chapter 39
പറഞ്ഞത് പോലെ തന്നെ പെട്ടന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, എത്രതോളം നന്നായി എന്നറിയില്ല, ചെറിയൊരു ചാപ്റ്ററാണ്... എൻജോയ്☺️
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Harsha's pov:-
പെട്ടന്ന് അവർ എല്ലാവരും ഞങ്ങളെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ കാര്യം മനസ്സിലാവാതെ കണ്ണും മിഴിച്ചു കാർത്തിയെ നോക്കി.
ഏകദേശം എന്റെ അതേ അവസ്ഥയിൽ തന്നെ അവനും കാര്യം കത്താതെ എന്നെ നോക്കുന്നുണ്ട്, എന്താ ഇത്! എന്ന മട്ടിൽ ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.
"ആ ആർക്കറിയാം... കാര്യങ്ങൾ ഒക്കെ കൈ വിട്ടോ?" അവൻ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന പാകത്തിൽ ചോദിച്ചു.
ഞാൻ അവനെ തറപ്പിച്ചൊന്നു നോക്കി. ശേഷം തിരിച്ചു ചിരിച്ചു കൊണ്ടിരിക്കുന്ന അവരുടെ മുഖത്തേക്ക് തന്നെ നോക്കി. ഇവരുടെയൊക്കെ ഈ ചിരി കാണുമ്പോൾ എവിടെയൊക്കെ എന്തോ ചീഞ്ഞു നാറുന്നത് പോലെ... പണി പാളിയോ?
അപ്പോഴാണ് ഇവരുടെ കൂടെ ചിരിയിൽ പങ്ക് ചേരാതെ ഇരിക്കുന്ന ജിതയുടെ മുഖം എന്റെ കണ്ണിൽ പെട്ടത്, ഞാൻ അവളുടെ മുഖത്തേക്ക് നോക്കി എന്താ ഇത് സംഭവം എന്ന് ചോദിച്ചു.
ആ പിശാച് ഒന്നും മിണ്ടാതെ എന്നെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു. അവളെ കണ്ണുരുട്ടി നോക്കുമ്പോഴാണ് അങ്കിൾ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചത്.
ഞാൻ കാര്യം മനസ്സിലാവാതെ അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഡാഡിനെയും മമ്മയേയും നോക്കി. കാര്യമായിട്ട് എന്തോ ഒരു സംഭവം ഉണ്ട് എന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായി.
" നിന്നെ കൊണ്ട് ഈ കാര്യം എങ്ങനെ സമ്മതിപ്പിക്കും എന്നറിയാതെ കുഴഞ്ഞു നിൽക്കുകയായിരുന്നു ഞങ്ങൾ, ഇതിപ്പോൾ ദൈവം നിന്റെ മനസ്സിൽ തന്നെ ഇങ്ങനെ ഒരു ആഗ്രഹം ഇട്ടു തന്നില്ലേ..." അങ്കിൾ പുഞ്ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
വാട്ട്!! ഞാൻ കണ്ണും മിഴിച്ചു അങ്കിളിനെ തന്നെ നോക്കി നിന്നു. ഈ അങ്കിൾ ഇതെന്തൊക്കെയാണ് ഈ പറയുന്നത്! ടോട്ടൽ കൺഫ്യൂഷനാണെല്ലോ? ഞാൻ കാർത്തിയെ നോക്കി. അവനും കാര്യം ഒന്നും വലുതായി കത്താതെ എന്നെ പോലെ തന്നെ നിൽക്കുണ്ട്. അടിപൊളി.
" ഭയ്യക്കും കാത്തുവിനും ഇപ്പോഴും കാര്യം ഒന്നും കത്തിയില്ല അങ്കിളേ..." ജിത അവളിരുന്നടുത്ത് നിന്നും എഴുന്നേറ്റ് ഞങ്ങളുടെ മുന്നിലേക്ക് വന്നു നിന്നു.
" എന്നാൽ മോൾ തന്നെ രണ്ടാൾക്കും വിശദീകരിച്ചു കൊടുക്ക്..." എന്ന് ഡാഡ് പുഞ്ചിരിയോടെ പറഞ്ഞു.
