chapter 63
പറഞ്ഞത് പോലെ അധികം ലേറ്റ് ആക്കാതെ തന്നെ വന്നിട്ടുണ്ട്🙂
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayaathi's pov:-
ദിവസങ്ങൾക്ക് ശേഷം:-
" ഓക്കെ ദേ എത്തിയിരിക്കുന്നു മാഡം, ഇറങ്ങിക്കോ..." ഗേറ്റിന് മുന്നിലായി സ്കൂട്ടി നിർത്തിക്കൊണ്ട് ആഷി പറഞ്ഞു. ഞാൻ പുഞ്ചിരിയോടെ സ്‌കൂട്ടിയിൽ നിന്നുമിറങ്ങി.
" ഇന്ന് രാത്രി തന്നെ നിന്റെ കസിന് റിസപ്‌ഷൻ വെക്കണമായിരുന്നോ? ആകെ നിന്റെ കൂടെ കറങ്ങാൻ പറ്റുന്നത് സൺഡേ മാത്രമാണ്..." ഞാൻ പരിഭവത്തോടെ പറഞ്ഞു.
" എന്നാൽ പിന്നെ നീ ഹിറ്റ്ലരോട് എനിക്ക് മാത്രം ഇനി മുതൽ സൺഡേ കൂടാതെ വേറൊരു ദിവസം കൂടി ലീവ് അനുവദിക്കാൻ പറയ്..." അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
" അയ്യടാ, ആ പാവം അഖിലിനെ സോപ്പിട്ട് ഇടയ്ക്കിടെ ഒരു മണിക്കൂർ മുന്നേ മുങ്ങുന്നതും പോരാഞ്ഞിട്ടാണ് ഒരു ദിവസം കൂടി ലീവ്..." ഞാനവളെ നോക്കി തറപ്പിച്ചൊരു നോട്ടം നോക്കി കൊണ്ട് പറഞ്ഞു.
"പോടീ..." അവൾ എന്നെ നോക്കി ചുണ്ട് കൊട്ടി. " വേറൊരു കാര്യം ഇതിപ്പോൾ രണ്ടുമൂന്ന് പ്രാവിശ്യമായി ഞാൻ നിന്നെ ഇങ്ങോട്ട് പിക്ക് ചെയ്യാനാനായി വരുന്നത്, ഇനി കുറച്ച് നാളെത്തേക്ക് പൊന്ന് മോള് എന്നെ പിക്ക് ചെയ്യാനായി എന്റെ വീട്ടിലോട്ട് വാ..." അവൾ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.
" ഇപ്രാവശ്യം ഞാൻ തോമസങ്കിളിനേയും കൂട്ടി നിന്നെ വന്ന് പിക്ക് ചെയ്യാം എന്ന് തന്നെയാണ് ഉറപ്പിച്ചിരുന്നത്, അപ്പോഴല്ലേ മേരിച്ചേച്ചിയും തോമസങ്കിളും മുത്തുവിന് വെക്കേഷൻ ആയത് കൊണ്ട് ചേച്ചിയുടെ അനിയത്തിയുടെ അടുത്തേക്ക് പോയത് പിന്നെ ഞാനെന്ത് ചെയ്യാനാണ്..." ഞാൻ അവളെ നോക്കി ഇളിച്ചോണ്ട് കൈമലർത്തി കാണിച്ചു.
" ഞാൻ പറയുന്നത് അവരെയും കൂട്ടി കാറിൽ വരാനല്ല ദേ മോളുടെ ആ കുതിരവണ്ടിയേയും എടുത്ത് വരാനാണ്..." ആഷി പോർച്ചിൽ കിടക്കുന്ന എന്റെ സ്‌കൂട്ടിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.
" എന്താണെന്നറിയില്ല ഇവിടെ വന്നപ്പോൾ തൊട്ട് എവിടെ പോകുമ്പോഴും കാറിൽ ആയത് കൊണ്ട് ഇപ്പോൾ സ്കൂട്ടി എടുത്ത് പോകാൻ വലിയ മടിയാടി... അതിപ്പോൾ ജിതയാണ് അധികവും ഉപയോഗിക്കൽ..." ഞാന്‍ നിരാശഭാവം അഭിനയിച്ച് കൊണ്ട് പറഞ്ഞു.
" നാണമില്ലാലോ പറയാൻ, ഹിറ്റ്ലറെ കെട്ടുന്നതിന് മുമ്പ് മോൾക്ക് എവിടെ പോകണമെങ്കിലും ഈ സ്കൂട്ടി മാത്രമേ ഉണ്ടായിരുന്നുളളൂ എന്നോർക്കണം അവൾ ഒരു ഡ്രൈവറെ കിട്ടിയപ്പോഴേക്കും പാവം സ്കൂട്ടിയെ മറന്നു... കഷ്ടം..." അവൾ എന്നെ നോക്കി പരിഹാസത്തോടെ പറഞ്ഞു.
" അല്ല ആരാ ഈ പറയുന്നത് റോൾസ് റോയിസും ഓഡിയും ഒക്കെ കണ്ടാൽ സ്വന്തം സ്കൂട്ടിയെ ഡിവോസ് ചെയ്യുന്ന നീയോ..." ഞാനും അതേ പരിഹാസത്തോടെ അവളെ നോക്കി.
" പോടീ...നീ അകത്തേക്ക് പോകാൻ നോക്ക്." അവൾ ചമ്മിയത് പുറത്ത് കാണിക്കാതെ എന്നോടായി പറഞ്ഞു.
" ഓ ആയിക്കോട്ടെ മാഡം..." ഞാൻ ചിരിയോടെ തലയിൽ കിടന്ന ഹെൽമറ്റ് ഊരിമാറ്റി. "നീ കേറുന്നില്ലേ?" ഹെൽമറ്റ് അവൾക്ക് കൊടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"ഇടയ്ക്കിടെ കേറി ചെല്ലാൻ ഇതെന്താണ് എന്റെ അമ്മായിയുടെ വീടോ? രാവിലെ നിന്നെ പിക്ക് ചെയ്യാൻ വന്നപ്പോൾ അല്ലേ അകത്തേക്ക് വന്നത്."
" ഞാൻ ചുമ്മാ ചോദിച്ചതല്ലേ... നീ വിട്ടോ ഞാൻ വിളിക്കാം..." ഞാൻ ചിരിയോടെ അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
ഹിറ്റ്ലർ ഇന്ന് എവിടെയും പോയില്ലേ! ആഷി പോയതിന് ശേഷം അകത്തേക്ക് നടക്കുന്നതിനിടയിൽ പോർച്ചിൽ ഹിറ്റ്‌ലറുടെ കാർ കിടക്കുന്നത് കണ്ട് ഞാൻ സംശയത്തോടെ ചിന്തിച്ചു.
ഡോർ തുറന്ന് കിടക്കുന്നത് കണ്ട് കാലിലെ ഷൂ അഴിച്ചു മാറ്റി അകത്തേക്ക് കേറാൻ തുനിഞ്ഞതും കയ്യിലുള്ള മൊബൈൽ അടിഞ്ഞു.
" jithoos calling"
എന്ന് കണ്ടപ്പോൾ ചിരിയോടെ അത് കട്ട് ചെയ്തു അകത്തേക്ക് കയറി.
സോഫയുടെ അടുത്തു ഫോണിൽ നോക്കിയിരിക്കുന്ന ജിതയെ കണ്ട് പുഞ്ചിരിയോടെ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് ഡാഡിയുടെ ഓഫീസ്റൂമിൽ ഇരിക്കുന്ന ഹിറ്റ്ലറെയും ഡാഡിയേയും കണ്ടത്, രണ്ടാളും കാര്യമായ ചർച്ചയിലാണ്. ജസ്റ്റ് ഒന്നവരെ നോക്കിയ ശേഷം ഞാൻ ജിതയുടെ അടുത്തേക്ക് പോയി.
" ഓയ്..." എന്നും വിളിച്ചു കയ്യിലുള്ള ചോക്ലേറ്റ് ബോക്‌സ് ജിതയുടെ മടിയിലേക്കിട്ട് കൊടുത്തുക്കൊണ്ട് അവളുടെ അടുത്തായി ഇരുന്നു.
" ആ വന്നോ... ഞാൻ അങ്ങോട്ട് വിളിക്കുകയായിരുന്നു ഒരു സന്തോഷവാർത്ത പറയാൻ ഉണ്ട്..."
ഞാൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി.
" ദീദിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു."
" പെയിൻ വന്നിട്ട് പോയതാണോ?" ഞാൻ അവളെ നോക്കി.
