chapter 51
Hayaathi's pov:-
പെർഫ്യൂം പൊട്ടുന്നത് കാണാൻ ധൈര്യമില്ലാതെ ഞാൻ കണ്ണ് രണ്ടും ഇറുക്കിയടച്ചു നിന്നു. പക്ഷേ ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും ഒരു ശബ്ദവും കേട്ടില്ല. ഇതെന്തു പറ്റി! ആ പെർഫ്യൂം ബോട്ടിൽ ഇനിയും താഴെ എത്തിയില്ലേ? ഞാൻ മെല്ലെ കണ്ണ് തുറന്നു.
കണ്ണ് തുറന്നതും മുന്നിൽ തന്നെ ഹിറ്റ്ലർ അതേ ഭാവത്തോടെ തന്നെ നിൽക്കുന്നുണ്ട്, ഞാൻ തലകുനിച്ചു നിലത്തേക്ക് നോക്കി.
നിലത്തു വിരിച്ചിട്ടിട്ടുള്ള കാർപ്പറ്റിൽ ഒരു കേടുപാടും സംഭവിക്കാതെ സുരക്ഷിതമായി വീണ് കിടക്കുന്ന പെർഫ്യൂം ബോട്ടിൽ കണ്ടതും എന്റെ ശ്വാസം നേരെ വീണു. ഹാവൂ... കാർപറ്റ് ഉള്ളത് കൊണ്ട് രക്ഷപെട്ടു ഇല്ലെങ്കിൽ ഇവിടെ ഒരു കൊലപാതകം തന്നെ നടന്നേനെ...
ഞാൻ തലയുയർത്തി ഹിറ്റ്ലറെ നോക്കി. അതേ ഭാവം ഒരു മാറ്റവും ഇല്ല, പൊട്ടിയില്ലാലോ പിന്നെയെന്തിനാണാവോ മഹാൻ ഈ എക്സ്പ്രഷനും ഇട്ട് നിൽക്കുന്നത്! അയാളെ നോക്കി ഒന്നിളിച്ചെന്നു വരുത്തിച്ചു ഞാൻ കുനിഞ്ഞു നിന്ന് ആ പെർഫ്യൂം ബോട്ടിൽ കയ്യിലെടുത്തു.
ഇനി ആളുടെ പെർഫ്യൂം എടുത്തതിനാണോ ഈ കടിച്ചു കീറാനുള്ള ദേഷ്യത്തിൽ നോക്കുന്നത്! അതിനാണെങ്കിൽ ഒരു സോറി പറഞ്ഞേക്കാം...
" സോറി, അവിടെ കണ്ടപ്പോൾ ഒന്ന് ജസ്റ്റ് നോക്കിയന്നേ ഉള്ളൂ..." ഇത്രയും പറഞ്ഞു കൊണ്ട് പെർഫ്യൂം ബോട്ടിൽ ഡ്രസ്സിങ് ടേബിളിൽ തന്നെ തിരിച്ചു വെച്ചു തിരിഞ്ഞതും.
പെട്ടന്ന്, കയ്യിലൊരു പിടി വീണു... ഓർക്കാപ്പുറത്തുള്ള പിടി ആയതിനാൽ ഞാൻ ഹിറ്റ്ലറുടെ നെഞ്ചിലേക്ക് ചെന്നു ഇടിച്ചു നിന്നു...
അപ്രതീക്ഷിതമായ ഹിറ്റ്ലറുടെ പ്രവർത്തിയിൽ പകച്ച് തലയുർത്തി നോക്കിയതും പിറകിൽ നിന്നും എന്തോ വലിയ ശബ്ദം കേട്ട് ഞെട്ടി ഞാൻ അറിയാതെ ഹിറ്റ്ലറുടെ കയ്യിൽ കേറി പിടിച്ചു.
ഒന്ന് രണ്ട് നിമിഷം കഴിഞ്ഞു തലയുയർത്തി ഹിറ്റ്‌ലറുടെ മുഖത്തേക്ക് നോക്കിയപ്പോൾ മൂപ്പരുടെ നോട്ടം മറ്റെവിടെയോ ആണ്. എന്നെ ഈ പിടിച്ചു വലിച്ചിട്ട് ഇങ്ങേര് ഇതെന്താണ് നോക്കുന്നതെന്നറിയാനായി ആ നോട്ടത്തെ പിന്തുടർന്നു നോക്കിയതും എന്റെ പകുതി ജീവൻ പോയി. ഞാൻ തിരിച്ചു വെച്ച ആ പെർഫ്യൂം ബോട്ടിൽ താഴെ വീണ് പൊട്ടിക്കിടക്കുന്നു.
ദൈവമ്മേ! ഇതെങ്ങനെ നിലത്തേക്ക് വീണു! ഞാൻ ഭയത്തോടെ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി, ദേഷ്യം കൊണ്ട് എന്നെ കടിച്ചു കീറാനുള്ള ഭമട്ടിൽ നിൽക്കുന്നു... ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥ, ആകെ ഒരു മരവിപ്പ്.
ഇങ്ങേരുടെ മുഖത്തെ എക്സ്പ്രഷൻ ശ്രദ്ധിക്കുന്നതിനടയിൽ പെർഫ്യൂം ശരിക്കും വെച്ചിരുന്നോ എന്ന് ശ്രദ്ധിച്ചില്ല. ഇനി എന്ത് ചെയ്യും... മിക്കവാറും ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്നാണ് തോന്നുന്നത്, എങ്ങനെ ഇതിൽ നിന്നും രക്ഷപെടും!
" എന്താ!എന്തായിവിടെ ശബ്ദം കേട്ടത്!" എന്നും ചോദിച്ചുള്ള കാർത്തിയേട്ടന്റെ ശബ്ദം കേട്ടതും ഞങ്ങൾ രണ്ടാളും അങ്ങോട്ട് നോക്കി.
ഞെട്ടലോടെ ഞങ്ങളെ നോക്കി നിൽക്കുന്ന കാർത്തിയേട്ടനും ജോ ദീദിയും ജിതയും, ഞാൻ ഇത്തിരി സാമാധാനത്തോടെ അവരെ നോക്കി. ഇനി എന്തായാലും ഹിറ്റ്‌ലർ ഒന്നും പറയാൻ നിൽക്കില്ല. ജോ ദീദി പെർഫ്യൂം ബോട്ടിൽ വീണുടഞ്ഞ ഭാഗത്തേക്ക് നോക്കിയെങ്കിലും ബാക്കി രണ്ട് പേരും കിളിപോയ മട്ടിൽ ഞങ്ങളെ തന്നെ നോക്കുന്നത് കണ്ട് ഞാൻ സംശയത്തോടെ നിന്നു.
