മൂന്നാം യാത്ര
ഞാൻ എല്ലാം കേട്ടിട്ടും കുറച്ചു നേരം തലപൊക്കാതെ കിടന്നു. വണ്ടി നിർത്തിയെന്നു കണ്ടപ്പോൾ പോലീസ് ആവല്ലേ എന്ന് പ്രാർത്ഥിച്ചു എഴുന്നേറ്റു. അത്യാവശ്യം നല്ല വണ്ണമുള്ള ഒരു ചേട്ടൻ. സമയം 5 ആയിരുന്നു. ഒരു പൾസർ 220 ആണ് വണ്ടി.
ഞങ്ങൾ പെട്രോൾ വച്ചിരുന്നത് വണ്ടിയുടെ ബാഗിൽ ആണേലും അത് പുറത്ത് കാണാമായിരുന്നു. ലേബൽ പോവാത്ത മദ്യക്കുപ്പിയിൽ പെട്രോൾ ആണെന്ന് എഴുതി വയ്ച്ചാലും വിശ്വസിക്കുമോ? ഞാൻ എഴുന്നേറ്റു ആ ചേട്ടന്റെ അടുത്ത് ചെന്നു. എന്താ ചേട്ടാ ഇവിടെ കിടക്കുന്നെ എന്ന് ചോദിച്ചു. സൗണ്ട് കേട്ടപ്പോൾ രൂപം ആയിട്ടു ബന്ധം തോന്നില്ലായിരുന്നു. ഞങ്ങൾ ഇവിടെ നൈറ്റ് വന്നു room നോക്കി കിട്ടാതായപ്പോൾ ഇവിടെ കിടന്നതാണെന്നു പറഞ്ഞു.
മദ്യത്തിന്റെ മണം കിട്ടാത്തത് കൊണ്ട് ആ ചേട്ടൻ നല്ല രീതിയിൽ ആണ് സംസാരം തുടർന്നത്. ഇതിന്റെ ഇടയ്ക്ക് അച്ചു ഞെട്ടി എണീറ്റു. അവൻ നോക്കിയപ്പോൾ എന്നെ ആരോ വന്നു ചോദ്യം ചെയ്യണ പോലെ. അവനെ നോക്കി ഒന്നുല്ല എന്നപോലെ ചിരിച്ചു. അവിടെ room കിട്ടുമായിരുന്നു. ആ ഹോം സ്റ്റേ യുടെ അഡ്രസ് വരെ പുള്ളി പറഞ്ഞു തന്നു. ഞങ്ങൾ കിടന്നതിന് താഴെ ഒരു ദേവി ക്ഷേത്രം ആയിരുന്നു. അതിനു പുറത്തു രണ്ട് ടോയ്ലറ്റ് ഉണ്ട്. കുറച്ചു കൂടി താഴേക്കു പോയാൽ അരുവിയും. റോഡിലോടെ താഴേക്കു പോയാൽ ഞങ്ങൾ വന്ന വഴിയാണ് മുകളിലേക്ക് ഇല്ലിക്കൽ കല്ലും. താഴെ ഉള്ള ഹോട്ടൽ 6.30 ആവുമ്പോൾ ആക്റ്റീവ് ആകും എന്ന് വരെ പറഞ്ഞു തന്നിട്ട് ഒരു ചിരിയും സമ്മാനിച്ചാണ് ആ ചേട്ടൻ പോയത്.
എണീറ്റുപോയി മാവില കൊണ്ട് പല്ലും തേച്ചു ബാക്കി കർമങ്ങൾ കഴിഞ്ഞു നേരെ ഹോട്ടലിൽ പോയി. ഉള്ള എല്ലാ വിഭവങ്ങളും വാങ്ങി കഴിച്ചെന്നു പറയാം. ഭരണിയിലെ കടല മിട്ടായി വരെ. ജാക്കറ്റ് വരെ ഉണ്ടായിട്ടും അച്ചു കഷ്ടി ഒരു മണിക്കൂർ മയങ്ങി എന്നെ പറയാൻ പറ്റു. ഒരു ക്രീം കളർ ഷർട്ട് ഇട്ട് വന്ന എന്റെ പുറത്തു തറയുടെ ഫോട്ടോസ്റ്റാറ്റ് ഉണ്ടായിരുന്നു. ചോലയിൽ പോയി കയ്യും കാലും മുഖവും കഴുകിയപ്പോൾ അതൊക്കെ കഴുകി.