" പെയിനൊന്നും സ്റ്റാർട്ട് ചെയ്തിട്ടില്ല ഇന്ന് രാവിലെ ഹോസ്പിറ്റലിൽ പോയപ്പോൾ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു മിക്കവാറും ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി ഡെലിവറി ഉണ്ടാവും..." അവൾ ആവേശത്തോടെ പറഞ്ഞു.
" അല്ല മമ്മയും ഡാഡിയും ദീദിയുടെ ഡെലിവറി ആകുമ്പോഴേ പോകും എന്ന് പറഞ്ഞിട്ടില്ലേ എന്നിട്ടോ?" മമ്മ ഒരിക്കൽ പറഞ്ഞത് ഓർമ വന്നപ്പോൾ ഞാൻ ചുറ്റോടും നോക്കിക്കൊണ്ട് ചോദിച്ചു.
" ആഹ്, അത് പറയാനായിട്ട് മമ്മ പറഞ്ഞിട്ടാണ് ഞാൻ ബാബിയെ വിളിച്ചത് ഇപ്പോൾ വൈകുന്നേരമുള്ള ഫ്ളൈറ്റിന് പോകും നമ്മൾ..." അവൾ അവസാനം പറഞ്ഞ നമ്മൾ എന്ന് കേട്ട് ഞാൻ സംശയത്തോടെ അവളെ നോക്കി.
" നമ്മളോ എന്ന് വെച്ചാൽ?"
"വേറെയാര് ഡാഡിയും മമ്മയും പിന്നെ ഈ ഞാനും..." അവൾ കൃസൃതിച്ചിരിയോടെ പറഞ്ഞു.
" ങേ! നീയോ? അപ്പോൾ ഇവിടെയോ?" ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി.
" ഇവിടെ ബാബിയും ഭയ്യയും അല്ലാതെ വേറാര്..."
" അയ്യോ അതെങ്ങനെ ശരിയാകും! ഞാനും നിന്റെ ഭയ്യയും ഇവിടെ എന്തിനാണ് നിൽക്കുന്നത്?" ഞാൻ ഈർഷ്യത്തോടെ അവളെ നോക്കി.
ഹിറ്റ്ലറിന്റെ കൂടെ ഈ വീട്ടിൽ അതും ഒറ്റയ്ക്ക്!, ചിന്തിക്കാൻ പോലും പറ്റുന്നില്ല...
" ഭയ്യാക്ക് നാളെ കഴിഞ്ഞു ഒരു മീറ്റിങ് ഉണ്ട് നിങ്ങൾ രണ്ടാളും അത് കഴിഞ്ഞ് അങ്ങോട്ട് വന്നാൽ മതി എന്ന് ഡാഡി പറഞ്ഞു..."
" നിന്റെ ഭയ്യാക്ക് മീറ്റിങ് ഉള്ളതിന് ഞാനെന്തിനാണ് ഇവിടെ? എനിക്ക് പറ്റില്ല ഞാനും നിങ്ങളുടെ കൂടെ വരും..." ഞാൻ വാശിയോടെ പറഞ്ഞു.
" ആ ബെസ്റ്റ്, എന്നാൽ അത് പോയി ഡാഡിയോട് പറയ്, നിങ്ങൾ രണ്ടാളും രണ്ട് ദിവസമെങ്കിലും ഒറ്റയ്ക്ക് നിൽക്കട്ടെ എന്നും പറഞ്ഞു ഡാഡിയാണ് ഭയ്യാനോട് നിങ്ങൾ രണ്ടാളും മീറ്റിങ് കഴിഞ്ഞു അങ്ങോട്ട് വന്നാൽ മതി എന്ന് പറഞ്ഞത്..." അവൾ പറയുന്നത് കേട്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.
" എന്നാൽ പിന്നെ നിനക്കും ഇവിടെ നിന്നോടെ? എന്നിട്ട് ഞങ്ങളുടെ കൂടെ പോകാം..." ഞാൻ അപേക്ഷയോടെ അവളെ നോക്കി.
" എന്റെ ട്യൂബ്ലൈറ്റ് ബാബീ... ഡാഡി തന്നെയാണ് എന്നോട് കൂടെ വരാൻ പറഞ്ഞത്, നിങ്ങൾ രണ്ടാളും ഒറ്റയ്ക്ക് ഇവിടെ മതി എന്ന് പറഞ്ഞ്, ഭയ്യാനോട് മീറ്റിങ് കഴിഞ്ഞു വന്നാൽ മതി എന്നല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല. സാരമില്ല രണ്ട് ദിവസമല്ലേ, ക്ഷമിക്ക്..." അവൾ എന്നെ സമാധാനപ്പെടുത്തുന്ന രീതിയിൽ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
ഡാഡിയും മമ്മയും കൂടി നല്ല പണി തന്നെയാണ് തന്നിട്ടുള്ളത്, മാരേജ് കഴിഞ്ഞു ഇത് വരെ എവിടെയും പോയിട്ടില്ലാലോ എന്ന് മമ്മ ഒരിക്കൽ ഡാഡിയോട് പറയുന്നത് കേട്ടിരുന്നു, ചിലപ്പോൾ അതൊക്കെ മനസ്സിൽ വെച്ചായിരിക്കും ഇങ്ങനെ ഒരു തീരുമാനം എടുത്തുണ്ടാവുക... ഞാൻ എന്ത് ചെയ്യണം എന്നൊരെത്തും പിടിയുമില്ലാതെ അവിടെ തന്നെയിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" എടാ കഴിയുന്നതും മീറ്റിങ് കഴിഞ്ഞ അന്ന് തന്നെയുള്ള ഫ്ളൈറ്റിന് വരാൻ നോക്കണം രണ്ടാളും..." മമ്മ എന്റെ കവിളിൽ തലോടിക്കൊണ്ട് എനിക്ക് പിറകിലായി നിൽക്കുന്ന ഹിറ്റ്ലറെ നോക്കി പറഞ്ഞു.
" എത്താം മമ്മാ ബുധനാഴ്ച മോർണിംഗ് ഉള്ള ഫ്ളൈറ്റിന് ഞങ്ങൾ എത്തിയിരിക്കും..." ആളുടെ മറുപടിയും വന്നു.
ഇന്ന് ഞായറാഴ്ച ഇനിയും രണ്ട് ദിവസം... ഹിറ്റ്‌ലരോട് പറഞ്ഞു നേരെ വീട്ടിലേക്ക് പോയാലോ... ഞാൻ ചിന്തയോടെ നിന്നതും ജിത വന്ന് എന്റെ കയ്യിൽ പിടിച്ചുവലിച്ചു മാറ്റി നിർത്തി. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
" അതേ ഞങ്ങളാരും ഇല്ല എന്ന് കരുതി മുഴുവൻ സമയവും വഴക്കടിക്കാനാണ് ഉദ്ദേശമെങ്കിൽ എന്റെ യഥാർത്ഥ സ്വഭാവം പുറത്തേക്കെടുത്തു ബാബീ എന്നോട് എല്ലാക്കാര്യവും അന്നേ പറഞ്ഞിരുന്നുവെന്ന് ഭയ്യാനോട് പറഞ്ഞു കൊടുക്കും പറഞ്ഞില്ല എന്ന് വേണ്ട..." അവൾ ഭീഷണിയുടെ സ്വരത്തിൽ എന്നെ നോക്കി പറഞ്ഞു.
" ദുഷ്ടത്തീ..." ഞാൻ ദേഷ്യത്തോടെ അവളെ നോക്കി.
" എന്ത് വേണമെങ്കിലും വിളിച്ചോ... പക്ഷേ ബുധനാഴ്ച അങ്ങോട്ട് വരുന്നതിന് മുമ്പ് നിങ്ങൾ രണ്ടാളും ഒരു ധാരണയിൽ എത്തിയിരിക്കണം, അറ്റ്‌ലീസ്റ്റ് ഇപ്പോൾ ഉള്ള ഈ മൗനവൃതം ഉപേക്ഷിച്ച് പരസ്പരം വാക്കുതർക്കം അല്ലാതെ എന്തെങ്കിലും സംസാരിക്കുന്ന അവസ്ഥയിലെങ്കിലും എത്തിയിരിക്കണം..." അവൾ എന്റെ ദേഷ്യത്തെ പുച്ഛിച്ചു തള്ളി.
" ജിതാ..." ഞാൻ ദയനീയമായി അവളെ വിളിച്ചു.
