ഏദൻ തോട്ടത്തിലേക്ക്
പിറ്റേന്ന് രാവിലെ തന്നെ രാഹുൽ ഷൊർണുർ ന് പോയി. അവിടെ അയാളെ കാത്ത് ഒരു മധ്യവയസ്കൻ ഉണ്ടായിരുന്നു.. മണി എന്നാണ് പേര് . ശങ്കർ സാറിന്റെ സ്റ്റാഫ് ആണ്. വീടിന്റെ മേൽനോട്ടം അയാൾക്കാണ്. അവർ ടൗണിൽ വച്ചാണ് കാണുന്നത്. ഒരു ചായ ഒക്കെ കുടിച്ചിട്ട് അവർ നേരെ വീട് കാണാൻ പോയി. നേരെ പോകുന്ന റോഡിന്റെ വശത്തായി പണിത ഒരടിപൊളി വീട്. രഘു സാർ കൈ വച്ചതൊന്നും മോശം വരില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു രാഹുൽ.വീടിന്റെ പേര് ഏദൻ തോട്ടം എന്നായിരുന്നു.
ഗാർഡൻ വരെ നല്ലപോലെ മൈന്റൈൻ ചെയ്യുന്നുണ്ട്. ചുറ്റിലും മതിൽ ഉണ്ട്. നടുവിലൂടെ ആണ് വീട്ടിലേക്ക് കേറാനുള്ള വഴി. രണ്ട് വശത്തും പുല്ല് പിടിപ്പിച്ച ലാൻഡ്സ്‌കേപ്പ് ആണ്. അവിടെ കുട്ടികൾക്ക് വേണ്ട ഊഞ്ഞാൽ, സ്ലൈഡർ ഒക്കെ ഉണ്ട്. പിന്നെ റംബൂട്ടാനും പൊക്കം കുറഞ്ഞ മാവുകളും... പേരുപോലെ ഒരു ഏദൻ തോട്ടം ആണ്. പക്ഷെ ഇവിടെ വിലക്കപ്പെട്ട കനി ഈ വീടാണ്. സായാഹ്നം ചിലവിടാൻ കെട്ടിയ ഒരു ഷെഡ് ഉണ്ട്. .ഒരു ചെറിയ പാർക്ക് പോലെ...
വീട് കണ്ടാൽ താമസം ഇല്ലാത്തതാണ് എന്ന് ആരും പറയില്ല. റോഡിന്റെ എതിർ വശത്തും വീടിന്റെ വലത് വശത്തും വീടുകൾ ഉണ്ട് ഒന്ന് രണ്ടെണ്ണം.
രാഹുൽ നേരെ വീടിന്റെ അകത്തേക്ക് നടന്നു. കാർ പോർച്ചിൽ കുറച്ചു പണി സാധനങ്ങൾ മാത്രം. ഗാർഡൻ നന്നാക്കാൻ ഉള്ളതാണ്.വാതിൽ തുറന്നു മണി രാഹുലിനെ അകത്തേക്ക് കൊണ്ടുപോയി.അകവും നല്ലപോലെ ക്ലീൻ ആക്കിയാണ് ഇട്ടിരിക്കുന്നത്. ആ വീട് മുഴുവനായും furnished ആയിരുന്നു. താഴത്തെ നിലയിൽ രണ്ട് ബെഡ്‌റൂം ഉണ്ട് കട്ടിലും, വാർഡോബും എന്തിനു എല്ലാ ജനലിനും കർട്ടൻ വരെ ഉണ്ട്. കിച്ചൻ ഓപ്പൺ ടൈപ് കിച്ചൻ ആണ്. പാത്രങ്ങൾ ഇല്ലായിരുന്നു. മുകളിലത്തെ നിലയിൽ ഒരു ബെഡ്‌റൂം കൂടാതെ ഒരു ലിവിങ് റൂം പിന്നെ ബാൽക്കണിയും ഉണ്ട്.
