ഇടതൂർന്നു നിൽക്കുന്ന മരങ്ങളും വള്ളി പടർപ്പുകളും മാത്രം. വണ്ടിയുടെ വെളിച്ചം മാത്രമേ ഉള്ളു.കുറെ ചെന്നപ്പോൾ ഞാൻ ഓരോന്ന് ഓർത്ത് സ്വപ്നലോകത്തിലെത്തി. തുണ്ടം എത്തിയപ്പോൾ വഴി രണ്ടായി പിരിയും.ഇടതു വശം മൊത്തം കാടാണ്.വലതു സൈഡ് പോയാൽ കുറെ ചെല്ലുമ്പോൾ വീടുകൾ ഉണ്ട്. പക്ഷെ ദൂരം കൂടുതൽ ഉണ്ട്. പാതി വെളിവിൽ left അടിച്ചു. തണുപ്പ് ജാക്കറ്റിനെ തുരന്നു എന്നെ വിറപ്പിച്ചു തുടങ്ങി. ഹെഡ് ലാമ്പിന്റെ വെളിച്ചം ഇരുട്ടിനു ഒരു പ്രശ്നമേ അല്ലാതെയായി.
പെട്ടന്നാണ് തലയിൽ ഒരു ബൾബ് കത്തുന്നത്. വൈകീട്ട് 6 കഴിഞ്ഞാൽ ആന ഇറങ്ങുന്ന വഴിയിലൂടെ ആണ് മോൻ ചീറി പാഞ്ഞു ദിവാ സ്വപ്നം കണ്ട് പോകുന്നത്. അതോടുകൂടി വണ്ടിയുടെ സ്പീഡ് നല്ലപോലെ കുറച്ചു. എല്ലാ വളവും വളരെ പതുക്കെ ആണ് വളച്ചത്. എങ്ങാനും മുന്നിൽ പെട്ടാൽ വണ്ടി തിരിക്കാൻ ഉള്ള സമയം അത് തരില്ല. ഇട്ടിട്ടു ഓടാം എന്ന് വച്ചാൽ ആകെ ഉള്ള വെളിച്ചം ഫോണിന്റെ ഫ്ലാഷ് ആണ്. പിന്നെ കാട്ടിലേക്ക് ആണ് ഓടുന്നത്.ആന വിട്ടാലും പുലി കണ്ടാൽ വിടില്ല. പാമ്പ് കടിച്ചാലും പടം ആണല്ലോ. എന്നെ ഞാൻ തന്നെ ഓരോന്ന് പറഞ്ഞു വിരട്ടി.
എനിക്കിപ്പോൾ ഒരു കരിയില വീണാലും കേൾക്കാം. വീണ് കിടക്കുന്ന മരങ്ങൾ ഞാൻ മറ്റു പലതും ആയാണ് കാണുന്നത്.ഭീതി നിറച്ചുകൊണ്ട് സമയങ്ങൾ കടന്നുപോയി. ഇനി അവന്റെ വീടെത്താൻ ഒരു കിലോമീറ്റർ ഇല്ല. പക്ഷെ ദൂരെ സൈഡിൽ ഉള്ള ചെരിവിൽ തിളങ്ങുന്ന കുറെ കണ്ണുകൾ ഞാൻ കണ്ടു...
പക്ഷെ അത് പുലി അല്ല എന്നുറപ്പാണ്.നല്ല വലിപ്പമുള്ള കണ്ണുകൾ ആണ്. മാത്രമല്ല പലപ്പോളും ഒറ്റ പുലി ആയാണ് ഇറങ്ങുന്നത്. അന്നേരം ഒരുത്തൻ അകത്തിരുന്നു പണി തുടങ്ങി...
"എടാ അത് ആനയാ... നിന്നെ അതിന്നെടുത്തു കോണകം ഉടുക്കും."
പക്ഷെ ആനയുടെ കണ്ണുകൾ തിളങ്ങാൻ വഴിയില്ല എന്ന എന്റെ ചിന്ത വണ്ടി നിർത്താൻ അനുവദിച്ചില്ല. ഏകദേശം അടുത്തെത്തിയപ്പോൾ കണ്ടത് എന്നെ അന്തംവിട്ട് നോക്കുന്ന മ്ലാവുകളെ ആണ്. അന്നേരം പിന്നേം ലവൻ ഇരുന്നു പറഞ്ഞു തുടങ്ങി...