ഇത് രണ്ടും എന്താണ് ഇങ്ങനെ നോക്കുന്നത് എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഹിറ്റ്ലർ പെട്ടന്ന് പിറകോട്ടായി മാറി നിന്നത്, അപ്പോഴാണ് കത്തിയത് ഇത്രയും നേരം ഞങ്ങൾ രണ്ടാളും അടുത്തടുത്തായിട്ടാണ് നിന്നതെന്ന്, കൂടാതെ എന്റെ കയ്യാണെങ്കിൽ മൂപ്പരുടെ കയ്യിന്റെ മുകളിലും, വെറുതെ അല്ല ജിതയും കാർത്തിയേട്ടനും അമ്മാതിരി നോട്ടം നോക്കിയത്. ഛെ! നാണക്കേട്...
" എന്താടാ ഹർഷാ പറ്റിയത്!" ജോ ദീദിയുടെ ചോദ്യം കേട്ടതും ഞാൻ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി.
മൂപ്പർ വീണ്ടും എന്നെ ദേഷ്യത്തോടെ കൂർപ്പിച്ചു നോക്കിയ ശേഷം ദീദിയുടെ നേർക്ക് തിരിഞ്ഞു.
"അത് ദീദി... ഇവളുടെ ക..."
" എന്റെ ദീദീ... ദീദിക്ക് മനസ്സിലായില്ലേ? " ഹിറ്റ്ലറെ തടഞ്ഞുകൊണ്ടു ജിത ഒരു കള്ളച്ചിരിയോടെ ഞങ്ങളെ നോക്കിക്കൊണ്ട് ജോ ദീദിയോടായി ചോദിച്ചു.
അവളുടെ ആ ചിരിയിൽ എന്തോ അപകടമുണ്ടല്ലോ... എന്താണ് അവൾ പറയുന്നതെന്നറിയാനായി എല്ലാവരും അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
" ഇവരുടെ മുഖഭാവം കണ്ടാൽ തന്നെ അറിയില്ലേ രണ്ടാളും കൂടി റൊമാൻസ് കളിക്കുന്നതിനിടയിൽ തട്ടി നിലത്തേക്ക് വീണതാണെന്ന്..."
അവൾ പറയുന്നത് കേട്ട് എന്റെ കിളികൾ മൊത്തം പറന്നു പോയി, റൊമാൻസോ! അതും ഞാനും ഈ കോന്തനും തമ്മിലോ? ഞാൻ തലചെരിച്ചു ഹിറ്റ്ലറെ നോക്കി. ജിതയെ ഇപ്പോൾ വെട്ടി നുറുക്കി കറി വെക്കും എന്ന മട്ടിൽ നോക്കുന്നുണ്ട്.
" സത്യം പറഞ്ഞാൽ നമ്മൾ ഇപ്പോൾ ഇങ്ങോട്ട് വന്നത് പോലും ഭയ്യാക്ക് ഇഷ്ടപ്പെട്ടിട്ടില്ല..." അവൾ വീണ്ടും ചിരിയോടെ പറഞ്ഞുക്കൊണ്ട് ജീവനും കൊണ്ട് തിരിഞ്ഞു റൂമിന് പുറത്തേക്ക് ഓടി.
അവൾക്കറിയാം ഇനി അവിടെ നിന്നാൽ അപകടമാണെന്ന്, ഹിറ്റ്ലർ ദേഷ്യം കൊണ്ട്
പല്ല് ഞെരിക്കുന്ന ശബ്ദം കേട്ടു. ജിതയോടെ ഈ ഡയലോഗും കൂടിയതോടെ എന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി, ഇനി പെർഫ്യൂം പൊട്ടിച്ചതിനെ കൂടാതെ ഇതിനുള്ളതും മിക്കവാറും കേൾക്കേണ്ടി വരുമെന്നാണ് തോന്നുന്നത്...
ജോ ദീദിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെയും ഒരാക്കിച്ചിരിയുണ്ട്. ഭേഷ്... നാത്തൂന്മാർ രണ്ടും കൂടി അനിയന് എന്നെ പെട്ടിയിലാക്കാനുള്ള വകുപ്പ് ഉണ്ടാക്കി കൊടുക്കുകയാണ്..
ഇനി ഒരാളും കൂടി ഉണ്ടല്ലോ എന്നോർത്ത് കാർത്തിയേട്ടന്റെ നേർക്ക് നോക്കി, ഭാഗ്യം ജിത പറഞ്ഞത് പോലെ ഇവിടെ നടന്നത് ഒരു റൊമാൻസ് അല്ല എന്നുള്ള പൂർണ്ണബോധം ഉള്ളത് കൊണ്ട് തന്നെ പുള്ളിക്കാരൻ വിളറിയ ഒരു ചിരിയോടെ നിന്നതേ ഉള്ളൂ,... ഹാവൂ, ഒരാളെങ്കിലും ഉണ്ടല്ലോ എനിക്ക് കൂട്ടിന്.
" നിങ്ങൾ നിൽക്ക്, ഞാൻ താഴെ ചെന്ന് മേരിചേച്ചിയോട് പറയാം ഇവിടെ ക്ലീൻ ചെയ്യാൻ..." ജോ ദീദി ഇതും പറഞ്ഞു ചിരിയോടെ പുറത്തേക്ക് തിരിഞ്ഞു നടന്നു.
അയ്യോ ദേ പോകുന്നു, എന്നെ ഈ ദുഷ്ടന്റെ മുന്നിൽ ഉപേക്ഷിച്ചു പോകല്ലേ എന്ന് മനസ്സ് കൊണ്ട് കെഞ്ചിയെങ്കിലും ആര് കേൾക്കാൻ...
ഞാനും ഹിറ്റ്ലറും കാർത്തിയേട്ടനും മാത്രം ബാക്കിയായി അവിടെ, ഞാൻ ഇടംകണ്ണിട്ട് ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി. ദേഷ്യം കാരണമാണെന്ന് തോന്നുന്നു കണ്ണ് രണ്ടും അടച്ചു കയ്യും ചുരുട്ടി പിടിച്ചു നിൽക്കുന്നു, ഞാൻ പേടിയോടെ കാർത്തിയേട്ടന്റെ മുഖത്തേക്ക് നോക്കി.
