Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

നന്മ..

ജൂണിലെ കോരിച്ചൊരിയുന്ന മഴ, ബസ് സ്റ്റോപ്പിൽ ഇറങ്ങി പിന്നെയും പത്തു മിനിറ്റ് നടക്കണം വീട്ടിലേക്ക്, രാവിലെ മര്യാദയ്ക്ക് അമ്മയെ അനുസരിച്ചാൽ മതിയായിരുന്നു, കുടയെടുത്തോ വൈകുന്നേരം മഴ പെയ്യും എന്നൊ പറഞ്ഞപ്പോൾ, കുടയും കയ്യിൽ പിടിച്ചു പോകാൻ മടിയാണെന്നു പറഞ്ഞു,  ടീച്ചർന്മാരുടെയെല്ലാം കയ്യിൽ എപ്പോഴും കുട കാണാറില്ലേ എന്ന അമ്മയുടെ ചോദ്യത്തിന്,പരിഹാസത്തോടെ അമ്മയോട് സാരിയും ഒരു കയ്യിൽ ഗർഭണിയുടെ വയർ പോലെ വീർത്ത ഹാന്റ്ബാഗും മറുകയ്യിൽ ഒരു കറുത്ത കുടയും പിടിച്ചു പോകുന്ന ടീച്ചർന്മാരുടെ കാലമൊക്കെ കഴിഞ്ഞെന്നും പറഞ്ഞു കുടയെടുക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയത് വലിയൊരു മണ്ടത്തരമാണെന്നു ഇപ്പോൾ മനസ്സിലായി. ബസ്സിന്റെ ജനൽകമ്പിയിൽ കൂടി പുറത്തെ മഴയെ നോക്കി ഞാൻ നെടുവീർപ്പിട്ടു.

എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി, പക്ഷേ മഴ അതറിഞ്ഞില്ല എന്നു തോന്നുന്നു, ആശാൻ ഇപ്പോഴും പെയ്തുകൊണ്ടേ ഇരിക്കുകയാണ്... ബസ്സ് നിർത്തിയപ്പോൾ ഇറങ്ങുകയെല്ലാതെ വേറെ നിവർത്തിയില്ലാലോ, ഇറങ്ങി ബസ്റ്റോപ്പിൽ നിൽക്കാം മഴ കുറയുമായിരിക്കും, ഇല്ലെങ്കിൽ ഓരോട്ടോ പിടിച്ചെങ്കിലും പോവാം.

അടുത്തൊരു കട പോലും ഇല്ലാത്ത ആ ബസ്സ് സ്റ്റോപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞു, മഴ കൂടുതൽ ശക്തിയോടെ പെയ്തതല്ലാതെ ഒട്ടും കുറഞ്ഞില്ല, ഓട്ടോ പിടിച്ചു പോകാം എന്ന് വെച്ചാൽ ഓട്ടോ പോയിട്ട് ഒരു സൈക്കിൾ പോലും ആ വഴി വന്നില്ല. മഴയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു നടക്കുന്ന എനിക്ക് തന്നെ മഴയോട് ദേഷ്യം തോന്നി തുടങ്ങി.

നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു, ഉള്ളിൽ എവിടെക്കൊയോ ഭയവും പൊട്ടിമുളക്കാൻ തുടങ്ങി. വീട്ടിൽ അമ്മയും ഭയന്നു തുടങ്ങിയിട്ടുണ്ടാവും കാലിനു വയ്യാതിരിക്കുകയാണ് ഇല്ലെങ്കിൽ എന്നെ അന്വേഷിച്ചു ഇങ്ങോട്ടെത്തിയേനെ...

മഴ കുറയുമെന്ന് തോന്നുന്നില്ല, ഞാൻ റോഡിലേക്ക് നോക്കി. ഇത്രയും നേരത്തിനിടയിൽ ഒന്ന് രണ്ടു ബസ്സും കാറും മാത്രമാണ് ഇതുവഴി പോയത്... അപ്പോഴായിരുന്നു ദൂരെ നിന്നും ഒരു ബൈക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടത്, ഇങ്ങോട്ടേക്കാണ് ആ വരവ് എന്ന് കണ്ടതും ഞാൻ കുറച്ചു പിറകോട്ടേക്ക് മാറി നിന്നു. ആ യാത്രക്കാരൻ എന്നെ കാണേണ്ട എന്ന് കരുതി തന്നെ.

