Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 46

എൻഗേജ്‌മെന്റ് നടത്തിയെന്നും ശീലമില്ല, അതിന്റെ കുറവുകൾ നല്ലത് പോലെയുണ്ടാവും, അതൊക്കെ ക്ഷമിച്ചു വായിക്കണം🙏🏻🙈

തട്ടികൂട്ടി ഒരു എൻഗേജ്‌മെന്റ് എഴുതിയപ്പോൾ അതിനെ കുറച്ചും കൂടി നന്നാക്കാൻ കുത്തിയിരുന്നു സഹായിച്ചു എന്ന് പറയുന്ന I love the rainy days ന് ഒരു താങ്ക്സ്😝 ( പേടിക്കണ്ട ഇനി അടുത്ത ചാപ്റ്റർ എഴുതി കഴിഞ്ഞാലേ ഞാൻ വരൂ...😜)

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi's pov:-

ആന്റിയോടും അങ്കിളിനോടും സംസാരിച്ചിരിക്കുമ്പോഴാണ് ഹർഷയും കാർത്തിയേട്ടനും കൂടെ അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന ഒരു പെൺക്കുട്ടിയും കേറി വന്നത്. അതായിരിക്കണം ജോ ദീദിയുടെ ആഷ്‌ലി...

ഞാൻ ഹിറ്റ്‌ലറെ നോക്കി, ഒരു ബ്ലൂ ജീൻസും വൈറ്റ് ഷർട്ടുമാണ് വേഷം, ആഷി നേരത്തെ പാർലറിൽ കണ്ടു എന്നതിന്റെ ഉത്തരമായി മുടി വെട്ടി ഒന്നും കൂടി ഒതുക്കിയിട്ടുണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു കുറച്ചും കൂടി ഗ്ലാമർ വെച്ചത് പോലെ, സ്വഭാവം ചെകുത്താന്റെയാണെങ്കിലും കാണാൻ നല്ല ഗ്ലാമാറാണ് എന്തൊക്കെ പറഞ്ഞാലും...

അയാൾ എല്ലാവരുടെ മുഖത്തും നോക്കി പുഞ്ചിരിച്ചു, എന്നെ കണ്ടതും ആ മുഖത്തെ പുഞ്ചിരി പൊടുന്നനെ മാഞ്ഞു അവിടെ ഗൗരവം നിറഞ്ഞു. ഒന്ന് ചിരിക്കണം എന്ന് വിചാരിച്ചെങ്കിലും അയാളുടെ ആ ഗൗരവം കണ്ടപ്പോൾ ചിരിക്കാനുള്ള എന്റെ ശ്രമം അപ്പോൾ തന്നെ ഉപേക്ഷിച്ചു. ഞാൻ മെല്ലെ അയാളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി.

മോതിരം മാറ്റിയതിന് ശേഷം ബാക്കിയൊക്കെ തീരുമാനിക്കാം എന്ന് അങ്കിൾ പറഞ്ഞപ്പോൾ ജിത ഒരു ചെറിയ ബോക്സ് എടുത്തു എന്നെയും പിടിച്ചു ഹിറ്റ്‌ലരുടെ അടുത്ത് കൊണ്ട് പോയി നിർത്തി.

ശരീരം മൊത്തം വിറക്കുന്നത് പോലെ തോന്നിയെനിക്ക്, ഇത് നടക്കില്ല എന്ന് വല്ലതും ഇയാൾ ഇപ്പോൾ പറയുമോ എന്ന പേടി. ഞാൻ ആഷിയുടെ മുഖത്തേക്ക് നോക്കി. എന്റെ പേടി മനസ്സിലായ മട്ടിൽ അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ രണ്ടു കണ്ണടച്ചു കാണിച്ചു എന്നെ സമാധാനിപ്പിച്ചു.

എല്ലാവരും നല്ല സന്തോഷത്തിലാണ്, ഞാൻ മെല്ലെ ഇടംകണ്ണിട്ട് ഹിറ്റ്ലറെ നോക്കി. ദേഷ്യമായിരിക്കും ആ മുഖം എന്ന് കരുതിയാണ് നോക്കിയതെങ്കിലും രാഹുലേട്ടനോട് ചിരിച്ചു കൊണ്ട് എന്തോ പറയുന്ന ഹിറ്റ്ലറെയാണ് അവിടെ കണ്ടത്.

ഇതെന്താണ് സംഭവം എന്നറിയാതെ ഞാൻ അത്ഭുതത്തോടെ നിന്നു. എന്നെ കൊല്ലാനുള്ള ദേഷ്യത്തിലായിരിക്കും ഇയാൾ എന്നാണ് വിചാരിച്ചത്, പക്ഷേ ഇത്....! ഇയാളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാവുന്നില്ലാലോ...

" എന്നാൽ പിന്നെ മോതിരം മാറിക്കൂടെ..." ആനന്ദങ്കിൽ എല്ലാവരോടുമായി ചോദിച്ചു.

എല്ലാവരും സമ്മതം എന്നർത്ഥത്തിൽ പുഞ്ചിരിയോടെ തലകുലുക്കി.

