chapter 37
Hayathi 's pov:-
" ഓക്കെ താൻ പൊയ്ക്കോ,ഇനി ഇത് പോലെ പോലെ ആവർത്തിക്കരുത്..." അയാൾ അവസാനം പറഞ്ഞു.
ഞാൻ തിരിച്ചൊന്നും പറയാൻ നിൽക്കാതെ തലയും താഴ്ത്തി കൊണ്ടു പുറത്തേക്ക് നടന്നു. കുറച്ചു നേരവും കൂടി അവിടെ നിന്നിരുന്നെങ്കിൽ ഉറപ്പായും ഞാൻ ദേഷ്യം കൊണ്ടു കരഞ്ഞു പോയേനെ... ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി തലയുയർത്തിയതും കാണുന്നത് സഹതാപത്തോടെ എന്നെ നോക്കുന്ന കുറേ മുഖങ്ങളാണ്.
അടിപൊളി... ഹിറ്റ്ലർ എന്നെ വഴക്ക് പറഞ്ഞത് എല്ലാവരും കേട്ടിരിക്കുന്നു എന്ന് സാരം... എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ചു വന്നു, ഞാൻ ആരുടെയും മുഖത്തേക്ക് നോക്കാതെ നേരെ എന്റെ സീറ്റിൽ പോയിരുന്നു തലയും താഴ്ത്തി കിടന്നു.
ഹിറ്റ്ലർ എന്തിനാണ് എന്നോട് ഇങ്ങനെ ചൂടായി സംസാരിച്ചത്! ഒരു ചെറിയ ശ്രദ്ധക്കുറവ് വന്നു പോയി, അതിന് ഇങ്ങനെയൊക്കെ പറയേണ്ട ആവശ്യമുണ്ടോ? ഇയാൾ ആവിശ്യപ്പെടുന്നതിന് മുൻപ് തന്നെ ആ ഇമെയിൽ റെഡിയാക്കിയ എന്നെ പറഞ്ഞാൽ മതിയല്ലോ... മീറ്റിംഗ് തന്നെ ക്യാൻസൽ ആകാൻ ചാൻസ് ഉണ്ടായേനെ പോലും, പിന്നേയ്... എനിക്ക് ഹിറ്റ്‌ലറോടുള്ള ദേഷ്യം പതഞ്ഞു പൊങ്ങി...
മാസം കുറേ ആയില്ലേ ഇയാളുടെ ഈ വഴക്കും കേട്ട് പേടിച്ചു ഇവിടെ നിൽക്കാൻ... ശരിക്കും എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? ഞാൻ എത്ര നന്നായി ഇവിടെ വർക്ക് ചെയ്താലും അയാൾ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു കൊണ്ടേ ഇരിക്കും, എത്ര കഷ്ടപ്പെട്ടാലും അയാൾക്ക് എന്നോടുള്ള ദേഷ്യം ഒരിക്കലും മാറാൻ പോവുന്നില്ല, പിന്നെയെന്തിന് ഞാൻ ഇവിടെ നിന്ന് ഇങ്ങനെ കഷ്ടപ്പെടണം! മതിയായി, മടുത്തുപ്പോയി എന്ന് തന്നെ തന്നെ പറയണം! ഇന്നത്തോടെ ഇതിന് ഒരവസാനം കണ്ടത്തണം...
ഞാൻ തലയുയർത്തി സിസ്റ്റം ഓൺ ചെയ്തു ടൈപ്പ് ചെയ്യാൻ തുടങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ടൈപ്പ് ചെയ്തത് പ്രിന്റ് എടുത്തു കവറിലേക്കാക്കി തിരിഞ്ഞപ്പോഴാണ് ആവി പറക്കുന്ന ഒരു കപ്പുമായി ആഷി എന്റയടുത്തേക്ക് വന്നത്.
" ഹിറ്റ്ലറോടുള്ള ദേഷ്യം കുറഞ്ഞില്ലെങ്കിൽ ഈ ടീ കുടിക്ക്, ഡബിൾ സ്ട്രോങ്ങാണ് ആ ദേഷ്യമൊക്കെ ഈ സ്ട്രോങ്കിൽ അങ്ങലിഞ്ഞു പോകും..." അവൾ കയ്യിലുണ്ടായിരുന്ന കപ്പ് എന്റടുത്തായി വെച്ചു.
ഞാൻ അവളെ ഒന്ന് പുഞ്ചിരിച്ചു.
