chapter 38
സോറി, സോറി... നല്ലത് പോലെ ലേറ്റായെന്ന് അറിയാം, നാട്ടിലായത് കൊണ്ട് മൊത്തം തിരക്കിലാണ് അത് കൊണ്ട് എഴുതാൻ ഒന്നും സമയം കിട്ടിയില്ല, അതാണ് അപ്ഡേറ്റ് ചെയ്യാതിരുന്നത്, ചാപ്റ്റർ എഴുതിയിട്ട് എനിക്ക് തന്നെ വലുതായി ഒന്നും ഉള്ളത് പോലെ തോന്നിയില്ല, രണ്ട് ചാപ്റ്റർ ഒന്നിച്ചു അപ്ഡേറ്റ് ചെയ്യണം എന്ന് കരുതിയതാണ് പക്ഷേ അതും കൂടി എഴുതാൻ നിന്നാൽ ഇതിലും ലേറ്റ് ആകും...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു ദിവസം മുമ്പ്:-
Harsha's pov:-
"ബ്രദർ..." എന്നും വിളിച്ചുകൊണ്ട് കാർത്തി എനിക്കരികിലേക്ക് ഓടിവരുന്നത് കണ്ടു. ഞാൻ ചുറ്റോടും നോക്കി ആൾക്കാരൊക്കെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ടായിരുന്നു ആകെ ചമ്മി നാറി.
അപ്പോഴേക്കും അവൻ വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഇവന്റെ ഒരു കാര്യം! അവൻ എന്നെ മിസ്സ് ചെയ്തു എത്ര നാളായടാ കണ്ടിട്ട് എന്നൊക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു.
" കാർത്തി എല്ലാവരും നോക്കുന്നുന്നത് കണ്ടില്ലേ ഇത് ഏതാ ഈ വട്ടന്മാർ എന്ന മട്ടിൽ, നീ പിടി വിട്ട് മാറി നിന്നേ..." ഞാൻ അവനെ പിറകിലേക്ക് തള്ളി മാറ്റി.
" ഓഹ്, നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല അല്ലേ?" ഇതും പറഞ്ഞു അവൻ എന്നെ നോക്കി ചിരിച്ചു.
" നീയാര് എന്റെ ഗേൾഫ്രണ്ടോ എന്നെ ഇങ്ങനെ വന്ന് കെട്ടിപ്പിടിക്കാൻ..." ഞാൻ ദേഷ്യപ്പെട്ടു.
" അതെയല്ലോ ജിത്തു പറയലില്ലേ ഞാൻ നിന്റെ ഗേൾഫ്രണ്ടാണെന്ന്...അപ്പോൾ എനിക്ക് കെട്ടിപിടിച്ചു കൂടെ..." അവൻ എന്നെ നോക്കി കണ്ണിറുക്കി.
" നിന്റെ ഒരു കാര്യം, നീ വാ ഒരു വർഷം കഴിഞ്ഞു തിരിച്ചെത്തുന്ന സൽപുത്രനെ സ്വീകരിക്കാൻ മമ്മയും മേയറും നിന്റെ പപ്പയും ഒക്കെ അവിടെ കാത്തിരിക്കുകയാണ്..." ഇതും പറഞ്ഞു ഞാൻ അവന്റെ ട്രോളി എടുത്തു മുന്നോട്ടേക്ക് തള്ളി.
" അസൂയ പെട്ടിട്ട് കാര്യമില്ല മോനേ... ഇതൊക്കെ നിന്നെ കൊണ്ട് ഈ ജന്മത്തിൽ സാധിക്കാൻ പറ്റാത്ത കാര്യമാണ്..." അവൻ കളിയാക്കി ചിരിച്ചു.
" അയ്യേ ആർക്ക് വേണം അത്, എനിക്ക് തല്ലുകൊള്ളി എന്ന പേര് തന്നെ ധാരാളം, അത് കൊണ്ട് ഞാൻ സന്തോഷത്തോടെ ജീവിച്ചു പോകുന്നുണ്ട് മോനേ..." ഞാനും അതേ ട്യൂണിൽ തിരിച്ചടിച്ചു.