ആദ്യം ഞാനായിരുന്നു മോതിരം മാറേണ്ടത്, ജിത നീട്ടി പിടിച്ച ബോക്സിൽ നിന്നും ഹർഷക്കായി വാങ്ങിച്ച മോതിരം എടുത്ത് ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി. പക്ഷേ അപ്പോഴും ആ മുഖത്തെ ഭാവം മനസ്സിലായില്ല, ദേഷ്യവുമല്ല സന്തോഷവുമല്ല... എന്റെ നോട്ടം കാണുന്നുണ്ട് എന്ന് കണ്ണുകൾ അങ്ങോട്ടും ചലിപ്പിക്കുന്നതിൽ നിന്നും മനസ്സിലായി, പക്ഷേ എന്റെ മുഖത്തേക്ക് മാത്രം നോക്കുന്നില്ല.

ഞാൻ തലചെരിച്ചു പപ്പയെയും മമ്മിയെയും നോക്കി. രണ്ട് പേരും കൈ കോർത്തു പിടിച്ചുകൊണ്ട് ഞങ്ങളെ തന്നെ നോക്കി മനസ്സറിഞ്ഞു പുഞ്ചിരിച്ചു നിൽക്കുന്നുണ്ട്, പപ്പയുടെ അടുത്ത് തന്നെ വിക്കിയും നിൽപ്പുണ്ട്, അവന്റെ മുഖവും സന്തോഷത്തിൽ തന്നെയാണ്, വിക്കി എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ചിരിച്ചു. അവരുടെ ആ സന്തോഷം എന്റെ മുഖത്തും പുഞ്ചിരിയായി പ്രതിഫലിച്ചു.

ഞാൻ ഹർഷയെ നോക്കി. എന്ത് ചെയ്യണം എന്നറിയാതെ നിന്നു. ഹിറ്റ്ലറിന്റെ മുഖത്ത്‌ നോക്കാൻ ശ്രമിച്ചെങ്കിലും പരമാവധി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാൻ ശ്രമിച്ചു.

പെട്ടന്ന്, ഹർഷ അയാളുടെ ഇടത്തേ കയ്യെടുത്തു എനിക്ക് മുന്നിലേക്ക് നീട്ടിപ്പിടിച്ചു. ഞാൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. അതേ സമയം തന്നെ അയാളും കണ്ണുകളുയർത്തി എന്നെ നോക്കി, ആ കണ്ണുകളിൽ നോക്കിയപ്പോൾ മോതിരം അണിയിച്ചോളൂ എന്ന് ആ കണ്ണുകൾ പറയുന്നത് പോലെ തോന്നി, അനുവാദം തരുന്ന മട്ടിൽ അയാൾ കൈ കുറച്ചും കൂടി മുന്നോട്ട് നീക്കി ചെറുതായി തല മുന്നോട്ട് ചലിപ്പിച്ചു.

ഞാൻ മെല്ലെ അയാളുടെ ആ കയ്യിലെ ഒരു വിരലിൽ പിടിച്ചു. നല്ല നീണ്ട വിരലുകളാണ് ഹിറ്റ്ലറിന്, ആദ്യമായിട്ടാണ് ഇയാളുടെ വിരലുകൾ ശ്രദ്ധിക്കുന്നത്, അവസാനത്തെ വിരലിന്റെ സൈഡിലായി പൊള്ളിയതിന്റെ പോലത്തെ ഒരു പാട് കണ്ടു, ചെറുപ്പത്തിലോ മറ്റോ എന്തെങ്കിലും സംഭവിച്ചതായിരിക്കണം, കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ഞാൻ എന്റെ കയ്യിലുള്ള ആ മോതിരം അണിയിച്ചു.

ഞാൻ കൈ വിട്ടതും,എല്ലാവരും ഞങ്ങൾക്ക് ചുറ്റും നിന്ന് സന്തോഷത്തോടെ കയ്യടിച്ചു,രാഹുലേട്ടൻ കയ്യിലുള്ള ക്യാമറയിൽ ഫോട്ടോസ് എടുക്കുന്നുണ്ട്.തലയുയർത്തി ഹർഷയുടെ മുഖത്തേക്ക് നോക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു പേടി.

"ഇനി ഭയ്യ..." എന്നും പറഞ്ഞു ജിത അയാൾക്ക് നേർക്ക് ബോക്സ് നീട്ടുന്നത് കണ്ടു.

ഹിറ്റ്ലർ വലത്തേ കയ്യിൽ അതിൽ ബാക്കിയുള്ള ആ മോതിരം എടുത്തു, എന്നിട്ട് എന്റെ നേർക്ക് അയാളുടെ ഇടത്തെ കൈ നീട്ടി മലർത്തി പിടിച്ചു.

ഞാൻ തലയുയർത്തിയെങ്കിലും ആ മുഖത്തേക്ക് നോക്കാതെ അയാൾ എനിക്ക് നേർക്ക് നീട്ടിയത് പോലെ എന്റെ കയ്യെടുത്തു അയാളുടെ കയ്യുടെ മുകളിൽ വെക്കാതെ ഉയർത്തി പിടിച്ചു.

അയാൾ വലത്തെ കൈ കൊണ്ട് ഞാൻ നീട്ടിയ എന്റെ ഇടത്തേ കൈതണ്ടയിൽ പിടിച്ചു, പെട്ടന്ന് ശരീരം ആകെ മൊത്തം ഒരു വിറയൽ അനുഭവപെട്ടു, പപ്പയോ വിക്കിയോ അല്ലാതെ ആദ്യമായിട്ടാണ് മറ്റൊരാൾ ഇത് പോലെ എന്റെ കയ്യിലേക്ക് പിടിക്കുന്നത്, ഞാൻ അറിയാതെ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി. തലകുനിച്ച് എന്റെ കയ്യിൽ പതുക്കെ ആ മോതിരം അണിയിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ അപ്പോഴും ആ മുഖത്തെ ഭാവം എന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഞാൻ.