" ഒന്നും നടക്കില്ല ഇനി ഭീഷണിയേ നടക്കൂ... ഇന്ന് ശരിയാകും നാളെ ശരിയാകും എന്നും വിചാരിച്ചു മാസം നാല് കഴിഞ്ഞു ഇനിയും എന്റെ ഭയ്യാന്റെ ഞങ്ങളുടെ മുന്നിലുള്ള അളിഞ്ഞ അഭിനയം കാണാൻ വയ്യ..." അവൾ കൈകൂപ്പി കൊണ്ട് പറഞ്ഞു.
ഞാനവളെ കൂർപ്പിച്ചു നോക്കി.
" എന്തേ..." അവളും തിരിച്ചു ഗൗരവത്തോടെ പുരികമുയർത്തി.
" നിന്നെ എങ്ങനെ കൊല്ലണം എന്ന് നോക്കുകയാണ്, നിന്നോട് എല്ലാം പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ..." ഞാൻ നിസ്സഹായതയോടെ പറഞ്ഞു.
"അതൊക്കെ എങ്ങനെ വേണമെന്ന് സമയമെടുത്ത് ചിന്തിച്ചോ... ഇപ്പോൾ എന്റെ പൊന്ന് മോള് ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിക്ക്... ഞങ്ങൾക്കും കാണില്ലേ ആഗ്രഹം..." ഗൗരവത്തോടെ നിന്നിരുന്ന അവൾ അവസാന ഡയലോഗ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അവളുടെ കള്ളച്ചിരി കണ്ടതും ഞാനവളെ കൂർപ്പിച്ചു നോക്കി. ഞങ്ങളെ ഒരുമിപ്പിച്ചുക്കൊണ്ട് ഇവൾക്ക് എന്താഗ്രഹം?!
" പിന്നെല്ലാതെ രണ്ടാമതും ചെറിയമ്മയാവാൻ പോകുകയാണ് എനിക്കുമില്ലേ ഒരപ്പച്ചിയാവാനും ആഗ്രഹം..." അവൾ അതേ കള്ളച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
അപ്പച്ചിയോ! ചെറിയമ്മ എന്ന് പറഞ്ഞാൽ അമ്മയുടെ അനിയത്തി അപ്പച്ചി എന്നാൽ അച്ഛന്റെ പെങ്ങൾ, ഇവൾ അപ്പച്ചിയാകണം എന്നാൽ... ഞാൻ ഞെട്ടലോടെ അവളെ നോക്കി.
" അപ്പോൾ പിന്നെ എല്ലാം പറഞ്ഞപ്പോലെ എത്രയും പെട്ടന്ന് എന്റെയാഗ്രഹം സാധിപ്പിക്കാൻ നോക്ക്..." അവൾ ഉദ്ദേശിച്ചത് എനിക്കപ്പോഴാണ് കത്തിയത് എന്ന് മനസ്സിലായതും എന്നെ കെട്ടിപ്പിടിച്ചു ഇതും പറഞ്ഞു പെണ്ണ് തിരിഞ്ഞു എയർപോർട്ടിനകത്തേക്ക് ഓടി.
" നിൽക്കടീ അവിടെ..." ഞാൻ ദേഷ്യത്തോടെ വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് അകത്തേക്ക് കയറി.
മൂന്ന് ദിവസം കഴിഞ്ഞാൽ നിന്നെ എന്റെ കയ്യിൽ തന്നെ കിട്ടും മോളെ അപ്പോൾ കാണിച്ചു തരാം നിനക്ക്... അവളുടെ ഒരു അപ്പച്ചി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" എടോ..." തിരിച്ചു വീട്ടിലെത്തിയ ശേഷം മുകളിലേക്ക് പോകാനായി സ്റ്റെയർകെയ്‌സ് കയറാൻ പോയപ്പോൾ പിറകിൽ നിന്നുള്ള ഹിറ്റ്ലറുടെ വിളികേട്ട് തിരിഞ്ഞു നോക്കി എന്താണെന്ന ഭാവത്തിൽ ആളെ നോക്കി.
" ഇയാള് വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക് ഞങ്ങൾ നാളെ അങ്ങോട്ട് വരുമെന്ന്..." എന്തെങ്കിലും ദേഷ്യം വരുന്ന ഡയലോഗ് അടിക്കും എന്നാണ് പ്രതീക്ഷച്ചെങ്കിലും ഹിറ്റ്ലർ പറഞ്ഞത് കേട്ട് എനിക്കും സന്തോഷമായി.
ഞാൻ പുഞ്ചിരിയോടെ തലകുലുക്കി.
" നാളെ രാവിലെ എനിക്ക് നേരത്തെ പോകേണ്ട ആവശ്യമുണ്ട് ഒരു മൂന്ന് മണിയാവുമ്പോഴേക്കും ഞാൻ എത്താം എന്നിട്ട് നമുക്കിറങ്ങാം..." ഹിറ്റ്ലർ എന്നെ നോക്കി അത്രയും പറഞ്ഞു ഹാളിലേക്ക് തിരിഞ്ഞു നടന്നു.
അപ്പോൾ നാളെ മൂന്ന് മണി വരെ ഇവിടെ ഒറ്റയ്ക്ക് ഇരിക്കണം എന്നോർത്തപ്പോൾ വീണ്ടും മടുപ്പ് തോന്നി. പുള്ളിക്ക് രാവിലെ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം ഓഫീസിൽ പോയാൽ പോരെ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇവിടേക്ക് വന്നിട്ട് ഇതാദ്യമായാണ് ഇങ്ങനെ ബോറടിച്ചിരിക്കുന്നത്, ജിതയുമായി തല്ല് കൂടിയും മമ്മയോട് സംസാരിച്ചും ഒക്കെ സമയം പോകുന്നത് പോലും അറിയാറില്ല സാധാരണ... ഞാൻ മടുപ്പോടെ കയ്യിലുള്ള മൊബൈൽ സോഫയിലേക്ക് വെച്ചു.
ഞാൻ ഫ്രഷായി താഴേക്ക് വന്നതും ഹിറ്റ്ലർ മുകളിലേക്ക് കയറി പോയി, മിക്കവാറും ലാപ്ടോപിന് മുന്നിലായിരിക്കും പുള്ളി, എനിക്കാണെങ്കിൽ കണക്കിന് നല്ലത് പോലെ വിശക്കുന്നും ഉണ്ട്, എന്റെ കണ്ണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നീണ്ടു. എട്ട് മണി കഴിഞ്ഞിരിക്കുന്നു. ഉച്ചക്ക് ആഷിയുടെ കൂടെ പുറത്ത് നിന്ന് കഴിച്ചതാണ് അതിന് ശേഷം വൈകുന്നേരം ഒരു കോഫി കുടിച്ചതേ ഉള്ളൂ. ഹിറ്റ്ലർക്കല്ലേ കുക്കിങ് ഒക്കെ അറിയുക, വന്ന് വല്ലതും ഉണ്ടാക്കിക്കൂടെ... ഞാൻ മുകളിലേക്ക് നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു.
വിശപ്പ് സഹിക്കാൻ വയ്യാ... കിച്ചണിൽ വല്ലതും ഇരുപ്പുണ്ടോ എന്ന് നോക്കിക്കളയാം. ഞാൻ എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു.
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുണ്ടെങ്കിലും എനിക്ക് വേണ്ട ഒന്നും കിട്ടിയില്ല, എന്തെങ്കിലും ഉണ്ടാക്കാം എന്ന് വിചാരിച്ചാൽ അതൊട്ടും അറിയില്ലതാനും, വേറെ ഒരു വഴിയൊന്നുമില്ല ഇന്ന് വല്ല ഫ്രൂട്സും വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും, ഞാൻ നിരാശയോടെ ഫ്രൂട്സ് ബാസ്ക്കറ്റിൽ നിന്നും രണ്ട് ആപ്പിൾ എടുത്തു കഴുകാനായി ബേസിനടുത്തേക്ക് നടന്നപ്പോഴാണ് ഇന്നലെ ജിത്തുവിന്റെ കൂടെ പുറത്തേക്ക് പോയപ്പോൾ അവൾ മാഗിയുടെ ന്യൂഡിൽസ് കഴിക്കാൻ പൂതിയാവുന്നു എന്നും പറഞ്ഞു വാങ്ങിച്ചിരുന്നല്ലോ എന്നത് ഓർമയിൽ വന്നത്, ഈ ഫ്രൂട്സ് കഴിച്ചാൽ എന്തായാലും എന്റെ വിശപ്പ് പോകില്ല, വേഗം ആപ്പിൾ തിരിച്ചു വെച്ച് കബോർഡ് തുറന്ന് രണ്ട് ന്യൂഡിൽസ് പാക്കറ്റ് എടുത്തു. ഹിറ്റ്ലർക്കും കൂടി ഉണ്ടാക്കണോ? കബോർഡ് തുറന്ന് പിടിച്ചുകൊണ്ട് ഞാൻ ആലോചിച്ചു. പുള്ളിക്കും വിശക്കുന്നുണ്ടാവില്ലേ? അല്ല ന്യൂഡിൽസ് കഴിക്കുമോ! പോയി ചോദിച്ചാലോ! എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.
