Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ഭാഗം-2

ഒരു 30 സെന്റിന്റ പ്ലോട്ടിൽ നടുക്ക് പ്രൗഢഗംഭീരമായ ഒരു പഴയ ബ്രിട്ടീഷ് മോഡൽ ബംഗ്ലാവായിരുന്നു ബീച്ച് ബംഗ്ലോ... നിക്കാഹ് ശേഷം 2 മാസം കഴിഞ്ഞ് കാണും.... ഉപ്പ പറഞ്ഞാണ് ആമിക്ക് ഇങ്ങനെ ഒരു പ്രോപർട്ടി ഉണ്ടന്നറിഞ്ഞത്... തലയ്ക്കൊരൽപം
ഓളമുള്ള ഈ സെലിബ്രിറ്റി ജേണലിസ്റ്റിനെ തന്റ തലയിൽ കെട്ടിവെച്ചതിന് പിന്നിൽ ഉപ്പാക്ക് കുറച്ച് ദുരുദ്ദേശങ്ങൾ ഉണ്ടെന്ന് മനസ്സിലായത് പിന്നീടാണ്! ഫോർട്ട് കൊച്ചി പോലുള്ള ഒരു ടൂറിസ്റ്റ് സെന്ററിൽ ഇതുപോലൊരു ബിൽഡിംങ്ങിന്റ ബിസിനസ്സ് സാധ്യതയെ പറ്റി ഉപ്പയുടെ നിർദ്ദേശപ്രകാരം ഒരു ക്ലാസ് എടുത്തു കൊടുത്തു നാസിം.... അതെല്ലാം കേട്ടിട്ട് ഒരഭിപ്രായവും പറയാതെ ബാപ്പി ഇങ്ങോട്ടേയ്ക്ക് കൂട്ടികൊണ്ട് വന്നു.. അന്നാണ് ഇത് വെറുമൊരു ബിൽഡിംങ്ങ് അല്ല.... വൈകാരികമായി ആമിയും ബാപ്പിയും ആ വീടിനോട് അത്രമേൽ അടുപ്പത്തിലാണെന്ന് മനസ്സിലായത്! ഉപ്പയെ അത് പറഞ്ഞ് മനസ്സിലാക്കാൻ പെട്ട പെടാപ്പാട്!

''എറങ്ങണില്ലേ?" ആമിയുടെ ശബ്ദം നാസിമിനെ ചിന്തകളിൽ നിന്നുണർത്തി ഉണർത്തി....

''മോള് വരൂന്ന് പറഞ്ഞപ്പോ ബാപ്പൂട്ടി ബിച്ചസിച്ചിട്ടില്ല! എങ്കിലും മോളിലത്തെ അന്ററേല് Acഇം ഡമ്പിള്കോട്ട് കട്ടിലും ഒക്കെ ഉഷാറാക്കീക്കണു.... പിന്ന അടുക്കളേലും സാനങ്ങള് ജോറാക്കീക്കണ്... എത്രക്കാലായി ഈ അടുക്കളേല് ബെപ്പില്ലാണ്ടായട്ട്!" ബീവീമ്മ നെടുവീർപ്പിട്ടു...

"ഇനിയെന്നും നമ്മക്കീ അടുക്കളേത്തന്ന ബെപ്പും ബേബിക്കലുമൊക്കെ ആവാലോ? എന്നാപ്പിന്ന ബീമ്മ ബിട്ടോളൂട്ടോ...." അവരെ ആശ്ലേഷിച്ചു കൊണ്ട് അവൾ പറഞ്ഞു...

" ആ താക്കോലിങ്ങ് തരൂ...." അവൾ നാസിമിന്റ കയ്യിൽ നിന്ന് താക്കോൽ പിടിച്ച് വാങ്ങി അവന് എതിർക്കാൻ കഴിയും മുൻപ് താക്കോൽ ബാപ്പൂട്ടിയെ ഏൽപിച്ചു.