എല്ലാവരും ഞങ്ങൾക്ക് ചുറ്റും നിന്ന് കയ്യടിക്കുന്നത്. പക്ഷേ ഞാൻ ആരെയും നോക്കിയില്ല, കണ്ണുകൾ അപ്പോഴും ഹർഷയുടെ മുഖത്ത് തന്നെയാണ്, പെട്ടന്ന് അയാൾ കണ്ണുകളുയർത്തി എന്നെ നോക്കി.

അയാൾ നോക്കിയ അതേ നിമിഷം തന്നെ നോട്ടം മാറ്റണം എന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല, ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു, പക്ഷേ ഞാൻ പ്രതീക്ഷിച്ചത് പോലെ ആ കണ്ണുകളിൽ ദേഷ്യമല്ല, എനിക്ക് തിരിച്ചറിയാൻ പറ്റാത്ത മറ്റെന്തോ ആണ്... എന്റെ കയ്യിപ്പോഴും ഹർഷയുടെ കൈകൾക്കുള്ളിൽ തന്നെയായിരുന്നു.

പെട്ടന്ന്,

ഠോ!! എന്നൊരു സൗണ്ട് കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി നോട്ടം മാറ്റി ചുറ്റോടും നോക്കി. അതേ നിമിഷം തന്നെ അയാൾ എന്റെ കയ്യിലെ പിടുത്തവും വിട്ടിരുന്നു. തലക്ക് മുകളിലൂടെ വീഴുന്ന വർണ്ണകടലാസുകൾ കണ്ടപ്പോഴാണ് ആരോ പാർട്ടി പോപ്പർ പൊട്ടിച്ചതാണെന്ന് മനസ്സിലായത്.

സന്തോഷത്തോടെ ഞങ്ങളെ നോക്കി കയ്യടിച്ചു കൊണ്ടിരിക്കുന്ന എല്ലാവരെയും നോക്കി ഞാൻ പുഞ്ചിരിച്ചു.

ഹർഷയുടെ മുഖത്തേക്ക് നോക്കണം എന്നുണ്ടെങ്കിലും ഇത്രയും നേരം അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നത് കണ്ട് അയാൾ എന്ത് വിചാരിച്ചു കാണും എന്നോർത്തു എന്തോ പോലെ...

ഞാൻ എന്റെ കയ്യിലേക്ക് നോക്കി, ഹിറ്റ്ലർ അണിയിച്ച മോതിരത്തിലേക്ക്, അധികം മോതിരം ഒന്നും ഉപയോഗിക്കാറില്ല, കയ്യിലിട്ടാൽ കാണാൻ ഭംഗിയില്ല എന്നാണ് സ്ഥിരം പറയൽ, പക്ഷേ ഇതിന് എന്തോ ഇതുവരെ തോന്നാത്ത ഭംഗിയുള്ളത് പോലെ... എന്റെ വിരലിൽ നന്നായി ഇണങ്ങുന്നത് പോലെ... ഒരു ചെറുപുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു.

പുഞ്ചിരിയോടെ തന്നെ തലയുയർത്തിയതും കണ്ടത് രാഹുലേട്ടന്റെ കൂടെ നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്ന ഹർഷയെയാണ്, രാഹുലേട്ടൻ എന്തോ പറയുന്നുണ്ടെങ്കിലും അയാളുടെ നോട്ടം എന്റെ നേർക്കാണ്... അപ്പോഴും ആ മുഖത്ത് ഗൗരവമാണോ അതോ മറ്റ് വല്ലതുമാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.

"കൺഗ്രാറ്റ്സ് ഹയാ..." പെട്ടന്ന് ആഷി സൈഡിൽ നിന്നും വന്ന് എന്നെ ചേർത്തുപിടിച്ചപ്പോൾ ഞാൻ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്ത്‌ പുഞ്ചിരിയോടെ തിരിച്ച് അവളെ ചേർത്തു പിടിച്ചു.

ദീദിയും ആകാശേട്ടനും വന്ന് കൺഗ്രാറ്റ്‌സ് പറഞ്ഞു. ആന്റിയും അങ്കിളും വാത്സല്യത്തോടെ എന്റെ മുടിയിൽ തലോടി, ആനന്ദങ്കിളും പുഞ്ചിരിയോടെ തോളിൽ തട്ടി. ഞാനും എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവരുടെ അടുത്ത് നിന്നും മാറി നിറകണ്ണുകളോടെ എന്നെ നോക്കുന്ന മമ്മിയുടെ അടുത്തേക്ക് നടന്നു.

" എന്താ ജെസ്സിക്കുട്ടീ ഇത്..." ഞാൻ എന്റെ കൈ കൊണ്ട് മമ്മിയുടെ കണ്ണ് തുടച്ചു. "ആരും കാണണ്ട ക്ലാസ് വിറപ്പിക്കുന്ന പ്രൊഫസർ ജെസീക്ക പട്ടേൽ ഈ നിന്ന് കരയുന്നത്," ഞാൻ ചിരിയോടെ മമ്മിയെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

മമ്മി എന്നെ ചുണ്ട് കൂർപ്പിച്ചു ഒന്ന് നോക്കിയ ശേഷം ചേർത്തുപിടിച്ചു, ഞാനും മമ്മിയെ തിരിച്ചു ഇറുക്കി പുണർന്നു. മമ്മി പിടി വിട്ട ശേഷം ഞാൻ പപ്പയെ നോക്കി പുഞ്ചിരിയോടെ ആ നെഞ്ചിൽ വീണു. പപ്പ വാത്സല്യത്തോടെ എന്റെ മുടിയിൽ പതുക്കെ തലോടുന്നുണ്ടായിരുന്നു.