പെട്ടന്നാണ് കോളിങ് ബെൽ അടിഞ്ഞത്,
ഇതാരാണ് ഈ നേരത്ത്! ഞാൻ ചിന്തയോടെ കിച്ചണിന് വെളിയിലേക്ക് നടന്നു. ഹാളിൽ എത്തിയപ്പോൾ കോവണി ഇറങ്ങി വരുന്ന ഹിറ്റ്‌ലറെ കണ്ട് അവിടെ തന്നെ നിന്നു.
ഇനി പുള്ളിയുടെ ആരെങ്കിലുമായിരിക്കുമോ? താഴേക്കിറങ്ങി എന്നെ ഒരു നോട്ടം നോക്കിയ ശേഷം നേരെ മെയിൻ ഡോറിനടുത്തേക്ക് നടക്കുന്ന ഹിറ്റ്ലറെ കണ്ട് ഞാൻ സ്വയം ചോദിച്ചു. അങ്ങോട്ട് പോകാതെ സോഫയുടെ അടുത്തായി നിന്ന് ആളെ വീക്ഷിച്ചു.
ഡോർ തുറന്ന് പരസ്പരം ഗുഡ് ഈവനിംഗ് പറയുന്നതൊക്കെ കേട്ടു. ഹിറ്റ്ലർ വാതിലിന് മുന്നിലായി നിൽക്കുന്നത് കൊണ്ട് പുറത്തുള്ളത് ആരാണെന്ന് കാണുന്നില്ല, വന്നയാളുടെ കയ്യിൽ നിന്നും എന്തോ കവർ വാങ്ങിക്കുന്നതും താങ്ക്സ് ഒക്കെ പറഞ്ഞു ഡോർ അടക്കുന്നതും കണ്ട് ഞാൻ കാര്യം മനസ്സിലാവാതെ അവിടെ നിന്നു.
ഹിറ്റ്ലർ തിരിഞ്ഞു ഹാളിലേക്ക് വന്നതും എന്റെ നോട്ടം നേരെ പുള്ളിയുടെ കയ്യിലുള്ള കവറിലേക്ക് നീണ്ടു. ദൈവമേ കെഎഫ്‌സിയുടെ കവർ അല്ലേ അത്... അത് കണ്ടതും എന്റെ വിശപ്പ് കൂടി. അതോടൊപ്പം തന്നെ ഫ്രൈഡ് ചിക്കന്റെ മണം അവിടെയാകെ പടർന്നു പിടിക്കാനും തുടങ്ങി. അതോടെ എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. ഞാൻ ഹിറ്റ്‌ലറെ നോക്കി പക്ഷേ പുള്ളി ഞാനെന്ന വ്യക്‌തി അവിടെയുണ്ടെന്ന ഭാവം പോലും ഇല്ലാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു.
ചെകുത്താൻ ഒറ്റയ്ക്ക് അടിക്കാനുള്ള പരിപാടിയാണ്, ഞാൻ ദേഷ്യത്തോടെയും സങ്കടത്തോടെയും നോക്കി. എന്നെ കൊതിപ്പിച്ചു ചൊറിയാനാണ് ഉദ്ദേശം... മനസാക്ഷിയില്ലാത്ത ദുഷ്ടൻ... ഞാൻ ദേഷ്യത്തോടെ മനസ്സിൽ ഹിറ്റ്ലറെയും ചീത്ത വിളിച്ചു തിരിഞ്ഞു കിച്ചണിലേക്ക് നടന്നു.
നോക്കിക്കോ, ഇന്നിപ്പോൾ ഇനിയും വിശപ്പ് സഹിക്കാനുള്ള സമയമില്ലാതായിപ്പോയി ഇല്ലെങ്കിൽ ഇതിനും വലിയ ഓർഡർ ഞാൻ കൊടുത്തേനെ, നാളെ എഴുന്നേറ്റ ഉടനെ തന്നെ ഒരു ബക്കറ്റ് കെഎഫ്‌സിക്ക് ഓർഡർ കൊടുത്തു ഒറ്റയ്ക്ക് കഴിച്ചു തീർക്കുന്നത് കണ്ടോ... ഞാൻ ദേഷ്യത്തോടെ മനസ്സിലുറപ്പിച്ചു കൊണ്ട് ന്യൂഡിൽസ് ഉണ്ടാകാനുള്ള പാത്രം കയ്യിലേക്കെടുത്തു.
ഹിറ്റ്‌ലറെയും ഉള്ളിൽ ചീത്ത വിളിച്ചുക്കൊണ്ട് പാത്രത്തിൽ വെള്ളം നിറച്ച് ഗ്യാസിൽ വെക്കാൻ തുനിഞ്ഞപ്പോഴാണ് ഹിറ്റ്ലർ കിച്ചണിലേക്ക് വന്നത്, ഞാൻ കണ്ട ഭാവം നടിച്ചില്ല.
"വല്ലതും അറിഞ്ഞിട്ടാണോ ഈ സാഹസത്തിന് മുതിരുന്നത്?" പരിഹാസം നിറഞ്ഞ ഹിറ്റ്ലറുടെ ഡയലോഗ് കേട്ട് ഞാൻ തിരിഞ്ഞു ആളെ കൂർപ്പിച്ചു നോക്കി.
" ന്യൂഡിൽസ് ഉണ്ടാക്കാൻ ഒക്കെ എനിക്ക് നന്നായി അറിയാം..." ഞാൻ പുച്ഛത്തോടെ ഹിറ്റ്ലറെ നോക്കി പറഞ്ഞു.
" അത് എടുത്തിരിക്കുന്ന വെള്ളത്തിന്റെ അളവ് കണ്ടപ്പോഴേ മനസ്സിലായി..." പുള്ളിയുടെ പരിഹാസം നിറഞ്ഞ മുഖം കണ്ട് ഞാൻ സംശയത്തോടെ വെള്ളമെടുത്ത പാത്രത്തിലേക്ക് നോക്കി.
അടിപൊളി, ഹിറ്റ്ലരോടുള്ള ദേഷ്യത്തിൽ വെള്ളം എടുത്തത് ശ്രദ്ധിച്ചില്ല ഇതിപ്പോൾ ഒരു നാലഞ്ച് പാക്കറ്റ് ന്യൂഡിൽസ് ഉണ്ടാക്കേണ്ട വെള്ളമുണ്ട്...
" അതേ വെറുതെ അറിയാത്ത പണിക്ക് നിന്ന് കിച്ചൺ വൃത്തിക്കേടാക്കാൻ നിൽക്കേണ്ട, ഫുഡ് ഞാൻ പുറത്ത് നിന്നും വരുത്തിച്ചിട്ടുണ്ട്, രണ്ട് പ്ലേറ്റും എടുത്ത് അങ്ങോട്ട് വരാൻ നോക്ക്..." ഹിറ്റ്ലർ അതും പറഞ്ഞു എന്റെ മറുപടി കേൾക്കാൻ നിൽക്കാത്ത തിരിഞ്ഞു നടന്നു.
ഛെ... ഈയടുത്തായി പതിവായി ഇങ്ങേരുടെ മുന്നിൽ എപ്പോഴും ചമ്മി നാറുകയാണെല്ലോ ഞാൻ... മിണ്ടാതെ ഈ ന്യൂഡിൽസ് തന്നെ ഉണ്ടാക്കി കഴിച്ചാലോ! പക്ഷേ അവിടെ കെഎഫ്‌സിയാണ്... എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ചിന്തയോടെ നിന്നു. എന്തായാലും ചമ്മി പിന്നെയെന്തിനാണ് വെറുതെ... ഞാൻ വേഗം തന്നെ രണ്ട് പ്ലേറ്റും എടുത്ത് ഡൈനിങ് ഏരിയയിലേക്ക് നടന്നു.