നേരെ ഇല്ലിക്കൽ വിട്ടു ബേസ് പോയിന്റിൽ ഗേറ്റ് അടച്ചിരിക്കുകയാണ്. 9 -10 മണി ആവും. ഞങ്ങൾ ബൈക്ക് പുറത്ത് വച്ച് നടന്നു. മുകളിൽ എത്തുന്നത് വരെ ചുറ്റിലും ഉള്ള മലകൾ കണ്ട് ഫോട്ടോ എടുത്ത് നടന്നു. മുകളിൽ എത്തിയപ്പോൾ വേറെ രണ്ട് ചങ്ങായിമാർ അവിടെ കേറിയിട്ടുണ്ട്. അവർ ഞങ്ങൾ കേറിയപ്പോളേക്കും ഇറങ്ങി. അച്ചു കാഴ്ചകൾ കണ്ട് സന്തോഷത്തിൽ ആണ്. ഞാൻ അന്ന് മര്യാദക്ക് കാണാൻ പറ്റാതെ പോയ പീക്ക് പോയിന്റിൽ കയറി. കുറേ നേരം താഴെ ഉള്ള കാഴ്ചകൾ കണ്ട് നിന്നു. കോട അന്നും ഇല്ലായിരുന്നു. ഒരു ചെറിയ മഴ ചാറിയാൽ പിന്നെ സൂപ്പർ ആണ്. പക്ഷെ ഉണ്ടായില്ല.
അവിടെ നിന്നു നേരെ കഴിഞ്ഞ ദിവസം പോയി ഇരുന്ന പാറക്കെട്ടിൽ പോയി ഇരുന്നു. പല മലകളും കയറിയിട്ടുണ്ട്... ഒരുപക്ഷെ ഇതിലും മനോഹരം ആയത്... പക്ഷെ ഇവിടെ കിട്ടുന്ന ഫീൽ അത് വേറെ ലെവൽ തന്നെ. കുറച്ചു നേരം മിണ്ടാതെ ഇരുന്ന് ഞങ്ങൾ അതിനു താഴെ ഉള്ള താഴ്‌വാര കാഴ്ചകൾ കണ്ടിരുന്നു. പിന്നെ നടന്നു അന്ന് പാറയിൽ കാട്ടി കൂട്ടിയ വരയും കുറിയും കാട്ടി കൊടുത്തു. മാടമ്പള്ളിയിലെ ചിത്തരോഗി ഇവനാണോ എന്നപോലെ അച്ചുന്റെ ഒരു നോട്ടം ഉണ്ടായിരുന്നു.അന്ന് നിന്നുപോയ ആ വലിയ പുല്ലിന്റെ മുന്നിൽ എത്തി. ഇനി പോവണ്ട എന്ന് അച്ചു പറഞ്ഞു. പോയേ പറ്റു എന്ന് ഉറപ്പിച്ചു ഞാൻ കയറി. പുല്ലിന്റെ അരം കൊണ്ട് കാലു മുറിഞ്ഞു ചോര വന്നു. എന്നാലും വിട്ടില്ല. അപ്പുറത്ത് ആ മല വേണമെങ്കിൽ ഇറങ്ങാൻ പാകത്തിന് ഒരു ചെരിവ് ആയിരുന്നു. അപ്പുറത്തുള്ള മലകളും കാണാം. ഇപ്പോൾ കാലിലെ മുറിവിനു വേദന ഉണ്ട്ട്ടോ... ചോര നിൽക്കാൻ കുറേ സമയം എടുത്തു. ഇത്രേം നടന്നപ്പോൾ ചോരയോട്ടം കാർ race പോലെ ആയിരുന്നല്ലോ.
അവിടെ ഇരുന്നു പല പല കാര്യങ്ങളും സംസാരിച്ചു സമയം പോയി. ഇനി തിരിച്ചു നടക്കാൻ മടി ആയിരുന്നു ഞങ്ങൾക്ക്. എങ്ങനെയോ ബേബി ചേട്ടന്റ കടയുടെ അടുത്തെത്തി. സമയം 8.30 കഴിഞ്ഞു. പയ്യെ താഴേക്കു നടന്നു. അല്ലേൽ അവിടെ പാസ്സ് എടുക്കാൻ വേറെ ഏമാന്മാർ വരുമ്പോൾ ഗേറ്റ് ന് മുന്പിലെ വണ്ടി അടക്കം ഞങ്ങളെ പൊക്കിയാലോ. താഴെ ബൈക്ക് ന്റെ അടുത്ത് പോയി നിന്നു. കുറച്ചു കഴിഞ്ഞു ജീപ്പുകൾ വന്ന് ഗേറ്റ് തുറന്നു കയറി പോയി. ഞങ്ങൾ വണ്ടി എടുത്തു വിട്ടു മുകളിലേക്ക്. പിന്നെ ഒന്നും അറിയാത്ത പോലെ പാസ്സ് എടുത്തു വീണ്ടും ആ മല കയറി.