ബാൽക്കണി വീടിന്റെ മുന്നിലേക്ക് ആയാണ്. റോഡ് നന്നായി കാണാം. റോഡിന്റെ വശങ്ങളിൽ ഉള്ള വീടുകളും കാണാം. അൽപനേരം അവിടെ നിന്നശേഷം രാഹുൽ താഴേക്ക് ഇറങ്ങി വീടിന്റെ പുറകിൽ എത്തി.പിന്നിൽ മതിൽ ഉണ്ട്.
"മണിച്ചേട്ടൻ എത്ര നാളായി ഇവിടെ ജോലി തുടങ്ങിയിട്ട്?"
'ഈ വീടിന്റെ പണി തുടങ്ങിയപ്പോൾ മുതൽ ഒരു കയ്യാളായി ഇവിടെ ഉണ്ട് സാറേ.'
"ആഹാ... ഈ സ്ഥലം വീട് പണിയുന്നതിനു മുൻപ് വേറെ കെട്ടിടം ഉണ്ടായിരുന്നോ?"
'ഇല്ല. ഇവിടെ ആകെ കാട് പിടിച്ചു കിടപ്പായിരുന്നു... സാറിനോട് ശങ്കർ സാർ എല്ലാം പറഞ്ഞില്ലേ?'
"എന്ത് പറഞ്ഞില്ലേന്ന്?"
'അല്ല... ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടെന്ന്?'
"മണിച്ചേട്ടൻ ഇവിടെ താമസിച്ചിട്ട് എന്താണ് തോന്നിയെ?"
'ഞാൻ ഇവിടെ ഇതുവരെ രാത്രി കിടന്നിട്ടില്ല.'
"അപ്പൊ മണിച്ചേട്ടനും ഇതൊക്കെ വിശ്വസിക്കുന്നുണ്ട് അല്ലെ?"
'അങ്ങനെ ചോദിച്ചാൽ... ഉണ്ടെന്ന് പറയാം.'
"ഇവിടെ ഇങ്ങനൊരു പ്രശ്നം ഉണ്ടെന്ന് എപ്പോളാ നിങ്ങളൊക്കെ അറിഞ്ഞേ?"
'വീട് പണി പകുതി ആയപ്പോൾ ആണ് പണിക്കാരുടെ ഇടയിൽ ഇത് പറഞ്ഞു കേൾക്കുന്നത്. രാത്രിയിൽ അന്ന് വേറെ ഏതോ സൈറ്റിലേക്ക് പണി സാധനങ്ങൾ എടുക്കാൻ വന്ന ചിലർ എന്തോ കാണുകയോ മറ്റോ ഉണ്ടായി. അതാണ് അവസാനം ഇവിടെ പണ്ടൊരു അമ്പലം ഉണ്ടായിരുന്നു എന്നും അതിന്റെ എന്തോ പ്രശ്നം ആണ് ഇപ്പോൾ കാണുന്നത് എന്നും ഒക്കെ ആരൊക്കെയോ പറഞ്ഞു നടന്ന് ഇങ്ങനായി.'
"ഇങ്ങനൊക്കെ ആണേൽ പിന്നെ ചേട്ടനെന്താ ഇവിടെ താമസിച്ചാൽ?"
'എന്റെ സാറേ... എനിക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ട്. പണിക്കാരൻ ആയത്കൊണ്ടാണ് ഇവിടെ നോക്കാൻ ഏൽപ്പിച്ചപ്പോ വന്നത്.'
"ആഹ്... ഞാൻ ചുമ്മാ ചോദിച്ചതാ മണിച്ചേട്ടാ... കാര്യങ്ങൾ നിങ്ങടെ മുതലാളി പറഞ്ഞത് മാത്രം കേട്ടാൽ പോരല്ലോ... ഏത്..."
ഇതും പറഞ്ഞു രാഹുൽ മണിയുടെ തോളിൽ തട്ടി ചിരിച്ചു. മണിയും ചിരിച്ചു.
അന്ന് അവിടെ അൽപനേരം കുറച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ച് അവർ അവിടെ കൂടി. വൈകുന്നേരം മണി തിരിച്ചു പോയി. രാഹുൽ ചുറ്റുപാടും ഉള്ള വീടുകളിൽ കേറി ഇറങ്ങി എല്ലാവരെയും പരിചയപ്പെട്ടു. വാടകയ്ക്ക് ആണ് എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഭാവങ്ങൾ അവൻ പ്രത്യേകം ശ്രദ്ധിച്ചു. അതിൽ ഒരാൾ മാത്രം രാഹുലിന്റെ കൂടെ കൂടി. ലോനപ്പൻ... അയാളുടെ മകനും മരുമകളും മക്കളും ആയിട്ട് ഒരു വീട്ടിൽ ആണ് താമസം.
