Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 28

" തന്റെ ടെൻഷൻ കാണുമ്പോൾ തന്റെ വൈഫിനെ ഡെലിവറിക്കായി ലേബർ റൂമിൽ കയറ്റിയത് പോലെയുണ്ടല്ലോ?" രാഹുൽ സാർ കളിയാക്കുന്ന മട്ടിൽ എന്നെ നോക്കി പറഞ്ഞു.

ഞാൻ നടക്കുന്നത് നിർത്തി അയാളെ നോക്കി.

" എന്ത്!!" ഞാൻ പകുതി ദേഷ്യം കലർന്ന ശബ്ദത്തിൽ അയാളോടായി ചോദിച്ചു.

" സാധാരണ സിനിമയിൽ കാണുന്ന സീൻ അല്ലേ വൈഫിനെ ഡെലിവറിക്കായി ലേബർ റൂമിൽ കയറ്റിയാൽ ഇങ്ങനെ ടെൻഷനും അടിച്ചു കൊണ്ടു അതിന് പുറത്ത് തലങ്ങും വിലങ്ങും നടക്കുന്ന ഭർത്താവിനെ, തന്റെ ഈ നടത്തം കാണുമ്പോൾ ശരിക്കും ഇപ്പോൾ അത് പോലെയുണ്ട്..." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇയാൾക്ക് കോമഡി പറയാൻ കണ്ട സമയം, ഞാൻ ദേഷ്യത്തോടെ അയാളെ തറപ്പിച്ചു നോക്കിക്കൊണ്ട് അയാളുടെ അടുത്തുള്ള ചെയറിൽ വന്നിരുന്നു.

" താൻ എന്തിനാടോ ഇങ്ങനെ ടെൻഷനടിക്കുന്നത്, പനിയുള്ളത് കൊണ്ടാണ് അവൻ തലകറങ്ങി വീണതെന്ന് ഡോക്ടർ പറഞ്ഞില്ലേ, ഒരു ഡ്രിപ് കേറ്റി കഴിഞ്ഞു പോകാം എന്നും പറഞ്ഞു, ഇതൊക്കെ കേട്ടിട്ടും താൻ എന്തിനാണ് ടെൻഷൻ അടിക്കുന്നത്?" അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

ശരിയാണ് ഞാൻ എന്തിനാണ് ടെൻഷനടിക്കുന്നതെന്ന കാര്യം എനിക്ക് തന്നെ അറിയില്ല, ഹിറ്റ്‌ലർക്ക് കുഴപ്പമൊന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞതാണ്‌, പക്ഷേ ഞാൻ കാരണമാണോ ഹിറ്റ്‌ലർക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടാവുക എന്നുള്ള ഒരു കുറ്റബോധം...

" അതോ ഇനി താൻ കാരണമാണ് ഹർഷക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് വല്ലതും ഓർത്തിട്ടാണോ?" എന്റെ മനസ്സ് വായിച്ചെന്ന പോലെ അയാൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ തലയും കുനിച്ചിരുന്നു.

" ഓഹോ അപ്പോൾ അത് തന്നെയാണ് കാര്യം...നിങ്ങൾ രണ്ടാളും ഇങ്ങനെയായാൽ കഷ്ടം തന്നെയാണ് കേട്ടോ, ഒരുത്തനാണെങ്കിൽ നിത്യക്കും അവിനാശിനും ഇടയിൽ താൻ ഒരു വില്ലനെ പോലെ ആയിപ്പോയോ എന്ന സങ്കടത്തിൽ അവരെ ഒന്ന് കാണാൻ പോലും നിൽക്കാതെ തന്നോടുള്ള ദേഷ്യവും മനസ്സിൽ വെച്ചു കുറേ നാൾ നടന്നു, ഇപ്പോൾ ദേ താനാണെങ്കിൽ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ കുറേ കുറ്റബോധവും പേറി നടക്കുന്നു... കൊള്ളാം...അല്ല എന്താണ് നിങ്ങളുടെ രണ്ട് പേരുടെയും ഉദ്ദേശം എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..." രാഹുൽ സാർ എന്നെയും ഹിറ്റ്ലറെയും കുറ്റപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു.