ഒരു വല്ലാത്ത തരം വട്ടുതന്നെ എന്ന് ഞങ്ങൾ തന്നെ സ്വയം വിലയിരുത്തിയ പരിപാടികൾ ആണ് ഇതൊക്കെ. മുകളിൽ ഞാൻ ബേബി ചേട്ടനെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോയിൽ സാധനങ്ങൾ ആയി ആള് വന്നു. ഞങ്ങൾ കടയിൽ കയറി ഇരുപ്പായി. ഓരോ നാരങ്ങാ വെള്ളവും ബ്രെഡ് ഓംലറ്റും പറഞ്ഞു. ഇന്നലത്തെ രാത്രി കഥ പറഞ്ഞു ഞങ്ങൾ മൂന്നുപേരും ചിരിച്ചു.
"നിനക്കെന്നെ ഒന്ന് വിളിക്കാൻ പാടില്ലേ..." ബേബി ചേട്ടൻ ചോദിച്ചു.
ഞാൻ നമ്പർ വാങ്ങിയില്ലായിരുന്നു. പുള്ളി രണ്ട് നമ്പറും തന്നു. ഇനി വരുമ്പോൾ ഒരുപാട് ഇരുട്ടാതെ വരണം. വീട്ടിൽ ഒരു മുറി ഒഴിവുണ്ട്. അവിടെ കിടക്കാം. ഞങ്ങൾ പരസ്പരം നോക്കി പോയി... ഹൈറേഞ്ച്കാരുടെ മനസ്സങ്ങനെ ആണ്. മൊത്തം പൈസ വാങ്ങാതെ റൗണ്ട് ഫിഗർ ആക്കിയാണ് ബില്ല് വന്നത്. മനസ്സ് നിറഞ്ഞു അവിടെ നിന്ന് ഇറങ്ങി നടന്നു.
ഇനി വാഗമൺ കൂടെ കണ്ടിട്ടേ പോകുന്നോളു. അവിടെ നിന്ന് വഴി തീരെ മോശം ആണ്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴികൾ കാണാമായിരുന്നു. ഉച്ചയായപ്പോളേക്കും അവിടെ എത്തി.
വാഗമൺ കൂടുതലും മൊട്ടക്കുന്നാണ്. അവിടെ കുറെ പൈൻ മരങ്ങൾ നിൽക്കുന്ന കാടും ഉണ്ട്. കൊടൈക്കനാൽ പോയ ഫീൽ കിട്ടും. പക്ഷെ അന്ന് പൈൻ മരം കാണാൻ പോയില്ല. ഉറക്കത്തിന്റെ പ്രശ്നം അച്ചുവിനെ നന്നായി അലട്ടുന്നുണ്ടായിരുന്നു. ഞങ്ങൾ നോക്കിയപ്പോൾ ഒരു മൊട്ടകുന്നിന് ചുറ്റും വേലി കെട്ടി കേറാൻ പാസ്സ് വച്ചിരിക്കുന്നു. പണ്ട് വന്നപ്പോൾ ഇത് കണ്ടിട്ട് ഞാൻ വേറെ ഒരു മൊട്ടകുന്നു കയറി. ഇത്തവണയും അവിടെ തന്നെ കേറി. കുറേ ഫോട്ടോ എടുത്തു.
അവിടെ മുഴുവൻ പച്ച പുല്ലാണ്. വളർത്തി നിർത്തിയിരിക്കുന്ന പോലെ. ചുറ്റിലും ഇതുപോലെ തന്നെ കുന്നുകൾ നല്ലൊരു കാഴ്ചയാണ്. അവിടെ നിന്നു നോക്കിയാൽ പൈൻ മരങ്ങൾ കാണാമായിരുന്നു. ഞാൻ പുല്ലിൽ കണ്ണടച്ചു കിടക്കുന്ന ഒരു ഫോട്ടോ അച്ചു എടുത്തു. കണ്ണടച്ചിട്ടില്ലായിരുന്നെങ്കിൽ നല്ല ഫോട്ടോ ആയിരുന്നു. ആ പോസ് കിട്ടാൻ വേണ്ടി അവിടെ കിടന്നു എത്ര ഫോട്ടോ എടുപ്പിച്ചു എന്ന് അറിയില്ല.
