Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ബുധന്റെ പുഞ്ചിരി

(ഇവിടെ കൊടുക്കുന്ന ചിത്രങ്ങൾ എല്ലംതന്നെ ഓൺലൈൻ വഴി കിട്ടിയതാണ്.)

************************************************************************

2016 നവംബർ മാസത്തിൽ ആണ് മലയ്ഷ്യയുടെ ഭാഗമായ പെനാങ് എന്ന ദ്വീപിൽ എത്തുന്നത്. അതൊരു ടൂറിസ്റ്റ് രാജ്യം ആണ്. അതുകൊണ്ട് തന്നെ ഈ ദ്വീപിലും കുറച്ചു കാര്യങ്ങൾ കാണാൻ ഉണ്ട്. ഇവിടെയും ധാരാളം ആളുകൾ വരുന്നുണ്ട് വിനോദയാത്രക്കായി പല പല രാജ്യങ്ങളിൽ നിന്ന്.

മലയ്ഷ്യയുടെ അത്രയും പ്രശ്നങ്ങൾ ഇല്ലെങ്കിലും ഗാംഗ്സ്റ്റർസ് ഇവിടെയും ഭീകരർ ആയി വിലസുന്നുണ്ട്. പരിചയമില്ലാത്ത സ്ഥലങ്ങളിൽ ഒറ്റപെട്ടുപോയാൽ ചിലപ്പോൾ ശവം പോലും കിട്ടില്ല. ഇങ്ങനെ ഉള്ള പല കാര്യങ്ങളും അവിടെ പണ്ടുമുതലേ ഉള്ള മലയാളി ചേട്ടന്മാർ പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ സാഹചര്യം എന്നെ കൊണ്ട് പലതവണ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു എന്നതാണ് സത്യം.

അവിടെ ഞങ്ങൾ ഒരു വലിയ ഫ്ലാറ്റിൽ ആണ് താമസം. ഒരു അണ്ണൻ അടക്കം 11 പേരുണ്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സിനിമ കണ്ടത് ആ വർഷം ആണെന്ന് വേണമെങ്കിൽ പറയാം. ഇത്രേം നല്ല സ്ഥലത്തു വന്നിട്ട് അതിന്റെ ഭംഗി കാണാതെ പോയാൽ പിന്നേ എന്താ ഒരു രസം? ആരോടും അധികം സംസാരിക്കാതെ ഒഴിവു സമയം എപ്പോളും കട്ടിലിൽ ഫോണും കുത്തി ഇരിപ്പാണ് പലപ്പോളും. പയ്യെ ഞാൻ തനിച്ചു കുറച്ചു സ്ഥലങ്ങളിൽ പോയി. പറഞ്ഞു കേട്ടപോലെ ഉള്ള ഒന്നും ഉണ്ടായില്ല. എന്റെ നല്ല സമയം കൊണ്ടുമാവാം. അങ്ങനെ ഒരു അവധി കിട്ടിയ ഞായറാഴ്ച അവിടെ ഉള്ള വളരെ പ്രശസ്തമായ kek lok si എന്ന ബുദ്ധ ക്ഷേത്രത്തിൽ കൊണ്ടുപോകാം എന്ന് മണികണ്ഠൻ എന്ന് പേരുള്ള ചേട്ടൻ സമ്മതിച്ചു.

മണിക്കുട്ടൻ ഒരു കൂട്ടത്തിൽ കുത്തിയാണെന്ന് കണ്ടും കൊണ്ടും അറിഞ്ഞിട്ടുണ്ട്. എല്ലാവരും ഞായറാഴ്ച ഉറക്കമാണ് സാധാരണ ചെയ്യാറുള്ളത്. പക്ഷെ എനിക്ക് വേണ്ടി അന്നൊരു ദൂരയാത്രക്ക് മണി തയ്യാറായി. കൂടെ അമിഗോ എന്ന് ഞാൻ വിളിക്കുന്ന അഖിലും.

ഒരു 10 മണിക്ക് ഞങ്ങൾ ബസ് കയറി. പെനാങ് ന്റെ എയർപോർട്ട് സ്ഥിതി ചെയ്യുന്ന ബയാൻ ലെപാസ് എന്ന സിറ്റിയിൽ നിന്നാണ് ബസ്.


