Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 35

" ദീദി..." വിക്കി എന്റെ അടുത്തു വന്നു എന്റെ കയ്യിൽ തട്ടി വിളിച്ചു. ഞാൻ ഞെട്ടലോടെ അവനെ നോക്കി.

അവൻ കണ്ണ് കൊണ്ട് ചുറ്റോടും നോക്കുന്നത് കണ്ട് ഞാനും അങ്ങോട്ടേക്ക് നോക്കി. പുറത്തേക്കിറങ്ങാൻ പോയ ആൾക്കാരെല്ലാം എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടു. ഞാൻ നിലവിളിച്ച ശബ്ദം ഇത്തിരി ഉറക്കെയായി പോയെന്ന് തോന്നുന്നു, ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി സൈക്കളിൽ നിന്ന് വീണ ചിരി ചിരിച്ചു. എനിക്ക് വട്ടാണെന്ന മട്ടിൽ ഒരു നോട്ടം കൂടി നോക്കിയിട്ട് അവരൊക്കെ അവരവരുടെ കാര്യങ്ങളിൽ തിരിഞ്ഞു.

ഞാൻ വീണ്ടും ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി,എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

"ഇയാൾ എന്താ ഇവിടെ?" ഹിറ്റ്ലർ പോയതും ഞാൻ വിക്കിയുടെ മുഖത്തേക്ക് നോക്കി.

"ഏഹ്! അത് പിന്നെ dude എന്താ ഇവിടെ എന്ന് എന്നോടാണോ ചോദിക്കുന്നത്! മൂവി കാണാൻ വന്നതായിരിക്കണം..." അവൻ കൈ അവന്റെ തലയുടെ പിറകിൽ വെച്ചു പരുങ്ങി കളിച്ചു.

" സത്യം പറയടാ നിനക്ക് അറിയാമായിരുന്നില്ലേ അയാൾ ഇന്ന് ഇവിടെ വരുമെന്ന്?" ഞാൻ സംശയത്തോടെ അവനെ നോക്കി.

" ങേ! അതെങ്ങനെ എനിക്ക് അറിയും?" അവൻ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

ഇവന്റെ ഈ പരുങ്ങിക്കളി കാണുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ ഇപ്പോൾ ചീഞ്ഞു നാറുന്നു. ഒരു ഹൊറർ മൂവിക്ക് പോലും ഞാൻ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എന്നെ കൊണ്ട്  സമ്മതിപ്പിക്കുന്നു, വെറുതെ ഒരു ലോലിപോപ്പ് പോലും കൊടുക്കാത്ത അവന്റെ ഏതോ ഒരു ഫ്രണ്ട് അവന് ഫ്രീയായിട്ട് ടിക്കറ്റ് കൊടുക്കുന്നു, ഇതൊന്നും കൂടാതെ ഇവിടെ വന്നത് തൊട്ട് മഫ്ടിയിൽ വന്ന പോലീസുകാരനെ പോലെ ചുറ്റോടും നിരീക്ഷിക്കുന്നു, തല നിറയെ സിനിമയെ കുറിച്ചുള്ള ചിന്തയിലായതിനാൽ അന്നേരം ഇതിനെ കുറിച്ചു വലുതായി ചിന്തിച്ചില്ല. ഇപ്പോൾ ഒരൊന്നായി തെളിഞ്ഞു വരുന്നു...

" ദീദി ഇതെന്ത് ചിന്തിച്ചു നിൽക്കുകയാണ്! വാ നമുക്ക് പുറത്തേക്കിറങ്ങാം..." പെട്ടന്ന് വിക്കി എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.

" നിന്റെ ഏത് ഫ്രണ്ടാണ് നിനക്ക് ടിക്കറ്റ് തന്നത്?"ഞാൻ അവന്റെ കൈ വിടുവിച്ചു കൊണ്ടു അവനെ ചോദ്യരൂപത്തിൽ നോക്കി.

" ഏഹ്! അത്...അത് പിന്നെ...ജീവൻ, അല്ല രോഹിത്..." അവൻ ഒന്ന് പരുങ്ങി.