" അതേ എനിക്ക് ശരിക്കും ന്യൂഡിൽസ് ഉണ്ടാക്കാൻ അറിയാം..." കയ്യിലുള്ള പ്ളേറ്റ് ഹിറ്റ്ലർക്ക് കൊടുക്കുന്നതിനടയിൽ ആളുടെ മുഖത്തുള്ള കളിയാക്കി ചിരി കണ്ട് ഞാൻ ഈർഷ്യത്തോടെ പറഞ്ഞു.
" ആണോ! ആശ്ചര്യം തന്നെ..." കണ്ണ് രണ്ട് വിടർത്തി എന്നെ കൂടുതൽ കളിയാക്കുന്നത് പോലെ ഞെട്ടൽ നടിച്ചുകൊണ്ട് പറഞ്ഞു.
ഇയാളെ ഇന്ന് ഞാൻ!... ഞാൻ ദേഷ്യത്തോടെ പല്ല് കടിച്ചു.
" നിൽക്ക് ഞാനിപ്പോൾ തന്നെ ഉണ്ടാക്കി കാണിച്ച് തരാം..." ഞാൻ വാശിയോടെ അതും പറഞ്ഞു തിരിഞ്ഞു.
" ഉണ്ടാക്കുന്നതൊക്കെ ശരി, ആക്കിയത് മൊത്തം ഒറ്റയ്ക്ക് തന്നെ കഴിക്കേണ്ടി വരും പറഞ്ഞില്ല എന്ന് വേണ്ട..." തിരിഞ്ഞു കിച്ചണിലേക്ക് നടക്കാനായി തുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് ഹിറ്റ്ലർ പറഞ്ഞു.
അത് കേട്ടതും ഞാൻ അവിടെ തന്നെ നിന്നു.
" ന്യൂഡിൽസ് ഒക്കെ നമുക്ക് പിന്നെ ഉണ്ടാക്കി കാണിക്കാം ഇപ്പോൾ വന്ന് കഴിക്കാൻ നോക്ക്, എനിക്ക് കുറേ വർക്ക് തീർക്കാനുള്ളതാണ്..." എന്നും പറഞ്ഞു ഹിറ്റ്ലർ ഒരു ചെയർ വലിച്ചിരിന്നു.
എന്ത് ചെയ്യും! ന്യൂഡിൽസ് ഉണ്ടാക്കി ആളെ മുന്നിൽ തെളിഞ്ഞു നിൽക്കണോ അതോ വാശി വിട്ട് നാണംകെട്ടു ഇപ്പോൾ ഇരുന്ന് കഴിക്കണോ! ഞാൻ ചിന്തിച്ചു നിന്നു. ന്യൂഡിൽസ് ഉണ്ടാക്കിയാൽ അത് മുഴുവൻ ഞാൻ തന്നെ കഴിക്കേണ്ടിയും വരും...
" എടോ താൻ ഇരിക്കുന്നില്ലേ?" പിറകിൽ നിന്നുമുള്ള ഹിറ്റ്ലറെ ചോദ്യം കൂടി കേട്ടതും കൂടുതൽ ആലോചിച്ച് സമയം കളയാൻ നിൽക്കാതെ തൽക്കാലം എല്ലാം വിട്ട് എന്റെ വിശപ്പിനെ സാമാധപ്പെടുത്താം എന്നുറപ്പിച്ചു. ചമ്മൽ പുറത്തേക്ക് കാണിക്കാതെ മുഖവും വീർപ്പിച്ചു ഹിറ്റ്ലർക്ക് മുഖം കൊടുക്കാതെ അടുത്തുള്ള ചെയർ വലിച്ചിരുന്നു.
" നല്ലൊരു ന്യൂഡിൽസ് കഴിച്ചതിന് ശേഷം കഴിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ചിക്കനൊക്കെ സാധാരണയായി ഉള്ളതിനേക്കാൾ ടേസ്റ്റ് കൂടുതൽ..." ഹിറ്റ്ലർ എന്നെ ചൊറിയുന്നതിനായി തന്നെ ആരോടെന്നില്ലാതെ മട്ടിൽ പറഞ്ഞു.
പോടാ ഹിറ്റ്ലർ കാലാ... ഞാൻ ഹിറ്റ്ലരോടുള്ള ദേഷ്യം മുഴുവൻ പ്ളേറ്റിൽ കിടക്കുന്ന ചിക്കനോട് തീർത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഓഹ് ഗോഡ്... ഇങ്ങനെയാണ് അവസ്ഥയെങ്കിൽ നാളെ വീട്ടിലേക്ക് പോകുന്നത് വരെ എങ്ങനെ ഇവിടെ നിൽക്കും! ബോറടിച്ച് ചത്തു ഇപ്പോൾ തന്നെ... ഞാൻ മടുപ്പോടെ ഓർത്തു. ഫുഡ് കഴിച്ച് കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ഹിറ്റ്ലർ മുകളിലേക്ക് കയറിപ്പോയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം ഒമ്പത് കഴിഞ്ഞതേ ഉള്ളൂ...
ജിതയുടെ റൂമിൽ അവളുടെ ലാപ്ടോപ് കാണും, ഉറക്കം വരുന്നത് വരെ അതിൽ ഏതെങ്കിലും മൂവി കണ്ടിരിക്കാം... ഹിറ്റ്ലർ എന്തായാലും ഇപ്പോൾ ലാപ്ടോപിന് മുന്നിലായിരിക്കും, ഞാൻ സോഫയിൽ കിടന്ന മൊബൈലും കയ്യിലെടുത്തു എഴുന്നേറ്റു.
ഇവളുടെ കാര്യം എന്നേക്കാളും കഷ്ടമാണല്ലോ! ജിതയുടെ മുറിയിലേക്ക് കേറിയപ്പോൾ അലങ്കോലമായി കിടക്കുന്നത് കണ്ട് ഞാൻ നെടുവീർപ്പിട്ടു. തിരക്കിട്ട് ബാഗ് പാക്ക് ചെയ്തതിന്റെ ബാക്കിയാണ് എല്ലാം... ചെറുതായി എല്ലാം ഒന്നൊതുക്കി വെച്ച ശേഷം ഞാൻ ലാപ്ടോപും എടുത്തു ബെഡിലേക്കിരുന്നു.
ഇത് പോലെ എന്നും നല്ല സുഖത്തോടെ ബെഡിൽ കിടന്നിരുന്ന ഞാനാണ് ഇപ്പോൾ ഹിറ്റ്ലറുടെ ആ സോഫയിൽ കിടന്ന് കഷ്ടപ്പെടുന്നത്... ഞാൻ സങ്കടത്തോടെ ആ ബെഡിൽ കിടന്നുകൊണ്ട് ഓർത്തു. നാളെ എന്റെ വീട്ടിലേക്ക് പോകും എന്നല്ലേ പറഞ്ഞേ, മോനെ ഹിറ്റ്ലർ ഹർഷാ വർമേ തന്നെ ഞാൻ നാളെ നിലത്ത് വെറും പായ വിരിച്ചു കിടക്കുന്നതിന്റെ സുഖം എന്താണെന്ന് അറിയിച്ചു തരാം... ഞാൻ ഹിറ്റ്ലർക്ക് പണികൊടുക്കുന്നതും ഓർത്തു ഗൂഢമായി ചിരിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് അസ്വസ്ഥതയോടെ കണ്ണ് പാതി മാത്രം തുറന്ന് ആരാണെന്ന് പോലും നോക്കാതെ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.
"ഹ...ലോ... ആരാ..." ഉറക്കച്ചടവോടെ ഞാൻ ചോദിച്ചു.
" ആരാണെന്നോ! എടീ ഹയാ..." മറുപുറത് ആഷിയുടെ അലർച്ച കേട്ടു.
" നീ എന്താടി ഇപ്പോൾ വിളിച്ചേ? നിന്റെ കസിന്റെ റിസപ്‌ഷനല്ലേ?" ഞാൻ കണ്ണ് തുറക്കാതെ തന്നെ അവളോട് ചോദിച്ചു.
" കസിന്റെ റിസപ്‌ഷനോ? അതൊക്കെ ഇന്നലെ കഴിഞ്ഞു അവർ രണ്ടാളും ഹണിമൂൺ ആഘോഷിക്കാൻ പോയിക്കഴിഞ്ഞു, നീയിത് ഏത് ലോകത്താണ് ഹയാ..." അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി! ഇന്നലെ കഴിഞ്ഞെന്നോ! ഞാൻ കണ്ണും തുറന്ന് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.
ഇതെന്താ റൂമിൽ ഇത്രയും വെളിച്ചം! റൂമിലെ പകൽ പോലെയുള്ള വെളിച്ചം കണ്ട് സംശയത്തോടെ നിന്നു.
