തോൽപിച്ചു കളഞ്ഞ മലകയറ്റം
ആ മല കയറാൻ രണ്ട് വഴികൾ ആണ് ഉള്ളത് മെയിൻ ആയിട്ട്. മറ്റു വഴികൾ ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ചിലതൊക്കെ ഒരു വീട്ടിലേക്കു എത്തുന്ന പോലെ ആണ്. ഈ മലയുടെ മറ്റൊരു സൈഡിൽ നിന്നു ജീപ്പ് കേറാൻ പാകത്തിന് ഒരു വഴി ഉണ്ട്. പക്ഷെ ഞങ്ങൾ കയറുന്നതു നടപ്പാതയിലൂടെ ആണ്. ആ വഴിയിൽ പോയാൽ ഏതേലും മരം നിന്നത് മറിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ അതായിരിക്കും പുതിയ കാഴ്ച. ആ മലയിൽ ചാച്ചന്റെ അച്ഛന് സ്ഥലം ഉണ്ട്. അവരുടെ പഴയ വീടും കാണാം. മണ്ണ് കൊണ്ട് തേച്ചു ചെങ്കല്ല് കൊണ്ട് പണിത ചെറിയൊരു കുടിൽ.
ഞങ്ങൾ കയറുന്ന വഴിയിൽ ഒരു ഉറവയുടെ കെട്ടുണ്ട്. അവിടെ നിന്നു പൈപ്പ് വഴി താഴെ വീട്ടിൽ എത്തിക്കും. ഫ്രിഡ്ജിൽ വച്ച പോലത്തെ തണുപ്പുണ്ട് അതിനു. ഈ ഉറവയുടെ വലതു വശത്തേക്ക് പുല്ലു വെട്ടുന്നവർ മാത്രമേ പോകാറുള്ളൂ. അവരുടെ തറവാട്ടിൽ പശുവും ആടും ഒക്കെ ഉണ്ട്. ആവഴി ചുമ്മാ ഒന്നു പോകാം എന്ന് പറഞ്ഞു ചേട്ടൻ അങ്ങോട്ട് പോയി. കൂടെ ഞാനും. കാഴ്ചകൾക്ക് വല്യ പുതുമയൊന്നും ആദ്യം തോന്നിയില്ല. കുറച്ചു ചെന്നപ്പോൾ കുരുമുളക് കൃഷി കണ്ടു. മുരിക്ക് മരത്തിലാണ് പടർത്തിയിരിക്കുന്നതു. അതിൽ ഒരു മരത്തിന്റെ മുകളിൽ ഒരു വെള്ള നിറത്തിൽ തേനീച്ച കൂടുപോലെ ഉണ്ട്. ഒരുതരം ഉറുമ്പാണ്. അതിനു ചിറകുകൾ ഉണ്ട്. അവിടെനിന്നു വേഗം വിട്ടു. കടി കിട്ടും. പിന്നെ കാണുന്നത് മരങ്ങൾ ഇല്ലാത്ത ഇഞ്ചപ്പുല്ലു പോലത്തെ പുല്ലു നിൽക്കുന്ന ഭാഗമാണ്. ഈ പുല്ല് ഇടുക്കിയിൽ ഉള്ള ഒട്ടുമിക്ക മലകളിലും കാണാം. അതിനു വലിയ ഉയരം ഇല്ലായിരുന്നു. ഞങ്ങൾക്ക് ആ വഴി പോയാൽ ആണ് ഇനി മലയുടെ മുകളിൽ എത്താൻ പറ്റുക.