"ബാപ്പൂട്ട്യാമ്മ...... ബീമ്മാനെ കൊണ്ടോയാക്കീട്ട് വണ്ടി ഇമ്മാനുവൽ ഗ്യാരേജിലേക്കിട്ടോളൂ കംപ്ലയ്ന്റ് ഒക്കെ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്!" നാസിമിന്റ കണ്ണ് മിഴിച്ചു പോയി!

കേട്ടപാതി കേൾക്കാത്ത പാതി ബാപ്പൂട്ടി വേഗം കാറിൽ കേറി സ്റ്റാർട്ട് ചെയ്‌തു.
എഴുപതിനോടടുത്ത ബീവീമ്മയെ ആമി കാറിലേയ്ക്ക് ശ്രദ്ധയോടെ കയറ്റി.

"ശരി ആമൂട്ട്യേ......"

അവൾ പുഞ്ചിരിച്ച് കൊണ്ട് അവരെ യാത്രയാക്കി!

" എടോ താനെന്ത് പണിയാ ഈക്കാണിച്ചേ? എനിക്ക് തിരിച്ചു പോണ്ടെ?"നാസിം അവളോട് ദേഷ്യപ്പെട്ടു.

" എന്നെ തനിച്ചാക്കി നാച്ചിക്ക പോവ്വോ?"
ആമി അവനെ ചൂഴ്ന്നൊന്നു നോക്കി!

"തനിച്ചാക്കണതെന്തിനാ? തന്റ ബാപ്പിയില്ലേ ഇവിടെ?" നാസിം മൊബൈൽ എടുത്ത് യൂബർ ആപ്പ് ഓൺ ചെയ്തു...
നാസിമിന്റ കാർ എടുക്കാൻ തുനിഞ്ഞപ്പോൾ വേണ്ട എന്റതെടുത്താൽ മതിയെന്നവൾ പറഞ്ഞതിന്റ പിന്നിൽ ഇങ്ങനെ ഒരുദ്ദേശം ഉണ്ടാവുമെന്നറിഞ്ഞില്ല. കാണിച്ചു തരാം ഞാൻ! അവൻ ആമിയെ നീരസത്തോടെ നോക്കി....

"നാച്ചിക്കാ..... നിങ്ങള് ശെരിക്കും പൊട്ടനാല്ലേ? തലയ്ക്ക് വെളിവുള്ള ആരേലും ഈ ടൈമില് ഓൺ ലൈൻ കാബ് വിളിക്യോ?" ആമി നാസിമിനെ വെറുപ്പിക്കാൻ കണക്കാക്കി ഇറങ്ങിയതാണ്!

"ഒരു ഫോൺ കോളിന്റ ദൂരമൊള്ളൂ മരട്‌ന്ന് ഇങ്ങോട്ട് പറന്ന് വന്ന് കൊണ്ട് പോകും എന്റ ചങ്ക്സ്!"

" എന്നാലങ്ങനായിക്കോട്ടെ....."ആമിയുടെ മുഖം വാടി.....

" ഞാൻ കഴിക്കാനെടുത്തു വെയ്ക്കാം!..പാവം ബീമ്മ.... പുയ്യാപ്പളക്ക് ഒത്തിരി സ്നേഹത്തോടെ വെച്ച് വിളമ്പിപ്പോയതാണ്......" ഇതും പറഞ്ഞ് കിച്ചണിലേക്ക് പോയ ആമിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..... വന്നിട്ടിത്രനേരമായി ബാപ്പിയിവിടെ ഉണ്ടോ ഇല്ലയോ എന്ന് ഒരിക്കൽ പോലും നാസിം നോക്കിയിട്ടില്ല.......! മനസ്സിലാക്കുമെന്ന് കരുതി! ഇല്ല മനസ്സിലാക്കില്ല! ഇത്രയും കാലം ഒന്നിച്ചുണ്ടായിട്ടും ആമിയുടെ മനസ്സിൽ നാസിം തന്റെത് മാത്രമാണെന്ന് തോന്നിത്തുടങ്ങിയത് മനസ്സിലാക്കിയില്ല!പിന്നെയാണ്!.....

പിന്നീട് അവൾ ചെയ്തതെല്ലാം യാന്ത്രികമായിരുന്നു......