" സത്യം പറയുന്നതാണ് നിനക്ക് നല്ലത്, ഇത് ആരുടെ പ്ലാനാണ്!!" ഞാൻ മുഖത്ത് ആവശ്യത്തിന് ദേഷ്യം വരുത്തിച്ചു.

" ജിത്തുന്റെ പ്ലാൻ, ഞാൻ ജസ്റ്റ് കൂടെ നിന്നു എന്ന് മാത്രം..." അവൻ തലയും താഴ്ത്തി കുറ്റം സമ്മതിച്ചു.

" ജിതയുടെയോ? എന്നിട്ട് അവളെവിടെ?" ഞാൻ ചുറ്റോടും നോക്കി.

" മൂവി കഴിഞ്ഞ ഉടനെ വാഷ്‌റൂമിലേക്ക് എന്നും പറഞ്ഞു പുറത്തേക്ക് പോയതാണ്, മിക്കവാറും എനിക്കിട്ട് മാത്രം ദീദിയുടെ വഴക്ക് കേൾക്കാൻ വേണ്ടി മുങ്ങിയതാവാനാണ് ചാൻസ്..."

ഓഹ് ഗോഡ്... ഞാൻ തലയ്ക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു. ഇതിന്റെ രണ്ടിന്റെയും ഒരു പ്ലാനിങ്, ഇതിൽ നല്ല പണി കിട്ടിയത് എനിക്കാനാണെല്ലോ, അയാളെ പ്രതീക്ഷിക്കാതെ പെട്ടന്ന് മുന്നിൽ കണ്ടപ്പോൾ ഹിറ്റ്ലർ എന്നും വിളിച്ചിട്ടാണെല്ലോ നിലവിളിച്ചത്... ഇനി എന്തൊക്കെ കാണണം... ഞാൻ തലയുയർത്തി വിക്കിയെ കൊല്ലാനുള്ള ദേഷ്യത്തിൽ രൂക്ഷമായി നോക്കി.

" ദീദി സത്യമായിട്ടും ജിത്തു ഹൊറർ മൂവിക്കാണ് ടിക്കറ്റ് എടുത്തതെന്ന് ഞാൻ ഇന്നുച്ചയ്‌ക്കാണ് അറിയുന്നത്, അപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ദീദി ഹൊറർ മൂവിക്ക് തീരെ വരില്ല എന്നു, പക്ഷേ ജിത്തു കേട്ടില്ല..." അവൻ എന്നെ നോക്കി പറഞ്ഞു.

ജിത ഇടയ്ക്കിടെ പുറത്തു പോകാൻ ഇങ്ങനെ വിളിക്കാറുള്ളതാണ്, ഹിറ്റ്ലറും കൂടെ കാണുമല്ലോ എന്നോർത്ത്‌ വിക്കിയെ മാത്രം വിട്ട് എന്തെങ്കിലും കാരണമുണ്ടാക്കി മുങ്ങുകയാണ് പതിവ്, അത് കൊണ്ട് തന്നെ വിക്കി ജിതയുമായും ഹിറ്റ്ലറുമായും നല്ല കമ്പിനിയിലാണ്, പക്ഷേ ഇതിനിടയിൽ ഇവർ രണ്ടുപേരും ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

" നിനക്കുള്ള പണി ഞാൻ വീട്ടിൽ എത്തിയിട്ട് തരാം, ഇപ്പോൾ വാ..." ഇതും പറഞ്ഞു ഞാൻ ഗൗരവത്തോടെ അവിടെ നിന്നും എഴുന്നേറ്റു.

എന്റെ മുഖത്തെ ഗൗരവം കണ്ടിട്ടാണോ എന്നറിയില്ല അവൻ ഒന്നും മിണ്ടാതെ എന്റെ പിന്നാലെയായി വന്നു.

" നീ നടക്ക് ഞാൻ ഒന്ന് മുഖമൊക്കെ കഴുകിയിട്ട് വരാം..." പുറത്തെത്തിയപ്പോൾ ഞാൻ അവനെ നോക്കി പറഞ്ഞു.