(Bayan Lepas city... കടലിലൂടെ പോകുന്ന ആ വര ആണ് penang നെ മലേഷ്യ ആയി കണക്ട് ചെയ്യുന്നത്. കൊറിയൻ & മലേഷ്യൻ സാങ്കേതിക വിദ്യയിൽ കടലിലൂടെ ഉള്ള 13 km ന് മുകളിൽ ദൂരമുള്ള പാലം )

ബസിൽ ആകെ ഡ്രൈവർ ആണ് ഉള്ളു പണിക്കാരൻ ആയിട്ട് . നിരയായി കയറി സ്ഥലം പറഞ്ഞു കറക്റ്റ് ചേഞ്ച്‌ ന് പൈസ ഒരു പെട്ടിയിൽ ഇട്ടാൽ ടിക്കറ്റ് കിട്ടും. എന്നിട്ട് പോയി ഇരിക്കും. സീറ്റ്‌ ഉണ്ടെങ്കിൽ... വലിയ വോൾവോ ബസ് പോലെ ഉള്ള വണ്ടിയാണ്. റോഡ് എല്ലാം വളരെ നല്ലതാണ്. ചുറ്റിലും വലുതും ചെറുതുമായി ധാരാളം കെട്ടിടങ്ങൾ ഉണ്ട്.

ആദ്യം ജോർജ് ടൌൺ എന്ന സിറ്റിയിൽ ആണ് എത്തേണ്ടത്. നമ്മുടെ കൊച്ചിയുടെ ലുക്ക്‌ ആണ്. ഇതും ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു. അതൊരു തുറമുഖം കൂടെ ആണ്. യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ spot.

George town


Street Arts

അവിടെ നിന്നു വേറെ ബസ് കയറിയാണ് അമ്പലത്തിൽ എത്തുക. നാട്ടിൽ വച്ചാണ് ബുദ്ധനോട് പ്രിയം തോന്നിയത്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ടിബറ്റൻ സെറ്റ്‌ൽമെൻറ് ആയ ബൈലോകുപേ (ഗോൾഡൻ ടെംപിൾ )നമ്മുടെ കർണാടകയിലെ കുടകിൽ ആണ്. മൈസൂർ അടക്കം അവിടെ ഒരു തവണ പോയിട്ടുണ്ട്.

ഇവിടെ ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ പോകാൻ ആഗ്രഹിച്ചതാണ്. സ്റ്റോപ്പ്‌ ആയപ്പോൾ മണിക്കുട്ടൻ ഞങ്ങളെ വിളിച്ചു. മുൻപിൽ ഒരു വലിയ മല കാണാം. അതിനു ഒരു വശത്തായി ബുദ്ധന്റെ ഒരു വലിയ പ്രതിമ കാണാം. എണീറ്റ് നില്ക്കുന്ന പോലെയാണ്.


പ്രതിമയെ വെയിലും മഴയും ഏൽക്കാതെ കുറേ ഉയരം കൂടിയ തൂണുകൾ കൊണ്ട് സപ്പോർട്ട് ചെയ്തു നിർത്തിയ റൂഫ് ഉണ്ട്. ഒരുപാട് ദൂരത്തുള്ള സ്ഥലത്തു നിന്നു നോക്കിയാൽ കാണാവുന്നത്ര വലുപ്പം ഉണ്ടതിന്. 120 അടി പൊക്കമുള്ള ബ്രോൺസ് പ്രതിമയാണ് അത്. ബസ് ഇറങ്ങിയിടത്തു നിന്നു മലയുടെ ചുവട്ടിലേക്ക് കുറച്ചു നടക്കാൻ ഉണ്ട്.

ഈ അമ്പലം നിൽക്കുന്ന സ്ഥലം എയർ ഇതാം എന്നാണ് അറിയപ്പെടുന്നത്. ഇതിന് അടുത്തായി ഒരു ഡാം ഉണ്ട്, റിസെർവോയർ ആണ്. ബാഹുബലി 2 ഇറങ്ങിയപ്പോൾ സെക്കന്റ്‌ ഷോ കഴിഞ്ഞ് ഞങ്ങൾ നൈറ്റ്‌ ആ ഡാമിന്റെ മുകളിൽ പോയിട്ടുണ്ട്. രാവിലെ ധാരാളം ആളുകൾ ഓടാൻ വരുന്ന സ്ഥലം ആണ് ആ ഡാമിന്റെ മുകൾ ഭാഗം.