ലോനപ്പൻ ആളൊരു 90's വസന്തം ആണ്. കക്ഷി കുറേ കഥകൾ പറഞ്ഞു വിരട്ടാൻ നോക്കി. പക്ഷെ വേറെ ഒരു വീട്ടുകാരും അങ്ങനെ ഒന്നും പറഞ്ഞില്ല. അവർക്ക് അവിടെ നിന്ന് ഇതുവരെ ഒരു മായക്കാഴ്ചയോ ശബ്ദങ്ങളോ കിട്ടിയിട്ടില്ല. ഒടുവിൽ വന്നവൻ അങ്ങനൊന്നും പോകുന്ന ടൈപ്പ് അല്ല എന്നായപ്പോൾ ലോനപ്പൻ പിന്നെ കൂടെ കൂടാൻ നോക്കി. എന്നാൽ മദ്യപാനമോ മറ്റു ദുശീലങ്ങളോ ഇല്ലാത്ത രാഹുലിന്റെ കൂടെ കൂടിയിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി കക്ഷിക്ക്.
അവിടെ നിന്ന് വിദഗ്ധമായി തടിയൂരി രാഹുൽ ആദ്യത്തെ രാത്രിയിൽ അവിടെ താഴെ ഉള്ള മാസ്റ്റർ ബെഡ്‌റൂമിൽ കിടന്നുറങ്ങി. ക്ഷീണം ഉള്ളത്കൊണ്ട് വേഗം ഉറങ്ങിപ്പോയി. ആ രാത്രി അവിടെ എന്തെങ്കിലും നടന്നെങ്കിൽ തന്നെ അതൊന്നും അറിയാൻ അവന് കഴിയില്ലാത്ത പോലെ ഉള്ള ഉറക്കം ആയിരുന്നു.
രാവിലെ തന്നെ കണി കണ്ടത് ലോനപ്പൻ അമ്മാവനെ ആയിരുന്നു.
"എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ ഉറക്കം ഒക്കെ?"
'കണ്ണടച്ചത് മാത്രമേ ഓർക്കുന്നുള്ളു...'
"ആണോ... ഇനിയും സമയം ഉണ്ടല്ലോ "
'ഇതെന്താ എന്നെ രാവിലെ തന്നെ വിരട്ടാൻ വന്നതാണോ?'
"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ... ചായ കുടിച്ചോ?"
'ഇല്ല. സമയം ഉണ്ട്. കുടിച്ചോളാം... അമ്മാവന് എന്താ പരിപാടി. ഇന്നലെ നമ്മൾ ഇവിടത്തെ കഥകൾ പറഞ്ഞു പോയത് കൊണ്ട് ചോദിക്കാൻ പറ്റിയില്ല.'
"എനിക്ക് എന്താ... ചുമ്മാ ഇരിപ്പാണ്. സമയം പോകണില്ല..."
'ആഹ് എനിക്ക് നേരെ തിരിച്ചാണ്. നല്ല പണിയുണ്ട്... സമയം തീരെ ഇല്ല. സമയം കിട്ടുമ്പോൾ ഞാൻ ഞാൻ അങ്ങോട്ട് ഇറങ്ങാം.'
"അത് സാരമില്ല... ഇടയ്ക്ക് ഞാൻ ഇങ്ങോട്ട് വരാം."
'ഓഹ്... വേണ്ടമ്മാവാ... ഇവിടെ ഞാൻ തിരക്കിൽ അല്ലെ... ശേരിയെന്ന... ഞാൻ പോയി ഒരു ചായ കുടിക്കട്ടെ...'