" അയാളോടുള്ള ദേഷ്യം ഒക്കെ കുറഞ്ഞു, ഇനിയങ്ങോട്ട് ഒരിക്കലും അയാൾക്ക് എന്നോടോ എനിക്ക് അയാളോടോ ദേഷ്യപ്പെടാൻ പറ്റില്ല.."
"Huh!!" അവൾ കാര്യം മനസ്സിലാവാതെ എന്നെ നോക്കി.
ഞാൻ കയ്യിലുണ്ടായിരുന്ന കവർ ഉയർത്തി അവളെ നോക്കി പുഞ്ചിരിച്ചു.
" ഇതെന്താ?" അവൾ ആ കവറിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
" എന്റെ റെസിഗ്നേഷൻ ലെറ്റർ..." ഞാൻ ഇതും പറഞ്ഞു ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു.
"വാട്ട്!!" അവൾ വിശ്വാസം വരാതെ എന്നെ നോക്കി.
ഞാൻ അവളെ നോക്കി വെറുതെ ചിരിച്ചതെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല.
" ഹയാ... നീ ശരിക്കും റിസൈൻ ചെയ്യാൻ ചെയ്യാൻ പോകുകയാണോ?"
ഞാൻ അതെ എന്നർത്ഥത്തിൽ തലകുലുക്കി.
" എന്തിന്! ഹിറ്റ്ലർ വഴക്ക് പറഞ്ഞതിനോ? അത് ഇടയ്ക്കിടെ കിട്ടാറുള്ളതല്ലേ? ഇതിനൊക്കെ പോയി ആരെങ്കിലും റിസൈൻ ചെയ്യുമോ?"
" ഇല്ല ആഷി, ജോബ് കിട്ടിയപ്പോൾ എനിക്കും ഉണ്ടായിരുന്നു സ്വപ്നങ്ങൾ, ഡെയിലി ജോബിന് വരണം എന്നും സൺഡേയിൽ മൂടി പുതച്ചു ഉറങ്ങണം എന്നൊക്കെ പക്ഷേ ആറ് മാസം മാത്രമേ എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുള്ളൂ, ഇയാൾ എന്ന് ഈ കമ്പനിയിൽ തിരിച്ചു വന്നോ അന്ന് തൊട്ട് എന്റെ അവസ്‌ഥ പ്രൈമറി ക്ലാസ്സിലേക്ക് വരുന്ന കുട്ടികളെ പോലെയാണ്, ഇന്ന് എന്താണ് സംഭവിക്കുന്നത് എന്നോർത്തുള്ള പേടി, ഫാമിലി ഫ്രണ്ട് ആണെന്നറിഞ്ഞപ്പോൾ പെരുമാറ്റത്തിൽ കുറച്ചൊരു മാറ്റമൊക്കെ വന്നിരുന്നു, പക്ഷേ അതൊക്കെ എന്റെ വെറും തോന്നൽ മാത്രമാണ്, കുറുക്കൻ കോഴിക്കൂട്ടിലേക്ക് നോക്കുന്നത് പോലെ എപ്പോൾ നോക്കിയാലും കണ്ണ് എന്റെ പിറകിൽ തന്നെ,എന്നെ വഴക്ക് പറയാൻ കൂട്ടുന്ന ഒരവസരവും പാഴാക്കരുതല്ലോ...ഡെയിലി അയാളുടെ വായിലിരിക്കുന്നത് കേൾക്കേണ്ട വല്ല കാര്യവും എനിക്കുണ്ടോ? " ഞാൻ അവളെ നോക്കി ചോദിച്ചു.
" പക്ഷേ ഹയാ, ജെസിയാന്റി ഈ ജോബ് നീ റിസൈൻ ചെയ്താൽ മറ്റൊരു ജോബ് നോക്കാൻ സമ്മതിക്കും എന്ന് നീ വിചാരിക്കുന്നുണ്ടോ"
" അതിനെ കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല, ഞാൻ ഇവിടെ ഉള്ള കാലത്തോളം അയാൾക്ക് എന്നോടുള്ള ദേഷ്യം കൂടി വരുകയെ ഉള്ളു അയാൾ ഇവിടെ ഉള്ളപ്പോൾ എനിക്കും മനസ്സമാധാനത്തോടെ ഒന്ന് ശ്വാസം പോലും വിടാൻ പറ്റുകയില്ല, അപ്പോൾ പിന്നെ ഞാൻ ഇവിടം വിട്ട് പോകുന്നതല്ലേ നല്ലത്..." ഞാൻ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
" ഹയാ, പക്ഷേ എന്നാലും..." അവൾ വീണ്ടും എന്തോ പറയാൻ തുനിഞ്ഞതും ഞാൻ അവളെ തടഞ്ഞു.