" ഹലോ, ഹയാ...ഹലോ..." മൊബൈലിൽ കൂടിയുള്ള ആഷിയുടെ വിളി കേട്ടു.
" ആഷി നിന്നെ ഞാൻ ഒരു പത്ത് മിനിറ്റ് കഴിഞ്ഞു വിളിക്കാം..." തിരിച്ചുള്ള അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ കോൾ കട്ടാക്കി.
ഇന്നലെ രാത്രി ലാപ്ടോപിൽ മൂവിയും വെച്ച് ബെഡിലേക്ക് വന്നിരുന്നത് ഓർമയുണ്ട്, അതിനിടയിൽ എപ്പോഴാണ് ഉറങ്ങിപ്പോയത്! ഈ ലാപ്ടോപ് ഒക്കെ ഞാൻ എപ്പോൾ ഓഫ് ചെയ്തു വെച്ചു! ബെഡിന്റെ അരുകിലായി അടച്ചു വെച്ചിരിക്കുന്ന ലാപ്ടോപും അതിന് മുകളിലായി വെച്ചിരിക്കുന്ന എന്റെ കണ്ണടയും കണ്ട് സംശയത്തോടെ നോക്കി നിന്നു.
എന്റെ കണ്ണ് അടുത്തുള്ള ക്ലോക്കിലേക്ക് പോയി. അതിലെ സമയം കണ്ടതും ഞാൻ കൂടുതൽ ഞെട്ടി. പത്ത് മണിയോ! ഇത്രയും സമയം ഞാനുറങ്ങിയോ? പെട്ടന്നാണ് ഹിറ്റ്ലറെ ഓർമ വന്നത്, ഞാൻ പുറത്തേക്ക് നടന്നു.
റൂമിൽ എവിടെയും ഹിറ്റ്ലറെ കണ്ടില്ല, ചിലപ്പോൾ ആൾ ഓഫീസിൽ പോയിക്കാണും, ഇന്ന് കുറച്ച് നേരത്തെ പോകണം എന്ന് പറഞ്ഞിരുന്നതല്ലേ... എന്നാലും ഞാനവിടെ കിടന്നുറങ്ങുന്നത് കണ്ടിട്ടും അങ്ങേർക്ക് ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലേ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ഹലോ ആഷീ..." ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ട് കോവണി ഇറങ്ങി.
" ഓ ഭവതിക്ക് ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ... ഇതാണോ നിന്റെ പത്തു മിനിറ്റ്?" അവൾ എന്നോട് ദേഷ്യപ്പെട്ടു.
" ഹിഹി, ഒന്ന് ഫ്രഷാവാൻ പോയതല്ലേ..." ഞാൻ ചിരിയോടെ പറഞ്ഞു.
" ഓഹോ അപ്പോൾ പൊന്നുമോൾ ഇപ്പോഴാണ് എഴുന്നേൽക്കുന്നത് അല്ലേ? കഷ്ടം തന്നെ, നീയെന്തിനാണ് നേരത്തെ കോൾ കട്ടാക്കിയത്?"
" അത് പറയാം, നമ്മുടെ ഹിറ്റ്ലർ ബോസ് ഇല്ലേ അവിടെ?" ഞാൻ ഹാളിലെ സോഫയിലേക്ക് ഇരുന്നു.
" പിന്നേയ് രാവിലെ എട്ടരയ്ക്ക് തന്നെ ലാന്റ് ചെയ്തിരുന്നു, അപ്പോൾ സ്വന്തം കണവൻ രാവിലെ എഴുന്നേറ്റ് വന്നത് പോലും മോള് അറിഞ്ഞില്ല എന്ന് സാരം, ആ പാവത്തിന് അറ്റ്ലീസ്റ്റ് ഒരു കോഫിയെങ്കിലും ഉണ്ടാക്കിക്കൊടുക്കാമായിരുന്നു..." അവൾ എന്നെ കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു.
" പോടീ, ഞാൻ ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്ന് പോലും എനിക്കോർമയില്ല എന്നിട്ടാണ്, അലറാം ഒന്നും വെച്ചിട്ടില്ലായൊരുന്നു..."
" അത് വെച്ചിട്ടും വലിയ കാര്യമൊന്നുമില്ല..."
" നീ രാവിലെ തന്നെ എന്നെ കളിയാക്കാനാണോ വിളിച്ചത്?" ഞാൻ ഈർഷ്യത്തോടെ ചോദിച്ചു.
" ഉച്ചയാവാനായി മോളെ..." അവൾ വീണ്ടും എന്നെ കളിയാക്കി.
" പോടീ, ഞാൻ വെക്കുകയാ.."
" അയ്യോ വെക്കല്ല, വെക്കല്ല... ഞാൻ ഒരത്യാവിശ്യക്കാര്യം പറയാൻ വിളിച്ചതാണ്..."
" എന്ത് കാര്യം?"
" നമ്മൾ ഇന്നലെ ടോപ്പ് ആൽട്ടർ ചെയ്യാൻ കൊടുത്ത ചേച്ചി വിളിച്ചിരുന്നു നിന്റെ രണ്ട് ടോപ്പ് ആൾട്ടർ ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞു ഒരു മണിക്ക് അടുപ്പിച്ചു പോയാൽ ചേച്ചി വീട്ടിൽ കാണും എന്നും പറഞ്ഞു, നിനക്കല്ലേ ഡൽഹിക്ക് പോകുമ്പോഴേക്ക് വേണം എന്ന് പറഞ്ഞത് നീ ഒരു ഒരുമണിക്ക് പോയി അത് വാങ്ങിച്ചോ..."
" ഒരു മണിക്ക് തന്നെ പോവണോ ഞാൻ വീട്ടിലേക്ക് പോവുന്ന വഴി അവിടെ ചെന്ന് വാങ്ങിയാൽ പോരെ?" ഒറ്റയ്ക്ക് പോകേണ്ടത് ഓർത്തു ഞാൻ മടുപ്പോടെ ചോദിച്ചു.
" നിന്റെ തോമസങ്കിൾ ഇല്ലാത്തത് കൊണ്ട് സ്കൂട്ടി എടുക്കേണ്ടേ മടിക്കായിരിക്കും അല്ലേ? നടക്കില്ല മോളെ ചേച്ചിക്ക് വേറെ എവിടെയോ പോകാനുണ്ട് അത് കൊണ്ടാണ് നിന്നോട് ഒരു മണിക്ക് തന്നെ വരാൻ പറഞ്ഞത്... മടിയൊക്കെ കളഞ്ഞ് വേഗം പോകാൻ നോക്ക്..."
" ആ പോവാം..." ഞാൻ മടുപ്പോടെ പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആഷിയോട് സംസാരിച്ചതിന് ശേഷം മമ്മയേയും വിളിച്ചു കുറച്ചു നേരം സംസാരിച്ചിരുന്നു.
ചെറിയൊരു വിശപ്പ് തോന്നിയതും ഞാനെഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു. അവിടെ ഒന്നും കാണില്ല എന്നറിയാം, തൽക്കാലം ഇന്നലെ ഉണ്ടാക്കാനിരുന്ന ന്യൂഡിൽസ് ആകാം, ഹിറ്റ്‌ലർ വല്ലതും കഴിച്ചിട്ടാണോ പോയിട്ടുണ്ടാവുക!
കബോർഡ് തുറന്ന് ഇന്നലെ തിരികെ വെച്ച ന്യൂഡിൽസ് പാക്കറ്റ് കയ്യിലെടുത്തപ്പോഴാണ് ടോസ്റ്ററിനടുത്തായി അടച്ചുവെച്ചിട്ടുള്ള പാത്രത്തിലേക്ക് നോട്ടം പോയത്, ടോസ്റ്ററിന് മുകളിലായി എന്തോ എഴുതി ഒട്ടിച്ചു ഒരു സ്റ്റിക്കി നോട്ടുംകണ്ടു, ഞാൻ സംശയത്തോടെ അങ്ങോട്ട് നടന്ന് ആ സ്റ്റിക്കി നോട്ട് കയ്യിലെടുത്തു.
'toast three minutes...'
ഹിറ്റ്ലറുടെ കൈയക്ഷരമാണല്ലോ ഇത്! എന്ത് ടോസ്റ്റ് ചെയ്യാനാണ് ഇയാൾ ഉദ്ദേശിച്ചത്? ഞാൻ വേഗം അടുത്തുള്ള പാത്രം തുറന്നു, അതിലുള്ള എഗ്ഗ് സാൻഡ്വിച്ച് കണ്ട് ഞാൻ വീണ്ടും ആ സ്റ്റിക്കി നോട്ടിലേക്ക് നോക്കി. അപ്പോൾ എനിക്കുള്ളതാണോ ഈ നോട്ട്!