" സംഗതി എന്താണെന്ന് വെച്ചാൽ പപ്പയും നന്ദങ്കിളും കൂടി എന്റെ രണ്ട് ഏട്ടന്മാരേയും പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു, കാത്തുവിനെ കൊണ്ട് നമ്മുടെ നരേന്ദ്രനങ്കിളിന്റെ മകൾ ജീനയെ കൊണ്ടും ഭയ്യയെ നമ്മുടെ ഹയാത്തിയെ കൊണ്ടും..."
അവൾ പറയുന്നത് കേട്ട് എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി, ഒരു താങ്ങിനായി ഞാൻ അടുത്തുള്ള സോഫയുടെ പിടിയിൽ മുറുക്കി പിടിച്ചു. അപ്പോൾ ഞാനന്ന് ഡാഡും മമ്മയും സംസാരിക്കുന്നത് കേട്ടതോ?! ഹയാത്തിയെ കൊണ്ട് കാർത്തിയെ കെട്ടിക്കാം എന്നല്ലേ അന്ന് കേട്ടത്!
" പക്ഷേ, ജീനയെയാണ് കാത്തുവിന് വേണ്ടി ആലോചിക്കുന്നത് എന്ന് മമ്മി ഇന്ന് രാവിലെയാണ് എന്നോട് പറഞ്ഞത്, ജീനയ്ക്ക് വേറെ ഒരു ലവ്വർ ഉള്ളതിനാൽ ആ ആലോചന ഞാൻ പറഞ്ഞപ്പോൾ അവളെ എല്ലാവരും വിട്ടു, പിന്നെ ഹയാത്തി, എന്റെ അറിവിൽ ഹയാത്തിക്ക് ആരുമായും ഒരു റിലേഷൻഷിപ്പും ഇല്ല, ഹയാത്തിയെ ആലോചിച്ചു ചെന്നാൽ ഭയ്യ ഒരിക്കലും സമ്മതിക്കില്ല എന്ന് ഞാൻ മമ്മിയോട് പറഞ്ഞതാണ്, പക്ഷേ ഭയ്യക്ക് ഹയാത്തിയോട് ഇങ്ങനെ ഒരിഷ്ടം ഉണ്ടെന്നുള്ളത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..."
അവൾ പറഞ്ഞ ഓരോ വാക്കും ഓരോ അമ്പുകളായി എന്റെ നെഞ്ചിലേക്ക് പതിക്കുന്നത് പോലെ തോന്നി. പണി പാലും വെള്ളത്തിലാണ് കിട്ടിയിരിക്കുന്നത്. ഞാൻ കാർത്തിയെ നോക്കി.
അവൻ എന്നെ നോക്കി പുളിച്ച ഒരു ഇളി ഇളിച്ചു. അത് കണ്ടതും എന്റെ ഉള്ളിൽ അവനോടുള്ള ദേഷ്യം തിളച്ചു പൊങ്ങി. എല്ലാം വരുത്തി വെച്ചിട്ട് ഇളിക്കുന്നത് കണ്ടില്ലേ അലവലാതി, അവന്റെ കോപ്പിലെ ഒരു ഐഡിയ! ഈസിയായിട്ട് ഊരാൻ പറ്റിയ പണിയെയാണ് ഇപ്പോൾ ടാക്സി വിളിച്ചു വരുത്തിയിരിക്കുന്നത്,... ഞാൻ അവനെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി.
" നീ സമാധാനിക്ക്, നമുക്ക് എല്ലാം ശരിയാക്കാം..." അവൻ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ പറഞ്ഞു.
സമാധാനം! ഇവനെ ഇന്ന് ഞാൻ... ദേഷ്യത്തോടെ പല്ലുറുമ്മി.
" അപ്പോൾ ഇവന്റെ കാര്യം ഓക്കെ ആയി. ഇനി അത് എത്രയും പെട്ടന്ന് സച്ചിയെ വിളിച്ചു പറയണം...കൂടാതെ കാർത്തിക്കും കൂടി എത്രയും പെട്ടന്ന് നല്ലൊരു ആലോചന കണ്ട് പിടിച്ചു രണ്ടും ഒന്നിച്ചു നടത്തണം..." ഡാഡ് ഞങ്ങളെ നോക്കി പറഞ്ഞു.
അങ്കിളും മമ്മയും അത് ശരി വെക്കുന്ന മട്ടിൽ തലകുലുക്കി.