ഞാൻ അതിനും മറുപടി ഒന്നും പറഞ്ഞില്ല, എന്താണ് തിരിച്ചു പറയുക എന്നത് എനിക്കറിയില്ലായിരുന്നു എന്നു പറയുന്നതായിരുന്നു ഭേദം...

" ശരിക്കും പറഞ്ഞാൽ നിങ്ങൾ രണ്ടാളും ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്ക് ഇടയിലുള്ളൂ..., പക്ഷേ നിങ്ങളുടെ കഴുത്തിൽ കത്തി വെച്ചു ഭീഷണിപെടുത്തിയാലും അതിന് സമ്മതിക്കില്ല എന്നക്കാര്യത്തിൽ ഒരു സംശയവും ഇല്ല, അതെങ്ങനെയാ ആദ്യ കണ്ടുമുട്ടൽ തന്നെ hate at first sight ആയിരുന്നല്ലോ..."

അത് കേട്ടതും ഞാനറിയാതെ ചിരിച്ചുപ്പോയി, hate at first sight, കൊള്ളാം... ഞാൻ അയാളെ നോക്കി ചിരിച്ചു.

" അവസാനമായിട്ട് ഞാൻ ഒന്ന് പറയാം, തന്റെ കുഴപ്പം കൊണ്ടാന്നുമെല്ല ഹർഷ തല കറങ്ങി വീണത്, പനിയുണ്ടായിട്ടും workout ചെയ്തതും ഫുഡ് ഒന്നും കഴിക്കാതെ നിന്നിട്ടുമാണ്, അത് കൊണ്ട് അതോർത്ത് താൻ സങ്കടപെടേണ്ട ഒരു കാര്യവും ഇല്ല, എന്തെങ്കിലും അസുഖം വന്നാൽ പിന്നെ ഹർഷ പിന്നെ നിങ്ങളുടെ ഹിറ്റ്ലർ ബോസ്സിനെ പോലെയല്ല, ആഷിലിയെ പോലെയാണ്... ഹീരാന്റി തന്നെ വേണം അടുത്ത്‌, അത് കൊണ്ട് തന്നെയാണ് കാർത്തിയെ അയച്ചത് പോലെ വിദേശത്ത്‌ ഹർഷയെ അയക്കാതെ ആന്റി ഇവിടെ തന്നെ പിടിച്ചു നിർത്തിയതും..." അയാൾ എന്നെ സമാധാനപെടുത്തുന്ന മട്ടിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാനും പതുക്കെ ഒന്ന് ചിരിച്ചു, ആഷിലി എന്നത് ഹിറ്റ്ലറുടെയും ജിതയുടെയും nieceന്റെ പേര് ആണെന്ന് അറിയാം... ജിത എപ്പോഴോ പറഞ്ഞത് ഓർമയിലുണ്ട് പക്ഷേ ആരാണ് ഈ കാർത്തി! ഹിറ്റ്ലറിന് ബ്രദർ ഒന്നുമില്ലെന്നാണ് കേട്ടത്!!അപ്പോൾ പിന്നെ ഈ കാർത്തിയാര്!

" എന്റെ ഫ്രണ്ട് ആയത് കൊണ്ട് പൊക്കി പറയുകയൊന്നുമല്ല വയസ്സ് ഇരുപത്തിയാറ് ഉണ്ടെങ്കിലും എന്നെ പോലെ അതിന്റെ പക്വതയും വിവരമൊന്നും ഇല്ലെന്നെ..." അയാൾ ഇതും പറഞ്ഞു സ്വയം ചിരിക്കാൻ തുടങ്ങി.

ഞാൻ ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി, എപ്പോഴാണ് ഇയാൾ ഇങ്ങനെ കൂളായിട്ട് എന്നോട് സംസാരിക്കാൻ തുടങ്ങിയത്!

"ഏറ്റില്ല അല്ലേ..." ഞാൻ കൂടെ ചിരിക്കുന്നില്ല എന്നു കണ്ടതും അയാൾ ചിരിക്കുന്നത് നിർത്തി ചമ്മലോടെ എന്നെ നോക്കി.

അത് കണ്ടപ്പോൾ എനിക്കെന്തോ ചിരി വന്നു.