" അത് പിന്നെ എനിക്കറിയാമല്ലോ... നീ വാ ലേറ്റ് ആകണ്ടാ..." അവൻ മുന്നോട്ട് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മമ്മയുടെയും പപ്പയുടെയും നന്ദങ്കിളിന്റെയും ഒക്കെ സ്നേഹപ്രകടനം ഒക്കെ കണ്ട് ബോറടിച്ചപ്പോൾ ഞാൻ മെല്ലെ അവിടെ നിന്നും സ്‌കൂട്ടായി മുകളിലേക്ക് കയറി.
മുറിയിലെത്തി ബെഡിൽ നിരത്തിവെച്ചിട്ടുള്ള പേപ്പർസ് ഒക്കെ എടുത്തു ഒതുക്കി വെക്കുമ്പോഴാണ് ഹയാത്തി പട്ടേലിന്റെ ബയോടാറ്റയിൽ കണ്ണിടുക്കിയത്. ഞാനത് കയ്യിലെടുത്തു.
അന്നവൾ ഓഫീസിൽ എല്ലാവരും കേൾക്കേ എന്നെ ചീത്ത വിളിച്ചത് ഓർത്തപ്പോൾ എന്റെ ഉള്ളിൽ അവളോടുള്ള ദേഷ്യം നുരഞ്ഞുപൊങ്ങി, ആ ബയോടാറ്റ ചുരുട്ടികൂട്ടി ഞാൻ ദേഷ്യത്തോടെ സൈഡിലേക്ക് എറിഞ്ഞു.
" ക്യാച്ച്!" എന്നും പറഞ്ഞുള്ള കാർത്തിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.
ഞാൻ എറിഞ്ഞ പേപ്പറും പിടിച്ചുകൊണ്ട് അവൻ അകത്തേക്ക് വന്നു.
" ആഹാ... നായകൻ വില്ലത്തിയോടുള്ള ദേഷ്യം ഇപ്പോൾ ഇങ്ങനെയാണോ തീർക്കൽ! കൊള്ളാം..." അവൻ ആ പേപ്പറും നിവർത്തി പിടിച്ചു കൊണ്ട് ചിരിയോടെ എന്റടുത്തേക്ക് വന്നു.
ദേഷ്യത്തോടെ അവനെ നോക്കിക്കൊണ്ട് ഞാൻ ബെഡിൽ വന്നിരുന്നു.
" എന്നാലും അവളുടെ ആ ഒരു ധൈര്യം അത് സമ്മതിച്ചു കൊടുക്കണം, അത്രയും പേരുടെ മുന്നിൽ വെച്ച് നിന്നെ അങ്ങനെയൊക്കെ പറഞ്ഞതിൽ..." അവൻ ചിരിയോടെ പറഞ്ഞു.
ഇവനെ ഇന്ന് ഞാൻ...
" പക്ഷേ എന്റെ ഇപ്പോഴുള്ള സങ്കടം അതൊന്നുമല്ല, അവളെ കേറി ഇനി ഏട്ടത്തി എന്ന് വിളിക്കണമല്ലോ എന്നോർത്തിട്ടാണ്..." മുഖത്ത് പരമാവധി സങ്കടം നടിച്ചുകൊണ്ട് അവനെ നോക്കി.
അത് കേട്ടതും അവന്റെ ചിരി നിന്നു.
" ദേ ഹർഷാ നീ വേണ്ടാതൊന്നും പറയല്ലേ! അതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ്..." അവൻ ഗൗരവത്തോടെ ഇതും പറഞ്ഞു എൻ്റടുത്ത് വന്നിരുന്നു.
" അതെങ്ങനെ ശരിയാകും താഴെ ഡാഡും നന്ദങ്കിളും ഒക്കെ തീരുമാനിച്ചിട്ടുണ്ടാവും..."
" ദേ ഹർഷാ നീ വെറുതെ കളിക്കാൻ നിൽക്കല്ലേ? നിനക്ക് എല്ലാം അറിയാവുന്നതല്ലേ? നീയല്ലേ പറഞ്ഞേ ഞാൻ നാട്ടിലെത്തിയിട്ട് നമുക്ക് എല്ലാം ശരിയാക്കാം എന്ന്..."