സീൻ കണ്ടിട്ട് കാര്യങ്ങൾ കൈ വിട്ട് പോകുന്നത് പോലെയുണ്ട്, മോനെ ഹർഷാ ഇതാണ് ഏറ്റവും നല്ല സമയം, എത്രയും പെട്ടന്ന് സത്യം മുഴുവൻ പറഞ്ഞു ഡാഡിന്റെ കാലിൽ വീഴുക, രണ്ട് അടി കിട്ടിയാലും സാരമില്ല അവളോട് പറഞ്ഞു അവൾ റീജക്ട് ചെയ്ത നാണക്കേടിനേക്കാളും ബെറ്ററാണ്...
ഞാൻ എല്ലാം തുറന്നു പറയാനായി വാ തുറന്നതും.
" പക്ഷേ വലിയപപ്പാ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട..." എന്നെക്കാളും മുന്നേ സ്‌കോർ ചെയ്തുക്കൊണ്ട് കാർത്തി ഡാഡിനെ നോക്കി പറഞ്ഞു.
" അതെന്താ നിനക്ക് ഇപ്പോൾ കല്യാണം വേണ്ടാതെ? നീയല്ലേ മൂത്തത് അവനെക്കാളും മുന്നേ നിന്റെ കല്യാണം അല്ലേ നടക്കേണ്ടത്?" അങ്കിൾ അവനെ നോക്കി.
" എന്റെ പപ്പാ, നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ചേട്ടൻ കെട്ടാതെ അനിയൻ കെട്ടരുത് എന്നൊക്കെ പറയുന്നത് പണ്ട്, ഇപ്പോൾ അതൊക്കെ പോയി ചേട്ടനെക്കാളും മുമ്പേ അനിയൻ കെട്ടുന്ന കാലമാണ് ഇത്, ഞാൻ ഇപ്പോൾ കല്യാണം വേണ്ട എന്ന് പറയുന്നത് വേറെ ഒന്നും കൊണ്ടല്ല പെട്ടന്ന് ഒരു പെൺകുട്ടിയെ കണ്ട് പിടിച്ചു എന്നെ കെട്ടിക്കുമ്പോഴേക്കും ഡേയ്സ് കുറേ അങ്ങ് പോകും, എനിക്ക് ഇപ്പോൾ തന്നെ ആകെ ഒരു മാസം മാത്രേ ലീവ് ഉള്ളു, നമുക്ക് ഇവന്റെയും ഹയാത്തിയുടെയും കല്യാണം നടത്താം, ആ കുട്ടിയെ ഇവിടെ എല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്ക് അത് ആദ്യം നോക്കുന്നതെല്ലേ ബുദ്ധി. എന്റെ അടുത്ത ലീവിന് വന്നാൽ സമാധാനത്തോടെ നോക്കി എന്റെ കല്യാണം നടത്താം..." അവൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി പറഞ്ഞു.
ജന്തു, പിശാച്, അലവലാതി, അവൻ സ്വയം രക്ഷപെട്ട് എന്നെ കുരുക്കാൻ നോക്കുകയാണ്, മോനെ കാർത്തി നിന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെയാണ് ഉറപ്പിച്ചോ...അവനെ പച്ചയ്ക്ക് തിന്നാനുള്ള ദേഷ്യത്തോടെ ഞാൻ നോക്കി.
" കാർത്തി പറഞ്ഞതാണ് ശരി എന്ന് എനിക്കും തോന്നുന്നു, പെട്ടന്ന് ഒരു പെണ്ണിനെ കണ്ട് പിടിച്ചു ഇവന്റെ തലയിൽ കെട്ടിവെച്ച് അവർക്ക് തമ്മിൽ പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലോ? അത് കൊണ്ട് നമ്മുക്ക് ഹർഷന്റെയും ഹയാത്തിയുടെയും കാര്യം നോക്കാം..." എന്റെ മാതാശ്രീ പറഞ്ഞു.
ഡാഡും അങ്കിളും അത് സമ്മതിക്കുന്ന മട്ടിൽ തലകുലുക്കി. ദൈവമ്മേ കയർ കൂടുതൽ കഴുത്തിൽ കൂടുതൽ കുരുങ്ങിക്കൊണ്ടിരിക്കുകയാണെല്ലോ... ഇതിൽ നിന്നും എങ്ങനെ രക്ഷപെടും! ഞാൻ സങ്കടത്തോടെ നിന്നു.
" പക്ഷേ വലിയപപ്പാ വേറൊരു പ്രശ്‌നം ഉണ്ട്..." കാർത്തി ഇത് പറഞ്ഞപ്പോൾ ബാക്കിയെല്ലാവരുടെ കൂടെ ഞാനും അവന്റെ മുഖത്തേക്ക് നോക്കി.