" വേണ്ട ആഷി, ഇവിടം വിട്ട് പോകുന്നതാണ് നല്ലത് എന്ന് തന്നെ ബിഎനിക്ക് തോന്നുന്നു..." ഞാൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു കൊണ്ടു തിരിഞ്ഞു ഹിറ്റ്ലറുടെ ക്യാബിനിലേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഈ എടുക്കുന്ന തീരുമാനം ശരിയാണോ അതോ തെറ്റാണോ? ഡോറിന്റെ ഹാന്റിലിൽ പിടിച്ചു ഞാൻ ഒരു നിമിഷം നിന്നു.
വേണ്ട ഹയാത്തി, ഇതിനെ കുറിച്ചു കൂടുതൽ ചിന്തിക്കേണ്ട... ഞാൻ ശക്തിയോടെ ഡോർ തുറന്നു. എന്തായാലും റിസൈൻ പോകുകയാണെല്ലോ അപ്പോൾ പിന്നെ അനുവാദം ഒന്നും ചോദിക്കേണ്ട...
ഞാൻ അകത്തേക്ക് കയറി, അയാൾ പ്രതീക്ഷിക്കാതെ പെട്ടന്ന് ഡോർ തുറന്നതിനാൽ ഒരു ചെറിയ ഞെട്ടൽ അയാളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഞാൻ അയാളുടെ ടേബിളിനടുത്തായി വന്നു നിന്നു.
അയാൾ എന്തോ പറയാനായി തുനിഞ്ഞതും ഞാൻ എന്റെ കയ്യിലുള്ള റെസിഗ്നേഷ്യൻ ലെറ്റർ എടുത്ത് അയാൾക്ക് നേർക്ക് നീട്ടി. പക്ഷേ അയാൾ അത് വാങ്ങിക്കാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
" എന്റെ റെസിഗ്നേഷൻ ലെറ്റർ സർ..." മുഖത്ത് പരമാവധി ദേഷ്യവും ഗൗരവവും വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു.
എന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഇങ്ങനെ ഒരു കാര്യം അയാൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയാളുടെ അപ്പോഴുള്ള നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി.
അയാൾ കൈനീട്ടി വാങ്ങുന്നില്ല എന്ന് കണ്ടതും ഞാൻ ലെറ്റർ അയാളുടെ മുന്നിലായി വെച്ചു.
" ഇവിടെ ഒരു എംബ്ലോയിയായിട്ടാണ് ഞാൻ ജോയിൻ ചെയ്തത്, അന്നും പിന്നീട് സാറിന്റെ സെക്രട്ടറിയായി മാറ്റിയപ്പോഴും ഒരു contract ലും സൈൻ ചെയ്തതായി ഞാൻ ഓർക്കുന്നില്ല...അത് കൊണ്ട് എപ്പോൾ വേണമെങ്കിലും എനിക്ക് റിസൈൻ ചെയ്യുകയും ചെയ്യാം..." ഞാൻ പുച്ഛത്തോടെ പറഞ്ഞു.
അയാൾ ഒന്നും മിണ്ടാതെ എന്നെ തന്നെ തുറിച്ചുനോക്കിയിരിക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്നു ഡോറിനടുത്തേക്ക് നടക്കാൻ തുനിഞ്ഞു.
" ഡോ," പെട്ടന്ന് ഹിറ്റ്ലർ വിളിച്ചു.
ഞാൻ തിരിഞ്ഞു നിന്ന് അയാളെ നോക്കി.
" പപ്പയുടെ ഫ്രണ്ടിന്റെ മകൾ എന്ന പരിഗണനയിൽ തനിക്ക് ഒരു ലാസ്റ്റ് ചാൻസ് തരാം, ഇങ്ങനെ ഒരു എടുത്തുചാട്ടം എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു നോക്ക്, പിന്നീട് ഇതോർത്തു സങ്കടപെടാൻ ഇടയുണ്ടാക്കരുത്..." അയാൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
ഞാൻ അയാളെ നോക്കി പതുക്കെ ഒന്ന് പുഞ്ചിരിച്ചു.
" ജീവിതത്തിൽ ഇതിന് മുൻപ് പല തവണയും എടുത്തുചാടി എടുത്ത തീരുമാനങ്ങൾ പലതും തെറ്റായിട്ടുണ്ട്, പക്ഷേ ഇത്, ഞാൻ ഒരിക്കലും ഓർത്ത് സങ്കടപെടില്ല എന്നെനിക്കുറപ്പുള്ള ഒരു തീരുമാനമാണ് ഇത്..."
