ഒന്നുമാത്രം
ഒരു കഥ പറയാം .മൂന്നു പെൺകുട്ടികളുടെ കഥ ...എടുത്ത് പറയാനായി ഇതിൽ ഒരു നായകനോ വില്ലനോ ഇല്ല ,പക്ഷെ മനുഷ്യരല്ലാത്ത ചില വില്ലന്മാരെയും നായകന്മാരെയും ഇതിൽ കണ്ടെത്താം .
സുഹൃത്തുക്കൾ ആയ മൂന്നു പേർ,ഒരേ ചിന്താഗതിയും വീക്ഷണവും ഉള്ളവർ .വീടുകൾ ഒത്തിരി അകലത്തിൽ ആയിരുന്നില്ല എങ്കിൽ പോലും കണ്ടുമുട്ടാൻ കുറച്ചു സമയം എടുത്തു എന്ന് പറയാം .ആദ്യത്തെ ആൾ മാളു ,ഡിഗ്രിക്ക് പഠിക്കുന്നു .രണ്ടാമത്തെയാൾ ദേവു,അവളും ഡിഗ്രി തന്നെ .പക്ഷെ മാളുവിനെക്കാളും ഇളയതാണ് .മൂന്നാമത്തെയാൾ അഞ്ചു .കൂട്ടത്തിൽ ഇളയവൾ ഈ കക്ഷി ആണ് .കൂട്ടായതിൽപ്പിന്നെ എല്ലാത്തിനും അവർ ഒന്നിച്ചുണ്ടായിരുന്നു .
ഇടക്കാലത്തുവച്ച് മൂന്നു പേരും യാത്ര ബ്ലോഗുകൾ വായിക്കുന്നത് ഒരു ശീലം ആക്കി .വായനയിലൂടെ അവർക്ക് ബ്ലോഗിലെ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്നുണ്ടായിരുന്നു .അങ്ങനെ യാത്രകളുടെ മനോഹാരിത അവരെ വല്ലാതെ ആകർഷിച്ചുതുടങ്ങി.പയ്യെ പയ്യെ അവരുടെ ഉള്ളിൽ ഒരു യാത്ര പോകണം എന്ന ആഗ്രഹം മുളപൊട്ടി .ഇഷ്ട്ടമുള്ള കാര്യം നടത്താൻ വേണ്ടി വീട് വരെ പൊളിക്കുന്ന അഞ്ജുവിനും ദേവൂനും മാളുവിനും പക്ഷെ ഇതൊരു കീറാമുട്ടി ആയിരുന്നു .മൂന്നു പേരുടെ വീട്ടുകാരും തിരക്കും മറ്റു തടസ്സങ്ങളും കാരണം യാത്രകൾക്കൊന്നും അവരെ കൊണ്ടുപോയിരുന്നില്ല .മാളുവിനും അഞ്ജുവിനും ചേട്ടൻ ഉണ്ട് .പക്ഷെ മാളുവിന്റെ ചേട്ടന് ജോലിത്തിരക്ക് കാരണം ഒഴിവുസമയം കിട്ടാറില്ല .അഞ്ജുവിന്റെ ചേട്ടൻ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയത് കണ്ട് അവൾ വെറുത്തു നിൽക്കുകയാണ് .അച്ഛനോട് ഞങ്ങളെ ഒരു യാത്രക്ക് കൊണ്ടുപോകുമോ എന്നൊക്കെ ദേവു ചോദിച്ചു നോക്കിയെങ്കിലും ക്ളീഷേ മറുപടി ആണ് കിട്ടിയത് .
പതുക്കെ എല്ലാവരും ബ്ലോഗ് വായന നിർത്തി വ്ലോഗ് കാണാൻ തുടങ്ങി .പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കണ്ട് അവർ ആശ്വസിച്ചു .എന്നാൽ സംഗതി വീണ്ടും വഷളാവുകയായിരുന്നു .വ്ലോഗ് കണ്ടുതുടങ്ങിയത് മുതൽ ഒരു യാത്ര പോകാനുള്ള ആഗ്രഹം കൂടി തുടങ്ങി .മാളുവും ദേവുവും പയ്യെ വ്ലോഗ് കാണലും നിർത്തി .കലി അടങ്ങാത്ത അഞ്ചു ട്രിപ്പ്ന്റെ status ഇടുന്നവരുടെ status mute ചെയ്തു .ചിലരെ മെസേജ് ചെയ്തു ചീത്തയും വിളിച്ചു ,വീട്ടിലിരിക്കാൻ ഉപദേശിക്കുകയും ചെയ്തു .കൂട്ടത്തിൽ ഇളയവൾ ആണെങ്കിലും അഞ്ജുവിന്റെ സ്വഭാവം ബാക്കി രണ്ടു പേർക്കും പ്രവചിക്കാൻ പറ്റാറില്ല .ഇടയ്ക്കൊക്കെ അഞ്ചു കോൺഫറൻസ് കാൾ വിളിച്ചു ട്രിപ്പ് പോകുന്ന കാര്യം ഒക്കെ സംസാരിക്കും . ഒന്നും നടക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ഒച്ചപ്പാടുണ്ടാക്കി പോകും .എന്ത് പറയാനാ ,ഒടുക്കം അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് പറഞ്ഞു ഫെമിനിസ്റ്റ് ഛായയുള്ള പോസ്റ്റുകൾ കൊണ്ട് അവളുടെ instagram story യിൽ ട്രെയിൻ ഓടിത്തുടങ്ങി .
പ്രിയപെട്ടവരുടെ കൂടെ കളിയും ചിരിയും ഒക്കെയായി ഇതുവരെ കാണാത്ത ഒരു സ്ഥലത്തുപോയി അല്പസമയം ചിലവഴിച്ചു വരുന്നതിനു എന്താണ് തടസ്സം എന്ന് ദേവുവും മാളുവും ആലോചിക്കാൻ തുടങ്ങി .രാവിലെ പോയാൽ വൈകുന്നേരം തിരിച്ചെത്താവുന്ന ഒത്തിരി സ്ഥലങ്ങൾ ഉണ്ടല്ലോ ,ഒന്ന് കണ്ടെത്തി ഒരു ദിവസ്സം അങ്ങ് പോകണം ,വേറെ ആരെയും കൂട്ടാതെ .മാളുവും ദേവുവും ആ തീരുമാനത്തിൽ എത്തിയപ്പോൾ ഒരു കോൺഫറൻസ് കാൾ വിളിയിൽ ചർച്ചക്ക് വച്ചു.എതിർപ്പില്ലാതെ അംഗീകരിച്ചു എല്ലാവരും .എവിടെ ? എപ്പോൾ ? എങ്ങനെ ?ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വേണ്ടിയാണു പിന്നെ തിടുക്കം .എങ്ങനെ എന്ന ചോദ്യത്തിന് ബസ് എന്ന ഉത്തരം ആലോചിക്കാതെ തന്നെ കിട്ടിയിരുന്നു .അങ്ങനെ എല്ലാവരും പോകാൻ പറ്റിയ സ്ഥലം നോക്കി തുടങ്ങി .അഞ്ജുവിന്റെ ഒരു കസിൻ ചേട്ടൻ പോയ ഒരു സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അവൾ പുതുതായി ഉണ്ടാക്കിയ ഗ്രൂപ്പിൽ ഇട്ടു ."കാൽവരി മൗണ്ട്" അതാണ് സ്ഥലം .
ഫോട്ടോ കണ്ടപ്പോൾ എല്ലാവര്ക്കും ഇഷ്ട്ടമായി .ഇതെവിടെയ സ്ഥലം എന്ന ചോദ്യത്തിനായി ഒരു കോൺഫറൻസ് കാൾ വച്ചു മാളു .
മാളു :എടി ...ഇതെവിടെയാ സ്ഥലം ?
അഞ്ചു :കട്ടപ്പന എത്തുന്നതിനു മുൻപാണ് .
മാളു :എന്റമ്മോ ...അവിടെ വരെ പോയിട്ട് എത്താനാ?!
അഞ്ചു :ഒരു ദിവസംകൊണ്ടാ അവൻ പോയിട്ട് വന്നത് .അപ്പൊ പിന്നെ എന്താ കുഴപ്പം ?
മാളു :അവളെവിടെയാ?...ഡീ ദേവു ...നീ ഇതൊക്കെ കേൾക്കുന്നുണ്ടോ ?
ദേവു :ഞാൻ ഇവിടെ ഉണ്ട് .ആ ഫോട്ടോസ് കണ്ടിട്ട് പോവാതിരിക്കാൻ തോന്നുന്നില്ല .പക്ഷെ ദൂരം ആണ് പ്രശനം .നമുക്ക് അടുത്തുള്ള ഏതേലും സ്ഥലം നോക്കാം .
അഞ്ചു :അയ്യോ ...അതെന്താ ?ഇത്രേം കിടു സ്ഥലം മിസ് ചെയ്യാനോ ?
മാളു :ഇത് കാണാൻ നല്ല സ്ഥലം aanu.ഇതിലും നല്ല സ്ഥലങ്ങളും ഇടുക്കിയിൽ കാണാൻ ഉണ്ട് .പക്ഷെ ഇത്രയും ദൂരേക്ക് നമ്മളെ വിടില്ല .
അഞ്ചു :എന്നാപ്പിന്നെ എന്തിനാ രണ്ടുംകൂടി സ്ഥലം പറ ,പോകാം എന്നൊക്കെ പറഞ്ഞത് ?പോടീ പട്ടി,തെണ്ടി @#$
ദേവു :നീ ഒച്ച എടുത്തിട്ട് കാര്യമില്ല .കോലഞ്ചേരിയിൽ നിന്ന് അവിടെ വരെ ബസിനു പോയി വരൻ എന്ത് സമയം എടുക്കും എന്നുപോലും നമുക്ക് അറിയില്ല .പിന്നെ എങ്ങനെയാ ?
മാളു :അതെ ,രാവിലെ പോയാൽ ഉച്ച ആകും ചിലപ്പോ എത്താൻ.പിന്നെ അവിടെ ഒന്ന് കറങ്ങി തിരിച്ചു പോരുമ്പോൾ നേരം രാത്രി ആകും .
അഞ്ചു :നീയൊക്കെ ആ ഇന്ദ്രചിറയിൽ പോയി ഊഞ്ഞാലാടി അതിലൂടെ രണ്ടു റൌണ്ട് ഓടിയിട്ട് വീട്ടിൽ പൊക്കോ ...
എന്നത്തേയും പോലെ call കട്ടാക്കി അഞ്ചു പോയി .അന്നവൾ രാത്രി പട്ടിണി കിടക്കാൻ തീരുമാനം എടുത്തു .അതുകൊണ്ട് ഏഴുമണി ആയപ്പൊളേക്കും വയറു നിറയെ തിന്നു കിടക്കയിൽ കയറി .കുളിയും അമ്മുമ്മയുടെ കൂടെയുള്ള നാമം ചൊല്ലലും ഒന്നും നടത്തിയില്ല .എന്നാൽ ആ രാത്രിയിൽ മാളുവിനും ദേവൂനും ഉറക്കം മുടക്കാൻ വേണ്ടി ഒത്തിരി ചിന്തകൾ മനസ്സിലൂടെ കടന്നു പോയി .എല്ലാവര്ക്കും ആ സ്ഥലം കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു .പക്ഷെ ഇതുവരെയുള്ള അനുഭവങ്ങളും കണക്കുകൂട്ടലുകളും വച്ചു നോക്കിയാൽ ഇതൊരിക്കലും നടക്കാൻ വഴിയില്ല എന്ന് അവർക്കു തോന്നി .വൈകിപ്പോയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഓരോന്ന് പറഞ്ഞു ഇത് വീടുകൾ സമ്മതിക്കില്ല .പെൺകുട്ടികൾ ഇങ്ങനെ ചെയ്യരുത് അങ്ങനെ ചെയ്യരുത് എന്നൊക്കെ പലപ്പോഴായിട്ട് കേട്ട് കേട്ട് മടുത്തതാണ് .ഒരു കണക്കിന് അവരെ കുറ്റംപറയാനും പറ്റില്ല ,ഇന്ന് സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലല്ലോ ...ഇങ്ങനെ വട്ടു പിടിപ്പിക്കുന്ന തലയും വാളും ഇല്ലാത്ത കാര്യങ്ങൾ ഓർത്തു ആ രാത്രി അവർ തള്ളി നീക്കി .