" മോളെ..." പപ്പ പതുക്കെ എന്നെ വിളിച്ചു.

" മ്മ്‌മ്‌..." ഞാൻ പതുക്കെ മൂളി.

" മോൾ ഹാപ്പിയാണോ?"

" പപ്പ ഹാപ്പിയാണോ?" തലയുയർത്തി പപ്പയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

" ഹാപ്പിയാണോ എന്നോ, സന്തോഷം കൊണ്ട് ഞങ്ങൾക്ക് രണ്ട് പേർക്കും എന്താണ് ചെയ്യേണ്ടത് എന്ന് തന്നെ മനസ്സിലാകുന്നില്ല..." പപ്പ മമ്മിയെ നോക്കി ചിരിയോടെ പറഞ്ഞു.

" നിങ്ങൾ രണ്ടാളും ഹാപ്പിയാണെങ്കിൽ പിന്നെ എനിക്കെന്താണ് പപ്പാ..." ഞാൻ രണ്ടാളെയും നോക്കി പുഞ്ചിരി തൂകി. "വിക്കിയെവിടെ?" അപ്പോഴാണ് വിക്കിയെ അവിടെയെങ്ങും കാണുന്നില്ലാലോ എന്നോർത്ത്.

" അവനും ജിതയും കാർത്തിമോനെയും വിളിച്ചു കൊണ്ടു ഇപ്പം വരാം പുറത്തേക്ക് എവിടെയോ പോയിട്ടുണ്ട്..." മമ്മി പറഞ്ഞു.

അവർ മൂന്നാളും എവിടെ പോയതായിരിക്കും എന്നും ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ഫുഡ് ട്രോളിയും തള്ളിക്കൊണ്ട് മൂന്നാളും അകത്തേക്ക് വന്നത്, ട്രോളിയിൽ ഡബിൾ ലയറായിട്ടുള്ള ഒരു അടിപൊളി കേക്കും ഉണ്ട്... ഇനി ഇതും ഉണ്ടോ? ഞാൻ മടുപ്പോടെ ചിന്തിച്ചു.

" കേക്ക് റെഡി... കേക്ക് കട്ടിങ് ഇല്ലാതെ എന്ത് എൻഗേജ്‌മെന്റ് പാർട്ടി, വന്നേ, വന്നേ എല്ലാവരും വന്നേ..." എന്നും പറഞ്ഞു കാർത്തി എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിച്ചു.

ജിതയും വിക്കിയും എന്നെയും ഹിറ്റ്ലറെയും പിടിച്ചു കേക്കിന്റെ അടുത്തു കൊണ്ടുപോയി നിർത്തി. അപ്പോഴേക്കും ബാക്കിയുള്ള എല്ലാവരും ഞങ്ങളുടെ അടുത്തായി എത്തിയിരുന്നു.

" അപ്പോൾ പിന്നെ സന്തോഷായിട്ട് രണ്ട്പേരും ഇത് അങ്ങ് കട്ട് ചെയ്താട്ടെ..." എന്നും പറഞ്ഞു കാർത്തിയേട്ടൻ കേക്ക് കട്ട് ചെയ്യേണ്ട knife എടുത്തു എനിക്ക് നേർക്ക് നീട്ടി.

വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ ഞാനത് വാങ്ങിച്ചു. ഇതിപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ചല്ലേ കട്ട് ചെയ്യേണ്ടത്! ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

പെട്ടന്ന്,

സൈഡിൽ നിന്നും ഹർഷയുടെ കൈ നീണ്ട് വന്ന് എന്റെ കയ്യിന് മുകളിലായി പിടിച്ചു. ഞാൻ ഞെട്ടലോടെ തലചെരിച്ചു അയാളെ നോക്കി. പക്ഷേ അവിടെ വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. ഇയാൾ ഇതെന്ത് ഉദ്ദേശത്തിലാണ് എന്നറിയാതെ ഞാൻ കുഴഞ്ഞു.

കുറച്ചും കൂടി മുന്നോട്ട് വന്ന് എന്റെ കയ്യിൽ പിടിച്ചു തന്നെ ആ കേക്ക് കട്ട് ചെയ്തു. ഒന്ന് ശ്വാസം പോലും വിടാനാവാതെ ഞാൻ നിന്നു.

" ഇനി ഓരോ പീസ് കേക്ക് എടുത്തു പരസ്പരം കൊടുത്തോളൂ..." കാർത്തിയേട്ടൻ അടുത്ത ബോംബ് പൊട്ടിച്ചു.

ഹിറ്റ്ലർ ഇപ്പോൾ ദേഷ്യത്തോടെ കാർത്തിയേട്ടനെയും എന്നെയും നോക്കും എന്ന് കരുതിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ഭാവമാറ്റവും ഇല്ലാതെ അയാൾ ഒരു ചെറിയ പീസ് കേക്ക് എടുത്ത് എനിക്ക് നേർക്ക് നീട്ടി.