" സാർ എപ്പോഴും ഇങ്ങനെ കലപില കലപില എന്നു സംസാരിച്ചു കൊണ്ടിരിക്കുമോ?" ഞാൻ ചിരിയോടെ തന്നെ ചോദിച്ചു.

" ഓഹോ അപ്പോൾ തനിക്ക് എന്റെ സംസാരം കേട്ടിട്ട് അങ്ങനെയാണോ തോന്നിയത്, പാവം ഫ്രണ്ടല്ലേ എന്നു കരുതി തന്നെയൊക്കെ സാമാധാനപ്പെടുത്താൻ ശ്രമിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ!..." അയാൾ ചെറിയൊരു ദേഷ്യത്തോടെ എന്നെ നോക്കി.

" ഫ്രണ്ട്!!!" ഞാനെപ്പോഴാണ് ഇയാളുടെ ഫ്രണ്ടായത്!!

"അല്ല, ഇത്രയും നേരം താൻ ഒരു ഫ്രണ്ടിനോട് എന്നത് പോലെയെല്ലേ സംസാരിച്ചത്?" അയാൾ എന്നെ നോക്കി.

" ഇത്രയും ഞാനാണോ സാർ അല്ലേ സംസാരിച്ചത്?" ഞാൻ ചിരി വന്നെങ്കിലും അത് അടക്കിപ്പിടിച്ചു മുഖത്ത് ഗൗരവം നടിച്ചുകൊണ്ടു അയാളെ നോക്കി.

"ആഹ്... അതും ശരിയാണ്, എങ്ങനെയായാലും താൻ എന്റെ സംസാരം കേട്ടു നിന്നില്ലേ അപ്പോൾ പിന്നെ ഫ്രണ്ട് തന്നെയെല്ലേ?" അയാൾ എന്റെ മുഖത്തേക്ക് അപേക്ഷിക്കുന്ന മട്ടിൽ നോക്കി ചോദിച്ചു.

ഇയാൾക്ക് ഞാനുമായിട്ട് എന്തിനാണ് കമ്പിനി, ഇന്നലെയേ ഇതിനെ കുറിച്ച് പറയുന്നില്ലേ? ഇനി ഇതിന് പിന്നിൽ വേറെ വല്ല ഉദ്ദേശവും ഉണ്ടാകുമോ? ഇനി ഒരു പക്ഷേ....

" Sir , Are you interested in me?"ഞാൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

" what!!!" അയാൾ കണ്ണും മിഴിച്ചു എന്നെ നോക്കി.

" അല്ല, ഞാനുമായി കമ്പിനിയാവണം എന്നു പറഞ്ഞപ്പോൾ എന്നു പറഞ്ഞപ്പോൾ ഒരു സംശയം..." അയാളുടെ ഭാവം കണ്ടപ്പോൾ ഞാൻ മെല്ലെ പറഞ്ഞു.

" താൻ കൊള്ളാലോ,..." ഇതും പറഞ്ഞു അയാൾ ചിരിച്ചു. "തന്നോട് ആണുങ്ങൾ ആരും സംസാരിക്കാൻ പാടില്ലേ? പണ്ട് ഹർഷയെ flirt എന്നു വിളിച്ചു, ഇപ്പോൾ ദേ എന്നെയും...ഞങ്ങൾ ആണുങ്ങളെ ഇങ്ങനെ തെറ്റിദ്ധരിക്കരുത് കേട്ടോ..." അയാൾ എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

ഞാൻ തിരിച്ചു ഒന്നും പറയാനാവാതെ അയാളെ നോക്കി ചമ്മിയ ചിരിച്ചിരിച്ചു.

"ഞങ്ങൾ ആണുങ്ങളൊക്കെ പാവങ്ങൾ ആണെടോ..." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

" സോറീ..." ഞാൻ ചമ്മലോടെ അയാളെ നോക്കി പതുക്കെ പറഞ്ഞു.

"താൻ ആളൊരു പെട്ടന്ന് അടുക്കാത്ത ടൈപ്പാണെന്ന് തോന്നി, അതാണ് താനുമായി കമ്പിനിയാകാം എന്നു കരുതിയത്...അതിനെ താൻ ഇങ്ങനെയൊക്കെ..."

പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു, ഒരു മിനിറ്റ് എന്നും പറഞ്ഞു അയാൾ കോൾ അറ്റൻഡ് ചെയ്തു എഴുന്നേറ്റു നടന്നു.

ഭാഗ്യം...അയാൾ പോയതും ഞാൻ സമാധാനിച്ചു, ഛെ!! അയാളുടെ മുന്നിൽ നല്ലത് പോലെ നാറി...ഏത് നേരത്താണാവോ എന്റെ വായിൽ ആ ചോദ്യം വന്നത്!! ഞാൻ തലയിൽ അടിച്ചുകൊണ്ടു സ്വയം പഴി പറഞ്ഞു.

"മിസ്റ്റർ രാഹുൽ..." പെട്ടന്ന് ഒരു നേഴ്സ് അവിടേക്ക് വന്നു വിളിച്ചു.

അത് കേട്ടതും ഞാൻ അവിടെ നിന്നും എഴുന്നേറ്റു.

"യെസ്..."

" നിങ്ങളാണോ മിസ്റ്റർ രാഹുൽ?" ആ നേഴ്സ് ചോദ്യഭാവത്തിൽ എന്നെ നോക്കി.

" സർ, പുറത്ത് പോയിട്ടാണ് ഉള്ളത്, എന്തെങ്കിലും അത്യാവശ്യം?" ചമ്മൽ പുറത്തു കാണിക്കാതെ അവരെ നോക്കി.

" മിസ്റ്റർ വർമ്മ അയാളുടെ ഗാർഡിയനെ തിരക്കുന്നുണ്ട്..." ഇതും പറഞ്ഞു ആ നേഴ്സ് തിരിഞ്ഞു നടന്നു.

ഞാൻ രാഹുൽ സർ പോയ വഴിയേ നോക്കി, ഇയാൾ ഇതെവിടെ പോയി. ഒന്ന് ഫോൺ ചെയ്തു നോക്കാം... ഞാൻ ബാഗിൽ നിന്നും ഫോണെടുത്തു, പെട്ടന്നാണ് കത്തിയത് അയാളുടെ നമ്പർ എന്റെ കയ്യിലില്ലാലോ എന്ന കാര്യം... അടിപൊളി ഇനി ഇപ്പോൾ എന്ത് ചെയ്യും...

ഒന്ന് രണ്ട് നിമിഷം കൂടി ഞാൻ അയാളെ കാത്തു അവിടെ തന്നെ നിന്നു, പക്ഷേ അയാൾ വന്നില്ല, ആ നേഴ്സിനെയും അവിടെയെവിടെയും കാണാനില്ല, ഇനി ഒരേയൊരു വഴിയേ ഉള്ളൂ, ഞാൻ തന്നെ ഹിറ്റ്‌ലരുടെ അടുത്തേക്ക് പോകുക... ഞാൻ അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒന്ന് രണ്ട് തവണ ഡോറിൽ തട്ടിയെങ്കിലും അകത്തു നിന്നും മറുപടിയൊന്നും ഇല്ല, അവസാനം ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ഹിറ്റ്ലർ ബെഡിൽ ചാരി ഇരുന്നുകൊണ്ട് ന്യൂസ്പേപ്പർ വായിക്കുന്നത് കണ്ടു. ഞാൻ ചുമച്ചുകൊണ്ടു അയാളുടെ ശ്രദ്ധ എന്നിലേക്കാക്കാൻ ശ്രമിച്ചു.

പക്ഷേ അയാൾ ജസ്റ്റ് എന്നെയൊന്ന് നോക്കിയതിന് ശേഷം വീണ്ടും അയാളുടെ പത്രം വായന തുടർന്നു.

" രാഹുൽ സർ ഒരു കോൾ വന്ന് പുറത്തേക്ക് പോയിരിക്കുകയാണ്..." ഞാൻ അയാളുടെ ഭാഗത്തേക്ക് നോക്കി പതുക്കെ പറഞ്ഞു.

പക്ഷേ അയാളുടെ ഭാഗത്ത് നിന്നും ഒരു റിയാക്ഷനും ഉണ്ടായില്ല. ഇനി ഞാൻ പറഞ്ഞത് ഇയാൾ കേട്ടിട്ടുണ്ടാവില്ലേ!! ഞാൻ സംശയത്തോടെ ചിന്തിച്ചു.

