Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ഇഷ്ക് എന്ന ജിന്ന്

ഇഷ്കെന്ന ജിന്ന്.......

Short story

കാലം കുറേ കഴിഞ്ഞിട്ടാണ് സന അയാളെ ബാങ്കിൽ വെച്ച് കാണുന്നത്....

ഉള്ളിലെവിടെയോ ഒരു വൺവേ നഷ്ടപ്രണയത്തിൻ്റ കനൽ എരിഞ്ഞു തുടങ്ങി....

'' ഇതാ മാഡം ടോക്കൺ..."

ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്ന അവൾ എരിയുന്ന കനലിൽ അൽപം സ്ഥലകാലബോധമെന്ന വെള്ളമൊഴിച്ചങ്ങ് കെടുത്തി.... ഞാനീ നാട്ടുകാരിയല്ലെന്ന മട്ടിൽ തലയും താഴ്ത്തി
കിട്ടിയ ടോക്കണും വാങ്ങി അവൾ ക്യാഷ് കൗണ്ടറിലേക്ക് നടന്നു...

"151" ഇതാണ് ടോക്കൺ നമ്പർ.... സാമാന്യം നല്ലതിരക്കുണ്ട്... ക്ഷമയോടെ അവൾ കൗണ്ടറിന് മുന്നിൽ ഇട്ട കസേരയിൽ ചെന്നിരുന്നു...

കോരിയൊഴിച്ച വെള്ളം ആവിയായതു കൊണ്ടാവണം... നേരമൽപം കിട്ടിയപ്പോൾ ഓർമ്മകൾ തിക്കി തിരക്കി വന്നു... ആ തിരയിളക്കം തുടങ്ങി വെച്ച മുഖം അവൾ തിരഞ്ഞു...അയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ട്... കൂടെ വന്ന മറ്റാരോടോ സംസാരിച്ച് കൊണ്ട് അവിടെ നിൽക്കുകയാണയാൾ....

ഓർമ്മകൾ ഒരു നാലഞ്ച് വർഷം പിന്നോട്ടോടി.....
ഓരോ ഓട്ടത്തിലും... ഇടയ്ക്കിടെ അവൻ്റ മുഖത്ത് തങ്ങി....

"സന..... നിനക്കാ അറബിക്കിലെ പയ്യനെ ഇഷ്ടാണോ?" റജീന പതിയെ സ്വകാര്യം ചോദിച്ചപ്പോൾ മനസ്സിലൊളിപ്പിച്ച രഹസ്യം പരസ്യമായ അന്ധാളിപ്പിലായിരുന്നു സന...

"ഏയ്.... അങ്ങനെ ഒന്നൂല്ല!.. " വിക്കി ഒരു വിധം പറഞ്ഞൊപ്പിച്ചെങ്കിലും പക്ഷേ റജീന അവളെ വെറുതെ വിട്ടില്ല....

"ചുമ്മാതിരിക്കെൻ്റ മോളെ... ആ ചെക്കൻ്റ മുഖത്തൂന്ന് കണ്ണെടുക്കാത്ത ആ നോട്ടോം... നീ ഡസ്ക്കില് കോറി മായ്ച്ച അവൻ്റ പേരും.. ഒക്കെ ഞാൻ കാണണുണ്ട് ട്ടോ...." കവിളത്തൊരു കുത്ത് കുത്തി അവൾ സനയുടെ കണ്ണുകളിൽ നോക്കി....

"ഇനിപ്പറ.... നിനക്കവനോടൊന്നൂലന്ന്....." അവൾ പുഞ്ചിരിച്ചു...

" നിനക്കവനോടൊന്നൂല...." സന ചിരിച്ചവളോട് പറഞ്ഞു...

" എടി.... എനിക്കവനോടൊന്നൂല്ലാന്നെനിക്കറിയാം.... മോളേ ആ കണ്ണില് ഞാൻ കാണുന്നുണ്ട് മൊഹബ്ബത്തിൻ്റ ഇത്തിരി വെട്ടം.... ആ ചിരീലുണ്ട് ഇഷ്കിൻ്റ കിലുക്കം...." റജീന പിന്നിയിട്ട മുടിത്തുമ്പ് വലിച്ച് കൊണ്ട് പറഞ്ഞു...

"ഇഷ്ക് ബിനാ ക്യാ മർനാ യാരാ.... ഇഷ്ക് ബിനാ ക്യാ ജീനാ.... " എന്ന് മധുരമായിപ്പാടി പ്രതികരിച്ചവൾ ചെറു ചിരിയിലൊതുക്കി....