ആഹാ, എന്നെക്കാളും ടെൻഷനോടെ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ് പുള്ളിക്കാരൻ, ഞാനല്ലേ പൊട്ടിച്ചത് അതിന് ഇങ്ങേരെന്തിനാണ് പേടിക്കുന്നത്! എനിക്ക് കിട്ടാൻ പോകുന്ന വഴക്കിനെ കുറിച്ചോർത്തിട്ടല്ല പിന്നെ എന്തിനാവും! ഞാൻ സംശയത്തോടെ നിന്നു.
ഇനി ഒരു പക്ഷേ എല്ലാം വരുത്തി വെച്ചത് ഞാനാണെങ്കിലും, ഞാൻ ഇന്നിവിടെ നിൽക്കാൻ തന്നെ കാരണം ശരിക്കും പറഞ്ഞാൽ കാർത്തിയേട്ടന്റെ ഒരു പൊട്ടൻ ഐഡിയ കാരണമല്ലേ? അതും പറഞ്ഞു ഏട്ടനോട് ചൂടാവും എന്ന് കരുത്തിയിട്ടാവുമോ? മുഖത്തെ ടെൻഷൻ കണ്ടിട്ട് മിക്കവാറും അതായിരിക്കാനാണ് സാധ്യത. സമാധാനം! ഈ കാലന്റെ വായിലിരിക്കുന്നത് ഷെയർ ചെയ്തു കേൾക്കാൻ കൂടെ ഒരാളുള്ളത് നന്നായി.
പെട്ടന്ന്,
" എന്താ... എന്നെയോ... ഇതാ വരുന്നൂ... എന്നെ ആരോ വിളിക്കുന്നു..." ഒരു ഇളിയോടെ ഡോറിന് പുറത്തേക്ക് നോക്കി ഉറക്കെ പറഞ്ഞുകൊണ്ട് എനിക്ക് ചിന്തിക്കാൻ പോലും അവസരം തരാതെ പുറത്തേക്ക് പോയി.
എന്താണ് ഇപ്പോൾ സംഭവിച്ചത്! കാർത്തിയേട്ടനെ ഇപ്പോൾ ആരും വിളിക്കുന്നത് കേട്ടില്ലാലോ! ഞാൻ ചിന്തയോടെ നിന്നു, പെട്ടന്നാണ് കാര്യം കത്തിയത്, അങ്ങേര് സിനിമ ഡയലോഗും കോപ്പിയടിച്ചു സ്വന്തം ജീവനും കൊണ്ട് രക്ഷപെട്ടു ഓടിയതാണ്... എല്ലാവരും എന്നെ ഈ ദുഷ്ടന് മുന്നിൽ ഉപേക്ഷിച്ചിട്ട് പോയി... ഇനി ഞാൻ എങ്ങനെ രക്ഷപെടും!
കാർത്തിയേട്ടനും ജിതയും ഓടിയത് പോലെ ഉള്ള ജീവനും കൊണ്ട് ഓടിയാലോ? അത് വേണ്ട, അങ്ങനെ ചെയ്താൽ ഇങ്ങേരുടെ ദേഷ്യം കൂടുകയേ ചെയ്യൂ... ഞാൻ എന്ത് ചെയ്യും എന്നും ചിന്തിച്ചു സങ്കടത്തോടെ ചുറ്റും നോക്കി.
" എന്താ കുഞ്ഞേ, ഇവിടെ എന്തോ പൊട്ടിയെന്ന് പറഞ്ഞു..." പെട്ടന്ന് മേരിചേച്ചി റൂമിലേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു.
" ആഹ് ചേച്ചീ അറിയാതെ കൈതട്ടി ഒരു പെർഫ്യൂം നിലത്തേക്ക് വീണുപോയി..." ഹിറ്റ്ലർ എന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് മേരിചേച്ചിയോട് പറഞ്ഞു.
" ആണോ, ഞാൻ വൃത്തിയാക്കിക്കൊള്ളാം... ആ മോളെ ഹീരാമ്മ അന്വേഷിക്കുന്നുണ്ടായിരുന്നു..." മേരിചേച്ചി ചൂലും എടുത്തു പെർഫ്യൂം പൊട്ടിക്കിടന്നിടത്തേക്ക് നീങ്ങുന്നതിനിടയിൽ എന്നെ നോക്കി പറഞ്ഞു.
ഞാൻ സന്തോഷത്തോടെ ചേച്ചിയെ നോക്കി. ഹാവൂ ഈ കാലന്റെ കയ്യിൽ നിന്നും തൽക്കാലം രക്ഷപെട്ടു. പിന്നെയൊന്നും നോക്കിയില്ല ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കാതെ ഞാൻ പുറത്തേക്കുള്ള ഡോറിനടുത്തേക്ക് നീങ്ങി.
പെട്ടന്ന്, ഹിറ്റ്ലർ മുന്നോട്ട് വന്ന് എന്റെ കയ്യിൽ പിടിച്ചുക്കൊണ്ട് എന്നെ തടഞ്ഞു. ഞാൻ ഞെട്ടലോടെ മൂപ്പരുടെ മുഖത്തേക്ക് നോക്കി.
" മമ്മ തന്നെ അന്വേഷിച്ചു എന്നാണ് പറഞ്ഞത് അല്ലാതെ വിളിച്ചു എന്നല്ല..." ക്രൂരതനിറഞ്ഞ ഒരു ചിരിയോടെ ഇതും പറഞ്ഞു എന്നെയും പിടിച്ചു വലിച്ചു കൊണ്ട് ബാൽക്കണിയുടെ ഡോറിനടത്തേക്ക് നടന്നു.
ഞാൻ ആ പിടുത്തം വിടുവിക്കാൻ ഒരു ശ്രമം നടത്തി നോക്കി, അതോടെ പിടി കൂടുതൽ മുറുകി. എനിക്ക് നല്ലത് പോലെ വേദനിക്കാനും തുടങ്ങി. കഷ്ടപ്പെട്ട് ഒറ്റക്കൈ കൊണ്ട് ബാൽക്കണിയിലേക്കുള്ള ഡോർ തുറക്കുമ്പോഴും ദുഷ്ടൻ എന്റെ കയ്യിലുള്ള പിടി വിട്ടില്ല.