മൊബൈലിൽ നിന്ന് മുഖമുയർത്താതെ അവൻ ഡൈനിംങ്ങ് ടേബിളിൽ വന്നിരുന്നു..

അവൾ ഭക്ഷണം വിളമ്പി.....
മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ തന്നെ നാസിം കഴിച്ചു തുടങ്ങി.....

" നീ കഴിക്കുന്നില്ലേ?." എന്നൊരു ചോദ്യം അവൾ പ്രതീക്ഷിച്ചു....

"റോബോട്ടിക്സ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ഫ്രണ്ട് സർക്കിളിൽ?" ആമിയുടെ ചോദ്യം നാസിമിനെ മൊബൈലിൽ നിന്ന് കണ്ണ് അവളുടെ മുഖത്തേക്ക് പറിച്ചു നടാൻ നിർബന്ധിതനാക്കി!

"ഉണ്ടെങ്കിൽ?" എന്താ കാര്യം എന്ന ഭാവത്തിൽ അവനൊന്ന് നോക്കി.....

"അല്ല! നമുക്ക് ഒരാഡ്രോയ്ഡ് കുഞ്ഞപ്പനെ ഡവലപ്പ് ചെയ്താലോ? നല്ല മാർക്കറ്റ് ഉണ്ടാവും നിങ്ങളെപ്പോലെ മൊബൈലിന്നും ലാപ്പ്ടോപ്പിന്നും കണ്ണെടുക്കാൻ പറ്റാത്ത ചിലർക്ക് ഭക്ഷണമുണ്ടാക്കി വിളമ്പിത്തരാനും അലക്കാനും വീട് വൃത്തിയാക്കാനും പെണ്ണ് കെട്ടണ്ടല്ലോ?....." ആമിയുടെ വാക്കുകളിൽ ഇനിയും ഈ അവഗണന സഹിക്കാൻ കഴിയില്ല എന്ന ധ്വനിയുണ്ടോ?

'' അയ്യേ..... ഷോക്കായോ....? ഞാനൊരു തമാശ പറഞ്ഞതല്ലേ?....കഴിച്ചോ.... കഴിച്ചോ..."ബാലിശമായ ഒരു ചിരിയിൽ ചിന്തിക്കാൻ ഒരു പാട് വിട്ട് അവൾ എഴുന്നേറ്റു.... അപകർഷതാ ബോധമോ അപമാനഭാരമോ? എന്തോ? പിന്നീട് ഭക്ഷണം കഴിക്കാൻ നാസിമിന് തോന്നിയില്ല! അപ്പോഴെക്കും ഗേറ്റിന് വെളിയിൽ ശബ്ദം കേട്ടു....

ആ പറഞ്ഞ അഹങ്കാരത്തിന് യാത്ര പറയണോ?..... നാസിം കൈ കഴുകി ഗേറ്റ് ലക്ഷ്യമാക്കി നടന്നു...

"ഏയ് ! പറയാതെ പോവുകയാണോ?"
ആമി പിന്നിന്ന് വിളിച്ചു.....

" അതെ..... ഈ ലോക്ക് ഡൗൺ തീരുമ്പോഴെക്ക് ഒരാഡ്രോയ്ഡ് കുഞ്ഞപ്പനെ ഉണ്ടാക്കാൻ പറ്റുമോന്ന് ഞങ്ങൾ ഒന്നു നോക്കട്ടെ..." നാസിം അവൾക്ക് നേരെ നെറ്റി ചുളിച്ചു.

"ആണോ എങ്കിൽ നല്ല കാര്യം സക്സസ് ആയാൽ അറിയിക്കണെ! ഞാൻ ഇൻവസ്റ്റ് ചെയ്യാം.... ഇങ്ങളെ കെട്ടിയ വകുപ്പിന് നിക്കങ്ങനെങ്കിലും ശ്ശി ഗുണമുണ്ടാവട്ടെ..."
ഉരുളക്കുപ്പേരി പോലെ മറുപടി വന്നു.