"ബാ... വണ്ടി നിർത്ത്. രണ്ട് ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇട്. Exploring with wild..."
'ഒന്ന് ചുമ്മാ ഇരിയെടെ...'
വീടെത്താതെ എന്റെ ജീവന്റെ കാര്യത്തിന് ഒരു ഉറപ്പും ഇല്ല. ചക്കിമേട് എന്ന ബോർഡ് കണ്ടപ്പോൾ പിന്നെ ആശ്വാസം ആയി. ഇനി ഒന്ന് ഉറക്കെ കൂവിയൽ ഇറങ്ങി വരാൻ ആളുകൾ ഉണ്ട്. അവന്റെ വീട് ഒരു മലയുടെ താഴെ ആണ്. അതിനു അപ്പുറം ഒരു തോട് കൂടെ കഴിഞ്ഞാൽ പിന്നെ കാട് ആണ്. വണ്ടി നിർത്തി ശബ്ദം താഴ്ത്തി ഉണ്ണിയെ വിളിച്ചു. അവൻ റൂം തുറന്ന് പുറത്തു വന്നു.കൂടെ അമ്മയും നിത്യമോളും ഇറങ്ങി വന്നു. ഹെൽമെറ്റും ജാക്കറ്റും കാരണം അവർക്ക് എന്നെ മനസ്സിലായില്ല. ഒരു ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ ok ആയി.
"എന്താടാ ഈ സമയത്തു?"
അമ്മ ചോദിച്ചു. അപ്പോൾ ഉണ്ണിയും എന്നെ നോക്കി അതേ ചോദ്യം ചോദിച്ചു.
ഇവനെ ഞാൻ... എന്തായാലും ഉണ്ണി വിളിക്കാതെ ഈ നേരത്ത് വരില്ല എന്ന് അമ്മക്കറിയാം.
ഞാൻ മ്ലാവിനെ കണ്ട കാര്യം അവരോട് പറഞ്ഞു.മരപ്പാലം വഴിയാണ് വന്നത് എന്ന് ഒരു ചെറിയ വിറയലോടെ ആണ് പറഞ്ഞത്.ഉണ്ണി അത് കേട്ട ഉടനെ "നിന്റെ വണ്ടി എവിടെയാ" എന്ന് ചോദിച്ചു.
"എന്തിനാടാ... നീ ഇതുവരെ മ്ലാവിനെ കണ്ടിട്ടില്ലേ?"എനിക്ക് അത്ഭുതമായി.
'അതല്ല, വണ്ടി ഉണ്ടെങ്കിൽ നീ നീതന്നെ. വണ്ടി ഇല്ലെങ്കിൽ ഇവിടെ നില്കുന്നത് നിന്റെ ആത്മാവാണെന്നു ഉറപ്പിക്കാൻ വേണ്ടിയാ...'
"എന്താന്ന്..."
'എടാ പ്രാന്താ... ഇവിടെ മൊത്തം ആന ഇറങ്ങിയേക്കുവാ... ദേ മുറ്റത്തു ഡ്രം വച്ചേക്കുന്നത് കണ്ടില്ലേ. ഇന്ന് പുലർച്ചെ 1.30 ഒക്കെ ആയപ്പോൾ ദേ തോടിന്റെ അപ്പുറത്ത് വന്നു. ഞാനും നിത്യയും കൂടെ കൊട്ടി ഓടിച്ചതാ... ഏലിയാസ് ചേട്ടന്റെ വാഴ മൊത്തം പോയി.ഈ സമയത്തു ഇവിടെ ഉള്ളവർ പോലും ആ വഴി വരില്ല.'
ദൈവമേ നേരം ഒന്ന് വെളുത്തിരുന്നെങ്കിൽ പോയി ഒരു ലോട്ടറി എടുക്കാമായിരുന്നു. എജ്ജാതി...അപ്പോളും അകത്തിരുന്നു ഒരുത്തൻ പിന്നെയും പറയുന്നുണ്ട്...
"ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല..."