" ഇവന് ഹയാത്തിയെ ഇഷ്ടമാണ് എന്ന് നമ്മൾ മാത്രേ അറിയൂ, അവളോട് അവൻ ഇതുവരെ പറഞ്ഞിട്ടൊന്നും ഇല്ല, അവൾക്ക് ഇവനെ ഇഷ്ടമാണോ ഇങ്ങനെ ഒരാലോചനക്ക് അവൾ സമ്മതിക്കുമോ എന്നറിയില്ലാലോ..." അവന്റെ ആ ഡയലോഗ് കേട്ടപ്പോൾ എനിക്ക് കുറച്ച് സമാധാനം കിട്ടി.
"മമ്... ഞാൻ എന്തായാലും സച്ചിയോട് ചോദിച്ചു നോക്കട്ടെ, അവർ ഇനി അവൾക്ക് വേറെ വല്ല പയ്യനെയും അവർ മനസ്സിൽ കണ്ടിട്ടുണ്ടെങ്കിലോ?" കൂടുതൽ എനിക്ക് ആശ്വാസം നൽകിക്കൊണ്ട് ഡാഡ് പറഞ്ഞു.
ഈശ്വരാ അങ്ങനെ വല്ലതും ഉണ്ടായിരിക്കണേ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആ സംഭാഷണം അവിടെ അവസാനിച്ചപ്പോൾ തന്നെ ഞാൻ കാർത്തിയോട് കണ്ണ് കൊണ്ട് മുകളിലേക്ക് വരാൻ പറഞ്ഞു തിരിഞ്ഞു നടന്നു.
മുകളിൽ കയറി റൂമിലേക്ക് കയറാൻ തുനിഞ്ഞപ്പോഴാണ് ഒരു കൈ വന്ന് എന്നെ തടഞ്ഞത്, ഇനി ഇവൾക്ക് എന്താണാവോ വേണ്ടത്?
ഞാൻ മുഖം ചുളിച്ചുകൊണ്ട് ഡോറിനടുത്തായി നിൽക്കുന്ന ജിതയെ നോക്കി.
" ഹായ് mr: ഹർഷ വർമ്മ...ഒരു ചെറിയ ഡൗട്ട് ക്ലീയർ ചെയ്യാനുണ്ടായിരുന്നു..." അവൾ എന്നെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു.
കാർത്തിയും അപ്പോഴേക്ക് ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു.
" എന്ത് കാര്യം?" ഞാൻ ഗൗരവത്തിൽ അവളെ നോക്കി.
" അല്ല ഇന്നലെ വരെ മുന്നിൽ കണ്ടാൽ തന്നെ പിടിക്കാതെ ഭയ്യ എന്ന് മുതലാണ് ഹയാത്തിയെ സ്നേഹിക്കാൻ തുടങ്ങിയത്? കൂടാതെ ഹയാത്തി ജോബ് റിസൈൻ ചെയ്തിട്ടും ഒരാഴ്ചയായി, പിന്നെ എന്തിനാണ് പപ്പയോട് അങ്ങനെയൊക്കെ പറഞ്ഞത്? എന്തോ ഒരു കള്ളക്കളി ഉണ്ടല്ലോ ഇതിൽ..." അവൾ സംശയത്തോടെ എന്നെ നോക്കി.
ആഹാ ഷെർലക്ക് ഹോംസ് അനേഷണം ആരംഭിച്ചിരിക്കുന്നു...
" ഞാൻ എന്ത് ചെയ്താലും നിനക്കെന്താ? നീ നിന്റെ കാര്യം നോക്കി പോയേ..." ഇതും പറഞ്ഞു ഞാൻ അവളുടെ കൈ എടുത്തു മാറ്റി.
" അങ്ങനെ പറഞ്ഞു തടിയൂരാൻ നോക്കണ്ട, എനിക്കറിഞ്ഞേ പറ്റൂ..." അവൾ എന്റെ മുന്നിൽ കയറി തടഞ്ഞു.
" അറിയണമെന്ന് നിർബന്ധമാണോ?" ഞാൻ രണ്ട് കയ്യും നെഞ്ചിന് മീതെ കെട്ടി വെച്ചുകൊണ്ട് അവളെ നോക്കി.
അവൾ അതെയെന്നർത്ഥത്തിൽ തലകുലുക്കി.
