ഭാഗം 5
വിനു എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഫോൺ പോക്കറ്റിൽ ഇട്ട് അവരെ അനുഗമിച്ചു. ഒരു ഒഴിഞ്ഞ കടയുടെ മുന്നിലെ പൊട്ടിപൊളിഞ്ഞ ഷെഡിൽ കയറി അവർ ഇരുന്നു. അപ്പോളാണ് ആ കൈ അവർ വിട്ടത്.
വിനുവിന് ആ നടത്തത്തിൽ അമ്മയെ ഓർമ്മവന്നു, പണ്ട് തോളിൽ എടുക്കാതെ നടത്തുമ്പോൾ അമ്മ അവന്റെ കൈകളെ മൃദുവായി ഇങ്ങനെ പിടിക്കുമായിരുന്നു.
ആ സ്ത്രീയ്ക്ക് ഒരു മലയാളിയുടെ ലുക്ക് ഉണ്ട്.കണ്ടാൽ ഒരു 30 ന് അടുത്ത് പ്രായം തോന്നിക്കും.അവൻ അവർക്ക് അഭിമുഖമായി നിന്നുകൊണ്ട് ' ആരാ ' എന്ന ഭാവത്തിൽ നോക്കി.
"ഇരിക്കൂ..."
അവനെ നോക്കി പറഞ്ഞു. തന്റെ ഊഹം ശരിയായിരുന്നു എന്ന് ചിന്തിച്ചു അവൻ അവരുടെ അടുത്തിരുന്നു.
"മോന്റെ പേരെന്താ?"
'നിങ്ങൾ എന്നെ മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്തിനാ എന്നെ കൈപിടിച്ച് ഇവിടേയ്ക്ക് കൊണ്ടുവന്നത്?
വിനുവിന്റെ ശബ്ദത്തിന് അല്പം കനം ഉണ്ടായിരുന്നു.
"ഞാൻ നിനക്ക് ഉപദ്രവം ആയിട്ടൊന്നും ചെയ്തിട്ടില്ല,ഇവിടെ വന്ന് പരിചയം ഇല്ലാത്ത ആളാണെന്നു കണ്ടപ്പോൾ മനസ്സിലായി. വഴി തെറ്റിയതാണെങ്കിൽ എവിടെ പോകാനാണെന്ന് പറഞ്ഞാൽ മതി, ഇവിടെ കുറെ നാളായി ഉണ്ട്. അത്യാവശ്യം വഴികൾ പരിചയം ഉണ്ട്."
വിനുവിന് ആകെ ആശയകുഴപ്പം ആയി. ഇവർ എന്തിനാ അവനെ ഇവിടെ കൊണ്ടുവന്നത്? പൂനെ നാട് പോലെ സേഫ് അല്ല. എന്നാൽ അവരുടെ പെരുമാറ്റം സൗമ്യമായിരുന്നു.
"ശരിയാണ്. ഞാൻ ഈ സ്ഥലത്തു എത്തിപ്പെട്ടതാണ്"
'അതെനിക്ക് മനസ്സിലായി എന്ന് ആദ്യമേ പറഞ്ഞില്ലേ, ദുഖത്തോടെ ആണുങ്ങൾ ആരും ഇവിടേയ്ക്ക് വരാറില്ല. എല്ലാ കണ്ണുകളിലും കാമം മാത്രമേ കണ്ടിട്ടുള്ളു.'
വിനുവിന് അതോടെ അവിടെനിന്നും പോരണം എന്നായി. അതറിഞ്ഞിട്ടെന്നപോലെ ആ സ്ത്രീ സംസാരം തുടർന്നു.
"ഇവിടെ പുറത്തു നിന്ന് വരുന്നവർ ഫോൺ എടുത്തു നോക്കിയാൽ പിന്നെ ചുറ്റും കാണുന്ന ആളുകളുടെ ഭാവം മാറും. അതുകൊണ്ടാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് "
വിനു അവരെ നന്ദിപൂർവം നോക്കി.
"എന്താ പേര്?"
