Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ഒന്നാം യാത്ര

ഈ യാത്രയുടെ ഫോട്ടോസ് ഒന്നും തന്നെ കാണിക്കാൻ എന്റെ കയ്യിൽ ഇല്ല. ഇല്ലിക്കൽകല്ലിന്റെ ഫോട്ടോസ് ധാരാളം നെറ്റിൽ ഉണ്ട്. പക്ഷെ അതൊന്നും ഇവിടെ പറയുന്ന കാര്യങ്ങൾക്ക് മാച്ച് ആവില്ല. അതുകൊണ്ട് വായനയ്ക് ബ്ലാക്ക് and വൈറ്റ് ആണ് മോഡ്...

************************************************************************************************************

മൂന്നുവട്ടം പോയിട്ടും മടുക്കാത്ത ഒരു സ്ഥലം... പലപ്പോളായി കേട്ടും കണ്ടും മനസ്സിൽ കയറി കൂടിയ സ്ഥലം. ആദ്യം പോവാൻ ഉള്ള കാരണം ഒരു കല്യാണം കൂടാൻ പോയതിന്റെ ക്ഷീണം തീർക്കൽ  ആയിരുന്നു. അച്ഛന്റെ ചേച്ചിയുടെ മകളുടെ മകൾ ആണ് വധു. അതായത് വധുവിന്റെ അമ്മ എന്റെ ചേച്ചി ആണ്. അപ്പോൾ പെണ്ണിന്റെ മാതുലൻ ആണ് ഞാൻ. അനന്തിരവളുടെ കല്യാണം മുടക്കുന്നത് മോശം ആയതുകൊണ്ടും തലേന്ന് അച്ഛൻ പോയതുകൊണ്ട് അമ്മയെ അവിടെ ആകാൻ ഞാനും പോവേണ്ടി വന്നു.

കുറേ നാളുകൾ കൂടിയാണ് വണ്ടി ഒന്ന് കഴുകുന്നത്. എന്നാൽ ഉണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞു കോലത്തിനു പിടിക്കാത്ത പണിയും എടുത്ത് നാട്ടിലൂടെ നടക്കുന്ന എനിക്ക് അതിർത്തി മാറി പാകിസ്താനിലേക്ക് കേറിയവന് കിട്ടിയതിലും വലിയ വെടിവയ്പ്പ് നേരിടേണ്ടി വന്നു. എന്തിന് ഒന്ന് വിശേഷം ചോദിക്കാൻ ചെന്ന എന്നെ അനന്തിരവൾ മൈൻഡ് പോലും ചെയ്തില്ല.

മണ്ഡപത്തിലേക്ക് കുറച്ചു പൂവ് എത്തിക്കാൻ ആരുല്ലേ എന്ന് കേട്ടതും ആ പൂവും മുറ്റത്തെ സകല പൂവും പറച്ചു ഞാൻ വണ്ടി എടുത്തു. എടി അനന്തിരവളെ നീ കെട്ടി മുടിഞ്ഞു... അല്ലേൽ വേണ്ട... നടക്കാൻ വഴിയില്ല... നിന്നെ കെട്ടി ആ ചെക്കൻ മുടിഞ്ഞു പോവുകയേ ഉള്ളു. പൂ മണ്ഡപത്തിൽ കൊടുത്തു ഞാൻ പോത്താനിക്കാട് ജംഗ്ഷൻ എത്തി. അവിടെ അടുത്താണ് മണ്ഡപം. കലിപ്പ് തീർക്കാൻ വൈകീട്ട് 4.30നുള്ള മുംബൈ cst ക്കു കേറിയാൽ ഒരു 3 വർഷം കഴിഞ്ഞു ദാവൂതോ റോക്കി ഭായിയോ ആയി വരായിരുന്നു. പക്ഷെ സമയം ഇപ്പോൾ 9കഴിഞ്ഞേ ഉള്ളു. അടുത്തുള്ള spot നോക്കിയപ്പോൾ ആണ് ഇല്ലിക്കൽ കല്ല് കണ്ടത് .