" എന്നാൽ എനിക്ക് പറയാൻ ഉദ്ദേശമില്ല..." ഇതും പറഞ്ഞു ഞാൻ അവളെ സൈഡിലേക്ക് മാറ്റി.
" ഞാൻ പറയാം..." പെട്ടന്ന് കാർത്തി എന്റെ സൈഡിൽ നിന്നും പറഞ്ഞത് കേട്ട് ഞാൻ തലചെരിച്ചു അവനെ നോക്കി.
ഇവന് ചെയ്തു തന്ന ഉപകാരങ്ങൾ ഒന്നും മതിയായില്ലേ? ഇനി എന്ത് കഥയാണാവോ പറയാൻ പോകുന്നത്!!
" ഇവന് ആ കുട്ടിയോടുള്ള ഇഷ്ടം തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു, ഈ ഒരാഴ്ചയാണ് ഇവന് അവളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത്, അവൾ കൂടെയില്ലാത്തപ്പോഴാണ് ഇവന് അവൾ ആരെക്കെയോ ആയിരുന്നു എന്ന് മനസ്സിലായത്..." ഇതും പറഞ്ഞു അവൻ എന്നെ നോക്കി ഒരു കളളച്ചിരി ചിരിച്ചു.
ഞാൻ അവൻ പറഞ്ഞത് കേട്ട് കണ്ണും മിഴിച്ചു അന്തം വിട്ട് നിന്നു. ഈ ഒരാഴ്ച മനസ്സിൽ അവളെയും ചീത്ത വിളിച്ചു നടക്കുകയെല്ലേ ഞാൻ ചെയ്തത്! തക്ക സമയത്ത് ഒരു കള്ളക്കഥയുണ്ടാക്കാൻ കഴിയുന്ന ഇവന്റെ കഴിവ് അപാരം തന്നെ... ഞാൻ ജിതയുടെ മുഖത്തേക്ക് നോക്കി, മുഖഭാവം കണ്ടിട്ട് അവൾ വിശ്വസിച്ച മട്ടുണ്ട്, ഇവനെയൊക്കെ സൽപുത്രൻ എന്ന് വിളിച്ചു സ്‌നേഹിക്കുന്ന വീട്ടുകാരോട് സഹതാപം തോന്നുന്നു.
" പറഞ്ഞത് മുഴുവൻ വിശ്വസിക്കാൻ തോന്നുന്നില്ല, പക്ഷേ കാത്തു പറഞ്ഞത് കൊണ്ട് സത്യമാണെന്ന് വിശ്വസിക്കുന്നു..." ഇതും പറഞ്ഞു ഒന്നമർത്തി മൂളിക്കൊണ്ട് അവൾ അവിടെ നിന്നും പോയി.
ഹാവൂ സമാധാനം... അവൾ പോയ ശേഷം ഞാൻ കാർത്തിയെ പിറകിൽ നിന്നും മുറിയിലേക്ക് തള്ളി. എന്നിട്ട് ഞാനും അകത്തു കയറി ഡോറടച്ചു.
" എപ്പോഴാടാ അലവലാതി ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയത്?" ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.
" ഹിഹിഹി അത് പിന്നെ അവളെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടേ?" അവൻ ഒരു പുളിച്ച ഇളിയോടെ പറഞ്ഞു.
" മണ്ണാങ്കട്ട... അവന്റെ ഒരു കോപ്പിലെ ഐഡിയയും കേട്ട് എന്റെ ജീവിതം വെള്ളത്തിലായി, എന്നിട്ട് ഒരു കഥയും, ഈസിയായിട്ട് ഊരാൻ പറ്റുന്ന കുരുക്കായിരുന്നു അതിനെ ഇപ്പോൾ സ്വയം എടുത്തു കഴുത്തിൽ കുരുക്കി, നിന്റെ വാക്കും കേട്ട് എല്ലാം സമ്മതിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... എന്നിട്ട് അവൻ രക്ഷപെടുകയും ചെയ്തു."
" എല്ലാം നിന്റെ തെറ്റാ..." അവൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
" എന്റെ തെറ്റോ?" ഞാൻ കാര്യം മനസ്സിലാവാതെ അവനെ നോക്കി.