പക്ഷേ എന്റെ നിർഭാഗ്യമാണെന്നു കരുതുന്നു, ബസ്സ് സ്റ്റോപ്പിന്റെ അടുത്തെത്തിയതും ആ ബൈക്കുകാരൻ എന്നെ കണ്ടു.ബൈക്കിന്റെ സ്പീഡ് കുറച്ചു തലചെരിച്ചു ചുറ്റോടും വീക്ഷിക്കുന്നത് കണ്ടതും ഞാൻ പേടിയോടെ ശ്വാസമടക്കിപിടിച്ചു നിന്നു. സ്പീഡ് കുറച്ചു കൊണ്ട് തന്നെയെങ്കിലും ആ ബൈക്ക് എന്നെ മുന്നോട്ട് ഓടിച്ചു പോകുന്നത് കണ്ടപ്പോൾ ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞതും എന്നെ കൂടുതൽ ഭീതിപ്പെടുത്തി കൊണ്ടു ആ ബൈക്കു തിരിച്ചു വരുന്നത് കണ്ടു. ഞാൻ നിൽക്കുന്ന ബസ്റ്റോപ്പിന് തൊട്ട് മുന്നിലായി ബൈക്ക് നിർത്തി ആ യാത്രക്കാരൻ ബൈക്കിൽ നിന്നും ഇറങ്ങി. തലയിലായി ഇട്ടിരുന്ന റെയിൻ കോട്ടിന്റെ തൊപ്പി കഴുത്തിന് പിന്നിലേക്കായി ഇട്ടു. കണ്ടാൽ ഒരു കോളേജ് പയ്യൻ എന്ന തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അത്. അവൻ എന്നെ ഒന്ന് നോക്കിയശേഷം ചുറ്റോടും കണ്ണോടിക്കുന്നത് കണ്ട് പേടിയിൽ എന്റെ നെഞ്ചിടിപ്പ് കൂടി. ശേഷം അവൻ ആ ബസ്സ്‌സ്റ്റോപ്പിനുള്ളിലേക്ക് കയറി എന്നിൽ നിന്നും മാറി ഇരിപ്പിടത്തിൽ കയറി ഇരുന്നു.

ഈ മഴയിൽ തന്നെ ഇറങ്ങി ഓടിയാലോ? റോഡിലേക്ക് നോക്കി ഞാൻ ചിന്തിച്ചു. പക്ഷേ പേടിയുള്ളത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ കാലുകൾ ഒരടി പോലും മുന്നോട്ട് ചലിച്ചില്ല. ഞാൻ ഇടംകണ്ണിട്ട് അവനെ നോക്കി മൊബൈലിൽ എന്തോ കുത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഇത്തിരി ആശ്വാസം തോന്നി.

എതിർ സൈഡിൽ നിന്നും വീണ്ടും ഏതോ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ആ ഭാഗത്തേക്ക് നോക്കി. ദേ വീണ്ടും ഒരു ബൈക്ക്. ആ ബൈക്കാരനും ബസ്റ്റോപ്പിന് മുന്നിലായി നിർത്തി. അതോടെ പേടിയിൽ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.

കഴിഞ്ഞു എന്റെ ജീവിതം ഇവിടെ ഇതാ അവസാനിക്കാൻ പോകുന്നു,  ഇരുപത്തിയേഴ് കാരിയായ ടീച്ചർ ക്രൂരപീഢനത്തിരയായി. നാളത്തെ പത്രത്തിന്റെ തലക്കെട്ട് എന്റെ മുന്നിൽ തെളിഞ്ഞു വന്നു. കരഞ്ഞു തളർന്ന അമ്മയുടെ മുഖവും, സഹതാപത്തോടെ നോക്കുന്ന അയൽക്കാരും നാട്ടുകാരും കൂടെ ജോല് ചെയ്യുന്ന ടീച്ചേഴ്സും വിദ്യാർത്ഥികളും... ഞാൻ ഭീതിയോടെ കണ്ണുകൾ ഇറുക്കിയടച്ചു.