അങ്ങനെ ഇരിക്കുമ്പോൾ ആണ് അഞ്ജുവിന്റെ കസിൻ ചേട്ടൻ അവളുടെ വീട്ടിൽ വരുന്നത് .വെക്കേഷന് ഒരു കറക്കത്തിന് ഇറങ്ങിയതാണ് കക്ഷി .പുള്ളിക്കാരൻ കാൽവരി മൗണ്ട് പോയ ആളായതുകൊണ്ട് കാര്യങ്ങൾ അറിയാനും പല തല്ലുകൊള്ളിത്തരത്തിനും കൂടെ നിന്നിട്ടുള്ള ആളായതുകൊണ്ട് പോകാൻ ഉള്ള ഐഡിയ കിട്ടാനും വേണ്ടി അഞ്ചു പരമ രഹസ്യമായി ആളോട് കാര്യങ്ങൾ പറഞ്ഞു .
കസിൻ :ങേ !നിങ്ങൾ മൂന്നുപേര് ഒറ്റയ്ക്ക് അവിടെ വരെ പോകാനോ ?
അഞ്ചു :അതെങ്ങനാ ഞങ്ങൾ മൂന്നുപേര് ഒറ്റയ്ക്കാവുന്നത്?
കസിൻ :വേറെ ആരും കൂടെയില്ലാതെ അവിടംവരെ പോകൽ നടക്കില്ല മോളെ...
അഞ്ചു :അതിനിപ്പോ എന്താ കുഴപ്പം ?ഞങ്ങൾ നല്ല കുട്ടികൾ അല്ലെ .ആ സ്ഥലം ഒന്ന് കാണാൻ പോകണം ,അത്രേ ഒള്ളു .
കസിൻ :നല്ലകുട്ടിയോ ?നീയോ ? എടി കഴിഞ്ഞ ഓണത്തിന് ഇന്ദു ചിറ്റയുടെ ഇളയ മോള് നിന്റെ ഡയറി മിൽക്ക് തിന്നതിനു അതിനെ പിടിച്ചു കടിച്ചില്ലെടി നീ !
അഞ്ചു :അതൊക്കെ ഒരു വര്ഷം മുൻപല്ലേ .ഇപ്പൊ ഞാൻ പഴയ അഞ്ചു അല്ല .
കസിൻ :ആ... ശരി.അത് ഞാൻ ചുമ്മാ പറഞ്ഞതാ .ഇതൊക്കെ നിന്റെ അച്ഛനും അമ്മയും സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ?
അഞ്ചു :പറഞ്ഞിട്ട് നടന്നില്ലേൽ കേട്ടാൽ വിശ്വസിക്കുന്ന ഒരു കള്ളം പറഞ്ഞിട്ട് പോയാൽ പോരെ ?പക്ഷെ പോയാൽ എപ്പോ വരാൻ പറ്റും എന്നൊക്കെ എനിക്ക് ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരണം കേട്ടോ .
കസിൻ :ആഹാ ...നീ കൊള്ളാലോ !വീട്ടുകാരോട് കള്ളം പറയാനോ ?ഒടുക്കം വീട്ടിൽ പിടിച്ചാൽ എന്റെ തലയിൽ വക്കുകയും ചെയ്യാം അല്ലെ ?
അഞ്ചു :ഹോ ...കള്ളം പറയാത്ത മഹാൻ.എടാ നീ psc എക്സാം ആണെന്ന് പറഞ്ഞു പോയ ഓരോ ട്രിപ്പിന്റെയും status ന്റെ screenshot ഇപ്പോളും എന്റെ കയ്യിൽ ഉണ്ട് .കാണണോടാ ചേട്ടാ ...
കസിൻ :(ദൈവമേ ...മൂർഖന്റെ മുഖത്തിരുന്ന കൊതുകിനെ ആണല്ലോ തല്ലിയത്)ചതിക്കരുത് ....ജീവിച്ചു പൊയ്ക്കോട്ടേ ...
അഞ്ചു :ഞങ്ങൾക്ക് പോകാനുള്ള ഒരു പ്ലാൻ പറ .
കസിൻ :എന്ത് പ്ലാൻ ഇട്ടാലും വീട്ടിൽ സമ്മതിക്കില്ല .പറയാതെ പോകാൻ ഞാൻ സമ്മതിക്കില്ല .എന്ത് വന്നാലും ശരി.
അഞ്ചു :അത് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം.അവിടേയ്ക്ക് എങ്ങനെയാ പോകാൻ പറ്റുക ,ബസ് ടൈം ഇതൊക്കെ പറഞ്ഞാൽ മതി .
കസിൻ :മോളെ നമ്മൾ പണ്ട് ചെറുപ്പത്തിൽ ഒപ്പിച്ച അക്രമങ്ങൾ പോലെ അല്ല ഇത് .എന്നെ പറ്റിച്ചു നിനക്ക് വീട്ടിൽ ചോദിക്കാതെ പോകാൻ ഒക്കെ പറ്റും .നീ ആദ്യം സമ്മതം വാങ്ങി വാ .
അഞ്ചു :എങ്ങനെ സമ്മതിപ്പിക്കാനാ?
കസിൻ :അന്വേഷിപ്പിൻ ...കണ്ടെത്തും എന്നല്ലേ ...
അഞ്ചു :എന്നെ വെറുതെ ദേഷ്യം കയറ്റല്ലേട്ടോ ...
പിന്നെ കസിൻ ചേട്ടൻ അവിടെ നിന്നില്ല .ദേഷ്യം വന്നാൽ പിന്നെ എന്തുവേണേലും സംഭവിക്കാം .പണ്ട് ഇതുപോലെ ഒരു വെക്കേഷന് അഞ്ചു ചേട്ടന്റെ വീട്ടിൽ പോയപ്പോൾ അവളുടെ ചെരുപ്പ് കടിച്ചു മുറിച്ച അവിടത്തെ പട്ടിയുടെ കൂട്ടിൽ വിഷുവിനു ചെന്നപ്പോൾ ഒരു ഫുൾ പാക്കറ്റ് മാല പടക്കം കത്തിച്ചിട്ട മുതലാണ് .
ഇതേ സമയം ദേവൂ വേറിട്ട ചില തലങ്ങളിലൂടെ കടന്നു പോയി .ഈ നാട്ടിൽ തന്നെ ധാരാളം സ്ത്രീകൾ പഠിക്കാനും ജോലിക്കും ഒക്കെ വേണ്ടി ദൂരയാത്രകൾ നടത്തുന്നുണ്ട് .യാത്ര പോകുന്ന പല പെൺകുട്ടികളുടെയും ബ്ലോഗുകൾ വായിച്ചിട്ടുമുണ്ട് .എന്തുകൊണ്ട് ഇങ്ങനെ ഞങ്ങൾക്കും പോയിക്കൂടാ?കാമുകന്റെ കൂടെയല്ലല്ലോ കൂട്ടുകാരുടെ കൂടെയല്ലേ ?കോളേജിൽ എത്തിയപ്പോൾ എക്സമിനും മറ്റുമായി ജില്ലവിട്ട് യാത്രകൾ ചെയ്തിട്ടുള്ളതുമാണ് .നാളെ അച്ഛനോട് എന്തായാലും ഇതിനെപറ്റി സംസാരിക്കണം എന്നുറപ്പിച്ചു .രാവിലെ പത്രം വായിച്ചു ഉമ്മറത്തിരിക്കുന്ന അച്ഛന് കൊടുക്കാൻ 'അമ്മ ഇട്ട ചായ ഗ്ലാസിൽ ആക്കി ചെന്നു.കണ്ണിന്റെ പവർ കുറഞ്ഞ അമ്മുമ്മക്ക് വാർത്ത വായിച്ചു കൊടുത്തുകൊണ്ടിരുന്ന അച്ഛൻ കത്തെഴുതി വച്ച് വീടുവിട്ട പോയ പെൺകുട്ടിയുടെ മരണവർത്തയാണ് വായിക്കുന്നത് എന്ന് അടുത്തെത്തിയപ്പോൾ അവൾക്ക് മനസ്സിലായി ."വീട്ടിലിരിക്കാതെ കറങ്ങി നടന്നാൽ ഇങ്ങനെ ഇരിക്കും " എന്ന അമ്മുമ്മയുടെ കമന്റ് കൂടെ ആയപ്പോൾ പൂർത്തിയായി .ചായ അവിടെ വച്ചിട്ട് ഓടി വീട്ടിൽ കയറി .'ആ പത്രം ഇട്ടവനെ പട്ടിയെ വിട്ട് കടിപ്പിക്കണം,മഹാപാപി '.
മാളുവിനും എങ്ങനെയെങ്കിലും പോകണം എന്നുണ്ട് .പക്ഷെ നടക്കാൻ ഉള്ള സാധ്യത ഇല്ല എന്ന മുൻവിധി കാരണം അവളും മിണ്ടാതെ ഇരുന്നു .ഒരു കണക്കിന് ഈ കുട്ടികളെ കുറ്റംപറയാൻ പറ്റില്ല .കാരണം ചുറ്റുപാടും ഉള്ളവർ അവരെ ഇങ്ങനെ പല കാര്യങ്ങളിൽ നിന്നും വിലക്കി നിർത്തിയാണല്ലോ വളർത്തി വന്നത് .അവരുടെ ഭയത്തിനു കാരണങ്ങൾ ഉണ്ട് .നിയമവും പോലീസും ഒക്കെ ഉണ്ടായിരുന്നിട്ടും ഇവിടെ ഒരുപാടു ജീവിതങ്ങൾ പൊലിഞ്ഞിട്ടുണ്ട്,ഒത്തിരി കുടുംബങ്ങളുടെ സമാധാനം പോയിട്ടുണ്ട് .ഈ കഥകൾ ഒക്കെയും ഓരോ പെൺകുട്ടികളുടെ അച്ഛനമ്മമാരെയും സ്വാധീനിച്ചിട്ടുണ്ടാവും .പക്ഷെ എല്ലാവിധത്തിലും അവരെ ചങ്ങലക്കിടുന്നതും ദോഷം മാത്രമേ ചെയ്യുകയുള്ളൂ .
എങ്ങനെയെങ്കിലും അടുത്തുള്ള ഒരു സ്ഥലം പോകാം എന്ന് ഉറപ്പിച്ചു മാളു വീണ്ടും ഒരു കോൺഫറൻസ് കാൾ വിളിച്ചു .പക്ഷെ എങ്ങനെയൊക്കെ സംസാരിച്ചിട്ടും കാൽവരി മൗണ്ട്നെ ഉപേക്ഷിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല .ഒടുവിൽ അവിടെ പോയി വന്ന അഞ്ജുവിന്റെ കസിനെ ഒന്ന് വിളിച്ചു ഒന്നുകൂടെ കാര്യങ്ങൾ ചോദിച്ചുനോക്കാം എന്നായി ദേവുവും മാളുവും .അഞ്ജുവിനു അതിൽ വലിയ പ്രതീക്ഷ ഇല്ലായിരുന്നു .ചേട്ടനെ കോൺഫറൻസ് call ൽ ആഡ് ചെയ്താണ് സംസാരം തുടർന്നത് .മാളുവും ദേവുവും കാൾ mute ചെയ്തു സംഭാഷം ശ്രദ്ധിച്ചിരുന്നു .സംയമനം പാലിക്കണം എന്ന് അഞ്ജുവിനു രണ്ടുപേരും മുന്നറിയിപ്പ് നൽകി .
കസിൻ :ആ എന്താണ് മോളൂസ് ഈ സമയത്തു ?
അഞ്ചു :ചേട്ടൻ അന്ന് കാൽവരി മൗണ്ട് പോയ കാര്യങ്ങൾ ഒന്ന് പറയാമോ please ...
കസിൻ :നീ അത് വിട്ടില്ലേ?ഡാഡി കൂളിനോട് പറഞ്ഞാൽ കൊണ്ടുപോകില്ലേ എന്നെങ്കിലും ,അതുപോരെ ?