അല്ലെങ്കിലും സനയ്ക്ക് ഇഷ്കിൽ തുടങ്ങുന്ന ഗാനങ്ങളോട് വളരെ പ്രിയമായിരുന്നു.... എന്നവൾ ഓർത്തു....

അവനോട് പറയണമെന്ന വൾ പലപ്പോഴുമോർത്തതാണ്.. പറയാൻ കഴിഞ്ഞില്ല.... മുഴക്കമുള്ള അവൻ്റ ശബ്ദവും അവൻ്റ ചെമ്പൻ മുടിയിഴകളും തിളങ്ങുന്ന കണ്ണുകളും അവളെ എന്നും മോഹിപ്പിച്ചിരുന്നു....

"സന.... " ആ വിളി അവളെ ചിന്തയിൽ നിന്നുണർത്തി....

"ആ ! താനോ.... തനിക്കെൻ്റ പേരൊക്കെ അറിയുമോ?...." അവൾ അതിശയത്തോടെ ചോദിച്ചു....

"പിന്നെ അറിയാതെ.... തൻ്റ ഒന്നുരണ്ട് സ്റ്റോറിസ് ഞാൻ വായിച്ചിട്ട്ണ്ട് സ്കൂൾ മാഗസിനില്...."
അവൻ പറഞ്ഞു....

" അതേയോ.... ഇപ്പോ എഴുത്തുകളെല്ലാം വാട്ട് പാഡിലാണ്...." കഴിഞ്ഞ് പോയ സുവർണ്ണകാലമോർത്ത് അവൾ നെടുവീർപ്പിട്ടു...

"സനയെ ഞാൻ ഒരു പാടന്വേഷിച്ചിരുന്നു.... പ്ലസ്ടു കഴിഞ്ഞിട്ട് നമ്മളിപ്പോഴാ കാണുന്നതല്ലേ...?" അവൻ സംസാരിച്ചു തുടങ്ങി....

"സ്കൂളില് 10 ല് ഹിബയുടെ ക്ലാസിലായിരുന്നൂലെ..." അവൾ ഓർക്കാൻ ശ്രമിച്ചു....

" അതെ....  താൻ റജീനയുടെ ക്ലാസിലായിരുന്നൂലെ?" അവൻചോദിച്ചു...

"ഉം.... റജീനയുടെ മാര്യേജ്ന് വരണം ന്ന് കരുതീതാ... പറ്റീല..." അവൾ നിശ്വസിച്ചു...

" റജീന... ഇപ്പോ എൻ്റ നൈബറാണ് .... " അവൻ ഓർത്തു..

" അല്ല താനെന്നെ അന്വേഷിച്ചതെന്തിനായിരുന്നു...." അവൾ ആകാംക്ഷയോടെ ചോദിച്ചു....

" റജീന ഒരിക്കലെന്നോട് പറഞ്ഞിരുന്നു അന്വേഷിക്കണമെന്ന്... ഇങ്ങനൊരാൾ ഈ നാട്ടിൽ ഉണ്ടായിരുന്നു എന്നൊരു തെളിവു പോലും ബാക്കി വെയ്ക്കാതെ താനും തൻ്റെ കുടുംബവും എങ്ങോട്ടാണ് പോയത്?"
അവൻ ആകാംക്ഷയോടെ ചോദിച്ചു....

" ഉപ്പാക്ക് കുറെ കടം ഉണ്ടായിരുന്നു.... സ്ഥലമൊക്കെ വിറ്റ് കടമൊക്കെ വീടി ഞങ്ങൾ കൊച്ചിയിലൊരു വാടക വീട്ടിലേക്ക് മാറി.... പിന്നെ കല്യാണം കഴിഞ്ഞു..." അവൾ പുഞ്ചിരിച്ചു...

"കല്യാണം കഴിഞ്ഞത് ഞാനറിഞ്ഞിരുന്നു.... റജീനയ്ക്കയച്ച ഇൻവിറ്റേഷൻ ഞാൻ കണ്ടിരുന്നു..... " അവനും പുഞ്ചിരിക്കാൻ ശ്രമിച്ചു....

"എന്താല്ലേ.... സ്കൂളിൽ പഠിച്ചോണ്ടിരുന്നപ്പോ പരസ്പരം കണ്ടിട്ടും മിണ്ടാത്ത നമ്മളാ കാലങ്ങൾക്കിപ്പുറം ഇങ്ങനെ ബാങ്കിലിരുന്ന് സംസാരിക്കുന്നത്..... " അവൾ ചിരിച്ചോണ്ട് പറഞ്ഞു....