'വിനു, നിങ്ങൾ ഇവിടെ എന്താ... '
അവർ അൽപനേരം വിദൂരതയിലേക്ക് നോക്കി ഇരുന്നു. പിന്നീട് ശബ്ദമുയർത്തി
"ഞാൻ കാസർഗോഡ് ആണ് ജനിച്ചത്. ചെറുപ്രായത്തിൽ ഒരാളുമായി പ്രണയത്തിൽ ആയി. അന്നത്തെ എടുത്ത് ചാട്ടത്തിന് ഒളിച്ചോടി നാടുവിട്ടു. പക്ഷെ അയാൾ എന്നെ പ്രേമിച്ചത് കല്യാണം കഴിക്കാൻ ആയിരുന്നില്ല എന്ന് എന്നെ ഇവിടെ വിലപറഞ്ഞു വിറ്റപ്പോൾ മനസ്സിലായി.അന്നുമുതൽ ഞാൻ ഇവിടെയാണ്. "
ഒരു വലിയ ദുരന്തം വളരെ നിസ്സാരമായി അവർ പറയുന്നത് കേട്ടപ്പോൾ വിനുവിന് ഞെട്ടൽ ആയിരുന്നു. എന്നാൽ ആ സ്ത്രീ അതെല്ലാം നേരത്തെ തന്നെ തിരിച്ചറിഞ്ഞതായിരുന്നു. സഹതാപം നിറഞ്ഞ വിനുവിന്റെ മുഖം കണ്ടപ്പോൾ അവർ അറിയാതെ ചിരിച്ചു പോയി.
"എന്താടാ... ഇതൊക്കെ കേട്ടപ്പോൾ നിനക്ക് വിഷമം കൂടിയോ? ഇവിടെ ഉള്ള ഓരോ സ്ത്രീകൾക്കും പറയാൻ ഉണ്ട് ഇതുപോലെ ഓരോ കഥകൾ. ഞാനൊക്കെ ഭാഗ്യവതിയാണ്. എന്റെ അച്ഛനും ആങ്ങളമാരൊന്നും എന്നെ ചതിച്ചിട്ടില്ല. ഞാൻ അവരെയല്ലേ...
അതിനു പകരം ആയിട്ട് ഇപ്പോൾ എല്ലാ മാസവും ഭർത്താവിന്റെ ബിസിനസ് ലാഭവിഹിതം എന്നുപറഞ്ഞു പൈസ അയക്കുന്നുണ്ട് വീട്ടിലേക്ക്.
'അപ്പോൾ വീട്ടുകാരെ വിളിക്കാൻ ഒക്കെ ഇവിടെ സ്വാതന്ത്ര്യം ഉണ്ടോ? '
"പിന്നില്ലേ, വിളിക്കാം, പൈസ അയക്കാം, ഇഷ്ട്ടമുള്ള ഭക്ഷണം വാങ്ങാം മേക്കപ്പ് ഐറ്റംസ്, ഇഷ്ട്ടമുള്ള തുണികൾ എല്ലാം ഉണ്ട്. പക്ഷെ എന്തിനാ... ഇവിടെ നിന്ന് ആർക്കും പോകാൻ കഴിയില്ല. ഒരാളുടെ കയ്യിൽ നിന്ന് കിട്ടുന്നതിൽ ഏജന്റിന് കമ്മീഷൻ പോയിട്ട് ബാക്കി ഉള്ളതിൽ പകുതി ഞങ്ങൾക്കും ബാക്കി പകുതി ഞങ്ങളെ വാങ്ങിയ ഏമാനും കിട്ടും. അങ്ങനെ നോക്കിയാൽ ഒരു ദിവസം തന്നെ ആയിരങ്ങൾ സമ്പാദ്യം ഉണ്ട് ഞങ്ങൾക്ക്. ഇവിടെ ഞങ്ങളെക്കൊണ്ട് ഒരുതരം മരുന്ന് കുടിപ്പിക്കും. പിന്നെ ഒരു ദിവസം എത്രപേർ വന്നാലും ക്ഷീണം അറിയുകയില്ല. ഏജന്റുമാർക്കും ഏമാന്മാർക്കും പൈസ ഉണ്ടാക്കി കൊടുക്കുന്ന ജീവനുള്ള മാംസപിണ്ടങ്ങൾ."