ഞാൻ കണ്ണും മിഴിച്ച്‌ അയാൾ നീട്ടി പിടിച്ച ആ കേക്കിലേക്കും ആ മുഖത്തേക്കും മാറി മാറി നോക്കി. ഇയാൾക്ക് ശരിക്കും എന്താണ് സംഭവിച്ചത്! ഇല്ലെങ്കിൽ ഇവിടെയെന്താണ് നടക്കുന്നതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ? ഞാൻ പ്രതീക്ഷിച്ചതിന്റെ എതിർ സംഭവങ്ങളാണെല്ലോ മൊത്തം ഈ നടക്കുന്നത്! എന്റെ തുറിച്ചുള്ള നോട്ടം കണ്ടപ്പോൾ അയാൾ കേക്ക് പിടിച്ചിരുന്ന കൈ കുറച്ചും കൂടി ഉയർത്തി, ഞാൻ യാന്ത്രികമായി അയാൾ നീട്ടി പിടിച്ച കേക്കിൽ നിന്നും ചെറിയൊരു കഷ്ണം കടിച്ചു.

അയാൾ കേക്ക് തന്നതും എല്ലാവരും കയ്യടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.

" ഇനി ഹയാത്തി..." കാർത്തിയേട്ടൻ പറഞ്ഞു.

ഞാൻ ഒരു ചെറിയ പീസ് കേക്ക് എടുത്തു, ഇനിയിപ്പോൾ ഞാൻ കേക്ക് നീട്ടുമ്പോൾ കൈ തട്ടി മാറ്റുമോ? അയാൾ നീട്ടിയ കേക്ക് ഞാൻ കഴിച്ചില്ലേ! അപ്പോൾ ഇത് അയാളും കഴിക്കണം, ഞാൻ സ്വയം ധൈര്യം വരുത്തിച്ചു കൊണ്ട് അയാൾക്ക് നേർക്ക് നീട്ടി, ഒരു ഭാവമാറ്റവും ഇല്ലാതെ അയാൾ ഞാൻ നീട്ടിപ്പിടിച്ച കേക്കിൽ നിന്നും ചെറിയൊരു കഷ്ണം കടിച്ചു.

പിന്നീട് ബാക്കിയുള്ള ഓരോരുത്തർക്കും കേക്ക് കൊടുത്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ജിതയുടെയും ആഷിയുടെയും കൂടെയിരിക്കുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവനും രാഹുലേട്ടന്റെയും കാർത്തിയേട്ടന്റെയും കൂടെ ഇരുന്ന് സംസാരിക്കുന്ന ഹിറ്റ്‌ലറിൽ തന്നെയായിരുന്നു.

ഇയാളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാവുന്നില്ലാലോ! കഴിഞ്ഞാഴ്ച വരെ ഈ എൻഗേജ്‌മെന്റ് മുടക്കും എന്ന് പറഞ്ഞ അയാളാണ് ഇന്ന് യാതൊരു പ്രശ്നവും ഇല്ലാതെ ഇവിടെ ഉള്ളത്! അയാളോട് തന്നെ ചോദിക്കണം എന്താണ് അയാളുടെ മനസ്സിലെന്ന്! പക്ഷേ ഈ കൂട്ടത്തിൽ വെച്ച് എങ്ങനെ ചോദിക്കും!

" മതി ബാബി ഭയ്യാനെ നോക്കിയത് ഭയ്യ എങ്ങോട്ടും പോകുന്നില്ല..." പെട്ടന്ന് ജിത എന്റെ തോളിൽ തട്ടി പറഞ്ഞു.

ഞാൻ ചമ്മലോടെ ഇളിച്ചു. ആഷി അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു.

" ഞാൻ , അത് പിന്നെ, അവിടെ വേറെ എന്തോ നോക്കിയതാണ്..." ഞാൻ ജാള്യതയോടെ അവളെ നോക്കി പറഞ്ഞു.

" പിന്നേയ്, അത് എനിക്ക് അറിയാവുന്നതല്ലേ..." അവൾ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു.

ഛെ! ആകെ നാറി... ജിത കളിയാക്കിയത് കേട്ട് ചിരിക്കുന്ന ആഷിയെ നോക്കി ഞാൻ കണ്ണുരുട്ടി.

" ജിതാ എനിക്ക് ഹർഷയോട് ഒന്ന് ഒ സംസാരിക്കണമായിരുന്നു, ഞാൻ അവിടെ പോയി നിൽക്കാം, ജിത പോയി ഇയാളുടെ ഭയ്യാനോട് ഒന്ന് അവിടേക്ക് വരാൻ പറയുമോ?" ഞാൻ ഹാളിന്റെ ഒരു മൂലയിലേക്ക് ചൂണ്ടിക്കാണിച്ചു ജിതയോടായി ചോദിച്ചു.

എന്തായാലും ഇവളുടെ മുന്നിൽ ചമ്മി, അപ്പോൾ പിന്നെ ഇതിൽ കേറി പിടിച്ച് തന്നെ എന്റെ സംശയവും തീർതേക്കാം...

" ഓക്കെ, ഓക്കെ..." എന്നും പറഞ്ഞു ആക്കിയ ഒരു ചിരിയും ചിരിച്ചു അവിടെ നിന്നും എഴുന്നേറ്റ് ഹിറ്റ്ലരുടെ അടുത്തേക്ക് പോയി.

അവൾ പോയതും ഞാനും അവിടെ നിന്നും എഴുന്നേറ്റ് ടെഷനോടെ എന്നെ നോക്കിയിരിക്കുന്ന ആഷിയെ നോക്കി കണ്ണടച്ചു കാണിച്ച ശേഷം മുന്നോട്ട് നടന്നു.