സ്റ്റീവിന്റ ക്ഷമ നശിച്ചു....ഹോണടിച്ച് ആ ദേഷ്യം തീർക്കുകയാണെന്ന് നാസിമിന് തോന്നി....

ആമിക്ക് മുഖം കൊടുക്കാതെ നാസിം നടന്നകന്നു.... മരച്ചില്ലകൾക്കിടയിലൂടെ പൊഴിയുന്ന നിലാവിലൂടെ നടന്നകന്ന അവന്റ നിഴലുപോലും തനിക്കന്യമാണെന്നവൾക്ക് തോന്നി...

"സ്റ്റീവ് പോകാം....." നാസിം അവന്റ പിന്നിൽ കയറിയിരുന്നു....

"പൊളിപ്പൻ സെറ്റാണല്ലോ? ഇതാണോ നിന്റ അച്ചി വീട്...." ബീച്ച് ബംഗ്ലോനോക്കി അമ്പരന്ന സ്റ്റീവിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല!

"അതെ! എന്തേയ്?" സ്റ്റീവിന്റ തോളത്ത് കൈവെച്ച് നാസിം ചോദിച്ചു.

"അല്ലെങ്കിലും ചില പൊട്ടിപ്പൊളിഞ്ഞ സെക്കനന്റ് പീസിന് ഒടുക്കത്ത റീസെയിൽ വാല്യൂവായിരിക്കും! ഇവിടെ ഞാനൊരു ഫ്രഷ് പീസായിട്ടും മാട്രിമോണി മാർക്കറ്റില് കാലണയുടെ വിലയില്ല!''

" നീ ഫ്രഷ് പീസ് ഞാനതങ്ങ് വിശ്വസിച്ചു.!!! പിന്നെ റീസെയിൽ വാല്യൂ വേണങ്കിൽ സ്വന്തമായിട്ടില്ലെങ്കിലും അപ്പന് നല്ല കനത്തില് ബാങ്ക് ബാലൻസ് വേണം.....ചളിയടിക്കാണ്ട് വണ്ടിയെടുക്കടാ!" നാസിമിന് ദേഷ്യം വന്നു!

ഇവന്റ യൊക്കെ ഒരു യോഗം! കിട്ടിയത് ഒരു സെലിബ്രിറ്റി.... അവളാണെങ്കിൽ ഒറ്റമോള് അവൾക്കും തന്തക്കും നല്ല കനത്തില് ബാങ്ക് ബാലൻസ്!....... പണ്ട് പുള്ളിക്കാരിടെ ചാറ്റ് ഷോ കാണാൻ രാവിലെ 8:00 മണിക്ക് അലാറം വെച്ച് ഉണർന്നിട്ടുണ്ട്.... ചാൻസ് കിട്ടുമ്പോ ഒരു സെൽഫിഎടുക്കണം!"സ്റ്റീവ് ഓർത്തു...

" വണ്ടി സ്റ്റാർട്ടക്കാണ്ട് നീ എന്താടാ ഈ ചിന്തിച്ച് കൂട്ടുന്നത്? പോണ്ടേ?" ഇത്തവണ നാസിമിന്റ ക്ഷമനശിച്ചു....

മനസ്സില്ലാ മനസ്സോടെ സ്റ്റീവ് സ്റ്റാർട്ട് ചെയ്തു....

കൊട്ടാരം പോലെ ഒരു ബംഗ്ലാവ് കാണാൻ കൊള്ളാവുന്ന പെണ്ണുംമ്പിള്ള ലോക്ക് ഡൗൺ ആഘോഷിക്കാതെ പിന്നെ ബാക്കിയുള്ളവന്റ സ്വസ്ഥത നശിപ്പിക്കാൻ ഇവനെന്തിനാണാവോ ഈ പാവം ബാച്ചിലേഴ്സിന്റ ഫ്ലാറ്റിലേക്കെഴുന്നള്ളുന്നത്! ഇവനെക്കൂട്ടിച്ചെന്നാൽ ബാക്കിയുള്ളവരുടെ എക്സ്പ്രഷൻസ് എന്തായിരിക്കും.... ഇവൻ വരുമെന്ന കാര്യം സർപ്രൈസ് ആണ്! അറിഞ്ഞാൽ ഒരുത്തനും സമ്മതിക്കൂല! സ്റ്റീവ് ചിന്തിച്ചു.