മുവാറ്റുപുഴ എത്തിയപ്പോൾ അക്ഷയ് നെ വിളിച്ചു വരുന്നുണ്ടോ എന്ന് ചോദിച്ചു. അവനും വരാൻ ഇഷ്ടം ആയിരുന്നു. പക്ഷെ കോലഞ്ചേരിയിൽ അന്ന് കുങ്ഫു ക്ലാസ്സ്‌ ഉണ്ടായിരുന്നു അവന് . പോരാത്തതിന് 3 ഗജപോക്കിരികൾ വന്നു തുടങ്ങിയ കാലമാണ്(അഞ്ചുട്ടി, മാളൂട്ടി, ദേവൂട്ടി )അവനു ലീവ് കിട്ടില്ല. ഉറങ്ങിയവനെ വിളിച്ചെണീപ്പിച്ചു ബിരിയാണി കൊടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച സീൻ.

ഒരു 300 ന് പെട്രോൾ അടിച്ചു വണ്ടി വിട്ടു. രാഷ്ട്രീയ കാരെ വരെ കളിയാക്കാൻ അവകാശമുള്ള നാട്ടിൽ സ്വന്തം വഴിക്ക് ജീവിക്കാൻ നോക്കുന്നവന് രക്ഷയില്ലല്ലോ എന്നോർത്ത് എങ്ങനെയോ മേലുകാവ് എത്തി. കാഴ്ചകൾ മാറിത്തുടങ്ങി. മൊത്തം പച്ച വിരിച്ച മലകൾ ആണ്... അത്രക്ക് പച്ചയില്ലാട്ടോ പ്രളയം കഴിഞ്ഞു ഉണങ്ങി തുടങ്ങിയ സമയം ആണ്.

മേലുകാവ് കഴിഞ്ഞു പിന്നെ മൊത്തം കയറ്റം ആണ്. വണ്ടിയുടെ നിലവിളി എന്നെ ഒത്തിരി ദുഖിപ്പിച്ചില്ല. പക്ഷെ പണി പിന്നേം പാളി... ഉരുൾ പൊട്ടലിൽ റോഡ് മുഴുവൻ പോയി. പൊട്ടിപ്പൊളിഞ്ഞു പാറ ചീളുകളും കല്ലുകളും... മുൻപിൽ ഉള്ള ടയർ മൊട്ടയാണ്. പൊട്ടിയാൽ അടുത്ത് എങ്ങും ഒരു വീട് പോലും ഇല്ല. എന്ത് വന്നാലും ശരി എന്ന് ഉറപ്പിച്ചു വണ്ടി ഇറക്കി. കല്ലിൽ നിന്ന് കല്ലിലേക്കു ആണ് വണ്ടി പോകുന്നത്.

ഹെഡും അലൈന്മെന്റും പോയ ശകടം നേരെ കൊണ്ടുപോകാൻ നല്ല പണി വേണ്ടി വന്നു. എങ്ങനെയോ ഒരു കല്ല് ഫ്രണ്ട് ടയറിൽ നിന്ന് തെറിച്ചു കാലിന്റെ മുട്ടിനു തൊട്ടു താഴെ ഒരടി. നക്ഷത്രങ്ങൾ ഒക്കെ റോഡിന്റെ അതേ പോലെ നിരന്നാണ് കണ്ടത്. അതുനോക്കി എങ്ങനെയോ വണ്ടി സൈഡ് ആക്കി. സ്റ്റാൻഡ് ഇട്ട് നിലത്തിറക്കി കുറച്ചു നേരം മിണ്ടാതെ ഇരുന്നു. അത്യാവശ്യം ചതഞ്ഞിട്ടുണ്ട്. ഇത്രേം നേരം വണ്ടി അനുഭവിച്ച വേദന എന്റെ മോന്ത കണ്ടപ്പോൾ അവനു കുറഞ്ഞെന്നു തോന്നണു. പിന്നെ രണ്ടുപേരും തുല്യ ദുഃഖിതരായി യാത്ര തുടർന്നു.

മേലുകാവ് നിന്ന് എനിക്ക് ഈ വഴി കാണിച്ചു തന്ന ചേട്ടന്റെ അച്ഛൻ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു തുമ്മി ചത്തേണ്ടാവും. മലകൾ പല വലിപ്പത്തിൽ നിരന്നു നിൽക്കുന്നുണ്ട്. നല്ല കാറ്റ് വീശുന്നുണ്ട്. മൂന്നാർ പോകുമ്പോൾ നേര്യമംഗലത്തിനു മുൻപ് ഒരു ചായ അടിച്ചിട്ട് നീലാംബരി  കയറ്റം കയറുമ്പോൾ വീശുന്ന ആ കാറ്റിന്റെ സുഖം ഒന്നും ഇല്ലാട്ടോ. ആ വഴിയിൽ മൂന്നാർ പോയിട്ടുണ്ടെൽ എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ടാകും. പുറകെ ചെവിയും അടയും. ഹൈറേഞ്ച് എത്തിയതിന്റെ വരവേൽപാണ്‌ അത്.