അഞ്ചു :അതുവേണ്ട ...പോകുന്നുണ്ടേൽ ഞങ്ങൾ മൂന്നുപേർ ഒന്നിച്ച പോകുന്നുള്ളൂ .ഇപ്പൊ ഡീറ്റെയിൽസ് പറ .
കസിൻ :മോളൂസേ ...നിങ്ങൾ പ്രായത്തിന്റെ പക്വത കുറവ് കാരണം ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് സ്വാഭാവികം ,പ്രാവർത്തികമാക്കാൻ നോക്കുന്നതാണ് മണ്ടത്തരം .നീ പത്താം ക്ലാസ് വരെ സ്കൂൾ ബസിൽ അല്ലെ പോയിട്ടുള്ളൂ .ഇപ്പൊ പ്ലസ് ടു ആയപ്പോളല്ലേ ബസിൽ പോയിത്തുടങ്ങിയത് .നിന്റെ കൂട്ടുകാരും അങ്ങനെതന്നെ .നിങ്ങൾക്ക് ഇപ്പോൾ അവിടെ പോകാൻ ഉള്ള പ്ലാൻ ഉപേക്ഷിക്കുക ,അല്ലെങ്കിൽ വീട്ടിൽ പറഞ്ഞു എല്ലാവരും കൂടെ പോയി വാ .കൂട്ടുകാരെ കൂട്ടുന്നതിൽ നിന്നെ ആരും വിലക്കില്ലല്ലോ .ഇതൊരു ഉപദേശം ആയിത്തന്നെ കണ്ടാൽ മതി .
അഞ്ചു :അല്ലല്ല ...ഞാൻ കൂട്ടത്തിൽ ഇളയവൾ .ബാക്കി രണ്ടും ഡിഗ്രി പഠിത്തം കഴിയാറായി .അവർ ധാരാളം യാത്രകൾ ഒക്കെ പോയിട്ടുണ്ട് ,ട്രിപ്പ് ആയിട്ടല്ല ,എന്നാലും ദൂരയാത്രകൾ ചെയ്തിട്ടുണ്ട് .അങ്ങോട്ട് എങ്ങനെ പോകാൻ പറ്റും,പോയി വരൻ ഉള്ള സമയം ഒക്കെ പറഞ്ഞു തരുവാണേൽ ഞങ്ങൾക്ക് പോയി വരാൻ പാടില്ലേ ?
കസിൻ :ങേ ,ഡിഗ്രി students ? ഇവരെപ്പറ്റി ഇതുവരെ നീ പറഞ്ഞില്ലല്ലോ !ഞാനും വിചാരിച്ചു നിങ്ങൾ അമുൽ babies ഇതെന്തു കണ്ടിട്ടുള്ള പുറപ്പാടാണെന്ന് .
അഞ്ചു :അമുൽ ബേബി തന്റെ ...കാര്യം പറ ...
കസിൻ :ഹി ഹി ഹി ...എന്നാ പോവാൻ പ്ലാൻ ?
അഞ്ചു :അതിനു വീട്ടിൽ നിന്ന് പൊയ്ക്കോളാൻ പറഞ്ഞാലല്ലേ തീയതി പറയാൻ പറ്റൂ!
കസിൻ :ആ അപ്പൊ വീട്ടിൽ പറയാതെ പോകാനുള്ള പ്ലാൻ ഇല്ലല്ലേ ,നന്നായി .
അഞ്ചു :ആ ഞങ്ങൾ അങ്ങനെ വീട്ടുകാരെ പറ്റിച്ചു എങ്ങോട്ടും പോവാറില്ല .
കസിൻ :നീ ഒരേ പോസ്റ്റിൽ തന്നെ ഗോൾ അടിക്കുന്ന പരിപാടി നിർത്തിക്കോട്ടോ.
അഞ്ചു :ആ ...ആലോചിക്കാം.
കസിൻ :ശരി.നിങ്ങൾ എല്ലാം സെറ്റ് ചെയ്തിട്ട് വിളി .ഡീറ്റെയിൽസ് അപ്പൊ പറയാം .
അഞ്ചു :അതുപറ്റില്ല .ആദ്യം പോയി വരാൻ ഉള്ള സൗകര്യം ഉണ്ടോ എന്നൊക്കെ അറിഞ്ഞിട്ട് പോകുന്ന കാര്യത്തെപ്പറ്റി ആലോചിച്ചാൽ പോരെ ?
കസിൻ :സൗകര്യം ഒക്കെ ഉണ്ട് . എന്തായാലും നിങ്ങൾക്ക് ബസിൽ പോകാനേ പറ്റൂ .വെളുപ്പിന് വണ്ടി കേറിയാൽ തൊടുപുഴയിൽ നിന്ന് കട്ടപ്പന ബസ് കിട്ടും .തൊടുപുഴ പോകാൻ അറിയാമല്ലോ ,കോലഞ്ചേരിയിൽ നിന്ന് നേരിട്ട് ആനവണ്ടിയുടെ superfast കിട്ടും .കട്ടപ്പന എത്തുന്നതിനു മുൻപാണ് സ്ഥലം .ബസ് ഇറങ്ങി വലത്തോട്ട് നോക്കിയാൽ ബോർഡ് കാണാം .ചെറിയ വഴിയാണ് .കുറച്ചു നടക്കാൻ ഉണ്ട് .ഒരു കിലോമീറ്റർ കണക്കു കൂട്ടിക്കോ .അപ്പോൾ നിങ്ങൾ പാസ് എടുക്കുന്ന സ്ഥലത്തെത്തും,ഒരു നാൽപ്പതു രൂപ ആവും .അവിടെനിന്നു ഹിൽടോപ് എത്താൻ പിന്നേം നടക്കണം.ഇത് സാദാ നടത്തം അല്ല ,ചെരിവുള്ള മലകയറ്റം ആണ് .മലയുടെ അപ്പുറത്തെ വശത്തു താഴെയായി ഇടുക്കി ഡാമിലെ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് കാണാം .കോട ഉണ്ടെങ്കിൽ അത് മിസ് ആവും ,പക്ഷെ വേറെ ഒരു ഫീൽ കിട്ടും .മഴയൊക്കെ ഉണ്ടെങ്കിൽ ആണ് കോട വരാൻ chance കൂടുതൽ .പിന്നെ കാൽവരി മൗണ്ട് ഒരു മൊട്ടക്കുന്നാണ് .മരങ്ങൾ ഇല്ല ,അതുകൊണ്ട് രാവിലെയും വൈകീട്ടും ആണ് ബെസ്ററ് സമയം .നിങ്ങൾ രാവിലെ പറ്റാവുന്നത്ര നേരത്തെ ഇറങ്ങിയാൽ അധികം വെയിൽ കൊള്ളാതെ അവിടെമൊത്തം നടന്നു കണ്ടു തിരിച്ചു പോരാം .ഒരുമണി ആവുമ്പോൾ തിരിച്ചുള്ള ബസ് കയറിക്കോളണം .ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചുകൂടെ മുന്നോട്ട് നീങ്ങിയാൽ ഹോട്ടൽ ഉണ്ട് .അപ്പോൾ താഴെ വന്നു ഫുഡ് കഴിച്ചു കഴിയുമ്പോൾ സമയം ഒരുമണി കഴിയാതെ നോക്കിക്കോളണം .ആവശ്യത്തിന് വെള്ളവും പിന്നെ പവർ ബാങ്ക് ഒക്കെ എടുത്തോ .നടന്നു എല്ലാത്തിന്റെയും ഏഴപ്പു തിരിയും എന്തായാലും .അതുകൊണ്ട് വെള്ളം എടുത്തോളണം .അവിടെ ടോയ്ലറ്റ് ഒക്കെ ഉണ്ട് .
അഞ്ചു :തിരിച്ചെത്തുമ്പോ സമയം എന്താവും ?
കസിൻ :ബസിൽ പോയിട്ടില്ലാത്തതുകൊണ്ട് അറിയില്ല .എന്നാലും ഒരുമണിക്ക് അവിടെനിന്നു ബസ് കേറിയാൽ ഒരു ആറ് മണിക്കുള്ളിൽ വീടെത്തും .അതാ ഞാൻ ഒരുമണി deadline പോലെ പറഞ്ഞെ .രാവിലെ മാക്സിമം നേരത്തെ ഇറങ്ങിക്കോ .ഒരു ഒൻപതു മണിക്കൊക്കെ എങ്കിലും ചെന്നാലേ അടിപൊളി ആവൊള്ളൂ.തൊടുപുഴ മുതൽ കട്ടപ്പന വരെ ഉള്ള ബസ് യാത്ര തന്നെ അടിപൊളി ആണ് .ഒരു കാര്യം നേരത്തെ പറയാം ,ഒത്തിരി നടക്കേണ്ടി വരും .അതുപോലെ തന്നെ യാത്രയുടെ ക്ഷീണം കൂടെ കാരണം ഉച്ചകഴിഞ്ഞുള്ള ബസ് യാത്രയിൽ ഉറങ്ങിപോകാൻ വഴിയുണ്ട് .നിന്റെ കൂട്ടുകാരോട് അതൊക്കെ പറഞ്ഞേക്കണം .
അഞ്ചു :അതൊന്നും പ്രശ്നമില്ല .ഞാൻ പറഞ്ഞേക്കാം .
കസിൻ :അവിടെ ഒരുപാടുപേർ വന്നു പോകുന്നുണ്ട് .ആളുകൾ കുറവാണേൽ കുറച്ചുകൂടെ രസമാണ് .പിന്നെ ഇടുക്കികാര് പൊതുവെ നല്ല മനുഷ്യരാണ് .എന്നാൽ അവിടെ വരുന്നവർ അങ്ങനെ ആകണമെന്നില്ല .ആരെങ്കിലും ചിരിച്ചു കാണിച്ചാൽ മൈൻഡ് ചെയ്യാൻ പോകേണ്ട .അതുപോലെ അവിടെ വച്ച് കണ്ടുമുട്ടുന്നവരുമായി സംസാരിക്കാനും കൂട്ടുകൂടാനും പോകേണ്ട .
അഞ്ചു :നിങ്ങളും ഇങ്ങനെ വെറുപ്പിക്കല്ലേ ...
കസിൻ :എനിക്കതു പറയണം...ആവിശ്യമുള്ളതിനും ഇല്ലാത്തതിനും നിങ്ങളെ എല്ലാവരും ഉപദേശിക്കുന്നതുകൊണ്ടാ ഇങ്ങനെ തോന്നണേ .പോകുന്നതിനു ഞാൻ എതിരൊന്നും പറഞ്ഞില്ലല്ലോ .സ്ഥലം കണ്ടു നേരെ പൊന്നോളണം .
അഞ്ചു :നമിച്ചു അണ്ണാ ...ഞങ്ങൾ ആരോടും ചിരിക്കാനും മിണ്ടാനും പോകുന്നില്ല .
കസിൻ :ആ ...എന്നാൽപ്പിന്നെ വീട്ടുകാരുടെ ചെവിക്കു പണി കൊടുക്ക് .എല്ലാം റെഡി ആയാൽ പോകുന്ന തീയതി ,സമയം ഒക്കെ പറയണോട്ടോ.
അഞ്ചു :വീട്ടുകാരുടെ സമ്മതം എങ്ങനെ വാങ്ങാനാ?
കസിൻ :അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ ?നീ വഴക്കുണ്ടാക്കിയോ വാശികൂടിയോ നടത്തം എന്ന് വിചാരിക്കേണ്ട ...!
അഞ്ചു :ചേട്ടൻ ഒന്ന് അമ്മയുടെ അടുത്ത സംസാരിച്ചാൽ ഓക്കേ ആവും ,പ്ളീസ് ...
കസിൻ :വച്ചേ ..വച്ചേ ...ഫോൺ വച്ചേ ...നിന്റെ ഏതു കാര്യത്തിൽ തലവച്ചാലും ഞാൻ അവസാനം തൂങ്ങും .ഇനി വയ്യ ...
അഞ്ചു :ശേ ...അങ്ങനെ പറയല്ലേ ...നിങ്ങളെ കൊണ്ട് പറ്റും.
