ഭാഗം 3
എങ്ങനെയോ റോഡിനു വെളിയിൽ പോകാതെ വിഷ്ണു സൈഡ് ഒതുക്കി. ചീത്ത വിളിച്ചാൽ ഗ്ലാസ് ഉയർത്തി ഇട്ട് ac യിൽ ഇരിക്കുന്ന ഇന്നോവകാരൻ കേൾക്കില്ല എന്നറിയാവുന്നതുകൊണ്ട് ഈ നൂറ്റാണ്ടിൽ കേരളത്തിൽ വിശ്വവിഖ്യാതമായ കയ്യിലെ നടുവിരൽ ഉയർത്തി കാണിച്ചു വിഷ്ണു ഇന്നോവ ചേട്ടന് അങ്ങേര് കാണിച്ച സ്കില്ലിന് അഭിനന്ദനങ്ങൾ കൊടുത്തു. വണ്ടി ചവിട്ടി നിർത്താതെ തന്നെ ഒരു കൈ കൊണ്ട് വണ്ടി പിടിച്ച വിഷ്ണുവിന്റെ സ്കിൽ കണ്ടപ്പോൾ വിനുവിന്റെ കിളി ഒന്ന് പറന്നു എന്നുവേണം പറയാൻ.
വീടെത്തിയപ്പോൾ അമ്മ വിനുവിനെ കണ്ടിട്ടും കണ്ടില്ല എന്നപോലെ കയറിപ്പോയി. സമയം രാത്രി 8 കഴിഞ്ഞു,ഒരാഴ്ച കഴിഞ്ഞു വിനു വന്നിട്ട് ഇതുവരെ അച്ഛനെ കണ്ടിട്ടില്ല. ഇന്നലെ എത്തിയപ്പോൾ അച്ഛൻ ഉറക്കത്തിൽ,രാവിലെ വിനു എണീറ്റപ്പോൾ അച്ഛൻ കവലയ്ക്ക് പോയി. അവനു വേണ്ടി അമ്മ ഉച്ചയ്ക്ക് ഉണ്ടാക്കിയ ഊണും സ്പെഷ്യൽ ചീര തോരനും ഒക്കെ തണുത്തുപോയി.അച്ഛൻ ഹാളിൽ ഇരുന്നു ടീവി കാണുന്നുണ്ട്. അടുത്ത് ചെന്ന് വിശേഷം ഒക്കെ പറഞ്ഞു മുറിയിൽ കയറി. ബ്ലൂട്ടൂത് സ്പീക്കർ on ചെയ്തു ഒരു പാട്ട് വച്ച് റൂം അടുക്കാൻ തുടങ്ങി.
ഇടയിൽ ഒരു കപ്പ് കാപ്പിയുമായി അമ്മ പിണക്കം മാറ്റാൻ വന്നു. വിനുവിന് ഉള്ളിൽ വിഷമം തോന്നിപ്പോയി. അമ്മയുടെ സ്നേഹം...അമ്മ കപ്പ് കയ്യിൽ കൊടുത്തിട്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
"മോൻ എവിടെ പോയതാ... ഇപ്പോൾ വരാം എന്ന് പറഞ്ഞു നീ പോയിട്ട് ഒന്ന് വിളിച്ചു പോലും പറഞ്ഞില്ലല്ലോ, നിന്നെ നോക്കി ഇരുന്നു ഞാൻ ഉച്ചയ്ക്ക് കഴിച്ചില്ല. ആഴ്ചയിൽ ഒരു ദിവസം അല്ലേ എന്റെ അടുത്ത് വരുന്നത്. നിന്നെ ആ ദിവസം ഇവിടെ വീട്ടിൽ വേണം. ഇനി മേലാൽ ഇങ്ങനെ ചെയ്യരുത് "
'അമ്മേ, എനിക്ക് അവരുടെ കൂടെ കുറച്ചു സമയം ഇരിക്കണം എന്നെ ഒള്ളു. ഒരു സന്തോഷം, ക്ലാസ്സ് എടുത്തു മടുത്തു ഒരു നല്ല മരം പോലും ഇല്ലാത്ത ടൗണിൽ നിന്ന് ഇവിടെ വരുമ്പോൾ വീട്ടിൽ അടച്ചിരിക്കാൻ വയ്യ '
"നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്, ഞങ്ങൾ എന്നും നിന്റെ കൂടെ കാണില്ലാട്ടോ "
വിനു അമ്മയ്ക്കിഷ്ടമുള്ള പാട്ട് വച്ചു. അമ്മയെ കൈകളിൽ പിടിച്ചു എണീപ്പിച്ചു വട്ടം കറക്കി. അമ്മ ഒരു ചമ്മിയ ചിരി ഒളിപ്പിക്കുന്നുണ്ട്.ഡോറിൽ വന്നു നിന്ന് ഇത് കണ്ട് നിൽക്കുന്ന അച്ഛനെ കാണാൻ വിനുവും അമ്മയും വൈകി.'ചോറ് എടുത്തു വയ്ക്കുവാണേൽ ഞാൻ ഉണ്ട് കാണിച്ചു തരാമായിരുന്നു എന്ന് പറഞ്ഞു അച്ഛൻ കുലുങ്ങി ചിരിച്ചു '. വിനുവും അമ്മയും ചിരിച്ചുകൊണ്ട് അച്ഛനെയും കൂട്ടി കഴിക്കാൻ ഇരുന്നു. അനിയൻ നേരത്തെ മേശയിൽ ഹാജർ ഉണ്ട്. അത്താഴം കഴിഞ്ഞു കിടന്ന വിനു രാവിലെ 5 ന് എണീറ്റ് നേരെ എറണാകുളം വിട്ടു.