" എന്നാൽ ഓക്കെ... തന്റെ റെസിഗ്നേഷ്യൻ ലെറ്റർ സ്വീകരിച്ചിരിക്കുന്നു..." ഇതും പറഞ്ഞു അയാൾ ടേബിളിൽ കിടന്ന ലെറ്റർ എടുത്ത് ഉയർത്തി പിടിച്ചു എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
ഞാൻ അയാളെ ദേഷ്യത്തോടെ തറപ്പിച്ചൊരു നോട്ടം നോക്കിയ ശേഷം ഡോറിനടുത്തേക്ക് നടന്നു. പുറത്തിറങ്ങാനായി ഡോർ തുറന്നപ്പോൾ ഞാൻ ഒരു നിമിഷം നിന്നു.
റെസിഗ്നേഷ്യൻ ലെറ്ററും കൊടുത്തു അയാൾ അത് സ്വീകരിക്കുകയും ചെയ്തു, ഇയാളുടെ മുന്നിൽ ഞാൻ എന്തായാലും ഒരു തലതിരിഞ്ഞ പെണ്ണാണ് അപ്പോൾ പിന്നെ അങ്ങനെ വെറും കയ്യോടെ പോകണ്ട ഒരു കാര്യവും ഇല്ല.
" ഡോ!..." ഞാൻ തിരിഞ്ഞു നിന്നു കുറച്ചുറക്കെ ഹിറ്റ്‌ലറെ വിളിച്ചു.
അയാൾ ചെറിയൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി.
" താൻ ആരെന്നാടോ തന്റെ വിചാരം!? നാണമില്ലാലോ സ്‌കൂൾ കുട്ടികളെ പോലെ പണ്ടെങ്ങോ സംഭവിച്ച ഒരു തെറ്റിന്റെ പേരിൽ എന്നോട് ഇങ്ങനെ പ്രതികാരം ചെയ്യാൻ!, " ഞാൻ അയാളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
അയാൾ ചെയറിൽ നിന്നും എഴുന്നേറ്റു ദേഷ്യത്തോടെ എന്നെ നോക്കി.
" ഇന്നലെ വരെ ഞാൻ അന്ന് ചെയ്തതോർത്ത് എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇന്ന് തൊട്ട് സന്തോഷം മാത്രമേ ഉള്ളൂ, ഞാൻ അന്ന് ഇടപെട്ടത് കൊണ്ട് ആ പെണ്ണ് രക്ഷപെട്ടല്ലോ എന്നോർത്തു... തനിക്ക് അങ്ങനെ തന്നെ വേണം, ഈ ഒരു കാര്യവും മനസ്സിൽ വെച്ചു താൻ ഇത്ര നാളും എന്നെ ഉപദ്രവിച്ചില്ലേ? വെറുതെ അല്ലാടോ തന്നെ ഇവിടെ എല്ലാവരും ഹിറ്റ്ലർ എന്ന് വിളിക്കുന്നത്, ആ പേര് തന്റെ സ്വഭാവത്തിന് നല്ല ചേർച്ചയാണ്..."
" ടീ,..." അയാൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ മുന്നോട്ട് വരാനായി നോക്കി.
" താൻ പോടോ ഹിറ്റ്ലറെ..." അത് കണ്ടതും ഞാൻ വേഗം പുറത്തേക്കിറങ്ങി.
പുറത്തേക്കിറങ്ങി ശ്വാസം നേരെ വിട്ടപ്പോഴാണ് കുറേ മുഖങ്ങൾ എനിക്ക് നേരെ നോക്കുന്നത് ഞാൻ കണ്ടത്, ഞാൻ കാര്യം മനസ്സിലാവാതെ അവരെ നോക്കി. ഇനി ഞാൻ ഹിറ്റ്ലറോട് പറഞ്ഞതൊക്കെ ഇവർ കേട്ടു കാണുമോ? പെട്ടന്നാണ് കത്തിയത് ഞാൻ ഡോർ ഹാന്റിലിൽ പിടിച്ചിട്ടാണെല്ലോ ഇത്രയും നേരം ഹിറ്റ്‌ലറോട് ഈ ഡയലോഗ് ഒക്കെ അടിച്ചതെന്ന്, അടിപൊളി! അപ്പോൾ എല്ലാവരും എല്ലാം കേട്ടു എന്ന് തന്നെ പറയാം...