കസിൻ :നിന്റെ സ്വന്തം ചേട്ടൻ പറഞ്ഞാൽ നടക്കും .അവനോട് പറയാൻ പറ .ഇതൊന്നും എന്റെ കയ്യിൽ നിൽക്കില്ല .
അഞ്ചു :അവൻ അറിഞ്ഞാൽ ഇത് എങ്ങനെയെങ്കിലും മുടക്കും .ഉടായിപ്പ് വഴികൾ യഥേഷ്ടം ഉണ്ടല്ലോ കയ്യിൽ ...ഒന്ന് തന്നുടെ ?
കസിൻ :ഒന്ന് തരും ഞാൻ .ഇതിൽ ഞാൻ എന്ത് പറയാനാ .നീ കൂട്ടുകാരികളെ കൂട്ടി ഒരുമിച്ചു ചെന്ന് വീട്ടിൽ ചോദിക്ക്.അവർ കൂടെ ഉണ്ടല്ലോ എന്നോർത്തെങ്കിലും ചീത്ത വിളിക്കാതെ വിടും .അവരുടെ വീട്ടിൽ ഓക്കേ ആണെന്ന് കൂടെ പറഞ്ഞാൽ ഒരു ബലം ആവും .ചിലപ്പോ സമ്മതിക്കും .
അഞ്ചു : ഓഹ് ...എന്നിട്ടു അവരുടെ വീട്ടിൽ പോയി ബാക്കി രണ്ടു പേരുടെ വീട്ടിലും ഓക്കേ ആണെന്ന് പറഞ്ഞു നമ്പർ ഇടാല്ലേ.
കസിൻ :പിന്നല്ല,എന്നിട്ട് നിങ്ങളുടെ വീട്ടുകാർ ഇതിന്റെ ഇടയിൽ എങ്ങാനും തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്താൽ സകലതും പൊളിയുകയും ചെയ്യും .ആദ്യം അവരുടെ വീട്ടിൽ പറഞ്ഞു ഓക്കേ ആക്കിയിട്ട് പോയാൽ മതി .വെറുതെ അബദ്ധം കാണിച്ചു ഉള്ള കമ്പനി കളയണ്ടാട്ടോ .
അഞ്ചു :നിങ്ങൾ ഓരോ ട്രിപ്പ് പോകുമ്പോളും എന്തൊക്കെ ഒപ്പിച്ചിട്ടാ വീട്ടിൽ നിന്ന് ചാടുന്നത് .ചോദിച്ചാൽ പറയും ലക്ഷ്യമാണ് മുഖ്യം എന്ന് ...
കസിൻ :ഞങ്ങൾ പോകുന്നത് പോലെയാണോ നിങ്ങൾ പോകുമ്പോൾ ...?
അഞ്ചു :അതെന്താ കുഴപ്പം ?
കസിൻ :ഞാൻ ഒന്ന് ചോദിച്ചോട്ടെ ,നിന്റെ കൂട്ടുകാരികൾ എക്സാം എഴുതാനും അനുബന്ധ ആവശ്യങ്ങൾക്കും ജില്ല വിട്ടു പോയിട്ടുണ്ടെന്നല്ലേ പറഞ്ഞെ .അതിനു അവരുടെ വീട്ടുകാർ ഒന്നും പറയില്ല .ഇപ്പോൾ പോകാൻ പോവുന്ന സ്ഥലത്തിന്റെ അടുത്തുവീടുള്ള കൂട്ടുകാരിനെ കാണാൻ പോവാൻ ചോദിച്ചാലും ചിലപ്പോൾ വിടും .പക്ഷെ നിങ്ങൾ ഒന്നിച്ചു ഒരു സ്ഥലം കാണാൻ വേണ്ടി യാത്ര പോവാൻ ചോദിച്ചാൽ നടക്കില്ല .അവിടെ മാത്രം ആണ് പ്രശനം .അതെന്താണെന്നു കണ്ടുപിടിച്ചാൽ നിങ്ങൾക്ക് തന്നെ ശരിയാക്കാവുന്നതേ ഒള്ളു .
അഞ്ചു :എന്താ പറഞ്ഞതെന്ന് മനസ്സിലായില്ല .തലയും വാലും ഇല്ലാതെ സംസാരിച്ചു ഒഴിവാക്കാൻ ഉള്ള പരിപാടി ആണോ ?എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് .
കസിൻ :നിനക്കിതൊക്കെ മനസ്സിലാക്കാനുള്ള വെളിവ് പോലുമില്ല ,പറഞ്ഞ എന്നെ തല്ലണം .പിന്നെ ഞാൻ നേരത്തെ തന്നെ പറഞ്ഞു ,ദേഷ്യപ്പെട്ടു കാര്യം സാധിക്കാൻ പറ്റില്ല ,ക്ഷമ കാണിക്കു ...
അഞ്ചു :എങ്ങനേലും സഹായിക്കണേ ...
കസിൻ :ഈ ഐറ്റം വീട്ടിൽ ഇറക്കാനാ പറഞ്ഞത് .നീ ഗണപതിക്കുള്ള തേങ്ങാ എന്റെ തലയിൽ അടിക്കാൻ നിക്കണ്ടാട്ടൊ .
അഞ്ചു :വിപ്ലവ സിംഹമേ ...
കസിൻ :എനിക്ക് ഒന്നും പറയാനില്ല .നിങ്ങൾ എല്ലാവരും ചേർന്ന് വീട്ടിൽ കാര്യങ്ങൾ പറഞ്ഞുനോക്ക്.സോറി മോളൂസ്...പിന്നെ നിന്റെ പ്രകടനം പുറത്തെടുക്കണം ,ഇങ്ങനുള്ള യാത്രകൾ ആത്മവിശ്വാസം നൽകും ,നാളെ ദൂരെപ്പോയി പഠിക്കാൻ ഒക്കെ പോകുമ്പോൾ ഇതൊക്കെ ഒരു അനുഭവം ആകും എന്നൊക്കെ പറഞ്ഞു നോക്ക് .അതും വളരെ ശാന്തമായി വേണം പറയാൻ .വീട്ടുകാരെ ചോദ്യം ചെയ്തു സംസാരിക്കാൻ പോകണ്ടട്ടോ .
അഞ്ചു :ഇങ്ങനൊക്കെ പറഞ്ഞിട്ടും വിട്ടില്ലെങ്കിൽ പിന്നെ എന്താ ചെയ്യണേ ?
കസിൻ :എടി ദുരന്തമേ ...നിന്നെ കെട്ടിച്ചു വിടാൻ പറ ,എന്നിട്ടു ആ ചെക്കനെ വിരട്ടി ഒരു വണ്ടി മേടിപ്പിച്ചു അവന്റെ കൂടെ ട്രിപ്പ് പൊയ്‌ക്കോളണം .രാത്രി വെറുതെ വിളിച്ചു... ഉള്ള സമാധാനവും പോയി ...വയ്ക്കെടി ഫോൺ .
അഞ്ചു :ദേഷ്യപ്പെടല്ലേ ...ക്ഷമയോടെ പെരുമാറിയാൽ ഞാൻ വേഗം പൊയ്ക്കോളാം .
കസിൻ :എന്റെ ചെവി പൊള്ളിത്തുടങ്ങി .ഞാൻ ഒന്ന് ഉറങ്ങാൻ കൊതിച്ചിട്ടു ചോദിക്കുന്നതാ...
അഞ്ചു :ശരി.ഞാൻ എങ്ങനേലും പോകാൻ പറ്റുമോ എന്ന് ചോദിച്ചിട്ടു വിളിക്കാം.
കസിൻ :നീ ഇനി ഇതും പറഞ്ഞു വിളിക്കേണ്ട .പിന്നെ ഇതിനെ പറ്റി നമ്മൾ സംസാരിച്ചിട്ടുമില്ല .
അഞ്ചു :അതെനിക്ക് ഉറപ്പു പറയാൻ പറ്റില്ല .
കസിൻ :കുരിപ്പ്...ഞാൻ പോവാ ...
ആ ഫോൺ വിളി അവസാനിച്ചപ്പോൾ മാളുവിനും ദേവുവിനും ചിലതൊക്കെ മനസ്സിൽ തോന്നി തുടങ്ങി .രാവിലെ കോളേജിലേക്ക് എന്നുപറഞ്ഞു ഇറങ്ങുന്ന പലരും കറങ്ങിനടന്നു വൈകീട്ട് വീട്ടിൽ എത്തുമ്പോൾ ഒരു പ്രശ്നവും ഇല്ല .പക്ഷെ ഉള്ളകാര്യം തുറന്നുപറഞ്ഞു കൂട്ടുകാരുടെ കൂടെ നമ്മുടെ ഈ കേരളത്തിൽ സഞ്ചരിക്കാൻ സമ്മതിക്കില്ല .തുടക്കം ഇങ്ങനെ ഒക്കെ ചിന്തിച്ചെങ്കിലും മാതാപിതാക്കളുടെ ഈ ചിന്താഗതിക്ക് സമൂഹത്തിൽ നടന്നിട്ടുള്ള പല സംഭവങ്ങളും കാരണം ആയിട്ടുണ്ടെന്നു പിന്നീടവർക്കു മനസ്സിലായി .പക്ഷെ ഈ ഒരു യാത്ര പോകുന്നതിൽ പേടിക്കാൻ ഒന്നുമില്ലെന്ന് തോന്നിയപ്പോൾ വീട്ടിൽ ചോദിയ്ക്കാൻ ഉള്ള ധൈര്യം വന്നു 3 പേർക്കും .കുറച്ചു ദിവസം നല്ലപോലെ അനുസരണയോടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കി ഒരു പോസിറ്റീവ് അന്തരീക്ഷം മൂന്നുപേരും ഉണ്ടാക്കിയെടുത്തു . അങ്ങനെ ഒരു ഞായറാഴ്ച എല്ലാവരും മാളുവിന്റെ വീട്ടിൽ ഒത്തുകൂടി .കൂട്ടത്തിൽ മൂത്തയാളുടെ വീട്ടിൽ നിന്ന് സമ്മതം വാങ്ങാം എന്ന പ്ലാനിൽ ആണ് പോയത് .അച്ഛനോടും ചേട്ടനോടും ആയിട്ടാണ് പോകാനുള്ള ആഗ്രഹം പറഞ്ഞത് .നിങ്ങൾ അങ്ങനെ ഒക്കെ പോകയോ എന്ന് മാളുവിന്റെ അച്ഛൻ ചോദിച്ചെങ്കിലും പോകുന്ന ഇടത്തെ പറ്റിയും പോയിവരുന്നതിൽ ഉള്ള പ്ലാനും ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചപ്പോൾ ചേട്ടൻ കൂടെ നിന്നു.ഒടുവിൽ അച്ഛനും അവരുടെ ആഗ്രഹത്തിന് സമ്മതം കൊടുത്തു .മാളുവിന്റെ ചേട്ടൻ പണ്ട് അവിടെ പോയിട്ടുള്ളതുകൊണ്ട് അവിടത്തെ കാഴ്ചകളെപ്പറ്റി വീണ്ടും അറിയാൻ കഴിഞ്ഞു .സ്വന്തം ചേട്ടൻ അവിടെ പോയിട്ടുള്ള കാര്യം പോലും ഓർമയില്ലാത്ത മാളുവിനെ ബാക്കി രണ്ടും വെറുതെ വിട്ടത് പ്രായത്തിന്റെ ബഹുമാനം കൊണ്ടായിരുന്നില്ല,ട്രിപ്പ് പോവാൻ ഒരാൾ കുറയുമല്ലോ എന്നോർത്തായിരുന്നു .
അടുത്തതായി അഞ്ജുവിന്റെ വീട്ടിൽ പോയി സംസാരിക്കാം എന്ന് അഞ്ചുതന്നെ വാശിപിടിച്ചു പറഞ്ഞു .എന്തായാലും രണ്ടു വീട്ടിലും പോകണം ,അവളുടെ ഇഷ്ടംപോലെ എന്ന് കരുതി എല്ലാവരും അഞ്ജുവിന്റെ വീട്ടിൽ എത്തി .ഒരു പാര തരാൻ വഴിയുള്ള ചേട്ടൻ ഇപ്പോൾ വീട്ടിൽ ഉണ്ടാവില്ല എന്നുറപ്പിച്ചാണ് അഞ്ചു ചെന്നത് .അച്ഛനും അമ്മയും ഹാളിൽ ഉണ്ട് .കൂടെ ഉള്ളവരെകൊണ്ട് സംസാരിപ്പിക്കാതെ അഞ്ചുതന്നെ തുടങ്ങി .