ഒരു നിമിഷം വിശ്വാസം വരാതെ ഞാൻ നിന്നു, ഹിറ്റ്ലർ എനിക്കും കൂടി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനോ! ഇതെന്ത് മറിമായം! ഇന്നലെ ഫുഡ് പുറത്തു നിന്ന് വാങ്ങിച്ചത് കൊണ്ടാണ് ഒന്നിച്ച് കഴിക്കാൻ കഴിക്കാൻ വിളിച്ചതെന്ന് കരുതാം, പക്ഷേ ഇത് എന്തോ വിശ്വസിക്കാൻ കഴിയുന്നില്ല... ഇടയ്ക്കുള്ള പുള്ളിയുടെ സ്വഭാവം കണ്ടാൽ ആൾക്ക് എന്നോട് ഒരു ദേഷ്യവും ഇപ്പോഴില്ല എന്ന് തോന്നിക്കും പക്ഷേ എന്തെങ്കിലും സംസാരിക്കാൻ നിൽക്കുന്നതോടെ ആ സംശയം മാറി കിട്ടും...
അധികം ആലോചിച്ചു കൂട്ടാതെ ഞാൻ ആ സാൻവിച്ച് എടുത്തു ടോസ്റ്ററിലേക്ക് വെച്ച് ഓൺ ചെയ്ത് ഹിറ്റ്ലർ പറഞ്ഞത് പോലെ മൂന്ന് മിനിറ്റാവാൻ വേണ്ടി കാത്തിരുന്നു.
എന്തായാലും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എന്നാൽ പിന്നെ ഫ്ലാസ്ക്കിൽ കുറച്ച് കോഫിയും കൂടി ഉണ്ടാക്കി വെക്കാമായിരുന്നു. ഞാൻ ചിരിയോടെ സ്വയം പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മുൻവശത്തെ ഡോറും അടച്ചുപൂട്ടി ചാവി ബാഗിലേക്കിട്ട് ഞാൻ സ്കൂട്ടിയുടെ കീയും വിരലിലിട്ട് കറക്കിക്കൊണ്ട് പോർച്ചിലേക്ക് നടന്നു.
ഏകദേശം രണ്ടുമാസം കഴിഞ്ഞു സ്കൂട്ടി ഉപയോഗിച്ചിട്ട്, എവിടെയെങ്കിലും പോകാനായി സ്‌കൂട്ടി എടുക്കാൻ നോക്കിയാൽ മമ്മ തടയും കാറിൽ പോയാൽ പോരെ എന്നും പറഞ്ഞു, പതിയെ പതിയെ അത് എനിക്കും ശീലമായിരിക്കുന്നു.
ഹിറ്റ്‌ലറെ വിളിച്ച് പറയണോ? സ്കൂട്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ഞാൻ ആലോചിച്ചു. സാധാരണ പുറത്തേക്കെവിടെയെങ്കിലും പോകുമ്പോൾ മമ്മയോട് പറഞ്ഞിട്ടാണ് പോകാറുള്ളത്. ഇതിപ്പോൾ മമ്മ ഇല്ലാലോ... പുള്ളിയുടെ കയ്യിൽ വീടിന്റെ ചാവിയുണ്ട് പിന്നെ ഇന്നലെ മൂന്ന് മണിയാവുമ്പോഴേക്കും എത്താം എന്നല്ലേ പറഞ്ഞത്, ഞാൻ എന്തായാലും കൂടിപ്പോയാൽ ഒരു അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തുകയും ചെയ്യും പിന്നെയെന്തിന് അങ്ങേരോട് പറയണം! ഇല്ലെങ്കിൽ വേണ്ട ഒന്ന് പറഞ്ഞേക്കാം ഇനി ഇപ്പോൾ എങ്ങാനും പുള്ളിക്ക് കുറച്ച് നേരത്തെ വരാം എന്ന് തോന്നിയാലോ... ഞാൻ ബാഗ് തുറന്ന് മൊബൈൽ പുറത്തേക്കെടുത്തു.
റിംഗ് പോകുന്നുണ്ട് പക്ഷേ എടുക്കുന്നില്ലാലോ... ഇനി എന്റെ നമ്പർ കണ്ട് എടുക്കേണ്ട എന്ന് വെക്കുന്നതായിരിക്കുമോ! ഏയ്!അതായിരിക്കില്ല... മുഴുവനായി റിംഗ് ആയിക്കഴിഞ്ഞു. ഒരിക്കൽ കൂടി വിളിക്കണോ? ഞാൻ സംശയത്തോടെ ഫോണിലേക്ക് നോക്കി ചിന്തിച്ചു. ഇല്ലെങ്കിൽ വേണ്ട ഇനി ആവിശ്യമുണ്ടെങ്കിൽ ഇങ്ങോട്ട് വിളിക്കട്ടെ.
ഞാൻ മൊബൈൽ തിരിച്ചു ബാഗിലേക്കിട്ട് സ്കൂട്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Harsha's pov:-
മറ്റന്നാളെത്തേക്കുള്ള മീറ്റിങ്ങിന് വേണ്ടിയുള്ള ചെറിയ കാര്യങ്ങൾ ഒക്കെ ചെയ്തു തീർക്കാനായി ഉണ്ടായിരുന്നു, അതൊക്കെ ഏകദേശം തീർത്തു കഴിഞ്ഞു ലാപ്ടോപും അടച്ചു വെച്ചു ക്ലോക്കിലേക്ക് നോക്കി. പന്ത്രണ്ട് മണി കഴിഞ്ഞോ! സമയം പോയതറിഞ്ഞതേ ഇല്ല.
ഫ്രെഷാവാനായി സ്റ്റാന്റിൽ കിടന്ന ടവ്വലും എടുത്തു തിരിഞ്ഞപ്പോഴാണ് ഒഴിഞ്ഞു കിടക്കുന്ന സോഫ കണ്ടത്. മണി പന്ത്രണ്ടായിട്ടും ഹയാത്തി ഇത് വരെ വന്നില്ലേ? സാധാരണ അവൾ കിടക്കുന്ന സമയം കഴിഞ്ഞല്ലോ? എന്ത് പറ്റി? ഞാൻ ഇങ്ങോട്ട് വരുമ്പോൾ താഴെ ഹാളിൽ നിന്നും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് കണ്ടിരുന്നു. ഇനിയിപ്പോൾ അവിടെ തന്നെ കിടന്നുറങ്ങിക്കാണുമോ? പണ്ട് മീറ്റിങ് നടക്കുന്നതിനിടയിൽ ഉറങ്ങിയ ടീമാണ്, എന്തായാലും ഒന്ന് താഴെ പോയി നോക്കിയേക്കാം...
താഴേക്ക് പോകാനായി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി കോവണിയുടെ അടുത്തേക്ക് നടക്കുന്നതിനടയിൽ ജിതയുടെ റൂമിന്റെ ഭാഗത്ത് നിന്നും എന്തോ ഒരു ശബ്ദം കേട്ട് ഞാൻ നിന്നു. തല ചെരിച്ചു അങ്ങോട്ട് നോക്കിയപ്പോൾ ജിതയുടെ റൂമിൽ ലൈറ്റ് കണ്ട് സംശയത്തോടെ അങ്ങോട്ട് നടന്നു.
ആഹാ... അടിപൊളി... ജിതയുടെ റൂമിലേക്ക് കയറിയതും അവിടെ കണ്ട കാഴ്ച കണ്ട് വാതിൽക്കൽ തന്നെ നിന്നു. ബെഡിലായി ലാപ്‌ടോപിൽ ഏതോ ഒരു മൂവിയും ഓൺ ചെയ്തുവെച്ചിട്ട് ആൾ അടുത്തു കിടന്ന് നല്ല ഉറക്കിലാണ്.
വിളിച്ചുണർത്തണോ! അതോ ഇനി ഇവിടെ തന്നെ കിടക്കാം എന്ന് തീരുമാനിച്ചു കിടന്നതാകുമോ? എന്തായാലും ഒന്ന് വിളിച്ചു നോക്കാം.
" എടോ... ഹയാത്തി..." ഞാൻ ആളെ മെല്ലെ തട്ടി വിളിച്ചു. പക്ഷേ ആളൊന്ന് അനങ്ങിയത് പോലുമില്ല.