ജിത അങ്ങോട്ട് പോയി പറഞ്ഞതും ഹിറ്റ്ലർ ഞാൻ നിന്ന ഭാഗത്ത് ഒന്ന് നോക്കി, ശേഷം അവിടെ നിന്നും എഴുന്നേറ്റ് എന്റടുത്തേക്ക് വരാൻ തുടങ്ങി.

എന്റെ മുന്നിലായി വന്ന് നിന്ന് മുഖത്തേക്ക് നോക്കി.

" തനിക്കെന്തോ പറയാനുണ്ടെന്ന് ജിത പറഞ്ഞു..." അയാൾ എന്നോടായി ചോദിച്ചു.

ആദ്യം ഒന്ന് വിറച്ചെങ്കിലും,

" സാർ, എന്താണ് സാറിന്റെ ഉദ്ദേശം!?" ധൈര്യം സംഭരിച്ചു അയാളെ നോക്കി.

" ഉദ്ദേശം!"അയാൾ നെറ്റിചുളിച്ചു.

" കഴിഞ്ഞാഴ്ച സർ പറഞ്ഞു എൻഗേജ്‌മെന്റ് ആവാൻ ഇനിയും ദിവസങ്ങളില്ലേ അപ്പോഴേക്കും നോക്കാം എന്ന്, എന്നിട്ട് ഇപ്പോൾ ഒരു പ്രശ്‌നവും ഇല്ലാതെ ഇവിടെ നിൽക്കുന്നു, ഇനി കല്യാണം... ഇതിനിടയിൽ എങ്ങനെ സർ ഇത് മുടക്കും!ഇവർ ഇനി എല്ലാ..."

" എപ്പോഴാണ് കല്യാണം!?" അയാൾ പെട്ടന്ന് എന്നോടായി ചോദിച്ചു.

" huh!!"

" അല്ല, നാളെയാണോ നമ്മുടെ കല്യാണം!"

ഞാൻ അല്ല എന്നർത്ഥത്തിൽ തലചെരിച്ചു.

" കല്യാണത്തിന് ഇനിയും മൂന്നാഴ്ചയുണ്ട്, അതിനിടയിൽ ഒരു തീരുമാനമാക്കിയിരിക്കും, അതോ ഇപ്പോൾ തന്നെ ഇവിടെ വെച്ച് എല്ലാരോടുമായി പറയണോ?" അയാൾ എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ പേടിയോടെ വേണ്ട എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. ഇയാൾ ഇപ്പോൾ പറഞ്ഞാൽ ഇവിടെയുള്ള എല്ലാവരും തളർന്ന് പോകും.

" എന്നാൽ പിന്നെ ഈ ഷോക്കടിച്ച പോലുള്ള കളി വിട്ട് എന്നെ പോലെ അഭിനയിച്ചു നിൽക്ക്..." എന്നും പറഞ്ഞു അയാൾ എന്റെ തലയിൽ പതുക്കെ ഒന്ന് കൈ വെച്ച ശേഷം അവിടെ നിന്നും നടന്ന് നീങ്ങി.

അയാൾ പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ നിന്നു. അപ്പോൾ ഇത്രയും നേരം അയാൾ ഒരു പ്രശ്നവും ഇല്ലാതെ പോലെ നിന്നത് അഭിനയിച്ചതാണോ? അപ്പോൾ കല്യാണം അയാൾ എന്തായാലും മുടക്കും, അതോർത്തപ്പോൾ ചെറിയൊരു വിഷമം വന്നു.

" ഹലോ" പെട്ടന്ന് എന്റെ സൈഡിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് ഞാൻ തല വെട്ടിച്ചു.

രാഹുലേട്ടൻ... എന്റെ ചിന്തകൾക്ക് തല്ക്കാലം വിരാമമിട്ട് ഞാൻ എന്റടുത്തേക്ക് വരുന്ന രാഹുലേട്ടനെ നോക്കി പുഞ്ചിരിച്ചു.

" എന്താണ് ചെറുക്കനും പെണ്ണും തമ്മിൽ ഒരു രഹസ്യം പറച്ചിൽ..." രാഹുലേട്ടൻ ചിരിയോടെ എന്നെ നോക്കി.

ഞാൻ തിരിച്ചൊന്നും പറയാതെ വെറുതെ ചിരിച്ചു.

" കുറെ നേരമായി നിന്നെയൊന്ന് തനിച്ച് കിട്ടാൻ കാത്തുനിൽക്കുന്നു."

ഞാൻ എന്തിന് എന്ന മട്ടിൽ രാഹുലേട്ടനെ നോക്കി.

" വേറൊന്നുമല്ല നിന്റെ കൂടെ വന്ന ആ ഫ്രണ്ട് ആരാ?..." രാഹുലേട്ടൻ ഒരു കള്ളച്ചിരിയോടെ ആഷിയെ ചൂണ്ടിക്കാട്ടി ചോദിച്ചു.

രാഹുലേട്ടൻ ചോദിച്ചത് കേട്ട് ചിരി വന്നെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ ഗൗരവത്തോടെ ഒരു നോട്ടം നോക്കി.

" വേറൊന്നുമല്ല ഹർഷ പറയാറുണ്ട് എപ്പോഴും നിന്റെ കൂടെ ഒരു വാലും ഉണ്ടാകാറുണ്ടെന്ന് ആ വാലാണോ ഈ വാൽ എന്നറിയാനാണ്..." എന്റെ നോട്ടം കണ്ടപ്പോൾ രാഹുലേട്ടൻ ഇളിച്ചോണ്ട് പറഞ്ഞു.