" ഉറങ്ങി എഴുന്നേറ്റതെല്ലേ ആ പല്ലും കൂടി ഒന്ന് തേച്ചേക്ക്..." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അവനെ തറപ്പിച്ചൊരു നോട്ടം നോക്കി.

" oops... സോറി..." എന്റെ നോട്ടം കണ്ടതും അവൻ കൈ കൊണ്ട് വായ് പൊത്തി.

ഞാൻ തിരിഞ്ഞു വാഷ്‌റൂമിനടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വാഷ്‌റൂമിൽ നിന്നും വന്ന് വിക്കിയെവിടെ പോയി എന്നു തിരഞ്ഞപ്പോഴാണ് അവൻ കുറച്ചു മാറി ഹിറ്റ്ലറിന്റെയും ജിതയുടെയും കൂടെ കത്തിയടിച്ചു നിൽക്കുന്നത് കണ്ടത്, ആഹാ എന്താ ചിരി... ചെകുത്താന്റെ ചിരിയെല്ലാതെ സാധാരണ മട്ടിൽ ഇയാൾ പുറത്ത് നിന്നുള്ള ഒരാളോട് ഇങ്ങനെ ചിരിക്കുന്നത് വിക്കിയോട് മാത്രമാണെന്ന് തോന്നുന്നു. ഞാൻ അങ്ങോട്ടേക്ക് നടന്നു. എന്നെ കണ്ടതും അയാൾ ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തിച്ചു.

" സോറി ഹയാത്തി, ഹൊറർ മൂവീസ് കാണാൻ ഹയാത്തിക്ക് ഇത്രയും പേടിയാണെന്ന് എനിക്കറിയില്ലായിരുന്നു..." ജിത എന്നെ നോക്കി പകുതി ചിരിയോടെ പറഞ്ഞു.

ഞാൻ വിക്കിയെ നോക്കി, എന്താടാ നീ ഇവരോട് പറഞ്ഞത് എന്ന മട്ടിൽ,

" പണ്ടൊരു ഹൊറർ മൂവി കണ്ട് പനി വന്നതിന് ശേഷം ദീദിക്ക് ഹൊറർ മൂവി ഇഷ്ടമല്ല എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ..." എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ വിനയം നടിച്ചുക്കൊണ്ട് എന്നെ നോക്കി പറഞ്ഞു.

ഇവനെ ഇന്ന് ഞാൻ... ഹിറ്റ്‌ലറും ജിതയുമുണ്ടായി പോയി,ഇല്ലെങ്കിൽ ഇവനുള്ള പണി ഇവിടെ തന്നെ കൊടുത്തേനെ, നീ വീട്ടിലേക്ക് വാ മോനെ നിന്റെ അന്ത്യം എന്റെ ഈ കൈ കൊണ്ട് തന്നെ...

"മൈന്റ് വോയ്സ് ഒരുപാട് ഉണ്ടല്ലോ? ഹയാത്തി... മോനേ വിക്കീ ആ മുഖം കണ്ടാൽ അറിയാം നിന്നെ ഇന്ന് ഹയാത്തി വെച്ചേക്കില്ല എന്ന്..." ജിത വിക്കിയെ നോക്കി ചിരിയോടെ പറഞ്ഞു.

ഞാൻ എന്റെ അവളെ നോക്കി വെറുതെ ചിരിക്കാൻ ശ്രമിച്ചു.

" ഏയ് എന്റെ ദീദി പാവമല്ലേ? അല്ലേ ദീദി?" വിക്കി എന്നെ നോക്കി കണ്ണിറുക്കി.

" പിന്നേയ്, ഞാനങ്ങനെ നിന്നെ എന്തെങ്കിലും ചെയ്യുമോ, നീ എന്റെ sweet brother അല്ലേ..." ഞാൻ അവനോടുള്ള ദേഷ്യം കടിച്ചുപിടിച്ചു കൊണ്ടു അവനെ നോക്കി ചിരിച്ചു.

" അമ്മോ, dudeഉം ജിത്തും ഉള്ളത് നന്നായി, ഇല്ലെങ്കിൽ എന്നെ ഇവിടെ നിന്ന് തന്നെ തല്ലിക്കൊന്നേനെ," വിക്കി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.