അങ്ങനെ ആ അമ്മാവനെ ഒഴിപ്പിച്ചു രാഹുൽ ടൗണിലേക്ക് ഇറങ്ങി. കോശി സാറിനെ വിളിച്ചു കക്ഷിയുടെ പൂട്ടി കിടക്കുന്ന പാലക്കാടുള്ള ഒരു ലൈബ്രറിയിലെ ബുക്സ് ഇവിടേക്ക് എത്തിക്കാൻ ഏർപ്പാടാക്കാൻ പറഞ്ഞു. അതോടെ കോശി സാറിന് ഇത് വലിയ പ്രശ്നം ഉള്ള സംഗതി അല്ല എന്ന് ഉറപ്പായി. ഒരു വണ്ടിയും കുറച്ചു ആളുകളെയും വൈകുന്നേരം വിട്ടേക്കാം എന്ന ഉറപ്പിൽ ആ കാൾ അവസാനിച്ചു.
ഒരു ഉച്ചയായപ്പോൾ ദേ വരുന്നു അക്കുന്റെ കാൾ.
"Bro ഇപ്പോൾ എവിടെയാണ്?"
'ഞാൻ ഇപ്പോൾ ഷൊർണുർ ടൗണിൽ ഉണ്ടെടാ.'
"എന്നാ ഞാൻ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?"
'ഞാൻ എങ്ങനെ അറിയാനാ... നീ പറ.'
"ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ..."
രാഹുലിന്റെ മുന്നിൽ ഇപ്പോൾ നക്ഷതങ്ങളും മിന്നാമിന്നിയും പറന്നു നടക്കുന്നുണ്ട്...
'നീ എന്തിനാ ഇന്ന് തന്നെ ഇങ്ങോട്ട് വന്നത്. ഇവിടെ ok ആണെങ്കിൽ പറയാം എന്നല്ലേ പറഞ്ഞത്.'
"അവിടെ ഇരിപ്പ് ഉറയ്ക്കുന്നില്ല. നമുക്ക് ഒന്നിച്ചു ടെസ്റ്റ് ചെയ്യാം. വാ... വന്നെന്നെ കൂട്ടിക്കൊണ്ട് പോ."
അങ്ങനെ രാഹുൽ അക്കുവിനെ കൂട്ടി വീട്ടിൽ എത്തി. വീട് കണ്ടതും അക്കു ബൈക്കിൽ നിന്ന് ചാടിയിറങ്ങി.
"ഹോ... ഇത് കൊള്ളാല്ലോ... ഇവിടെ വേണേൽ ഒരു വർഷം താമസിക്കാൻ ഞാൻ റെഡി ആണ്."
'നീ എന്നെ പെരുവഴി ആക്കുവോടെ...'
"ഏയ്യ്... ഞാനോ 😂"
അവർ ഉച്ചയ്ക്ക് ഉള്ള ഭക്ഷണവും വൈകുന്നേരം കഴിക്കാൻ ചായയ്ക് ഉള്ളതും വാങ്ങിയാണ് വന്നത്. വീട് മുഴുവൻ അരിച്ചു പെറുക്കി നോക്കിയ ശേഷം ആണ് അക്കു ഫുഡ് കഴിക്കാൻ ചെന്നത്.
ഇടയ്ക്ക് ഓൺലൈൻ ൽ കാണാറുണ്ടെങ്കിലും അവർക്ക് സംസാരിക്കാൻ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. അക്കു എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ആണ് താമസം. കക്ഷിക്ക് പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല. ഫ്രീലാൻസർ ആയി അത്യാവശ്യം ജോലി ഒക്കെ ചെയ്തു പോകുന്നു. ഇടയിൽ യാത്രകളും. രാഹുലിനെ ഉണ്ണി എന്നാണ് വിളിക്കുന്നത്.
"ഉണ്ണിയേട്ടാ... നൈറ്റ് നമുക്ക് ഉറങ്ങണ്ട. എന്താ സംഭവം എന്ന് അറിയണ്ടേ. എന്നിട്ട് ok ആണേൽ അവരെ എല്ലാവരേം വിളിക്കണം."