" വാല് ഒക്കെ അത് തന്നെയാണ്, പക്ഷേ ചേട്ടായി ആ വാലിലോട്ട് അത്രയ്ക്കങ്ങ്‌ നോക്കണ്ട, അതിൽ ആൾറെഡി ഒരാൾ റിക്വസ്റ്റ് അയച്ചിരിക്കുകയാണ് അവൾ ഒന്ന് അക്സെപ്റ്റ് ചെയ്യേണ്ട താമസമോ ഉള്ളൂ..." ഞാൻ ചിരിയോടെ പറഞ്ഞു.

" വീട്ടിലെ കല്യാണലോചനയാണോ?" രാഹുലേട്ടൻ നിരാശഭാവം അഭിനയിച്ചു കൊണ്ട് ചോദിച്ചു.

" ഏയ് വീട്ടിലല്ല, ഞങ്ങളുടെ ഓഫീസിലെ തന്നെയുള്ള ഒരാളാണ്, അഖിൽ, ആൾ ഇത് വരെ തുറന്ന് പറഞ്ഞിട്ടൊന്നുമില്ല പക്ഷേ ഓഫീസിലെ എല്ലാവർക്കും അറിയാം ആൾക്ക് ഇവളെ ഇഷ്ടമാണെന്ന്, എന്ത് കൊണ്ടാണ് തുറന്ന് പറയാതെന്ന് അയാൾക്ക് മാത്രമേ അറിയൂ, ആൾ ഒരു സൈലന്റ്ടൈപാണ് ഇവളാണെങ്കിൽ ഒരു പൊട്ടി തെറിയും, ചിലപ്പോൾ ഇവൾ പെട്ടന്ന് നോ പറഞ്ഞേക്കും എന്ന പേടിയാകും..." ഞാൻ ചിരിയോടെ പറഞ്ഞു.

" ഓഹോ, അപ്പോൾ വൺ സൈഡ് ആണെല്ലേ, നീ റിക്വസ്റ്റ് എന്നൊക്കെ പറഞ്ഞപ്പോൾ ഒരു നിരാശ തോന്നിയിരുന്നു, ഇതിപ്പോൾ ഒരു ചാൻസ് ഉണ്ടല്ലോ...?" രാഹുലേട്ടൻ ഒരു കള്ളച്ചിരിയോടെ ആഷിയെ നോക്കി പറഞ്ഞു.

" ആഹാ, അങ്ങനെ സമാധാനിക്കേണ്ട അവൾക്ക് അഖിലിനെ തിരിച്ചു ഇഷ്ടമാണോ അല്ലയോ എന്നത് അവൾ ഇതുവരെ പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ, അവൾക്ക് അവനോട് ഇതുവരെ ദേഷ്യമൊന്നും ഉള്ളതായി തോന്നിയിട്ടില്ല, അത് കൊണ്ട് ഞാനൊരിക്കൽ ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചു തള്ളുകയാണ് ചെയ്തത്..."

" വരട്ടെ, നമുക്ക് നോക്കാം..." രാഹുലേട്ടൻ ചിരിയോടെ കണ്ണിറുക്കി കാണിച്ചു. " അത് വിട്, നേരത്തെ എന്താണ് എന്റെ നല്ലവനായ കൂട്ടുകാരൻ പറഞ്ഞത്? നിന്റെ മുഖത്തെ തെളിച്ചം പെട്ടന്ന് അണഞ്ഞു പോകാൻ മാത്രമായി?" രാഹുലേട്ടൻ പകുതി കാര്യമായും പകുതി കളിയായും ചോദിച്ചു.

" രാഹുലേട്ടന് എല്ലാം അറിയില്ലേ, പിന്നെയെന്തിനാണ് ഈയൊരു ചോദ്യം!"ഞാൻ ആ മുഖത്തേക്ക് നോക്കി പരിഹാസ ചിരിയോടെ ചോദിച്ചു.

" ചെറുപ്പം മുതലേ അവനെ അറിയാവുന്നത് കൊണ്ട് അവനെന്താണ് നിന്നോട് പറഞ്ഞതെന്ന് എനിക്കൂഹിക്കാൻ പറ്റും, പക്ഷേ ഞാൻ നിന്നോട് ഒരു വലിയ രഹസ്യം പറയട്ടെ?"രാഹുലേട്ടൻ ചിരിയോടെ എന്നോടായി ചോദിച്ചു.

ഞാൻ എന്താണെന്ന മട്ടിൽ ആ മുഖത്തേക്ക് നോക്കി.

" അവൻ നിന്നോട് മൂന്നാഴ്ചയ്ക്കിടയിൽ ഇത് മുടക്കുമെന്നും ഇന്ന് ഇവിടെ കാണിച്ചത് മൊത്തം അഭിനയമാണെന്നും അല്ലേ പറഞ്ഞത്?"

ഞാൻ തെല്ലൊരുത്ഭുതത്തോടെ രാഹുലേട്ടനെ നോക്കി, ഇതൊക്കെ എങ്ങനെ കൃത്യമായി അറിഞ്ഞു!

" എനിക്കറിയാം അവൻ ഇതേ പറയൂ എന്ന്, എന്നാൽ കേട്ടോ അവൻ ഈ പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്, ഇന്നവൻ ഇവിടെ കാണിച്ചത് ഒന്നും അഭിനയവും മണ്ണാക്കട്ടയൊന്നുമല്ല ഇമ്മാതിരി മസിലും പിടിച്ചു ശ്വാസം പിടിച്ചു നിൽക്കുന്നതിനെയാണെല്ലോ അഭിനയം എന്ന് പറയുക, അവന്റെ ആ ശ്വാസം പിടിച്ചുള്ള നിൽപ്പ് കണ്ടാൽ തന്നെ അറിയില്ലേ കൊച്ചേ ഉള്ളിൽ പേടിച്ചിരിക്കുകയാണെന്ന്..." രാഹുലേട്ടൻ ചിരിയോടെ പറഞ്ഞു.