ഇത് പറഞ്ഞു തീരുമ്പോളും അവരുടെ മുഖത്ത് ആ നേർത്ത ചിരി ഉണ്ടായിരുന്നു.
യൗവനം തീരുന്നതുവരെ അല്ലെങ്കിൽ കാഴ്ച്ചയിൽ ഉള്ള ഭംഗി കുറയുന്നത് വരെയാണ് അവരെ സംബന്ധിച്ചിടത്തോളം വരുമാനം ഉള്ളു, അതുകഴിഞ്ഞാൽ പലരിൽ നിന്നും ആയിട്ട് കിട്ടിയിട്ടുള്ള മാറാരോഗങ്ങൾ അവരുടെ ജീവനെ സാവധാനം തിന്നാൻ തുടങ്ങും.
ഒരു ജന്മം മുഴുവൻ വേദനകളും ആക്ഷേപവും സഹിച്ചു ചെറിയൊരു കൂടിനുള്ളിൽ എന്നപോലെ...ഒരു വിവാഹം, കുട്ടികൾ, കുടുംബം... ഒരു സ്ത്രീയുടെ സകല സ്വപ്നങ്ങളും ഇല്ലാതെയാക്കി... വിനുവിന് ഹൃദയം നുറുങ്ങുന്നപോലെ തോന്നി...
'ചേച്ചിയുടെ വീട്ടിൽ കാര്യങ്ങൾ പറഞ്ഞു പോലീസ് വഴി ഇവിടെ നിന്ന് പുറത്തു കടന്നുകൂടെ?'
"പോലീസ് ഒന്നും ചെയ്യാൻ പോകുന്നില്ല, അല്ലായിരുന്നെങ്കിൽ നഗരത്തിനോട് ചേർന്ന് ഇങ്ങനൊരു സംവിധാനം ഉണ്ടാകുമോ? വീട്ടിൽ അറിയിച്ചാൽ അവരുടെ കൂടെ സമാധാനം പോകും. ഇപ്പോൾ ഈ പണം എങ്കിലും അവർക്ക് ഉപകരിക്കും.ഇവിടെ നിന്ന് ആരെങ്കിലും പോകാൻ ശ്രമിച്ചാൽ അവർ പിന്നെ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അറിയാൻ കഴിയില്ല."
ഈ നാട്ടിലെ നിയമങ്ങളും അവകാശ സംരക്ഷണ സംഘടനകളും എല്ലാം വെറും നോക്കുകുത്തികൾ ആണെന്ന് വിനു ചിന്തിച്ചുപോയി.
"അത് പോട്ടെ... നിനക്കെങ്ങോട്ടാ പോവേണ്ടത്?"
വിനുവിന് അവരുടെ മുഖം ഇപ്പോൾ പ്രിസത്തിലൂടെ നോക്കുന്നതുപോലെ മഴവിൽ നിറത്തിൽ ആണ് കാണുന്നത്.
"അറിയില്ല... എവിടേക്ക് പോകണം എന്ന് അറിയില്ല...തത്കാലം ഇവിടെ നിന്ന് പോകുകയാണ്."
'ആ... അങ്ങനെയാകട്ടെ '
"എന്താ ചേച്ചിയുടെ പേര്?"
'എന്നെ നീ ചേച്ചിയെന്ന് വിളിച്ചാൽ മതി.'
വലിയ ഭാരം ചുമക്കുന്നപോലെയാണ് വിനു അവിടെനിന്നും നടന്നു തുടങ്ങിയത്.വഴിയിൽ ഇടയ്ക്ക് ഒരാൾ അവന്റെ ഒപ്പം കൂടി, ഒരു തടിച്ച ശരീരം ഉള്ള 40വയസ്സെങ്കിലും തോന്നിക്കുന്നയാൾ. അയാൾ അവനെ പുറകിൽ നിന്ന് വിളിച്ചു...
'അരെ ഭായ്... ലഡ്കി ചാഹിയെ?'