പുല്ല് വകഞ്ഞു മാറ്റാൻ ഓരോ കമ്പ് എടുത്ത് നടന്നു. വെയിൽ അടിച്ചു നല്ലപോലെ കരിഞ്ഞു. മുകളിലേക്ക് ചെല്ലുന്തോറും പുല്ലിന്റെ ഉയരം കൂടി വന്നു വകഞ്ഞു മാറ്റാൻ പറ്റാത്തത്ര കനത്തിൽ പുല്ലുണ്ട്. ഇന്നലെ മഴ നനഞ്ഞതു കൊണ്ട് ഇടാൻ വേണ്ടി ചാച്ചന്റെ മുണ്ടാണ് ഉടുത്തിരുന്നത്. പുല്ലിന്റെ അരം കൊണ്ട് കയ്യും കാലും പലസ്ഥലത്തും മുറിഞ്ഞു. ചെറിയ മുറിവാണെങ്കിലും വേദനയും തോല്പോയത് കൊണ്ട് ഒരു പുകച്ചിലും ആണ്. പിന്നേ ഒടുക്കത്തെ വെയിലും. ഇനി തിരിച്ചു പോവാൻ പറ്റില്ല. അതുപോലെ ദൂരം കയറിയിട്ടുണ്ട്. വന്ന വഴിയിൽ ഉള്ള കഷ്ടപ്പാട് ഓർത്തപ്പോൾ എങ്ങനെയെങ്കിലും മുകളിൽ എത്തി സ്ഥിരം പോയ വഴി വീടെത്തിയാൽ മതി എന്നാണ് ഇപ്പോൾ ആലോചന. ഒരു പാറ കാരണം കയറ്റം നിന്നു. അതിൽ കയറാൻ പറ്റുന്ന പോലെ ഉള്ള ഷേപ്പ് അല്ല. ആ പാറയെ ചുറ്റി പോകാൻ നോക്കിയപ്പോൾ പുല്ലിന്റെ ചുവടു ഭാഗത്തു ആരോ പുല്ല് വകഞ്ഞു വച്ചിട്ടുള്ളത് കണ്ടു. അത് വഴി പോയാൽ എളുപ്പമാണ്. പക്ഷെ തീരെ ഉയരം ഇല്ല ആ വകച്ചിലിനു. ചേട്ടൻ കുനിഞ്ഞു മുട്ടിൽ ഇഴഞ്ഞു കയറി. വേറെ വഴി ഇല്ലല്ലോ... ഞാനും പോയി.
അത് മനുഷ്യൻ ഉണ്ടാക്കിയ വഴി അല്ലായിരുന്നു. കാട്ടുപന്നി ഉണ്ടാക്കിയ അവരുടെ എക്സ്പ്രസ്സ് ഹൈവേ ആണ്. ഈ സാധനത്തിനു തേറ്റയുണ്ട്. മനുഷ്യരെ കണ്ടാൽ അത് വച്ചു വെട്ടും. താഴെ ഉള്ള മണ്ണ് കുത്തി മറിച്ചു ഇട്ടിരിക്കുകയാണ്. ഒരു പത്തു മിനിറ്റെങ്കിലും അങ്ങനെ പോയി. അവസാനം എവിടെയോ എത്തി. പക്ഷെ മലയുടെ മുകളിൽ അല്ല. അവിടെ എങ്ങും ഞങ്ങൾ മുൻപ് വന്നിട്ടില്ല. വെയിൽ കൊണ്ട് മുഖം ചുവന്നു കറുത്ത് പോയി. കുനിഞ്ഞു നടന്നിട്ട് നിവർന്നപ്പോൾ തല കറങ്ങുന്നുണ്ട്. നടുവിന് വേദനയും. വെള്ളം ആണ് അന്വേഷിച്ചത്. കയ്യിൽ കരുതിയിരുന്ന കശുവണ്ടി പരിപ്പ് അകത്തു ചെന്നപ്പോൾ കിടന്നു പരവേശം കൂട്ടുന്നുണ്ട്. എടുത്ത് ചാടി ചത്താലോ എന്ന് തോന്നി പോയ സമയം ആയിരുന്നു അത്. വലതു വശത്തേക്ക് പോയത് ഓർത്തു ഞങ്ങൾ പിന്നെയും ഇടത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. അവിടെനിന്ന് ഒരു വഴി കണ്ടു. ആ കൃഷി സ്ഥലത്തു വരാൻ വേണ്ടി ഉപയോഗിച്ച് ഉറച്ച ഒരു നടപ്പാതയാണ്. കയറി നടന്നു. എങ്ങനെയൊക്കെയോ അവസാനം മുകളിൽ എത്തി.