ബാൽക്കണിയിലേക്കുള്ള ഡോർ തുറന്ന് എന്നെയും പിടിച്ചുവലിച്ചു അകത്തേക്ക് കയറി തിരിഞ്ഞുനിന്ന് ഡോർ അടച്ച് സ്പീഡിൽ എന്നെ പിടിച്ചു മുന്നോട്ട് നിർത്തി കയ്യിലെ പിടുത്തം വിട്ടു. ആ ഒരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നതിനാൽ നിലത്തേക്ക് വീണില്ല.
നേരെ നിന്ന് ദുഷ്ടൻ പിടിച്ച കയ്യിലേക്ക് നോക്കി. ചെറുതായി ചുവന്നിരിക്കുന്നു, നല്ല വേദനയും... ഞാൻ ദേഷ്യത്തോടെ തലയുയർത്തി നോക്കി. അങ്ങേരുടെ മുഖത്തെ എന്നെ ദഹിപ്പിക്കുന്ന മട്ടിലുള്ള നോട്ടം കണ്ടതും എന്റെ ദേഷ്യം ആവിയായി എവിടെയോ മറഞ്ഞു. ഞാൻ പേടിയോടെ ആ മുഖത്തേക്ക് നോക്കി.
അതേ ഭാവത്തോടെ മൂപ്പർ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. മുഖം കണ്ടിട്ട് എന്നെ ഒറ്റയടിക്ക് തീർക്കുന്ന മട്ടുണ്ട്, എങ്ങനെ ഇതിൽ നിന്നും രക്ഷപെടും... ഞാൻ പേടിയോടെ ബാൽക്കണിയിലെ കൈവരിയോട് ചേർന്നു കണ്ണും ഇറുക്കിയടച്ചു നിന്നു.
ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും അനക്കമൊന്നും കേട്ടില്ല, ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കി. ഹിറ്റ്ലർ എന്റെ തൊട്ട് മുന്നിലായി നെഞ്ചിന് മീതെ കയ്യും കെട്ടി നിൽക്കുന്നു. ഞാൻ പെട്ടന്ന് തന്നെ നേരെ നിന്നു.
" എന്താ ശരിക്കും തന്റെ ഉദ്ദേശം!" ഹിറ്റ്ലർ ഗൗരവം നിറഞ്ഞ ശബ്ദത്തോടെ എന്നെ നോക്കി ചോദിച്ചു.
ഞാൻ ചോദ്യം മനസ്സിലാവാതെ സംശയത്തോടെ ആ മുഖത്തേക്ക് തന്നെ നോക്കി.
" എന്നെ ഇങ്ങനെ ശല്യപ്പെടുത്തി കൊണ്ടിരിക്കാൻ തന്നെയാണോ ഇനിയുള്ള തന്റെ ഉദ്ദേശം!"
ആ ചോദ്യം കേട്ടതും തിരിച്ച് എന്ത് പറയണം എന്നറിയാതെ നിന്നു. ഇതിലും ഭേദം ഇങ്ങേർ ദേഷ്യപ്പെടുന്നതായിയുന്നു.
" സോറി, ഞാൻ അറിയാതെ അത് അവിടെ കണ്ടപ്പോൾ നോക്കാൻ എടുത്തതാണ്, അല്ലാതെ നിലത്തേക്കിടണം എന്ന ഉദ്ദേശത്തിലല്ല..." ഞാൻ ഇത്രയും പറഞ്ഞുകൊണ്ട് തലകുനിച്ചു നിന്നു.
ഹിറ്റ്ലർ തിരിച്ചൊന്നും പറയാതെ തിരിഞ്ഞു ഡോറിനടുത്തേക്ക് പോകുന്നത് കണ്ടതും ഞാൻ തലയുയർത്തി നോക്കി. ഇതെന്താ സംഭവം! ഇങ്ങേർ ഇതെന്താണ് എന്നെ ഒന്നും പറയാതെ പോയേ! മനസ്സിൽ എവിടെയെക്കൊയോ ചെറുതായി കുറ്റബോധം തോന്നി, അങ്ങേർ വഴക്ക് പറഞ്ഞാൽ മതിയായിരുന്നു അത് തന്നെയായിരുന്നു നല്ലത്...
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ അങ്ങോട്ടേക്ക് നോക്കി. പോയ ആൾ ദേ തിരിച്ചു വീണ്ടും ഇങ്ങോട്ടേക്ക് തന്നെ വരുന്നു. ഞാൻ സംശയത്തോടെ നോക്കി. കയ്യിൽ ഫോണും ഉണ്ട്, അപ്പോൾ ഫോൺ എടുക്കാനാണോ ഇങ്ങേർ അകത്തേക്ക് പോയത്, പെട്ടന്നാണ് ആ കയ്യിലുള്ള ഫോൺ ശ്രദ്ധിച്ചത്, അയ്യോ എന്റെ ഫോൺ. ഇതെന്തിനാണ് ഈ കോന്തൻ എന്റെ ഫോണും എടുത്ത് വരുന്നത്! ഇനി ഇങ്ങേരുടെ പെർഫ്യൂം നിലത്തേക്കിട്ടതിന് പകരം എന്റെ ഫോൺ എടുത്തു നിലത്തേക്കിടാനാവുമോ! ഞാൻ പേടിയോടെ ആ വരവും നോക്കി നിന്നു.
ഹിറ്റ്ലർ എന്റെ തൊട്ടുമുന്നിലായി വന്ന് നിന്ന് മൊബൈൽ പിടിച്ച കയ്യുയർത്തി.
"നോ..." എന്റെ ഫോൺ എറിയാനുള്ള തയ്യാറെടുപ്പാണെന്ന് കണ്ടതും ഞാൻ എന്റെ രണ്ടുകയ്യും കൊണ്ട് മൊബൈലിൽ കയറി പിടിച്ചു.
" ഞാൻ പറഞ്ഞില്ലേ അറിയാതെ പറ്റിയതാണെന്ന്..." ഞാൻ ദയനീയമായി അയാളെ നോക്കി.
അങ്ങേര് ആണെങ്കിൽ പ്രേതത്തെ കണ്ട മട്ടിൽ എന്നെ നോക്കുന്നു. കിട്ടിയ അവസരത്തിൽ ഞാൻ പെട്ടെന്ന് തന്നെ മൊബൈൽ എന്റെ കയ്യിലാക്കി.
" ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം... അറിയാതെ സംഭവിച്ചതാണ്, അതിന് എന്റെ മൊബൈൽ ഒഴിച്ച് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം..." ഇല്ലാത്ത ധൈര്യം സംഭരിച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി പറഞ്ഞു.
അയാൾ ഒന്നും പറഞ്ഞില്ല, ദേഷ്യത്തോടെ ചുണ്ടും കടിച്ചു പിടിച്ചു എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു.
" പാസ്‌വേഡ് പറ..." ഞാൻ അത് തിരിച്ചു വാങ്ങിക്കാനായി തുനിഞ്ഞതും എന്നെ തടഞ്ഞുകൊണ്ടു ചോദിച്ചു.
" ങേ!" ഞാൻ ഒന്നും മനസ്സിവാതെ നോക്കി. ഇങ്ങേർക്കെന്തിനാണ് എന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ്! ഞാൻ സംശയത്തോടെ നിന്നു.
പെട്ടന്ന് ഹിറ്റ്‌ലർ കുറച്ചും കൂടി മുന്നോട്ട് നിന്ന് അധികാരത്തോടെ എന്റെ കയ്യിൽ പിടിച്ചു മൊബൈലിന്റെ ലോക്ക് മാറ്റി. ഞാൻ പകച്ചു നിന്നു, എന്താ സത്യത്തിൽ ഇവിടെ നടക്കുന്നത്!
" വാട്ട് ഈസ് ദിസ്?" ഹിറ്റ്ലർ ഫോൺ സ്‌ക്രീൻ എനിക്ക് നേർക്ക് തിരിച്ചു പിടിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ സംശയത്തോടെ അതിലേക്ക് നോക്കി, ഓഫ് ചെയ്തു വെച്ചിട്ടുള്ള എന്റെ അലാറം! ഞാൻ ഒന്നും മനസ്സിവാതെ അതിലേക്കും ചോദ്യഭാവത്തിൽ ഹിറ്റ്ലറുടെ മുഖത്തേക്കും നോക്കി.
" എന്റെ അലാറം അല്ലേ?" ഞാൻ ഒരിക്കൽ കൂടി ഫോണിലേക്ക് നോക്കി ഉറപ്പ് വരുത്തിച്ചു.
" ഇതിലെ ഏത് അലാറം കേട്ടിട്ടാണ് താൻ ഇന്ന് എഴുന്നേറ്റത് എന്ന് പറഞ്ഞു തരുമോ?" ഹിറ്റ്ലർ പരിഹാസത്തോടെ ചോദിച്ചു.
ഞാൻ ഒന്നും തിരിച്ചു പറയാതെ തലകുനിച്ചു നിന്നു.
" ആൻസർ മൈ ക്വസ്റ്റ്യൻ?" എന്റെ മറുപടിയൊന്നും കാണാത്തത് കണ്ടപ്പോൾ അങ്ങേര് ഇത്തിരി ഗൗരവം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു.
ഞാൻ ശ്വാസം ഒന്ന് ആഞ്ഞു ഉള്ളിലേക്ക് എടുത്തു പുറത്തേക്ക് വിട്ട് മുഖമുയർത്തി നോക്കി, ദുഷ്ടന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുച്ഛം കണ്ടാൽ തന്നെ അറിയാം അറിഞ്ഞു കൊണ്ട് കളിയാക്കാനുള്ള ഉദ്ദേശത്തിലാണെന്ന്.
" അലാറം ഓഫ് ചെയ്തിട്ട് ഉറങ്ങിപ്പോയി..." ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
" എന്തോ... കേട്ടില്ല..." ചെവിയുടെ പിറകെ കൈ വെച്ചുകൊണ്ട് എന്നെ നോക്കി ആക്കി ചോദിച്ചു.
ചെവിയും കേൾക്കില്ല? കരുതിക്കൂട്ടി ആക്കുകയാണ് ചെകുത്താൻ...
" ഉറക്കിൽ അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നു പോയി..." ദേഷ്യം കടിച്ചമർത്തി ഞാൻ പറഞ്ഞു.
" അലറാം ഓഫ് ചെയ്തു ഉറങ്ങിപ്പോയത്രെ... ഫോൺ എടുത്തു നിലത്തേക്കിടുകയാണ് ചെയ്യേണ്ടത്..."
ഇത്രയും നേരം പരിഹാസത്തോടെ സംസാരിച്ച ആൾ പെട്ടന്ന് ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഞാൻ ആ മുഖത്തേക്ക് നോക്കി.
" ബാക്കിയുള്ളവർ ക്ഷീണം കാരണം കുറച്ചു നേരം കൂടി ഉറങ്ങാം എന്ന് കരുതി ജോഗിങ് പോലും ഒഴിവാക്കി കിടക്കുമ്പോഴാണ് ശല്യമായി ഓരോ അലാറവും പാട്ടും കൊണ്ട് വരവ്, ഒന്നോ രണ്ടോ ആണെങ്കിൽ സഹിക്കമായിരുന്നു, ഇത്രയും അലാറം വെച്ചു രാവിലെ എഴുന്നേറ്റ് പത്രം വിതരണം ചെയ്യാൻ പോകാനുണ്ടോ തനിക്ക്!" ഹിറ്റ്ലർ ദേഷ്യത്തോടെ ചോദിച്ചു.
അല്ല, പാടത്ത് തന്റെ കോലം വെക്കാൻ ഉണ്ടായിരുന്നു എന്ന് പറയാനായി നാവ് തരിച്ചെങ്കിലും ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ ഇങ്ങേര് ശരിക്കും എന്റെ ഫോൺ എടുത്തു നിലത്തേക്കെറിഞ്ഞേക്കും, അത് കൊണ്ട് ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
" അലാറം വെച്ചുള്ള ശല്യം പോരാഞ്ഞിട്ട് വിളിച്ചെഴുന്നേല്പിക്കാൻ വേറെ കുറേ പേരെയും പറഞ്ഞേൽപ്പിച്ചിരിക്കുന്നു."