" മീറ്റിങ് നാളെ മോർണിംഗിലേക്ക് മാറ്റി വെച്ചു, അത് കൊണ്ട് രാഹുൽ സർ ഫ്ലൈറ്റ് ടിക്കറ്റ് വൈകുന്നേരത്തേക്ക് ചെയ്ഞ്ച്‌ ചെയ്തു..." ഞാൻ വീണ്ടും അയാളോടെന്ന പോലെ പറഞ്ഞു.

"മ്മ്‌മ്‌..." അയാൾ പത്രവായന തുടർന്നുകൊണ്ടു തന്നെ പതുക്കെ ഒന്ന് മൂളി.

അപ്പോൾ എല്ലാം കേൾക്കുന്നുണ്ട് എന്നർത്ഥം, എന്നിട്ടാണോ ദുഷ്ടൻ ഇങ്ങനെ മിണ്ടാതിരിക്കുന്നത്! ശരിക്കും പറഞ്ഞാൽ ഇതൊക്കെ ഇയാൾ ഇങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്... ഞാൻ ദേഷ്യത്തോടെ അയാളെ നോക്കി.

" ആഹ്, എന്റെ ഫോൺ..." അയാൾ പെട്ടന്ന് തലയുയർത്തി എന്നെ നോക്കി.

" ആഹ്..." ഞാൻ പെട്ടെന്ന് തന്നെ ബാഗ് തുറന്ന് അയാളുടെ ഫോണും വാച്ചും പുറത്തേക്കെടുത്തു അയാളുടെ അടുത്തേക്ക് നടന്നു.

അത് കയ്യിൽ കിട്ടിയതും ന്യൂസ് പേപ്പർ അവിടെ വെച്ച് പിന്നെ ഫോണിൽ നോക്കിയിരിക്കാൻ തുടങ്ങി.

ഹിറ്റ്ലർ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് നോക്കി ഞാൻ ഒരു നിമിഷം നിന്നു, ഈ വൈറ്റ് ഷർട്ടിൽ കാണാൻ നല്ല ഭംഗിയുണ്ട്, ഇയാൾക്ക് നന്നായി മാച്ച് ചെയ്യുണ്ട് ഈ വൈറ്റ് കളർ, ആഷി പറയുന്നത് പോലെ ഏത് കളറും ഇയാൾക്ക് നല്ല മാച്ചാണ് പക്ഷേ അയാളുടെ സ്വഭാവം അതിന് മാച്ച് ആവില്ല എന്നു മാത്രം...ഇയാളോട് ഒരു സോറി പറയണം എന്നുണ്ട്, പക്ഷേ ഇപ്പോൾ ഇയാൾ നല്ല സൈലന്റായിട്ടാണ് ഉള്ളത് ഇനി ഞാൻ സോറി പറഞ്ഞിട്ട് വേണം വയലന്റാവാൻ! അങ്ങനെ വല്ലതും സംഭവിച്ചാൽ ആകെ നാറും... സോറി പറയാൻ ഇനിയും സമയം കിടക്കുകയെല്ലേ... നാളെ പറയാം...ഞാൻ സ്വയം തന്നെ സമാധാനിപ്പിച്ചു.

ഈ രാഹുൽ സർ എവിടെ പോയി, അയാൾ വന്നിരുന്നെങ്കിൽ എനിക്ക് ഇനി ഇവിടുന്ന് രക്ഷപെടാമായിരുന്നു, ഞാൻ ഇതും മനസ്സിൽ പറഞ്ഞു ഡോറിനടുത്തേക്ക് നോക്കി.

പെട്ടന്ന് എന്റെ പ്രാർത്ഥന കേട്ടത് പോലെ രാഹുൽ സർ ഡോറും തുറന്ന് അകത്തേക്ക് വന്നു.

" നല്ല ആളാ... ഞാൻ തന്നെ അവിടെയെവിടെയൊക്കെ നോക്കിയെന്നോ?" അയാൾ ഇതും പറഞ്ഞു എന്നെ നോക്കി.

" നീ എവിടെ പോയിരുന്നു?" ഞാൻ മറുപടി പറയുന്നതിന് മുൻപ് തന്നെ ഹിറ്റ്ലർ അയാളോടായി ചോദിച്ചു.