അത് കേട്ട് ജിത പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ ഇടംകണ്ണിട്ട് ഹിറ്റ്‌ലറെ നോക്കി, അയാളുടെ മുഖത്തും ഒരു ചിരി നിറഞ്ഞു നിൽക്കുന്നുണ്ട്.

" അപ്പോൾ ഇനിയെന്താണ് പ്ലാൻ?" വിക്കി ഞങ്ങളെല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി.

" മൂവി കണ്ട് കഴിഞ്ഞില്ലേ? ഇനി തിരിച്ചു പോകൽ അല്ലാതെ വേറെ എന്ത്?" എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപെടാലോ എന്ന ചിന്തയിൽ ചോദിച്ചു.

" അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി, ഇവിടെ അടുത്ത് ഒരു പെയിന്റിങ്ങ് എക്സിബിഷൻ നടക്കുന്നുണ്ട്, അവിടെയും പോയി ഡിന്നറും കഴിച്ചിട്ടെ ഇന്ന് പോകുന്നുള്ളൂ..."

"അല്ല പിന്നെ, ദീദിയുടെ തിരക്ക് കണ്ടാൽ തോന്നും വീട്ടിൽ പോയി കുറേ പണിയുണ്ടെന്ന്, അവിടെ പോയി കിടന്നുറങ്ങാനെല്ലേ ഈ തിരക്ക്..." വിക്കി എന്നെ കളിയാക്കി.

അത് കേട്ട് ജിത എന്നെ നോക്കി ചിരിച്ചു. ഇവൻ ശരിക്കും എന്റെ സ്വന്തം അനിയൻ തന്നെയാണോ? എനിക്കിട്ട് പാര വെക്കാനായി മാത്രമാണല്ലോ ഇവൻ വായ തുറക്കുന്നത്,... ഞാൻ വിക്കിയെ ദേഷ്യത്തോടെ നോക്കി.

" വിക്കീ നീ കാരണം ഹയാത്തി ഇപ്പോൾ ഫുൾ ചൂടിലാണ് ഉള്ളത്, അത് കൊണ്ട് ആദ്യം നമുക്ക് ഹയാത്തിയെ ഒന്ന് തണുപ്പിക്കാം, നീ വാ നമുക്ക് ഹയാത്തിക്ക് രണ്ട് ഐസ്ക്രീം വാങ്ങിച്ചു കൊടുക്കാം..." ഇതും പറഞ്ഞു ജിത എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് വിക്കിയെയും വലിച്ചു തിരിഞ്ഞു നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞാൻ കൂടെയുള്ളപ്പോൾ എപ്പോഴും ഇയാൾ ഫോണിൽ തന്നെയാണെല്ലോ! ഇതിന് മാത്രം എന്താണാവോ ആ ഫോണിൽ ഉള്ളത്! ഞാൻ പുച്ഛത്തോടെ തലയും കുനിച്ചു ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിക്കുന്ന ഹിറ്റ്ലറെ നോക്കി.

നേരത്തെ ഹിറ്റ്ലർ എന്നു വിളിച്ചതിന് മിക്കവാറും നാളെ ഓഫീസിൽ വെച്ചു എന്തെങ്കിലും പണി തരാൻ നല്ല ചാൻസ് ഉണ്ട്, എന്നൊക്കെ ഇയാളെ കണ്ട് ഞാൻ  ഞെട്ടുന്നോ അന്നൊക്കെ വായിൽ നിന്നും ഹിറ്റ്‌ലർ എന്ന് മാത്രേ പുറത്ത് വരൂ... വിക്കിയും ജിതയും വരുന്നതിന് മുമ്പ് ഒരു സോറി പറഞ്ഞാലോ? കിട്ടുന്ന പണിയിൽ ചെറിയ ഇളവ് തന്നേക്കും...

ഞാൻ അയാളുടെ ശ്രദ്ധ തിരിക്കാനായി അയാളെ നോക്കി ചെറുതായൊന്നു ചുമച്ചു. പക്ഷേ എവിടെ! അയാൾ ഫോണിൽ നിന്നും തലയുയർത്തിയതേയില്ല ഞാൻ വീണ്ടും ഒന്ന് ചുമച്ചു നോക്കി. നോ രക്ഷ... പറയാൻ പറ്റില്ല ദുഷ്‌ടൻ ചിലപ്പോൾ കേട്ടിട്ടും തലയുയർത്തി നോക്കാതെ നിൽക്കുന്നതാവും.