ഒന്ന് തിരിഞ്ഞു അയാളെ ദഹിപ്പിക്കാൻ എന്നപോലെ നോക്കിയശേഷം അവൻ മുന്നോട്ടു നടന്നു.അവന്റെ ചിന്തകൾ നടത്തതിന്റെ വേഗത കുറച്ചു.
പോക്കറ്റിൽ കിടക്കുന്ന പേന എടുത്തു അയാളുടെ കഴുത്തിനു സൈഡിൽ കുത്തിയാൽ നിമിഷങ്ങൾ കൊണ്ട് അയാൾ മരണപ്പെടും. കുറച്ചു സ്ത്രീകൾ എങ്കിലും ഈ രാത്രി സ്വസ്ഥമായി ഉറങ്ങും. പേന തപ്പാൻ പോക്കറ്റിൽ കൈ ഇട്ട് തിരിയാൻ നോക്കുമ്പോൾ അവനെ തട്ടിമറ്റിക്കൊണ്ട് ഒരാൾ മുന്നോട്ടു നടന്നു നീങ്ങി.
എന്തോ തോന്നലിൽ വിനു അയാളെ പിന്തുടർന്നു.എവിടെ നിന്നോ വന്ന കാറ്റ് വിനുവിന്റെ കണ്ണിൽ പൊടിപടലങ്ങൾ തൂവി. കണ്ണ് തിരുമ്മി തുറന്നപ്പോൾ മുന്നിൽ കടൽ ആയിരുന്നു. അവന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ ചുറ്റും നോക്കി. അതെ... കടൽ തന്നെ, പക്ഷെ പൂനെ നഗരത്തിനു ഇത്രയും അടുത്തായി കടൽ ഇല്ല എന്നത് വ്യക്തമാണ്.
നേരത്തെ തോളിൽ തട്ടി കടന്നുപോയ മനുഷ്യൻ അവന്റെ നേരെ നടന്നു വരുന്നത് കണ്ട് അയാളെ തുറിച്ചു നോക്കി അവൻ.
ഒരു പരിചയവും ഇല്ലാത്ത മുഖം, പക്ഷെ പരിചിതനെ കാണുമ്പോൾ ഉള്ള ഭാവം ആണ് വിനു അയാളുടെ മുഖത്ത് കണ്ടത്.
"എന്താ വിനു ഇങ്ങനെ നോക്കുന്നത്, മറന്നോ?"
'ആരാ നിങ്ങൾ?'
"അതിന്റെ ഉത്തരം എനിക്കും അറിയില്ല, പക്ഷെ നമ്മൾ പരിചിതരാണ്..."
'ഇല്ല. നിങ്ങളെ ഇതുവരെ എവിടെയും കണ്ട ഒരോർമ്മ പോലുമില്ല...നിങ്ങൾക്കെന്താ വേണ്ടത്?'
"നീ എന്നെ മറന്നു അപ്പോൾ... എനിക്ക് ഒന്നും വേണ്ട, നിനക്കും എന്തിനാ ഈ ഭാരം... ദാ.. എല്ലാം ആ കടലിനു കൊടുത്തേക്കു. എല്ലാം ഏറ്റുവാങ്ങുന്നവൻ ആണല്ലോ "
'എന്ത് ഭാരം... എന്നെ വെറുതെ വിടാമോ '
"ക്ഷോഭിക്കേണ്ട... ദിവസ്സങ്ങൾ ആയി മനസ്സിൽ ചുമക്കുന്ന ചിന്തകൾ ഇനി വേണ്ട... ഇതിനൊന്നും നിനക്ക് പരിഹാരം ചെയ്യാൻ പറ്റില്ലല്ലോ, പിന്നെ എന്തിനാ..."
'നിങ്ങൾ എന്തറിഞ്ഞിട്ടാ ഓരോന്ന് പറഞ്ഞു കൂട്ടുന്നത്?'