ഞാൻ ആ കൂട്ടത്തിൽ ആഷിയെ നോക്കി. വായും പൊത്തിപ്പിടിച്ചു കണ്ണും മിഴിച്ചു എന്നെ തന്നെ നോക്കുണ്ടായിരുന്നു അവൾ, ഞാൻ അവളെ നോക്കി ഒന്നിളിച്ചുക്കൊണ്ട് എന്റെ സീറ്റിനടുത്തേക്ക് നടന്നു ബാഗും എടുത്തു ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ ലിഫ്റ്റിനടുത്തേക്ക് നടന്നു.
ലിഫ്റ്റിൽ വെച്ചു ആഷിക്ക് അവളെ രാത്രി വിളിക്കാം എന്നും പറഞ്ഞു മെസ്സേജ് അയച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സ്കൂട്ടി പാർക്ക് ചെയ്യുമ്പോൾ തന്നെ കണ്ടു പപ്പയും മമ്മിയും വിക്കിയും സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത്. എന്നെ കണ്ടതും പപ്പ വാച്ചിലേക്ക് നോക്കുന്നത് കണ്ടു. ഞാൻ സ്കൂട്ടിയിൽ നിന്നുമിറങ്ങി വീടിനകത്തേക്ക് കയറി.
" ഇന്നെന്താ മോളെ നീ നേരത്തെ?" പപ്പ ചോദ്യഭാവത്തിൽ എന്നെ നോക്കി.
" ശരിയാണെല്ലോ ദീദി വരേണ്ട ടൈം ആയില്ലാലോ..." വിക്കിയും പറഞ്ഞു.
ഇവരോട് ഇപ്പോൾ എന്ത് പറയും! ജോബ് റിസൈൻ ചെയ്തു എന്ന് പറയണോ? അപ്പോൾ കാരണം ചോദിച്ചാലോ? ആ എന്തെങ്കിലും ആവട്ടെ ജോബ് റിസൈൻ ചെയ്തു എന്ന് തന്നെ പറയാം...
" ഈ നില്പ്പിൽ എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ? Dude ദീദിയെ കമ്പിനിയിൽ നിന്നും പറഞ്ഞു വിട്ടോ?" വിക്കി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.
" പോടാ, എന്നെ പറഞ്ഞു വിടാൻ അയാളാരാ? ഞാൻ തന്നെ ആ ജോബ് റിസൈൻ ചെയ്തു.." ഞാൻ അവനെ നോക്കി ദേഷ്യപ്പെട്ടു.
മൂന്നാൾക്കാരും വിശ്വാസം വരാതെ എന്നെ നോക്കി.
" നീയെന്തിനാ ജോബ് റിസൈൻ ചെയ്തത്?" മമ്മി എന്നെ നോക്കി.
"മമ്മിക്കല്ലേ എന്നെ കെട്ടിച്ചു വിടാൻ നല്ല താല്പര്യം, ഇനി ഇപ്പോൾ ജോബ് ഇല്ലാലോ അപ്പോൾ പിന്നെ കാര്യങ്ങൾ ഒക്കെ എളുപ്പമായില്ലേ? ഞാൻ ജോബിന് പോകുന്നത് കാരണം മമ്മിക്ക് എന്റെ കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ കഴിയലില്ലാലോ, ഇനി ആ പേടി വേണ്ട ഞാൻ ഇവിടെ തന്നെ കാണും, ആരെ കൊണ്ട് എന്നെ കെട്ടിക്കണം എന്ന് മമ്മിക്ക് തന്നെ തീരുമാനിക്കാം.." ഞാൻ മമ്മിയെ നോക്കി പറഞ്ഞു.
"മോളെ, നീ..." പപ്പ എന്നെ നോക്കി എന്തോ പറയാൻ തുനിഞ്ഞതും.
" പപ്പ ഞങ്ങൾക്ക് പിന്നെ സംസാരിക്കാം..." എന്നും പറഞ്ഞു ഞാൻ അകത്തേക്ക് നടന്നു.
അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ വിക്കി വന്ന് ഡോറിൽ തട്ടിയെങ്കിലും ഞാൻ തുറന്നില്ല, ജോബ് വിട്ട സങ്കടവും ഹിറ്റ്ലറോടുള്ള ദേഷ്യവും ഒക്കെ ചിന്തിച്ചു ബെഡിൽ തന്നെ ഇരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രണ്ടാഴ്ചയ്ക്ക് ശേഷം :-
' നീ ഓഫീസിലേക്ക് വരുന്നില്ലേ? പ്രതാപ് സർ നിന്നെ കാണണം എന്ന് പറഞ്ഞിട്ടില്ലേ?' ആഷിയുടെ മെസ്സേജും വായിച്ചുകൊണ്ടു ഞാൻ കോഫികപ്പും എടുത്തു സിറ്റൗട്ടിൽ വന്നിരുന്നു.