അങ്ങനെ ആ മല ഞങ്ങൾ കയറാൻ തുടങ്ങി. പോകുന്ന വഴി ധാരാളം പെട്ടിക്കടകൾ ഉണ്ട്. ഒരുപാട് ഹാൻഡിക്രഫ്റ്റുകളും കളിപ്പാട്ടങ്ങളും ആണ്. Dream catcher ന്റെ പല വെറൈറ്റി സാധനങ്ങളും കണ്ടു. ഒരു ബുദ്ധന്റെ പ്രതിമ വാങ്ങി കൊണ്ടുപോകണം എന്നുണ്ടായിരുന്നു. പക്ഷെ പറ്റിയില്ല.

മുകളിൽ എത്താറായപ്പോൾ മുതൽ ധാരാളം ഭിക്ഷക്കാരെ കാണാമായിരുന്നു.പ്രായമായവരാണ് എല്ലാവരും. മഹായാന ബുദ്ധിസത്തിന്റെയും തെരവാട ബുദ്ധിസത്തിന്റെയും എല്ലാ കലകളുടെ ഭംഗിയും കോർത്തിണക്കി ആയിരുന്നു അവിടെ ഉള്ള കാഴ്ചകൾ. എവിടെ നോക്കിയാലും ചുവപ്പും മഞ്ഞയും ഓറഞ്ചും ഗോൾഡൻ തുടങ്ങിയ കളറിൽ ആണ് എല്ലാം. പിന്നേ പച്ചപ്പുകൾ ഉണ്ട്.


നടക്കുന്ന വഴിയെല്ലാം വലിയ കല്ലുകളോ കട്ടകളോ പാകി സുന്ദരമാക്കി വച്ചിട്ടുണ്ട്. പല പല പാർട്ട്‌ ആയാണ് അമ്പലവും. അവിടെ ആദ്യം കണ്ട വലിയ ഹാളിൽ തന്നെ 3 വലിയ പ്രതിമകൾ ഉണ്ട്. അതിനു മുന്നിൽ പ്രാർത്ഥിക്കാൻ ഉള്ള സജ്ജീകരണങ്ങൾ ഉണ്ട്.

ഇവിടെ ഹോങ്കോങ്, ഫിലിപ്പീൻ, ഇന്തോനേഷ്യ അങ്ങനെ പല രാജ്യങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ട്. ഒരു ബുദ്ധിസ്റ് തീർത്ഥാടന കേന്ദ്രം ആണ്. ഞങ്ങൾ ചൈനീസ് ന്യൂയെർ കഴിഞ്ഞാണ് പോയത്. ചൈനക്കാർ ചന്ദ്രന്റെ ചലനം നോക്കിയാണ് കലണ്ടർ വച്ചിട്ടുള്ളത്. ജനുവരി അവസാനം, അല്ലെങ്കിൽ ഫെബ്രുവരി ആദ്യം ആയിട്ടാണ് അവരുടെ ന്യൂയെർ. നമ്മൾ മലയാളികൾക്ക് ചിങ്ങം ഒന്ന് എന്ന് പറയുന്ന പോലെ. പക്ഷെ നമ്മൾ കൂടിവന്നാൽ അന്ന് മുണ്ട് എടുക്കും അത്ര തന്നെ.ജനുവരി 1 ആണ് നമ്മളും ആഘോഷിക്കുന്നത്. ഇവർ ഇംഗ്ലീഷ് ന്യൂയെർ ആഘോഷിക്കാൻ പോലും പോകില്ല.

ആഘോഷത്തിന്റെ ഭാഗം ആയി അവിടെ കുറേ LED ബൾബുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാത്രിയിൽ വന്നാൽ കാണാൻ നല്ലരസം ആണെന്ന് മണിക്കുട്ടൻ പറഞ്ഞു. പുള്ളിക്കവിടെ ഒരു പ്രണയം ഒക്കെ ഉണ്ട്. ഒരു തമിഴ് യുവതിയാണ്. ആ ചേച്ചി ആണ് മണിക്ക് ഇതൊക്കെ കാണിച്ചു കൊടുത്തത്. അവിടെ ഉള്ള ഭിത്തിയിൽ പോലും ബുദ്ധന്റെ മുഖം കൊത്തിയിട്ടുണ്ട്. എങ്ങും ബുദ്ധൻ മാത്രമേ ഉള്ളു. എനിക്ക് ആ കാഴ്ച വലിയ സന്തോഷം ആണ് തന്നത്. രണ്ടാമത്തെ ഹാളിൽ അപ്പോൾ സന്യാസിമാർ ജപിച്ചും പ്രാർത്ഥിച്ചും ധ്യാനത്തിലും ഒക്കെ ആയി ഇരിക്കുന്നുണ്ട്. അവിടെ എത്തിയപ്പോൾ ഒരു നല്ല ഫീൽ ആയിരുന്നു.