"എക്‌സിക്യൂസ്മീ സാർ..." ഞാൻ അയാളെ നോക്കി പതുക്കെ വിളിച്ചു.

അയാൾ തലയുയർത്താതെ കണ്ണുകൾ മാത്രം ഉയർത്തി എന്നെ നോക്കി.

" ഐ ആം സോറി സർ..." മുഖത്ത് പരമാവധി വിനയം വരുത്തിക്കൊണ്ട് ഞാൻ അയാളോടായി പറഞ്ഞു.

അയാൾ തിരിച്ചൊന്നും പറയാതെ ചോദ്യഭാവത്തിൽ എന്നെ നോക്കി.

" അത് പിന്നെ, നേരത്തെ അറിയാതെ ഹിറ്റ്ലർ എന്ന് വിളിച്ചു പോയില്ലേ അതിന്..."

പെട്ടെന്നയാൾ തല മുഴുവൻ ഉയർത്തി ഫോൺ പാന്റിന്റെ പോക്കറ്റിലിട്ടുക്കൊണ്ട് എന്റെ നേർക്ക് വന്നു. അയാളുടെ ദേഷ്യത്തോടെയുള്ള ആ വരവ് കണ്ടതും ഞാൻ പേടിയോടെ പിറകോട്ട് മാറി.

" താൻ എന്റെ മുഖത്ത് നോക്കി ഹിറ്റ്ലർ എന്ന് വിളിക്കുന്നത് ഇത് ആദ്യത്തെ പ്രാവശ്യമല്ല, ഇതിനുമുമ്പും താൻ ഹിറ്റ്ലർ എന്ന് വിളിച്ചിട്ടുണ്ട്, സത്യം പറ ശരിക്കും താനല്ലേ എനിക്ക് ഹിറ്റ്ലർ എന്ന് പേരിട്ടത്?!" അയാൾ എന്റെ അടുത്തായി നിന്ന് രണ്ട് കൈയും നെഞ്ചിൽ കെട്ടിക്കൊണ്ട് എന്നെ നോക്കി ചോദിച്ചു.

"ങേ!!" ഞാൻ വായും പൊളിച്ച് അയാളെ നോക്കി.

ഇയാൾ ഇതെന്താ പറയുന്നത്!!

" ഓഫീസിൽ ഇരട്ടപേരുകൾ ഉള്ളത് സർവസാധാരണം, പക്ഷേ എന്നെ ഹിറ്റ്‌ലർ എന്ന് എന്റെ പിന്നിൽ നിന്നെല്ലാതെ മുന്നിൽ നിന്നും പലപ്പോഴായി വിളിച്ചത് താൻ മാത്രമാണ്, അതും വായിൽ നിന്നും അറിയാതെ വീണു പോകുന്ന സാഹചര്യത്തിലും, അതിനർത്ഥം തന്റെ വായിൽ നിന്നാണ് ആ പേര് വന്നത് എന്നല്ലേ..." അയാൾ ഗൗരവത്തോടെ പറഞ്ഞു.

What!!! എന്റെ വായിൽ നിന്നോ? ഇയാൾ ഇതെന്തൊക്കെയാണ് ഈ പറയുന്നത്!

" സർ ഒരിക്കലും അത് ഞാനല്ല, ഞാൻ സാറിനെ കണ്ടത് തന്നെ കമ്പിനിയിൽ ജോയിൻ ചെയ്ത് ആറ് മാസം കഴിഞ്ഞിട്ടാണ്, അപ്പോൾ പിന്നെ അന്ന് വരെ കാണാത്ത ഒരാളെ കുറിച്ച് ഞാനെങ്ങനെ വിളിക്കും..."

" ഓഹോ..." അയാൾ എന്നെ ഒരുമാതിരി ഒരു നോട്ടം നോക്കി.