അഞ്ചു :അച്ഛാ ...ചേച്ചിമാര് രണ്ടുപേരും ഒരുദിവസം കട്ടപ്പനക്കു അടുത്തുള്ള കാൽവരി മൗണ്ട് കാണാൻ പോകുന്നുണ്ട് .മാളു ചേച്ചിടെ വീട്ടിലും ദേവു ചേച്ചിടെ വീട്ടിലും പൊയ്ക്കൊള്ളാൻ പറഞ്ഞു .മാളു ചേച്ചിടെ ചേട്ടൻ പോയിട്ടുള്ള സ്ഥലം ആണ് . പുള്ളിടെ കൂടെ പഠിച്ച ഒരു ചേച്ചിയുടെ വീട് അവിടെയാണ് .ഞാനും കൂടെ അവരുടെ കൂടെ പൊയ്ക്കോട്ടേ ?!
കിളി പോയി നിൽക്കുന്ന ദേവുവിന്റെയും മാളുവിന്റെയും മുഖം കണ്ടപ്പോൾ അഞ്ജുവിന്റെ അച്ഛന്റെ മുഖത്ത് സംശയം നിഴലിച്ചു .അത് കണ്ടറിഞ്ഞു അഞ്ജുവിന്റെ അടുത്ത വാക്ക് ...
അഞ്ചു :ഞാൻ പറ്റിക്കാൻ പറഞ്ഞതല്ലാട്ടോ ...അവർ ശരിക്കും പോകുന്നുണ്ട് അവിടെ ...വേണേൽ മാളു ചേച്ചിടെ അച്ഛനെ വിളിച്ചു ചോദിച്ചുനോക്ക് .
അച്ഛൻ :ശരിയാണോ മക്കളെ ...?
മാളു :ആ ...അതെ .ചേട്ടൻ അവിടെ പോയിട്ടുണ്ട് .വെക്കേഷന് ഒന്ന് പോകണം എന്ന് ഓർത്തിരിക്കുവായിരുന്നു .
അച്ഛൻ :എല്ലാരും കൂടെ ചെന്നാൽ അവിടത്തെ വീട്ടുകാർക്ക് ബുദ്ധിമുട്ടാവില്ലേ ?
മാളു :ആർക്കു ?
അച്ഛൻ :അല്ല അച്ചുവിന്റെ കൂടെ പഠിച്ച കുട്ടിയുടെ വീട്ടിലേക്കല്ലേ പോകുന്നെ .നിങ്ങൾ എല്ലാവരും കൂടെ ചെന്നാൽ...
അഞ്ചു :ഏയ് ... അങ്ങനെ വീട്ടിലേക്കായി പോകുന്നതല്ല,ആ സ്ഥലം ചുമ്മാ കാണാൻ പോകുന്നതാ.
അച്ഛൻ :ഉം ...എങ്ങനെയാ പോകുന്നത് ?
മാളു :ബസിനു പോകണം .രാവിലെ തന്നെ ഇറങ്ങിയാൽ ഒരു പത്തുമണി ആകുമ്പോൾ എത്തും .
അച്ഛൻ :എന്നിട്ടു എന്നാ തിരിച്ചു വരുന്നേ ?
മാളു :അന്നുതന്നെ വരും ,ഒരു ആറുമണി ആകുമ്പോ ഇവിടെ എത്തും .
അമ്മ :ഒരു ദിവസംകൊണ്ട് പോയി വരാൻ നോക്കിയാൽ മടുത്തുപോകില്ലേ ?ഇവളെ കൊണ്ടുപോയാൽ തോളത്തെടുക്കേണ്ടി വരും .
അഞ്ചു :അമ്മേ ...വെറുതെ കളിയാക്കണ്ട.ഇങ്ങനൊക്കെ യാത്ര പോയല്ലേ ഒരു ധൈര്യം ആകുന്നതു .നാളെ എന്നെ ദൂരെ എവിടെയെങ്കിലും പഠിക്കാൻ വിടുമ്പോ ഇതൊക്കെ ഒരു അനുഭവം അല്ലെ ?
അമ്മ :ഓഹ് ...നിന്നെ ഇവിടെ അടുത്തെ പഠിക്കാൻ വിടുന്നൊള്ളു .
അഞ്ചു :പ്ളീസ് അച്ഛാ ...ഞാനും കൂടെ അവരുടെ കൂടെ പൊയ്ക്കോട്ടേ ?
അച്ഛൻ :എന്നാ നിങ്ങൾ പോകുന്നെ ?
മാളു :അടുത്ത ആഴ്ച ഏതേലും ദിവസം പോകാൻ ആണ് വിചാരിക്കുന്നെ .
അച്ഛൻ :ആ ...എന്നാപ്പിന്നെ എല്ലാരും കൂടെ പോയി വാ .
ഇനി നിന്നാൽ ചിലപ്പോ അച്ഛന്റെ മനസ്സ് മാറിയാലോ എന്നുകരുതി അഞ്ചു അവരെയും കൂട്ടി നേരെ ദേവുവിന്റെ വീട്ടിലേക്ക് വിട്ടു .പുറത്തിറങ്ങിയപ്പോൾ ആണ് മാളുവിന് ശ്വാസം കിട്ടിയത് .ദേവുവിന്റെ കാര്യം അതിലും കഷ്ട്ടമായിരുന്നു .
മാളു :നിനക്കിതൊക്കെ നേരത്തെ പറഞ്ഞിട്ട് അച്ഛന്റെ അടുത് സംസാരിച്ചാൽ പൊരേർന്നു ?
ദേവു:എങ്ങാനും എന്റെ വീട്ടിലേക്ക് വിളിച്ചാരുന്നെങ്കിലോ ?നിന്നെ അന്നേരം ഒറ്റയ്ക്ക് കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇടിച്ചു കൊന്നേനെ ...
അഞ്ചു :നിങ്ങൾ ഇതിനൊക്കെ കൂട്ട് നിന്നില്ലെങ്കിലോ എന്നോർത്തുപോയി ...ഇപ്പൊ സംഗതി ഓക്കേ ആയില്ലേ ...അമ്മയും ഒന്നും പറഞ്ഞില്ല .അല്ലെങ്കിൽ കാണാമായിരുന്നു .വാ ഇനി ദേവൂന്റെ വീട്ടിൽ പോകാം .
ഇതൊക്കെ എന്ത് എന്നപോലെ നടന്നു പോകുന്ന അഞ്ജുവിനെ കണ്ടു മാളുവും ദേവുവും അന്തംവിട്ടു പോയി .ഉദ്ദേശിച്ചപോലെ അവരുടെ മാതാപിതാക്കൾ ഒത്തിരി ബലംപിടുത്തം കാണിക്കുന്നവരല്ല എന്ന് മാളുവിന്റെയും അഞ്ചുവിന്റെയും വീട്ടിൽ നിന്നുള്ള അനുഭവത്തിൽ നിന്നു മനസ്സിലാക്കിയ അവർക്കു ദേവുവിന്റെ വീട്ടിൽനിന്നു പെട്ടന്നുതന്നെ പച്ചക്കൊടി കിട്ടി .
തടസ്സങ്ങൾ ഒതുങ്ങി ...ഇനി പോകാനുള്ള പരിപാടികൾ നോക്കണം എന്നായി എല്ലാവരും . അടുത്ത തിങ്കളാഴ്ച പോകാം,രാവിലെ 5 നു കോലഞ്ചേരിയിൽ നിന്ന് ബസ് കയറാം എന്നുറപ്പിച്ചു .തിങ്കൾ വരെ ക്ഷമിച്ചിരിക്കുക എന്നതായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും വലിയ കടമ്പ .ഉള്ളതിൽ നല്ല ഡ്രസ്സ്,ഷൂസ് ,കമ്മൽ ,ചെയിൻ എല്ലാം നോക്കി റെഡി ആക്കി വച്ച് ,ഒരു ബാഗിൽ ഒരു കുപ്പി വെള്ളവും കുറച്ചു ചിപ്സും ചോക്ലേറ്സ് ഒക്കെ എടുത്ത് വച്ചു.പക്ഷെ സുരക്ഷയെ കരുതി സ്വർണ ആഭരങ്ങൾ വീട്ടുകാർ മേടിച്ചു വച്ചു .അതിൽ അവർക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല ,യാത്ര പോകുക എന്നതാണ് ആഗ്രഹം ,അതിങ്ങനെയെ പോകാവൂ എന്നൊന്നും ഇല്ല .പോയി വന്നാൽ മതി ,അത്രയേ ഒള്ളു .മാളു അവളുടെ ചേട്ടന്റെ പവർ ബാങ്ക് മേടിച്ചു ബാഗിൽ വച്ചു .എല്ലാവരും തലേന്ന് രാത്രി തന്നെ ഫോൺ ഫുൾ ചാർജ് ചെയ്തു .പാട്ടുകേൾക്കാൻ ഒരു ഹെഡ്സെറ്റും റെഡി ആക്കി .അഞ്ചു കസിൻ ചേട്ടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .ഇതിൽ നിന്നും പുള്ളിക്ക് പണികൾ ഒന്നും വരില്ല എന്ന് മനസ്സിലായപ്പോൾ ഒരു all the best പറഞ്ഞു .
രാവിലെ ബസ് കയറ്റിവിടാൻ മാളുവിന്റെ ചേട്ടനും കൂടെ വന്നു .വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്തു അമ്മമാരുടെ മുഖത്തെ വിഷാദം അവർ ശ്രദ്ധിച്ചിരുന്നു .ksrtc സൂപ്പർ ഫാസ്റ്റ് ആണ് കിട്ടിയത് .തൊടുപുഴ വരെ പോകാം അതിൽ .മുവാറ്റുപുഴ എത്തിയപ്പോൾ സീറ്റ് കിട്ടി .ഹെഡ്സെറ്റ് വച്ചു പാട്ടൊക്കെ വച്ചാണ് പിന്നെ പോയത് എല്ലാവരും .നേരം വെളുക്കുന്നതിനനുസരിച്ചു ആളുകൾ ഓരോരോ പണികളിൽ മുഴുകുന്നത് ഒരു കാഴ്ചയായിരുന്നു ...പച്ചക്കറി വണ്ടികൾ ,പൂക്കടകൾ ,മിന്നൽ പോലെ കള്ളും കൊണ്ട്പോകുന്ന പിക്കപ്പ് ...തൊടുപുഴയെത്തിയത് പെട്ടന്നാണെന്നു തോന്നിപ്പോയി .എത്തിയ ഉടനെത്തന്നെ എല്ലാവരും വീട്ടിലേക്കു വിളിച്ചു അറിയിച്ചു .
സ്റ്റാൻഡിൽ നിന്ന് എടുത്ത ഗ്രൂപ്പ് സെൽഫി എടുത്ത് അഞ്ചു കസിൻ ചേട്ടന് അയച്ചു .ആ ഫോട്ടോയിൽ സന്തോഷത്തിൽ നിറഞ്ഞു നിൽക്കുന്ന മൂന്നു മുഖങ്ങൾ കാണാമായിരുന്നു .ഒരു ഹോട്ടലിൽ കയറി നല്ലപോലെ ഭക്ഷണം കഴിച്ചു .വെളുപ്പിന് ഇറങ്ങിയതുകൊണ്ട് ഒന്നും കഴിക്കാതെയാണ് വീട്ടിൽ നിന്നും വന്നത് .അതുപോലെതന്നെ ചില ശങ്കകൾ വരുന്നുണ്ടോ എന്ന സംശയം പലപ്പോഴായി തോന്നിയതുകൊണ്ട് തൊടുപുഴ മുനിസിപ്പാലിറ്റിയുടെ ശൗചാലയത്തിന്റെ റിവ്യൂ എടുക്കേണ്ടതായി വന്നു .ഇനി ഉള്ളത് ഒരു നീണ്ട യാത്ര ആയതുകൊണ്ട് ഇതൊക്കെ നോക്കിയേ പറ്റൂ.അങ്ങനെ സമയം കളയാതെ കട്ടപ്പനയ്ക്കുള്ള ബസ് നോക്കി കണ്ടുപിടിച്ചു മൂന്നു പേർക്ക് ഒന്നിച്ചിരിക്കാവുന്ന സീറ്റിൽ ഇരിപ്പായി .സൈഡ് സീറ്റിൽ ഇരിക്കാൻ ഒരു അങ്കം നടന്നു എങ്കിലും ചുറ്റും ഇരിക്കുന്നവർ നോക്കുന്നത് കണ്ടതുകൊണ്ടും മാറി മാറി ഇരിക്കാം എന്ന ദേവുവിന്റെ കരാർ എല്ലാവരും അംഗീകരിച്ചതുകൊണ്ടും അത് ഒത്തുതീർപ്പായി .