ആദ്യം കണ്ട പഗോഡ പോയാൽ ആണ് വലിയ പ്രതിമ കാണാൻ പറ്റു. അങ്ങോട്ട് പോകാൻ ലിഫ്റ്റ് ഉണ്ട്. നടന്നും കയറാം. പക്ഷെ ഇപ്പോൾത്തന്നെ മല കയറിയും കറങ്ങി നടന്നും എല്ലാവരും മടുത്തു. നല്ല വിശപ്പും ദാഹവും ഉണ്ട്. മുകളിൽ ചെന്നാൽ കട ഉണ്ട്. അല്ലെങ്കിൽ മലയുടെ താഴെ വരെ പോകണം. നേരെ ലിഫ്റ്റ് കയറാൻ ചെന്നു. അവിടെ ഒരു നിശ്ചിത എണ്ണം ആളുകൾ വന്നാലേ പോകാൻ പറ്റു. 80 ഡിഗ്രി ചെരിവില് ഉള്ള ഒരു ചെറിയ ബോഗി മാത്രമുള്ള ട്രെയിൻ സംവിധാനം ആണത്. ഞങ്ങൾ അവിടെ കാത്തിരുന്നു.

അവിടെ ഉള്ള കൗണ്ടറിൽ ചേച്ചിമാർ എന്റെയും അമിഗോയുടെയും ഓരോരോ അക്രമങ്ങൾ കണ്ടു നോക്കി ചിരിച്ചു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൌണ്ടർ അടിച്ചു ആകെ ബഹളം ആണ്. എവിടെ നിന്നാണ് വരുന്നത് എന്ന് അവർ ചോദിച്ചു. ഊളംപാറക്കു ഇവിടെ പകരം ഏത് സ്ഥലമാണോ ഞങ്ങളെ സങ്കലിപിക്കാൻ അവർക്കുള്ളതെന്നു പിടിയില്ലായിരുന്നു. പക്ഷെ ട്രെയിൻ വരുന്നത് വരെ ഓരോന്ന് പറഞ്ഞു അവർ ഞങ്ങൾക്ക് കമ്പനി തന്നു.

മുകളിൽ ചെന്ന വഴി ഒരു പാക്കറ്റ് ബിസ്കറ്റും ജ്യൂസും വാങ്ങി കഴിച്ചു. പ്രതിമയുടെ അടുത്തെത്തി... അതിനെ മൊത്തത്തിൽ ഒരു ഫ്രെമിൽ കൊള്ളിക്കാൻ ഉള്ള വൈഡ് ആംഗിൾ ക്യാമറ ഇല്ലായിരുന്നു. കുറച്ചു ഫോട്ടോ എടുത്തു. അവിടെ ചുമ്മാ ഇരിക്കാൻ ആണ് രസം. നല്ല കാറ്റുണ്ട്. പക്ഷെ ആളുകൾ ഒത്തിരി ഉണ്ടായിരുന്നു. എനിക്ക് ആൾകൂട്ടം ഇങ്ങനെ കാണാൻ പോകുന്ന സ്ഥലങ്ങളിൽ ഒരു അരോചകമാണ് പലപ്പോളും. പല യാത്രകളും ഒരു ഏകാന്തത കിട്ടാൻ കൂടെ മോഹിച്ചാണ് പോകുന്നത് എന്നതാണ് ഒരു കാരണം.

അവിടെ ഇരുന്നു ഞാനും അമിഗോയും വീണ്ടും അടിയുണ്ടാക്കി. പ്രണയമാണ് വിഷയം. ഒടുവിൽ ഞാൻ അവനെ ഓടിച്ചു ഒരു സ്ഥലത്തെത്തി. വലിയ പ്രതിമ ഇരിക്കുന്നതിന് പുറകിൽ ആണത്. ഒരുപാട് ബുദ്ധന്റെ പ്രതിമകൾ അടുക്കി വച്ചിട്ടുണ്ട്. അതിന്റെ ഇടയിൽ നിന്നു കുറച്ചു ഫോട്ടോ എടുത്തു. അവിടേക്കു പിന്നേ മണി വന്നു. അവിടെ ഉള്ള ഒരു കുളത്തിന്റെ അടുത്തേക്ക് പോയി.