അന്ന് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ആണ്. പിന്നെ placement ന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ആ day അങ്ങ് പോകും. ഉച്ചകഴിഞ്ഞു സാറിന്റെ വക ഒരു ബിരിയാണി ഉണ്ട്. എല്ലാ സ്റുഡന്റ്സും ടീച്ചേഴ്സും ഉണ്ടാവും.എല്ലാവരും ഒന്നിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുത്തു സന്തോഷത്തോടെയാണ് പിരിയുന്നത്.
ഉച്ചകഴിഞ്ഞു സുജിത് സർ വിനുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു.
"അഡ്വാൻസ്ഡ് പ്രൊഡക്ഷൻ പ്രോസസ്സ് ന്റെ ഏതിന്റെയെങ്കിലും ഒരു കോഴ്സ് കൂടെ തുടങ്ങാൻ ഉള്ള പ്ലാൻ ഉണ്ട്. അതുമായി ബന്ധപ്പെട്ട ഒന്നുരണ്ട് സോഫ്റ്റ്‌വെയർ കൂടി നീ പഠിക്കണം. ട്രെയിനിങ് പൂനെ യിൽ ആണ്. ഈ week പോകാൻ റെഡി ആയിക്കോ. "
വിനുവിന്റെ മുഖത്ത് സന്തോഷം ആയിരുന്നു. ധാരാളം കോട്ടകൾ ഉള്ള സംസ്ഥാനം ആണ് മഹാരാഷ്ട്ര. അതും വലിയ മലകളുടെ മുകളിൽ പണിത കോട്ടകൾ... വിനു അവിടെ ഇരുന്നു ദിവാസ്വപ്നം കണ്ടു തുടങ്ങി. അതിരാവിലെ തന്നെ ഏതേലും കോട്ട കാണാൻ പോകുക, പിന്നെ ക്ലാസ്സിൽ കയറുക... ആഹാ...
"വിനു, നീ പഠിക്കാൻ പോകുന്ന സോഫ്റ്റ്‌വെയർ ന്റെ ഡീറ്റെയിൽസ് കുമാർ സർ തരും. ഒരു study നടത്തി ടോട്ടൽ എത്ര ഡേയ്‌സ് വേണം എന്ന് നാളെ പറയണം."
'Ok sir'.
അന്ന് റൂമിൽ എത്തിയ വിനു വീട്ടിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു.കുമാർ സർ നെ വിളിച്ചു സംസാരിച്ചു. കുമാർ സർ പതിവുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രധാന സംസാരം കഴിഞ്ഞ ഉടൻ പതിവ് കാര്യങ്ങൾ ചർച്ചയിൽ വച്ചു. കല്യാണം നീണ്ടു പോയ കുമാർ സർ വിനുവിനോട് ഒരു പ്രണയത്തിൽ എത്തിപ്പെടാൻ പറയാറുണ്ട്. സത്യത്തിൽ സിംഗിൾ പസങ്കേ പാട്ടുപാടി നടക്കുന്ന അലവലാതി ചിന്തകളിൽ അല്ല വിനു. ആരും അങ്ങനെ വരാനില്ലാത്തത്കൊണ്ട് വിനു ഈ കാര്യത്തിൽ നിസ്സഹായനാണ് എന്ന സത്യം പക്ഷെ സർ അറിഞ്ഞിട്ടില്ല. എന്ന് വിളിച്ചാലും അവസാനം ഇത് പറഞ്ഞാണ് അവരുടെ സംഭാഷണം അവസാനിപ്പിക്കാറുള്ളത്.