"ആണല്ലോ, എന്നാൽ പിന്നെ അതും മനസ്സിൽ വെച്ച് മോൻ എന്നെ ചൂടാക്കാൻ വന്നാൽ മതി..." ഞാൻ അവനെ നോക്കി.
" ദുഷ്ടൻ,നീ കാലു വാരി എന്ന് വിചാരിച്ചു ഞാൻ..." ഇതും പറഞ്ഞു അവൻ എന്റെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി പിടിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" അപ്പോൾ പറ, ഈ ആലോചന ശരിക്കും വരുന്നതിന് മുൻപ് തന്നെ എങ്ങനെ നമുക്ക് തടയാൻ പറ്റും..." കാർത്തി എന്നെ നോക്കി.
" അതിലെന്താണ് ഇത്ര പണി! നേരെ പോയി ഡാഡിയോട് പോയി കാര്യം അങ്ങ് അവതരിപ്പിക്കുന്നു..."
" എന്ത്?!" അവൻ എന്നെ നോക്കി.
" നീ നിന്റെ കൂടെ തന്നെ വർക്ക് ചെയ്യുന്ന ഒരു ജൂനിയർ ഡോക്ടറുമായി ഒരു വർഷമായി പ്രണയത്തിലാണ് എന്നും അവളെ മാത്രമേ താലി കെട്ടും എന്നും..." ഞാൻ അവനെ നോക്കി ഇളിച്ചുക്കൊണ്ട് പറഞ്ഞു.
" നീയെന്നെ കൊലക്ക് കൊടുക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടതാണെല്ലേ?" അവൻ ദേഷ്യത്തോടെ എന്നെ നോക്കി.
" ചെറുതായിട്ട് ആ ഉദ്ദേശം കൂടിയുണ്ടെന്ന് കൂട്ടിക്കൊള്ളു...ഞാൻ ഇവിടെ എല്ലാവരുടെയും മുന്നിൽ ഞാൻ തല്ലുകൊള്ളി, അനുസരണയില്ലാതവൻ, അഹങ്കാരി എന്നൊക്കെയാണെല്ലോ, എല്ലാവരും അറിയട്ടെ ഈ സൽപുത്രന്റെ യഥാർത്ഥ സ്വഭാവം രണ്ട് വർഷം അവളുടെ പിറകെ നടന്നിട്ടാണ് അവൾ യെസ് പറഞ്ഞതെന്നും കൂടി പറയാം..." ഞാനവനെ നോക്കി കണ്ണിറുക്കി.
" ചെയ്യുമെടാ നീ ഇതും ചെയ്യും ഇതിനുമപ്പുറവും ചെയ്യും എനിക്കറിയാം... പക്ഷേ ഇതൊക്കെ ചെയ്യുന്നതിന് മുൻപ് നീ പഴയതൊക്കെ ഓർക്കണം, നിനക്കോർമയുണ്ടോ എന്നെനിക്കറിയില്ല അന്ന് നിനക്ക് വെറും ആറ് വയസ്സായിരുന്നു എനിക്ക് എട്ടും, ശരിക്കും നീന്താൻ പോലും അറിയില്ലായിരുന്നു എനിക്ക് അന്ന്, എന്നിട്ടും സ്വിമ്മിങ് പൂളിൽ മുങ്ങി ചാകാൻ പോയ നിന്നെ രക്ഷിക്കാനായി ഞാൻ ഒന്നും ചിന്തിക്കാതെ എടുത്തു ചാടി, അതൊന്നും നീ ഒരിക്കലും മറക്കരുത്..."
ഹെന്റമ്മോ അവൻ തുടങ്ങി.
" എന്റെ പൊന്ന് കാർത്തി, അന്ന് നീ എന്തിനാടാ ചാടിയത് എന്നെ സമാധാനമായി മുങ്ങാൻ വിട്ടൂടായിരുന്നോ! അങ്ങനെയെങ്കിൽ ഇത് കേൾക്കേണ്ടി വരില്ലായിരുന്നല്ലോ? അന്നത്തെ ആ ആറ് വയസ്സ് മുതൽ കേൾക്കാൻ തുടങ്ങിയതാണ്, ഇനിയെങ്കിലും നിനക്ക് ഇത് നിർത്തി കൂടെ..." ഞാൻ അവനെ നോക്കി കൈകൂപ്പി.