നമ്മൾ വഴിയിൽ കൂടെ പോകുമ്പോൾ ഒരു മല കാണുന്നു. അതിൽ കയറാൻ ഓപ്ഷൻ കിട്ടിയാൽ എന്താവും ഫീൽ. അതാണ് ഇല്ലിക്കൽ കല്ല്.  ഇല്ലിക്കൽ കല്ല് കേറാൻ അസ്സൽ റോഡ് ഉണ്ട്. ഹെയർപിൻ വളവുകളുടെ കൂട്ടം ആണ്. പകുതി വരെ നമ്മുടെ വണ്ടി കൊണ്ടുപോകാം. പിന്നെ പാസ്സ് എടുത്തു നടക്കാം. അല്ലേൽ ജീപ്പ് സർവീസ് ഉണ്ട്. 20 രൂപ ആണ് ചാർജ്. നടന്നു കയറിയാൽ പതുക്കെ കാഴ്ചകൾ കണ്ടു കയറാം. പക്ഷെ ജീപ്പിൽ മുൻപിലുള്ള സീറ്റിൽ ഇരുന്നു ഹെയർപിൻ വളഞ്ഞുള്ള പോക്ക് മറ്റൊരു ഫീൽ ആണ്. ഞാൻ ഇതുവരെ നടന്നെ അത് കയറിയിട്ടൊള്ളു.

പയ്യെ നടന്നു കയറി. ഇവിടെ രണ്ട് ഫീൽ ഉണ്ട്. ഒന്ന് കോട മഞ്ഞുള്ള സമയത്ത്. പക്ഷെ അന്ന് കാണാൻ പറ്റിയില്ല. പകരം ചുറ്റുമുള്ള മലകളുടെ കാഴ്ചകൾ ആണ്. ആ മലയേക്കാൾ ഉയരം ഉള്ള മലകൾ ഉണ്ട് അവിടെ. മുകളിൽ എത്തിയപ്പോൾ വിശന്നു കരിഞ്ഞു. ഇപ്പോൾ സദ്യ ഉണ്ണേണ്ടവനാ... അതിൽ എനിക്ക് ചെറുതായി ഖേദിക്കേണ്ടി വന്നു. കയറി ചെല്ലുന്നതു ഇല്ലി കൊണ്ടും ഓലകൊണ്ടും നിർമിച്ച കടകളുടെ മുൻപിലും. അവിടെ ലൈറ്റ് ആയിട്ടു ഫുഡ്‌ കിട്ടും. ചെറിയ പുഞ്ചിരിയോടെയുള്ള ആദ്യത്തെ കടയിലെ ചേട്ടന്റെ മുഖം കണ്ടപ്പോൾ അങ്ങോട്ട്‌ കയറി. ഒരു നാരങ്ങ വെള്ളം പറഞ്ഞ് ഇരുന്നു. ഒറ്റയ്ക്ക് ട്രിപ്പ്‌ പോവുമ്പോൾ ഒരാളെ ദൈവം കൂട്ടിനു തരാറുണ്ട്. ഇവിടെ അത്‌ ആ ചേട്ടനാണ്. ബേബി ചേട്ടൻ. ഇവിടെ താഴെ തന്നെ ആണ് വീട്. ഇടുക്കി, കോട്ടയം, എറണാകുളം ഈ 3 ജില്ലയുടെ അതിർത്തിയിൽ ആണ് ഇല്ലിക്കൽ കല്ല്. ആള് പക്കാ ഇടുക്കി സ്റ്റൈൽ ആണ്. ഒത്തിരി സംസാരിക്കും. പെട്ടന്ന് ഞങ്ങൾ കൂട്ടായി. കഴിക്കാൻ അവിടത്തെ സ്പെഷ്യൽ ബ്രെഡ് ഓംലറ്റ് മേടിച്ചു. രണ്ട് ബ്രെഡ് റോസ്റ്റ് ന്റെ നടുക്ക് ഒരു ഫുൾ ഓംലറ്റ്. പക്ഷെ അതിൽ ബേബിച്ചേട്ടന്റെ സ്നേഹം കൂടെ ഉണ്ടെന്ന് രണ്ടാമത് ഇവിടെ വന്നു ഇത് കഴിച്ചപ്പോൾ തോന്നിയിട്ടുണ്ട്.