"ങേ!!" ഞാൻ കണ്ണും മിഴിച്ചു രാഹുലേട്ടനെ നോക്കി.

അപ്പോൾ നേരത്തെ കാണിച്ച ആ ഷോ ഒക്കെ ശരിക്കും ചെയ്തതാണോ! ഇപ്പോൾ ചിന്തിക്കുമ്പോൾ ആ നിൽപ്പും ഭാവവും ഒക്കെ രാഹുലേട്ടൻ പറഞ്ഞത് പോലെ ടെൻഷൻ പുറത്ത് കാണിക്കാതെ പിടിച്ചു നിൽക്കുന്നത് പോലെ തോന്നുന്നുണ്ട്, അഭിനയമാണെങ്കിൽ ചിരിച്ചു കളിച്ചു നിൽക്കുകയല്ലേ ചെയ്യുക, ഞാൻ ഒരു ചിരിയോടെ ഓർത്തു.

" പിന്നെ കല്യാണം! ഈ കല്യാണം ഒരു തടസ്സവുമില്ലാതെ നടക്കുകയും ചെയ്യും നിങ്ങൾ രണ്ടാളും ഒന്നിച്ചു ജീവിക്കുകയും ചെയ്യും..." രാഹുലേട്ടൻ ചിരിയോടെ പറഞ്ഞു.

ഞാൻ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ രാഹുലേട്ടനെ തന്നെ നോക്കി.

" പക്ഷേ എന്നോട് പറഞ്ഞത്?..." ഞാൻ സംശയത്തോടെ രാഹുലേട്ടനെ നോക്കി.

"അങ്ങനെ നിന്റെ മുന്നിൽ താഴ്ന്ന് തന്നാൽ അവന്റെ വില പോവില്ലേ... നിന്നെ ഒന്ന് ടെൻഷനടിപ്പിക്കാൻ പറഞ്ഞതായിരിക്കും അങ്ങനെ, ഒന്നുമില്ലെങ്കിലും നീ വലിയ ആളെ പോലെ അവനെ വെല്ലുവിളിച്ചതല്ലേ, അപ്പോൾ കുറച്ചു വട്ട് കളിപ്പിച്ചാലും പ്രശ്നമില്ല..." രാഹുലേട്ടൻ ചിരിയോടെ പറഞ്ഞു.

അത് കേട്ടപ്പോൾ എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

" എന്നാൽ ഇനി എന്റെ ഫ്രണ്ട് ഈ മുടക്കൽ പരിപാടിയൊക്കെ മനസ്സിൽ നിന്നും കളഞ്ഞ്, കല്യാണത്തിന് ശേഷം എന്റെ നല്ലവനായ ചങ്ങാതിയെ എങ്ങനെ കുറച്ചും കൂടി നന്നാക്കാം എന്ന് ചിന്തിച്ചിരിക്ക്..." എന്നും പറഞ്ഞു രാഹുലേട്ടൻ ചിരിയോടെ എന്റെ തോളിൽ തട്ടിയ ശേഷം മുന്നോട്ട് നടന്നു.

രാഹുലേട്ടൻ പറഞ്ഞത് പോലെ ഒരു തടസ്സവും ഇല്ലാതെ കല്യാണം നടക്കും എന്നോർത്തപ്പോൾ നെഞ്ചിൽ നിന്നും വലിയൊരു കല്ല്‌ ആരോ എടുത്ത് മാറ്റിയത് പോലെ തോന്നി. എന്ത് കൊണ്ടായിരിക്കും അയാൾ ഇത് മുടക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടാവുക!!

എന്റെ നോട്ടം പപ്പയോടും വിക്കിയോടും എന്തോ പറഞ്ഞു ചിരിക്കുന്ന ഹിറ്റ്ലറിന് നേർക്ക് പോയി. ആ കാഴ്ച മനസ്സിന് സന്തോഷം നൽകിയെങ്കിലും കല്യാണത്തിന് ശേഷം ഹർഷയുമൊത്തുള്ള ജീവിതം എങ്ങനെ എന്നുള്ള ചോദ്യത്തിന് ഒരുത്തരം കണ്ടെത്താൻ സാധിക്കുന്നില്ല...

☺️°°°°°°°°°°°°°°°°°°°°°°°°°°°°☺️


അങ്ങനെ എൻഗേജ്‌മെന്റ് എന്ന തലവേദന തീർത്തു, ഇനി കല്യാണം! അത് എങ്ങനെയെങ്കിലും നടന്നാൽ മതിയായിരുന്നു...😵

കഷ്ടപ്പെട്ട് എഴുതിയതാണ് അത് കൊണ്ട് വോട്ടും കമന്റും പ്രതീക്ഷിക്കാം അല്ലേ... 🙈

അടുത്ത അപ്ഡേറ്റ് എപ്പോൾ ഉണ്ടാകുമെന്ന് പറയുന്നില്ല, ഒന്ന് പ്ലാൻ ചെയ്ത ശേഷം കഴിവതും നേരത്തെയാകാൻ നോക്കാം...,🙃

Bạn đang đọc truyện trên: Truyen247.Pro