ഊണ് കഴിച്ച ഉടനെ അവൻ പറഞ്ഞു. എന്നാൽ അപ്പോഴേക്കും രണ്ട് കാൾ വന്നു രാഹുലിന്. ഒന്ന് എഗ്രിമെന്റ് നൽകാൻ മണിച്ചേട്ടൻ ടൗണിൽ വന്നിട്ടുണ്ട് എന്നത്. രണ്ട് പുറത്തു വന്ന ലോറി ലോഡ് എവിടെ ഇറക്കണം എന്നറിയാൻ ആളെ കാത്ത് ഗേറ്റ് ന്റെ മുന്നിൽ ഉണ്ടെന്ന് അറിയിച്ചു കോശിയുടെയും.
"അക്കു... നീ ആ ബുക്കും ഷെൽഫും ലിവിങ് റൂമിന്റെ അകത്തു സെറ്റ് ചെയ്തു വക്കണം. ഭായിമാർ ഉണ്ട്. അവർ ചെയ്തോളും. നീ ഒന്ന് മേൽനോട്ടം നടത്തിയാൽ മതി."
'ആ കാര്യം ഞാനേറ്റു.😎'
തല്ക്കാലം അക്കുനെ ലോഡ് ഇറക്കാൻ നോക്കാൻ വിട്ടിട്ട് മണി ചേട്ടനെ കാണാൻ രാഹുൽ പോയി.
എന്നാൽ പോയി വന്നപ്പോൾ രാഹുൽ കണ്ടത് അക്കുനെ വളഞ്ഞു നിൽക്കുന്ന ഭായിമാരെ ആണ്.
"എന്താ ഇവിടെ പ്രശ്നം? എന്താടാ ഇവർ നിന്നെ പിടിച്ചു വച്ചേക്കണപോലെ..."
'ഞാൻ ഇവരോട് മര്യാദയ്ക്ക് പണി എടുക്കാൻ പറഞ്ഞു. അതിവർക്ക് പിടിച്ചിട്ടില്ല...'
"ക്യാ ഭായ്... വോ മേരാ ബ്രദർ ഹേ... അച്ഛാ സെ കാം കരോ..."
'സേട്ടാ... നങ്ങൾ പണി എടുത്തു കൊണ്ട് ഇരിക്കുമ്പോ വന്നു പ്രശ്നം ഉണ്ടാക്കി... അതാ ഇവനെ പിടിച്ചു വച്ചേ... സേട്ടൻ വന്നു സംസാരിച്ചിട്ട് വിടാൻ ആണ് സേട്ടാ ഉദ്ദേസിച്ചേ...'
"ഏഹ്... ദേ ഉണ്ണിയേട്ടാ... ലവൻ മലയാളം പറയുന്നു... ഇതൊക്കെ അറിഞ്ഞിട്ടാണോ നീയൊക്കെ എന്നെകൊണ്ട് ഹിന്ദി പറയിപ്പിച്ചേ.🥺"
'അത് നിങ്ങൾ ഹിന്ദി ആണോ പറഞ്ഞത്? സേട്ടാ ഇവൻ വേറെ എന്തോ ആണ് പറഞ്ഞത്.'
"എന്താടാ നീ ഇവന്മാരോട് പറഞ്ഞെ..."
'അതുപിന്നെ... ഉണ്ണിയേട്ടന്റെ മുതലാളി വിട്ട ആൾക്കാർ അല്ലെ. എങ്ങാനും ഉടായിപ്പ് കാണിച്ചാലോ എന്ന് കരുതി ഞാൻ ഒന്ന് വിരട്ടി കാര്യങ്ങൾ പറഞ്ഞതാ... ഹിന്ദി ഇവർ മറന്ന് പോയെന്ന് തോന്നുന്നു.'
"നീ എന്താ പറഞ്ഞെന്ന് പറ "
അക്കൂസ് തൊണ്ട ഒന്ന് മുടനക്കി ശബ്ദം കടുപ്പിച്ചു...
'ക്യാ കർത്താ ഹേ ഡാ മാങ്ങാണ്ടി മോറ... കാം ചെയ്യണേന്റെ ഇടയ്ക്കാണോടാ ഫോണിൽ ബോൽത്തനെ കുരങ്ങാ...'
രാഹുൽ വന്ന ചിരി കടിച്ചു പിടിച്ചു അവനെ നോക്കി.
