ഭാഗം 2
കേട്ടതൊക്ക അയാളെ ഒത്തിരി ചിന്തിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു.അതിനി തിരിച്ചു വരുമോ എന്ന് അറിയാൻ വേണ്ടി ഇരുന്നിടത്തു നിന്ന് എണീറ്റ് അയാൾ പുറത്തേക്ക് നോക്കി. കെട്ടി നിൽക്കുന്ന ഇരുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു...
തിരിച്ചു വന്നിരുന്ന അയാളുടെ തലയിൽ ചോദ്യങ്ങൾ താളം പിടിച്ചു...എന്തിനാണ് ആളുകൾ ആത്മഹത്യ ചെയ്യുന്നത്?...
എല്ലാ പ്രശ്നങ്ങൾക്കും ആത്മഹത്യ ആണോ യഥാർത്ഥ പരിഹാരം?...
ആത്മഹത്യ ചെയ്യാൻ പലർക്കും പല പല കാരണങ്ങൾ ഉണ്ട്. ആ നാട്ടിൽ തന്നെ പ്രേമിച്ച ആളെ കിട്ടാത്തതിന് മരിച്ച ഒരു പെൺകുട്ടി ഉണ്ട്, പരീക്ഷ തോറ്റതിന് മരിച്ച വിദ്യാർത്ഥി ഉണ്ട്, കൃഷി നശിച്ചു കടം കയറി തൂങ്ങി മരിച്ച കർഷനും ഉണ്ട്. ചികിത്സ കാരണം പട്ടിണിയിൽ ആയിട്ടും രക്ഷപെടാതെ കുടുബത്തിൽ ഉള്ളവർ വരെ 'മരിച്ചിരുന്നെങ്കിൽ 'എന്ന് പറഞ്ഞിട്ടും മരണം തിരിഞ്ഞ് നോക്കാത്ത അനേകം രോഗികളും ഉണ്ട്. സ്വയം ആത്മഹത്യ ചെയ്യാൻ പോലും പറ്റാതെ വേദന തിന്ന് ജീവിക്കുന്നവരുമുണ്ട്.സ്ത്രീധനം കൊടുക്കാത്തതിന് പീഡനം അനുഭവിച്ചു ആത്മഹത്യ ചെയ്തവരുണ്ട്.
കുറ്റപ്പെടുത്താനും വെട്ടിപ്പിടിക്കാനും ശ്രമിക്കാതെ ചേർത്തു നിർത്താൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷെ...മറ്റൊരുവന്റെ വിഷമം കണ്ടിട്ടും ഉള്ളത് എടുത്തു സഹായിക്കാൻ ഉള്ള മനസ്സ് ഇന്ന് ഒത്തിരി ഇല്ലാതെ ആയിട്ടുണ്ടാവണം...
തല താഴ്ത്തി ഇരുന്നു ചിന്തിക്കുന്ന അയാളുടെ അടുത്തേക്ക് വീണ്ടും ആ രൂപം എത്തിപ്പെട്ടു... അയാൾ അല്പം സന്തോഷത്തോടെ അതിനെ നോക്കി.
"എവിടെ പോയതായിരുന്നു...?"
'കുറച്ചു മാറി ഒരു റെയിൽവേ പാളം ഉണ്ട്. അവിടെ ഒരു നാടോടി യുവതി ട്രെയിനിനു വട്ടം ചാടി. അവൾക്ക് വേണ്ടി പോയതാണ്. ആരൊക്കെയോ ചേർന്ന് ഉപദ്രവിച്ചു അവൾ ഗർഭിണി ആയതാണ്. കുട്ടിയെ നോക്കാനോ വളർത്താനോ മാർഗമില്ല എന്ന ചിന്തയാണ്...'
"അപ്പോൾ നിറവയറുമായി ആണോ...?!"