"ഹിഹിഹി, നിർത്തണം എന്നൊക്കെ എനിക്കും ഉണ്ട് ഇപ്പോൾ, പക്ഷേ എന്ത് ചെയ്യാനാണ് ഒരു ഫ്ലോയിൽ എല്ലാം പുറത്തേക്ക് വരുന്നു..." അവൻ ഇളിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി.
ഞാൻ ഒന്നും മിണ്ടാതെ അവനെ ദേഷ്യത്തോടെ ഒന്ന് തറപ്പിച്ചു നോക്കി.
" ഓക്കെ അതൊക്കെ വിട്, നീ സീരിയസായിട്ട് പറ ഈ ആലോചന എങ്ങനെ മുടക്കും?" അവൻ ഗൗരവത്തോടെ എന്നെ നോക്കി.
" നിന്റെ ഇപ്പൊഴത്തെ അവസ്‌ഥയിൽ വെച്ചു നോക്കുമ്പോ..."
" എന്റെ എന്ത് അവസ്ഥ?!" ഞാൻ പറയുന്നതിനിടയിൽ കയറിക്കൊണ്ട് അവൻ ചോദിച്ചു.
" തേങ്ങാക്കൊല, ഞാൻ പറയുന്നത് മുഴുവനായിട്ട് കേൾക്ക് ആദ്യം!!" ഞാനവനോട് ദേഷ്യപ്പെട്ടു.
" ഓഹ് സോറി, സോറി നീ പറ..." അവൻ എന്നെ നോക്കി ഇളിച്ചു.
"മമ്... നിന്റെ പെണ്ണിനോട് നീ ഇതുവരെ കല്യാണത്തെ കുറിച്ചു പറയാത്തതിനാലും, അവളുടെ ഫാദറിന്റെ സമ്മതം കിട്ടിയാൽ മാത്രേ അവൾ കല്യാണത്തിന് സമ്മതിക്കും എന്നുള്ളതിനാലും നിന്റെയും അവളുടെയും ഒരു കാര്യവും നിനക്ക് ഇപ്പോൾ ഇവിടെ പറയാൻ പറ്റില്ല, ഈ ആലോചന നിനക്ക് മുടക്കുകയും വേണം ഞാൻ നോക്കിയിട്ട് ഇത് മുടക്കാൻ ആകെ ഒരു വഴിയേ കാണുന്നുള്ളൂ," ഇതും പറഞ്ഞു ഞാൻ ഒന്ന് നിർത്തി.
" എന്ത് വഴി!" അവൻ ആകാംക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.
" നേരെ പോയി എല്ലാം ആ ഹയാത്തിയോട് തുറന്ന് പറയുക, ഇങ്ങനെ ഒരു ആലോചന വന്നാൽ ഇഷ്ടമല്ല എന്ന് പറയണം എന്നും പറയാം..."
" അത് വേണ്ട , അത് ശരിയാവില്ല, ഞാനാണെന്ന് മനസ്സിലായി അവൾ എങ്ങാനും യെസ് പറഞ്ഞാൽ ഞാൻ കുടുങ്ങും..." അവൻ അടുത്ത നിമിഷം തന്നെ അത് തടഞ്ഞു.
" huh!!" ഞാൻ കാര്യം മനസ്സിലാവാതെ അവനെ നോക്കി.
" ഞാൻ നിന്റെ ബ്രദർ ആണെന്നറിയുമ്പോൾ അവൾ നിന്നോടുള്ള വാശിക്ക് വേണ്ടി എന്നെ കെട്ടാൻ സമ്മതമാണെന്ന് പറഞ്ഞാലോ?"
"അതെന്തിനാണ് എന്നോടുള്ള വാശിക്ക് നിന്നെ കെട്ടുന്നത്?" എനിക്ക് എന്നിട്ടും അവൻ ഉദ്ദേശിച്ചത് കത്തിയില്ല.
" ടാ പൊട്ടാ, അങ്ങനെ സംഭവിച്ചാൽ പിന്നെ നീ നേരത്തെ പറഞ്ഞത് പോലെ അവൾ പിന്നെ നിന്റെ ഏട്ടത്തിയെല്ലേ?"