കണ്ടക്ടർ വന്നപ്പോൾ മൂന്നു കാൽവരി മൗണ്ട് എന്നുപറഞ്ഞു മാളു പൈസ കൊടുത്തു .അല്പം ആശ്ചര്യത്തോടെ അയാൾ മൂന്നുപേരെയും ഒന്ന് നോക്കിയിട്ടാണ് ടിക്കറ്റ് കൊടുത്തത്.എതിർവശത്തിരിക്കുന്ന സീറ്റിലെ ചേച്ചിമാരും അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കി .പക്ഷെ അതൊന്നും നോക്കാതെ അവർ സംസാരത്തിൽ മുഴുകി .
ബസ് മുന്നോട്ട് പോകുന്തോറും കാഴ്ചകൾ കൂടി കൂടി വന്നു .അതുകൊണ്ട് തന്നെ സംസാരം കുറഞ്ഞു കുറഞ്ഞു വന്നു .വൈകാതെ അവർ നിശബ്ദരായി കാഴ്ചകൾ ആസ്വദിച്ചു ഇരിപ്പായി .വലിയ വളവുകൾ ,മലകൾ ,കയറ്റങ്ങൾ എതിരെ വരുന്ന വണ്ടികൾ ഏന്തി വലിഞ്ഞു കയറ്റം കയറുന്ന ബസിനെ നിഷ്പ്രയാസം മറികടന്നു പോകുന്ന ബൈക്ക് റൈഡേഴ്‌സ് എല്ലാം അവർക്കൊരു നിറക്കൂട്ടുകൾ നിറഞ്ഞ ചിത്രങ്ങൾ ആയിരുന്നു .അതിനു ആസ്വാദനം കൂട്ടാൻ വേണ്ടി മാത്രമാണോ ആ തണുത്ത കാറ്റു വീശുന്നത് എന്ന് എപ്പോഴൊക്കെയോ അവർ ചിന്തിച്ചുപോയി .
സ്ഥലം എത്താറായോ എന്നറിയാൻ ഇടയ്ക്കു ഗൂഗിൾ മാപ് നോക്കി .കുളമാവ് എത്തിയപ്പോൾ ഈ ടം ആണോ കാൽവരി മൗണ്ടിൽ നിന്ന് നോക്കിയാൽ കാണാവുന്നത് എന്ന് അവർ സംശയിച്ചുപോയി .കുറച്ചു ഫോട്ടോസും വിഡിയോസും ഒക്കെ ഇടയിൽ എടുത്തു സ്റ്റാറ്റസ് ഇട്ടുകൊണ്ടിരുന്നു അഞ്ചു .ഏകദേശം ഒൻപതര ആയപ്പോൾ കാൽവരി മൗണ്ട് സ്റ്റോപ്പ് എത്തി .ഒന്ന് രണ്ടു പ്രായമായവർ കൂടെ ആ സ്റ്റോപ്പിൽ ഇറങ്ങാൻ ഉണ്ടായിരുന്നു .അപ്പുറത്തെ സൈഡിൽ വച്ച ബോർഡിൽ സൈൻ കണ്ടു ...മുകളിലേക്കാണ് ...നോക്കിയാൽ തന്നെ കാണാം ഉയർന്നു നിൽക്കുന്ന മലകൾ ...
പതിയെ നടന്നു തുടങ്ങി .കുറച്ചു ദൂരം ചെന്നപ്പോൾ വഴി രണ്ടായി പിരിഞ്ഞു .എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചെറിയ സംശയം വന്നു നിൽകുമ്പോൾ ആണ് താഴെ നിന്ന് കയറി വന്ന കുറച്ചു ബൈക്കുകൾ ഇടത്തോട്ടുള്ള വഴിയിലേക്ക് പോകുന്നു .അവരുടെ വേഷം കണ്ടാൽ അറിയാം റൈഡേഴ്‌സ് ആണെന്ന് .എങ്ങോട്ടാണ് പോകേണ്ടത് എന്ന ചോദ്യത്തിന് തീരുമാനം ആയി .കോൺക്രീറ്റ് ഇട്ട വഴിയാണ് .ചിലയിടത്തു പൊട്ടി പൊളിഞ്ഞു പോയിട്ടുണ്ട് .നടക്കുന്നതിന്റെ ഇടയിൽ എല്ലാവരും സ്ഥലം എത്തിയെന്നു വീട്ടിലേക്കു വിളിച്ചു പറഞ്ഞു .വഴികളുടെ സൈഡിൽ കയ്യാലയോ മതിലോ ഇല്ല ,ചിലയിടത്തു ശീമക്കൊന്ന പിടിപ്പിച്ചിട്ടുണ്ട് .അവിടെ റിസോർട്ടിന്റെ ബോർഡ് ഒക്കെ വച്ചിട്ടുണ്ട് .
കുറച്ചു ചെന്നപ്പോൾ ഒരു ചേച്ചി പശുവിനെയും കൊണ്ട് എതിരെ വരുന്നതുകണ്ടു .പശു ഉപദ്രവിക്കുമോ എന്ന പേടി ചെറുതായിട്ട് അവരുടെ മുഖത്ത് കണ്ടപ്പോൾ ആ ചേച്ചി കയർ കുറുക്കി പിടിച്ചു പശുവിന്റെ വലതു ഭാഗത്തു ചേർന്ന് നിന്നാണ് നടന്നത് .അതായതു പശുവിനെയും അവരെയും വേർതിരിച്ചുകൊണ്ട് ഇടയിൽ നിൽക്കുന്നതുപോലെ .അടുത്തെത്തിയപ്പോൾ ആ ചേച്ചി അവരെനോക്കി പുഞ്ചിരിച്ചു .അവരും ചിരിച്ചു .ആ ചേച്ചി പോയതിനു കുറച്ചു പുറകിൽ ആയി ഒരു പെൺകുട്ടി തലയിൽ ഒരുകെട്ട് വിറകു വച്ച്കൊണ്ട് നടന്നു വരുന്നുണ്ട് .ഏകദേശം സമപ്രായക്കാരി .ആളെക്കണ്ടപ്പോൾ മനസ്സിലായി അത് നേരത്തെ പോയ ചേച്ചിയുടെ മകൾ ആണെന്ന് .കാലിൽ ചെരുപ്പില്ലാതെ പഴക്കം ചെന്ന ഒരു ചുരിദാർ ആണ് വേഷം .അല്പസമയം അവരുടെ ചിന്തകൾ നടത്തത്തിന്റെ വേഗതയെ കുറച്ചുകളഞ്ഞു .ആ കുട്ടി അടുത്തെത്തിയപ്പോൾ പരിചയപ്പെടൽ പോലെ അവർ ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു .സന്തോഷത്തോടുകൂടി അവളും തലയാട്ടി ചിരിച്ചു .
പാസ് വാങ്ങി ഇറങ്ങുന്നിടത് തന്നെ കാൽവരി മൗണ്ട് എന്ന് വലുതായി എഴുതി വച്ചിട്ടുണ്ട് .അതിന്റെ മുന്നിൽ നിന്ന് കുറച്ചു ഫോട്ടോസ് എടുക്കലാണ് ആദ്യം ചെയ്ത പണി .പിന്നെ കയ്യിൽ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു .കയ്യിൽ കരുതിയ ചോക്ലേറ്സ് കഴിച്ചു .രാവിലെ കഴിച്ചതൊക്കെ കത്തിപോയിരുന്നു .നല്ല കാറ്റുണ്ടായിരുന്നതുകൊണ്ട് എല്ലാവരും അധികം വൈകാതെ ഉഷാറായി .
അന്നേദിവസം അവിടെ അധികം ആരും വന്നിട്ടില്ല .വന്നവർ എല്ലാം ഹിൽടോപ്പിൽ ആണ് .കുറച്ചുനേരം കഴിഞ്ഞപ്പോൾ മൂന്നുപേരും അവിടെനിന്നു ഇറങ്ങി ,മുകളിലേക്ക് നോക്കി .കാഴ്ച്ചയിൽ ചെറിയൊരു ദൂരം കയറിയാൽ മലയുടെ മുകളിൽ എത്താം .എന്നാൽപ്പിന്നെ എന്തിനാ ഇനി തിരിച്ചു നടന്നു ഇടതുവശത്തേക്ക് കണ്ട വഴി പിടിക്കാൻ പോകണേ എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മാളുവും ദേവുവും വിലകൊടുത്തു .അതൊരു വലിയ വിലയായിരുന്നു .കാഴ്ച്ചയിൽ മലയ്ക്ക് ഉയരം കുറവായി തോന്നിയെങ്കിലും നല്ലപോലെ ചെരിവുള്ള മുട്ടിനു പൊക്കം പുല്ലുള്ള ആ മലകയറ്റം വളരെ ദുഷ്കരം ആയിരുന്നു .കയറിത്തുടങ്ങിയപ്പോൾ അഞ്ചു ഫോൺ എടുത്ത് വീഡിയോ പിടിച്ചു .പക്ഷെ ഒരു പത്തുമീറ്റർ കയറി കഴിഞ്ഞപ്പോൾ ഫോൺ പോക്കറ്റിൽ ഇട്ടിട്ടു രണ്ടു കൈകൊണ്ടും പുല്ലു വകഞ്ഞുമാറ്റിയാണ് പോയത് .
നല്ല അരമുള്ള ഇഞ്ചപ്പുല്ല് കൊണ്ട് കയ്യിലെ തോല് പോയപ്പോൾ എല്ലാവര്ക്കും കൈ പുകയാനും നീറാനും തുടങ്ങി . അഞ്ചു മറ്റുള്ളവരെക്കാൾ വേഗത്തിൽ അല്പം മുന്നിൽ ആയാണ് കയറുന്നത്.ഒപ്പം വന്നാൽ രണ്ടും കൂടെ അവളെ എടുത്ത് ചവിട്ടിക്കൂട്ടും .അമ്മാതിരി ഐഡിയ ആണല്ലോ കൊടുത്തത്.എന്നാൽ ഇടയ്ക്ക് വയ്യാതായപ്പോൾ അവർ നടത്തം നിർത്തി ,എത്രത്തോളം കയറി എന്നറിയാൻ താഴേക്കും ഇനി എത്ര പോകാൻ ഉണ്ടെന്നറിയാൻ മുകളിലേക്കും നോക്കി .താഴെ നിന്നപ്പോൾ കണ്ടതിനേക്കാൾ ചില വത്യസ്തത ഇപ്പോൾ ചുറ്റും നോക്കുമ്പോൾ തോന്നുന്നുണ്ട് .നോക്കുന്നതിന്റെ ഉയരത്തിൽ മാറ്റം വന്നല്ലോ. അഞ്ചു താഴെ നിൽക്കുന്ന മാളുവിന്റേയും ദേവുവിന്റെയും ഫോട്ടോ എടുത്തു . പുറകിൽ നിരന്നു കിടക്കുന്ന പർവ്വതങ്ങളും അങ്ങ് താഴെ കാണുന്ന ഡാമിലെ നീലനിറമുള്ള വെള്ളവും ബാഗും തൂക്കി പുല്ലു വകഞ്ഞുമാറ്റി കയറി വരുന്ന വരവും എല്ലാം ചേർന്നപ്പോൾ അതൊരു കിടിലൻ ഫോട്ടോ ആയി. അവരുടെ ആ ഫോട്ടോ കണ്ടപ്പോൾ അതിൽ തനിക്കും നില്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അഞ്ചു സങ്കടപ്പെട്ടു .