മമ്മിയും ആഷിയും വിളിച്ചതും ഇങ്ങേര് കണ്ടിരുന്നോ? ഇത്രയൊക്കെ സംഭവിച്ചിട്ടും എന്ത് കൊണ്ട് എന്നെ വിളിച്ചില്ല? ആഷിയുടെ കോൾ എടുത്തതായി കണ്ടിട്ടില്ല പക്ഷേ മമ്മിയുടെ കോൾ എടുത്തു രണ്ട് മിനിറ്റോളം സംസാരിച്ചിട്ട് കണ്ടിരുന്നു, ഇനി ഇങ്ങേര് മമ്മിയുടെ കോൾ വന്നപ്പോൾ എടുത്തു സംസാരിച്ചു കാണുമോ? ഞാൻ സംശയത്തോടെ ആ മുഖത്തേക്ക് നോക്കി.
" എന്തേ തിരിച്ചു ഒന്നും പറയാനില്ലേ! സാധാരണ തിരിച്ചു പറയുന്നതാണല്ലോ?" ഹിറ്റ്ലർ പുച്ഛത്തോടെ ചോദിച്ചു.
ഈ കണ്ട അലാറവും കോളും ഒക്കെ കണ്ടിട്ടും എന്നെ എന്ത് കൊണ്ട് വിളിച്ചില്ല ദുഷ്ടാ എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും, തിരിച്ചു എന്നെ കളിയാക്കി എന്തെങ്കിലും പറയുമെന്നല്ലാതെ സത്യസന്ധമായി ഒരു ഉത്തരം തരില്ല എന്നറിയുന്നത് കൊണ്ട് വേണ്ട എന്ന് വെച്ചു.
" സോറീ..." ഞാൻ മെല്ലെ തലയും താഴ്ത്തി നിന്നു.
ഞാൻ തിരിച്ചു പറഞ്ഞു വീണ്ടും ചൊറിയാതിരിക്കുന്നത് കണ്ടപ്പോൾ ദേഷ്യത്തോടെ മൊബൈൽ എന്റെ കയ്യിലേക്ക് വെച്ചു തന്ന് തിരിഞ്ഞു റൂമിലേക്ക് നടന്നു.
ഹിറ്റ്ലർ പോകുന്നതും നോക്കി ആശ്വാസത്തോടെ നിന്നു. സാമാധാനമായി, ഞാൻ വിചാരിച്ചത്ര പൊട്ടിത്തെറികൾ ഒന്നുമുണ്ടായില്ല. വെയിറ്റ്, പെർഫ്യൂം നിലത്തേക്കിട്ടതിനെ കുറിച്ചു ഒന്നും ചോദിച്ചില്ലാലോ! മറന്നതാവുമോ? അതോ ഒരു പെർഫ്യൂം ബോട്ടിൽ അല്ലേ എന്ന് കരുതി വെറുതെ വിട്ട് കാണുമോ? എന്തായാലും രക്ഷപെട്ടല്ലോ അത് മതി.
ഞാൻ റൂമിലേക്ക് നടന്നു. അകത്തേക്ക് കയറിയപ്പോഴേ കണ്ടു സോഫയിൽ ചാരിയിരുന്നു ഫോണിൽ കുത്തിയിരിക്കുന്ന ഹിറ്റ്‌ലറെ, പെട്ടന്ന് തന്നെ മുഖം തിരിച്ചു ഡ്രസ്സിങ് ടേബിളിനടുത്തേക്ക് നോക്കി. മേരിച്ചേച്ചി എല്ലാം ക്ലീൻ ചെയ്തു പോയി, പക്ഷേ ആ പെർഫ്യൂമിന്റെ സ്മെൽ അപ്പോഴും അവിടെയാകെ നിറഞ്ഞു നിൽക്കുണ്ട്.
പെട്ടന്നാണ് ഓർമ വന്നത്, മമ്മ എന്നെ അന്വേഷിച്ചിരുന്നു എന്ന് മേരിച്ചേച്ചി പറഞ്ഞിരുന്നല്ലോ! ഈ കാലൻ ഇവിടെ ഇരിക്കുമ്പോൾ ഈ ഡ്രസ്സും കാര്യങ്ങളും സമാധാനത്തോടെ അടുക്കിവെക്കാൻ കഴിയില്ല, അത് കൊണ്ട് പെട്ടന്ന് തന്നെ ഇവിടെ നിന്നും മുങ്ങിയേക്കാം, ഞാൻ പുറത്തേക്കുള്ള ഡോറിനടുത്തേക്ക് നടന്നു.
" പോകാൻ വരട്ടെ..." പുറത്തേക്കുള്ള ഡോറിനടുതെത്തിയതും പിന്നിൽ നിന്നുള്ള ഹിറ്റ്ലറുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
" എന്റെ ബെഡിൽ മറ്റൊരാളുടെ ഒന്നും കിടക്കുന്നത് എനിക്കിഷ്ടമല്ല, അതൊക്കെ അവിടുന്ന് മാറ്റി വെച്ചിട്ട് പോയാൽ മതി." ഫോണിൽ തന്നെ നോട്ടമിട്ട് കൊണ്ട് ബെഡിന് നേർക്ക് വിരൽചൂണ്ടിക്കാട്ടി പറഞ്ഞു.
അതിന് ഇങ്ങേരുടെ ബെഡിൽ ആരാണ് കിടക്കുന്നത്! ചിന്തയോടെ ബെഡിലേക്ക് നോക്കിയതും എന്റെ ട്രോളിയും ബാഗും മറ്റും ബെഡിന് മുകളിൽ കിടക്കുന്നു, ഇതെങ്ങനെ അതിന് മുകളിൽ എത്തി! ഞാൻ സംശയത്തോടെ നിന്നു, ഞാൻ എല്ലാം കബോർഡിനരിക്കിലാണെല്ലോ വെച്ചത്! ചിലപ്പോൾ മേരിച്ചേച്ചിയാവും...
ഇല്ലെങ്കിൽ ആര് വെക്കുന്നു, ഈ ബെഡിൽ! ഞാൻ പുച്ഛത്തോടെ ബെഡിന് നേർക്ക് നടന്നു ട്രോളിയും ബാഗും ഒക്കെ എടുത്തു തിരിച്ചു കബോർഡിനടുത്തു തന്നെ വെച്ചു. ഫോണിൽ തന്നെ നോക്കിയിരിക്കുന്ന ഹിറ്റ്ലറെ ഒന്ന് പുച്ഛിച്ചു കൊണ്ട് വീണ്ടും ഡോറിനടുത്തേക്ക് നടന്നു.
" ഒരു നിമിഷം," വീണ്ടും ഹിറ്റ്ലർ പിറകിൽ നിന്നും വിളിച്ചു.