റീസൈൻ ചെയ്തിട്ട് ഇന്നത്തേക്ക് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു, വിക്കിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞെങ്കിലും പപ്പയും മമ്മിയും ഇതേവരെ എന്നോട് അതിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല, ചിലപ്പോൾ വിക്കി എന്തെങ്കിലും നുണ പറഞ്ഞു കാണും, ഈ രണ്ടാഴ്ചച്ചയായി മമ്മി എന്നോട് സാധാരണ മട്ടിൽ തന്നെയാണ് പെരുമാറുന്നെങ്കിലും ഒരിക്കൽ പോലും പിന്നീട് എന്നോട് കല്യാണം എന്നതിനെ കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല, എന്ത് പറ്റിയാവോ?
വിക്കിക്ക് സ്കൂൾ വെക്കേഷൻ ആയത് കൊണ്ട് ഇതുവരെ ബോറടിച്ചിട്ടില്ല, ഒരു പുതിയ ജോബ് നോക്കണോ വേണ്ടയോ എന്ന് ഒരു തീരുമാനം എടുക്കാനും പറ്റിയിട്ടില്ല, അതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല എന്ന് പറയുന്നതാവും ശരി, വിക്കി ഇന്നലെ അവന്റെ ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയതാണ് വൈകുന്നേരമേ വരൂ, അവൻ വന്നിട്ട് അവനുമായി ഇന്ന് ആ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം! ഞാൻ കോഫിയും കുടിച്ചുകൊണ്ടു പുറത്തേക്ക് നോക്കി ഇരുന്നു.
" ഗുഡ് മോർണിംഗ് മോളെ..." അപ്പോഴാണ് പപ്പ ന്യൂസ്‌പേപ്പറും പിടിച്ചുകൊണ്ടു എന്റയടുത്തേക്ക് വന്നത്.
" മോർണിംഗ് പപ്പാ..." ഞാനും പപ്പയെ നോക്കി പുഞ്ചിരിച്ചു.
പപ്പ എന്റടുത്തായി വന്നിരുന്നു പത്രം വായിക്കാൻ തുടങ്ങി. ഞാൻ കപ്പ് സൈഡിൽ വെച്ചുകൊണ്ട് മൊബൈൽ കയ്യിലെടുത്തു ആഷിക്കുള്ള മറുപടി ടൈപ്പ് ചെയ്തു. " ഞാൻ നാളെ വരാം..." മെസ്സേജ് അയച്ചു കഴിഞ്ഞു മൊബൈലിൽ നിന്നും കണ്ണെടുത്തപ്പോഴാണ് പപ്പ ഇടംകണ്ണിട്ട് എന്നെ നോക്കുന്നത് കണ്ടത്.
ആഹാ... ആശാൻ എന്തോ ഉദ്ദേശത്തോട് കൂടിയാണ് ഇവിടെ വന്നിരിക്കുന്നത്, ജോബിനെ കുറിച്ചായിരിക്കുമോ? ആ വിക്കി എന്ത് നുണയാകും ഇവരോട് പറഞ്ഞിട്ടുണ്ടാവുക! പപ്പ ഇപ്പോൾ അതിനെ കുറിച്ചു വല്ലതും ചോദിച്ചാൽ ഞാൻ കുടുങ്ങുമല്ലോ!...
" വിക്കി ഇന്ന് വരില്ലേ മോളെ?" പപ്പ എന്നെ നോക്കി ചോദിച്ചു.
" മമ്..." ഞാൻ ഫോണിൽ ശ്രദ്ധിക്കുന്ന മട്ടിൽ ഇരുന്നുകൊണ്ട് പതുക്കെ ഒന്ന് മൂളി.
" ആഷിയെ ഇപ്പോൾ ഇങ്ങോട്ടൊന്നും കാണാനേ ഇല്ലാലോ? നിങ്ങൾ തമ്മിൽ കാണാറൊന്നും ഇല്ലേ?" പപ്പ വീണ്ടും ചോദിച്ചു.