പാടുപെട്ടു നടക്കേണ്ടി വന്നു എങ്കിലും ആ മലകയറ്റം പതിയെ അവർക്കു ഒരു ഹരമായി . ആദ്യം മുകളിൽ എത്തിയ അഞ്ചു ഒരു വലിയ പാറയിൽ കയറി ഇരുന്നു. കുറച്ചു കൂടി മുകളിൽ ആയി ഒരു വലിയ തറകെട്ടി അതിൽ ഒരു കുരിശ് വച്ചിട്ടുണ്ട്. അവിടെ കുറെ ആളുകൾ ഇരിക്കുകയും നിൽക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ബസ്റ്റോപ്പിൽ നിന്ന് കയറിവന്നപ്പോൾ കയറിപ്പോയ ബൈക്ക് റൈഡേഴ്‌സ് ആണ് അതിൽ ചിലരെന്നു അഞ്ചുവിന് മനസ്സിലായി. അതിൽ ഒരാൾ അവളെ നോക്കുന്നപോലെ അഞ്ജുവിന് തോന്നി. പതിയെ തിരിഞ്ഞു അവർ വരുന്നുണ്ടോ എന്ന് നോക്കി ഇരിപ്പായി അവൾ.
അധികം വൈകാതെ കൈയും കാലും കുത്തി 2 പേര് ഇഴഞ്ഞു വരുന്നത് കാണാൻപറ്റി അഞ്ചുവിന് .കൊക്കയിൽനിന്നു അതിസാഹസികമായി രക്ഷപെട്ടു വരുന്നത് പോലെ ഒക്കെ ആദ്യം അവൾക്ക് തോന്നിയെങ്കിലും ആ വരുന്നവർ തന്റെ ഐഡിയയിൽ ഫ്യൂസ് പോയ മിത്രങ്ങൾ ആണെന്നും പണി വരുന്നുണ്ട് അവറാച്ചാ എന്നൊരു അശരീരിയും വൈകാതെ അവൾക്ക് കിട്ടി. കയറി വരുന്നിടത്തു കണ്ട പാറക്കല്ലിൽ അവർ ഇരുന്നു. മാളു ഒരു കഷ്ണം ഇഞ്ചപ്പുല്ല് കടിച്ചു പിടിച്ചിട്ടുണ്ട്. അതിനി എന്നോടുള്ള ദേഷ്യം കൊണ്ടാവുമോ എന്ന് അഞ്ചു ചിന്തിച്ചെങ്കിലും അവൾക്കു അതിന്റെ മണം ഇഷ്ടമായത് കൊണ്ടാവും എന്നോർത്ത് സമാധാനിച്ചു. പക്ഷെ ചോട്ടാ മുംബൈ സിനിമയിൽ കുടിക്കാൻ കൊണ്ടുവന്ന മദ്യക്കുപ്പി പൊട്ടിച്ച മുള്ളൻ ചന്ദ്രപ്പനെ അരിശം മൂത്ത് നോക്കുന്ന ബിജുക്കുട്ടന്റെ മുഖഭാവത്തിൽ ദേവു ഇരിക്കുന്നതിന് നല്ലൊരു കാരണം കണ്ടെത്താൻ കഴിയാതെ അഞ്ചു ചിന്താവിഷ്ടയായി.ഒരു പരിഹാരം എന്നപോലെ അഞ്ചു കയ്യിൽ ഇരുന്ന വെള്ളക്കുപ്പിയും ഒരു പാക്കറ്റ് ചിപ്സും അവർക്കു എടുത്ത് കൊടുത്തു .എന്നിട്ട് വീണ്ടും പഴയ സ്ഥാനത്തു വന്നിരുന്നു. ഒരകലം നല്ലതാണെന്നു അഞ്ചു ചിന്തിച്ചു.
അഞ്ചുവിന്റെ പുറകിൽ ഉള്ള ആദ്യം പറഞ്ഞ കുരിശിന്റെ താഴെ നിന്നിരുന്ന ആളുകളിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക്ക് നടന്നടുത്തു. അപരിചിതൻ ആയ അയാളെ കണ്ട് മാളുവിന്റെയും ദേവുവിന്റെയും മുഖം മാറി .ആ ഭാവമാറ്റം കണ്ട് അഞ്ചുവും ആരോ തങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടെന്നു അറിഞ്ഞു. ആരാണെന്നറിയാൻ അവൾ തിരിഞ്ഞു നോക്കി. വരുന്ന ആളെ കണ്ട് അഞ്ചു ചിരിച്ചു കൈപൊക്കി കാണിച്ചു. മൂന്നുപേരും ഇരുന്നിടത്തു നിന്നെണീറ്റു. എന്നാൽ മാളുവും ദേവുവും മുഖത്തെ അത്ഭുത ഭാവം കളയാതെയായിരുന്നു നിന്നത്.
അഞ്ചു :ഹായ് അമൽ ചേട്ടാ...
അമൽ :ഹായ്, വെക്കേഷൻ ട്രിപ്പ് ആണെന്നോ?
അഞ്ചു: അതെ. പക്ഷെ ഞങ്ങൾ മാത്രേ ഒള്ളു.
അമൽ :കൊള്ളാം. ബസിനാണല്ലേ വന്നത്?
അഞ്ചു :അതെ.
അമൽ :നിങ്ങൾ നടന്നു കയറുമ്പോൾ കുറച്ചു ബൈക്ക് പോകുന്നത് കണ്ടില്ലേ താഴെ നിന്ന് വന്നപ്പോൾ... അതിൽ ഞാനും ഉണ്ടായിരുന്നു. പക്ഷെ നിന്നെ ഇപ്പോളാണ് കാണുന്നത്. നടന്ന് വയ്യാതായതുപോലെ ഉണ്ടല്ലോ.
അഞ്ചു :ഏയ്... ഇതൊക്ക എന്ത്.... !ചിപ്സ് വേണോ?
അമൽ :വേണ്ട. ഞങ്ങൾ താഴെ നിന്ന് കഴിച്ചിട്ടാണ് കയറിയത്.
അഞ്ചു :ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങിയിട്ട് വേണം കഴിക്കാൻ. അവിടെ ഫുഡ് എങ്ങനെയുണ്ട്?
അമൽ :കുഴപ്പമില്ല... ഊണ് എങ്ങനുണ്ടാവും എന്ന് പിടിയില്ലാട്ടോ !
വന്നതാരാണെന്നറിയാതെ കണ്ണ് മിഴിച്ചു നിൽക്കുന്ന മാളുവിനോടും ദേവുവിനോടും ആയി അഞ്ചു പറഞ്ഞു.
അഞ്ചു :ആളെ മനസ്സിലായില്ലേ? എന്റെ ചേട്ടന്റെ കൂട്ടുകാരൻ ആണ്. അമൽ ചേട്ടൻ.
അമൽ :എല്ലാവരെയും ഞാൻ കണ്ടിട്ടുണ്ട്, അന്ന് ഓണത്തിന് കൂടിയപ്പോൾ...
ദേവു :പെട്ടന്ന് കണ്ടപ്പോൾ ഓർമ കിട്ടിയില്ല, അറിയാട്ടോ...
മാളു :പെട്ടന്ന് കണ്ടിട്ടല്ല, ഇപ്പോളാ കണ്ണ് കാണാൻ പറ്റുന്നത്. മലകയറ്റം നല്ല പണിയായിരുന്നു.
അമൽ :ആഹാ... അല്ല ഇതെന്താ താഴെ നിന്ന് ഇല്ലാത്ത വഴി കയറി
വന്നേ ...ഇപ്പുറത്തു നല്ല വഴി കിടക്കുന്നതു കണ്ടില്ലേ?
ദേവുവും മാളുവും എന്തെങ്കിലും പറയാൻ വരുന്നതിനു മുൻപ് അഞ്ചു ചാടിക്കയറി പറഞ്ഞു...
"ഇതൊക്കെ ഒരു എക്സ്പീരിയൻസ് അല്ലെ? "
അമൽ :ആ നല്ലതാ...ഞാൻ എന്നാൽ പോയേക്കുവാ... കുറച്ചു കൂടെ കഴിഞ്ഞു ഇവിടെ നിന്നിറങ്ങും. Bye...
അഞ്ചു :ഓക്കേ bro.
അമൽ പോയിക്കഴിഞ്ഞപ്പോൾ മാളുവും ദേവുവും അഞ്ചുവിനെ വട്ടം പിടിച്ചു.
മാളു :നിനക്ക് എന്ത് എക്സ്പീരിയൻസ് ആടി കിട്ടിയത്... കൊരങ്ങി....
അഞ്ചു :അല്ല അതുപിന്നെ... പൊന്നു മക്കളെ ചേച്ചീനെ നാറ്റിക്കല്ലേ അവരുടെ മുന്നിൽ വച്ച്. പിടിവിട് പ്ലീസ്...
ദേവു :വാ... സമയം കളയേണ്ട... അവർ ഇപ്പോൾ പോകും. നമുക്ക് കുരിശിന്റെ അടുത്ത് പോയി കുറച്ചു pics എടുക്കണ്ടേ?
അഞ്ചു മാളുവിനെ നോക്കി കോക്കിരി കാണിച്ചു.
അവർ കുറച്ചു നേരം അവിടെ ഇരുന്നു. കുരിശ് നിൽക്കുന്നതിനു അപ്പുറത്തേക്ക് നോക്കിയാൽ ബസ് പോയ റോഡും കാൽവരി മൗണ്ട് എത്താൻ നടന്ന് കയറിയ മലയും എല്ലാം കാണാം. അവിടെ നിന്ന് കുറച്ചു ഫോട്ടോ എടുത്തു. സമയം ഏതാണ്ട് 11.30 കഴിഞ്ഞു. വെയിലിനു കാഠിന്യം കൂടി തുടങ്ങി. എങ്കിലും തണുത്ത കാറ്റ് ഉണ്ട്. പക്ഷെ സൂര്യന്റെ ചൂടിനെ ഇല്ലാതാക്കാൻ കാറ്റിന് കഴിയാതെയായി. തിരികെ ഇറങ്ങാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ. കുരിശിന്റെ അപ്പുറത്തേക്ക് ചെരിവ് പോലെ മലകൾ നിരന്നു നിൽക്കുന്നുണ്ട്. അങ്ങോട്ട് പോകാൻ പക്ഷെ രക്ഷയില്ലാത്തതുകൊണ്ട് അവർ തിരിച്ചു നടന്നു. താഴെ എത്താറായപ്പോൾ വലതു ഭാഗത്തായി കുറച്ചു തേയില പ്ലാന്റ് ചെയ്തിട്ടുണ്ട്. അവിടെ നിന്നും കുറെ ഫോട്ടോ എടുത്തു.
താഴെ എത്തിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ അവരെ ഒരു പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.
സെക്യൂരിറ്റി :നിങ്ങൾ പോകുവാണോ?
ദേവു :ആം... ഒത്തിരി നേരം നില്കുന്നില്ല. പിന്നെ വെയിൽ കൂടി വരുന്നുണ്ട്.
സെക്യൂരിറ്റി :ആ ഇവിടെ വേറെ തണൽ കിട്ടാൻ മരങ്ങൾ ഒന്നും ഇല്ലല്ലോ...
കുരിശ് കഴിഞ്ഞു അപ്പുറത്തേക്ക് പോയർന്നോ?
മാളു :ഇല്ല. അങ്ങോട്ട് കാണാൻ ഒരുപാടുണ്ടോ?
സെക്യൂരിറ്റി :അങ്ങനെ പ്രത്യേകിച്ച് ഒന്നുല്ലകെട്ടോ... ഒത്തിരി നടന്നു ക്ഷീണിച്ചപോലെ തോന്നിയാന്നർന്നേ... അതുകൊണ്ട് ചോദിച്ചതാ...
ദേവുവും മാളുവും അഞ്ചുവിനെ ഒന്നുനോക്കി. അവൾ രണ്ടിനെയും നോക്കി പല്ലിളിച്ചു. നടന്നകാര്യം അവർ ആ ചേട്ടനോട് പറഞ്ഞു.