ശല്യം, എനിയെന്താണാവോ? ഞാൻ ഈർഷ്യത്തോടെ തിരിഞ്ഞു നോക്കി.
" ഒരാഴ്ച സമയം തരും, അതിനുള്ളിൽ മാഡം ഇന്ന് നിലത്തേക്ക് ഇട്ട് പൊട്ടിച്ച അതേ പെർഫ്യൂം എന്റെ ഡ്രസ്സിങ് ടേബിളിന് മുകളിൽ എത്തിച്ചിരിക്കണം..." ഹിറ്റ്ലർ ഫോണിൽ നിന്നും തലയുയർത്തി എന്നെ നോക്കി പറഞ്ഞു.
ഞാൻ ഹിറ്റ്ലറെ നോക്കി വിളർച്ചയോടെ ചിരിച്ചു. കുടുങ്ങി, കയ്യിൽ കിട്ടിയ പെഫ്യൂമിന്റെ പേര് പോലും ശ്രദ്ധിക്കാതെ യൂസ് ചെയ്യുന്ന ഞാനിപ്പോൾ എവിടെ പോയിട്ട് ഒപ്പിക്കും! ജിതയോട് ചോദിച്ചു നോക്കാം അവൾക്ക് ചിലപ്പോൾ അറിയുമായിരിക്കും... ഹിറ്റ്ലറെ നോക്കി മെല്ലെ തലയാട്ടി. പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി. ഇല്ലെങ്കിൽ അങ്ങേര് വീണ്ടും എന്തെങ്കിലും പണി തരാൻ ചാൻസ് ഉണ്ട്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
താഴേക്ക് ഇറങ്ങി വരുമ്പോൾ ഹാളിലെ സോഫയിൽ ഇരുന്നു ഫോണിൽ കളിച്ചുകൊണ്ടിരുന്ന കാർത്തിയേട്ടനെ കണ്ടു. എന്നെ ആ ചെകുത്താന്റെ മുന്നിൽ ഇട്ട് കൊടുത്തു ഇവിടെ വന്നിരുന്ന് ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണെല്ലേ... ഇപ്പം ശരിയാക്കി തരാം... ഞാൻ ഞാൻ ചുറ്റോടും നോക്കി ആരും അടുത്തില്ലെന്നു ഉറപ്പിച്ച ശേഷം അങ്ങോട്ടേക്ക് നടന്നു.
സോഫയുടെ അടുത്തായി നിന്ന് രണ്ട് കയ്യും നെഞ്ചിന് മീതെ കെട്ടി വെച്ചു മുഖത്ത് ഇത്തിരി ഗൗരവം ഒക്കെ വരുത്തിച്ചു ചുമച്ചുകൊണ്ട് കാർത്തിയേട്ടന്റെ ശ്രദ്ധ തിരിച്ചു.
തലയുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന എന്നെ കണ്ടതും ആള് ഒന്ന് പതറി, പിന്നെ എന്നെ നോക്കി ഇളിച്ചു.
" റേഹയോട് ചാറ്റ് ചെയ്യുകയായിരിക്കും അല്ലേ?" ഞാൻ ഒരു പുഞ്ചിരിയോടെ തൊട്ടടുത്തുള്ള സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
സംശയത്തോടെ എന്നെ നോക്കിക്കൊണ്ട് ഏട്ടൻ പതുക്കെ തലകുലുക്കി.
" ഇവിടെ വേറെ ആർക്കും അറിയില്ല അല്ലേ റേഹയുടെ കാര്യം? ഞാൻ കരുതി ജിതക്കെങ്കിലും അറിയുമായിരിക്കുമെന്ന്..." ഞാൻ നെടുവീർപ്പിട്ടു കൊണ്ട് ഏട്ടനെ നോക്കി പറഞ്ഞു.
" അയ്യോ! താൻ ജിത്തുനോട് എന്തെങ്കിലും പറഞ്ഞോ?" ഏട്ടൻ പേടിയോടെ നോക്കി.
" ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ ഇനി പറയണം എന്നുണ്ട്..." ഞാൻ നന്നായിട്ട് തന്നെ ഇളിച്ചു കാണിച്ചു
" അയ്യോ എന്തിന്! പ്ലീസ്... ദയവ് ചെയ്തു ജിത്തുനോടൊന്നും ഒന്നും പറഞ്ഞേക്കല്ലേ... പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല, അവൾ എന്നെ വെറുതെ വെച്ചേക്കില്ല..." കാർത്തിയേട്ടൻ എന്നെ നോക്കി കൈകൾകൂപ്പി പറഞ്ഞു.
" ഞാനൊന്ന് ആലോചിക്കട്ടെ, എന്നിട്ട് പറയാം..." മുഖത്തൊക്കെ ഇത്തിരി ഗൗരവം വരുത്തിച്ചു കൊണ്ട് പറഞ്ഞു.
" അതിലെന്ത് ചിന്തിക്കാൻ ഇരിക്കുന്നു!"
" ഓക്കെ ഞാനായിട്ട് ജിതയോടെ ഒന്നും പറയില്ല, പക്ഷേ ഞാൻ ഒരു സഹായം ചെയ്യുമ്പോൾ തിരിച് ഇങ്ങോട്ടും സഹായം പ്രതീക്ഷിക്കാമല്ലോ എനിക്ക്?"
" പിന്നെന്താ, എന്റെ എന്ത് സഹായവും ഉണ്ടാവും, ഇല്ലെങ്കിലും റേഹയുടെ അനിയത്തിയാണെന്ന് അറിഞ്ഞതും നീ എന്റെയും അനിയത്തിയാണ്..." കാർത്തിയേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു.
" ആഹ്, അത് നേരത്തെ എന്നെ ആ ചെകുത്താന്റെ മുന്നിൽ ഇട്ട് കൊടുത്തു മുങ്ങിയപ്പോഴേ എനിക്ക് മനസ്സിലായി അനിയത്തിയോടുള്ള സ്നേഹം..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
" ചെകുത്താനോ? അതാര്!"
" വേറെയാര് ആ ഹിറ്റ്ലർ തന്നെ..." ഞാൻ ഈർഷ്യത്തോടെ പറഞ്ഞു.
" ങേ! അല്ല, അത്... തന്നെ ഹീരാമ്മ വിളിച്ചിരുന്നു നീ അങ്ങോട്ട് പോകൂ..." കാർത്തിയേട്ടൻ എന്നെ നോക്കി പറഞ്ഞു.