മിക്കവാറും ഇവൻ എന്റെ പൊഹ കണ്ടേ അടങ്ങു...അമ്മ ചായ ഇട്ടുതന്നു, അതും കുടിച്ചു ഞങ്ങൾ ഇറങ്ങി. ഞാൻ വന്ന വഴി തന്നെ ആണ് അവനും പോയത്. വഴിയിൽ മ്ലാവുകളെ പലയിടത്തും കണ്ടു. ഞാൻ ചീറി പാഞ്ഞു പോയ ഇടങ്ങളിലും അവറ്റകൾ ഉണ്ടായിരുന്നു. അതെങ്ങനാ കണ്ണ് തുറന്നു ഇരിക്കുന്നുണ്ടെന്നേ ഉള്ളു... റോഡ് ക്രോസ്സ് ചെയ്യുന്ന ഒരു മുള്ളൻ പന്നിയേയും കണ്ടു.
ഭൂതത്താങ്കെട്ട് എത്തിയപ്പോൾ വണ്ടി നിർത്തി ഡാം തുറന്നു വെള്ളം വീഴുന്ന വീഡിയോ ഒരെണ്ണം സ്റ്റാറ്റസ് ഇട്ടു. സമയം 5.45 ആയപ്പോൾ ആണ്... ഡാമിന് ചുറ്റും ഉള്ള ലൈറ്റ് മാത്രമേ ഉള്ളു.എങ്ങോട്ടാ പോകേണ്ടത് എന്ന് ചോദിച്ചപ്പോൾ ഉണ്ണിക്ക് ഒന്നും പറയാൻ ഇല്ല. ഒടുവിൽ കുട്ടമ്പുഴ പോകാൻ തീരുമാനം ആയി.
കുട്ടമ്പുഴ എത്തിയപ്പോൾ ക്ണാച്ചേരി അമ്പലത്തിൽ പോകാം എന്നായി.1000 വർഷമോ അതിനു മുകളിലോ പഴക്കം ഉണ്ടെന്നാണ് പറയുന്നത്. കാടിന് നടുവിൽ ആണ്. എല്ലാ മലയാള മാസവും ഒന്നാം തിയതി പൂജ ഉണ്ട്. പോകുന്ന വഴിയിൽ കിടക്കുന്ന ആന പിണ്ടത്തിൽ നിന്ന് ആവി പറക്കുന്നുണ്ട്. പക്ഷെ ഇനി എനിക്ക് ആ ദിവസം ഒന്നും സംഭവിക്കാൻ ഇല്ല.
ഒരു വലിയ തോട് കടന്നു ചെറിയൊരു കുന്ന് കയറിയാൽ അമ്പലത്തിൽ എത്താം.ചുറ്റിലും മരങ്ങൾ ആണ്. തോടിന് വീതി ഉണ്ടെന്നേ ഉള്ളു, വെള്ളം കാൽ പാദം നനയ്ക്കാൻ ഉള്ളതെ ഉള്ളു. തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങളും പടർപ്പുകളും ആണ്. കിളികളുടെ കൂടെ ചീവിടും കൂടിയപ്പോൾ ചെവിയുടെ റിലേ പോയി. അമ്പലത്തിനു ചുറ്റും ഫെൻസിങ് ഇട്ടിട്ടുണ്ട്. അല്ലെങ്കിൽ സകല ജീവികളും കയറി നിരങ്ങും.
അവിടെ വെട്ടയ്ക്കൊരുമകൻ ആണ് പ്രതിഷ്ട്ട. ശിവന്റെ മകൻ ആണെന്നാണ് പറയുന്നത്. ഇതുപോലെ കോട്ടപ്പാറ വനത്തിലും ഒരമ്പലം ഉണ്ട്. അവിടെ ശബരിമല പോലെ ആളുകൾ ഇരുമുടി കെട്ടുമായി പോകാറുണ്ട്. അവിടെ ഉള്ള കൂട്ടുകാരൻന്റെ അച്ഛൻ സഹായിച്ചു പലതവണ അവിടെ ചെന്നിട്ടുണ്ട്. രണ്ടിടത്തും അമ്പലത്തിനോട് ചേർന്ന് ആയുധശേഖരം കണ്ടെത്തിയിട്ടിട്ടുണ്ട്. ഒന്നെങ്കിൽ ആ അമ്പലത്തിൽ കളരി പഠിപ്പിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ആയുധങ്ങൾ അർപ്പിച്ചതാവാം. അമ്പലത്തിന് ചുറ്റും ചുമ്മാ നടന്നു, പ്രാർത്ഥിക്കാനും പരിഭവം പറയാനും ഒന്നും തന്നെ ഇല്ല. കിട്ടിയതിനൊക്കെ പെരുത്ത് നന്ദി മാത്രം... ജാട കാരണം നന്ദിയും പറഞ്ഞില്ല.