അവന്റെ മറുപടി കേട്ടപ്പോൾ ഞാൻ ഒരു നിമിഷം വായും പൊളിച്ചു ഇരുന്നു പോയി.
" നീ അവളെ കുറിച്ച് എന്താ കരുതിയത്? ഇത്രയ്ക്കൊന്നും ചീപ്പ് പണി ചെയ്യാനൊന്നും അവളെ കിട്ടില്ല, നമ്മൾ ഇങ്ങനെ ഒരു കാര്യവും പറഞ്ഞു അവളുടെ അടുത്തേക്ക് പോയാൽ അവൾ പിന്നെ നിങ്ങളെ രണ്ടാളെയും പിടിച്ചു കെട്ടിക്കാനാണ് നോക്കുക, അല്ലാതെ നീ വിചാരിക്കുന്നത് പോലെയൊന്നും ഒരിക്കലും സംഭവികില്ല..." ഞാൻ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
" ആണോ, എന്നാൽ ഈ ഐഡിയ ഒരിക്കലും വേണ്ട, അവളെങ്ങാനും പോയി അങ്കിളിനോട് പറഞ്ഞാൽ എല്ലാം കൊളമാകും, നീ വേറെ എന്തെങ്കിലും ഐഡിയ പറയ്..."
" വേറെ ഒരു ഐഡിയയും എന്റെ തലയിൽ തെളിയുന്നില്ല, നീ തന്നെ ആലോചിച്ചു നോക്കി പറയ്..." ഞാൻ
തല തിരിച്ചു.
" actually എന്റെ മനസ്സിൽ ഒരു നല്ല ഐഡിയയുണ്ട് പക്ഷേ അത് പറഞ്ഞാൽ നീ ചിലപ്പോൾ എന്നെ തല്ലാൻ വന്നേക്കും, അത് കൊണ്ട് പറയാതിരിക്കുന്നതാണ്..."
" അതെന്തിനാണ് ഞാൻ തല്ലുന്നത്? നീ കാര്യം പറ ആദ്യം, നല്ലതാണെങ്കിൽ നമുക്ക് നോക്കാം..."
" ഓക്കെ എന്നാൽ ഞാൻ പറയാം..." ഇതും പറഞ്ഞു അവൻ മുന്നോട്ട് വന്ന് കുറച്ചും കൂടി എന്റടുത്തായി ഇരുന്നു പറയാൻ തുടങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ഇത് നടക്കില്ല..." അവൻ പറഞ്ഞ ഐഡിയ കേട്ട ഉടൻ തന്നെ ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് ആ കാര്യത്തെ എതിർത്തു.
" ടാ ഞാൻ പറയുന്നത് നീ മുഴുവൻ കേൾക്ക്, എന്നിട്ട് തീരുമാനം എടുക്ക്..." ഇതും പറഞ്ഞു അവൻ എന്നെ പിടിച്ചു തിരിച്ചു ബെഡിൽ ഇരുത്തി.
" ഇനി എന്ത് പറയാൻ?" ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.
"അല്ല എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ് നിനക്ക് എന്തിനാണ് അവളോട് ഇത്ര ദേഷ്യം? അന്ന് അവൾ അങ്ങനെ ചെയ്തു എന്ന് വെച്ചു ഇത്രയും കാലം അവളോട് പകരം വീട്ടാൻ നടന്നതൊക്കെ ഒരു മാതിരി പിള്ളേരുടെ സ്വഭാവം പോലെയാണെന്ന് മാത്രമേ ഞാൻ പറയൂ.., അന്ന് ആ പോലീസ് കേസ് ഒഴിച്ചു ബാക്കി നടന്ന സംഭവങ്ങൾക്കൊന്നും കാരണം അവളെല്ല, ആ നിത്യയുടെ സംസാരവും കേട്ട് നിന്റെ സ്വപ്നവും ഉപേക്ഷിച്ചു പോയ നിന്റെ തെറ്റാണ് എല്ലാം..." ഇതും പറഞ്ഞു അവൻ എന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ അവനെ തന്നെ നോക്കി ഇരുന്നു. ഇവൻ പറഞ്ഞതിലും കാര്യമില്ലാതില്ല, പക്ഷേ അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടാണല്ലോ അതിന് ശേഷം ബാക്കിയുള്ളതെല്ലാം സംഭവിച്ചത്,
" പക്ഷേ അവളുടെ കാര്യത്തിൽ അവളുടെ ഏറ്റവും വലിയ ശത്രു നീയാണ്, അപ്പോൾ ഇങ്ങനെ ഒരു കാര്യവും കൊണ്ട് അവളുടെ അടുത്തേക്ക് പോയാൽ അവൾ മുഴുവൻ കേൾക്കാൻ പോലും നിൽക്കാതെ നോ എന്ന് പറയും എന്ന കാര്യത്തിൽ നമുക്ക് നൂറ്റിപ്പത്ത് ശതമാനം ഉറപ്പല്ലേ? പിന്നെയെന്തിന് പേടിക്കണം? " അവൻ എന്നെ സമാധാനപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു.