"നീ പറഞ്ഞതിൽ എവിടെയാടാ ഹിന്ദി... എന്തായാലും ഇവന്മാര് പിടിച്ചു പെരുമാറാത്തത് നന്നായി. നിന്നോട് ഇതൊക്കെ അറേഞ്ച് ചെയ്യാൻ ഉള്ള കാര്യങ്ങൾ പറയാനല്ലേ പറഞ്ഞോളു. അപ്പോഴേക്കും നീ സൂപ്രവൈസർ ആയോ "
'നമ്മൾ മലയാളികൾക്ക് പണി എടുപ്പിക്കാനല്ലേ അറിയൂ... പറ്റിപ്പോയി🙈'
"ബായി ഉസ്‌കോ ഹിന്ദി അച്ഛാ സെ മാലും നഹി. മാഫ് കരോ."
എന്തായാലും വൈകാതെ അവർ അതൊക്കെ ഭംഗിയായി അടക്കി വച്ചിട്ട് തിരിച്ചു പോയി.അവർ രണ്ടും സന്ധ്യ ആയപ്പോഴേക്കും കുളി കഴിഞ്ഞു ലിവിങ് റൂമിൽ വന്നു. മൂന്ന് വശത്തും ഷെൽഫ്... നിറയെ പുസ്തകങ്ങൾ... അക്കൂസ് സന്തോഷം കൊണ്ട് രാഹുലിനെ കെട്ടിപിടിച്ചു.
അന്ന് രാത്രിയിൽ തന്നെ അക്കൂസ് വീടിന്റെയും ബുക്സ് ന്റെയും ഒക്കെ വീഡിയോസ് ഓടിനടന്ന് എടുത്ത് ഗ്രൂപ്പിൽ ഇട്ടു... അതോടെ ഗ്രൂപ്പിൽ ആകെ ബഹളം ആയി. ഒരു തീരുമാനം ആകുന്നതിനു മുൻപ് ഇത് ഗ്രൂപ്പിൽ ഇട്ടത് കണ്ടു രാഹുൽ അക്കുവിനെ ഓടിച്ചു മുകളിലെ നിലയിൽ എത്തിച്ചു.എന്തായാലും സംഗതി കൈവിട്ടു പോയി. എല്ലാവരും അടുത്ത ആഴ്ച വരാൻ പെട്ടി പാക് ചെയ്തു.
ആ രാത്രിയിൽ അവർ ഉറങ്ങിയില്ല. പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടായില്ല. അതുകൊണ്ട് തന്നെ രാഹുൽ സമാധാനിച്ചു. കഥ മെനഞ്ഞവനെ അല്ലെങ്കിൽ മെനഞ്ഞവരെ കണ്ടെത്തി അവർക്ക് വേണ്ടത് കൊടുത്തു വിട്ടാൽ പണി കഴിഞ്ഞു.
ഒരാഴ്ച അവർ അവിടെ കഴിഞ്ഞു... പകൽ പുസ്തകം വായിച്ചു സമയം കളയും. രാത്രിയിൽ അക്കു അവന്റെ ജോലികൾ തുടർന്നു. രാഹുൽ അവിടെ ഉള്ള പുസ്തകങ്ങളുടെ ജേണർ നോക്കി ലിസ്റ്റ് ഉണ്ടാക്കി ഓൺലൈൻ content എന്താണ് ചെയ്യേണ്ടത് എന്ന പ്ലാൻ നോക്കി കൊണ്ടിരുന്നു. ഇതിന്റെ ഇടയിൽ അത്യാവശ്യം അയൽക്കാർ ആയിട്ട് ഒരു സൗഹൃദം ഉണ്ടാക്കി എടുത്തു. എന്നാൽ ലോനപ്പൻ ഒരു ശാപമായി തുടർന്നു.
അങ്ങനെ ആ ദിവസം വന്നെത്തി... ഒഴുവുകാലം ചിലവിടാൻ വേണ്ടി അവരെല്ലാവരും ഒത്തുകൂടാൻ പോകുന്നു... ഏദൻതോട്ടത്തിൽ....
തുടരും...
Bạn đang đọc truyện trên: Truyen247.Pro