ഹെൽമെറ്റ്
ഹെൽമെറ്റ്.....
(അനുഭവക്കുറിപ്പ്)
വണ്ടിയെടുത്ത കാല മുതൽ എത്രയോ വട്ടം സംഭവിച്ച ആക്സിഡൻ്റുകൾ!..... സ്ഥിരം കണ്ട് കണ്ട് ഒടുക്കം നിനക്കിതുതന്നെയാണോ പണി എന്ന് പരിഹസിക്കുന്ന കാഷ്വാലിറ്റിയിലെ സഹപ്രവർത്തകരും സ്വന്തമായിട്ട് ഫിസിയോ ചെയ്യാം എന്ന അഹങ്കാരമാണ് നിനക്കെന്ന് ശാസിച്ച ഡോക്ടർമാരും..... മനസ്സിൽ തങ്ങി നിന്ന ഒരു സംഭവം പറയാം.....
ഒരു വർഷം മുൻപ്.....
അന്ന് രാവിലെ ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ച എന്നെ പോലീസ് പിടിച്ചു....
'' ഹെൽമെറ്റ് എവിടെ?.... ഇന്നും മറന്നു പോയതാണോ?"
"അല്ല സർ കളഞ്ഞ് പോയി.... "
"ഇതല്ലേ ഇന്നലെ പറഞ്ഞേ?"
"ഇന്നലെ കളഞ്ഞു പോയത് ഇന്ന് കിട്ടിയില്ല സർ.. സർ പറഞ്ഞിട്ട് ഇന്നലെ ഒരു പരാതി എഴുതി തന്നിരുന്നു.... "
" ഉവ്വോ... ഇന്നലേം ഫൈൻ അടച്ചതല്ലേ.... ഈ ആഴ്ച എത്രാമത്തെ ആണെന്നറിയാമോ?"
"ഉം.... " മൂളിക്കൊണ്ട് ഞാൻ തലയാട്ടി....
"നിനക്കെത്ര കുട്ടികളുണ്ട്?...."
"മൂന്ന്.... "
"ഇളയതിനെത്ര വയസ്സായി?"
"രണ്ട്.... "
"ഇന്നത്തെക്കാലത്ത് തള്ളയില്ലാതെ പിള്ളേരെ വളർത്താൻ വല്യ പാടാണ്.... അറിയാല്ലോ.... അതുങ്ങളെ ഓർത്തിട്ടെങ്കിലും തനിക്ക് ഹെൽമെറ്റ് വെച്ചൂടെ?"
"ഉം.... " അനുസരണയോടെ ഞാൻ മൂളിക്കേട്ടു...
സ്ഥിരമായി ഫൈൻ അടക്കുന്ന എന്നെ കൂടെക്കൂടെ ബുദ്ധിമുട്ടിക്കുന്നതിൽ നാണക്കേട് കൊണ്ടാവണം
" വണ്ടിയിവിടെ ഇരിക്കട്ടെ..... ടോ.... ആ താക്കോല് വാങ്ങിച്ചോ..... രണ്ട് പ്രാവശ്യം ഫൈനടക്കുന്ന കാശുണ്ടങ്കിൽ ഒരു ഹെൽമെറ്റ് വാങ്ങാം.... ISI ഉള്ള ഫുൾ കവർ ഹെൽമെറ്റ് തന്നെ വാങ്ങണം.... കറിച്ചട്ടിയൊന്നും വാങ്ങിവന്നേയ്ക്കരുത്..... ഹെൽമെറ്റ് കൊണ്ട്വന്ന് ബോധിപ്പിച്ചിട്ട്.. സ്റ്റേഷനീന്ന് വണ്ടിയെടുത്തോ..... " SI പറഞ്ഞ് നിർത്തി....
പണി കിട്ടിന്ന് പറഞ്ഞാൽ മതിയല്ലോ... ഒരോട്ടോ വിളിച്ച് ഒരു കടയിൽ പോയി കലക്കൻ ഹെൽമെറ്റ് വാങ്ങിച്ചു.... എന്നിട്ട് സ്റ്റേഷനിൽ നിന്ന് വണ്ടി വിടുതൽ ചെയ്ത് ഹോസ്പിറ്റലിൻ്റ പിന്നിൽ ഒരു വഴിയുണ്ട്.... അവിടെ കൊണ്ട് വെച്ചു....
എന്തോ ഒരത്യാവശ്യത്തിന് എൻ്റ കെട്ടിയോൻവന്ന് വണ്ടിയെടുത്തു..... അങ്ങേര് നോക്കിയപ്പോ വണ്ടിക്ക് ഭയങ്കര വലിവ്.... ആക്സിലറേറ്റർ ഒടുക്കത്തെ ടൈറ്റും.... പുള്ളി നേരെ വർക്ക്ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണികളൊക്കെ ചെയ്ത് എടുത്തയിടത്ത് വണ്ടി വെച്ച് താക്കോലും ഏൽപിച്ച് ഒരക്ഷരം മിണ്ടാതെ പോയി.....
ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് ഞാൻ വേഗം പുറത്തേയ്ക്കിറങ്ങി മുൻപത്തെ ശീലം വെച്ച് സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്റർ ഒരൊറ്റത്തിരി....
ആവഴി അവസാനിക്കുന്നത് മെയ്ൻ റോഡിലാണ് ഇഷ്ടം പോലെ വണ്ടികളും കാൽനടയാത്രികരും വഴിയുടെ എതിർവശം ഒരു കപ്പലണ്ടിക്കട.....
മെയ്ൻറോഡിൽ ആസ്പീഡിൽ ചെന്നാൽ എൻ്റെ പൊടി പോലും കാണില്ല എന്നുറപ്പായിരുന്നു പെട്ടന്ന് വണ്ടി വളച്ച് ഞാൻ വണ്ടിയിൽ നിന്ന് ചാടി..... ഓവർ സ്പീഡിൽ എനിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന വണ്ടി ദീപാവലിക്ക് കത്തിത്തീരുന്ന ചക്രത്തെ ഓർമ്മിപ്പിച്ചു...
ഇതും 'കണ്ട് പകച്ച് നിൽക്കുന്ന എൻ്റ കാലിൽ വണ്ടിയുടെ ഹാൻ്റിൽ ബാർ വന്നിടിച്ചതും ഇട്ടിരുന്ന പലാസോപാൻ്റ് അതിൽ കുടുങ്ങി തലയടിച്ച് പിന്നോക്കം മറിഞ്ഞ് വീണതും ഒന്നിച്ചായിരുന്നു...
കണം കാലിൻ്റ മൂന്ന് ലിഗമെൻ്റ് പൊട്ടിയതും കാൽ മുട്ടിനുള്ളിലെ MCL ഉം ACL ഉം പൊട്ടിയതും ഞാനറിഞ്ഞു.... എന്നെയും വലിച്ച് മിനുട്ടുകളോളം കറങ്ങിയ വണ്ടി എന്നെ മരണവും സ്വർഗ്ഗവും നരകവും ഒന്നിച്ച് കാണിച്ചു...
അത്ര വലിയ വീഴ്ച വീണപ്പോഴും തലതകർന്ന് ജീവശ്ചവമാകാതെ എന്നെകാത്തത് അന്ന് രാവിലെ വാങ്ങിയ ആ ഹെൽമെറ്റ് ആയിരുന്നു.....
സുമി അസ്ലം PT
Bạn đang đọc truyện trên: Truyen247.Pro