"ചിലതൊക്കെ അറിയാം. ഈ ലോകത്തു ശരീരം വിറ്റു ജീവിക്കാൻ വിധിക്കപ്പെട്ടവർ ഉണ്ട്. അത് പണത്തിനു വേണ്ടിയും ഇരുൾ നിറഞ്ഞ മനസ്സുള്ളവർ കാരണം അതിൽ പെട്ടുപോയവരും എല്ലാം പെടും. ഈ സമൂഹം തന്നെയല്ലേ അവരെ ഈ വഴിയിൽ എത്തിച്ചത്. പണത്തിനു സ്ത്രീയെ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ ഇല്ലായിരുന്നെങ്കിൽ ഇവർ ഉണ്ടാവില്ലായിരുന്നു.
മനുഷ്യൻ പണത്തിനു വേണ്ടി എന്തും ചെയ്യും എന്നത് കൊണ്ടല്ലേ ചതിയിലൂടെ പലരും അഴുക്കുചാലിൽ വീണുപോയത്. ഒരു വീട്ടിലെ സകല പണിയും എടുത്തു പാതി ബോധത്തിൽ ഉറങ്ങാൻ വരുന്നവർ കിടപ്പറയിൽ പുരുഷന് അവസരം നിഷേധിക്കുന്നത് പോലും ഇതിനൊക്കെ നിമിത്തമാണ് എന്ന് വേണമെങ്കിൽ പറയാം.
ആരെയൊക്കെ കുറ്റം പറയാതെ ഇരിക്കാം? ഇതൊക്കെ ഇല്ലാതിരുന്നെങ്കിൽ സ്ത്രീകൾ സുരക്ഷിതരായി വീടുകളിൽ പോലും ഇരിക്കില്ല. ഇതിനൊക്കെ നീ കാരണക്കാരൻ അല്ലല്ലോ, നിനക്കിതിൽ ഒന്നും ചെയ്യാനുമില്ലെങ്കിൽ പിന്നെ എന്തിനു നീ ദുഖത്തിലാകുന്നു?"
വിനു ചിന്തകളുടെ ഗർതത്തിലേക്കു വീണു പോയി. തലതാഴ്ത്തി അവൻ നിശ്ചലനായി.
"ഈ ഇരമ്പുന്ന കടൽ നിന്നെ കൂടുതൽ കഷ്ടപ്പെടുത്തും... ഒരു മലയുടെ മുകളിലെ നിശബ്ദത നിന്നെ ശാന്തനാക്കും..."
എന്തോ ചോദിക്കാൻ എന്നപോലെ അയാളുടെ നേരെ തിരിഞ്ഞ വിനു കണ്ടത് കടലിനോട് ചേർന്നുള്ള വലിയൊരു മലയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന അർദ്ധ നഗ്നനായ പ്രായം ചെന്ന മനുഷ്യനെയാണ്. അയാളെ പിന്തുടരനായി നടന്നു തുടങ്ങി വിനു.
മനസ്സിൽ പല രൂപങ്ങൾ മിന്നി മറയുന്നുണ്ട്... അമ്മ, അച്ഛൻ, അനിയൻ, കൂട്ടുകാർ, ഹരിയേട്ടൻ,... അവനു നടത്തം തുടരാൻ കഴിയാതെ അവശനായി നിന്നുപോയി. കാൽമുട്ടിൽ കൈകൾ ഊന്നി നിശ്ചലനായി നിന്ന് പോയി.
തല ഉയർത്തി അയാളെ തിരയാൻ തുനിഞ്ഞ വിനു ചുറ്റുപാടും നോക്കി തരിച്ചു നിന്നുപോയി. അവൻ ഇപ്പോൾ ഹോട്ടൽ റൂമിന്റെ മുന്നിൽ ആയിരുന്നു.
എന്താ സംഭവിച്ചതെന്നു മനസ്സിലാവാതെ ചുറ്റും കണ്ണോടിക്കുന്നതിന്റെ ഇടയിൽ ആരോ ചെവിയിൽ മന്ത്രിച്ചു...
"ഓർമ്മകളുടെ തീരത്തു നിന്നും... ശൂന്യതയുടെ കൊടുമുടിയിലേക്ക്... "
Bạn đang đọc truyện trên: Truyen247.Pro