അന്ന് തന്നെ സുജിത് സാറിനെ വിളിച്ചു തീരുമാനം പറഞ്ഞു, അടുത്ത ദിവസങ്ങളിൽ ഒന്നിന് thathkal ബുക്കിങ് വഴി ടിക്കറ്റ് അറേഞ്ച് ചെയ്യാൻ നോക്കാം എന്ന് പറഞ്ഞു സുജിത് സർ ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് രാവിലെ റൂമിലെ ചങ്ങായി ആകാശിനോട് വൈകുന്നേരം കറങ്ങാൻ ഇറങ്ങാം എന്ന് പറഞ്ഞു. പക്ഷെ അവൻ വരുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. പണി എടുക്കുക പുകച്ചു തള്ളുക, ഇതാണ് അവന്റെ രീതി. വന്നുവന്ന് അവൻ തന്നെ സ്വയം വെറുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ നിർത്താനാവാത്തവിധം വലി അവനിൽ വേരുറപ്പിച്ചിരുന്നു.
ആരും കൂട്ടിനു വരില്ല എന്ന് ഉറപ്പായപ്പോൾ ഒറ്റയ്ക്ക് പോകാം എന്ന് തീരുമാനം ആയി. ഇനി എന്തായാലും അവനു പൂനെ പോയി വന്നിട്ട് ഓഫീസിൽ പോയാൽ മതി. അടുത്ത ബാച്ച് വരുന്നത് വരെ കുമാർ സാറും ഫ്രീ ആണ്. പക്ഷെ സർ അങ്ങനെ പുറത്തേക്ക് പോകാറില്ല അധികം.
അന്ന് പോയി ട്രെയിൻ യാത്രയ്ക്ക് വേണ്ട അവശ്യ സാധനങ്ങൾ വാങ്ങി. ഒന്ന് രണ്ട് ജോഡി ഡ്രെസ്സ് എടുത്തു.ഒരു കെട്ട് ഷർട്ട് എടുത്തിട്ട് തപ്പുന്നതിന്റെ ഇടയിൽ വിനു നിതിൻറെ പുരാണം ഓർത്തു ചിരിച്ചുപോയി. അതുകണ്ടു കൺഫ്യൂസ് ആയ സെയിൽസ് ഗേൾ ഇയാൾക്ക് വട്ടായോ എന്നപോലെ അവനെ നോക്കി. ആ നോട്ടം കണ്ടപ്പോൾ വീണ്ടും വിനുവിന് ചിരിവന്നു എങ്കിലും അടക്കി വയ്ക്കേണ്ടി വന്നു. അഭിമാനം ആണല്ലോ നമ്മടെ മെയിൻ...
അവിടെ നിന്ന് ഇറങ്ങി ഒരു ലൈം കുടിക്കാൻ കടയിൽ കയറി. ഓർഡർ എടുത്തു ആള് പോയിട്ട് നേരം കുറെ ആയിരുന്നു. അതിനിടയിൽ ആണ് ഒരു കാൾ വരുന്നത്. ഫോൺ ഡിസ്പ്ലേയിൽ 'പൊന്നൻ' എന്ന പേര് കണ്ടപ്പോൾ അറിയാതെ വിനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവർ രണ്ടും ബാല്യകാല സുഹൃത്തുക്കൾ ആണ്. UP സ്കൂൾ വരെ ഒന്നിച്ചു പഠിച്ചവർ. പിന്നീട് കണ്ടുമുട്ടുന്നത് റിയൂണിയൻ വന്നപ്പോൾ ആണ്. ആ സൗഹൃദം വീണ്ടും അങ്ങനെ തുടർന്നു.
വിനു : എന്താ പൊന്നാ അവിടെ വിശേഷം?
പൊന്നൻ : ഒരു വിശേഷം ഉണ്ടെടാ... അതാ നിന്നെ വിളിച്ചത്.
വിനു :അതെന്താ ശബ്ദത്തിന് ഒരു ശോകംഭാവം?
പൊന്നൻ :കോളേജിൽ എനിക്കൊരു പ്രണയം ഉള്ള കാര്യം ഞാൻ പറഞ്ഞിട്ടില്ലേ...
വിനു :ആം... അറിയാം. രണ്ടും കൂടി വഴക്കിട്ടോ?
പൊന്നൻ :വഴക്കല്ല. ഇത് ബ്രേക്ക് അപ്പ് ആണ്. ബൈ പറഞ്ഞു ഒരു പോക്ക് പോയിട്ട് തിരിച്ചു ഇതുവരെ ഒരു മറുപടി തന്നിട്ടില്ല.