പക്ഷെ ഉച്ചക്ക് മൊട്ടക്കുന്നിൽ മലർന്നു കിടന്നു ഞാൻ ഗ്രിൽഡ് ചിക്കൻ ആയി. ഫോട്ടോ ശരിയായില്ല എന്ന് മാത്രമല്ല ആ ഫോട്ടോ വച്ച് birthday ക്ക് മുട്ടൻ പണിയും കിട്ടി. അവിടെ കുറച്ചു നേരം നടന്നും ഇരുന്നും പോയി. പിന്നെ അവിടെ നിന്ന് ഫുഡ് കഴിക്കാനുള്ള കട നോക്കി പോയി.
പോകുന്ന വഴി എന്തോ ഹെൽമെറ്റിൽ ഇടിച്ചു. Mirror നോക്കിയപ്പോൾ ഹെൽമെറ്റ് വച്ച് പുറകെ ഇരുന്നു ഉറക്കം തൂങ്ങുകയാണ് അവൻ. ദൈവമേ വീണാൽ പിന്നെ നോക്കണ്ട.
" ഡാ... നീ ഉറങ്ങുകയാണോ?"
' ഏയ്... അല്ല.... '
പിന്നെയും ഇടിച്ചു... ഇവൻ പണി തരുമോ... നീ വീണാൽ സീൻ ആണ് എന്ന് പറഞ്ഞു പിന്നെയും പോയി. പിന്നെ അവൻ തൂങ്ങിയില്ല. പണ്ട് കസിൻ ചേട്ടന്റെ കൂടെ ചെറായി ബീച്ചിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയിട്ട് വന്നപ്പോൾ ഞാനും ഇങ്ങനെ തൂങ്ങിയത് ഓർത്തുപോയി.
അവിടെ കടകൾ ഒന്നും ഇല്ല. ഇന്ന് ഹർത്താൽ ആണല്ലോ. രണ്ട് സൈഡും തേയില നട്ടിട്ടുണ്ട്. നല്ല രസമാണ് ആ വഴിയിൽ റൈഡ് ചെയ്യാൻ.കുറച്ചു ചെന്നപ്പോൾ കുറേ ഹർത്താൽ അനുകൂലികൾ വന്നു വണ്ടി തടഞ്ഞു. ഞങ്ങളുടെ തന്നെ പ്രായം ആണ് ഉള്ളു. പക്ഷെ അപ്പുറത്ത് വല്യ ചേട്ടന്മാരും നിൽക്കുന്നുണ്ട്. സംസാരിക്കാൻ പോയാൽ ഒന്നും നടക്കില്ല. അവർ പറയുന്നത് കേട്ട് ഒരു തെറ്റ് ചെയ്ത ഭാവത്തിൽ നിന്നു. രണ്ട് മിനിട്ട് പ്രസംഗം കഴിഞ്ഞ് കുട്ടി നേതാവ് പൊയ്ക്കോളാൻ പറഞ്ഞു. Ok bro എന്ന് പറഞ്ഞു വിട്ടു.
തൊടുപുഴ ചാടി മുവാറ്റുപുഴ എത്തേണ്ടി വന്നു ഫുഡ് കിട്ടാൻ. അവനെ തിരിച്ചു കോലഞ്ചേരിയിൽ എത്തിച്ചു ഞാൻ പിന്നെ വീട്ടിലേക്കു വിട്ടു. അവിടെ എല്ലാരും ഉണ്ടായിരുന്നു.തോന്നിയ പോലെ എങ്ങോട്ട് പോവാനും ഉള്ള ലൈസൻസ് കഴിഞ്ഞ രാത്രിയിൽ കിട്ടിയെന്നു മനസ്സിലായി. പോയ പോലെ തിരിച്ചു വരും എന്ന ഉറപ്പ് കൊടുത്താൽ മാത്രം മതി.
കുറെ നാൾ കഴിഞ്ഞാണ് അന്ന് നടന്നതൊക്കെ അമ്മയോട് പറയുന്നത്. അമ്മയും ചിരിക്കുകയായിരുന്നു കേട്ടപ്പോൾ... അന്ന് വീട്ടിൽ കിടന്നുറങ്ങിയാൽ ഇതൊക്കെ കാണാനും കേൾക്കാനും പറ്റുമോ...
Bạn đang đọc truyện trên: Truyen247.Pro