ചേച്ചി... പെട്ടന്നായിരുന്നു ആ ശബ്ദം! ചേച്ചിയോ! കൂടപ്പിറപ്പായിട്ട് ഒരു സഹോദരനോ സഹോദരിയോ ഇല്ല ചേച്ചി എന്നു വിളിക്കാൻ. ആകെ ചേച്ചി എന്നു വിളിക്കുന്നത് ബസ്സിലെ ഏകദേശം എന്റെഛന്റെ പ്രായം തോന്നിക്കുന്ന കണ്ടക്ടറാണ്. പിന്നെയാരാണ് എന്നെയിപ്പോൾ ചേച്ചി എന്ന് വിളിക്കുന്നത്! ചേച്ചി... വീണ്ടും ആ ശബ്ദം കേട്ടു കൂടെ ബാഗിൽ പിടിച്ചുള്ള ചെറിയൊരു വലിയും, ഞാൻ പെട്ടെന്ന് തന്നെ കണ്ണുതുറന്നു.

എനിക്ക് മുന്നിലായി പുഞ്ചിരിയോടെ നിൽക്കുന്ന രണ്ട് ചെറുപ്പക്കാരെ കണ്ടതും ഞാൻ അവരെ തുറിച്ചു നോക്കി. ഇവരാണോ എന്നെ ചേച്ചി എന്ന് വിളിച്ചത്!

ഇതാ ചേച്ചീ എന്നും പറഞ്ഞു നേരത്തെ ബസ്റ്റോപ്പിൽ കയറി നിന്നവൻ എനിക്ക് നേർക്ക് ഒരു കുട പുഞ്ചിരിയോടെ നീട്ടി പിടിച്ചു. ഞാൻ ആ കുടയിലേക്കും അവരുടെ മുഖത്തേക്കും മാറിമാറി നോക്കി. അവരുടെ മുഖത്തു തെളിഞ്ഞു നിൽക്കുന്ന ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ നോക്കി നിൽക്കേ യാന്ത്രികമായി എന്റെ കൈ ആ  കുടയിലേക്ക് നീങ്ങി അത് വാങ്ങിച്ചു.

ഒന്ന് രണ്ട് നിമിഷം അവരെ തന്നെ നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ ഞാൻ ആ കുടയും നിവർത്തി റോഡിലിറങ്ങി. കുറച്ചു മുന്നോട്ട്  നടന്ന ശേഷം ഞാൻ തിരിഞ്ഞു ആ ബസ്റ്റോപ്പിലേക്ക് നോക്കി. അപ്പോഴും ആ ചെറുപ്പക്കാർ രണ്ടുപേരും അതേ പുഞ്ചിരിയോടെ തന്നെ എന്നെ നോക്കി അവിടെയുണ്ടായിരുന്നു. ഞങ്ങൾ സ്ത്രീകളെ എന്നും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്നൊരർത്ഥം ആ പുഞ്ചിരിയിൽ ഉള്ളത് പോലെ തോന്നിയെനിക്ക്... മനസ്സ് നിറഞ്ഞൊരു പുഞ്ചിരി തിരിച്ചു സമ്മാനിച്ചുകൊണ്ടു ഞാൻ തിരിഞ്ഞു ആ ഇരുട്ടിക്കൊണ്ടിരിക്കുന്ന വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങി. ആ അപരിചിതരായ ചെറുപ്പക്കാരെ പോലെ ഞങ്ങൾ സ്‌ത്രീകളെ സംരക്ഷിക്കാൻ അനേകം ആളുകൾ ഇനിയും ഈ ലോകത്തുണ്ടെന്ന തികഞ്ഞ വിശ്വാസത്തോടെ.......

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ശുഭം..☺

Bạn đang đọc truyện trên: Truyen247.Pro