പാതി ദൂരം പിന്നിട്ടപ്പോൾ നാസിമിന്റ മൊബൈൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.... ആദ്യം അറ്റൻഡ് ചെയ്യാതിരുന്നെങ്കിലും നിർത്താതെ വൈബ്രേറ്റ് ചെയ്തപ്പോൾ അയാൾക്ക് എടുക്കാതിരിക്കാനായില്ല!....

''ഓ! അമ്മോശനാണ്! നിക്കാതെ പോന്നതെന്താന്ന് അറിയാനായിരിക്കും.... സ്റ്റീവ്... നീ വണ്ടിയൊന്നൊതുക്കിക്കെ..... "
നാസിം വണ്ടി നിർത്തിച്ചു... എന്നിട്ട് കോൾ അറ്റൻഡ് ചെയ്തു....

" അസ്സലാമുഅലൈയ്ക്കും...മോനെ... ബാപ്പിയാണ്..... നിങ്ങൾ ഇവിടെ എത്തുമെന്ന് പറഞ്ഞിട്ട് നേരമെത്രയായി.... നിങ്ങളെവിടെയാ...."അദ്ദേഹം ആകെ
വെപ്രാളത്തിലാണ്!....

''ഞാനയാളെ വീട്ടിലാക്കിലോ? തിരിച്ചു പോരുന്ന വഴിയാണ്...." നാസിം പറഞ്ഞു.

''വീട്ടിലോ? ഏത് വീട്ടില്? നിങ്ങള് വയലാറ് വരുന്നൂന്നല്ലേ പറഞ്ഞത്?" അദ്ദേഹത്തിന് വെപ്രാളം കൂടി...

''മോനെ... എനിക്കൊരു ചെറിയ ആക്സിഡന്റ് പറ്റി കാലിന് പ്ലാസ്റ്റർ ഇട്ടിരിക്കയാണ്! വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ വന്ന പെങ്ങളും അളിയനും ഒറ്റയ്ക്ക് നിക്കണ്ടാന്നും പറഞ്ഞ് എന്നെ വയലാറിലേക്ക് കൂട്ടിക്കൊണ്ട് വന്നതാണ്! ആമി ടെൻഷൻ അടിക്കണ്ടല്ലോന്ന് കരുതി അവളോട് പറഞ്ഞിട്ടില്ല! ഞാൻ കൊച്ചിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോ അവളാണ് വയലാറിലേക്ക് വരാമെന്ന് പറഞ്ഞത്! എന്നിട്ടിപ്പോ...." അദ്ദേഹം ആകെ ആശയക്കുഴപ്പത്തിലായി!....

ഒപ്പം നാസിമും! ബീച്ച് ബംഗ്ലോവിലാണ് ആമി തനിച്ചുള്ള തെന്നറിഞ്ഞാൽ അറുപതിനോടടുത്ത അങ്ങേർക്ക് വെല്ല അറ്റാക്ക് വന്നാലോ?....

"ബാപ്പി.... അയാൾക്കേയ് ആ ബീമ്മാനെ കാണണം ന്ന് പറഞ്ഞു... അവിടെ ചെന്നപ്പം ചെറിയ ഒരു തലവേദന! റെസ്റ്റ് എടുത്തോട്ടെന്ന് കരുതി! ഞാനേയ് ഒരു പെൻഡ്രൈവ് എടുക്കാൻ മറന്നു... അതെടുക്കാൻ പോണ വഴിയാണ്!... ഇപ്പോ തിരിച്ച് പോകും!" നാസിം വായിൽ വന്ന കളവ് പറഞ്ഞ് അങ്ങേരെ സമാധാനിപ്പിച്ചു.