ആഹാ...കാര്യം എന്തോ സീരിയസ് മാറ്ററാണ് അതാണ് പപ്പ ഇങ്ങനെ വളഞ്ഞ വഴിയിൽ കൂടി മൂക്ക് പിടിക്കാൻ നോക്കുന്നത്. ഞാൻ മൊബൈൽ സൈഡിൽ വെച്ച് കൈ രണ്ടും നെഞ്ചിന് മീതെ കെട്ടിവെച്ച് പപ്പയെ നോക്കി.
" പപ്പ വലിച്ചു നീട്ടി കൊണ്ടുപോകാതെ ചോദിക്കാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ പറയ്!" ഞാൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു.
പപ്പ എന്നെ നോക്കി പതുക്കെ ഒന്ന് പുഞ്ചിരിച്ചു.
" അത് മോളെ, മോളോട് ഈ കാര്യം എങ്ങനെ പറയണം എന്ന് എനിക്കോ നിന്റെ മമ്മിക്കോ അറിയില്ല, മോൾ അന്ന് മമ്മിയോട് ദേഷ്യപ്പെട്ടു കൊണ്ട് കല്യാണത്തെ കുറിച്ചു പറഞ്ഞപ്പോൾ അവൾക്ക് നല്ല സങ്കടമായിരുന്നു, അതാണ് അതിന് ശേഷം അവൾ നിന്നോട് കല്യാണത്തെ കുറിച്ചു ഒന്നും പറയാതിരുന്നത്,"
" പക്ഷേ പപ്പാ ഞാനത്, അന്നത്തെ ദേഷ്യത്തിൽ..."
" മോൾ അന്ന് ജോബ് റിസൈൻ ചെയ്ത ദേഷ്യത്തിൽ പറഞ്ഞതാണ് എന്ന് ഞങ്ങൾക്കറിയാം, മോൾ അങ്ങനെ പറഞ്ഞത് കൊണ്ടല്ല പപ്പ ഈ കാര്യം മോളോട് പറയുന്നത്..." എന്നെ തടഞ്ഞുകൊണ്ടു പപ്പ പറഞ്ഞു.
ഞാൻ തലതാഴ്ത്തി ഇരുന്നു.
" ഇനി പപ്പ പറയാൻ പോകുന്ന കാര്യം മോൾ മുഴുവൻ കേൾക്കണം,..."
ഞാൻ പതുക്കെ തലകുലുക്കി.
" മോൾക്ക് ഇപ്പോൾ ഒരു കല്യാണലോചന വന്നിട്ടുണ്ട്..."
പപ്പ അത് പറഞ്ഞതും ഞാൻ തലയുയർത്തി പപ്പയെ നോക്കി. കല്യാണലോചനയോ! അയ്യോ...
" ഒരു ആലോചന വന്നു എന്നേ ഉള്ളൂ, പപ്പ അവർക്ക് സമ്മതം ഒന്നും കൊടുത്തിട്ടില്ല, കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ പപ്പയ്ക്കും മമ്മിക്കും ഈ ആലോചന ഇഷ്ട്ടപ്പെട്ടു, ഞങ്ങളുടെ മനസ്സിലും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം... ആളെ മോൾക്കും നന്നായി അറിയാം..." എന്റെ മുഖത്തെ പേടി കണ്ടപ്പോൾ പപ്പ ഒരു പുഞ്ചിരിയോടെ എന്നെ സമാധാനപ്പെടുത്തി.
എനിക്കറിയാവുന്ന ആളോ? അതാരാണ്!..
" മോളോട് ചോദിച്ചിട്ട് പറയാം എന്നാണ് ഞങ്ങൾ പറഞ്ഞത്, മോൾക്കിഷ്ടപെട്ടില്ലെങ്കിൽ പപ്പയോട് പറഞ്ഞോളൂ, അതോ മോളുടെ മനസ്സിൽ വേറെ ആരെങ്കിലും കണ്ടുവെച്ചിട്ടുണ്ടെങ്കിലും പപ്പയോട് ധൈര്യമായി പറയാം..."
എനിക്ക് പപ്പയോട് തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. എന്നെങ്കിലും ഒരിക്കൽ എന്റെ കല്യാണം നടക്കും എന്നറിയാം... പക്ഷെ ഇതിപ്പോൾ എന്തോ പെട്ടന്ന് കേട്ടപ്പോൾ ഉൾക്കൊള്ളാൻ പറ്റാത്ത പോലെ...
" മോൾ ഒന്നും പറഞ്ഞില്ല..." എന്റെ മറുപടിയൊന്നും കാണാതായപ്പോൾ പപ്പ ചോദിച്ചു.