സെക്യൂരിറ്റി :അതിനെന്നാ... ഇതൊക്കെ ഒരു രസം അല്ലയോ... കുറച്ചു കൂടെ കഴിഞ്ഞാൽ ഇങ്ങനൊക്കെ കേറാൻ പറ്റുവോ? എല്ലാവരും വെട്ടിയിട്ട വഴിയിലൂടെ ആണ് കേറണേ. ഇങ്ങനെ കേറുമ്പോൾ കാണണ കാഴ്ചകൾ ആ വഴി പോയ കിട്ടുകേല. പിന്നെ നോക്കി പോകണം ഏത് വഴി ആണേലും .
ഇത് കേട്ടപ്പോൾ അഞ്ചു പുച്ഛത്തോടെ രണ്ടിനെയും ഒന്ന് നോക്കി.
സെക്യൂരിറ്റി :നിങ്ങൾ ബസ് ഇറങ്ങിയിടത്തു നിന്ന് കുറച്ചു കൂടെ മുന്നിൽ ആയി ഹോട്ടൽ ഉണ്ട് കേട്ടോ. കഴിച്ചിട്ട് വണ്ടി കേറിയാ മതി. അവിടേം വരെ പോവാനുള്ളതല്ലെയോ...
മാളു : കഴിച്ചിട്ടേ പോകു. ഞങ്ങൾ കഴിച്ചതൊക്കെ പണ്ടേ കത്തിപോയി.
സെക്യൂരിറ്റി :എന്നതാ എല്ലാരുടേം പേര്?
ദേവു :ഞാൻ ദേവിക, ഇത് സിബിന
അഞ്ചു :ഞാൻ അഞ്ജലി.
സെക്യൂരിറ്റി :ആഹാ ...മിടുക്കി.
ദേവു :ചേട്ടന്റെ പേരെന്താ?
സെക്യൂരിറ്റി :ബേബി. ഇവിടെ കട്ടപ്പന സിറ്റിയിൽ ആണ് താമസം. ശരിക്കും സ്ഥലം അങ്ങ് മുണ്ടക്കയം ആണ്.
മാളു : മുണ്ടക്കയം സ്ഥലം എവിടെയാ?
സെക്യൂരിറ്റി :കട്ടപ്പനയിൽ നിന്ന് കോട്ടയം പോകുന്ന വഴിയാ.അവിടേം കുറെ കാണാനൊണ്ട് കെട്ടോ. പരുന്തുംപാറ, പാഞ്ചാലിമേട് ഒക്കെ കേട്ടിട്ടുണ്ടോ?
മാളു :ഇല്ല .പോകണം എന്നുണ്ട്.
സെക്യൂരിറ്റി :ബസിൽ പോക്ക് നടക്കുകേല. വണ്ടിക്കു വരണം. നിങ്ങൾക്ക് അങ്ങ് കോലഞ്ചേരി എത്തണ്ടേ?
മാളു :നോക്കണം. എന്നെങ്കിലും പോകും.
അഞ്ചു :എന്നാപ്പിന്നെ പോയാലോ?
മാളു :എങ്ങോട്ടാ?
അഞ്ചു :വീട്ടിൽ. എനിക്ക് വിശക്കുന്നു.
മാളു:ആ പോവാം. ബേബിച്ചേട്ടാ ഞങ്ങൾ ഇറങ്ങുവാ. ഇനി എവിടെയെങ്കിലും കാണാം.
സെക്യൂരിറ്റി :ശരി മക്കളെ. ഓക്കേ എന്നാ...
ഇറങ്ങുന്നതിനു മുന്നേ അവർ ചുറ്റും ഒന്ന് കണ്ണോടിച്ചു. എന്തോ കണ്ട് മതിവന്നില്ല എന്നൊരു ഭാവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു. ഈ കണ്ട മല മുഴുവൻ നടന്നു കാണാൻ കഴിഞ്ഞതിൽ അവർക്കു വളരെ സന്തോഷമാണ് അപ്പോൾ തോന്നിയത് .ഇറങ്ങാൻ നേരത്ത് കയറിയത് ആയിരുന്നു എളുപ്പം എന്ന് തോന്നി എല്ലാവർക്കും. ഒടുവിൽ ഹോട്ടൽ എത്തി മൂന്ന് ഊണിനു ഓർഡർ കൊടുത്തു ഫാനിന്റെ ചുവട്ടിൽ ഇരിപ്പായി എല്ലാം. അപ്പോളാണ് അഞ്ചുവിന്റെ കസിൻ ചേട്ടൻ വിളിക്കുന്നത് .Aആകെ വിയർത്തു ഇരിക്കുന്നതുകൊണ്ട് അഞ്ചു സ്പീക്കറിൽ ആണ് കാൾ എടുത്തത്.
അഞ്ചു :ഇവിടെ എല്ലാം... I... my control. പ്രശ്നം ഒന്നുമില്ല.
ചേട്ടൻ :ഓ... എന്താ അവളുടെ ഒടുക്കത്തെ ജാട. എന്തായി കാര്യങ്ങൾ? ഇറങ്ങാറായോ?
അഞ്ചു :ഞങ്ങൾ ഇറങ്ങി. ഫുഡ് കഴിക്കാൻ കയറി. കഴിഞ്ഞാൽ ആദ്യം കിട്ടുന്ന വണ്ടിയിൽ കയറും.
ചേട്ടൻ :ആം. ഞാൻ സ്റ്റാറ്റസ് ഒക്കെ കണ്ടു. മൊത്തത്തിൽ എങ്ങനെ ഉണ്ടായിരുന്നു ട്രിപ്പ്?
അഞ്ചു :ഒന്നും പറയാനില്ല... സൂപ്പർ. കണ്ടു കണ്ട് എന്റെ കിളി പോയി. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഭ്രാന്തനെ പോലെ അലയുകയായിരുന്നു ഞങ്ങൾ.
ചേട്ടൻ :ങേ... !നീ കഴിച്ചിട്ട് വിളി. ചിലപ്പോൾ വിശന്നിട്ടാവും...
അഞ്ചു :പോടോ മനുഷ്യാ... എൻ വഴി, തനി വഴി.
ചേട്ടൻ :ഓ... തിരിച്ചു പോരാൻ ഇനി നീ ആയിട്ട് വേറെ വഴിയൊന്നും വെട്ടേണ്ട.
അഞ്ചു :ചളി... ഒന്ന് പോയെ.
ചേട്ടൻ :ഞാൻ എങ്ങോട്ടാ പോവണ്ടേ ഇനി .വേഗം ഇങ്ങു പോരെ. പിന്നെ ഫോട്ടോ എല്ലാം നന്നായിട്ടുണ്ട്.
അഞ്ചു :അതുപിന്നെ പറയണോ... എല്ലാം ഞാൻ എടുത്തതാ...
ചേട്ടൻ :ഓ പിന്നെ... സ്ഥലം അടിപൊളി ആണ്. നിന്റെ കൂട്ടുകാരികളും സുന്ദരികൾ ആയതുകൊണ്ട് ഫോട്ടോ നന്നായി. അതിനു നീ തന്നെ എടുക്കണം എന്നില്ല.
മാളുവും ദേവുവും ചിരി തുടങ്ങി. അഞ്ചുവിന്റെ സകല ക്ഷമയും പോയി.
അഞ്ചു :അതേയ്... എന്റെ കൂട്ടുകാരികളെ വായ്‌നോക്കാൻ നാണമില്ലല്ലോ... ചേട്ടനാണ് പോലും ചേട്ടൻ...
ചേട്ടൻ :ഫോട്ടോ കാണാൻ നല്ലതാണ് എന്നുദ്ദേശിച്ചു പറഞ്ഞതാ കുരിപ്പേ...
അഞ്ചു :ഞാൻ അവരോട് പറയുന്നുണ്ട്.
ചേട്ടൻ :നീ പറഞ്ഞോടി... സുന്ദരനും സുമുഖനുമായ ഒരു ചേട്ടൻ അന്വേഷിച്ചെന്നു. വേണേൽ എന്റെ കുറച്ചു ഫോട്ടോ കൂടെ കൊടുത്തോ .സന്തോഷം മാത്രമേ ഒള്ളു.
അഞ്ചു :ഇനിയിപ്പോ ഞാൻ ആയിട്ടെന്തിനാ പ്രത്യേകം പറയുന്നത്... നിങ്ങൾ തന്നെ പറഞ്ഞില്ലേ...!
ചേട്ടൻ :എന്താന്ന്?
അഞ്ചു :മോനുസേ... idea is good, but leg is mine. ഫോൺ സ്‌പീക്കറിൽ ആയിരുന്നു.
ചേട്ടൻ:(ഓഹ്... തേഞ്ഞു... )ഫുഡ് വരാറായില്ലേ?
അഞ്ചു :കഞ്ഞി ആയിട്ടുണ്ട്, ചമ്മന്തി അരച്ചോണ്ടിരിക്കുവാ...
ചേട്ടൻ : കഴിച്ചിട്ട് വേഗം ഇങ്ങു വാ...
അഞ്ചു :പ്ലിങ്... പ്ലിങ്... പ്ലിങ്ങി പോ...
ഒരു കൂട്ടച്ചിരി കേട്ട് ഹോട്ടലിലെ ചേട്ടൻ എത്തി നോക്കി. ഊണൊക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം 12.45 ആയിരുന്നു. ബസ് 1.15 നു ആണ്. എല്ലാവരും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. മൂന്നുപേർക്ക് ഒന്നിച്ചിരിക്കാവുന്ന സീറ്റ് കിട്ടി എങ്കിലും സൈഡ് സീറ്റിൽ ഇരിക്കാൻ ഇത്തവണ ആരും ബഹളം വച്ചില്ല. ദേവു സൈഡ് സീറ്റിൽ ഇരുന്നു. നടുക്ക് അഞ്ചുവും അറ്റത്തു മാളുവും ഇരുന്നു. ടിക്കറ്റ് എടുത്ത് കഴിഞ്ഞപ്പോൾ എല്ലാവരും എടുത്ത ഫോട്ടോസ് ഷെയർ ചെയ്തു. യാത്രയുടെയും മലകയറ്റത്തിന്റെയും ക്ഷീണം കാരണം അഞ്ചു മാളുവിന്റെ തോളിൽ ചായ്ഞ്ഞു കിടന്നു. ഫോട്ടോ നോക്കുന്നതിന്റെ ഇടയിൽ അഞ്ചു എടുത്ത ആ ഫോട്ടോ ദേവു കണ്ടു, മല കയറി വരുന്ന ദേവുവിന്റെയും മാളുവിന്റെയും ചിത്രം. അതവൾ മാളുവിനെയും കാണിച്ചു. രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ ആ ഫ്രെയിമിൽ നിൽക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം അഞ്ചുവിന്റെ ഉള്ളിൽ നിന്ന് പോയി .അഞ്ചുവിന് സ്വയം അഭിമാനം തോന്നിയ നിമിഷം ...പതിയെ അഞ്ചു ഉറക്കമായി .മാളുവിന്റെ വലത്തേ തോളിനു ഒരു ചുമടും ആയി.
ആദ്യമായ് ഇങ്ങനെ കൂട്ടുകാരുടെ കൂടെ ഒരു യാത്ര പോയതിന്റെ സന്തോഷം മാളുവിനും ദേവുവിനും ഉറക്കത്തിലേക്കുള്ള യാത്ര മുടക്കി. അവരുടെ മുഖത്ത് സ്വാതന്ത്ര്യം നേടിയതിന്റെ സന്തോഷം ഒന്നും കാണാൻ ഇല്ലായിരുന്നു പക്ഷെ... അല്ലെങ്കിലും അവർ ഒന്നും നേടിയിട്ടില്ലല്ലോ... നഷ്ട്ടപെടുത്തുകയാണ് ചെയ്തത്... "അടിമത്തം ".കാലങ്ങൾ കൊണ്ട് വളർന്നു വന്നിട്ടുള്ള സംസ്കാരവും അതിൽ വിശ്വസിച്ചു ജീവിക്കുന്ന സമൂഹവും അറിഞ്ഞോ അറിയാതെയോ വളർത്തിയെടുത്ത അടിമത്തം...
END
Bạn đang đọc truyện trên: Truyen247.Pro