" ശരി.... അവളെ വിളിച്ചട്ട് കിട്ടണില്ല! മോൻ ചെല്ലുമ്പോ വിളിപ്പിക്കണേ!" ബാപ്പി ഓർമ്മിപ്പിച്ചു.

"വിളിപ്പിക്കാം!" അവൻ കോൾ കട്ട് ചെയ്തു...

"സ്റ്റീവ്!!! നമുക്ക് തിരിച്ചു പോവാം!!, " നാസിമിന്റ മുഖത്ത് ആമിയെ തനിച്ചാക്കിയതിന്റ ആവലാതി പ്രകടമായിരുന്നു.

എങ്കിലും സ്റ്റീവ് ചോദിച്ചു..." എന്ത് പറ്റി.....!"

"അമ്മോശൻ സ്ഥലത്തില്ലന്ന്... അങ്ങേര് ഇവിടെ കാണൂന്ന് വിചാരിച്ചാ ഞാൻ പോന്നത്....."

''നീ എറങ്ങിക്കേ..... ഞാനേയ് കുറേ നാളായിട്ട് ചോദിക്കണമെന്ന് വിചാരിച്ചതാ....നിങ്ങള് തമ്മിൽ എന്തേലും പ്രശ്നമുണ്ടോ?"

ഹാർബർ പാലത്തിന് മുകളിൽ കൈവരിയിൽ കൈവെച്ച് പരന്ന് കിടക്കണ കൊച്ചീക്കായല് നോക്കി നാസിം സ്വയം ചോദിച്ചു.....

എന്താണ് ഞങ്ങൾക്കിടയിലുള്ള പ്രശ്നം!!!!

"നാസിം Past is Past!.... നിന്റ ലൈഫിൽ സംഭവിച്ചത് മറക്കാൻ ബുദ്ധിമുട്ടാവും ശരിയാണ്!... പക്ഷേ.... മറന്നല്ലേ പറ്റൂ...."
സ്റ്റീവിന്റ വാക്കുകൾ!

"വാ പോകാം!......" എന്ന വാക്കിലൊതുങ്ങി നാസിമിന്റ പ്രതികരണം...

റൈസ യുമായി പിരിഞ്ഞ ശേഷം അവൻ ഇങ്ങനെയാണ്! അവളിങ്ങനെ ചെയ്യുമെന്ന് താനും പ്രതീക്ഷിച്ചതല്ല വിശ്വാസവഞ്ചന ആർക്കും അത്ര പെട്ടന്ന് മറക്കാനാവില്ല! സ്റ്റീവ് ഓർത്തു.

ഉള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വെറുപ്പിച്ചാണ് നാസിം റൈസയെ വിവാഹം ചെയ്തത്!
മൂന്ന് വർഷം സ്വപ്നം പോലെ ഒരു ജീവിതമായിരുന്നു. നാസിം ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങുന്നത് വരെ.... അവർ നാലു പേർക്കും പാട്ട്ണർഷിപ്പുള്ള ആസ്ഥാപനം. പക്ഷേ ഒരു സ്ത്രീ സംരംഭകയ്ക്ക് ഗവൺമെന്റ് അനുവദിച്ചുള്ള ഇളവുകൾ മുന്നിൽ കണ്ട് റൈസയുടെ പേരിൽ രജിസ്റ്റർ ചെയ്തത് നാസിമിന്റ നിർബന്ധ പ്രകാരമാണ്!.... അവർ നാലു പേരുടെയും അധ്വാനമായ ആ കമ്പനിയുടെ ബാല്യാരിഷ്ടത കഴിഞ്ഞ് ലാഭം ഉണ്ടായി തുടങ്ങിയപ്പോഴാണ് റൈസ MD എന്ന നിലയിൽ കമ്പനിയുടെ ദൈന്യം ദിന കാര്യങ്ങളിൽ ഇടപെടാനും സുപ്രധാന തീരുമാനങ്ങളെടുക്കാനും തുടങ്ങിയത്!
പറഞ്ഞ് പറഞ്ഞൊടുക്കം നാസിം അടക്കം ഉടമകൾ എല്ലാവരും വെറും ജീവനക്കാരായി! ഒടുക്കം ഒരു US Base വമ്പൻ ഐടി ഗ്രൂപ്പ് വന്ന് മുതൽ മുടക്കിയപ്പോൾ നാലുപേരുടെയും ഇൻവെസ്‌റ്റ് മെന്റ് തിരിച്ച് കൊടുത്ത് റൈസ അവരെ കമ്പനിയിൽ നിന്ന് പുറത്താക്കി...
ഒടുക്കം ഈഗോക്ലാഷിന്റ പേരിൽ തൽക്കാലം പിരിഞ്ഞ നാസിമിനെ തേടിയെത്തിയത് ഒരു ഡിവോഴ്സ് നോട്ടീസായിരുന്നു. പിരിയാൻ ഇരുവരും തീരുമാനിച്ചു!