അവിടെ കോട വരുന്ന സമയം ഒക്കെ എനിക്ക് പറഞ്ഞ് തന്നു. അതൊരു ശനിയാഴ്ച ആയിരുന്നു. തിരക്കില്ലാത്തതു കൊണ്ട് വാഗമണ്ണും ഇലവീഴാ പൂഞ്ചിറയും ചൂണ്ടി കാണിച്ചു തന്നു. ഇലവീഴാ പൂഞ്ചിറ ഇതുപോലെ തന്നെ ആണ്. പക്ഷെ വാഗമൺ വേറെ ലെവൽ ആണ്. അവിടെ നിന്ന് കുറേ പോവാൻ ഉണ്ട്. പൂഞ്ചിറക്കുള്ള വഴിയും പൊളിഞ്ഞു കിടക്കുകയാണ്. തിരിച്ചു പോവാൻ നല്ല റൂട്ട് ആള് പറഞ്ഞു തന്നു. കടയിൽ വേറെ ആളുകൾ വരുന്നത് കണ്ടപ്പോൾ ഞാൻ തല്ക്കാലം ബൈ പറഞ്ഞ് പീക്ക് പോയിന്റിലേക്കു നടന്നു.

അങ്ങോട്ട്‌ പോകുന്ന വഴിയിൽ പല സ്ഥലങ്ങളിലും കുറേ കമിതാക്കൾ കാഴ്ചകൾ കണ്ടു സംസാരിച്ചു ഇരിക്കുകയാണ്. എല്ലാ നല്ല സ്പോട്ടും ബുക്ഡ്. വേറെ എന്തോരും സ്ഥലം ഉണ്ടെടാ ശവികളെ എന്നോർത്ത് മുകളിൽ കയറി. അവിടെയും അത് തന്നെ. നിന്നെ ഒക്കെ പോകുന്ന വഴി സദാചാര പോലീസ് പിടിക്കും... ഞാൻ കയറുന്ന വഴിയിൽ ഇരുന്നു. അവിടെ ആർക്കും ശല്യം ഇല്ലല്ലോ. വെയിൽ ഉണ്ട്. മൊട്ടകുന്നു പോലെ ആണ്. മരങ്ങൾ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ബേബി ചേട്ടന്റെ അടുത്ത് പോയി ഇരുന്നു. പുള്ളി കുടുബ കാര്യങ്ങൾ ഒക്കെ പറഞ്ഞു. വല്യ സമ്പാദ്യം ഒന്നും ഇല്ല. ഒരു ചെറിയ വീടും ഭാര്യയും മക്കളും ആണ് എല്ലാം. എന്നും ഭക്ഷണം കൊണ്ടുവന്നു ഇവിടെ വിറ്റു ജീവിക്കുന്നു. ആ മനുഷ്യൻ പൂർണ സന്തോഷത്തിൽ ആണ് അത് പറയുന്നത്. എനിക്ക് ആ കേൾവികൾ ഒത്തിരി സന്തോഷം നൽകി.

ഇടക്ക് അച്ഛൻ വിളിച്ചു... വൈകുന്നേരം വീട്ടിൽ എത്തും എന്ന് പറഞ്ഞു. അച്ഛനും എനിക്കും കമ്മ്യൂണിക്കേഷൻ ചെയ്യാൻ ഒത്തിരി സംസാരം വേണ്ടായിരുന്നു. കഴിച്ചിട്ട് പോകാമായിരുന്നു എന്ന് മാത്രം പറഞ്ഞു അച്ഛൻ ഫോൺ വച്ചു. സമ്മതിക്കണ്ടേ പടകൾ... ഈ സംഭവത്തിനു ശേഷം വളരെ പ്രീയപ്പെട്ട കൂട്ടുകാരുടെ എന്തേലും പരിപാടിക്ക് മാത്രമേ പോയിട്ടുള്ളൂ. ചോദ്യങ്ങൾ ചിരി കൊണ്ട് മാനേജ് ചെയ്യാൻ അവിടെ പറ്റും.