ചുറ്റും കെട്ടിയ കുളം ആണ് വട്ടത്തിൽ. നടുക്ക് ഒരു സ്റ്റേജ് പോലെ പണിതു അതിലേക്കു പോകാൻ പാലം ഒക്കെ വച്ചിട്ടുണ്ട്. അതിൽ അപ്പോൾ നിറയെ ആളുകൾ ഉണ്ട്. ഞാൻ തണൽ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു. അവരും കുറച്ചു കഴിഞ്ഞു വന്നു.

ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തു ഒരു ചെറിയ ബുദ്ധന്റെ പ്രതിമ വച്ചിട്ടുണ്ട്. അതുവരെ കണ്ടതിൽ ഏറ്റവും ഭംഗിയുള്ളതായി തോന്നിയത് അതിനായിരുന്നു. ആ ബുദ്ധന്റെ മുഖം വളരെ ശാന്തമായ ഒരു പുഞ്ചിരിയോടെ ആണ് കാണപ്പെട്ടത്. അവിടെ നിന്ന് അവരെന്നെ വലിച്ചു പിടിച്ചാണ് തിരിച്ചു കൊണ്ടുവന്നത്.

താഴെ എത്തി അധികം വൈകാതെ ബസ് കിട്ടി. ജോർജ് ടൗണിൽ എത്തി. ഇപ്പോൾ പോകേണ്ട എന്നുപറഞ്ഞു ഞാൻ അവിടെ എവിടെയെങ്കിലും കൂടെ കറങ്ങാം എന്ന് പറഞ്ഞു റോഡിന്റെ സൈഡ് പിടിച്ചു നടന്നു. പടാൻ ഫോർട്ട്‌ എന്ന ഒരു കോട്ട പോകാനാണ് എന്റെ പ്ലാൻ. അതിന്റെ മുന്നിൽ എത്തിയപ്പോൾ രണ്ട് പെൺകുട്ടികൾ ഒരു കാറിൽ വന്നു പുറത്തിറങ്ങി കുറേ പേപ്പർ പിടിച്ചു നിൽക്കുന്നുണ്ട്. അവർ ഏതോ tourist സ്ഥാപനത്തിന്റെ പ്രൊമോഷൻ നടത്താൻ വന്നതാണ്. ഞങ്ങൾ വേറെ രാജ്യക്കാരായതു കൊണ്ട് ഇപ്പോൾ ഞങ്ങളും ടൂറിസ്റ്റ് തന്നെ. അവരുടെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാൻ കൂടിയാൽ komthar ടൗറിൽ ഉള്ള ഏതെങ്കിലും ഒരു ഗെയിം ചെയ്യാനുള്ള ടിക്കറ്റ് തരാം എന്ന് പറഞ്ഞു.

Komthar Tower

രണ്ട് സുന്ദരികൾ... അതും ഇങ്ങോട്ട് വന്നു ഇങ്ങനെ പറഞ്ഞു തീരുന്നതിനു മുൻപ് മണി ചെന്നു ഫോട്ടോക്ക് പോസ് കൊടുത്തു ഒരു പെൺകുട്ടിയുടെ അടുത്ത് നിൽപ്പായി. ഞങ്ങൾക്ക് മണിയുടെ വേഗത മാത്രമേ അത്ഭുതപെടാനായി ഉണ്ടായിരുന്നുള്ളു. അവർ തന്ന രണ്ട് poster കയ്യിൽ പിടിച്ചു അവരുടെ കൂടെ നിക്കണം, അത്രേ ഉള്ളു. കാറിൽ ഇരുന്ന ഒരു ചെറുപ്പക്കാരൻ പയ്യൻ ലൈറ്റ് സെറ്റപ്പ് ഒക്കെ ചെയ്തു ഫോട്ടോ എടുത്തു. Komthar ഒരു വലിയ mall ആണ്. അവിടെ ധാരാളം games ഉണ്ട്.