" ഹയാത്തി... എടോ ഹയാ..." ഞാൻ കുറച്ചുറക്കെ തന്നെ വിളിച്ചു.
എവിടെ! ഒരു മാറ്റവും ഇല്ല, വിളിക്കാൻ ശ്രമിച്ച എന്നെ വേണം പറയാൻ, ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഭൂമി കുലുക്കം വന്നാൽ പോലും അറിയാൻ സാധ്യതയില്ലാത്ത മഹതിയേയാണ് ഞാൻ വിളിക്കാൻ നോക്കുന്നത് എന്നോർക്കണമായിരുന്നു.
പിന്നെയും വിളിക്കാൻ ശ്രമിക്കാതെ ബെഡിൽ കിടന്ന ലാപ്ടോപും ഓഫ് ചെയ്തു അവളുടെ മുഖത്തുള്ള കണ്ണടയും എടുത്ത് മാറ്റി വെച്ചു റൂമിലെ ലൈറ്റും അണച്ചു പുറത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പിറ്റേ ദിവസം:-
ഓഫീസിലേക്ക് പോകാൻ വേണ്ടി റെഡിയായി താഴെക്കിറങ്ങുന്നതിനിടയിൽ ജിതയുടെ റൂമിലേക്ക് ഒന്ന് നോക്കി.
ഇന്നലെ അത്ര നേരത്തെ കിടന്നിട്ടും ഇവൾക്ക് എഴുന്നേൽക്കാനുള്ള സമയമായില്ലേ! എന്നും ചിന്തിച്ചു ഉറങ്ങിക്കിടക്കുന്ന അവളെ നോക്കി ആശ്ചര്യപ്പെട്ടു കൊണ്ട് താഴത്തേക്ക് നടന്നു.
ഒരു കോഫിയിട്ട് കുടിക്കാം എന്ന് കരുതി പാൽ എടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് അതിനടുത്തുള്ള ബ്രഡ് പാക്കറ്റ് കണ്ടത്. നോട്ടം നേരെ അടുത്തുള്ള ക്ലോക്കിലേക്ക് പോയി എട്ട് മണിയാവാൻ പോകുന്നതേ ഉള്ളൂ, സമയമുണ്ട് വേഗം എന്തെങ്കിലും സാൻവിച്ചോ മറ്റോ ഉണ്ടാക്കികളയാം...
ഉണ്ടാക്കിയ സാൻഡ്വിച്ചിൽ രണ്ടണ്ണം എടുത്തു ടോസ്റ്റ് ചെയ്യാനായി വെച്ച് ബാക്കിയുള്ള രണ്ടണ്ണം എടുത്തു ഒരു പാത്രത്തിലായി അടച്ചു വെച്ചു. എന്തായാലും അവൾ എഴുന്നേറ്റ് ഒന്നും ഉണ്ടാക്കാനുള്ള സാധ്യതയില്ല, ഇനി ഉണ്ടാക്കിയാൽ തന്നെ അവളായത് കൊണ്ട് കൊളമാക്കുകയേ ഉള്ളൂ.
കോഫിയും സാൻഡ്വിച്ചും എടുത്തു ഡൈനിങ് ടേബിലിനടുത്തേക്ക് നടക്കാൻ തുനിഞ്ഞതും ഒരു നിമിഷം നിന്നു. അവൾക്ക് ടോസ്റ്റർ യൂസ് ചെയ്യാൻ അറിയുമായിരികുമോ! ഏയ് അതൊക്കെ അറിയാതിരിക്കില്ല... അവളുടെ കാര്യമായത് കൊണ്ട് ഒന്നും പറയാനും പറ്റില്ല, മര്യാദയ്ക്ക് ഒരു ഓംലെറ്റ് പോലും ഉണ്ടാക്കാൻ അറിയാത്തതാണ്. ഒരു കാര്യം ചെയ്യാം...
തിരിഞ്ഞു കിച്ചണിലേക്ക് കയറി കബോർഡ് തുറന്ന് ഒരു സ്റ്റിക്കി നോട്ട് എടുത്തു 'toast three minutes...' എന്നും എഴുതി ടോസ്റ്ററിന് മുകളിലായി ഒട്ടിച്ചു വെച്ച ശേഷം തിരിഞ്ഞു നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അജയ് സാറും പ്രതാപങ്കിളുമായുള്ള ഒരു മീറ്റിങ് കഴിഞ്ഞതിന് ശേഷം ക്യാബിനിലേക്ക് കയറിയതും ടേബിളിൽ കിടന്നിരുന്ന മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടു. ടേബിളിനടുത്തേക്ക് നടന്നു അതെടുത്തു നോക്കി.
രാഹുലാണ്, കോൾ അറ്റന്റ് ചെയ്യാനായി തുനിഞ്ഞതും അത് കട്ടായി. തിരിച്ചു വിളിക്കാനായി കോൾലിസ്റ്റ് എടുത്തപ്പോഴാണ് വേറെയും മൂന്ന് മിസ്സ്‌കോൾ വന്ന് കിടക്കുന്നത് കണ്ടത്. ഒന്ന് രാഹുലിന്റേത് തന്നെയാണ് പിന്നെയൊന്ന് ജിതയുടെയും പിന്നെയുള്ളത് ഹയാത്തിയും.
ജിതയെ രാവിലെ അങ്ങോട്ട് വിളിച്ചപ്പോൾ ഫോണെടുത്തിട്ടിലായിരുന്നു അത് കണ്ട് തിരിച്ചു വിളിച്ചതായിരിക്കും ഈ ഹയാത്തി എന്തിനായിരിക്കും വിളിച്ചിട്ടുണ്ടാവുക അരമണിക്കൂറിന് മുമ്പാണ് വിളിച്ചിരിക്കുന്നത് അതും ഒരു തവണ അപ്പോൾ അത്യാവശ്യം ഒന്നുമല്ല, തിരിച്ചു വിളിക്കണോ? ഫോണും കയ്യിൽ പിടിച്ചു ചിന്തിച്ചു.
ഒന്ന് വിളിച്ചു നോക്കാം, ഒന്നുമില്ലെങ്കിലും എവിടെയൊറ്റയ്ക്കല്ലേ ഉളളത്, ചിലപ്പോൾ എത്ര മണിക്കാണ് വരുക എന്ന് ചോദിക്കാനാവും, ഹയാത്തിയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു മൊബൈൽ കാതോട് ചേർത്തു. കുറച്ച് നേരം റിംഗ് ചെയ്തു കഴിഞ്ഞപ്പോള്‍ അപ്പുറത് ഫോണ്‍ എടുത്തു.
" ഹലോ..." ഹയാത്തിയുടെ ശബ്ദത്തിന് പകരം മറുപുറത് ഒരു ആൺ സ്വരം കേട്ട് ഒന്ന് ഞെട്ടി.
ഇതാര്! ഇനി ഹയാത്തിക്കല്ലേ കോൾ പോയത്! മൊബൈൽ ചെവിയിൽ നിന്നും മാറ്റി വിളിച്ചത് മാറി പോയോ എന്നറിയാനായി സ്ക്രീനിലേക്ക് നോക്കി. അതേ അവളുടെ നമ്പറിലേക് തന്നെയാണല്ലോ വിളിച്ചത്! അപ്പോൾ ഇതാരാണ്! വീണ്ടും അപ്പുറത് നിന്ന് അതേ ആളുടെ ഹലോ ഒരിക്കൽ കൂടി കേട്ടപ്പോൾ മൊബൈൽ ചെവിയിലേക്ക് ചേർത്തു.
" ഹലോ, ഇത് ഹയയുടെ ഫോൺ അല്ലേ?" ഗൗരവത്തോടെ ചോദിച്ചു.
എന്റെ ചോദ്യത്തിനുള്ള മറുപടിയായി മറുതലക്കൽ നിന്ന് പറഞ്ഞ കാര്യം കേട്ട് ഒരു തരിപ്പ് എന്റെ ഉള്ളിലൂടെ പാഞ്ഞു പോയി.
"ഏ... ഏത് ഹോ...ഹോസ്പിറ്റലിലാണ്?..." എങ്ങനെയൊക്കെയോ ചോദിച്ചു വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഹോസ്പിറ്റലിന്റെ പേരും കൂടെ എന്തൊക്കെയോ വിശദീകരിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ നിൽക്കാതെ കോളും കട്ട് ചെയ്ത് കാർ കീയും എടുത്തു ക്യാബിൻ ഡോർ തുറന്ന് പുറത്തേക്ക് ഓടി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Bạn đang đọc truyện trên: Truyen247.Pro