ചുറ്റിലും വലിയ മരങ്ങൾ ആണ്. പലതിനും ഒരുപക്ഷെ 100 നു മുകളിൽ പ്രായം കാണും. ക്ഷേത്രത്തിന്റെ നടുക്ക് കാണുന്ന കിണറിനു അമ്പലത്തിന്റെ അത്ര തന്നെ പഴക്കം ഉണ്ട്. ചില മരങ്ങൾ 3,4 പേരൊക്കെ വട്ടം പിടിച്ചാലാണ് എത്തുക.അമ്പലം പൊളിഞ്ഞു പോയതാണ് പഴക്കം കാരണവും അല്ലാതെയും ആയിട്ട്. പുതുക്കി പണിതപ്പോൾ പഴയ ശിലകൾ കൂടെ ഉപയോഗിച്ച് ആണ് ചെയ്തത്. ബാക്കി ഉള്ളത് ഒരു മരത്തിനു ചുവട്ടിൽ കൂട്ടി ഇട്ടിട്ടുണ്ട്. നേരിയ തോതിൽ കോടയും ചുറ്റിനു കാണാം. മൊത്തത്തിൽ ഒരു സുഖകരമായ അനുഭവം.
അതിരാവിലെ തന്നെ കാടിന് ഉള്ളിൽ കേറുമ്പോൾ ഉള്ള ഒരു മൂഡ് വല്ലാത്ത ഉന്മേഷം ആണ് തരുന്നത്. പക്ഷെ കുറച്ചു നേരം കറങ്ങി നടന്നു കഴിഞ്ഞപ്പോൾ പോകാം എന്നായി. എനിക്ക് അല്ലെങ്കിൽ ക്ലാസ്സിൽ പോകാൻ കഴിയില്ല.അങ്ങനെ അവിടെ നിന്ന് ഇറങ്ങി.
കാടിന്റെ ഉള്ളിൽ നിന്ന് പുറത്തെത്തി ടാറിട്ട റോഡിൽ എത്തിയപ്പോൾ ഉണ്ണി വലത്തേക്ക് വണ്ടി വിട്ടു. മാമലക്കണ്ടം പോകുന്ന വഴി. ഞാൻ ആദ്യമായാണ് ആ വഴി പോകുന്നത്. കാടിന്റെ ഉള്ളിലൂടെയാണ് ആ വഴി പോകുന്നത്. കാഴ്ചകൾ വിവരിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. പക്ഷെ മാമലക്കണ്ടം പോകാൻ ഉള്ള സമയം ഇല്ല, കുറച്ചു ചെന്നപ്പോൾ കണ്ട പാറയുടെ മുകളിൽ വണ്ടി നിർത്തി. താഴെ നല്ല കോട മഞ്ഞുണ്ട്. അപ്പുറത്തു മലകളും. കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു.
ചില പ്രത്യേക സ്ഥലങ്ങളിൽ, സമയങ്ങളിൽ,ചുറ്റുപാടിൽ എന്റെ ഫിലോസഫി അവനും അവന്റെ കാഴ്ചപ്പാടുകൾ എനിക്കും നല്ലപോലെ മനസ്സിലാക്കാൻ കഴിയുമായിരുന്നു.എന്റെ സൗഹൃദങ്ങൾ ശക്തിപ്പെടുന്നത് ഇങ്ങനുള്ള യാത്രകളിൽ ആയിരുന്നു.
ഒത്തിരി താമസിക്കാതെ ഞങ്ങൾ അവിടെ നിന്ന് വിടപറഞ്ഞു.ഉണ്ണിയെ വീട്ടിൽ എത്തിച്ചു അവിടെ കേറാൻ നിൽക്കാതെ നേരെ വീട് പിടിച്ചു.എനിക്ക് അപ്പോളെ ഉറപ്പായിരുന്നു, ഇനിയും ഇവിടെ തന്നെ വരും എന്ന്. അതങ്ങനെ തന്നെ സംഭവിച്ചു.
തുടരും...
Bạn đang đọc truyện trên: Truyen247.Pro