ആ കാര്യത്തിൽ എനിക്കും ഒരു സംശയവും ഇല്ല, പക്ഷേ ഞാൻ പോയി ഇതൊക്കെ എങ്ങനെ പറയും എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല, അവൾ റിജക്ട് ചെയ്തതിന് ശേഷം മറ്റുള്ളവരുടെ മുന്നിൽ ഉള്ള എന്റെ അവസ്ഥയോ!!
" എനിക്ക് വേണ്ടിയെങ്കിലും ചെയ്യടാ... പ്ലീസ്..."
ഞാൻ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.
" പണ്ട് പൂളിൽ മുങ്ങാൻ പോയ നിന്നെ രക്ഷിക്കുമ്പോൾ എനിക്ക് അന്ന് വെറും..."
" അയ്യോ വേണ്ടാ... ഞാൻ സമ്മതിച്ചു. പോരെ!!" ഞാൻ രണ്ടു കയ്യും കൂപ്പി അവനെ നോക്കി.
ഇവൻ ഇതും പറഞ്ഞു കൊല്ലുന്നതിലും ഭേദമാണ് മറ്റേ കാര്യം...
പെട്ടന്ന്,
ഡോറും തുറന്ന് ജിത അകത്തേക്ക് വന്നു. ഞങ്ങൾ രണ്ട് പേരും അങ്ങോട്ടേക്ക് നോക്കി.
"കാത്തു..." എന്നും വിളിച്ചു കൊണ്ട് ഓടി വന്ന് അവൾ കാർത്തിയെ കെട്ടിപ്പിടിച്ചു. അവനും ചിരിയോടെ അവളെ എടുത്തുയർത്തി.
" എടീ കാന്താരി നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ കാത്തു എന്ന് വിളിക്കരുതെന്ന്..." അവൻ അവളെ നോക്കി ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ചിരിയോടെ അവരെ നോക്കി നിന്നു.
" എന്ത് ചെയ്യാനാണ് ബ്രോ... ചെറുപ്പത്തിൽ വിളിച്ചു ശീലിച്ചു പോയില്ലേ അത് അങ്ങനെയൊന്നും വായിൽ നിന്നും പോകുന്നില്ല..." അവൾ അവനെ നോക്കി ഇളിച്ചുക്കൊണ്ട് പറഞ്ഞു.
" നിന്നെ ഇന്ന് ഞാൻ..." എന്നും പറഞ്ഞു അവൻ അവളുടെ ചെവിയിൽ പിടിക്കാൻ ആഞ്ഞതും അവൾ പിറകോട്ടേക്ക് മാറി.
" പിടിയും ഇടിയും ഒക്കെ പിന്നെ, ഇപ്പോൾ ബോയ്ഫ്രണ്ടിനേയും ഗേൾഫ്രണ്ടിനെയും ഡാഡി താഴേക്ക് വിളിക്കുന്നുണ്ട്, എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് പോലും..." ഇതും പറഞ്ഞു അവൾ ഒരുമാതിരി ഒരു ചിരിയും ചിരിച്ചു തിരിഞ്ഞു നടന്നു.
ഞാനും കാർത്തിയും പരസ്പരം നോക്കി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാനും കാർത്തിയും ഇറങ്ങി വരുമ്പോൾ എല്ലാവരും സോഫയിൽ ഇരിക്കുന്നത് കണ്ടു.