ബേബി ചേട്ടൻ മുഖത്തെ മ്ലാനത എന്താണെന്നു ചോദിച്ചില്ല. പകരം ഇഞ്ച പുല്ലു വളർന്നു നിൽക്കുന്ന നീണ്ടു കിടക്കുന്ന ഒരു മല കാട്ടി തന്നു. അവിടെ ആരും ഈ സമയത്തു പോകില്ല. ഞാൻ നടന്നു അങ്ങോട്ട്‌. കാറ്റ് നല്ലപോലെ വീശുന്നുണ്ട്. അതുകൊണ്ട് ചൂട് അറിയുന്നില്ലായിരുന്നു. ആദ്യം ഒരു പാറ കെട്ടിന്റെ മുകളിൽ കയറി ഇരുന്നു. കാറ്റിനു എന്നെ പറത്തി താഴെ ഇടാൻ ശക്തി ഉള്ളത് പോലെ തോന്നി. നേരത്തെ കിട്ടിയ വെടിവയ്പ് പോലെ... പയ്യെ അങ്ങ് കിടന്നു. ഇപ്പോൾ കാറ്റിന് എന്നെ ഒന്നും ചെയ്യാൻ വയ്യ. ഒന്നും കാണുകയും കേൾക്കുകയും ചെയ്യാതെ കണ്ണടച്ച് അവിടെ കിടന്നു ... കുറച്ചു നേരം അവിടെ കിടന്നു. ഒരു ചെറിയ സന്തോഷത്തോട് കൂടെയാണ് പിന്നെ നടന്നത്.

ചെല്ലുംതോറും പുല്ലിന് ഉയരം കൂടി തുടങ്ങി. ഇടക്ക് വച്ചു ഒരു ആനകൊളവി കൂടെ കൂടി. വല്ലാത്തൊരു കൂട്ടായി പോയി. അവിടെ എവിടെയെങ്കിലും കൂടുണ്ടേൽ പെടും. ആ പുല്ലിന്റെ അപ്പുറം കാണാൻ രണ്ട് ദിവസം കൂടെ ആണ് ഞാൻ ക്ഷമിക്കേണ്ടി വന്നോളൂ. തിരിച്ചു വരുമ്പോൾ ഒരു മല കണ്ടു. അതിനു ഞാൻ നിൽക്കുന്ന മലയുടെ നിരപ്പിൽ നിന്ന് 80 മീറ്റർ കൂടെ എങ്കിലും ഉയരം ഉണ്ട്. ഇവിടെ എന്നെങ്കിലും അച്ചുനെയും അബിയെയും കൊണ്ട് വരണം എന്ന് ഉറപ്പിച്ചു. ഞാൻ അത് പറയുമ്പോൾ വിശ്വസിക്കാൻ വേണ്ടി അവിടെ പാറയിൽ രണ്ടിന്റെയും പേര് വലിപ്പത്തിൽ എഴുതി. പക്ഷെ അത് മായുന്നതിനു മുൻപ് അച്ചു മാത്രമേ  കണ്ടോള്ളൂ.

ബേബി ചേട്ടന്റെ കൈ കൊണ്ട് ഒരു വെള്ളം കൂടെ കുടിച്ചു യാത്ര പറഞ്ഞു. വലിയൊരു ഭാരം അവിടെ കളഞ്ഞിട്ടാണ് ആ മല ഇറങ്ങിയത്. വണ്ടി ചൂടാറി ഉഷാറായിട്ടുണ്ട്. 4 മണി കഴിഞ്ഞു ഇറങ്ങിയപ്പോൾ. ഞാൻ ഇനിയും വരുന്നുണ്ട് എന്ന് പറഞ്ഞിട്ടാണ് പോന്നത്. ഈരാറ്റുപേട്ട ചെന്ന് സൂപ്പർ റോഡിൽ കൂടെ ആണ് തിരിച്ചു പോന്നത്. മേലുകാവിലെ ചേട്ടനെ ഇപ്പോൾ കണ്ടാൽ പൊക്കിയെടുത്തു കെട്ടിപിടിച് വട്ടം കറക്കിയേനെ...

എന്നെയും കാത്തിരുന്ന അമ്മക്ക് ഒരു 100 വാട്ട് ന്റെ ചിരിയും കൊടുത്തു 6.30 ആയപ്പൊളേക്കും വീട്ടിൽ കയറി...

Bạn đang đọc truyện trên: Truyen247.Pro