വിനു മറുപടി പറയാൻ അല്പം ശങ്കിച്ചുപോയി. തമാശക്കുള്ള പ്രണയം അല്ല അവളുടേത് എന്ന് അവനറിയാമായിരുന്നു.സംസാരത്തിൽ ഉള്ള സ്ഥായി ഭാവം പലതും മറയ്ക്കുന്നുണ്ടെന്ന് തോന്നി.
വിനു :ചെറിയ പിണക്കം വലിച്ചു നീട്ടിയതാണെങ്കിൽ പറഞ്ഞു തീർത്തുകൂടെ?
പൊന്നൻ :കാരണം ഒന്നും ഇല്ലാതെ വെറുതെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാ. കുറച്ചു നാൾ ആയി. നിന്നോട് ഇപ്പോൾ പറയണം എന്ന് തോന്നി. ആ സമയത്തുള്ള മൂഡ് ഓഫ് ഒക്കെ പോയി. ഒരു പക്ഷെ ഇതായിരിക്കാം സംഭവിക്കേണ്ടത്.
വിനു :നമുക്ക് അയാളെ പോയി ഒന്ന് കണ്ട് സംസാരിച്ചാലോ?
പൊന്നൻ :അതൊന്നും വേണ്ടെടാ.
വിനു :ശേ...നിന്റെ 6 അടി പൊക്കത്തിനു പറ്റിയ ഒരു ചെക്കനാ പോയത്. ഇനി കട്ട താടിയും ബുള്ളറ്റും ഉള്ള ആളെ ഇങ്ങനെ ഒത്തു കിട്ടില്ലാട്ടോ.
പൊന്നൻ :പോടാ മരമാക്രി...കറക്റ്റ് ആൾ വരാൻ സമയം ആയിട്ടില്ലായിരിക്കും.
വിനു :എന്നാ വരട്ടെ... ഇപ്പോൾ എന്നെ കാത്തു ഒരാൾ ഇവിടെ ഇരിക്കുന്നുണ്ട്, എന്റെ നാരങ്ങാവെള്ളം. ഞാൻ അതിനെ സമാധാനിപ്പിച്ചിട്ട് വരാം.
പൊന്നൻ :എവിടെ കറങ്ങാൻ പോയതാടാ നീ?
വിനു :വൈകാതെ പൂനെ വരെ ഒന്ന് പോകേണ്ടി വരും. അതിനു വേണ്ടി ചില്ലറ ഷോപ്പിംഗ് നടത്തി റൂമിൽ പോകാൻ വേണ്ടി നിൽക്കുകയാണ്.
പൊന്നൻ :ആ...എന്നാൽ നീ കാത്തിരിക്കുന്നയാളെ വെറുതെ വിഷമിപ്പിക്കേണ്ട... Bye
വിനു :ഓക്കേ buddy, bye
അവൾ സങ്കടത്തിൽ ആണ്. ആത്മാർത്ഥമായി സ്നേഹിച്ചയാൽ പോകുമ്പോൾ സങ്കടം വരും . കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ എന്നോർത്ത് വിനു ഒരു നെടുവീർപ്പിട്ടു.
അധികം വൈകാതെ റൂമിൽ എത്തിയില്ലെങ്കിൽ ഇന്നും ഫുഡ് swiggi യിൽ ഓർഡർ ചെയ്യേണ്ടി വരും എന്നോർത്ത് നേരെ വണ്ടിയിൽ കയറി. പക്ഷെ അപ്രതീക്ഷിതമായി വീണ്ടും ഫോൺ ഒച്ചവയ്ക്കാൻ തുടങ്ങി. ഹരിയേട്ടന്റെ കാൾ ആണ്. അവൻ ഫോൺ എടുത്തു.
ഹരി :എനിക്ക് ഇന്ന് രാത്രി തന്നെ നിന്നെ ഒന്ന് കാണണം. ഫ്ലാറ്റിലേക്ക് വന്നാൽ മതി. ഇനി ഒരുപക്ഷെ കാണാൻ പറ്റിയെന്നു വരില്ല.
വിനു :എന്താ പറ്റിയെ ഹരിയേട്ടാ... ഇങ്ങനൊക്കെ പറയാൻ?
ഉത്തരം പറയാൻ നിൽക്കാതെ ഹരി ഫോൺ കട്ട് ചെയ്തു.
തുടരും...
Bạn đang đọc truyện trên: Truyen247.Pro