" ഇത് അത് തന്നെ കാര്യം..." കാർത്തി എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ പറഞ്ഞു.
ഞാൻ വെറുതെ തലയനക്കി എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല.
ഡാഡിന്റെ മുഖം കുറച്ചു ഗൗരവത്തിൽ തന്നെയാണ്, പക്ഷേ മമ്മിയുടെയും അങ്കിളിന്റെയും ജിതയുടെയും മുഖം വളരെ സന്തോഷത്തിലാണ്.
"ആഹ്, വന്നോ രണ്ടാളും..." ഞങ്ങളെ കണ്ടതും ഡാഡി പറഞ്ഞു.
ഞങ്ങൾ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി.
" നിങ്ങളെ വിളിപ്പിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്, "
ഞാൻ കാർത്തിയെ നോക്കി, അവൻ പറയ് എന്ന് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു. ഞാൻ ദയനീയമായി അവനെ നോക്കി. അവനാണെങ്കിൽ അതിലും ദയനീയമായി എന്നെ തിരിച്ചു നോക്കി.
" നിങ്ങൾ രണ്ടുപേരും ഇവിടെ ശ്രദ്ധിക്കുന്നുണ്ടോ?" പെട്ടന്ന് ഡാഡിയുടെ ശബ്ദം ഉയർന്നു.
"ആഹ്, ഇവന് വല്യപപ്പയോട് എന്തോ പറയാൻ ഉണ്ട് പോലും..." കാർത്തി എന്നെ വിരൽചൂണ്ടി ഡാഡിയോട് പറഞ്ഞു.
ജന്തു!! ഞാൻ മനസ്സിൽ അവനെയും ചീത്ത വിളിച്ചുകൊണ്ട് ഡാഡിയുടെ മുഖത്തേക്ക് നോക്കി.
" മമ്... എന്താണ് ഹർഷക്ക് പറയാൻ ഉള്ളത്?" ഡാഡ് ഗൗരവത്തിൽ എന്നെ നോക്കി.
ഞാൻ ദേഷ്യത്തോടെ കാർത്തിയെ നോക്കി, അവൻ പറയ് എന്ന് പതുക്കെ പറഞ്ഞു.
ഞാൻ ഒരു നിമിഷം രണ്ട് കണ്ണുമടച്ചു ദീർഘമായി ഒന്ന് ശ്വാസം വിട്ടു, എന്നിട്ട് ഡാഡിന്റെ മുഖത്തേക്ക് നോക്കി.
" എനിക്ക് ഹയാത്തിയെ ഇഷ്ടമാണ്, അവളെ വിവാഹം കഴിക്കാനും താല്പര്യം ഉണ്ട്..." ഒറ്റയടിക്ക് ഇതും പറഞ്ഞു ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.
ജിത വായും പൊത്തിപ്പിടിച്ചു ഞെട്ടലോടെ എന്നെ നോക്കുന്നത് കണ്ടു, പക്ഷേ ഡാഡിന്റെയും മമ്മയുടെയും നന്ദങ്കിളിന്റെയും മുഖത്ത് വലിയ ഞെട്ടലൊന്നും കാണാൻ പറ്റിയില്ല, ഇവരെന്താണ് ഞെട്ടാത്തത്! ഏട്ടന് വേണ്ടി ആലോചിച്ച പെണ്ണിനെ അനിയൻ ഇഷ്ടമാണെന്ന് പറയുമ്പോൾ ശരിക്കും ഞെട്ടേണ്ടതെല്ലേ? ഇനി ഞാൻ പറഞ്ഞത് ഇവർ മൂന്നാളും ശരിക്കും കേട്ടു കാണില്ലേ? ഞാൻ കാർത്തിയുടെ മുഖത്തേക്ക് നോക്കി.
അവനും എന്നെ പോലെ തന്നെ കിളി പോയ അവസ്ഥയിൽ അവരെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
അടുത്ത ചാപ്റ്റർ കഴിവതും പെട്ടന്ന് തന്നെ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം... വോട്ടും കമന്റും മറക്കല്ലേ...☺️
Bạn đang đọc truyện trên: Truyen247.Pro