" അത്, പപ്പാ... എനിക്ക്....ഞാൻ..." വാക്കുകൾ ഒന്നും കിട്ടാതെ ഞാൻ തപ്പി കളിച്ചു.
" മോൾക്ക് ആരെയെങ്കിലും ഇഷ്ടമാണോ?" പപ്പ ടെൻഷനോടെ എന്നെ നോക്കി.
" അയ്യോ അങ്ങനെയൊന്നും ഇല്ല, ആൾ ആരാണെന്ന് പറഞ്ഞില്ലാലോ പപ്പ അതാണ്..." ഞാൻ പപ്പയുടെ ആ നോട്ടം കണ്ടപ്പോൾ പപ്പയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
" ഓഹ്, അതാണോ? പപ്പ അത് പറയാൻ വിട്ടു, വർമ്മാങ്കിളാണ് ചോദിച്ചത് മോളെ അവരുടെ മോളായി അവർക്ക് തരുമോ എന്ന്..." പപ്പ സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
" ങേ!!" പപ്പ പറഞ്ഞത് എനിക്ക് മുഴുവനായിട്ട് അങ്ങ് കത്തിയില്ല.
" എടി, പൊട്ടീ... അവരുടെ മോൻ ഹർഷക്ക് നിന്നെ കെട്ടിച്ചു കൊടുക്കുമോ എന്ന്..." പെട്ടന്ന് അകത്തു നിന്നും പുറത്തേക്ക് വന്ന് മമ്മി എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ പകച്ചു നിന്നു...ഹിറ്റ്ലറിന് എന്നെ കെട്ടിച്ചു കൊടുക്കാനോ!!!
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
അങ്ങനെ ആ ദൗത്യം കഴിഞ്ഞു, ഇനി എന്ത്?.... ഇനിയങ്ങോട്ട് കുറച്ചു ബിസിയാണ്, അത് കൊണ്ട് നെക്സ്റ്റ് അപ്ഡേറ്റ് എന്നാണെന്ന് പറയാൻ പറ്റില്ല, കഴിവതും നേരത്തെ ചെയ്യാൻ നോക്കാം...
കരുതിക്കൂട്ടി ലേറ്റ് ആകിയതല്ല, ഒരു പ്രശ്നം വന്നത് കൊണ്ടാണ് ലേറ്റ് ആയത്, sharechat എന്ന് പറഞ്ഞ ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിൽ aami222 എന്ന ഒരു പ്രൊഫൈലിൽ ഞാൻ എഴുതിയ 'എന്റെ സ്കൂൾ ഡയറി' ' എന്റെ ഹിറ്റ്ലർ ബോസ്സ്' എന്നീ സ്റ്റോറികളും Freya_Wren ന്റെ 'എന്റെ ആദ്യ പ്രണയം' എന്ന സ്റ്റോറിയും theoptimisticsoul ന്റെ 'ഫോറെവർ ലവ്' എന്ന സ്റ്റോറിയും ഞങ്ങളുടെ അനുവാദം കൂടാതെ മോഷ്ടിച്ചു സ്വയം എഴുതിയത് പോലെ പോസ്റ്റ് ചെയ്തിട്ട് കണ്ടു. അത് ചോദിക്കാൻ ചെന്ന ഞങ്ങളെ അവൾ കമന്റിൽ നിന്നും സ്പാം ചെയ്തു. നിങ്ങളിൽ ആരെങ്കിലും sharechat ഉപയോഗിക്കുന്നിണ്ടെങ്കിൽ ആ പ്രൊഫൈൽ റിപ്പോർട്ട് ചെയ്ത് ഞങ്ങളെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... ഈ aami222 എന്ന മോഷ്ടാവ് ഈ വാട്ട്പാഡിൽ ഒഴുകിനടക്കുന്ന ഒരാളാണ്, നമുക്കിടയിൽ മറ്റൊരു പേരിൽ മുഖംമൂടി അണിഞ്ഞു നടക്കുന്ന ഒരാൾ, കുറ്റബോധവും ഉളുപ്പും ഒന്നും അടുത്തു കൂടി പോലും പോവാത്ത ഒരാൾ, വാട്ട്പാഡിൽ ഇവരുടെ username എന്താണെന്ന് അറിയില്ല, അങ്ങനെ ഒരാളെ കുറിച്ചു ആർക്കെങ്കിലും അറിയുമെങ്കിൽ ഞങ്ങൾക്ക് കൂടി പറഞ്ഞു തരണമേ ഒരു സല്യൂട്ട് കൊടുക്കാനാണ്...
Bạn đang đọc truyện trên: Truyen247.Pro