'അതേ... പക്ഷെ കുഞ്ഞിനെ എനിക്ക് തൊടാൻ പോലും കഴിയില്ല. അവൾ ചതഞ്ഞ ശരീരവും നുറുങ്ങി പൊടിഞ്ഞ എല്ലുകളും ആയി കുറച്ചു സമയം കിടക്കേണ്ടി വന്നു. ഒരു സമയം കഴിയാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കാലുകളിലൂടെ രക്തം നിർത്താതെ ഒഴുകുകയായിരുന്നു... ഭാഗ്യം കെട്ട കുഞ്ഞ്... ലോകം കാണുന്നതിന് മുൻപേ... അല്ല, ഈ നശിച്ച മനുഷ്യരുടെ കൂടെ പോകാതെ അത് തിരിച്ചു പൊയ്ക്കോട്ടേ...'
എല്ലാം കേട്ട് അയാൾ അവിടെ അനക്കമില്ലാതെ ഇരുന്നു. ഷെഡിന് മുകളിലൂടെ പറന്നുപോയ കടവാവലിന്റെ ചിറകടി അയാളെ ഉണർത്തി.
"നിങ്ങൾ ആദ്യം പറഞ്ഞത് പോലെ ആത്മഹത്യ ചെയ്യുന്നവരെ ഓർത്ത് സങ്കടപ്പെട്ടിട്ടുള്ളത് എപ്പോളാണ്?"
'സങ്കടം... അതങ്ങനെ ഒത്തിരി ഒന്നും തോന്നിയിട്ടില്ല. ചില അനുഭവങ്ങൾ പിന്നീട് എന്നെ വല്ലാതെ സ്വാധീനിക്കുകയായിരുന്നു.ഒരു പ്രായം കുറഞ്ഞ കുട്ടി അവന്റെ അച്ഛൻ വഴക്ക് പറഞ്ഞതിന് കീടനാശിനി പോലുള്ള എന്തോ വിഷം കുടിച്ച് കിടന്നു.അതുപോലുള്ള വിഷം കഴിച്ചാൽ ശരീരത്തിൽ ഉള്ള അവയവങ്ങൾ വല്ലാത്ത വേദന നൽകി വളരെ പതുക്കെ ആണ് മരിക്കുക. അവന്റെ അമ്മ ആണ് തറയിൽ കിടക്കുന്നതു കണ്ടു ആശുപത്രിയിൽ എത്തിച്ചത്. അന്നവിടെ ചെന്ന ഞാൻ ആ അമ്മയുടെ തലതല്ലിയുള്ള കരച്ചിൽ കേട്ടപ്പോൾ പതറിപ്പോയി. ഇപ്പോൾ ചെറുപ്രായക്കാരുടെ അടുത്ത് പോകുമ്പോൾ അവരുടെ പ്രീയപ്പെട്ടവരുടെ കാര്യം ഓർത്തുപോകും.'
നമ്മളൊക്കെ നമ്മുടെ ജീവിതം മാത്രമേ അനുഭവിക്കുന്നുള്ളു... നമ്മുടെ മരണം നമ്മളെ സ്നേഹിച്ചിരുന്നവർ ആണ് അനുഭവിക്കുന്നത് എന്ന് ആരോ പറഞ്ഞത് സത്യം ആണ്.
ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാൾ അവിടെ നിന്ന് എണീറ്റ് പയ്യെ പുഴയിലേക്ക് നടന്നു. അവിടെ കുറ്റിയിൽ കെട്ടിയിട്ടുള്ള വള്ളം ലക്ഷ്യമാക്കി ആണ് നടത്തം.അയാളെ അനുഗമിച്ചു ആ രൂപം പുറകെ കൂടി. വള്ളത്തിൽ കയറുന്നതിനു മുൻപായി അയാൾ മുഖം തിരിച്ചു ഷെഡിലേക്ക് നോക്കി. കറുത്ത കരിമ്പടം ആയതുകൊണ്ട് അയാൾക്ക് തന്റെ അടുത്ത് അത് ഉണ്ട് എന്ന് കാണാൻ കഴിഞ്ഞില്ല.
'എന്തോ പറയാൻ ഉണ്ടല്ലോ എന്നോട്?'
തന്റെ സാമിപ്യം അറിയിക്കാൻ വേണ്ടി അത് ശബ്ദിച്ചു.
"എന്തുകൊണ്ടാണ് എനിക്ക് നിങ്ങളെ കാണാനും നിങ്ങളോട് സംസാരിക്കാനും കഴിയുന്നത്?"