അന്നും ഇന്നും നാസിമിന്റ തീരുമാനങ്ങൾക്കൊപ്പം സ്റ്റീവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ....

പുനർവിവാഹത്തിന് നാസിം ഒരുക്കമായിരുന്നില്ല! ഒരിക്കൽ റൈസയ്ക്കു വേണ്ടി മാതാപിതാക്കളെ മറന്ന തന്നെ ഒറ്റപ്പെട്ടന്നറിഞ്ഞപ്പോൾ അവർ തിരിച്ചുവിളിച്ചു. രണ്ട് വർഷത്തിനിപ്പുറം ഉപ്പയുടെയും ഉമ്മയുടെയും നിർബന്ധത്തിന് വഴങ്ങി അവന് ആമിയെ സ്വീകരിക്കേണ്ടി വന്നു.
എന്തിന്റെ പേരിലാണെങ്കിലും താൻ കാരണം ഇനി അവർ സങ്കടപ്പെടരുതെന്ന് മാത്രമേ കരുതിയുള്ളൂ! തന്റെ ചിന്തകളെ മേയ്ക്കാൻ വിട്ട് സ്റ്റീവിന്റെ പിന്നിൽ ഒരു പാവയെപ്പോലെ അവനിരുന്നു....!

"ഇറങ്ങണില്ലേ?" സ്റ്റീവിന്റ ചോദ്യം കേട്ടാണ് അവനുണർന്നത്! നാസിം വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ് തുറക്കാനൊരുങ്ങി!

"നാസിം!.... ഈ ലോക്ക് ഡൗൺ കഴിയുമ്പോഴെക്ക് നിന്നിലൊരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നു....." സ്റ്റീവ് ഓർമ്മിപ്പിച്ചു.....

''നീ കേറ്!" നാസിം സ്റ്റീവിനെ അകത്തേയ്ക്ക് ക്ഷണിച്ചു...

"വേണ്ട! സമയം എത്രയായീന്നാ..... ഞാനൊരൽപം കഴിച്ചിട്ടുണ്ട്!" സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു സ്റ്റീവ് മടങ്ങിപ്പോയി!!!!

സ്റ്റീവ് കൂടെ ഇല്ലായിരുന്നെങ്കിൽ ഭ്രാന്തു പിടിച്ചേനെ! ദൈവം ഇതുപോലെ ചില സൗഹൃദങ്ങളെ തരും ഉള്ള് വെന്ത് നീറുമ്പോ മഴ പോലെ! നാസിം ഓർത്തു.

ഗേറ്റ് തുറന്ന് അകത്ത് കടന്ന നാസിം തെല്ലൊന്ന് ഭയന്നു.... പുറത്തെ ലൈറ്റുകൾ എല്ലാം ഓഫാണ്!

മൊബൈൽ ടോർച്ചിന്റ വെളിച്ചത്തിൽ നാസിം പൂമുഖം ലക്ഷ്യമാക്കി നടന്നു!
ഉള്ളിലൊരു പിടച്ചിൽ! ആമിക്കെന്തെങ്കിലും????????????????

(തുടരും)

Sumi Aടlam

©2020 all rights are riserved in
[email protected]

Thank you for reading



?




Bạn đang đọc truyện trên: Truyen247.Pro