" എന്തേ അനിയനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ? ഞാൻ ഇനിയും പറയും, കാലൻ, കോന്തൻ, ചെകുത്താൻ... സ്വയം എന്തോ വലിയ സംഭവമാണെന്നാണ് അങ്ങേരുടെ വിചാരം... എപ്പോൾ നോക്കിയാലും മുഖത്ത് കുറേ പു..."
" ഹയാത്തി വേണ്ടാ..." എന്നെ തടഞ്ഞുകൊണ്ടു കാർത്തിയേട്ടൻ ഇടയ്ക്ക് കയറി.
എന്തൊക്കെ പറഞ്ഞാലും സ്വന്തം അനിയനെ കുറിച്ചുള്ള കുറ്റം കേൾക്കാൻ ഒരേട്ടനും കഴിയില്ല. ഞാൻ മെല്ലെ തലകുലുക്കി.
" ഓക്കെ ഞാൻ ഒന്നും പറയുന്നില്ല, പക്ഷേ ഒരു കാര്യം പറയാം, ഇന്ന് മുങ്ങിയത് പോലെ ആ കാലന്റെ മുന്നിലിട്ട് കൊടുത്തു മുങ്ങിയാൽ റേഹയുടെ കാര്യം ഇവിടെ എല്ലാവരും അറിയും..." ഞാൻ ഭീഷണിപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു.
" ഏറ്റു, നീ പോ, ഇപ്പോൾ..." കാർത്തിയേട്ടൻ എന്നെ ദയനീയമായി നോക്കി പറഞ്ഞു.
പെട്ടന്ന് ഇതെന്ത് പറ്റി! ഞാൻ ചിന്തയോടെ എഴുന്നേറ്റു.
" ആഹ്, ഞാൻ അനിയത്തിയെ പോലെയാണ് എന്നല്ലേ പറഞ്ഞത്, അപ്പോൾ ഒരു കാര്യവും കൂടി ചെയ്തു തന്നേക്ക് ഇന്ന് നിലത്ത് വീണ് പൊട്ടിയ ആ പെർഫ്യൂം ഇല്ലേ? അത് പോലെ ഒന്ന് ഒരാഴ്ചക്കകം വാങ്ങിച്ചു ആ കാലന് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്, അതും കൂടി വാങ്ങിച്ചു തന്നേക്ക്..." ഞാൻ ചിരിയോടെ കാർത്തിയേട്ടനെ നോക്കി പറഞ്ഞു.
കിച്ചണിലേക്ക് പോകാനായി തിരിഞ്ഞതും എന്റെ മുന്നിലായി രണ്ട് കയ്യും കെട്ടി ഗൗരവത്തോടെ നിൽക്കുന്ന ഹിറ്റലറെ കണ്ടതും നേരെ ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോകാൻ തോന്നി എനിക്ക്.
പണി പാളിയോ! ഈ അവതാരം എവിടുന്ന് പൊട്ടിമുളച്ചു! ഞാൻ പറഞ്ഞതൊക്കെ കേട്ട് കാണുമോ! കേട്ടെങ്കിൽ ഇന്നത്തോടെ എന്റെ കാര്യത്തിൽ എന്തായാലും തീരുമാനമാകും... നേരത്തെ പെർഫ്യൂം പൊട്ടിച്ചത് പോലെയല്ല... കാർത്തിയേട്ടൻ കണ്ട് കാണില്ലേ ഇങ്ങേര് നേരത്തെ പിറകിൽ ഉണ്ടായിരുന്നെങ്കിൽ! ഞാൻ തലചെരിച്ചു കാർത്തിയേട്ടനെ നോക്കി.
കൈകൾകൂപ്പിക്കൊണ്ടു എന്നെ ദയനീയമായി നോക്കി നിൽക്കുന്നു ആള്, സബാഷ്! അതിനർത്ഥം ഹിറ്റ്ലർ ഞാൻ പറഞ്ഞതൊക്കെ കേട്ടെന്ന് സാരം! എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. വീണ്ടും എന്നെ ചതിച്ചിരിക്കുന്നു, ദേഷ്യവും സങ്കടവും കലർന്ന് ഞാൻ കാർത്തിയേട്ടനെ നോക്കി.
ഈ കാലന് മുന്നിലിട്ട് എനിക്ക് പണി തന്ന് മതിയായില്ലേ ദൈവമ്മേ... ഇതിൽ നിന്നും എങ്ങനെ രക്ഷപെടും എന്നറിയാതെ നിന്നു.
" കാർത്തിയേട്ടാ ജ്യൂസ് വേണമെന്നല്ലേ പറഞ്ഞത്! ഞാൻ എടുത്തു കൊണ്ട് വരാം..." പെട്ടന്ന് തോന്നിയ ഐഡിയയിൽ ഹിറ്റ്ലറെ നോക്കാതെ കാർത്തിയേട്ടനെ നോക്കി പറഞ്ഞു.
കാർത്തിയേട്ടൻ വായും പൊളിച്ചു ഇതെന്താ സംഭവം എന്ന മട്ടിൽ എന്നെ നോക്കി, തിരിച് ദേഷ്യത്തോടെയുള്ള എന്റെ നോട്ടം കണ്ടതും മെല്ലെ തലകുലുക്കി.
ഞാൻ പെട്ടെന്ന് തന്നെ ഹിറ്റ്ലറെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് നടന്നതും കയ്യിലൊരു പിടി വീണു. ഉമിനീര് ഇറക്കി കൊണ്ട് പേടിയോടെ തലപൊക്കി ഞാൻ ഹിറ്റ്ലറെ നോക്കി. എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നിൽക്കുന്നു. ടോം ആൻഡ് ജെറിയിലെ സ്പൈക്കിനെ പോലെ തോന്നിച്ചു ഹിറ്റ്ലറുടെ ആ ദേഷ്യം നിറഞ്ഞ മുഖം കണ്ടപ്പോൾ, എന്റെ അവസ്ഥ സ്പൈക്കിന് മുന്നിൽ പെട്ട ടോമിന്റെയും.
തീരുമാനമായി നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി മോളെ എന്ന് എനിക്ക് ചുറ്റോടും കിടന്ന് ആരെക്കൊയോ പാടുന്നത് പോലെ തോന്നി.
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
Bạn đang đọc truyện trên: Truyen247.Pro