ഇനി എന്റെ മറുപടിക്ക് പ്രാധാന്യം ഇല്ല എന്നു എനിക്ക് മനസ്സിലായി ഞാൻ ഒന്നും മിണ്ടാതെ നിന്നു.

" വേറെയെവിടെ, പുന്നാരമോന് എന്ത് പറ്റി എന്നും ചോദിച്ചു ആന്റി വിളിച്ചതാണ്, നിന്നോട് മീറ്റിങും ഒഴിവാക്കി ഇന്ന് വൈകുന്നേരത്തുള്ള ഫ്ലൈറ്റിൽ തന്നെ തിരിച്ചു വരാൻ...അവസാനം ഞാൻ എന്തൊക്കെയോ പറഞ്ഞു ഒരു വിധം സമ്മതിപ്പിച്ചു,..." അയാൾ ഹിറ്റ്‌ലറെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇവരുടെ സംസാരം ചിലപ്പോൾ ഇനിയും നീണ്ടുപോകും, അതിന് മുമ്പേ ഞാനിവിടെ നിന്നും പോകുന്നതാണ് നല്ലത്...

" എസ്ക്യൂസ് മീ സർ...ഞാൻ എന്നാൽ തിരിച്ചു വീട്ടിലേക്ക് പോയിക്കോട്ടെ?" ഞാൻ അവരുടെ സംസാരത്തിനിടയിൽ കയറി പതുക്കെ ചോദിച്ചു.

" ആഹ്... അങ്ങനെ ഒന്ന് ഉണ്ടായിരുന്നു അല്ലേ, അവിടെ ജിത ഒറ്റയ്ക്കല്ലേ? ഹയാത്തി വരൂ... ഞാൻ ശേഖറിനോട് പറയാം തന്നെ ഡ്രോപ്പ് ചെയ്യാൻ..." ഇതും പറഞ്ഞു രാഹുൽ സർ ഡോറിനടുത്തേക്ക് നടന്നു.

ഞാൻ ഹിറ്റ്ലറെ നോക്കി, പക്ഷേ അയാൾ മൊബൈലിൽ എന്തോ നോക്കി കൊണ്ടിരിക്കുകയായിരുന്നു... പോട്ടെ എന്ന് ചോദിക്കാനാണ് നോക്കിയത്, പക്ഷേ നമ്മളെ മൈന്റ് ചെയ്യാത്തവരെ പോയി എന്തിന് അങ്ങോട്ട് മൈന്റ് ചെയ്യണം, രാഹുൽ സാറിന്റെ പിന്നാലെയായി ഞാനും പുറത്തേക്കിറങ്ങി.

" അല്ല, ഞാൻ നേരത്തെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിട്ടില്ല കേട്ടോ?" ഞാൻ കാറിൽ കയറാനായി തുനിഞ്ഞപ്പോൾ രാഹുൽ സർ എന്നെ നോക്കി പറഞ്ഞു.

"എന്ത് കാര്യം?" ഞാൻ അയാൾ ഉദ്ദേശിച്ചത് മനസ്സിലാവാതെ നോക്കി.

" ഫ്രണ്ട്..." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഓഹ്...അത്..." ഞാൻ ഇതും പറഞ്ഞു ഒരു നിമിഷം നിർത്തി, നേരത്തെ എന്നെ കളിയാക്കിയില്ലേ അതിന് പകരം തിരിച്ചു ഒന്ന് കളിയാക്കിയേക്കാം... " വലിയ പക്വതയും വിവരവുമുള്ള ആളല്ലേ ഞങ്ങളെപ്പോലുള്ള പാവങ്ങൾ ആയിട്ട് ഒക്കെ കൂട്ടു കൂടുമോ?" ഞാൻ അയാളുടെ മുഖത്തു നോക്കി കളിയാക്കുന്ന മട്ടിൽ ചിരിച്ചു കൊണ്ട് ചോദിച്ചു.

" ഓഹോ നേരത്തെ എറിഞ്ഞ ബോളിന് പകരം തിരിച്ചു എറിഞ്ഞതാണെല്ലേ..." അയാൾ കാര്യം മനസ്സിലായെന്ന മട്ടിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ അയാളെ നോക്കി ചിരിച്ചു.