"എന്നിട്ട് എങ്ങനെയുണ്ട് ലൈഫ് ഒക്കെ..... " അവൻ ചോദിച്ചു....

"ഹസ്ബൻ്റ്... കുട്ടികൾ.... പഠിത്തം.... അടിപൊളി ലൈഫ്.... കളറാണിപ്പോ..." അവൾ ചിരിച്ചു...

"താനിപ്പോ തനികൊച്ചിക്കാരിയായി.. "

അവനും ചിരിച്ചു.....

"താനെന്ത് ചെയ്യുന്നു...? അവൾ ചോദിച്ചു....

" ഞാൻ സ്കൂളില് B ed ..... ചെയ്യുന്നുണ്ട് അൽപസ്വൽപം പൊതു പ്രവർത്തനവും ഒക്കെയായി അങ്ങനെ മുൻപോട്ട് പോകുന്നു.... "
അവൻ മറുപടി പറഞ്ഞു...

"ടോക്കൺ നമ്പർ 151.. "
കൗണ്ടറിൽ ടോക്കൺ വിളിച്ചു....

" ok.... ഞാൻ പോട്ടെ... റജീനയെ കാണുമ്പോ ഞാൻ ഇവിടെ ഉണ്ടെന്ന് പറയണം 2 വീക്ക്സ് കഴിഞ്ഞ് പോകും... ഒന്ന് വിളിക്കാൻ പറയൂ.... എൻ്റ കൈയ്യില് അവളുടെ നമ്പർ ഇല്ല! ഇത് ഇക്കാടെ കാർഡ് ആണ്... റജീനയ്ക്ക് കൊടുക്കണം"
ഒരു മറുപടിക്കായി കാത്ത് നിൽക്കാതെ അവൾ നടന്നകന്നു....

റജീന ആദ്യം സനയെ പറ്റി പറഞ്ഞപ്പോൾ തമാശയായിട്ടാണവന് തോന്നിയത്.... പിന്നീടെപ്പോഴോ അവളുടെ എഴുത്തുകൾ അവന് കൗതുകമായി....
തട്ടത്തിൻ പിന്നിലൊളിപ്പിച്ച കള്ളനോട്ടങ്ങളെ മെല്ലെ അവൻ പ്രണയിച്ചു തുടങ്ങി.... ഇഷ്കെന്ന ജിന്നിൻ്റ കയ്യിൽ അകപ്പെട്ട ഹൃദയത്തിൽ നീയാണെന്ന് അവളോട് പറയണമെന്ന് പല വട്ടം തുനിഞ്ഞതാണ്....
പരീക്ഷാ ചൂടാറുമ്പോൾ പറയാമെന്ന് അവൻ കാത്ത് വെച്ചത് കേൾക്കാൻ നിൽക്കാതെ അവൾ മാഞ്ഞു പോയി...

അന്വേഷിക്കാൻ ഒരുമ്പിട്ടിറങ്ങിയെങ്കിലും 17ൻ്റ പരിമിതിയിലന്നൊന്നും കണ്ടെത്താനായില്ല!....
1 വർഷത്തിനിപ്പുറം റജീനയെ തേടിയെത്തിയ ഇൻവിറ്റേഷൻ കാർഡ് കണ്ടപ്പോൾ അവളവനെ മറന്നതോർത്തവൻ വേദനിച്ചു....
പരസ്പരം പറയാൻ കൊതിച്ചൊരു പ്രണയത്തെ പറയുവാൻ മറന്നതോർത്ത് പശ്ചാതപിക്കാത്ത ദിനങ്ങളിലെന്ന് പറയാതെ കണ്ണീരൊളിപ്പിച്ചവർ
ഇരുവഴിക്ക് യാത്രയായി....

സുമി അസ്ലം PT

NB: ഞാനും കഥയും തമ്മിൽ സാമ്യത തോന്നിയാൽ യാദൃശ്ചികം മാത്രമാണ്...
ഗ്രൂപ്പില് ഒരു മത്സരത്തിൻ്റ ഭാഗമായി എഴുതിയതാണ്....

ആകെ ഉണ്ടായിരുന്നൊരു പ്രണയം ഇപ്പോൾ പൂത്തുലഞ്ഞ് 3 പിള്ളേരായി....

Bạn đang đọc truyện trên: Truyen247.Pro