" പിന്നെല്ലാതെ അന്ന് വല്യപപ്പയും മമ്മിയും സംസാരിച്ചത് മുഴുവൻ കേൾക്കാതെ എന്നോട് പറഞ്ഞത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്, അന്ന് അവർ സംസാരിച്ചത് നീ ശരിക്കും മുഴുവൻ കേട്ടിരുന്നെങ്കിൽ ഈ കുഴപ്പം ഒന്നുമുണ്ടാവില്ലായിരുന്നല്ലോ!" അവൻ എന്നെ കുറ്റപ്പെടുത്തി.
ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം ബെഡിൽ കയറി ഇരുന്നു. അവൻ പറഞ്ഞതിലും കാര്യമില്ലാതില്ല, അന്ന് അവർ സംസാരിച്ചത് ശരിക്കും അറിഞ്ഞിട്ട് മതിയായിരുന്നു ഈ എടുത്തു ചാട്ടം... ഞാൻ സങ്കടത്തോടെ ഓർത്തു.
" നീ എന്തിനാണ് പേടിക്കുന്നത് നമ്മൾ ഇപ്പോളും സേഫ് അല്ലേ, ആ കുട്ടി സമ്മതിക്കില്ലാലോ?" അവൻ എനിക്കടുത്തായി വന്നിരുന്നു എന്റെ തോളിൽ കൈ വെച്ചു.
" അവൾ റീജക്ട് ചെയ്ത ശേഷമുള്ള എന്റെ അവസ്ഥയോ? എനിക്ക് പിന്നെ ആരുടെയെങ്കിലും മുഖത്ത് തലയുയർത്തി ഒന്ന് നോക്കാൻ പറ്റുമോ?" ഞാൻ അവനെ നോക്കി.
" അത് ഇത്തിരി ശോകമാണ്, അത് പ്രശ്നമാക്കണ്ട അവൾ റീജക്ട് ചെയ്ത ഉടൻ തന്നെ നമുക്ക് ഒരു ട്രിപ്പ് പോകാം, പോയി വരുമ്പോഴേക്കും ഇവിടെ അതൊക്കെ എല്ലാവരും മറന്നോളും... എങ്ങനെ ഉണ്ട് ഐഡിയ?"
" അവൾ സമ്മതിച്ചാലോ?" ഞാൻ അവനെ നോക്കി.
" വേറെ എന്ത് ചെയ്യാൻ അവളെയും കെട്ടി സുഖമായി ജീവിക്കണം..." അവൻ എന്നെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു.
" എന്ത്!!!"
" ചിൽ ബ്രോ... അവൾ സമ്മതിച്ചാൽ അല്ലേ? ഇനി അവൾ സമ്മതിച്ചേക്കുമോ?" അവൻ എന്നെ നോക്കി.
" അങ്ങനെ വല്ലതും സംഭവിച്ചാൽ അന്ന് നിന്റെ അന്ത്യമായിരിക്കും..." ഞാൻ അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
" ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത് അത് പറ..." അവൻ ദയനീയമായി എന്നെ നോക്കി.
" നീ നാളെ അവളെ വിളിക്കണം, മീറ്റ് ചെയ്യാൻ പറയണം, എന്നിട്ട് അവളോട് കാര്യങ്ങൾ എല്ലാം പറയണം... ഇങ്ങനെ ഒരാലോചന വരുമെന്നും അതിന് സമ്മതമല്ല എന്ന് പറയണം എന്നും, അത്ര തന്നെ..."
" ഓക്കെ സാർ... നമുക്ക് നാളെ രാവിലെ തന്നെ ആ കുട്ടിയെ വിളിക്കാം... പോരെ?" അവൻ എന്നെ നോക്കി ചിരിച്ചു.
"മമ്..." ഞാൻ അവനെ നോക്കി ഒന്നമർത്തി മൂളിക്കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
സത്യത്തിൽ ഈ ചാപ്റ്ററോടെ ഹർഷയുടെ pov അവസാനിപ്പിച്ചു ഹയാത്തിയിലേക്ക് മടങ്ങണം എന്നാണ് കരുതിയത് പക്ഷേ പറ്റിയില്ല, നെക്സ്റ്റ് ചാപ്റ്ററും കൂടി കഴിഞ്ഞു നമുക്ക് ഹയാത്തിയിലേക്ക് മടങ്ങാം... നെക്സ്റ്റ് അപ്ഡേറ്റും കഴിവതും നേരത്തെ ചെയ്യാൻ നോക്കാം...😊
Bạn đang đọc truyện trên: Truyen247.Pro