" കേട്ടപ്പോൾ ആള് പുലിയാണെന്ന് വിചാരിച്ചിരുന്നു, പക്ഷേ ഇന്നലെ ഹർഷയുടെ കൂടെ കണ്ടപ്പോൾ പൂച്ചയാണെല്ലോ എന്നു തോന്നി, പക്ഷേ അത് അവന്റെ മുന്നിൽ മാത്രമാണെന്ന് ഇപ്പോൾ മനസ്സിലായി..." അയാൾ എന്നെ നോക്കി പറഞ്ഞു.

ഞാൻ മറുപടിയൊന്നും പറയാതെ അയാളെ നോക്കി വെറുതെ ചിരിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി:-

" സർ ഉറങ്ങിയോ?" ഹിറ്റ്ലറുടെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന ജിതയെ നോക്കി ഞാൻ ചോദിച്ചു.

"മ്മ്‌മ്‌..." അവൾ പതുക്കെ തലയാട്ടി.

ഹോസ്പിറ്റലിൽ നിന്നും വൈകുന്നേരം ആയപ്പോഴേക്കും ഹിറ്റ്ലർ എത്തിയിരുന്നു, രാത്രി ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചെങ്കിലും അവസാനം ജിതയുടെ വാശിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു, ഇപ്പോൾ അയാൾ ഉറങ്ങാതെ ലാപ്‌ടോപ്പിൽ നോക്കിയിരിക്കുകയാണോ എന്ന് ചെക്ക് ചെയ്യാൻ പോയതാണ്, അവളുടെ കളിയും മട്ടുമൊക്കെ പെട്ടന്ന് മാറിയത് പോലെ തോന്നിച്ചു എനിക്ക്, എന്തോ പെട്ടന്ന് പക്വത വെച്ചത് പോലെ... ഹിറ്റ്ലർ വന്നപ്പോൾ ഒരു മൂത്ത സഹോദരിയെ പോലെ അയാളെ വഴക്ക് പറയുന്നതൊക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു, ഒരാൾക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ?

" ഹയാത്തി കിടക്കുന്നില്ലേ?" ജിത പകുതി അടഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

ആൾക്ക് നല്ല ക്ഷീണമുണ്ട് എന്ന് തോന്നുന്നു...

"ജിത പോയി കിടന്നോളൂ...എനിക്ക് കുറച്ചു വർക്കും കൂടി ചെയ്തു തീർക്കാനുണ്ട്, അത് കഴിഞ്ഞു ഞാൻ കിടന്നോളാം..." ഞാൻ അവളെ നോക്കി പറഞ്ഞു.

"ഓഹോ...എന്നാൽ ഓക്കെ ഗുഡ് നൈറ്റ്..." ഇതും പറഞ്ഞു അവൾ അവളുടെ റൂമിന് നേർക്ക് നടന്നു.

അവൾ റൂമിൽ കയറി കുറച്ചു സമയം കഴിഞ്ഞതും, ഞാൻ ലാപ്ടോപ് ഓഫ് ചെയ്തു സോഫയിൽ നിന്നും എഴുന്നേറ്റു.

ഹിറ്റ്ലറും ഉറങ്ങി ജിതയും ഉറങ്ങിക്കാണും, അപ്പോൾ എന്റെ പരീക്ഷണം തുടങ്ങാം... ഞാൻ ശബ്ദമുണ്ടാക്കാതെ കിച്ചണിന്റെ ഭാഗത്തേക്ക് നടക്കാൻ തുടങ്ങി.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

വലിയ കാര്യമായി ഒന്നും ഇല്ലാത്ത ചാപ്റ്റർ ആണെന്നറിയാം, next ചാപ്റ്റർ മുതൽ നമുക്ക് പതുക്കെ എല്ലാം ശരിയാക്കാമെന്നേ☺️☺️

വോട്ടിന്റെയും കമന്റിന്റെയും കാര്യം പിന്നെ പ്രതേകം ഓർമിപ്പിക്കേണ്ടതില്ലാലോ അല്ലെ!😉

Bạn đang đọc truyện trên: Truyen247.Pro