മാജിക്‌ mirror എന്ന ഐറ്റം ആണ് ഞങ്ങൾക്ക് കിട്ടിയത്. കുറേ പാറ്റേണിൽ അടുക്കിയ കണ്ണാടികൾ. അത് കോൺകേവ്, കോൺവെക്സ് ടൈപ്പ് ഉണ്ട്. അകത്തു കയറി ഏതെങ്കിലും അറയിൽ എത്തിപ്പെടും. പക്ഷെ ഒന്ന് വട്ടം കറങ്ങി നോക്കിയാൽ വന്ന വഴി കണ്ടുപിടിക്കാൻ പറ്റില്ല. അടിപൊളിയാണ്. മൂന്നും കൂടെ നടന്നു പല വഴിയായി പിരിഞ്ഞു. ഇടയിൽ എനിക്ക് കിളി പോയി. അമിഗോ വന്നു കൈപിടിച്ചു കൊണ്ടാണ് പുറത്തെത്തിയത്. അപ്പോളേക്കും സമയം 5 ആകാറായി. അവിടെ 5D thethre ഒക്കെ ഉണ്ടെന്ന് കണ്ടിരുന്നു. അതുപോലെ ദിനോസറിന്റെ പ്രതിമ അങ്ങനെ ഒരു പാർക്ക്‌ ആണ് ആ കെട്ടിടത്തിന്റെ മുകളിലെ നില. എല്ലാം ചുമ്മാ നടന്നു കണ്ടു നേരെ താഴെ വന്നു. അവിടെ നിന്നു ബസ് പിടിച്ചു റൂമിൽ എത്തി.

ഞാൻ ആകെ അമ്പലത്തിൽ നിന്ന് കൊണ്ടുവരാൻ ആഗ്രഹിച്ചത് ആ മരച്ചുവട്ടിൽ കണ്ടത് പോലെയുള്ള വളരെ മിതമായി പുഞ്ചിരിക്കുന്ന ബുദ്ധനെയാണ്. അവിടെ ഉള്ള പല കടകൾ കയറിയിട്ടും എനിക്കതുപോലൊന്നു കാണാൻ കിട്ടിയില്ല. ഒരു കടക്കാരൻ മാത്രം ക്ഷമ കെട്ടപ്പോൾ എന്നോട് ചോദിച്ചു നിനക്ക് എങ്ങനെ ഉള്ള പ്രതിമയാണ് വേണ്ടത്. ഞാൻ ആ രൂപം പറയാനായി കഷ്ട്ടപെട്ടു. അവസാനം നല്ല ഒരു സ്‌മൈൽ ഉള്ളത് വേണം എന്ന് പറഞ്ഞു. അയാൾ അപ്പോൾ ശാന്തനായി... നീ പറഞ്ഞപോലെ അത്രയും ഫിനിഷിങ് ഉള്ള മുഖം കിട്ടണമെങ്കിൽ നീ ഇന്ത്യയിൽ പോകുക !!!ഞങ്ങൾ കേട്ട് വാ പൊളിച്ചു. ഇത് പിന്നീടും പല സ്ഥലങ്ങളിൽ പോയപ്പോൾ പല രീതിയിൽ കേട്ടിട്ടുണ്ട്. ഇന്ത്യ എന്ന രാജ്യം ഒളിപ്പിച്ചിട്ടുള്ള നിഗൂഢതകളും അറിവുകളും വേറെ ഒരു രാജ്യത്തിനും കാണില്ല എന്ന് തോന്നിപ്പോയി.

അന്ന് രാത്രിയിൽ ഉറങ്ങാൻ നേരത്ത് ബുദ്ധന്റെ ആ പുഞ്ചിരി മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആ പ്രതിമയിൽ അവർ പ്രത്യേകിച്ചൊന്നും കണ്ടില്ല. എനിക്ക് ബുദ്ധനോടുള്ള ഇഷ്ടം അങ്ങനൊക്കെ തോന്നിപ്പിക്കാമല്ലോ.

ഇത് ഞാൻ എഴുതുന്നത് 2020 മെയ്‌ 7 ന് ആണ്. ഇന്നൊരു പൗർണമി ആണ്. മെയ്‌ മാസത്തിലെ പൗർണമി ബുദ്ധ പൗർണമി ആയി ആചരിക്കുന്നു. ഗൗതമ സിദ്ധാർത്ഥൻ ജനിക്കുന്നതും മരിക്കുന്നതും ബുദ്ധനാകുന്നതും ഈ പൂര്ണചന്ദ്രന്റെ പ്രഭയിൽ ആയിരുന്നു...

Amithabha... Amithabha... Amithabha

Amitoufu... Amitoufu... Amitoufu

Bạn đang đọc truyện trên: Truyen247.Pro