അവിടെ ഉള്ള ഒരു വീട്ടിൽ കയറി വെള്ളം കുടിച്ചു. കയ്യും കാലും മുഖവും കഴുകി കൈയും കാലും പലയിടത്തും നീറുന്നുണ്ട്. തിരിച്ചു ഇറങ്ങാൻ വഴി നന്നായി അറിയാം. പോരുന്ന വഴിയിൽ ആണ് പഴയ തറവാട്. അവിടെ കയറിയാൽ പേരക്ക കിട്ടും. ഒരു ഓറഞ്ച് മരം ഉണ്ട്. പക്ഷെ അതിനു നല്ല പുളിയാണ്. എങ്കിലും രണ്ടെണ്ണം പറച്ചു തിന്നു. വായിൽ വെള്ളം വരാൻ ഉപകരിക്കും. പേരക്ക കുറേ ഒക്കെ വവ്വാൽ കടിച്ചു കളഞ്ഞിരിക്കുകയാണ്. കിട്ടിയത് പറച്ചു തിന്നുകൊണ്ട് ഇറങ്ങി. വീട്ടിൽ ചെന്നു കുറച്ചു നേരം വെറുതെ ഫാൻ ഇട്ടു കിടന്നിട്ടാണ് ചോറുണ്ടത്. കുഞ്ഞുമ്മയോട് അന്ന് വൈകുന്നേരം ആണ് നടന്നതൊക്കെ പറഞ്ഞത്. അതിന്റെ പിറ്റേന്ന് ഞങ്ങൾ തിരിച്ചു പോന്നു.
ബ്രേക്ക് ആണ് പണി തന്നത്. മൊത്തം ഇറക്കമല്ലേ... ഒരു വലിയ വളവു ഇറക്കം ഇറങ്ങി വന്നപ്പോൾ ഞാൻ ബ്രേക്ക് പിടിച്ചിട്ടും നിൽക്കാതെ സ്കിഡ് ആയി പോയി. താഴെ നിന്നു കയറി വന്ന ജീപ്പുകാരൻ എന്റെ വരവ് കണ്ടു ചവിട്ടി നിർത്തിയത് കൊണ്ട് എങ്ങനെയോ പോന്നു. മലയാളം നിഘണ്ടുവിൽ ഇല്ലാത്ത ചില വാക്കുകൾ അയാൾ ഉറക്കെ പറയുന്നുണ്ട്. പക്ഷെ നെഞ്ചടിപ്പിന്റെ സൗണ്ട് കാരണം ഒന്നും കേട്ടില്ല. അവിടെ നിർത്താൻ നിന്നില്ല. നേരെ വിട്ടു പോന്നു. ചേട്ടൻ മുന്പിലായിരുന്നു. ഇടുക്കിക്കാര് നല്ലവരാണ്. പക്ഷെ ഇങ്ങനെ ഉള്ള പരിപാടി ഒക്കെ കാണിച്ചാൽ നല്ല അടി കിട്ടും. ചേട്ടന്റെ സൈക്കിൾ നു ഇടക്ക് വച്ചു ഫ്രണ്ട് ടയറിന്റെ ബെയറിങ്ങിനു ഇളക്കം വന്നു. കുറച്ചു നേരം എടുത്തെങ്കിലും ok ആക്കി. 9നു ഇറങ്ങിയിട്ട് വൈകുന്നേരം 3 ആയപ്പോൾ കോതമംഗലം എത്തി. ഞങ്ങൾ ഈ പോയതിനു അച്ചു പോലും വട്ടെന്നല്ലാതെ വേറൊന്നും പറഞ്ഞില്ല. ആകെ സതീശൻ ആണ് പിന്നേ അങ്ങനൊരു സപ്പോർട്ട് തന്നത്. നാട്ടിൽ ഒരു മാസം കുടുംബശ്രീ ചേച്ചിമാർക്കു ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏത് തരം വട്ടുമായി ഇതിനെ ബന്ധിപ്പിക്കാം എന്നതായിരുന്നു ചർച്ച. കാഴ്ച്ചകളെക്കാൾ കൂടുതൽ അനുഭവങ്ങൾ ആയിരുന്നു. അച്ഛൻ മാത്രം കളിയാക്കിയിട്ടില്ല. ഒത്തിരിപേർ ഹിമാലയം വരെ സൈക്കിൾ കൊണ്ട് പോയിട്ടുണ്ട്. അത് വച്ചു നോക്കുമ്പോൾ ഇതൊരു വല്യ കാര്യം അല്ലെങ്കിൽ പോലും ഞങ്ങൾ രണ്ടും ഇന്നും അഭിമാനത്തോടെ കാണുന്ന ഒരു യാത്രയാണ് അത്. ലൈസൻസ് എടുത്ത് വണ്ടി വാങ്ങിയതിൽ പിന്നേ സൈക്കിൾ അതികം ചവിട്ടിയിട്ടില്ല. ഹെർക്കുലീസ് ഇന്നും വീട്ടിൽ ഉണ്ട്. രണ്ടാമത്തെ സൈക്കിൾ ആക്രി കാരൻ കൊണ്ടുപോയി.
Bạn đang đọc truyện trên: Truyen247.Pro