Oops... ഇയാളെ അന്ന് ആദ്യമായി കോഫി ഷോപ്പിൽ വെച്ചു കണ്ടപ്പോൾ ഇയാളോട് തന്നെ ഞാൻ ഹിറ്റ്‌ലർ എന്നു പറഞ്ഞിരുന്നല്ലോ...

" അല്ല, ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് വെച്ചാൽ ഞാൻ ജോയിൻ ചെയ്തപ്പോൾ എന്നോട് എല്ലാവരും സാറിനെ കുറിച്ചു പറഞ്ഞിരുന്നു, ദുഷ്ടനാണ് rude ആണ് ഹൃദയം കരിങ്കല്ലാണ് ആരോടും ഒരു സഹതാപം പോലും കാണിക്കാത്ത ക്യാരക്ടറാണ് എല്ലാവരും ഹിറ്റ്ലർ എന്നാണ് വിളിക്കാറുള്ളത് എന്നൊക്കെ, അതൊക്കെ കേട്ടിട്ടാണ് ഞാൻ സാറിനോട് അന്ന് പറഞ്ഞു പോയത്..." ഞാൻ ഇതും പറഞ്ഞു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.

ഓഹ് മൈ ഗോഡ്... ഇയാളെന്തിനാണ് ഇപ്പോൾ എന്നെ ഇങ്ങനെ നോക്കുന്നത്! ഹിറ്റ്ലറുടെ ദഹിപ്പിക്കുന്ന തരത്തിലുള്ള നോട്ടം കണ്ടപ്പോൾ ഞാൻ ചിന്തിച്ചു. ഇയാൾക്ക് ഹിറ്റ്ലർ എന്ന പേരിട്ടത് ഞാനല്ല എന്ന് ക്ലിയർ ചെയ്തു കൊടുത്തതല്ലേ...

" എന്നെ കുറിച്ച് തന്നോട് ഇങ്ങനെയൊക്കെ പറഞ്ഞത് ആരാണ് കൂടെ എപ്പോഴും കാണുന്ന തന്റെ ആ ഫ്രണ്ടാണോ?" ഹിറ്റ്ലർ അതേ ദേഷ്യത്തോടെ ചോദിച്ചു.

അയ്യോ ആഷിയോ! അവളാണെന്ന് പറഞ്ഞാൽ നാളെ തന്നെ ഇയാൾ അവളുടെ കാര്യത്തിൽ ഒരു തീരുമാനമാക്കും...

" അയ്യോ ആഷിയല്ല സർ, വേറെ ആരൊക്കെയോ ആണ്, എനിക്ക് ശരിക്കും ഓർമയില്ല..." ഞാൻ അയാളെ നോക്കി ഒന്ന് ഇളിക്കാൻ ശ്രമിച്ചു പക്ഷേ നടന്നില്ല.

അപ്പോഴാണ് ജിതയും വിക്കിയും ഐസ്ക്രീം നിറച്ച കപ്പുമായി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്, രക്ഷപ്പെട്ടു, അവരെ കണ്ടതും ഹിറ്റ്ലർ അയാളുടെ മുഖത്തെ ദേഷ്യം മായ്ച്ചു ഒരു ചിരി ഫിറ്റ് ചെയ്തു. ഇയാളാര് ഓന്തോ! ഓന്ത്‌ നിറം മാറുന്നത് പോലെ ഇങ്ങനെ മാറാൻ...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"അപ്പോൾ ഇനി നേരെ പെയിന്റിങ്ങ് എക്സിബിഷൻ കാണാൻ പോകുകയല്ലേ?" ലിഫ്റ്റിൽ നിന്നുമിറങ്ങി പുറത്തേക്ക് നടക്കുന്നതിനിടയിൽ വിക്കി ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

"യെസ്, ഹയാത്തിയുടെ സ്കൂട്ടി ഇവിടെ തന്നെ നിന്നോട്ടെ, ഡിന്നറും കഴിഞ്ഞു വരുമ്പോൾ എടുത്താൽ മതിയല്ലോ?" ജിത എന്നെ നോക്കി.