'ഞാനും കുറേ നേരമായി ആലോചിക്കുന്ന കാര്യം ആണത്... പക്ഷെ എന്നെകൊണ്ട് ഉപദ്രവം എന്തെങ്കിലും...?'
കൈ പുറകിൽ കെട്ടി അയാൾ അൽപനേരം വെറുതെ നിന്നു. പിന്നെ മുരടനക്കി...
"ഞാൻ ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. പലരും എന്നെ നല്ലപോലെ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു. ചതിച്ചവരോടും പറഞ്ഞ് പറ്റിച്ചവരോടും കളിയാക്കിയവരെ പോലും വീണ്ടും ചേർത്തുനിർത്തി... വീണ്ടും വിശ്വസിച്ചു... അവർ അങ്ങനെ അല്ല എന്ന് സ്വയം ആശ്വസിച്ചു. അതിനു അവർ എന്നെ പൊട്ടൻ എന്ന് വിളിച്ചു.അതിലൊന്നും നിരാശയോ സങ്കടമോ തോന്നിയിട്ടില്ല. വിദൂഷകർ വേഷം കെട്ടിയാടി എല്ലാവരെയും ചിരിപ്പിച്ച് സന്തോഷിപ്പിക്കാറുണ്ടെങ്കിലും, അവരെ പരിഹാസപൂർവം കോമാളി എന്ന് വിളിക്കുന്ന ലോകമാണല്ലോ ഇത്.
എന്നാൽ എന്റെ ഉള്ളിലും അല്പം നന്മ ഉണ്ടെന്ന് കണ്ടറിഞ്ഞു കൂടെ കൂടിയ ചുരുക്കം ചിലരുണ്ട്. എന്നെ തിരിച്ചു സ്നേഹിച്ചവർ... അവരെ പലപ്പോഴും കണ്ടെത്താൻ വൈകിപ്പോയിരുന്നു... അവരായിരുന്നു എനിക്കൊരു വില തന്നിരുന്നത്... പക്ഷെ വിധി പലപ്പോഴും അവരെ ക്രൂരമായി ഉപദ്രവിക്കുന്നതാണ് കാണേണ്ടി വന്നിട്ടുള്ളത്.ഭാഗ്യംകെട്ട ഞാൻ അവരുടെ ജീവിതത്തിൽ വന്നതുകൊണ്ടാണ് അങ്ങനൊക്കെ എന്ന് ചിന്തിച്ചുപോയി.അവർക്ക് സമയത്തിന് ഒന്നും ചെയ്തുകൊടുക്കാൻ പോലും കഴിയാതെ പലപ്പോഴും ഞാൻ നിസ്സഹായനായി. നല്ലത് വരാൻ ചെയ്തതൊക്കെ ദുഖമായി ഭവിക്കുകയും ചെയ്തു . എല്ലാം കൂടി... എപ്പോളോ ഇതെല്ലാം...എനിക്ക്..."
അടുത്തത് എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ വേണ്ടി ആ രൂപം അയാളെ തന്നെ തുറിച്ചു നോക്കി നിന്നു. പക്ഷെ അയാൾ മുഖം തിരിച്ചു പുഴയ്ക്ക് അക്കരെയുള്ള കുടിലിലേക്ക് നോക്കി നിന്നു.അയാളെ നോക്കി അത് ചോദിച്ചു...
'മരിക്കാൻ കാണിക്കുന്ന ധൈര്യത്തിന്റെ പകുതി വേണ്ട ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാൻ...ഇനിയും ഞാൻ ഇവിടെ ആരെയെങ്കിലും കാത്തു നിൽക്കേണ്ടതുണ്ടോ?'
ഒന്നും പറയാതെ അയാൾ കീശയിൽ തിരുകിയ പൊതി പുഴയിലേക്കേറിഞ്ഞു വള്ളത്തിൽ കയറി അതിവേഗം തുഴഞ്ഞു പോയി.ഇടയിൽ തിരിഞ്ഞു നോക്കി എങ്കിലും എവിടെ നിന്നോ ആഞ്ഞു വീശിയ തണുത്ത കാറ്റ് ആ രൂപത്തെ ഇരുട്ടിൽ ലയിപ്പിച്ചു കളഞ്ഞു.
************************************************************************************************************
Bạn đang đọc truyện trên: Truyen247.Pro