ഞാൻ പതുക്കെ തലകുലുക്കി. വേണ്ട എന്ന് പറയണമെന്നുണ്ട് പക്ഷേ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല വിക്കി എങ്ങനെയെങ്കിലും അതില്ലാത്തയാകും...

പെട്ടന്നാണ് ജിതയുടെ കയ്യിലുണ്ടായിരുന്ന ഹിറ്റ്ലറുടെ മൊബൈൽ ശബ്ദിച്ചത്. അവൾ സ്ക്രീനിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അത് ഹിറ്റ്ലറുടെ നേർക്ക് നീട്ടി.

" ഭയ്യയുടെ ഗേൾഫ്രണ്ടാണ്, ഇന്ന് ഇത്തിരി ലേറ്റ് ആണെല്ലോ വിളി..." അവൾ ചിരിയോടെ ഹിറ്റ്ലറെ നോക്കി പറഞ്ഞു.

What!! ഗേൾഫ്രണ്ടോ?? ഞാനും വിക്കിയും ഞെട്ടലോടെ പരസ്പരം നോക്കി.

" പോടി..." അയാളും ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങിച്ചു. " നിങ്ങൾ കാറിൽ വെയിറ്റ് ചെയ്തോളൂ ഞാൻ വരാം..." ഇതും പറഞ്ഞു ഹിറ്റ്ലർ കാറിന്റെ ചാവി അവളുടെ കയ്യിൽ കൊടുത്തു കോളും അറ്റൻഡ് ചെയ്തു തിരിഞ്ഞു നടന്നു.

ഞാനും വിക്കിയും കണ്ണും മിഴിച്ചു ജിതയെ നോക്കി.

" നിങ്ങളെന്താണ് ഇങ്ങനെ അന്തം വിട്ട് നോക്കുന്നത്?" ജിത ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.

" dude ന് ഗേൾഫ്രണ്ടുണ്ടോ?" വിക്കി അവളോടായി ചോദിച്ചു.

" പിന്നയില്ലാതെ, ഭയ്യ നിങ്ങളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലേ? ആള് ലണ്ടനിൽ വളരെ ബിസിയായിട്ടുള്ള ഡോക്ടറാണ് പക്ഷേ ഒന്ന് വീതം മൂന്ന് എന്നത് പോലെ ഡെയിലി ഭയ്യയെ ഒരു മൂന്ന് തവണയെങ്കിലും വിളിച്ചിരിക്കും, അത് കാരണം ആൾ ശരിക്കും ഒരു ഡോക്ടർ തന്നെയാണോ എന്നെനിക്ക് സംശയമുണ്ട്..."

ജിത പറഞ്ഞത് ഞെട്ടലോടെ ഞങ്ങൾ കേട്ടു. ഒരിക്കൽ പോലും ജിതയുടെ വായിൽ നിന്നോ ഹിറ്റ്ലറുടെ കളിയിൽ നിന്നോ അയാൾക്കൊരു ഗേൾഫ്രണ്ട് ഉള്ളതായി തോന്നിയിട്ടില്ല. ഇത് ശരിക്കും ഒരു ഷോക്കിങ് ന്യൂസ് തന്നെയാണ്... കുറച്ച് മാറി നിന്ന് ചിരിയോടെ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്ന ഹിറ്റ്‌ലറെ ഞാൻ അത്ഭുതത്തോടെ നോക്കി.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

പുതിയൊരു ക്യാരക്ടറിനെ പരിചയപ്പെടുത്തുകയും സ്റ്റോറിയിലേക്ക് ഒരു വഴിതിരിവും കൂടി ഈ ചാപ്റ്ററിൽ കൊണ്ട് വരണം എന്നു കരുതിയതാണ്, പക്ഷേ  words കുറേ ആയതിനാൽ അടുത്ത ചാപ്റ്ററിൽ ആകേണ്ടി വന്നു. 🤗

ഇനിയങ്ങോട്ട് നല്ലത് പോലെ ബിസിയായിരിക്കും അത് കൊണ്ട് അടുത്ത അപ്ഡേറ്റ് അടുത്തെങ്ങും ഉണ്ടാവാൻ ചാൻസ് ഇല്ല...🙍

Bạn đang đọc truyện trên: Truyen247.Pro